പുസ്തകങ്ങള്‍, നോട്ടീസുകള്‍, ലഘുലേഖകള്‍, ചുവന്ന പതാക എന്നിവയെല്ലാം കൈവശം വെയ്ക്കുന്നത് രാജ്യദ്രോഹക്കുറ്റമാണോ…
മാവോയിസ്റ്റ് ബന്ധമാരോപിക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട കോഴിക്കോട് സ്വദേശികളായ രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകരില്‍ നിന്നും തെളിവുകളായി പൊലീസ് കസ്റ്റഡിയില്‍ എടുത്തത് ഇവയൊക്കെയാണ്.
സി.പി.ഐ.എമ്മിന്റെ സജീവ പ്രവര്‍ത്തകരും വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാട് പുലര്‍ത്തിയിരുന്നവരുമായ താഹ ഫസലും അലന്‍ ശുഹൈബും ഇന്ന് ജയിലിലാണ്. എല്‍.ഡി.എഫ് വരും എല്ലാം ശരിയാകുമെന്ന് വിശ്വസിച്ചിരുന്ന രണ്ട് ചെറുപ്പക്കാരാണ് പുസ്തകം വായിച്ചതിന്, വ്യത്യസ്തമായി ചിന്തിച്ചതിന് തടവറയിലായിരിക്കുന്നത്.
ഈ രണ്ട് ചെറുപ്പക്കാരും ആരായിരുന്നു എന്നും അവര്‍ എന്താണ് പറയാന്‍ ആഗ്രഹിച്ചിരുന്നതെന്നും ഡൂള്‍ന്യൂസ് അന്വേഷിക്കുന്നു.
താഹാ ഫസല്‍
ജിയോഗ്രഫിയില്‍ ബിരുദമെടുത്തശേഷം ഇപ്പോള്‍ ജേണലിസം പഠിക്കുന്നു. പിതാവ് മാനസീക രോഗത്തിന് ചികിത്സയിലാണ്. അമ്മ കൂലിപ്പണിയെടുക്കുന്നു. ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്ന സഹോദരന്‍. താഹ ജോലി ചെയതാണ് ഈ കുടുംബത്തെ പോറ്റുന്നത്. വെളളിയാഴ്ചയൊഴികെയുള്ള ദിവസങ്ങളില്‍ കൂലിപ്പണിക്ക് പോവും. ജോലിയില്ലാത്ത ദിവസങ്ങളില്‍ പഠനസ്ഥലത്തേക്കും.
താഹയും സഹോദരന്‍ ഇജാസും ഉമ്മ ജമീലയും പിതാവും തികഞ്ഞ സി.പി.ഐ.എം പ്രവര്‍ത്തകര്‍. അടിമുടി തൊഴിലാളി കുടുംബം.
അലന്‍ ശുഹൈബ്
20 വയസ്. അച്ഛന്‍ ശുഹൈബ് പാര്‍ട്ടി പ്രവര്‍ത്തകനാണ്. സര്‍ക്കാര്‍ ജീവനക്കാരിയായ അമ്മ സബിത
പ്രാദേശികമായി പാര്‍ട്ടി കെട്ടിപ്പെടുത്ത സഖാവ് സാവിത്രിയുടെ കൊച്ചുമകന്‍. അലന്‍ പതിലഞ്ചാംവയസില്‍ നേടിയതാണ് പാര്‍ട്ടി അംഗത്വം. നിയമ വിദ്യാര്‍ത്ഥിയാണ് ഇപ്പോള്‍
വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും അലനെക്കുറിച്ച് മറുത്തൊരു അഭിപ്രായമില്ല. അവരുടെ കണ്‍മുമ്പില്‍ വളര്‍ന്നുവന്ന തികഞ്ഞ കമ്യൂണിസ്റ്റുകാരന്‍.
അലനും താഹയ്ക്കും ഒരു സമാനതയുണ്ട്. രണ്ടുപേരും ഒരുപാട് പുസ്തകങ്ങള്‍ വായിക്കുമായിരുന്നു. കേരളത്തില്‍ ലഭ്യമായ രാഷ്ട്രീയ പശ്ചാത്തലമുള്ള നിരവധി പുസ്തകങ്ങള്‍ ഇരുവരുടെയും വീടുകളിലുണ്ടായിരുന്നു. അവയില്‍ ചിലത് കശ്മീരിനെക്കുറിച്ചുള്ളതായിരുന്നു. ചിലത് ജാതി വ്യവസ്ഥയെക്കുറിച്ച്, മറ്റുചിലത് സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച്, ചിലത് കേരള രാഷ്ട്രീയ ചരിത്രത്തെക്കുറിച്ചും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ചും. ഇവര്‍ വായിച്ചുവളരുന്ന ചെറുപ്പക്കാരാണ്. നാളെയുടെ പ്രതീക്ഷകളാണ്. ഒളിയോ മറയോ ഇല്ലാതെ ഇവര്‍ പുലര്‍ത്തിയ ഈ ശീലങ്ങളാണ് രാവൊന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും പൊലീസിന് മാവോയിസ്റ്റ് ലഘുലേഖകകളും നിരോധിത പുസ്തകങ്ങളുമായത്.