| Sunday, 1st April 2018, 3:04 pm

ജീവിക്കാന്‍ നിവൃത്തിയില്ലാതെ റോസ്മല; ഒരു ജനത കുടിയിറങ്ങുന്നു...

നിമിഷ ടോം

ബൈപ്പാസുകളെയും ഹൈവേകളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ കേരളത്തില്‍ തകൃതിയായി നടക്കുമ്പോഴും ചെറുതാണെങ്കിലും ഒരു റോഡ് വേണമെന്ന, വര്‍ഷങ്ങളായുള്ള മോഹവും ബാക്കിവെച്ച് മലയിറങ്ങേണ്ട ഗതിയാണ് റോസ്മല നിവാസികള്‍ക്ക്. കൊല്ലം ജില്ലയിലെ മലയോരപ്രദേശമായ ആര്യങ്കാവില്‍ നിന്നും 14 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന റോസ്മല സാഹസികയാത്രികരായ ടൂറിസ്റ്റുകളെ സംബന്ധിച്ച്  പ്രിയകേന്ദ്രമാണ്. എന്നാല്‍ നിത്യജീവിതത്തില്‍ ഈ സാഹസികതകളോട് മല്ലിട്ടുമടുത്ത റോസ്മലയിലെ കുടുംബങ്ങള്‍ കാലങ്ങളായി തങ്ങളനുഭവിക്കുന്ന ദുരിതങ്ങളില്‍ നിന്നും കരകയറാനുള്ള ശ്രമത്തിലാണ്.

റോഡ് മാത്രമല്ല കുടിവെള്ളം, വൈദ്യുതി, വീട്, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ റോസ്മലക്കാരെ സംബന്ധിച്ച് ഇപ്പോഴും വിദൂരസ്വപ്നം മാത്രമാണ്. നേരത്തെ 600 ലധികം കുടുംബങ്ങളുണ്ടായിരുന്ന റോസ്മലയില്‍ ഇപ്പോള്‍ ബാക്കിയുള്ളത് മുന്നൂറോളം കുടുംബങ്ങള്‍ മാത്രമാണ്.

മാറി വന്ന സര്‍ക്കാരുകള്‍ മറന്നുപോയ റോസ്മല

ബ്രിട്ടീഷ് ഭരണകാലത്ത് തേയിലത്തോട്ടമായിരുന്ന റോസ്മല ഭൂപരിഷ്‌കരണത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ മിച്ചഭൂമിയായി ഏറ്റെടുക്കുന്നത്. സര്‍ക്കാര്‍ ഏറ്റെടുത്ത 620 ഏക്കര്‍ ഭൂമി ഭൂരഹിതരായ അറുനൂറോളം കുടുംബങ്ങള്‍ക്ക് വീതിച്ചുനല്‍കി. 1970 ല്‍ മിച്ചഭൂമിവിതരണം നടന്നുവെങ്കിലും ഭൂമി പോക്കുവരവ് ചെയ്തുകൊടുക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ സ്വന്തം ഭൂമിയില്‍ യാതൊരുവിധ അവകാശങ്ങളും ആനുകൂല്യങ്ങളുമില്ലാതെയാണ് റോസ്മലക്കാര്‍ കഴിയുന്നത്. വീട്, റേഷന്‍ കാര്‍ഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇവിടെ ബഹുഭൂരിഭാഗം ആളുകള്‍ക്കുമില്ല എന്നതാണ് വാസ്തവം. ഭൂമി പോക്കുവരവ് ചെയ്യപ്പെട്ടിട്ടില്ല എന്നതുകൊണ്ട് തന്നെ സ്ഥലത്തിന് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റോ കൈവശാവകാശ സര്‍ട്ടിഫിക്കറ്റോ നല്‍കാന്‍ റവന്യൂ അധികൃതര്‍ തയ്യാറല്ല. അതുകൊണ്ട് തന്നെ ഭവനിര്‍മാണം, വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ എന്നിവയ്ക്കൊന്നും തന്നെ ബാങ്ക് വായ്പയെടുക്കാനോ മറ്റ് ആനുകൂല്യങ്ങളെ ആശ്രയിക്കുന്നതിനോ ഇവര്‍ക്ക് സാധിക്കുന്നില്ല.

അപകടങ്ങളില്‍ അത്താണിയാകാന്‍ ആശുപത്രി പോലുമില്ല

മലമുകളില്‍ കാടിനോട് ചേര്‍ന്ന് ജീവിക്കുന്ന ഈ കുടുംബങ്ങള്‍ക്ക് അടിയന്തിര ചികിത്സ ലഭിക്കേണ്ട സാഹചര്യങ്ങളിലൊന്നും അത് ലഭ്യമാകാറില്ല. “”ആര്‍ക്കെങ്കിലും ഒരപകടം സംഭവിച്ചാല്‍, മരത്തില്‍ നിന്ന് വീണാല്‍, ഒരു പാമ്പ് കടിയേറ്റാല്‍ ആശുപത്രി സഹായം ലഭിക്കണമെങ്കില്‍ 47 കിലോമീറ്റര്‍ അകലെയുള്ള പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തണം. ആര്യങ്കാവില്‍ നിന്നും ദുര്‍ഘടമായ കാട്ടുവഴി താണ്ടിയെത്തുന്ന വാഹനം രോഗികളെയുമേന്തി തിരിച്ച് ആര്യങ്കാവിലെത്തുമ്പോഴേക്കും പലപ്പോഴും മരണം സംഭവിക്കാറുണ്ട് എന്നതാണ് പതിവ്.””  പ്രദേശവാസിയായ സുന്ദരേശന്‍ പറയുന്നു.

അടിയന്തിര സാഹചര്യങ്ങള്‍ മാറ്റിവെച്ചാലും സാധാരണ രോഗങ്ങള്‍ വന്നാല്‍ പോലും ആശ്രയിക്കാന്‍ ആവശ്യമായ സൗകര്യങ്ങളുള്ള ഒരു ആശുപത്രി പോലും റോസ്മലയില്‍ ഇല്ല. നിലവില്‍ ഇവിടെയുള്ള സര്‍ക്കാര്‍ ഹെല്‍ത്ത് സബ്സെന്ററിന്റെ സ്ഥിതി അങ്ങേയറ്റം പരിതാപകരമാണ്. രാത്രികാലങ്ങളിലൊക്കെ ആര്‍ക്കെങ്കിലും വല്ല അസുഖവും വന്നാല്‍ അവരെയും ചുമന്ന് ആര്യങ്കാവിലെത്തിക്കേണ്ട സ്ഥിതിയാണ് ഇവര്‍ക്കിപ്പോഴുമുള്ളത്.

മഴക്കാലമാകുന്നതോടുകൂടി ഇവരുടെ ദുരിതം ഇരട്ടിക്കുകയാണ്. റോസ്മലക്കാരെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഈ ഒരേയൊരുപാത കാട്ടരുവികളില്‍ നിന്നുള്ള വെള്ളം കൊണ്ടു നിറയും. അതോടെ വാഹനങ്ങള്‍ പോകാന്‍ കഴിയാത്ത അവസ്ഥയാകും. ഇതോടുകൂടി ഭക്ഷ്യസാധനങ്ങള്‍ പോലും റോസ് മലയിലെത്താതാകും.

വിദ്യാഭ്യാസത്തിന്റെ കാര്യവും പരിതാപകരം

1984 ല്‍ സര്‍ക്കാര്‍ റോസ് മലയില്‍ ഒരു എല്‍.പി സ്‌കൂള്‍ സ്ഥാപിച്ചിരുന്നു. വളരെ കുറച്ച് വിദ്യാര്‍ത്ഥികള്‍ മാത്രമായിരുന്നു റോസ്മലയില്‍ അന്ന് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അതല്ല സ്ഥിതി. നൂറുകണക്കിന് കുടുംബങ്ങളില്‍ നിന്നും അനേകം കുട്ടികള്‍ ഇവിടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായുണ്ട്. പക്ഷേ, നാലാം ക്ലാസ് കഴിഞ്ഞാല്‍ പഠനം തുടരാന്‍ ഇവരെ സംബന്ധിച്ച് വഴികളൊന്നുമില്ല. ദിവസവും കിലോമീറ്ററുകളോളം ഈ കാട്ടുവഴി താണ്ടി പുറത്ത് കടന്ന് സ്‌കൂളിലെത്തുക എന്നത് ഇവര്‍ക്ക് അസാധ്യമാണ്. അതുകൊണ്ട് തന്നെ കുട്ടികളുടെ വിദ്യാഭ്യാസം കണക്കിലെടുത്ത് പലരും വീടും സ്ഥലവും ഉപേക്ഷിച്ച് റോസ്മലയില്‍ നിന്നും കുടിയിറങ്ങിക്കൊണ്ടിരിക്കയാണ്.

നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന എല്‍.പി സ്‌കൂളിന്റെ സ്ഥിതിയും അങ്ങേയറ്റം മോശം തന്നെയാണ്. വൈദ്യുതിയുടെ അപാകത മൂലം കമ്പ്യൂട്ടര്‍ പഠനമടക്കമുള്ളവ ഇവര്‍ക്കിപ്പോഴും ലഭിക്കുന്നുമില്ല. താരതമ്യേന മോശമല്ലാത്ത ഒരു കെട്ടിടം സ്‌കൂളിനായി ഉണ്ടെങ്കിലും സ്ഥിരാധ്യാപകരായി ആരുമിവിടെ ജോലി ചെയ്യാത്തത് സ്‌കൂളിന്റെ നിലവാരത്തെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. നിലവിലെ ഈ എല്‍.പി സ്‌കൂള്‍ അപ്ഗ്രേഡ് ചെയ്യണമെന്ന പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിന് നേരെ സര്‍ക്കാരുകളിപ്പോഴും മുഖംതിരിച്ചുനില്‍ക്കുകയാണ്.

വൈദ്യുതിയുടെ കാര്യത്തിലും സമാന സാഹചര്യങ്ങള്‍

റോസ്മലയില്‍ വൈദ്യുതിയെത്തിക്കുമെന്ന വാഗ്ദാനങ്ങളുമായി തെരഞ്ഞെടുപ്പുകാലങ്ങളില്‍ മിക്ക രാഷ്ട്രീയപ്പാര്‍ട്ടികളും സ്ഥലത്തെത്തുമെങ്കിലും പൂര്‍ണമായ വൈദ്യുതി ലഭ്യത എന്നത് റോസ്മലക്കാരെ സംബന്ധിച്ച് സ്വപ്നങ്ങള്‍ മാത്രമാണ്. പ്രദേശത്തെ വൈദ്യുതിപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകള്‍ ചേര്‍ന്ന് 2001 ല്‍ ഒരു സൗരോര്‍ജ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയിരുന്നു. ഇതിന്റെ ചിലവിലേക്ക് ഓരോ കുടുംബങ്ങളില്‍ നിന്നും കാശും വാങ്ങിയിരുന്നു. എന്നാല്‍ കാലം കഴിയുന്നതിനനുസരിച്ച് ആവശ്യമായ റിപ്പയറിംഗോ മെയിന്റനന്‍സോ നടത്താത്തതിനാല്‍ ഇവയെല്ലാം ഇന്ന് പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്.

സ്ഥലം എം.എല്‍.എ യും നിലവിലെ വനംവകുപ്പ് മന്ത്രിയുമായ കെ.രാജു അടക്കമുള്ള ജനപ്രധിനികള്‍ക്ക് മുന്നില്‍ നിരവധി നിവേദനങ്ങളും പരാതികളുമായി റോസ്മലക്കാര്‍ നിരന്തരം എത്തുന്നുണ്ടെങ്കിലും ഇവരുടെ അവസ്ഥകള്‍ക്ക് കാര്യമായൊരു വ്യത്യാസവുമില്ലാതെ തുടരുകയാണ്.

നിമിഷ ടോം

We use cookies to give you the best possible experience. Learn more