കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ലഭിക്കുന്നത് വി.ഐ.പി പരിഗണനയെന്ന് റിപ്പോര്‍ട്ട്. ജയിലില്‍ പ്രത്യേക ഭക്ഷണവും വസ്ത്രം കഴുകാനും മറ്റും സഹായിയെ ഏര്‍പ്പാടു ചെയ്തു നല്‍കിയതായുമാണ് റിപ്പോര്‍ട്ട്.
ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി റദ്ദാക്കിയതിനു പിന്നാലെ ജയിലില്‍ ദിലീപിന് വി.ഐ.പി ട്രീറ്റ് ലഭിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് ജയില്‍ വകുപ്പ് അന്വേഷണം തുടങ്ങിയതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
തമിഴ്‌നാട് സ്വദേശിയായ മോഷണക്കേസ് പ്രതിയെ ജയിലില്‍ ദിലീപിന്റെ സഹായത്തിനായി വിട്ടുകൊടുത്തു എന്നാണ് റിപ്പോര്‍ട്ട്. വസ്ത്രം അലക്കുന്നതിനും, ശുചിമുറി വൃത്തിയാക്കുന്നതിനും പാത്രം കഴുകുന്നതിനുമൊക്കെയായാണ് സഹായിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഇതിനു പുറമേ ജയിലില്‍ ദിലീപിന് പ്രത്യേക ഭക്ഷണമാണ് ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. മറ്റുതടവുകാര്‍ ഭക്ഷണം കഴിച്ച് പോയശേഷമാണ് ദിലീപിന് ഭക്ഷണം നല്‍കുന്നത്. അതും ജയില്‍ അടുക്കളയില്‍ വെച്ച്. ജയില്‍ മെനുവില്‍ പെടാത്ത പ്രത്യേക വിഭവങ്ങളോടു കൂടിയ ഭക്ഷണമമാണ് ദിലീപിന് ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
തിങ്കളാഴ്ചയാണ് ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ റദ്ദാക്കിയത്. ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ദിലീപ്. എന്നാല്‍ ജാമ്യം നിഷേധിക്കപ്പെട്ടതോടെ ജയില്‍ അധികൃതര്‍ ദിലീപിനായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി നല്‍കുകയായിരുന്നു.