| Sunday, 25th August 2024, 6:42 pm

സിനിമാ മേഖലയിലെ ലൈംഗികാതിക്രമ പരാതികൾ അന്വേഷിക്കാന്‍ പ്രത്യേക സംഘം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സിനിമാ മേഖലയിലെ ലൈംഗികാതിക്രമ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ തീരുമാനം. അന്വേഷണത്തിനായി  പ്രത്യേക ഏഴംഗ ഐ.പി.എസ് സംഘത്തെ സര്‍ക്കാര്‍ നിയോഗിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മൊഴി ലഭിച്ചാല്‍ കേസെടുത്ത് തുടര്‍ അന്വേഷണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നേരത്തെ പരാതി ലഭിക്കാത്തപക്ഷം കേസെടുക്കാന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

സിനിമാ രംഗത്ത് ഉയര്‍ന്നുവരുന്ന ലൈംഗികാതിക്രമ, ചൂഷണ പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്തുന്നതിനായാണ് പ്രത്യേക സംഘത്തെ നിയോഗിക്കുന്നത്. ഐ.ജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിലായിരിക്കും പ്രത്യേക അന്വേഷ സംഘത്തെ രൂപീകരിക്കുക.

ഏഴ് ഐ.പി.എസ് ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. ഇവരിൽ നാല് പേർ വനിതാ ഉദ്യോഗസ്ഥരാണ്. എസ്. അജിത ബീഗം, ജി. പൂങ്കുഴലി, ഐശ്വര്യ ഡോക്‌റെ, മെറിൻ ജോസഫ് എന്നിവരാണ് പ്രത്യേക സംഘത്തിലെ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥർ. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് മേൽനോട്ടം വഹിക്കുകയും ചെയ്യും. വി. അജിത്ത്, എസ്. മധുസൂദനൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

ആദ്യ ഘട്ടത്തിൽ മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും പരാതി ഉയര്‍ത്തിയ വ്യക്തികളെ, അന്വേഷണസംഘം നേരിട്ട് ബന്ധപ്പെടുകയും പരാതിയുമായി പൊലീസിനെ സമീപിക്കാനും മൊഴി നൽകാൻ താത്പര്യമുണ്ടോയെന്നും ചോദിച്ച് മനസിലാക്കുകയാണ് ചെയ്യുക.

മൊഴി നല്‍കാന്‍ തയ്യാറാണെങ്കില്‍, ആ വിഷയത്തില്‍ പ്രത്യേകം കേസെടുക്കുകയും നിയമനടപടിയുമായി മുന്നോട്ടുപോകുകയും ചെയ്യുമെന്നുമാണ് ലഭിക്കുന്ന വിവരം. ലൈംഗികാതിക്രമ പരാതികള്‍ ഉയര്‍ന്നതോടെ, ഞായറാഴ്ച ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സംവിധായകനായ രഞ്ജിത്തും ‘അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖും രാജിവെച്ചിരുന്നു.

ബംഗാളി നടിയായ ശ്രീലേഖ മിത്ര ഉന്നയിച്ച ആരോപണങ്ങളെ തുടര്‍ന്നാണ് രഞ്ജിത്ത് രാജിവെച്ചത്. യുവനടിയായ രേവതി സമ്പത്തിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് നടന്‍ സിദ്ദിഖ് രാജി.

നിലവില്‍ രഞ്ജിത്തിനും സിദ്ദിഖിനുമെതിരെ കേസെടുക്കണമെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി ലഭിച്ചിരിക്കുന്നത്. വൈറ്റില സ്വദേശിയായ അജികുമാറാണ് പരാതി നല്‍കിയത്. സിദ്ദിഖിനെതിരെ പോക്‌സോ ചുമത്തണമെന്നാണ് പരാതിയിലെ ആവശ്യം.

സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുന്നതായി സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി, റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് ഉന്നത പദവികൾ വഹിക്കുന്നവർ ഉൾപ്പെടെയുള്ളവർക്കെതിരെ ലൈംഗികാതിക്ര പരാതികൾ ഉയർന്നത്.

Content Highlight: Special team to investigate complaints of violence in malayalam film industry

We use cookies to give you the best possible experience. Learn more