| Saturday, 22nd October 2022, 7:02 pm

ക്രിമിനല്‍ ഭ്രാന്തന്മാരായ ചില ഉദ്യോഗസ്ഥര്‍ക്ക് ഇടതുപക്ഷത്തിന്റെ പൊലീസ് നയം മനസിലായിട്ടില്ല; വി.കെ. സനോജ് ഡൂള്‍ ന്യൂസിനോട്

സഫ്‌വാന്‍ കാളികാവ്

കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ സൈനികനും സഹോദരനും അതിക്രൂരമായി മര്‍ദനത്തിന് ഇരയായ സംഭവം ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ച് കേരളാ പൊലീസിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. കിളികൊല്ലൂര്‍ പോലീസ് അതിക്രമണക്കേസില്‍ പ്രതിയായ പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് ഇടത് യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ. ആവശ്യപ്പെടുന്നത്.

കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ മര്‍ദനത്തിനിരയായ വിഘ്‌നേഷിനെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ശനിയാഴ്ച സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് വി.കെ. സനോജ് ഡൂള്‍ ന്യൂസിനോട് സംസാരിക്കുന്നു.

കിളികൊല്ലൂര്‍ സംഭവം ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ച് പൊലീസിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ എങ്ങനെ കാണുന്നു?

നമ്മുടെ സമൂഹം ഒരുപാട് പരിഷ്‌ക്കരിച്ച് മുന്നോട്ട് പോകുന്നുണ്ട്. ഇക്കാര്യത്തില്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളം ഒരുപാട് മുന്നിലാണ്. അങ്ങനെ ഒരു ചുറ്റുപാടിലും പൊലീസ് സംവിധാനത്തിന്റെ ഭാഗമായി നടക്കാന്‍ പാടില്ലാത്ത ഒരുപാട് കാര്യങ്ങള്‍ നടക്കുന്നുണ്ട്.

കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ക്രൂരമായ മര്‍ദനത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസുകാരുടെ പേരില്‍ ശക്തമായ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. നടപടി തുടങ്ങിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഡി.വൈ.എഫ്.ഐ വിഷയത്തില്‍ നേരത്തെ ഇടപെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിസുമായി ബന്ധപ്പെട്ട് നടപടി ആവശ്യപ്പെട്ടിരുന്നു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയായിരുന്നു കേസില്‍ തുടക്കം മുതല്‍ ഇരകളുടെ ബന്ധുക്കള്‍ക്കായി ഇടപെട്ടിരുന്നത്.

കിളികൊല്ലൂര്‍ സംഭവത്തില്‍ ഇത്ര ക്രൂരമായി ഇടപെടാന്‍ പൊലീസിന് ധൈര്യമുണ്ടായത് എങ്ങനെയാണ്?

ആ നാട്ടിലെ ജനങ്ങളെ കബളിപ്പിക്കാന്‍ പൊലീസിന് കഴിഞ്ഞു. ലഹരി മാഫിയക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിന്റെ പശ്ചാത്തലത്തില്‍ ഒരുപാട് കേസുകള്‍ നാട്ടിന്‍പുറങ്ങളില്‍ പിടിക്കപ്പെടുന്നുണ്ട്.

പ്രതീക്ഷിക്കാത്ത ആളുകളെയാണ് ഇത്തരം കേസുകളില്‍ പിടിക്കുന്നത്. അതുകൊണ്ടുതന്നെ സൈനികനും സഹോദരനും എം.ഡി.എം കാരിയേഴ്‌സ് ആണെന്ന് വിശ്വസിപ്പിക്കാന്‍ പൊലീസിന് എളുപ്പത്തില്‍ സാധിച്ചു. ഇവരുടെ പേര് മാധ്യമങ്ങള്‍ക്ക് കൊടുത്ത് പൊലീസ് വലിയ വാര്‍ത്തയാക്കിയിരുന്നു. അത് പൊലീസിന്റെ ക്രിമിനല്‍ ബുദ്ധിയായിരുന്നു.

നാട്ടുകാര്‍ക്ക് വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ സാധിച്ചിരുന്നില്ല. പിന്നീട് റിമാന്‍ഡ് കഴിഞ്ഞ് കോടതി നടപടികള്‍ക്ക് ശേഷമാണ് സംഭവം പുറത്തുവരുന്നത്. അതാണ് ഈ വിഷയം ഇത്ര വൈകി പുറത്തറിഞ്ഞത്.

കോതമംഗലത്ത് താന്‍ ഒരു എസ്.എഫ്.ഐ പ്രവര്‍ത്തകനാണെന്ന് പറഞ്ഞ ശേഷമായിരുന്നു ഒരു വിദ്യാര്‍ത്ഥിയെ പൊലീസ് ആക്രമിച്ചത്. കൊല്ലത്തെ വിഘ്‌നേഷും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ്. പൊലീസ് രാഷ്ട്രീയം നോക്കി ഇടപെടുന്നുണ്ടോ?

ക്രിമിനലുകളായ പൊലീസുകാര്‍ക്ക് എന്ത് എസ്.എഫ്.ഐ, എന്ത് ഡി.വൈ.എഫ്.ഐ. ഇവര്‍ക്ക് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മൂല്യങ്ങളെക്കുറിച്ച് ഒരു ധാരണയുമില്ല. നാട്ടില്‍ നടക്കുന്ന ഒന്നിനെക്കുറിച്ചും ഒരു തിരിച്ചറിവുമില്ലാത്തവര്‍ സേനയില്‍ ഉണ്ട്. അവര്‍ക്കെതിരെ നടപടിയുണ്ടാകണം.

പൊലീസ് സ്റ്റേഷനില്‍ പോകുന്ന എല്ലാവര്‍ക്കും നീതി വേണം. അതില്‍ രാഷ്ട്രീയ വ്യത്യാസം ഉണ്ടാകാന്‍ പാടില്ലെന്നാണ് ഡി.വൈ.എഫ്.ഐയുടെ നിലപാട്.

പൊലീസുകാര്‍ക്കെതിരെയുള്ള നടപടി സ്ഥലം മാറ്റലില്‍ ഒതുങ്ങുന്നു എന്ന് വിമര്‍ശനമുണ്ട്. സാധാരണ പൗരന്‍ നേരിടുന്ന ക്രിമിനല്‍ നടപടിക്രമങ്ങള്‍ പൊലീസുകാര്‍ പലപ്പോഴും നേരിടാറില്ല. ഇതിനെ എങ്ങനെ കാണുന്നു?

കിളികൊല്ലൂര്‍ കേസില്‍ പരമാവധി ശിക്ഷ നടപ്പാക്കാന്‍ ഡി.വൈ.എഫ്.ഐ ഒപ്പമുണ്ടാകും. പണ്ട് നടന്ന സംഭവത്തിന്റെ കണക്കെടുത്ത് പറയാന്‍ ഞങ്ങള്‍ക്കാകില്ല. ഇത്തരത്തില്‍ സംഘടനക്ക് മുന്നില്‍ വരുന്ന വിഷയത്തില്‍ ഡി.വൈ.എഫ്.ഐ ഇടപെടും.

സഹോദരങ്ങളുടെ പേരില്‍ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കുകയും ആവശ്യമായ ചികിത്സ ഉറപ്പ് വരുത്തുകയും വേണം. സംസ്ഥാന സര്‍ക്കാറിന്റെ പൊലിസ് നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സേനയിലെ ഇത്തരം യൂണിഫോമണിഞ്ഞ മാരീചന്‍മാരെ കണ്ടെത്തി മാതൃകാ നടപടികള്‍ സ്വീകരിക്കണം.

കേരളത്തിലെ ആഭ്യന്തര വകുപ്പിന് നേരെ ഉയരുന്ന പൊതുവായ വിമര്‍ശനങ്ങളോടുള്ള മറുപടി?

ചില സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി കേരളത്തിന്റെ പൊലീസ് സേന ആകെ മോശമാണെന്ന് പറയുന്നത് ശരിയല്ല. സംസ്ഥാന സര്‍ക്കാരിന്റെ പൊലീസ് മികച്ച സേനയാണ്. രാജ്യത്തിന് തന്നെ അഭിമാനകരമായ ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

CONTENT HIGHLIGHT: Special talk with dyfi state dyfi state secretary VK Sanoj about kerala government’s police Policy

സഫ്‌വാന്‍ കാളികാവ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more