ബെംഗളൂരു: കനത്ത തിരിച്ചടിയാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍
ബി.ജെ.പിക്കുണ്ടായത്. 104 നിന്ന് ബി.ജെ.പിയുടെ സീറ്റ് 65ലേക്ക് കൂപ്പുകുത്തി. കേവല ഭൂരിക്ഷമായ 113 എന്ന മാന്ത്രിക സംഖ്യ കടന്ന് കോണ്‍ഗ്രസ് 135 സീറ്റ് നേടി മുന്നിട്ട് നില്‍ക്കുകയാണിപ്പോള്‍.
പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെയും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും നേതൃത്വത്തില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചതിന്റെ ഫലം കോണ്‍ഗ്രസിനുണ്ടായി.
ഇതുകൂടാതെ എ.ഐ.സി.സി അധ്യക്ഷന്‍ മല്ലകാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയ ദേശീയ നേതാക്കളുടെ പ്രചരണവും കോണ്‍ഗ്രസ് വിജയത്തിന് നിര്‍ണായകമായി.
ബി.ജെ.പിയുടെ വര്‍ഗീയ പ്രചരണങ്ങളെ അതിജീവിച്ച് ശക്തമായ ഭരണവിരുദ്ധ വികാരം മുതലെടുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു എന്നതാണ് ഈ വിജയത്തിന്റെ പ്രത്യേകത.
മറുവശത്ത് അനൈക്യത്തിലും പ്രശ്ങ്ങളിലൂടെയും നീങ്ങിയിരുന്ന ബി.ജെ.പി സംസ്ഥാന നേതൃത്വത്തില്‍ നിന്ന് തെഞ്ഞെടുപ്പ് പ്രചരണം ഏറ്റെടുത്തത് ദേശീയ നേതൃത്വവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ്. അതുകൊണ്ട് ഈ തോല്‍വി മോദിയുടേത് കൂടെയാണ്.
ഈ അടുത്ത കാലത്തൊന്നും മോദി ഇത്ര സജീവമായ ഒരു തെരഞ്ഞെടുപ്പ് ക്യാമ്പയിന് രാജ്യം സാക്ഷിയായിട്ടില്ല. ഇരുപതോളം റാലിയിലാണ് മോദി പങ്കെടുത്തത്. ബെംഗളൂരു, ശിവമോക റൂറല്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം മോദിയുടെ റാലികളും പൊതുയോഗങ്ങളുമുണ്ടായിരുന്നു. ഈ റാലികളിലെല്ലാം ഭിന്നിപ്പിന്റെ ശ്രമങ്ങളുള്ള രാഷ്ട്രീയ പ്രസംഗങ്ങള്‍ നടത്താന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.
കള്ളക്കണക്കുകളോടെയും വസ്തുതയുടെ പിന്‍ബലമില്ലാതെയും അവതരിപ്പിക്കപ്പെട്ട കേരള സ്റ്റോറി എന്ന സിനിമ ഇറങ്ങിയ ആദ്യ ദിനം തന്നെ, ഇത് തീവ്രവാദം തുറന്നുകാണിക്കുന്ന സിനിമയാണെന്ന് മോദി പറഞ്ഞത് കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയിലായിരുന്നു.
എന്നാല്‍ ഈ പ്രചരങ്ങളെയെല്ലാം കന്നഡ ജനത തള്ളിക്കളഞ്ഞു. ഭരണവിരുദ്ധ വികാരം, അഴിമതി എന്നിവയൊക്കെ ജനങ്ങളുടെ വോട്ടിനെ സ്വാധീനിച്ചപ്പോള്‍ മോദി പ്രഭാവത്തിന് കനത്ത തിരിച്ചടി ഏറ്റുവാങ്ങേണ്ടിവന്നു.
മോദിയെ കൂടാതെ അമിത് ഷാ, യോഗി, മറ്റ് കേന്ദ്ര മന്ത്രിമാര്‍ എന്നിവരൊക്കെ
കര്‍ണാടകയിലേക്ക് വണ്ടികയറിയിട്ടും ബി.ജെ.പിക്ക് രക്ഷയുണ്ടായില്ല.
ഫലം പുറത്തുവന്ന ശേഷം തെരഞ്ഞെടുപ്പില്‍ ഒരു റോളുമില്ലാത്ത കര്‍ണാടക നേതാക്കന്മാരുടെ ഫോട്ടോ കൊടുത്ത് ചില ദേശീയ ചാനലുകള്‍ മോദിയെ സംരക്ഷിക്കുമ്പോഴും, തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന്റെ ട്രാക്ക്‌റെക്കോര്‍ഡ് ചൂണ്ടിക്കാണിക്കുന്നത് പ്രധാമന്ത്രിയുടെ തോല്‍വി തന്നെയാണിതെന്നാണ്.
ഇതുകൂടാതെ കേന്ദ്ര ഭരണത്തില്‍ മൂന്നാം മോദി സര്‍ക്കാര്‍ ലക്ഷ്യം വക്കുന്ന ബി.ജെ.പിയെ കര്‍ണാടകയിലെ തോല്‍വി ഇരുത്തിച്ചിന്തിപ്പിക്കുമെന്ന് ഉറപ്പാണ്.
Content Highlight: Special story prime minister narendra modi’s failure in Karnataka