| Saturday, 23rd November 2019, 5:19 pm

വിദ്യാര്‍ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക സംഘം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബത്തേരി: സുല്‍ത്താന്‍ ബത്തേരി  ഗവ.സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഷഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രത്യേക സംഘം അന്വേഷിക്കും.

മാനന്തവാടി എ.സി.പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.

സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. സുല്‍ത്താന്‍ ബത്തേരി പൊലീസാണ് അധ്യാപകരേയും ഡോക്ടര്‍മാരും പ്രതിചേര്‍ത്താണ് കേസെടുത്തത്.

ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള ജാമ്യമില്ലാ വകുപ്പും മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാ കുറ്റവുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പ്രധാനധ്യാപകന്‍ കെ.കെ മോഹനന്‍, പ്രന്‍സിപ്പാള്‍ എ.കെ കരണാകരന്‍, അധ്യാപകന്‍ ഷിജില്‍, താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ മെറിന്‍ ജോയി എന്നിവര്‍ക്കെതിരെ യാണ് കേസ്. ഷിജില്‍ ഒന്നാംപ്രതിയാണ്.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ പ്രിന്‍സിപ്പള്‍ കരുണാകരനെയും പ്രധാനധ്യാപകന്‍ കെ.കെ.മോഹന്‍ കുമാറിനെയും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയെയും പിരിച്ചു വിട്ടു. വിദ്യാഭാസ ഡെപ്യൂട്ടി ഡയറക്ടരുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സ്‌കൂളിനെതിരെയും കുറ്റക്കാര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ജഡ്ജി എ. ഹാരിസും പറഞ്ഞിരുന്നു. സ്‌കൂളിലേത് ശോച്യാവസ്ഥയാണെന്നും സ്‌കൂളിനു വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഹാരിസ് പറഞ്ഞിരുന്നു.

ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ഹാരിസ് താക്കീത് നല്‍കി. കുട്ടിയുടെ മരണം കേവലം ഒരു വിദ്യാര്‍ഥിയുടെ മരണമായി കാണാതെ സ്വന്തം കുട്ടിയുടെ മരണമായി കാണണമെന്നും ജഡ്ജി പ്രധാനധ്യാപകനോട് പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഷഹ്ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതും ക്ലാസ് മുറികള്‍ വേണ്ടവിധത്തില്‍ പരിപാലിക്കാത്തതുമാണ് വിദ്യാര്‍ഥിയുടെ മരണത്തിന് കാരണമായതെന്ന് സ്‌കൂളിലെ മറ്റു വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more