ജുവനൈല്‍ ഹോമുകള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സമിതി വരുന്നു
India
ജുവനൈല്‍ ഹോമുകള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സമിതി വരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th October 2013, 1:23 pm

[]ന്യൂദല്‍ഹി: ഇന്ത്യയിലെ ജുവനൈല്‍ ഹോമുകള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സമിതി വരുന്നു. സുപ്രീം കോടതിയാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചത്. ഇതിനായി സുപ്രീം കോടതി ജഡ്ജി മദന്‍ ബി ലോകുര്‍ അധ്യക്ഷനായ സമിതി രൂപീകരിച്ചു.

രാജ്യത്തെമ്പാടുമുള്ള മിക്ക ജുവനൈല്‍ ഹോമുകള്‍ നല്ല രീതിയിലല്ല പ്രവര്‍ത്തിക്കുന്നതെന്നും കുട്ടികളുടെ പരിപാലനത്തിന് വേണ്ടി വേണ്ടത്ര സംവിധാനങ്ങള്‍ ഇല്ലെന്നും അടുത്തിടെ വ്യാപകമായി പരാതിയുണ്ടായിരുന്നു.

ഇന്ത്യയില്‍ അടുത്തിടെയായി ദുര്‍ഗുണപരിഹാര പാഠസശാലകളില്‍ നിന്നും കുട്ടിക്കുറ്റവാളികള്‍ രക്ഷപ്പെടുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയായിരുന്നു.

ഇതിനുള്ള പ്രധാന കാരണം തന്നെ അവരെ സംരക്ഷിക്കാനായി ഒരു പ്രത്യേക സമിതിയോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്തതാണെന്ന് സുപ്രീം കോടതി വിലയിരുത്തി.

സംസ്ഥാനത്തെ ജുവനൈല്‍ ഹോമുകള്‍ പരിശോധിക്കാന്‍ ഒരു ജഡ്ജിയെ വീതം നാമനിര്‍ദേശം ചെയ്യാനാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് പി. സദാശിവം വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതികള്‍ക്ക് കത്തയച്ചു.

ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം നാമനിര്‍ദേശം ചെയ്ത ജഡ്ജിമാര്‍ സംസ്ഥാനത്തെ എല്ലാ ജുവനൈല്‍ ഹോമുകളിലും പരിശോധന നടത്തുകയും കൃത്യമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും വേണം.