| Thursday, 25th January 2018, 3:16 pm

'ഞങ്ങള്‍ക്ക് ഈ സമരത്തെ തകര്‍ത്തേ പറ്റൂ' വെന്നാണ് പൊലീസ് പറഞ്ഞത്; വടയമ്പാടി സമരം തകര്‍ക്കാനുള്ള പൊലീസ് ഗൂഢാലോചനയുടെ ഭാഗമാണ് അറസ്റ്റെന്ന് മാധ്യമപ്രവര്‍ത്തകര്‍

ഹരിപ്രസാദ്. യു

പുത്തന്‍കുരിശ്: വടയമ്പാടി സമരത്തെ തകര്‍ക്കാനുള്ള പൊലീസ് നീക്കത്തിന്റെ ഭാഗമാണ് തങ്ങളുടെ അറസ്റ്റെന്ന് സംശയിക്കുന്നതായി അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകര്‍. സമരം തകര്‍ത്തേപറ്റൂവെന്നാണ് പൊലീസ് തങ്ങളോട് പറഞ്ഞതെന്ന് വടയമ്പാടി സമരം റിപ്പോര്‍ട്ടു ചെയ്യവെ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകരായ അഭിലാഷ് പടച്ചേരിയും, അനന്തു രാജഗോപാലും ഡൂള്‍ന്യൂസിനോടു പറഞ്ഞു.

“ഈ കേസില്‍ നിന്നെയല്ല പെടുത്താനുദ്ദേശിച്ചത്, വേറെ പലരെയുമാണ്. നീ ഇതില്‍ പെട്ടു. ഞങ്ങള്‍ക്ക് ഈ സമരത്തെ തകര്‍ത്തേ പറ്റൂ…” എന്നെല്ലാമാണ് പുത്തന്‍ കുരിശ് എസ്.ഐ സംസാരിച്ചതെന്ന് അഭിലാഷ് പറഞ്ഞു.

ഉന്നതകുലജാതര്‍ എന്ന് സ്വയം അവകാശപ്പെടുന്ന നായന്മാര്‍ക്കെതിരെ ദളിതര്‍ സമരം ചെയ്യുന്നതിനോടുള്ള അസഹിഷ്ണുതയാണ് സമരത്തോടുള്ള പൊലീസിന്റെ പ്രതികരണം എന്ന് അവരുടെ പ്രവൃത്തികളില്‍ നിന്നു തന്നെ വ്യക്തമാണെന്ന് അഭിലാഷ് പടച്ചേരി പറയുന്നു.

“ആരെയെങ്കിലും ഒരാളെ ഈ സമരത്തിനിടയില്‍ കുടുക്കണമെന്നേയുണ്ടായിരുന്നുള്ളൂ. അതിപ്പം നിങ്ങളായിപ്പോയി എന്നേയുള്ളൂ” എന്നാണ് പൊലീസുകാരന്‍ അനൗദ്യോഗികമായി തങ്ങളോട് പറഞ്ഞതെന്ന് അനന്തുവും പറയുന്നു. സമരത്തിനെതിരെ മാവോയിസ്റ്റ് ആരോപണം കൂടി ഉയര്‍ത്താമെന്ന നിലയിലാവാം അവര്‍ തങ്ങള്‍ക്കുമേല്‍ അത്തരമൊരു ആരോപണം ഉയര്‍ത്തിയതെന്ന സംശയവും അനന്തു പങ്കുവെക്കുന്നു.

അഭിലാഷ് പടച്ചേരി, അനന്തു രാജഗോപാല്‍

അനന്തുവിന്റെ പിതാവും മാധ്യമപ്രവര്‍ത്തകനുമായ രാജഗോപാലും ഇത്തരമൊരു സംശയമാണ് ഡൂള്‍ന്യൂസിനോടു പങ്കുവെച്ചത്. “പൊലീസ് സ്ഥിരം ചെയ്യുന്ന ഒരു പാറ്റേണുണ്ട്. ഏതെങ്കിലും സമരം പ്രത്യേകിച്ച് ജനാധിപത്യമായി നടത്തുന്ന സമരമാണെങ്കില്‍, അത് ഏത് സര്‍ക്കാറിന്റെ കാലത്തായാലും പൊലീസ് സ്വീകരിക്കുന്ന ഒരു സ്ഥിരംപാറ്റേണുണ്ട്. പുറത്തുനിന്നുള്ള ഇടപെടലാണ് സമരത്തിന്റെ പ്രശ്‌നം എന്നു പറഞ്ഞ് ആ സമരത്തിനെ തച്ചുടക്കുകയെന്നുള്ളതാണ് അത്. ആ പൊലീസ് പാറ്റേണ്‍ തന്നെയാണ് ഇവിടെയും ഉണ്ടാക്കിയത് എന്നുവേണം സംശയിക്കാന്‍. ഇവര്‍ ജയിലിലേക്കു കൊണ്ടുപോകും വഴി ഒരു സീനിയര്‍ ഓഫീസര്‍ അവരോട് പറഞ്ഞത് ഞങ്ങളൊരു ട്രാപ്പിട്ടതാണ്, പാവം കുട്ടികളായ നിങ്ങളാണ് പെട്ടുപോയത് എന്നാണ്.” അദ്ദേഹം വിശദീകരിച്ചു.

അഭിലാഷിനും അനന്തുവിനും പുറമേ കെ.പി.എം.എസ് നേതാവ് ശശി വടയമ്പാടിയേയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത പൊലീസ് നടപടിയെ ചോദ്യം ചെയ്തതോടെ ഇയാളെയും പൊലീസ് പിടികൂടുകയായിരുന്നുവെന്നാണ് രാജഗോപാല്‍ പറയുന്നത്. ഇയാളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി കൂടെ അറസ്റ്റിലായവര്‍ പറയുന്നു.

പൊലീസ് അതിക്രമത്തിനുള്ള മറ്റൊരു കാരണമായി രാജഗോപാല്‍ സംശയിക്കുന്നത് വടയമ്പാടിയിലെ ദളിതര്‍ക്കെതിരായ പൊലീസ് അതിക്രമത്തിന് സാക്ഷികളാണ് ഇവര്‍ എന്നതാണ്.

“പിന്നെ മറ്റൊരു കാരണമായി സംശയിക്കുന്നത് പൊലീസുകാര്‍ ദളിതരെ മര്‍ദ്ദിക്കുന്നതിന്റെ സാക്ഷികള്‍ ഇവരാണ് എന്നതാണ്. ദളിതര്‍ക്കെതിരായ അതിക്രമം തടയുന്ന നിയമപ്രകാരം പൊലീസുകാര്‍ പെട്ടുപോകും. അപ്പോള്‍ ഈ സാക്ഷികളായ ഇവരുടെ വിശ്വാസ്യത ഇല്ലാതാക്കുകയെന്നത് പൊലീസുകാരുടെ സ്ഥിരം സ്ട്രാറ്റജിയില്‍പ്പെടുന്ന കാര്യമാണ്. ” അദ്ദേഹം വിശദീകരിക്കുന്നു.

പൊലീസ് ശ്രമിച്ചത് മാവോയിസ്റ്റാക്കി മുദ്രകുത്താന്‍

അറസ്റ്റിലായ തങ്ങളെ മാവോയിസ്റ്റാക്കി ചിത്രീകരിക്കാന്‍ പൊലീസിന്റെ ഭാഗത്തുനിന്നും ശ്രമമുണ്ടായതായി അഭിലാഷും അനന്തുവും പറയുന്നു. മാവോയിസ്റ്റ് ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് ഇവരെ അറസ്റ്റു ചെയ്തതെന്നായിരുന്നു പൊലീസ് മാധ്യമങ്ങള്‍ക്കു നല്‍കിയ വിശദീകരണം. നീറ്റാ ജലാറ്റിന്‍ കമ്പനി ആക്രമണമടക്കം പലകേസുകളിലും ഇവര്‍ക്കു ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു.

ശശി വടയമ്പാടി

“രൂപേഷിനെ അറിയുമോ, ഡി.എസ്.എയില്‍ വര്‍ക്കു ചെയ്യുന്നുണ്ടോ, നീറ്റാ ജലാറ്റിന്‍ ആക്രമണത്തിന് പോയിട്ടുണ്ടോയെന്നൊക്കെയായിരുന്നു അവരുടെ ചോദ്യങ്ങള്‍. ” ഐ.ബിയിലെ ഉദ്യോഗസ്ഥരും ഈ ചോദ്യങ്ങള്‍ തന്നെയാണ് ആവര്‍ത്തിച്ചതെന്ന് അനന്തു പറയുന്നു.

സംസ്ഥാന ഇന്റലിജന്‍സ് ബ്യൂറോയിലെ ഉദ്യോഗസ്ഥരായ ഷാജന്‍, ബിജു തുടങ്ങിയ ഐ.ബി ഉദ്യോഗസ്ഥര്‍ ഒന്നരമണിക്കൂറോളം ചോദ്യം ചെയ്‌തെന്നാണ് അഭിലാഷ് പറയുന്നത്. “നീറ്റാ ജലാറ്റിന്‍ കേസില്‍ പ്രതിയായിരുന്നോ എന്ന് അവരും ചോദിച്ചു. കൂടാതെ ഇവിടെ നടന്ന മാവോയിസ്റ്റ് സമരങ്ങളെ അടിസ്ഥാനമാക്കി ചോദ്യങ്ങള്‍ ഉണ്ടായി. എന്നാല്‍ ഞാന്‍ ചെയ്യാത്തതും എനിക്ക് അറിയാത്തതുമായ കാര്യങ്ങള്‍ക്കു മറുപടി പറയാന്‍ കഴിയില്ലെന്ന് ഞാന്‍ വ്യക്തമാക്കി.” അഭിലാഷ് പറയുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 353 എന്ന വകുപ്പാണ് പൊലീസ് തങ്ങള്‍ക്കെതിരെ എടുത്തത്. പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുക, പൊലീസുകാരെ മര്‍ദ്ദിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഈ വകുപ്പിനു കീഴിലുള്ളത്. എന്നിരിക്കെയാണ് മാധ്യമങ്ങള്‍ക്കു മുമ്പില്‍ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിലെന്ന് പൊലീസ് പറഞ്ഞത്.

“രാത്രിയില്‍ എത്തിയ എബി എന്ന ഉദ്യോഗസ്ഥന്‍ അറസ്റ്റ് മെമ്മോയില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 353 എന്ന വകുപ്പ് ഉണ്ടെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ ഈ കാര്യങ്ങളൊന്നും ചെയ്തിട്ടില്ലാത്തതിനാല്‍ ഒപ്പിടാന്‍ കഴിയില്ലെന്ന് പറഞ്ഞു. അസഭ്യം പറഞ്ഞുകൊണ്ടാണ് പിന്നീട് എന്നോട് ഒപ്പിടാന്‍ പറഞ്ഞത്. പൊലീസ് എഴുതിപ്പിടിപ്പിച്ച കാര്യങ്ങളാണ് എന്റെ മൊഴി എന്ന രൂപത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്. അതില്‍ നിര്‍ബന്ധപൂര്‍വ്വം ഒപ്പിടീക്കാനാണ് അവര്‍ ശ്രമിച്ചത്.” അഭിലാഷ് പറയുന്നു.

തിരിച്ചറിയല്‍ കാര്‍ഡ് ഇല്ല എന്ന പൊലീസിന്റെ വാദം

സംഭവസ്ഥലത്ത് ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ഇരകളോട് കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തിരുന്ന ഇവരെ പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോള്‍ തന്നെ തങ്ങള്‍ മാധ്യമപ്രവര്‍ത്തകരാണെന്ന് ഇവര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസ് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടുകയായിരുന്നു.

“തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചു. എന്നാല്‍ പ്രസ് ക്ലബ്ബിന്റെ തിരിച്ചറിയല്‍ കാര്‍ഡ് വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പ്രസ്‌ക്ലബ്ബിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ല എന്നത് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. ടെലിവിഷന്‍ ജേര്‍ണലിസ്റ്റുകളെ പോലും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അംഗീകരിച്ചത് അടുത്തിടെ മാത്രമാണ്.” അഭിലാഷ് പറയുന്നു.

ഇന്റേണ്‍ഷിപ്പ് ചെയ്യുകയാണെന്നും അതിനാല്‍ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലെന്നും പൊലീസിനോടു പറഞ്ഞിരുന്നുവെന്ന് അനന്തുവും പറയുന്നു. തന്റെ സ്ഥാപനത്തിലെ എഡിറ്ററെയോ മറ്റോ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കാവുന്നതാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും പൊലീസ് ചെവിക്കൊണ്ടില്ലെന്നാണ് അനന്തുവും പറയുന്നത്.

ഈ വിഷയത്തില്‍ മാത്രമല്ല, ഇതിനു മുന്നേ ഉണ്ടായ ചില സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോഴും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അഭിലാഷ് പറയുന്നത്. ട്രാന്‍സ്ജെന്‍ഡേഴ്സിനെതിരായ പൊലീസ് അതിക്രമം റിപ്പോര്‍ട്ട് ചെയ്യാനായി കൊച്ചിയിലെത്തിയപ്പോള്‍ സി.ഐ അനന്ത്ലാലും തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചിരുന്നു. അന്ന് സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചപ്പോഴും പ്രസ്‌ക്ലബ്ബിന്റെ തിരിച്ചറിയല്‍ കാര്‍ഡുണ്ടെങ്കില്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയൂ എന്നാണ് പറഞ്ഞതെന്നും അഭിലാഷ് പറയുന്നു.

“മുഖ്യധാരാ മാധ്യമങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള റെക്കഗ്‌നൈസേഷന്‍ എനിക്ക് ഇല്ലെന്നും അതിനാല്‍ ഞാന്‍ വന്നത് റിപ്പോര്‍ട്ട് ചെയ്യാനല്ല, മറ്റെന്തിനോ വേണ്ടിയാണെന്നുമാണ് അവര്‍ പറഞ്ഞത്. ഇതും പറഞ്ഞ് കഴുത്തിന് കുത്തിപ്പിടിച്ച് വലിച്ചാണ് ജീപ്പില്‍ കയറ്റിയത്.” അഭിലാഷ് പറയുന്നു.

മുദ്രാവാക്യം വിളിച്ചുവെന്ന ആരോപണം

അറസ്റ്റിലായവര്‍ സമരഭൂമിയില്‍ മുദ്രാവാക്യം വിളിച്ചെന്ന ആരോപണം പൊലീസ് ഉയര്‍ത്തിയിരുന്നു. എന്നാല്‍ പൊലീസുകാരുടെ അനുമതി തേടി അവര്‍ പറയുന്നതുപോലെ സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറാവാത്തതിന്റെ ദേഷ്യമാണ് ഇതിനു പിന്നിലെന്നാണ് അഭിലാഷ് പറയുന്നത്.

“പച്ചക്കള്ളമാണ് ഈ പ്രചരിപ്പിക്കുന്നത്. ഒരു സമരം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മുഖ്യധാരാ മാധ്യമപ്രവര്‍ത്തകര്‍ ആദ്യം ചെയ്യുന്നത് പൊലീസുകാരെ കാണുക എന്നതാണ്. അതിനു ശേഷമാണ് സമരക്കാരുടെ അടുക്കലേക്ക് എത്തുന്നത്. എന്നാല്‍ എന്റെ ന്യൂസ് പോര്‍ട്ടിനു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇരകളായ ജനങ്ങളെ കാണാനാണ് ഞാന്‍ ആദ്യം ചെന്നത്. അത് ഇഷ്ടപ്പെടാത്തതിനാലാണ് പൊലീസ് ഈ പ്രചരണം നടത്തുന്നത്.

പന്ന ***** മോനേ, ഞങ്ങടെയടുത്ത് ഷൈനിങ്ങ് കാണിക്കുന്നോടാ” എന്നാണ് പുത്തന്‍ കുരിശ് പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നോടു പറഞ്ഞത്. രാവിലെ 9:15 ഓടെയാണ് എന്നെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെടുന്നതു വരെ അവിടെയുള്ള അമ്മമാര്‍ക്കും മറ്റും പറയാനുള്ളത് കേള്‍ക്കുകയും അവരുടെ ബൈറ്റുകള്‍ എടുക്കുകയുമായിരുന്നു.” അഭിലാഷ് പറയുന്നു.

ആദ്യം പൊലീസുകാരെ കണ്ട് തങ്ങള്‍ അനുമതി വാങ്ങിച്ചശേഷം റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ അവര്‍ തങ്ങളെ ഇത്തരത്തില്‍ പിടികൂടില്ലായിരുന്നുവെന്നാണ് തോന്നിയതെന്ന് അനന്തുവും പറയുന്നു.

എന്നാല്‍ ഒരു സമരസ്ഥലത്തുനിന്നും ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതില്‍ എന്ത് കുറ്റമാണുള്ളതെന്നാണ് രാജഗോപാല്‍ ചോദിക്കുന്നത്. “എന്തിനാണ് ഭരണകൂടം നമ്മുടെ കുട്ടികളെ മാവോയിസ്റ്റ് എന്നരീതിയില്‍ മുദ്രകുത്തി അവരുടെ ഭാവി മുഴുവന്‍ നശിപ്പിക്കുന്ന രീതിയില്‍ നടപടിയെടുക്കുന്നത് എന്ന് നമ്മള്‍ അന്വേഷിക്കണം. അവര്‍ അവരുടെ ഡ്യൂട്ടിയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. മാത്രമല്ല, റെക്കോര്‍ഡ് ചെയ്യുകയെന്നത് ജനാധിപത്യ രാജ്യത്ത് പൗരന്റെ അവകാശമാണ്. അല്ലാതെ ജേണലിസ്റ്റുകള്‍ക്കു മാത്രമുള്ള പ്രത്യേക അവകാശമൊന്നുമല്ല. അതിനകത്ത് എന്ത് തെറ്റാണുള്ളത് എന്ന് പൊലീസിന് വിശദീകരിക്കേണ്ടിവരും.” അദ്ദേഹം പറയുന്നു.

പൊലീസ് സ്റ്റേഷനില്‍

പുത്തന്‍ കുരിശ് പൊലീസ് സ്റ്റേഷനിലേക്കാണ് തങ്ങളെ കൊണ്ടുപോയതെന്ന് അഭിലാഷ് പറയുന്നു. തണുപ്പായതിനാല്‍ വയമ്പാടിയിലേക്ക് പോകുമ്പോള്‍ തന്നെ ഞാന്‍ ഒരു ഷാള്‍ കരുതിയിരുന്നു. പൊലീസ് കൊണ്ടുപോകുമ്പോഴും ഇത് എന്റെ കഴുത്തിലുണ്ടായിരുന്നു. “ആണുങ്ങളെന്തിനാടാ ഷാള്‍ ഇടുന്നത്” എന്നാണ് ഇത് കണ്ട് അവര്‍ ചോദിച്ചത്. സ്ത്രീകള്‍ മാത്രമാണ് ഷാള്‍ ധരിക്കേണ്ടതെന്നും ആണുങ്ങള്‍ക്ക് ഇത് പറ്റില്ലെന്നുമുള്ള പൊലീസിന്റെ “സദാചാര”മാണ് അവരെക്കൊണ്ട് ഇത് ചോദിപ്പിച്ചത്.

പുത്തന്‍ കുരിശ് സ്റ്റേഷനില്‍ നിന്ന് അഞ്ചു മിനുറ്റിനകം തന്നെ രാമമംഗലം സ്റ്റേഷനിലേക്ക് ഞങ്ങളെ കൊണ്ടുപോയി. അവിടെ ഞങ്ങളെ മൂന്നു പേരെയും മൂന്നിടത്തായി നിര്‍ത്തി. ഏകദേശം അരമണിക്കൂറിനു ശേഷം എസ്.ഐ എബി അവിടെയെത്തി. “നീ നീറ്റാ ജലാറ്റിന്‍ കേസിലെ പ്രതിയല്ലേടാ” എന്നാണ് അദ്ദേഹം ചോദിച്ചത്.

ഞാന്‍ ആക്ടിവിസ്റ്റ് അല്ലെന്നും മാധ്യമപ്രവര്‍ത്തകനാണെന്നും അദ്ദേഹത്തോട് പറഞ്ഞു. തുടര്‍ന്ന് എന്റെ കൈവശമുണ്ടായിരുന്ന ആധാര്‍, വോട്ടര്‍ ഐ.ഡി, സ്ഥാപനത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവയെല്ലാം കാണിച്ചു. എന്നാല്‍ നീറ്റാ ജലാറ്റിന്‍ കേസിലെ പ്രതിയല്ലേ എന്നാണ് അദ്ദേഹം വീണ്ടും വീണ്ടും ചോദിച്ചത്. ആ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ എന്റെ പേരുണ്ടോയെന്നും ഇപ്പോള്‍ വിചാരണ നടക്കുന്ന ആ കേസിന്റെ കുറ്റപത്രത്തില്‍ എന്റെ പേര് പരാമര്‍ശിക്കുന്നുണ്ടോ എന്നും ഇതൊന്നുമില്ലാതെ എങ്ങനെയാണ് ഞാന്‍ പ്രതിയാവുക എന്നും അവരോട് തിരിച്ചു ചോദിച്ചു.

വക്കീലിനേയോ കുടുംബക്കാരേയോ സുഹൃത്തുക്കളേയോ വിളിക്കാനുള്ള അവസരം തരണമെന്ന് കസ്റ്റഡിയിലെടുത്തയുടന്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ അതിന് അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

അനന്തുവിനെ അറസ്റ്റു ചെയ്തകാര്യം പൊലീസ് തങ്ങളെ അറിയിച്ചില്ലയെന്നാണ് രാജഗോപാല്‍ പറയുന്നത്. സോഷ്യല്‍ മീഡിയകളില്‍ നിന്ന് ഇക്കാര്യം അറിഞ്ഞശേഷം പൊലീസ് സ്റ്റേഷനിലേക്കു പോയി കാര്യം ചോദിച്ചെങ്കിലും അവര്‍ ഒന്നും പറയാന്‍ തയ്യാറായില്ലയെന്നാണ് അദ്ദേഹം പറയുന്നത്.

“പൊലീസ് സ്റ്റേഷനിലെത്തി അവരെ കാണണമെന്നു പറഞ്ഞപ്പോള്‍ സി.ഐയുടെ അനുവാദമില്ലാതെ കാണാന്‍ സമ്മതിക്കില്ലയെന്നു പറഞ്ഞു. സി.ഐയെ വിളിച്ചപ്പോള്‍ അവര് വളരെ ഗൗരവമായ കുറ്റമാണ് ചെയ്തത്, എന്ത് കുറ്റമാണ് ചെയ്തതെന്ന് ചോദിച്ചപ്പോള്‍ നിങ്ങളോട് തര്‍ക്കിക്കാന്‍ എനിക്കാവില്ലയെന്നു പറഞ്ഞ് ഒഴിവാക്കുകയാണുണ്ടായത്. കുറ്റമൊക്കെ പിന്നീട് മനസിലാകുമെന്ന് പറഞ്ഞ് ഫോണ്‍ കട്ടു ചെയ്തു. ” രാജഗോപാല്‍ പറയുന്നു.

വടയമ്പാടിയില്‍ സംഭവം നടന്ന സ്ഥലത്തെത്തി അവിടെയുണ്ടായിരുന്ന പൊലീസുകാരില്‍ നിന്നറിഞ്ഞത് ഗുരുതരമായ കേസൊന്നുമല്ലെന്നാണ്. എട്ടുമണിയാകുമ്പോഴേക്കും അവര് വിടുമെന്നാണ് പറഞ്ഞത്. ആ പ്രതീക്ഷയില്‍ സ്റ്റേഷനുമുമ്പില്‍ കാത്തിനിന്നപ്പോഴാണ് ഇവര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തുവെന്ന് അവര്‍ പറയുന്നത്. പിന്നീട് ജാമ്യാപേക്ഷ നല്‍കിയെങ്കിലും റിമാന്‍ഡ് ചെയ്യുകയാണുണ്ടായത്. പൊലീസ് ഡോക്യുമെന്റ് കോടതിയില്‍ എത്തിക്കാന്‍ മനപൂര്‍വ്വം വൈകിപ്പിച്ചതു കാരണം ഒരുദിവസം അധികം ഇവര്‍ക്ക് റിമാന്‍ഡില്‍ കഴിയേണ്ടി വന്നെന്നും അദ്ദേഹം പറയുന്നു.

രാവിലെ തന്നെ സമരപ്പന്തലില്‍ എത്തിയതിനാല്‍ ഭക്ഷണം കഴിച്ചിട്ടുണ്ടായിരുന്നില്ല. സ്റ്റേഷനില്‍ നിന്ന് കുടിവെള്ളം ചോദിച്ചപ്പോഴെല്ലാം തെറിവിളിക്കുകയാണ് പൊലീസുകാര്‍ ചെയ്തത്. ഒടുവില്‍ സഹികെട്ട് തുടര്‍ച്ചയായി ബഹളം വെച്ചപ്പോള്‍ മാത്രമാണ് കുടിക്കാന്‍ വെള്ളം തന്നതെന്ന് അഭിലാഷ് പറയുന്നു.

പിന്നീട് പിറവം മജിസ്ട്രേറ്റിനു മുന്‍പാകെയാണ് തങ്ങളെ ഹാജരാക്കിയത്. നടന്നതെല്ലാം മജിസ്ട്രേറ്റിനോടു പറഞ്ഞു കഴിഞ്ഞപ്പോള്‍ തങ്ങളെ റിമാന്‍ഡ് ചെയ്യാന്‍ മജിസ്ട്രേറ്റ് വിസമ്മതിക്കുകയാണ് ഉണ്ടായത്. ജാമ്യക്കാര്‍ ഉണ്ടെങ്കില്‍ ജാമ്യം നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരുമായും ബന്ധപ്പെടാന്‍ സാധിക്കാതിരുന്നതിനാലാണ് ജാമ്യം ലഭിക്കാതിരുന്നതെന്ന് അഭിലാഷ് പറയുന്നു.

പൊലീസിനെതിരെ നിയമപരമായി നീങ്ങുമെന്ന് മാധ്യമപ്രവര്‍ത്തകന്‍:

വിചിത്രമായ വ്യവസ്ഥകള്‍ക്കുമേലാണ് ജാമ്യം നല്‍കിയതെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നുമാണ് അഭിലാഷ് പറയുന്നത്. “പുതിയ സംഭവവികാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എനിക്ക് കഴിയില്ല. കാരണം, പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ കടക്കാന്‍ പാടില്ല എന്നതാണ് ജാമ്യവ്യവസ്ഥ. കൂടാതെ ആഴ്ചയില്‍ രണ്ടുദിവസം സ്റ്റേഷനിലെത്തി ഒപ്പിടണമെന്നും വ്യവസ്ഥയുണ്ട്. ഇതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.” അദ്ദേഹം പറഞ്ഞു.

തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന ശശിധരനെ പൊലീസ് ജീപ്പിന്റെ പിന്നില്‍ വെച്ചുള്‍പ്പെടെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഇത് സംബന്ധിച്ച പരാതിയിന്‍മേലുള്ള ഹിയറിങ് ഫെബ്രുവരി രണ്ടിന് കോലഞ്ചേരി കോടതിയില്‍ ഉണ്ടാകും. ഈ കേസുമായി മുന്നോട്ട് പോകും. മനുഷ്യാവകാശ കമ്മീഷന്‍, പൊലീസ് കംപ്ലയിന്റ് അതോറിറ്റി എന്നിവിടങ്ങളിലും പരാതി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഹരിപ്രസാദ്. യു

Latest Stories

We use cookies to give you the best possible experience. Learn more