അട്ടപ്പാടി: ഗായികയും ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ നഞ്ചിയമ്മയുടേതുള്‍പ്പെടെ അട്ടപ്പാടിയില്‍ വ്യാജ രേഖയുണ്ടാക്കി ആദിവാസി ഭൂമി തട്ടിയെടുത്തുവെന്ന പരാതിയില്‍ അസിസ്റ്റന്റ് ലാന്റ് റവന്യൂ കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ റവന്യൂ വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് മന്ത്രി കെ. രാജന്‍.
അട്ടപ്പാടിയിലെ ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതിന് പ്രത്യേക ദൗത്യ സംഘത്തെ നിയോഗിക്കുമെന്നാണ് മന്ത്രി നിയസഭയില്‍ അറിയിച്ചത്. അട്ടപ്പാടിയിലെ അഗളിയില്‍ നടന്ന പട്ടയ വിതരണ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
അട്ടപ്പാടിയില്‍ ആദിവാസികളുടെ ഭൂമി വ്യാജ രേഖയുണ്ടാക്കി മാഫിയകള്‍ തട്ടിയെടുക്കുന്നതതായുള്ള റിപ്പോര്‍ട്ട് 2021 ഒക്ടോബറില്‍ ഡൂള്‍ന്യൂസ് പുറത്തുവിട്ടിരുന്നു.
അഗളി ടൗണില്‍ ഹൈവേയോട് തൊട്ടുചേര്‍ന്നുകിടക്കുന്ന നാല് ഏക്കറോളം വരുന്ന നഞ്ചിയമ്മയുടെ കുടുംബ ഭൂമി അവരുടെ മുന്‍തലമുറയില്‍ നിന്നും ഏതാനും പേര്‍ കുറഞ്ഞ വിലയ്ക്ക് കൈവശപ്പെടുത്തിയിരുന്നു.
ആദിവാസി ഭൂ സംരക്ഷണ നിയമ പ്രകാരം അന്യാധീനപ്പെട്ട ഭൂമി ആദിവാസികള്‍ക്ക് തിരികെ നല്‍കുന്ന നടപടികളുടെ ഭാഗമായി പിന്നീടവര്‍ക്ക് ഭൂമി തിരികെ ലഭിച്ചു. എന്നാല്‍ നിലവില്‍ കോടികള്‍ വില മതിക്കുന്ന ഈ ഭൂമിയില്‍ കരമടച്ചതിന്റെയും ഭൂമി വില്‍പന നടത്തിയതിന്റെയും വ്യാജ രേഖകള്‍ സൃഷ്ടിച്ച് ഭൂമാഫിയകള്‍ കോടതി വഴി സ്ഥലം സ്വന്തമാക്കാനുള്ള നീക്കങ്ങള്‍ നടത്തുകയായിയിരുന്നു.
പത്ത് വര്‍ഷത്തിലധികമായി നഞ്ചിയമ്മയും കുടുംബവും തങ്ങളുടെ മണ്ണ് സംരക്ഷിക്കാനുള്ള നിയമപോരാട്ടങ്ങളിലായിരുന്നു. കൃഷിപ്പണി ചെയ്തും തൊഴിലുറപ്പ് ജോലികള്‍ ചെയ്തും ലഭിക്കുന്ന തുച്ഛമായ വരുമാനത്തില്‍ നിന്നാണ് ഇവര്‍ കേസ് നടത്തുന്നതിനുള്ള പണം കണ്ടെത്തുന്നത്.
ഡൂള്‍ന്യൂസിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ മാധ്യമവും വിഷയം ഫീച്ചര്‍ ആക്കിയിരുന്നു. ഇതിന് പിന്നാലെ വിഷയത്തില്‍ കെ.കെ രമ എം.എല്‍.എ ഇടപെടുകയും അവര്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് കെ.കെ രമ സബ്മിഷനിലൂടെ വിഷയം നിയമസഭയില്‍ കൊണ്ടുവന്നത്. നഞ്ചിയമ്മയുടേതുള്‍പ്പെടെ അട്ടപ്പാടിയില്‍ വ്യാജ രേഖയുണ്ടാക്കി ഭൂമി തട്ടിയെടുക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് രമ നിയസഭയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വിഷയത്തില്‍ അസിസ്റ്റന്റ് ലാന്റ് റവന്യൂ കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ റവന്യൂ വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് മന്ത്രി നിയസഭയില്‍ ഉറപ്പുനല്‍കിയത്.
വിഷയത്തില്‍ 21 പരാതികള്‍ ലഭിച്ചിരുന്നെങ്കിലും നഞ്ചിയമ്മയുടെ പരാതിയിന്‍മേല്‍ മാത്രമാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ആദിവാസി ഭൂമി സ്വന്തമാക്കി വെച്ചത് ഏത് വലിയ തമ്പുരാനാണെങ്കിലും ആ ഭൂമി തിരിച്ചുപിടിച്ച് ആദിവാസികള്‍ക്ക് നല്‍കുമെന്നും അതായിരിക്കും സര്‍ക്കാരിന്റെ നയം എന്ന് പറയാന്‍ റവന്യൂ മന്ത്രിയെന്ന നിലയില്‍ ഒരു മടിയും തനിക്കില്ലെങ്കിലും വരും ദിവസങ്ങളില്‍ അത് അട്ടപ്പാടി കാണാന്‍ പോകുകയാണെന്നും മന്ത്രി പറഞ്ഞു.
അട്ടപ്പാടിയില്‍ വ്യാജരേഖ ചമച്ചും തെറ്റായ നടപടികളിലൂടെയും ഭൂമി നഷ്ടപ്പെട്ട വഞ്ചിതരായ ആദിവാസികള്‍ക്ക് പരിഹാരം ഉണ്ടാക്കിക്കൊടുക്കുകയാണ് റവന്യൂ വകുപ്പിന്റെ ലക്ഷ്യമെന്നും പ്രത്യേക പാക്കേജിലൂടെ റവന്യൂ വകുപ്പ് ഭൂപ്രശ്‌നത്തില്‍ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
അട്ടപ്പാടി കോട്ടത്തറ വില്ലേജിലെ സര്‍വെ നമ്പര്‍ 1275, 1819 എന്നിവയില്‍ പെട്ട ആദിവാസി ഭൂമിയിലും റവന്യൂ – വനഭൂമി യിലും വ്യാജ ആധാരങ്ങളും രേഖകളും ഉപയോഗിച്ച് ഭൂമാഫിയകള്‍ നടത്തിവരുന്ന കയ്യേറ്റങ്ങളെക്കുറിച്ച് ഒരു നിയമസഭ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ.കെ രമ എം.എല്‍.എ നിയമസഭാ സ്പീക്കര്‍ക്ക് 2024 ജനുവരി 4 ന് കത്ത് നല്‍കിയിരുന്നു.
വ്യാജ ആധാരങ്ങളും രേഖകളും ഉപയോഗിച്ച് അട്ടപ്പാടിയിലെ ആദിവാസി ഭൂമി വ്യാപകമായി തട്ടിയെടുക്കുകയാണെന്ന് ആദിവാസി സംഘടനകളും പൗരാവകാശ സംഘടനകളും പരാതിപ്പെട്ടതിനെ തുടര്‍ന്ന് 13-11-2023 നായിരുന്നു കെ.കെ രമയുള്‍പ്പെടെയുള്ള
ഒരു വസ്തുതാന്വേഷണ സംഘം അട്ടപ്പാടിയിലെ ആദിവാസി മേഖലകള്‍ സന്ദര്‍ശിച്ചത്.
കോട്ടത്തറ വില്ലേജിലെ സര്‍വ്വെ നമ്പര്‍ 1275, 1819 എന്നീ മേഖലയിലെ വിശദമായ പരിശോധനയുടെ അടിസ്ഥാനത്തില്‍ സംഘം ഒരു റിപ്പോര്‍ട്ടും തയ്യാറാക്കുകയുണ്ടായി.
സര്‍വെ നമ്പര്‍ 1275-ല്‍ സര്‍ക്കാര്‍ റവന്യൂഭൂമിയും വനഭൂമിയും, 1819-ല്‍ ആദിവാസികള്‍ക്ക് പലഘട്ടങ്ങളിലായി പതിച്ചു നല്‍കിയ ഭൂമിയുമാണ് ഔദ്യോഗികമായി ഉള്ളത്. എന്നാല്‍ ഈ രണ്ട് സര്‍വെ നമ്പറുകളിലും അതിവിപുലമായ കയ്യേറ്റങ്ങള്‍ നടക്കുന്നതായി കാണപ്പെട്ടുവെന്നാണ് കെ.കെ. രമ സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയത്.
ആദിവാസി ഭൂമി കയ്യേറ്റങ്ങളുടെ പശ്ചാത്തലത്തില്‍ 2010-ല്‍ സര്‍ക്കാര്‍ നിയോഗിച്ച ഉന്നതല സമിതിയുടെ റിപ്പോര്‍ട്ടും, 2013 ല്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍, പാലക്കാട് ബ്യൂറോയും തയ്യറാക്കിയ റിപ്പോര്‍ട്ടുകളില്‍ വ്യാജ ആധാരങ്ങളും രേഖകളും ഉപയോഗിച്ചാണ് ആദിവാസി ഭൂമി തട്ടിയെടുക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നെന്നും പ്രസ്തുത റിപ്പോര്‍ട്ടനുസരിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടികളെടുക്കാനും, കയ്യേറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനും, ആദിവാസി ഭൂമി തിരിച്ചെടുത്ത് നല്‍കാന്‍ നടപടികളെടുക്കാനും നിര്‍ദേശിച്ചിരുന്നെന്നും കത്തില്‍ കെ.കെ. രമ പറയുന്നുണ്ട്.
155-ഓളം വ്യാജ ആധാരങ്ങളിലൂടെ 338 എക്കര്‍വരുന്ന ഭൂമിയാണ് സര്‍വ്വെ നമ്പര്‍ 1275-1273 എന്നീ മേഖലകളില്‍ തട്ടിയെടുത്തതെന്ന് 2010 ലെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സര്‍വ്വെ നമ്പര്‍ 1275-ല്‍ 42 ഏക്കറോളം വനഭൂമിയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പ്രസ്തുത റിപ്പോര്‍ട്ടുകളിലെ നിര്‍ദേശങ്ങളില്‍ തുടര്‍നടപടി കൈക്കൊള്ളാത്തതാണ് ഇപ്പോള്‍ നടക്കുന്ന കയ്യേറ്റങ്ങള്‍ക്ക് കാരണമെന്ന് കെ.കെ. രമ നിയമസഭാ സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2010 കാലഘട്ടത്തില്‍ 1275-ല്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് നടന്ന അതേ മേഖലകളില്‍ തന്നെ പുതിയ കയ്യേറ്റം നടക്കുകയാണ്. അന്ന് ഉന്നത തല സമിതിയുടെ നിര്‍ദേശമനുസരിച്ച് സര്‍വെ നമ്പര്‍ 1275 ല്‍ തിരിച്ച് പിടിച്ച 42 ഏക്കറോളം വരുന്ന വന ഭൂമിയില്‍ പൂര്‍ണ്ണമായും കയ്യേറ്റം നടക്കുകയാണ്. അതുകൂടാതെ തൊട്ടടുത്ത സര്‍വെ നമ്പറായ 1819-ല്‍ വ്യാപകമായ കയ്യേറ്റം നടക്കുകയാണ്.
സര്‍വെ നമ്പര്‍ 1819 ല്‍ 1999-മുതല്‍ വിവിധ കാലഘട്ടങ്ങളില്‍ ആദിവാസികള്‍ക്ക് പതിച്ചു നല്‍കിയ ഭൂമിയാണ്. ഉദ്ദേശം 600 ഓളം വ്യാജ ആധാരങ്ങള്‍ ഈ മേഖലയില്‍ നടന്നതായി കണക്കാക്കപ്പെടുന്നു. വ്യാജ ആധാരങ്ങളും രേഖകളും ഉപയോഗിച്ച് സിവില്‍ കോടതിയെ സമീപിച്ച് പൊലീസ് സംരക്ഷണം വാങ്ങിയാണ് ഭൂമാഫിയകള്‍ ഭൂമി തട്ടിയെടുക്കുന്നത്.
ആദിവാസി ഭൂമി സംരക്ഷിക്കപ്പെടണമെന്ന പൊതു താത്പര്യത്തോടെ കോട്ടത്തറ വില്ലേജിലെ സര്‍വെ നമ്പര്‍ 1275, 1819 എന്നീ മേഖലകളില്‍ നടക്കുന്ന കയ്യേറ്റത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു നിയമസഭാ സമിതിയെ ചുമതലപ്പെടുത്തണമെന്നും കത്തില്‍ കെ.കെ രമ അഭ്യര്‍ത്ഥിച്ചിരുന്നു.
Content Highlight: Special Team Investigate mafias attempt to expropriate nanchiammas land