നിങ്ങളുടെ സുഹൃത്ത് ആദം/സൂസന്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. താഴെക്കൊടുത്തിരിക്കുന്ന ഓപ്ഷനുകളില്‍ ഏതാണ് അവര്‍ക്കായി നിങ്ങള്‍ നിര്‍ദേശിക്കുക?
1. അവന്റെ/അവളുടെ പേര് അഹമ്മദ്/സാറ എന്നാക്കുക. ,2. കഴുത്തിലെ കുരിശുമാല ഉണ്ടെങ്കില്‍ അത് നീക്കുക. ,3. ഷാഹാദ ചൊല്ലിക്കൊടുക്കുക. ,4. മുസ്ലീമല്ലാത്ത രക്ഷിതാക്കള്‍ക്കിടയില്‍ നിന്നും മാറി നില്‍ക്കുക., 5.ഹലാല്‍ ചിക്കന്‍ കഴിക്കുക.
ഇസ് ലാമിക പ്രഭാഷകനായ എം.എം അക്ബറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പീസ് ഇന്റര്‍നാഷണല്‍ സ്‌ക്കൂളിലെ രണ്ടാം ക്ലാസിലെ പാഠ പുസ്തകത്തിലെ ചോദ്യവും അതിനുള്ള ഉത്തരവുമായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പുറത്ത് വന്നത്.
രണ്ടാമത്തെ വാര്‍ത്ത കോഴിക്കോട് കൊയിലാണ്ടിയില്‍ നിന്നായിരുന്നു. കൊയിലാണ്ടിയിലെ കൊയിലാണ്ടി ബോയ്സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പരീക്ഷക്ക് എന്ന പേരില്‍ ആര്‍.എസ്.എസ് ആശയ പ്രചരണം നടത്തുന്ന പുസതകം വിതരണം ചെയ്ത വാര്‍ത്തയായിരുന്നു.
ഡിസംബറില്‍ നടക്കുന്ന ആര്‍.എസ്.എസിന്റെ വിദ്യഭ്യാസവിഭാഗമായ വിദ്യാഭാരതിനടത്തുന്ന സ്‌കോളര്‍ഷിപ്പ് പരീക്ഷക്ക് ആണ് പുസ്തകം പുറത്ത് ഇറക്കിയത്. ലോകത്തെ ആദ്യത്തെ മനുഷ്യജീവി ഉത്ഭവിച്ചത് ആഫ്രിക്കയിലല്ല, ഇന്ത്യയിലാണ്. രാമക്ഷേത്രം പൊളിച്ചാണ് അയോധ്യയില്‍ ബാബര്‍ പള്ളി പണിഞ്ഞത്. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയിലും അമ്പലം പൊളിച്ച് മുസ്ലീങ്ങള്‍ പള്ളി പണിതു.
ഇന്ത്യയിലെ ആദ്യ സ്വാതന്ത്ര്യ സമരം 1773ല്‍ സന്യാസിമാര്‍ നടത്തിയതാണെന്നും 1857 ലേതല്ല എന്നും പുസ്തകത്തില്‍ പറയുന്നു. ഭാരതത്തിന്റെ വീരസന്താനങ്ങള്‍ എന്ന അധ്യായത്തില്‍ മനുസ്മൃതിയുടെ കര്‍ത്താവ് മനുവിന് രണ്ടാം സ്ഥാനമാണ്. ഒന്നാമത് ഹനുമാന്‍. സവര്‍ക്കറും ശ്രീരാമനും വീരസന്താനങ്ങളുടെ പട്ടികയില്‍ ഉണ്ട്. ഗോള്‍വാള്‍ക്കര്‍ അടക്കമുള്ള ആര്‍.എസ്.എസ് നേതാക്കളൊക്കെ ചേര്‍ന്നാണ് ഇന്ത്യ ഉണ്ടാക്കിയത് എന്നാണ് പുസ്തകത്തില്‍ കുട്ടികളെ പഠിപ്പിക്കുന്നത്.
ആര്‍.എസ്.എസിന്റെ വിദ്യാഭ്യാസ വിഭാഗമാണ് വിദ്യാഭാരതി. വിദ്യാഭാരതിയുടെ കേരള വിഭാഗം “ഭാരതീയ വിദ്യാനികേതന്‍ എന്നും അറിയപ്പെടുന്നു. ആര്‍.എസ്.എസിന്റെ പ്രവര്‍ത്തന രീതികളെ സമാന്തരമായി വിദ്യാലയങ്ങളില്‍ നടപ്പിലാക്കുകയാണ് വിദ്യാഭാരതി. അര്‍.എസ്.എസ് ശാഖയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന പ്രാര്‍ത്ഥനകളും ആഘോഷങ്ങളും വിദ്യാഭാരതി വിദ്യാലയങ്ങളിലും അവര്‍ നടപ്പിലാക്കുന്നു. വിദ്യാലയങ്ങളിലെ അധ്യാപകരെ ചേട്ടന്‍/ ചേച്ചി എന്നേ വിളിക്കാവും എന്നും എകാത്മകാ മന്ത്രം, പ്രാത സ്മരണ എന്നിവ നിര്‍ബന്ധമായും ചൊല്ലണം, അര്‍.എസ്.എസിന്റെ ആഘോഷങ്ങളായ ഗുരുപൂജ ഗുരുദക്ഷിണ, രക്ഷാബന്ധന്‍, വര്‍ഷപ്രതിപദ, ഹിന്ദു സാമ്രാജത്വ ദിനം, വിജയ ദശമി എന്നിവയും ഇത്തരം വിദ്യാലയങ്ങളില്‍ ആഘോഷിക്കുന്നുണ്ട്.
വിദ്യാനികേതന്‍ വിദ്യാലയങ്ങളില്‍ പഞ്ചാംഗ ശിക്ഷണം എന്ന പേരില്‍ ഒരു സമാന്തര പഠനവും അക്കാദമിക് പഠനത്തോടൊപ്പം നടക്കുന്നുണ്ട്. യോഗ, സംഗീതം, നൈതിക്, നൃത്തം, ചിത്രരചന എന്നിവയാണ് പഞ്ചാംഗശിക്ഷണത്തില്‍പ്പെടുന്നത് . രാവിലെ ക്ലാസ് ആരംഭിക്കുന്നത് മുതല്‍ വിവിധ പ്രാര്‍ത്ഥനകള്‍ കുട്ടികള്‍ നിര്‍ബന്ധമായും ചൊ്‌ല്ലെണ്ടതുണ്ട്. പ്രാതസ്മരണ, ഭാരത വന്ദനം, സരസ്വതി വന്ദനം, ശാന്തി മന്ത്രം, ക്ലാസ് അവസാനിക്കുമ്പോള്‍ ഒരു മന്ത്രം ഭക്ഷണം കഴിക്കാന്‍ ഭോജന മന്ത്രം എന്നിങ്ങനെ ചിട്ടകളും ഇവിടെ പ്രാവര്‍ത്തികമാക്കുന്നുണ്ട്.
കേരളത്തില്‍ മാത്രം വിവിധ മതസംഘടനകളുടെ കീഴിലായി നൂറ് കണക്കിന് വിദ്യാലയങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. കൊച്ചിയിലെ പീസ് സ്‌ക്കൂള്‍, വിദ്യാഭാരതിയുടെ കേരളഘടകമായ വിദ്യാനികേതന്റെ കീഴിലുള്ള വിദ്യാലയങ്ങള്‍, അല്‍- അമീന്‍ പബ്ലിക്ക് സ്‌ക്കൂള്‍ അമൃത വിദ്യലായം, ചിന്‍മയ വിദ്യാലയം തുടങ്ങി നിരവധി വിദ്യാലയങ്ങള്‍ വിവിധ മതസംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇത്തരത്തില്‍ മത സംഘടനകള്‍ നടത്തുന്ന വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ദൂരവ്യാപകമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് ചൈല്‍ഡ് ലെര്‍ണിംഗ് ഡിസേബിലിറ്റി വിദ്യാര്‍ത്ഥിനിയായ ഷംല പറയുന്നത്.
“”കുട്ടികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണ് ഞാന്‍ കുട്ടികള്‍ക്ക് ചെറിയ പ്രായത്തില്‍ മറ്റു മതസ്ഥരുമായി ഇടപെടുന്നതിനുള്ള സാഹചര്യം കുറയുന്നു വലിയ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. പലപ്പോഴും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട് അവന്‍ ഹിന്ദുവാണ് അല്ലെങ്കില്‍ അവന്‍ മുസ്ലീമാണ് എന്നിങ്ങനെ ചെറിയ കുട്ടികള്‍ പറയുന്നത്. മത വിദ്യാലയങ്ങള്‍ പണ്ടുമുതലേ നമ്മുടെ ഇടയിലുണ്ട് എന്നാല്‍ അപ്പോഴൊക്കെ പൊതുവിദ്യാലയങ്ങള്‍ കൂടി കുട്ടികള്‍ പഠിക്കുന്നുണ്ടായിരുന്നു. എന്നാലിപ്പോള്‍ മത വിദ്യാലയങ്ങളും പൊതുവിദ്യാലയങ്ങളും ഒരേ രീതിയില്‍ ആവുകയാണ്. പീസ് സ്‌കൂളിനെ പോലുള്ള സ്ഥാപനങ്ങള്‍ അത്തരത്തിലുള്ളതാണ്. ഇത് ഭാവിയിലേക്ക് വലിയ പ്രശ്‌നങ്ങളുണ്ടാക്കും മത സംഘടനകളുടെ ഇത്തരം സ്ഥാപപനങ്ങള്‍ നടപ്പിലാക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം കൊണ്ട് മറ്റുള്ള മതങ്ങളില്‍ പെട്ട ആളുകളുമായി യാതൊരു ബന്ധവും ഇല്ലാതെയാവുന്നു എന്ന വലിയ ഒരു അപകടവും നടക്കുന്നുണ്ട് “”ഷംല പറയുന്നു.
എന്നാല്‍ ഇത്തരം സ്ഥാപനങ്ങള്‍ മതേതരത്വമൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ചു കൊണ്ടാണ് നടത്തുന്നതെങ്കില്‍ നല്ല കാര്യമാണെന്നാണ് ഗുരുവായൂരപ്പന്‍ കോളെജിലെ അദ്ധ്യാപികയായ നീല പറയുന്നത്. “”മതങ്ങള്‍ ഓരോ ആളുകളുടെയും വ്യക്തി താല്‍പര്യമാണ് എന്നാല്‍ അത് ആരുടെ മുകളിലും അടിച്ച് ഏല്‍പ്പിക്കരുത്. മതസ്ഥാപനങ്ങള്‍ വിദ്യാലയങ്ങള്‍ നടത്തുന്നതില്‍ എനിക്ക് എതിര്‍പ്പ് ഒന്നുമില്ല. എന്നാല്‍ അതേ സമയം തങ്ങളുടെ മതം മാത്രമാണ് ശരി മറ്റുള്ളതൊന്നും ശരിയല്ല എന്ന രീതിയില്‍ കുട്ടികളെ വളര്‍ത്തുന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. ഇത് കുട്ടികളെ എത്തരത്തില്‍ ബാധിക്കുമെന്നത് പറയാന്‍ പറ്റില്ല””.- അവര്‍ പറയുന്നു.
എറണാകുളം ചക്കരപ്പറമ്പിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നിന്ന് മത സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ ഉള്ള പാഠഭാഗങ്ങള്‍ കഴിഞ്ഞ വര്‍ഷമാണ് പൊലീസ് പിടിച്ചെടുത്തത്. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ പാഠപുസ്തകത്തിലെ ആക്ടിവിറ്റി ഭാഗമാണ് വിവാദത്തിലായിരുന്നത്.
സ്‌കൂള്‍ ട്രസ്റ്റികളും വ്യവസായികളുമായ ബാബു മൂപ്പന്‍, നൂര്‍ഷ കള്ളിയത്ത്, സിറാജ് മേത്തര്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. മുംബൈ ആസ്ഥാനമായ ബൂര്‍ജ് റിയലൈസേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ബൂര്‍ജിന്റെ ചെയര്‍മാന്‍ ദാവൂദ് വെയ്ത് (38) ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിന്റെ ചുമതലക്കാരനായ സമീദ് അഹമ്മദ് ഷെയ്ക് (31), ഡിസൈനര്‍ സഹില്‍ ഹമീദ് സെയ്ദ് (28) എന്നിവര്‍ പിടിയിലായിരുന്നു.
ഇവര്‍ നല്‍കുന്ന പുസ്തകങ്ങള്‍ പഠിപ്പിക്കാന്‍ തീരുമാനിച്ചത് അക്ബര്‍ ചെയര്‍മാനായ കരിക്കുലം സമിതിയാണ്.ആരോപണവിധേയമായ പാഠഭാഗങ്ങള്‍ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പുസ്തകത്തില്‍ ഉണ്ടെങ്കിലും അത് സ്‌കൂളുകളില്‍ പഠിപ്പിക്കുന്നില്ലെന്നായിരുന്നു അന്ന് സ്‌കൂള്‍ മാനേജ്മെന്റിന്റെ വിശദീകരണം.
വിദ്യാലയത്തില്‍ ഇസ്ലാം മതവുമായി ബന്ധപ്പെട്ട വിഷയങ്ങളല്ലാതെ, പാഠഭാഗങ്ങളില്‍ വരുന്ന മറ്റുമതങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍പോലും പഠിപ്പിക്കാന്‍ ഇവര്‍ അനുവദിക്കാറില്ലെന്നാണ് പേരുവെളിപ്പെടുത്തരുത് എന്ന നിബന്ധനയോടെ ഒരു മുന്‍ അധ്യാപിക ഡൂള്‍ന്യൂസിനോടു പറഞ്ഞത്.
ഹിന്ദു, ക്രിസ്ത്യന്‍ മതങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും പഠിപ്പിക്കാന്‍ പാടില്ല എന്ന നിര്‍ദേശമുണ്ടായിരുന്നു. മലയാളം അധ്യാപികയായതുകൊണ്ടുതന്നെ തന്നെ ഇത് ഏറ്റവുമധികം ബാധിച്ചിരുന്നെന്നും പല പാഠഭാഗങ്ങളും ഒഴിവാക്കേണ്ടി വന്നെന്നും അവര്‍ പറഞ്ഞു.
“മലയാളം അധ്യാപികയായിരുന്നതുകൊണ്ടുതന്നെ എനിക്കായിരുന്നു വലിയ ബുദ്ധിമുട്ട്. മറ്റ് മതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിപ്പിക്കേണ്ടി വരുമ്പോള്‍ പലപ്പോഴും അത് സ്‌കിപ്പ് ചെയ്യാന്‍ പറയുമായിരുന്നു. അങ്ങനെ ഞാന്‍ ഒരുപാട് ചാപ്റ്റേഴ്സ് സ്‌കിപ്പ് ചെയ്തിരുന്നു.” അവര്‍ വിശദീകരിക്കുന്നു.
ഈ സ്ഥാപനത്തില്‍ ഇന്റര്‍വ്യൂവിനു പോയ സമയത്തെ അനുഭവം തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണെന്ന് അന്നത്തെ സംഭവം എടുത്ത് പറഞ്ഞ് അധ്യാപിക പറയുന്നത്. ഇന്‍ര്‍വ്യൂവിന് ചെല്ലുമ്പോള്‍ ഡെമോ എടുപ്പിക്കും. ആ ഫസ്റ്റ് ഡെമോ എടുക്കുന്ന സമയത്ത് ഇഷ്ടമുള്ളത് എടുക്കാനാണ് പറഞ്ഞത്.
അപ്പോള്‍ ബൈബിളിലെ ഒരു സ്റ്റോറിയുണ്ടായിരുന്നു. ക്ലാസെടുക്കാന്‍ തുടങ്ങിയപ്പോള്‍ സോളമന്റെ കഥയാണ് ഞാന്‍ പറഞ്ഞു തുടങ്ങിയത്. അപ്പോള്‍ തന്നെ ഡെമോ കാണാന്‍ വന്നിരുന്നയാള്‍ “സ്റ്റോപ്പ്ഇറ്റെന്ന്” പറഞ്ഞ് ഷൗട്ട് ചെയ്തു. ഞാന്‍ പറഞ്ഞത് അബദ്ധമായോ എന്നായിരുന്നു ടെന്‍ഷന്‍. പിന്നെ അവരെന്നോടു പറഞ്ഞു ബൈബിള്‍ കഥാപാത്രങ്ങളെക്കുറിച്ചൊന്നും ഇവിടെ പഠിപ്പിക്കാന്‍ പാടില്ല എന്ന്.” അധ്യാപിക പറയുന്നു.
ഇവിടെ പഠിപ്പിക്കുന്ന കുട്ടികളെ ഒരു പ്രത്യേക ചട്ടക്കൂടിനുള്ളില്‍ പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. അവര്‍ പുറത്തിറങ്ങുന്നത് ഏതു അവസ്ഥയിലായിരിക്കും എന്നത് ആശങ്കപ്പെടുത്തിയിരുന്നു. ” അധ്യാപിക പറയുന്നു.
യഥാര്‍ത്ഥത്തില്‍ ഇത്തരത്തില്‍ ഉള്ള വിദ്യാലയങ്ങള്‍ ഒരു ഒളിച്ചു കടത്തലാണ് നടത്തുന്നതെന്നാണ് കൊയിലാണ്ടി ബോയ്‌സ് ഹയര്‍ സെക്കണ്ടറി വിദ്യാലയത്തില്‍ ആര്‍.എസ്.എസ്. ആശയമുള്ള പുസ്തകം സ്‌കോളര്‍ഷിപ്പ് പരീക്ഷക്ക് എന്ന പേരില്‍ നല്‍കിയ വാര്‍ത്ത പുറത്ത് കൊണ്ടു വന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.അനൂപ് ദാസ് പറയുന്നത്.
“”സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ അംഗീകരിച്ച കരിക്കുലം കമ്മറ്റി വിവിധ പരിശോധനകള്‍ നടത്തി കണ്ടെത്തുന്ന സിലബസുകളാണ് നല്‍കുന്നത്. പക്ഷേ നമ്മുടെ കേരളത്തില്‍ മത സ്ഥാപനങ്ങള്‍ നടത്തുന്ന ചില വിദ്യാലയങ്ങളില്‍ പലതിലും അവര്‍ക്ക് തോന്നുന്ന സിലബസുകള്‍ നല്‍കുകയാണ് വിദ്യാഭാരതി പോലുള്ളവ നടത്തുന്ന സ്ഥാപനങ്ങളില്‍ അവര്‍ക്ക് തോന്നുന്ന തരത്തില്‍ ഉള്ള സമാന്തര സിലബസ് കൂടി പഠിപ്പിക്കുകയാണ്. ഇപ്പോള്‍ കൊയിലാണ്ടി സ്‌ക്കൂളിലെ സംഭവം എടുത്ത് നോക്കുകയാണെങ്കില്‍ അവിടെ നല്‍കിയ പുസ്തകത്തില്‍ ഇന്ത്യയുടെ ചരിത്രം തന്നെ വികലമായാണ് കൊടുത്തത് സ്വാതന്ത്യസമരത്തില്‍ മഹാത്മാഗാന്ധിയുടെ പങ്ക് എവിടെയും ഇല്ല പകരം ഹെഡ്‌ഗേവറിന്റെയും മറ്റും ചരിത്രമാണ് ഉള്ളത്. പുരണങ്ങളെ ചരിത്രമായാണ് പലപ്പോഴും അവതരിപ്പിക്കുന്നത്. ഇതിന് കൂട്ട് നില്‍ക്കുന്നത് അധ്യാപകര്‍ തന്നെയാണെന്നതാണ് ഏറെ വിഷമം”” അനൂപ് പറയുന്നു.
യഥാര്‍ത്ഥത്തില്‍ മറ്റ് ഒരു പ്രശ്‌നം കൂടി ഇതില്‍ ഉണ്ടെന്നും അനൂപ് ദാസ് പറയുന്നു. “”ഒരു സമൂഹത്തില്‍ വ്യക്തികളെ നിര്‍മിച്ചെടുക്കുന്ന മൂന്ന് ഘടകങ്ങളാണ് വീട്, മതം, വിദ്യാലയം എന്നിവ. ഇതില്‍ മതം പഠനം നടത്തുന്നവര്‍ ഉണ്ടാകും ഇല്ലാതിരിക്കും അവര്‍ക്ക് മതത്തില്‍ നിന്ന് അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും ലഭിക്കുകയും ചെയ്യും. പിന്നീട് ഉള്ളതാണ് വിദ്യാലയങ്ങള്‍ ഇവിടെ നിന്നാണ് വ്യക്തികളെ മതേതരത്വ ജനാധിപത്യബോധമുള്ളവരായി വളര്‍ത്തുന്നത്. ഇത്തരം മതസ്ഥാപനങ്ങള്‍ നടത്തുന്ന വിദ്യാലയങ്ങളില്‍ എത്തുന്നതോടെ തന്റെ മതം മാത്രമാണ് ശരിയെന്ന ചിന്തയിലേക്ക് അവര്‍ എത്തുകയാണ്”” അനൂപ് ദാസ് ചൂണ്ടികാട്ടുന്നു.
യഥാര്‍ത്ഥത്തില്‍ ഇത്തരം മതസ്ഥാപനങ്ങള്‍ നടത്തുന്ന വിദ്യാലയങ്ങള്‍ തകര്‍ക്കുന്നത് നമ്മുടെ നാടിന്റെ മതേതരത്വ പാരമ്പര്യമാണെന്നാണ് ക്രിസ്ത്യന്‍ കോളെജിലെ അധ്യാപകനായ പ്രസൂന്‍ പറയുന്നത്. “”മതസ്ഥാപനങ്ങളോ ജാതി സംഘടനകളോ വിദ്യാലയങ്ങള്‍ നടത്തുന്നത് തെറ്റ് ഒന്നുമല്ല പക്ഷേ തങ്ങളുടെ മതം മാത്രമാണ് ശരിയെന്ന് പറയുന്നതാണ് തെറ്റ് ഇത്തരത്തില്‍ പറയുന്നതിലൂടെ വളര്‍ന്ന് വരുന്ന ഒരു സമൂഹത്തിന്റെ മതേതര പാരമ്പര്യമാണ് തകരുന്നത്. വളര്‍ന്ന് വരുമ്പോള്‍ കുട്ടികള്‍ ഇതേ രീതിയില്‍ സ്വന്തം മതത്തെ മാത്രം മഹത്വവല്‍ക്കരിച്ച് വളരാന്‍ പ്രേരിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്””- പ്രസൂന്‍ പറയുന്നു.
മതപരമായും വസ്ത്രപരമായും ചിന്താപരമായും മത സംഘടന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാക്കിയെടുക്കുന്ന മാറ്റം ഈ സമുഹത്തില്‍ ചില്ലറയല്ലെന്നും അതൊരു തീവ്രമായ കാഴ്ച്ചപടുകളിലെക്ക് തന്നെയാണ് ഈ യുവതലമുറയിലെ കുട്ടികളെ കൊണ്ട് ചെന്ന് എത്തിക്കുന്നതെന്നുമാണ് സോഷ്യല്‍ മീഡിയ എഴുത്തുകാരനായ നബീല്‍ ഹസന്‍ പറയുന്നത്.
“”മതപരമായും വസ്ത്രപരമായും ചിന്താപരമായും മത സംഘടന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാക്കിയെടുക്കുന്ന മാറ്റം ഈ സമുഹത്തില്‍ ചില്ലറയല്ല അതൊരു തീവ്രമായ കാഴ്ച്ചപടുകളിലെക്ക് തന്നെയാണ് ഈ യുവതലമുറയിലെ കുട്ടികളെ കൊണ്ട് ചെന്ന് എത്തിക്കുന്നത്. പെണ്‍കുട്ടികള്‍ക്കായി മാത്രം വിദ്യാഭ്യാസ സ്ഥാപനം ആണ്‍കുട്ടികള്‍ക്കായി മാത്രം വിദ്യാഭ്യാസ സ്ഥാപനം പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒന്നിച്ചിരുന്നു പഠിക്കാന്‍ പാടില്ല രണ്ടും വേറെ ഏതോ വര്‍ഗത്തില്‍ പെട്ട ജന്മങ്ങളും ജീവികളുമാണ് മനുഷ്യരല്ലയിവര്‍ എന്നുള്ള രീതിയിലേക്ക് കാലം മാറി. ഇനിയും ഇങ്ങനെ തന്നെ പോയാല്‍ അതികം വൈകാതെ തന്നെ ഈസമുഹം പല വിധ തീവ്ര ചിന്തയിലെകും മാറും””- നബീല്‍ പറയുന്നു.
ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ കണ്ടു കെട്ടി മാനവ കുലത്തിനു അനുയോജ്യമായ രീതിയില്‍ മാറ്റാം വരുത്തി തുടങ്ങാനുള്ള നിയമ നിര്‍മാണം നടത്തുക തന്നെ വേണം. അത് പോലെ തന്നെ ഇപ്പോഴുള്ള എല്ലാ മത സംഘടന വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ ഏറ്റടുത്തു കൊണ്ടോ അല്ലങ്കില്‍ ആ കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ തീരുമാനിക്കുന്ന തലത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കണം. പ്രൈവറ്റ് മാനേജുമെന്റ് സിസ്റ്റം ആവാം, പക്ഷെ സര്‍ക്കാര്‍ പറയുന്ന രീതിയില്‍ എല്ലാവര്‍ക്കും തുല്ല്യത നല്‍കുന്ന ഒന്നായി തീര്‍ക്കാന്‍ ഈ സ്ഥാപനങ്ങളെ മാറ്റിയെടുക്കാന്‍ സര്‍ക്കാരിന് സാധിക്കണം. എന്നാല്‍ മാത്രമേ ഇപ്പോള്‍ നടക്കുന്ന ഈ കാട്ടു നീതി സമ്പ്രദായം നില്‍ക്കുകയുള്ളൂ. അല്ലങ്കില്‍ പണ്ട് ഇ.എം.എസ് സര്‍ക്കാര്‍ ഭുപരിഷ്‌ക്കരണ നിയമം കൊണ്ട് വന്നപോലെയൊരു നിയമ നിര്‍മ്മാണം നടത്തി പുതിയ പരിഷക്കരണ രീതി കൊണ്ട് വരിക എന്നാല്‍ മാത്രമേ ഇതൊനോക്കെ ഒരു മാറ്റാം ഉണ്ടാവുകയുള്ളൂ. എന്നുമാണ് നബീലിന്റെ അഭിപ്രായം.