എറണാകുളം: വിളപ്പില്‍ശാലയില്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് ഹൈക്കോടതി. വിളപ്പില്‍ശാലയിലെ പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാനും പുതിയ പ്ലാന്റിന്റെ പ്രായോഗികതയെ കുറിച്ച് അന്വേഷിക്കാനുമാണ് വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയത്.[]
ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ഉള്ള വിദഗ്ധ സമിതിയില്‍ സര്‍ക്കാര്‍, വിളപ്പില്‍പഞ്ചായത്ത്, സംയുക്തസമരസമിതി എന്നിവയിലെ പ്രതിനിധികള്‍ ഉണ്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
കേസിലെ കക്ഷികള്‍ ഒരാഴ്ചക്കകം സമിതിയുടെ അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിളപ്പില്‍ ശാലയില്‍ നടക്കുന്നത് രാഷ്ട്രീയ കളികളാണെന്നാണ് കോടതിയുടെ നിരീക്ഷണം.
വിളപ്പില്‍ശാല ചവര്‍ഫാക്ടറി തുറന്നുപ്രവര്‍ത്തിക്കാനുള്ള സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പുതിയ സത്യവാങ്മൂലവും സമര്‍പ്പിച്ചിട്ടുണ്ട്.
നിലവിലെ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ മൊബൈല്‍ യൂണിറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. വിളപ്പില്‍ശാലയില്‍ ചവര്‍ഫാക്ടറി തുറന്ന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടി സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ സംയുക്ത സമരസമിതിക്ക് ഉറപ്പ് നല്‍കിയിരുന്നു.
വിളപ്പില്‍ശാലയില്‍ നാട്ടുകാര്‍ നിരാഹാരസമരവും പ്രാര്‍ത്ഥനായജ്ഞവും ആചരിക്കുകയാണ്. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് പ്രാര്‍ത്ഥനാ യജ്ഞം.
എന്നാല്‍ വിളപ്പില്‍ശാലയിലെ പ്രശ്‌നം പഠിക്കാനായി സമിതിയെ നിയമിച്ച ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നെന്നും എന്നാല്‍ വിളപ്പില്‍ശാലയില്‍ ചവര്‍ ഫാക്ടറി തുറന്ന് പ്രവര്‍ത്തിക്കണമെന്ന വിധിയാണ് കോടതി പുറപ്പെടുവിക്കാന്‍ പോകുന്നതെങ്കില്‍ അതിനെ മുന്‍പുള്ളതിനേക്കാളും ശക്തിയില്‍ എതിര്‍ക്കുമെന്നും സമരസമിതി അറിയിച്ചു.
എന്തുകൊണ്ടാണ് വിളപ്പില്‍ശാലയില്‍ രാഷ്ട്രീയക്കളി നടക്കുന്നെന്ന നിരീക്ഷണം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അറിയില്ലെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു.