| Wednesday, 27th December 2017, 10:44 am

തകര്‍ക്കപ്പെടുന്ന മലകളും മനുഷ്യരും

നബീല്‍ സി കെ എം

നമ്മുടെ രാജ്യത്തിന്റെ പ്രതിവര്‍ഷ വളര്‍ച്ചാ നിരക്ക് 10 മുതല്‍ 11 ശതമാനം വരെ ഉയര്‍ത്തണമെങ്കില്‍ മധ്യേന്ത്യയിലെ വനമേഖലയില്‍ സുലഭമെന്ന് കണക്കുകള്‍ പറയുന്ന ധാതുസമ്പത്ത് ചൂഷണം ചെയ്യേണ്ടിയിരിക്കുന്നുവെന്നും, എന്നാല്‍ വികസന സ്വപ്നങ്ങള്‍ക്ക് തടസ്സമാകുന്നത് ഈ മേഖലയിലെ ജനങ്ങളുടെ ചെറുത്തുനില്പുകളാണെന്നും മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംങ്ങ് പറഞ്ഞതിന്റെ തുടര്‍ച്ചകളാണ് പാറമടകളുമായി ബന്ധപ്പെട്ട് കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്.

അസഹ്യമായിത്തീര്‍ന്നിരിക്കുന്ന പാറഖനനത്തിനെതിരെ കണ്ണിചേരുന്ന വിവിധ സമരങ്ങളെയും അവയെ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങളെയും ഭരണകൂടവും മാഫിയകളും പ്രതിരോധിച്ചുകൊണ്ടിരിക്കുന്നത് കേരളത്തിന്റെ നിര്‍മ്മാണമേഖലയെ ഈ സമരങ്ങള്‍ മുരടിപ്പിക്കുമെന്ന് പറഞ്ഞുകൊണ്ടാണ്. എല്ലാ അര്‍ത്ഥത്തിലും മന്‍മോഹന്‍സിങ്ങ് പറഞ്ഞതിന്റെ നിശ്ശബ്ദമായ ആവര്‍ത്തനം. കോടികള്‍ വകയിരുത്തിയ സര്‍ക്കാര്‍ പദ്ധതികളില്‍ കണ്ണുമഞ്ഞളിച്ച, അത് സാധ്യമാക്കുന്ന ആഡംബര ജീവിതത്തില്‍ ഭ്രമിച്ചുപോയ ഒരു ഭൂരിപക്ഷത്തിന് സര്‍ക്കാര്‍ വാദങ്ങളുടെ മറുപുറമന്വേഷിച്ച് പോകേണ്ടത് ഒരു അത്യാവശ്യമായിരിക്കില്ല.

Image result for ക്വാറി

കേരളത്തിന്റെ നിര്‍മ്മാണമേഖല “ഒരിക്കലും മുരടിക്കാതിരിക്കുന്നതിനും”, നിക്ഷേപങ്ങള്‍ ഇവിടെ കുമുഞ്ഞുകൂടാനുമായി കരിങ്കല്ലും കരിങ്കല്‍ ഉല്‍പ്പന്നങ്ങളും ഒരു തടസ്സവും കൂടാതെ മാര്‍ക്കറ്റില്‍ എത്തുമ്പോള്‍ തീരാദുരന്തങ്ങളിലേക്ക് വീണുപോകുന്ന ജീവിതങ്ങളെക്കുറിച്ച് സര്‍ക്കാര്‍ സംവിധാനങ്ങളൊന്നും ചിന്തിക്കാറേയില്ല. ഒരു ജനാധിപത്യ ഭരണകൂടത്തിന് കൈക്കൊള്ളാന്‍ കഴിയുന്ന ഏറ്റവും നിഷേധാത്മക നിലപാടാണ് ക്രഷര്‍-ക്വാറി വിരുദ്ധ സമരങ്ങളോട് സര്‍ക്കാര്‍ തുടരുന്നത്.

പൊതുവിഭവത്തിന്റെ അധികാരം ആര്‍ക്ക്?

വിഭവങ്ങളുടെ ഉപയോഗവും വിഭവങ്ങളുടെമേല്‍ തദ്ദേശീയ ജനതക്കുള്ള അവകാശങ്ങളുമായി ബന്ധപ്പെടുത്തിവേണം സംസ്ഥാനത്തെ ക്വാറി – ക്രഷര്‍ വിരുദ്ധ സമരങ്ങളെയും ക്വാറികള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളേയും ചര്‍ച്ചചെയ്യാന്‍. വിഭവങ്ങള്‍ ആരുടേതാണെന്നും; അതുപയോഗിച്ചുകൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലെ ഏതെല്ലാം ജനവിഭാഗങ്ങള്‍ക്കാണ് പ്രയോജനകരമായിത്തീരുന്നത് എന്നുമുള്ള ചോദ്യമാണ് പ്രധാനം. ഇതിന് ഉത്തരം അന്വേഷിച്ചാല്‍ നമ്മള്‍ ചെന്നെത്തുന്നത് വേദനാജനകമായ വിരോധാഭാസത്തിലെക്കാണ്.

ദുര്‍ബല ജനവിഭാഗങ്ങളുടെ തദ്ദേശീയ വിഭവങ്ങളാണ് സാമ്പത്തിക വളര്‍ച്ചക്കും ഭൗതികവികാസങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുന്നതെന്നും ഇതേ ജനവിഭാഗങ്ങള്‍ തന്നെയാണ് ഈ വികസനത്തിന്റെയും വളര്‍ച്ചയുടേയും ഫലങ്ങളൊന്നും അനുഭവിക്കാന്‍ കഴിയാതെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നതെന്നുമാണ് കാണാന്‍ കഴിയുക. പാറമടകളും അനുബന്ധയൂണിറ്റുകളും കേരളത്തില്‍ കേന്ദ്രീകരിക്കപ്പെടുന്നത് ആദിവാസികളുടേയും ദലിതരുടെയും മറ്റു പിന്നോക്ക ജനവിഭാഗങ്ങളുടെയും മലയോരകര്‍ഷകരുടെയും പിന്നാമ്പുറങ്ങളിലും ഉമ്മറപ്പടികളുമാണ്.

മാഞ്ഞു പോകുന്ന നീരുവറവകളെക്കുറിച്ചും, നഷ്ടമാകുന്ന ശുദ്ധവായുവിനെക്കുറിച്ചും കരിങ്കല്‍പൊടി കലര്‍ന്ന ഭക്ഷണം കഴിക്കേണ്ടിവരുന്നതിനെക്കുറിച്ചും, ഉഗ്രസ്‌ഫോടനങ്ങളില്‍ വിള്ളല്‍ വീണ വീടുകളില്‍ ഉറങ്ങാന്‍ കഴിയാത്തതിനെക്കുറിച്ചും ഇവര്‍ ആശങ്കപ്പെടാത്ത ദിവസങ്ങളില്ല. വികസനത്വരതയുടെയും സാമ്പത്തിക വളര്‍ച്ചയുടെയും പേരില്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അടിസ്ഥാന അവകാശങ്ങള്‍പോലും പ്രബുദ്ധ കേരളത്തില്‍ നിര്‍ദ്ദയമായി നിരാകരിക്കപ്പെടുന്നതിന്റെ ചിത്രങ്ങളാണ് ഖനനമേഖലകളില്‍ കാണാന്‍ കഴിയുന്നത്.

വായുമലിനീകരണം

ജീവന്റെ ആധാരമാണ് വായു. അതുകൊണ്ടുതന്നെ ശുദ്ധവായു ശ്വസിക്കുക എന്നത് ജീവിക്കാനുള്ള അവകാശത്തിന് തുല്യമായി പരിഗണിക്കപ്പെടേണ്ടതുണ്ട്. പാറമടകളിലെ എല്ലാ പ്രവര്‍ത്തനവും അമിതമായി പൊടിപടലങ്ങള്‍ അന്തരീക്ഷത്തില്‍ കലര്‍ത്തും വിധമുള്ളതാണ്. ഇലക്ട്രിക് ബ്ലാസ്റ്റിങ്ങിന് കുഴിയെടുക്കുന്നത് മുതല്‍, ബ്ലാസ്റ്റിങ് ബോളറുകളുടെയും എം.സാന്റ്, മെറ്റല്‍ തുടങ്ങിയവയുമായി പുറത്തേക്ക് പോവുകയും ലോഡ് കയറ്റുന്നതിനായി തിരികെ വരികയും ചെയ്യുന്ന ടിപ്പറുകളുടെയും ടോറസുകളുടെയും വരവുവരെ നീളുന്നതാണ് ഈ പ്രവര്‍ത്തനങ്ങള്‍.
ഇലക്ട്രിക് ബ്ലാസ്റ്റിങ്ങിനുള്ള കുഴുകളുണ്ടാക്കുന്നത് എയര്‍പ്രഷര്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന, അറ്റത്ത് ചെറിയ തരത്തിലുള്ള ട്രാക്ടര്‍ സംവിധാനമുള്ള ഡ്രില്ലറുകള്‍ ഉപയോഗിച്ചാണ്.

ഈ ഡ്രില്ലറുകളെ എയര്‍പ്രഷര്‍ ഉപയോഗിച്ച് കറക്കിയാണ് പാറകള്‍ കുഴിക്കുന്നത്. ഡ്രില്ലിങ്ങ് സമയത്ത് അന്തരീക്ഷത്തില്‍ കലരുന്ന പാറപ്പൊടിയാണ് ഏറ്റവും അപകടകരം. പാറപ്പൊടിയില്‍ ഉയര്‍ന്ന തോതില്‍ സിലിക്ക അടങ്ങിയിട്ടുണ്ട്. ക്വാറിയില്‍നിന്നും പുറന്തള്ളുന്ന ഏറ്റവും അപകടകാരിയായ പദാര്‍ത്ഥമാണ് സിലിക്ക. ഇതടങ്ങിയ വായു ശ്വസിക്കുന്നത് സിലിക്കോസിസ് പോലെയുള്ള മാരക രോഗങ്ങള്‍ക്ക് കാരണമായിത്തീരും. ഇപ്രകാരം മലിനമാക്കപ്പെട്ട വായുവുമായുള്ള നിരന്തര സമ്പര്‍ക്കമാണ് ദീര്‍ഘകാലം ക്വാറികളില്‍ പണിയെടുക്കുന്ന തൊഴിലാളികളില്‍ സിലിക്കറ്റോസിസ്, ആന്‍ന്ത്രോകോസിസ്, ന്യൂമോകനിയോസിസ് തുടങ്ങിയ രോഗങ്ങള്‍ കാണപ്പെടുന്നതിന് കാരണമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഡ്രില്ലിങ്ങ് സമയത്തു മാത്രമല്ല ബ്ലാസ്റ്റിങ് സമയത്തും ഇത്തരം പദാര്‍ത്ഥങ്ങളടങ്ങിയ മലിനവായുവാണ് അന്തരീക്ഷത്തില്‍ കലരുന്നത്. ഖനനത്തിനൊപ്പം എം.സാന്റ്, ക്രഷര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളില്‍ ഇപ്രകാരം പുറന്തള്ളുന്ന പൊടിപടലങ്ങളുടെ തോത് കൂടുതലായിരിക്കും. എം.സാന്റ് യൂണിറ്റുകളില്‍ പാറമണല്‍ ഉണ്ടാക്കുമ്പോഴും ക്രഷര്‍ യൂണിറ്റുകളില്‍ മെറ്റലുണ്ടാക്കുമ്പോഴും ഉയര്‍ന്ന അളവിലാണ് പാറപ്പൊടി അന്തരീക്ഷത്തില്‍ കലരുന്നത്. മണിക്കൂറില്‍ ടണ്‍ കണക്കിന് പാറപ്പൊടിയും മെറ്റലും ഉല്‍പ്പാദിപ്പിക്കുന്ന യൂണിറ്റുകളില്‍ നിന്ന് പുറന്തള്ളപ്പെടുന്ന പൊടിപടലങ്ങളുടെ അളവ് ഊഹിക്കാവുന്നതേയുള്ളൂ. ഡ്രില്ലിങ്ങിന്റേയും ബ്ലാസ്റ്റിങ്ങിന്റേയും സമയത്തുണ്ടാകുന്ന പൊടിയില്‍ നിന്നു വ്യത്യസ്തമായി താരതമ്യേന കനം കൂടിയതും, അതേ സമയം വായുവില്‍ സുഗമമായി സഞ്ചരിക്കുന്നതുമായ പൊടിപടലങ്ങളാണ് എം.സാന്റ്, ക്രഷര്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനഫലമായി അന്തരീക്ഷത്തില്‍ കലരുന്നത്.

ഈ പൊടിപടലങ്ങളെ നിയന്ത്രിക്കുന്നതിനും ശമിപ്പിക്കുന്നതിനും വേണ്ടിയാണ് എം.സാന്റ്, ക്രഷര്‍ യൂണിറ്റുകളില്‍ സ്പ്രിംങ്ക്‌ളര്‍ നിര്‍ബന്ധമാക്കുന്നത്. ഉല്‍പ്പാദന സമയങ്ങളില്‍ സ്പ്രിങ്ക്‌ളര്‍ ഉപയോഗിച്ച് നിരന്തരമായി വെള്ളം സ്‌പ്രേ ചെയ്ത് പൊടിപടലങ്ങളെ ശമിപ്പിക്കണം എന്ന നിര്‍ദ്ദേശങ്ങളൊന്നും പക്ഷേ പാലിക്കപ്പെടാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സാധാരണഗതിയിലുള്ള വായു സഞ്ചാരത്തില്‍ പാറമടകളില്‍ നിന്നും അനുബന്ധ യൂണിറ്റുകളില്‍ നിന്നുമുള്ള പൊടിപടലങ്ങള്‍ ഏകദേശം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വിതരണം ചെയ്യപ്പെടുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. പക്ഷേ; നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള രീതിയില്‍ വെള്ളം തളിക്കാതെയും, വേണ്ടവിധം മറയ്ക്കാതെയുമുള്ള ലോഡ് നിറച്ച (എം.സാന്റ്) ടിപ്പറുകളുടെയും ടോറസുകളുടെയും പരക്കംപാച്ചില്‍ നാടുനീളെ പാറപ്പൊടി പരത്തുന്നു.

പാറമടകളുടെ അതിരുകളില്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചിരിക്കണം എന്ന നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കാത്തതും പാറപ്പൊടി കലര്‍ന്ന വായു ജനവാസകേന്ദ്രങ്ങളേക്കെത്തുന്നതിനു കാരണമാകുന്നുണ്ട്. പാറമടകളും മറ്റ് അനുബന്ധ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളിലെ കാറ്റിന്റെ സ്വഭാവമനുസരിച്ച്; അതായത് കാറ്റിന്റെ ഗതിക്കും വേഗത്തിനുമനുസരിച്ച് പൊടി കലര്‍ന്ന് മലിനമാക്കപ്പെടുന്ന അന്തരീക്ഷവായു സഞ്ചരിക്കുന്നുണ്ടെന്നും ഏറെ ദൂരെയുള്ള ഇലകളിലും മറ്റും പാറപ്പൊടി അടിഞ്ഞിരിക്കുന്നുണ്ടെന്നുമാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. തൃശൂര്‍ ജില്ലയിലെ പാണ്ടിപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാനൈറ്റ്‌സ് ക്വാറിയുടെ ചുറ്റുമുള്ള പ്രദേശത്ത് കെ.എഫ്.ആര്‍.ഐ (കേരള വനഗവേഷണ പഠനകേന്ദ്രം) നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

ക്രഷര്‍ യൂണിറ്റില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരം വരെ നൂറുമീറ്റര്‍ ഇടവിട്ടുള്ള വീടുകളില്‍ നിന്നും മാവിന്റേയും കുരുമുളകിന്റേയും ഇലകള്‍ ശേഖരിച്ച്, അതില്‍ അടിഞ്ഞിരിക്കുന്ന പാറപ്പൊടി കോയമ്പത്തൂരിലെ ലാബോറട്ടറി ഓഫ് ബി.യു.ഡി.ആര്‍.ഒ സെന്റര്‍ ഫോര്‍ ലൈഫ് സയന്‍സില്‍ ശാസ്ത്രീയ നിരീക്ഷണങ്ങള്‍ക്ക് വിദേയമാക്കിയാണ് കെ.എഫ്.ആര്‍.ഐ. ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ക്രഷര്‍ യൂണിറ്റിന്റെ സമീപത്തു കാണുന്ന അതേ അളവിലുള്ള പാറപ്പൊടി ഒരു കിലോമീറ്റര്‍ പരിധിക്ക് പുറത്തുള്ള വീടുകളിലെ പറമ്പിലും കാണാന്‍ കഴിഞ്ഞതായി പഠനത്തില്‍ വ്യക്തമായി. മാത്രമല്ല ഇങ്ങനെ ശേഖരിച്ച പാറപ്പൊടിയില്‍ അടങ്ങിയിരിക്കുന്ന ധാതുക്കള്‍ ഏതൊക്കെയാണെന്നും അത് ഏതെല്ലാം വിധത്തിലാണ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാക്കുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. കെ.എഫ്.ആര്‍.ഐ യുടെ റിപ്പോര്‍ട്ടില്‍ ശേഖരിച്ച പാറപ്പൊടിയില്‍ കണ്ടെത്തിയതായി പറയുന്ന സിലിക്ക ഡൈ ഓക്‌സൈഡ് (SiO2 or quartz), ഫ്രീ സിലിക്ക പാറമടകളുടെ പ്രവര്‍ത്തനഫലമായി അന്തരീക്ഷത്തില്‍ കലരുന്ന ഏറ്റവും അപകടകാരിയായ ധാതുക്കളിലൊന്നാണ്.

സിലിക്ക ഡൈ ഓക്‌സൈഡ് അടങ്ങിയ വായു വര്‍ഷങ്ങളോളം ശ്വസിക്കുന്നത് സിലിക്കോസിസ് എന്ന ശ്വാസകോശരോഗത്തിന് കാരണമാകും. തുടര്‍ച്ചയായ കഫക്കെട്ടിനും പിന്നീട് ന്യൂമോണിയക്കും, ആസ്തമ, ട്യൂബര്‍കുലോസിസ് തുടങ്ങിയ അസുഖങ്ങള്‍ക്കും കാരണമാകുന്നതാണ് സിലിക്ക ഡൈ ഓക്‌സൈഡ്. ഇതുപോലെതന്നെ, ശേഖരിച്ച പാറപൊടിയില്‍ കണ്ടെത്തിയ ഫെല്‍ഡ്‌സ്പര്‍ (Feldspar), അപറ്റൈറ്റ് (Apatite), മാഗ്നറ്റൈറ്റ് തുടങ്ങിയ ധാതുക്കള്‍ കലര്‍ന്ന വായു ശ്വസിക്കുന്നതിലൂടെയും, അവ ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്നതിലൂടെ മറ്റ് ഇന്ദ്രിയങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ചും പഠനം വിശദമാക്കുന്നുണ്ട്.

പാറപ്പൊടിയിലടങ്ങിയിരിക്കുന്ന മാഗ്നറ്റൈറ്റ് (Magnetite) എന്ന ധാതുകലര്‍ന്ന അന്തരീക്ഷത്തില്‍ 6 മുതല്‍ 10 വര്‍ഷം വരെ ജീവിക്കുന്നവരില്‍ സെസറോസിസ് എന്ന അവസ്ഥക്ക് സാധ്യതയുണ്ടെന്നും, X-Ray പരിശോധനകളില്‍ ഇത് ന്യുമോകോനിയോസിസിന്റെ (ശ്വാസകോശത്തില്‍ പൊടി അടിയുന്ന അവസ്ഥ) തുടക്കമായാണ് വിലയിരുത്താറുള്ളതെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.

ചില്ലുപൊടി പോലെ ദൃഢവും മൂര്‍ച്ചയുള്ളതുമായ കരിങ്കല്‍പൊടി കണ്ണിലെ അതിസൂക്ഷ്മ രക്തക്കുഴലുകളെ തകര്‍ത്ത് അല്പാല്പമായി കാഴ്ചശക്തി ക്ഷയിക്കുന്നു. ഈ പൊടിപടലങ്ങള്‍ കണ്ണില്‍ രാസപ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുന്നു. കണ്ണെരിച്ചിലിനും അമിതമായ കണ്ണുനീര്‍ ഉല്‍പ്പാദനത്തിനും ഇത് ഇടയാക്കുന്നു. പാറപ്പൊടിയില്‍ അടങ്ങിയിരിക്കുന്ന ധാതുക്കള്‍, കണ്ണിന്റെ അതിലോലമായ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുമെന്നും കാലക്രമേണ കണ്ണിലെ കോര്‍ണിയയെ ബാധിക്കുമെന്നും കെ.എഫ്.ആര്‍.ഐ റിപ്പോര്‍ട്ട് പറയുന്നു.

കെ.എഫ്.ആര്‍.ഐ പഠനവിധേയമാക്കുന്നതിന് തെരെഞ്ഞെടുത്ത അതേ ചുറ്റളവില്‍ പാണ്ടിപ്പറമ്പിലെ റിക്രിയേഷന്‍ സെന്റര്‍ നടത്തിയ ആരോഗ്യ സര്‍വ്വേ റിപ്പോര്‍ട്ടും ഭീതിപ്പെടുത്തുന്നതാണ്. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നാല്‍പതോളം പേരാണ് വിട്ടുമാറാത്ത ശ്വാസം മുട്ടല്‍, കഫക്കെട്ട്, മറ്റ് അലര്‍ജി രോഗങ്ങളുമായി ബുദ്ധിമുട്ടുന്നത് എന്ന് ഈ സര്‍വ്വേഫലം കാണിക്കുന്നു. ശ്വാസംമുട്ടല്‍, ന്യൂമോണിയ, മറ്റ് ശ്വാസകോശ സംബന്ധരോഗങ്ങള്‍ എന്നിവയ്ക്ക് വര്‍ഷങ്ങളായി മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന വൃദ്ധരും സ്ത്രീകളും പുരുഷന്‍മാരും; വിട്ടുമാറാത്ത ചുമയും ജലദോഷവും കഫക്കെട്ടും കാരണം ബാല്യത്തിലെ സകല വിനോദങ്ങളും നിഷേധിക്കപ്പെട്ട കുട്ടികളും ഈ പ്രദേശത്ത് നിരവധിയുണ്ടെന്ന് ഈ ആരോഗ്യസര്‍വ്വെ റിപ്പോര്‍ട്ട് പറയുന്നു.

സമരസമിതികളുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ മറ്റു ഖനനമേഖലകളിലും ഇത്തരം സര്‍വ്വെകള്‍ നടന്നിട്ടുണ്ട്. കുറഞ്ഞ ചുറ്റളവില്‍ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ എം.സാന്റ്, ക്രഷര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ജില്ലയിലെ പത്തിപ്പിരിയത്തെ ക്രഷര്‍-ക്വാറി വിരുദ്ധ സമരപ്രവര്‍ത്തകര്‍ പ്രദേശത്ത് സംഘടിപ്പിച്ച ആരോഗ്യ സര്‍വ്വേയും കെ.എഫ്.ആര്‍.ഐ റപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റീക്രിയേഷന്‍ സെന്റര്‍ നടത്തിയ ആരോഗ്യ സര്‍വ്വെ റിപ്പോര്‍ട്ടിനോട് ഏറെ സമാനതകളുള്ളതാണ്.

പാറഖനനത്തിനും ക്രഷറുകള്‍ക്കുമെതിരെ പെരിന്തല്‍മണ്ണയിലെ തെക്കെന്മലയില്‍ പരിശോധനയ്ക്കു ശേഷം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും മേല്പറയുന്ന വസ്തുതകള്‍ ശരിവെക്കുന്നു. ആസ്തമ, ശ്വാസംമുട്ടല്‍, വിട്ടുമാറാത്ത കഫക്കെട്ട് തുടങ്ങിയ രോഗങ്ങള്‍ തെക്കന്മല നിവാസികളെ നിരന്തരം ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വര്‍ഷങ്ങളെടുത്താണ് ഓരോ പാറയും രൂപം പ്രാപിക്കുന്നത്. പാറകള്‍ക്കുള്ളില്‍ നഗ്നനേത്രങ്ങള്‍കൊണ്ട് ദര്‍ശിക്കാന്‍ കഴിയാത്ത വികിരണങ്ങളുണ്ട്. മനുഷ്യന്റെ ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങളെ തകരാറിലാക്കുന്ന സൂക്ഷ്മമായ റേഡിയോ ആക്ടീവ് വികിരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. താരതമ്യേന വളരെ കുറഞ്ഞ തോതിലാണ് ഇവ കാണപ്പെടുന്നത് എങ്കിലും, ദീര്‍ഘകാലങ്ങളായി ഖനനം നടക്കുന്ന പ്രദേശങ്ങളില്‍ ഇത് കാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ക്ക് കാരണമാകുന്നതായി വിലയിരുത്തപ്പെടുന്നുണ്ട്.

പാറമടകളും അനുബന്ധയൂണിറ്റുകളും പ്രവര്‍ത്തിക്കുന്ന മേഖലകളില്‍ കൂടുതലായി കാണപ്പെടുന്ന ആസ്തമ, ശ്വാസകോശസംബന്ധ രോഗങ്ങള്‍, ന്യൂമോണിയ എന്നിവയെപ്പറ്റിയോ, ക്വാറികള്‍ കേന്ദ്രീകരിച്ചിരിക്കുന്ന വിവിധ ജനവാസ മേഖലകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ക്യാന്‍സര്‍ രോഗികളുടെ പെരുകുന്ന കണക്കുകളെ മുന്‍നിര്‍ത്തിയോ കാര്യമായ രീതിയില്‍ ശാസ്ത്രീയമാ പഠനങ്ങളോ വിദഗ്ധ ആരോഗ്യ സമിതി റിപ്പോര്‍ട്ടുകളോ ഇതുവരെ ഉണ്ടായിട്ടില്ല. ക്വാറി-ക്രഷര്‍ കേന്ദ്രീകൃത മേഖലകളില്‍ എന്തുകൊണ്ട് മേല്‍സൂചിപ്പിച്ച രോഗങ്ങള്‍ കൂടുന്നു എന്നത് തീര്‍ച്ചയായും ഉത്തരം കണ്ടെത്തേണ്ട ചോദ്യം തന്നെയാണ്. ഒപ്പം, ഇവിടങ്ങളിലെല്ലാം അനുവദിക്കപ്പെട്ടതിനേക്കാള്‍ അധികം താഴ്ചയില്‍ പാറപൊട്ടിക്കലും തുരക്കലും പൊടിയാക്കലും വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുകയാണെന്ന വസ്തുതയും മുഖവിലക്കെടുക്കേണ്ടതുണ്ട്.

സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ ആരോഗ്യ റിപ്പോര്‍ട്ടുകളൊന്നും ഇക്കാര്യത്തിലൂണ്ടായിട്ടില്ലെങ്കിലും പാണ്ടിപ്പറമ്പിലെയും പാത്തിപ്പിരിയത്തെയും പോലെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ ക്രഷര്‍-ക്വാറി വിരുദ്ധ സമരപ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്ന ജനകീയ ആരോഗ്യ സര്‍വ്വേയുടെ ഫലങ്ങള്‍ വിലയിരുത്തുന്നതിനും അതിന്‍മേല്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നതിനും സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്. സമര സമിതികളുടെ സമ്മര്‍ദ്ദത്താല്‍ പ്രദേശം സന്ദര്‍ശിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ പലപ്പോഴും അവരുടെ റിപ്പോര്‍ട്ടുകള്‍ മറച്ചുവയ്ക്കാറാണുള്ളത്. എത്ര സമ്മര്‍ദ്ദം ചെലുത്തിയാലും പ്രാദേശിക മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വിസമ്മതിക്കുന്നതും പതിവാണ്.

കാര്‍ഷിക മേഖലയേയും തകര്‍ക്കുന്നു

പാറപ്പൊടിയും സൂക്ഷ്മമായ പാറച്ചീളുകലും മനുഷ്യരില്‍ മാത്രമല്ല മൃഗങ്ങളിലും എത്തുന്നുണ്ട്. കാര്‍ഷിക മേഖലയേയും പാറപ്പൊടി സാരമായി ബാധിക്കുകയും പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. കേരളത്തിലെ മാങ്കോസിററി എന്നറിയപ്പെടുന്ന മുതലമടയുടെ അനുഭവം പാറപ്പൊടി എങ്ങനെയാണ് കൃഷിയെ ബാധിക്കുന്നത് എന്നതിന് ഉദാഹരണമാണ്. മുതലമട മൂച്ചംകണ്ട് ഭാഗത്തുള്ള രണ്ട് വന്‍കിട ക്വാറികളുടെയും അതിനോടു ചേര്‍ന്നുള്ള എം.സാന്റ് യൂണിറ്റുകളുടേയും വിശ്രമമില്ലാത്ത പ്രവര്‍ത്തനം മുതലമടയിലെ മാങ്ങ കര്‍ഷകരെ പ്രതിസന്ധിയിലാഴ്ത്തിയിട്ടുണ്ട്. ഇവിടേക്ക് വന്നുപോകുന്ന അസംഖ്യം ടിപ്പറുകളും ടോറസുകളും ചേരുന്നതോടെ പാറപ്പൊടിയുടെ സര്‍വ്വത്ര വ്യാപനം പൂര്‍ണ്ണമാകുന്നു.

മാമ്പൂക്കളില്‍ പാറപ്പൊടി വന്ന് വീണടിയുന്ന കാരണത്താല്‍ ഉല്‍പ്പാദനം കുറയുന്നതിനെക്കുറിച്ചുള്ള പരാതികളാണ് ഇന്നിവിടെ കര്‍ഷകര്‍ക്ക് പങ്കുവെക്കാനുള്ളത്. മാമ്പൂവിന്റെ തേനില്‍ പാറപ്പൊടി ഒട്ടിപ്പിടിച്ച് പരാഗണം നടക്കാത്തതിനാല്‍ ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവ് ഉണ്ടാകുന്നതും മാങ്ങകളുടെ മേല്‍ പൊടിപടലങ്ങള്‍ പറ്റി പിടിക്കുന്നതിനാല്‍ ഗുണനിലവാരം കുറഞ്ഞ് മാര്‍ക്കറ്റില്‍ വില കിട്ടാതാകുന്നതും മുതലമടയില്‍ ഇന്ന് വലിയ പ്രശ്‌നമാണ്. കര്‍ഷകര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

കൃഷിയും കന്നുകാലി പരിപാലനവുമൊക്കെയായി ജീവിക്കുന്ന, സാധാരക്കാരില്‍ സാധാരണക്കാരായ ആദിവാസികള്‍ അടക്കമുള്ള തദ്ദേശവാസികളുടെ നിത്യജീവിതത്തെ ഈ സാമ്പത്തിക നഷ്ടം സാരമായി ബാധിക്കുന്നു. മുതലമടയില്‍ ഒരു കാലത് സമൃദ്ധമായിരുന്ന നെല്പാടങ്ങള്‍ മാവിന്‍ തോപ്പുകള്‍ക്ക് വഴിമാറിയതിന് പിന്നിലും ക്വാറികളുടെ പരോക്ഷമായ സ്വാധീനമുണ്ടായിരുന്നു. നെല്ലിയാമ്പതി മലനിരകളില്‍ നിന്നും ചുള്ളിയാര്‍ പുഴയിലേക്ക് ഒഴുകിയെത്തുന്ന നിരവധി നീര്‍ച്ചാലുകളെ കൊന്നൊടുക്കിക്കൊണ്ടാണ് മുതലമടയിലെ ക്വാറികളെല്ലാം പ്രവര്‍ത്തിക്കുന്നത്. ക്വാറികളുടെ പ്രവര്‍ത്തനം മലകളില്‍ നിന്നുള്ള നീരൊക്കുകളെ മുറിക്കുകയും ഏക്കര്‍ കണക്കിന് വരുന്ന നെല്പാടങ്ങളെ ഉണക്കി കളയുകയും ചെയ്തതോടെയാണ് മുതലമട പതിയെ മാവിന്‍തോപ്പുകളായി മാറിയത്. ആ മാവിന്‍തോപ്പുകളും കാലക്രമേണ ഖനനത്തിന്റെ ഇരയായിത്തീര്‍ന്നിരിക്കുന്നു.

ജലസേചനത്തിനുവേണ്ടി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചെറുകിട അണക്കെട്ടുകളും (മീങ്കര, ചുള്ളിയാര്‍, വെങ്കലക്കയം, കമ്പാലത്തറ) അവയെ ചേര്‍ക്കുന്ന കനാല്‍ ശൃംഖലകളുമുള്ള പ്രദേശമായിട്ടും മുതലമടയിലെ കര്‍ഷകര്‍ക്ക് കൃഷി അസാധ്യമാകുകയാണ്. പാറമടകളില്‍ നിന്നും ക്രഷര്‍ ക്വാറി യൂണിറ്റുകളില്‍ നിന്നുമുള്ള പൊടിപടലങ്ങള്‍ മലയോര മേഖലകളിലെ ചെറുകിട റബ്ബര്‍ കര്‍ഷകരെയും സാരമായി ബാധിക്കുന്നുണ്ട്. കാറ്റത്ത് പറന്നുയരുന്ന പാറപ്പൊടി ടാപ്പിങ്ങ് സമയത്ത് റബ്ബര്‍ മരങ്ങളുടെ ടാപ്പിങ്ങ് പട്ടയില്‍ പറന്ന് വീണ് റബ്ബര്‍ കറ (റബ്ബര്‍ പാല്‍) ഒഴുകുന്നത് തടസ്സപ്പെടുത്തുന്നു.

അത് കൂടാതെ ടാപ്പിങ്ങ് നടത്തിയിട്ടുള്ള റബ്ബര്‍ മരങ്ങളില്‍ ചിരട്ടകളിലും മറ്റും രാത്രിയില്‍ ശേഖരിക്കുന്ന റബ്ബര്‍പാലില്‍ പാറപ്പൊടി വീണടിഞ്ഞ് ഉപയോഗശൂന്യമാകുന്നതും പതിവാണ്. മലനാടിലെയും ഇടനാടിലെയും ഉള്‍പ്രദേശങ്ങളില്‍ കേന്ദ്രീകരിക്കപ്പെടുന്ന പാറമടകളുടെയും പിന്നീട് ഇതേചുറ്റിപ്പറ്റി സജീവമാകുന്ന എം.സാന്റ് യൂണിറ്റുകളുടെയും പ്രവര്‍ത്തനം മൂലം കഷ്ടപ്പെടുന്ന നിരവധി ചെറുകിട റബ്ബര്‍ കര്‍ഷകര്‍ കേരളത്തിലുണ്ട്. ഉല്‍പ്പാദനം മുരടിച്ച്, വരുമാനം കുറഞ്ഞ് സൈ്വരജീവിതത്തിന്റെ താളക്രമങ്ങള്‍ തെറ്റിയതോടെ പല കര്‍ഷകരും മറ്റു തൊഴിലുകളെ ആശ്രയിച്ച് തുടങ്ങി. ഈ സാഹചര്യം മുതലെടുത്ത് തുച്ഛമായ വില നല്‍കി ഇവരുടെ ഭൂമി ക്വാറി ഉടമകള്‍ സ്വന്തമാക്കുന്നു.

പഴയ ലൈസന്‍സ് വെച്ചുകൊണ്ടുതന്നെ പുതുതായി വാങ്ങിയ സ്ഥലത്തും അവര്‍ ഖനനം നടത്തുന്നു. ഇത്തരത്തില്‍ ഖനനത്തിന്റെ വിസ്തൃതി അനധികൃതമായി വര്‍ദ്ധിപ്പിക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ നിരവധിയുണ്ട്. ഇവിടെ സര്‍ക്കാര്‍ നിലപാടുകള്‍ ക്വാറി ലോബികള്‍ക്ക് അനുകൂലമാണ്. തോട്ടം മേഖലകളില്‍ അമിതമായി പാറവിഭവങ്ങള്‍ ഉള്ളതിനാല്‍ അതെല്ലാം ഏതു വിധേനയും നിര്‍മ്മാണമേഖലയെ ത്വരിതപ്പെടുത്താന്‍ മാര്‍ക്കറ്റിലെത്തണമെന്ന വാദമാണ് സര്‍ക്കാറിന്റേത്. അതുകൊണ്ടുതന്നെ ഇത്തരം അനധികൃത ഖനനങ്ങളെ തുച്ഛമായ പിഴയടച്ച് തുടരാനനുവദിക്കുകയോ അല്ലെങ്കില്‍ അവ നിയമാനുസൃതമാക്കുന്നതിനുള്ള നീക്കുപോക്കുകള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുകയോ ആണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

ശബ്ദമലിനീകരണം

പാറമടകളില്‍ നിന്നുള്ള ശബ്ദശല്യമാണ് പ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കുന്ന മറ്റൊരു ഘടകം. കംപ്രസര്‍, ക്വാറികളിലെ ശക്തമായ സ്‌ഫോടന ശബ്ദങ്ങള്‍, പൊട്ടിച്ചിടുന്ന പാറ ഇടിച്ച് പൊട്ടിക്കുന്ന ഹെവിഡ്യൂട്ടി ബ്രേക്കറുകള്‍, അടുത്തടുത്തായുള്ള ക്രഷറുകളില്‍ നിന്നുള്ള യന്ത്രങ്ങളുടെ ശബ്ദങ്ങള്‍, ലോറികളിലേക്ക് കല്ലുകള്‍ പെറുക്കിയിടുന്ന ശബ്ദം, ജെ.സി.ബി ഉപയോഗിച്ചുള്ള മലയിടിക്കല്‍, ലോഡ് കയറ്റിയതും കയറ്റാനുള്ളതുമായ ഭീമന്‍ ലോറികളുടെ ഓട്ടം എന്നിങ്ങനെ ശാന്തമായ അന്തരീക്ഷം പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന തരത്തിലുള്ള ശബ്ദമലിനീകരണം എല്ലാ പാറമടകളിലും നടക്കുന്നുണ്ട്. ഒരു സ്ഥലത്തുതന്നെ ഒന്നിലധികം ക്വാറികളും അനുബന്ധ യൂണിറ്റുകളും കേന്ദ്രീകരിക്കപ്പെടുന്ന നിലവിലെ സാഹചര്യത്തില്‍ പ്രാദേശിക ജീവിതത്തില്‍ അതുണ്ടാക്കുന്ന അസ്വസ്ഥതകള്‍ അസഹ്യമാണ്.

ഗ്രാമപ്രദേശങ്ങളില്‍ പകല്‍ സമയങ്ങളില്‍ അനുവദനീയമായ ശബ്ദത്തിന്റെ ഏറ്റവും ഉയര്‍ന്ന നില 55 ഡെസിബല്‍ (dB (A))യും രാത്രി സമയങ്ങളില്‍ ഇത് 45 dB(A) യും ആണ്. എന്നാല്‍ സ്‌ഫോടന സമയങ്ങളില്‍ ക്വാറികളില്‍ നിന്നുമുണ്ടാകുന്ന ശബ്ദപ്രവേഗങ്ങളാക്‌ടെ 80 dB(A) മുകളില്‍ ഉള്ളവയാണ്. പാറമടകളില്‍ ഖനനത്തിനായി ഉപയോഗിക്കുന്ന ഹെവി മെഷീനറീസ് ആയ ജെ.സി.ബി, കംപ്രസര്‍, ബ്രേക്കറുകള്‍ തുടങ്ങിയവ ഇടവിട്ട് സമയങ്ങളിലുണ്ടാക്കുന്ന ശബ്ദപ്രവേഗങ്ങളുടെ നില 60 dB(A) ക്കും 100 dB(A) ഇടയില്‍ ഏറിയും കുറഞ്ഞും ഉള്ളവയാണ്.

ഇത് പ്രാഥമിക വിലയിരുത്തലാണ്. എന്നാല്‍ ഒരു പ്രദേശത്ത് എണ്ണത്തില്‍ കൂടുതല്‍ ക്വാറികളും അനുബന്ധ യൂണിറ്റുകളുമുണ്ടെന്നിരിക്കെ, അവിടെ ഉപയോഗിക്കുന്ന യന്ത്രസാമഗ്രികളുടെയും സ്‌ഫോടകവസ്തുക്കളുടെയും പരിധി നിയമാനുസൃതം നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തിട്ടില്ലെങ്കില്‍ ശബ്ദമലിനീകരണം തീര്‍ത്തും അസഹ്യമായിത്തീരും.

പാറമടകളില്‍ നിന്നും ക്രഷര്‍ യൂണിറ്റുകളില്‍ നിന്നുമുള്ള അതികഠിനമായ ശബ്ദകോലാഹലങ്ങള്‍ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവയാണ്. അത്രമേല്‍ ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ ഏറെക്കാലം ജീവിക്കുന്നത് കേള്‍വിക്കുറവിന് കാരണമാകുന്നു. പ്രായമായവരില്‍ ഇത്തരം അസ്വസ്ഥമായ ശബ്ദങ്ങളും ബഹളങ്ങളും ഹൃദയമിടിപ്പുകളുടെ ക്രമരഹിതമായ അധികരണത്തിനും ഹൃദയാഘാതത്തിനും കാരണമാകും. ശബ്ദം കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത് കുട്ടികളെയാണ്.

ശബ്ദങ്ങളും ബഹളങ്ങളും നിറഞ്ഞ സാഹചര്യത്തില്‍ സ്ഥിരമായി ജീവിക്കുന്നതിലൂടെയുണ്ടാകുന്ന ചെറിയ അസ്വാസ്ഥ്യങ്ങള്‍ പിന്നീട് വലിയ മാനസിക വൈകല്യങ്ങളായി വളരും. ക്രമരഹിതവും, ശക്തമായതും, ഉയര്‍ന്നതുമായ ശബ്ദങ്ങള്‍ കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയും വികാസത്തെയും സ്വീധീനിക്കുന്നുണ്ട്. പാറമടകള്‍ കൂടുതലുള്ള മേഖലകളിലെ മാതാപിതാക്കള്‍ കുട്ടികളെക്കുറിച്ച് പതിവായി പറയുന്ന പരാതിയായ പഠനവൈകല്യവും, ഓര്‍മ്മക്കുറവും ഇതിന്റെ കൂടി ഭാഗമാണ്. രാത്രി കാലങ്ങളില്‍ ഉറക്കത്തില്‍ നിന്നും പിഞ്ചുകുഞ്ഞുങ്ങള്‍ ഞെട്ടിയുണര്‍ന്ന് പൊട്ടിക്കരയാറുണ്ട് എന്നതും ക്വാറി മേഖലകളിലെ രക്ഷിതാക്കളുടെ സ്ഥിരം പരാതികളിലൊന്നാണ്.

നെഞ്ചുതകര്‍ക്കുന്ന സ്‌ഫോടനങ്ങള്‍

പ്രത്യക്ഷ ദുരന്തങ്ങള്‍ക്കും അപ്രതീക്ഷിത അത്യാഹിതങ്ങള്‍ക്കും നടുവിലാണ് ക്വാറി മേഖലകളില്‍ ജീവിക്കുന്നവര്‍ ഉറങ്ങുന്നതും ഉണരുന്നതും. നെഞ്ചുപൊട്ടിപ്പോകുമെന്ന് തോന്നിപ്പിക്കുംവിധമുള്ള സ്‌ഫോടനങ്ങളാണ് പാറമടകളില്‍ നിന്നും പ്രദേശവാസികള്‍ നേരിടുന്ന മറ്റൊരു അപകടകരമായ ഭീഷണി. പാറമടകളിലെ ഓരോ സ്‌ഫോടനവും തദ്ദേശീയരുടെ പൊതു ആവാസവ്യവസ്ഥയെയും (പ്രകൃതിദത്തവും ഭൗതികവുമായ) വ്യക്തികളുടെ സ്വകാര്യയിടങ്ങളെയും ക്ഷയിപ്പിക്കുകയും തകര്‍ത്തെറിയുകയും ചെയ്യുന്നു.

വായു, വെള്ളം, ആരോഗ്യം, കൃഷി, പാര്‍പ്പിടം തുടങ്ങിയ സകല സ്വത്തുക്കളെയും അത് മലിനപ്പെടുത്തുന്നു. “നെഞ്ചുപൊട്ടിപ്പോകുക” എന്നത് ഒരു ആലങ്കാരിക പ്രയോഗമല്ല, അക്ഷരാര്‍ത്ഥത്തില്‍ അത് ശരിവെക്കുംവിധമുള്ള അനുഭവങ്ങളാണ് കേരളത്തിലെമ്പാടുമുള്ള ഇരകള്‍ക്ക് പറയുവാനുള്ളത്. പാര്‍പ്പിടങ്ങളുമായി ബന്ധപ്പെട്ടതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം.

Related image

വലിയ പാറമടകളില്‍ ദിവസവും നൂറോ അതിലധികമോ ഉഗ്രസ്‌ഫോടനങ്ങള്‍ നടത്തിയാണ് പാറകള്‍ പൊട്ടിച്ചെടുക്കുന്നത്. ക്വാറിയിലെ ഓരോ സ്‌ഫോടനവും ഒന്നര കിലോമീറ്റര്‍ വരെ പ്രകമ്പനം സൃഷ്ടിക്കാന്‍ കഴിവുള്ളവയാണ്. എങ്കില്‍ ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ തന്നെ പത്തും പന്ത്രണ്ടും അതില്‍ കൂടുതലും ക്വാറികള്‍ പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന സ്ഥിതി എന്തായിരിക്കും? കൂടുതല്‍ ലാഭമുണ്ടാക്കുന്നതിന് കൂടുതല്‍ സ്‌ഫോടനങ്ങള്‍ നടത്തുക എന്നതാണ് നിലവില്‍ ക്വാറികളുടെ പ്രവര്‍ത്തന സമവാക്യം.

ഓരോ പാറമടയിലും ഉപയോഗിക്കാവുന്ന സ്‌ഫോടകവസ്തുക്കളുടെ അളവും സ്വഭാവവും നിയമം വ്യക്തമായി നിഷ്‌കര്‍ഷിക്കാത്തതുകൊണ്ട് തോന്നുംവിധം സ്‌ഫോടനങ്ങള്‍ നടത്താന്‍ ക്വാറി ഉടമകള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നു. ഈ സ്‌ഫോടനങ്ങളെല്ലാം തദ്ദേശവാസികളുടെ വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സൃഷ്ടിക്കുന്നുണ്ട്.

ക്വാറികളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇതിനകം പുറത്തു വന്നിട്ടുള്ള പഠനങ്ങളും റിപ്പോര്‍ട്ടുകളുമെല്ലാം പാറമടകളിലെ സ്‌ഫോടനങ്ങളില്‍ വീടുകള്‍ക്കും മറ്റ് നിര്‍മ്മിതികള്‍ക്കും തകരാറുകള്‍ സംഭവിച്ചിട്ടുള്ളതായി സാക്ഷ്യപ്പെടുത്തുന്നുണ്ട്. കെ.എഫ്.ആര്‍.ഐ പാണ്ടിപ്പറമ്പില്‍ നടത്തിയ വിശദമായ പഠനവും, അമ്പിട്ടന്‍തരിശിയിലെ ക്വാറി-ക്രഷര്‍ വിരുദ്ധ സമരസമിതി നേതൃത്വം നല്‍കിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ടുകളും, യാമിനി പരമേശ്വരനും സുരേഷ് നാരായണനും ചേര്‍ന്ന് സംവിധാനം ചെയ്ത മുതലമടയിലെ ക്വാറികളെക്കുറിച്ചുള്ള “ഊര് കവരുന്ന ഉയിരും” എന്ന ഡോക്യുമെന്ററിയും വളരെ വിശദമായി തന്നെ ഈ വിഷയം കൈകാര്യം ചെയ്യുന്നുണ്ട്. കേരളത്തിലെ ഒട്ടുമിക്ക ക്വാറി കേന്ദ്രീകൃത മേഖലകളിലും ആഘാത പഠനങ്ങള്‍ക്ക് നേതൃത്വം നല്കുകയും അതിന്റെ ഭാഗമാവുകയും ചെയ്തിട്ടുള്ള പ്രൊഫ. എസ്.ശ്രീകുമാറിന്റെ റിപ്പോര്‍ട്ടുകളും ശ്രദ്ധേയമാണ്.

പാറമടകളിലെ നിരന്തര സ്‌ഫോടനങ്ങള്‍ ചുറ്റുവട്ടത്തുള്ള വീടുകളുടെ ചുമരുകള്‍ക്കും അടിത്തറകള്‍ക്കും ബലക്ഷയം സംഭവിക്കുന്നു. പിന്നീട്, ഉഗ്രസ്‌ഫോടനങ്ങളുടെ ഫലമായി ഉണ്ടാകുന്ന തീവ്രപ്രകമ്പനങ്ങളെ അതിജീവിക്കാന്‍ കഴിയാതെ വരുമ്പോള്‍ വീടുകളുടെ മേല്‍ക്കൂരകളിലും ചുമരുകളിലും വിള്ളലുകള്‍ വീഴുന്നു. ഒരു പ്രദേശത്തുതന്നെ കുറേയധികം ക്വാറികള്‍ പ്രവര്‍ത്തിക്കുകയും അവിടെയെല്ലാം ദിവസവും സ്‌ഫോടനങ്ങള്‍ ആവര്‍ത്തിക്കുകയു#െ ചെയ്യുമ്പോള്‍ ഇത് പെട്ടെന്ന് സംഭവിക്കുന്നു.

പഴയതെന്നോ പുതിയതെന്നോ പണിതുകൊണ്ടിരിക്കുന്നതെന്നോ വ്യത്യാസമില്ലാതെ, പാറമടകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളിലെ വീടുകളില്‍ സ്‌ഫോടനങ്ങള്‍ ഏല്പിക്കുന്ന ആഘാതം നമുക്ക് കാണാന്‍ സാധിക്കും. മുമ്പ് സൂചിപ്പിച്ചതുപോലെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ താമസിക്കുന്ന മേഖലകളിലാണ് പാറമടകള്‍ കേന്ദ്രീകരിച്ചിരിക്കുന്നതെന്നിരിക്കെ; കടം വാങ്ങിയും, വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ വകയിരുത്തുന്ന തുച്ഛമായ ഫണ്ടുപയോഗിച്ചും ഉള്ള സ്ഥലം തന്നെ പണയപ്പെടുത്തിയും, ദിവസക്കൂലി മിച്ചം പിടിച്ചുമൊക്കെ അവര്‍ പണികഴിപ്പിക്കുന്ന വീടുകളാണ് ഈ വിധം നശിച്ചുപോകുന്നത്. മാളികകള്‍ കെട്ടിപ്പൊക്കാന്‍ കരിങ്കലിനായി കാളെത്രവേണമെങ്കിലും മുടുക്കാന്‍ കെല്പുള്ളവരുടെ ആര്‍ഭാടസൗധങ്ങള്‍ കുറെ പാവങ്ങളുടെ കൂരക്കുമേല്‍ നടത്തുന്ന ക്രൂരതയുടെ തെളിവുകളാണ് ഈ വിള്ളലുകള്‍.

പാറമടകളില്‍ ഏതെല്ലാം തരം സ്‌ഫോടനവസ്തുക്കളാണ് ഉപയോഗിക്കുന്നത് എന്ന് അധികൃതര്‍ക്ക് വലിയ വിവരമൊന്നുമില്ല. ലൈസന്‍സ് ലഭിച്ചു കഴിഞ്ഞാല്‍, അതിനനുസൃതമായ സ്‌ഫോടകവസ്തുക്കളാണോ ഉപയോഗിക്കുന്നത്, സ്‌ഫോടകവസ്തുക്കള്‍ ക്വാറി ഉടമസ്ഥരുടെ കസ്റ്റഡിയിലാണോ സൂക്ഷിക്കുന്നത്, ഈ സ്‌ഫോടകവസ്തുക്കള്‍ മുഴുവന്‍ ക്വാറികളില്‍ ഉപയോഗിക്കുന്നുണ്ടോ, അളവില്‍ വ്യത്യാസമുണ്ടോ, ശരിയായ രജിസ്റ്റര്‍ സൂക്ഷിക്കുന്നുണ്ടോ എന്നീ കാര്യങ്ങള്‍ പരിശോധിക്കാന്‍ യാതൊരുവിധ സംവിധാനവും സംസ്ഥാനത്തില്ലെന്ന് പതിമൂന്നാം കേരള നിയമസഭയുടെ പരിസ്ഥിതി സമിതി റിപ്പോര്‍ട്ട് പറയുന്നു. അമോണിയം നൈട്രേറ്റ് മുതല്‍ ജലാറ്റിന്‍ സ്റ്റിക്കുകളും ആര്‍.ഡി.എക്‌സും വരെ ക്വാറികളില്‍ ആവശ്യാനുസരണം ഉപയോഗിക്കുന്നുണ്ടെന്നാണ് പ്രാഥമിക അന്വേഷണങ്ങളില്‍ അറിയാന്‍ കഴിയുന്നത്.

ഡോ.എസ്. ശ്രീകുമാര്‍ പാറമടകളിലെ സ്‌ഫോടനങ്ങളെക്കുറിച്ച് വിവരിക്കുന്നത് ഇപ്രകാരമാണ്. “”ഉഗ്രസ്‌ഫോടനം മൂലം സമീപത്തുള്ള കെട്ടിടങ്ങള്‍ക്ക് വിള്ളലുകള്‍ സംഭവിക്കുന്നു. ചീളുകള്‍ തെറിച്ചും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നുണ്ട്. മനുഷ്യര്‍ക്ക് തന്നെയും ഇപ്രകാരം മുറിവുകളുണ്ടാകുന്നുണ്ട്. മുന്നറിയിപ്പുകളില്ലാതെ ബ്ലാസ്റ്റിങ്ങ് നടത്തുന്നതിനാല്‍ പാറച്ചീളുകള്‍ ഏതുസമയത്തും പറന്നുവന്നേക്കാം എന്ന ഭീതി നിലനില്‍ക്കുന്നു. എല്ലാ പ്രദേശത്തെയും പൊതു അനുഭവം ഏതാണ് ഒരു പോലെയാണെങ്കിലും എടുത്തുപറയേണ്ട ചിലതുണ്ട്.””

തുടര്‍ന്നദ്ദേഹം സൂചിപ്പിക്കുന്നത് എറണാകുളം ജില്ലയിലെ ആലുവ താലൂക്കില്‍ പെടുന്ന അയ്യമ്പുഴ വില്ലേജിലെ ക്വാറിയിലുണ്ടായ ഉഗ്രസ്‌ഫോടനത്തിന്റെ അനുഭവങ്ങളാണ്. “”ഈ പാറമടയിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ ക്വാറിയുടെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ആഘാതമുണ്ടായി. പല വീടുകള്‍ക്കും വിള്ളലുകള്‍ വീണു. പ്ലാസ്റ്ററുകള്‍ അടര്‍ന്നു. ഒരു വീടിന്റെ ജനല്‍ഗ്ലാസ്സുകള്‍ പൊട്ടിച്ചിതറി. ചിലരെങ്കിലും അലമാരകളില്‍ നിന്നും പാത്രങ്ങള്‍ താഴെ വീഴുന്നതായും സാക്ഷ്യപ്പെടുത്തിയിരുന്നു. ഭിത്തിയുടെയും മരഫ്രെയിമുകളുടെയും ഇടയില്‍ നിന്ന് പ്ലാസ്റ്ററിങ്ങ് അടര്‍ന്നുപോയതായി കാണാം. മാത്രമല്ല 25 അടി താഴ്ചയുള്ള ഒരു കിണറില്‍ നിന്നും വെള്ളം വാര്‍ന്നുപോയി. ഏതാണ്ട് നാല് കിലോമീറ്റര്‍ ചുറ്റളവില്‍ 20 ഓളം ക്വാറികള്‍ അന്ന് പ്രവര്‍ത്തിച്ചിരുന്നു. അനേകം ക്വാറികളില്‍ പലപ്പോഴും ഒരേ സമയം ബ്ലാസ്റ്റിങ്ങ് നടന്നിരുന്നുവെന്നും ഉപയോഗിച്ചിരുന്ന സ്‌ഫോടകവസ്തുവിന്റെ അളവ് വളരെ കൂടുതലായിരുന്നുവെന്നും ജനങ്ങളില്‍ നിന്നും അറിയാന്‍ സാധിച്ചു.””

ഇവിടെയുണ്ടായ സ്‌ഫോടനത്തിന്റെ സ്വഭാവം, ഭൂചലനത്തിന്റെ തീവ്രത അറിയാനുള്ള മോഡിഫൈഡ് മെര്‍ക്കിലിസ് സ്‌കെയിലില്‍ കാണിച്ച ലക്ഷണങ്ങള്‍ പ്രകാരം ഒരു ചെറു ഭൂചലനത്തിനു സമാനമായിരുന്നു. വളരെ ചെറിയ പ്രദേശത്ത് ബ്ലാസ്റ്റിംങ് മൂലമുണ്ടായ പ്രകമ്പനമായിരുന്നിട്ടുകൂടി ഒരു ചെറിയ ട്രമര്‍ പീച്ചിയിലെ ഭൂകമ്പമാപിനിയില്‍ ഈ സമയം റെക്കോഡ് ചെയ്തിട്ടുണ്ട്.

ക്വാറികളില്‍ ഉപയോഗിക്കുന്ന സ്‌ഫോടകവസ്തു അമിതമാവുകയാണെങ്കില്‍ അത് ഏഥാനും ചതുരശ്രകിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം സൃഷ്ടിക്കാന്‍ കഴിവുള്ളതാണെന്നും ഇത് കെട്ടിടങ്ങളെ അസ്ഥിരമാക്കുമെന്നും ഭൂകമ്പ സാധ്യതയുള്ള മേഖലകളില്‍ (സംസ്ഥാനത്തെ സിംഹഭാഗം ക്വാറികളും ഭൂകമ്പ സാധ്യത പ്രവചിക്കപ്പെടുന്ന സ്ഥലങ്ങളിലാണെന്ന് മുന്‍ അദ്ധ്യായത്തില്‍ സൂചിപ്പിച്ചിരുന്നു) അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്നുമുള്ളതിന് ഉദാഹരണമാണ് ഈ സംഭവം.

ഭൂമിയുടെ കിടപ്പോ പാറയുടെ സ്വഭാവമോ ഒന്നും പരിഗണിക്കാതെയാണ് പാറമടകളില്‍ സ്‌ഫോടനങ്ങള്‍ നടത്തുന്നത്. സ്‌ഫോടനത്തെത്തുടര്‍ന്ന് പാറകളില്‍ തന്നെയുള്ള ചില തടസ്സങ്ങള്‍ തങ്ങി നില്‍ക്കുന്ന വലിയ പാറകളും പാറക്കഷ്ണങ്ങളും ബലക്ഷയം സംഭവിച്ച ശിലകളും ജനവാസമേഖലകളിലേക്ക് വന്നു പതിക്കാറുണ്ട്. പലപ്പോഴും പാറ കണ്ടെത്തുന്നതിനും കുഴിതുരന്ന് പൊട്ടിച്ചെടുക്കുന്നതിനും മേല്‍മണ്ണ് വലിയ അളവില്‍ നീക്കം ചെയ്യേണ്ടതായി വരാറുണ്ട്. ഇപ്രകാരം നീക്കുന്ന മണ്ണ് സുരക്ഷിതമായി കൈകാര്യം ചെയ്യണമെന്നും ഖനനം അവസാനിക്കുമ്പോള്‍ തിരിച്ച് നിക്ഷേപിക്കണമെന്നുമാണ് ചട്ടങ്ങള്‍ അനുശാസിക്കുന്നത്.

എന്നാല്‍ ഇതിനൊന്നും മുതിരാതെ മേല്‍മണ്ണ് പാറമടകളിലെ ഏതെങ്കിലും മൂലയില്‍ കൂട്ടിയിടുകയാണ് പതിവ്. പാറകള്‍ പൊട്ടിച്ചെടുക്കുന്നതിനു വേണ്ടിയുള്ള ഉഗ്രസ്‌ഫോടനങ്ങളില്‍ ഈ മണ്ണും ജനവസാമേഖലകളിലേക്കാണ് വന്നടിയുന്നത്. ചിലപ്പോഴിത് മലകള്‍ക്കു താഴെയുള്ള നെല്പാടങ്ങളടക്കമുള്ള കൃഷിയിടങ്ങളിലേക്കും പ്രദേശവാസികളുടെ പുരയിടങ്ങളിലേക്കും എത്തുന്നു. മലമുകളില്‍ നിന്നും ഉത്ഭവിക്കുന്ന, തദ്ദേശീയര്‍ കുടിവെള്ളത്തിനും മറ്റുമായി ആശ്രയിക്കുന്ന നീര്‍ച്ചോലകളില്‍ ഈ മണ്ണ് കലരുകയും വെള്ളം ഉപയോഗിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു.

ദ്രവിച്ച പാറയുടെയും മണ്ണിന്റെയും ഉറപ്പ്, സ്‌ഫോടക വസ്തുവിന്റെ അളവ്, ആഴം, പ്രകമ്പനത്തിന്റെ ശക്തി എന്നിവ തീര്‍ച്ചപ്പെടുത്തിയതിനും മനസ്സിലാക്കിയതിനും ശേഷം ലൈസന്‍സ് ലഭിച്ച പരിചയസമ്പന്നര്‍ തന്നെയാകണം പാറമടകളില്‍ സ്‌ഫോടനങ്ങള്‍ നടത്തേണ്ടത് എന്നാണ് നിയമം പറയുന്നത്. എന്നാല്‍ പലപ്പോഴും ഏതെങ്കിലും ഒരു ലൈസന്‍സി സംഘടിപ്പിക്കുന്ന എക്‌സ്‌പ്ലോസീവ് ലൈസന്‍സിന്റെ ബലത്തില്‍ തോന്നുംവിധം കാര്യങ്ങള്‍ നടത്തുകയാണ് പതിവ്. പരിശീലനം ലഭിച്ച ബ്ലാസ്റ്ററുടെ അസാന്നിദ്ധ്യത്തില്‍, നാടന്‍ തൊഴിലാളികളോ ഇതരസംസ്ഥാന തൊഴിലാളികളോ, മേല്പറഞ്ഞ ഘടകങ്ങളൊന്നും മുഖവിലക്കെടുക്കാതെ നടത്തുന്ന സ്‌ഫോടനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ചെറിയ ഒരു ഭൂകമ്പത്തിന്റെ പരിണിത ഫലങ്ങളാണ് തദ്ദേശീയരുടെ നിത്യജീവിതത്തില്‍ ഉളവാക്കുന്നത്.

കുടിവെള്ളവും അന്യമാകുന്നു

കുടിവെള്ളമാണ് പ്രദേശവാസികളെ അലട്ടുന്ന മറ്റൊരു പ്രധാന പ്രശ്‌നം. പാറമടകളെല്ലാം അവ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളിലെ ജലലഭ്യതയെ സാരമായി ബാധിക്കുന്നുണ്ട്. പലയിടത്തും ക്വാറികളുടെ പ്രവര്‍ത്തനഫലമായി പ്രദേശിക നീര്‍ച്ചോലകള്‍ അപ്രത്യക്ഷമായിരിക്കുന്നു. കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമുള്ള വെള്ളമെടുത്തിരുന്ന നീരൊഴുക്കുകള്‍ ഇല്ലാതായത് തദ്ദേശീയരുടെ ദുരിതങ്ങള്‍ വര്‍ദ്ധിപ്പിച്ചു. പാറമടകളിലെ പാറപ്പൊടിയും പാറകണ്ടെത്തുന്നതിനു വേണ്ടി നീക്കം ചെയ്യുന്ന മേല്‍മണ്ണും കലര്‍ന്ന് പല നീര്‍ച്ചാലുകളിലെയും വെള്ളം മലിനമായിരിക്കുന്നു. ക്വാറികളിലെ ആവശ്യങ്ങള്‍ക്കായി നീര്‍ച്ചാലുകള്‍ തടഞ്ഞുനിര്‍ത്തുന്നതും പതിവാണ്.

അതിശക്തമായ സ്‌ഫോടനങ്ങളും ഖനനവും ഓരോ പ്രദേശത്തെയും ഭൂഗര്‍ഭ ജലനിരപ്പിനെ സാരമായി ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ജലനിരപ്പ് താഴുന്നതിനനുസരിച്ച് ജലത്തിന്റെ ഗുണനിലവാരവും താഴുന്നു. മുതലമടയിലെ വെള്ളത്തിന്റെ ഗുണനിലവാരം മനുഷ്യര്‍ക്ക് ഉപയോഗിക്കാവുന്നതിലും കുറവാണെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ റിപ്പോര്‍ട്ട് പറയുന്നത് ഇതിനുദാഹരണമാണ്. പഞ്ചായത്തിന്റെ കുഴല്‍ക്കിണറുകളില്‍ ലഭ്യമാകുന്ന വെള്ളത്തിന് രുചിഭേദങ്ങള്‍ (കെട്ട രുചി) അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്തരമൊരു പഠനം പി.സി.ബി നടത്തിയത്.

Image result for QUARRYING KERALA

മുതലമട പഞ്ചായത്തിന്റെ വ്യത്യസ്തങ്ങളായ അഞ്ചോളം കുടിവെള്ള പദ്ധതികളാണ് പാറമടകളുടെ പ്രവര്‍ത്തനം മൂലം മുടങ്ങിക്കിടക്കുന്നത്. പാലക്കാട് ജില്ലയിലെ അമ്പിട്ടന്‍ തരിശില്‍ കോളനി നിവാസികള്‍ക്ക് വേണ്ടി സജ്ജീകരിച്ച കുഴല്‍ കിണറില്‍ നിന്ന് ഇപ്പോള്‍ ചെളി കലങ്ങിയ വെള്ളമാണ് ലഭിക്കുക. കുറച്ചുമുമ്പ് വരെ നല്ല തെളിവെള്ളം കിട്ടിയിരുന്ന കുഴല്‍ കിണറാണിത്. കോളനിയോട് ചേര്‍ന്നുള്ള പാറമടകളില്‍ നിരന്തരം നടക്കുന്ന സ്‌ഫോടനങ്ങളുടെ ഫലമായി, ഭൂമിക്കടിയിലുണ്ടായ വിള്ളല്‍ മൂലം മണ്ണിടിഞ്ഞ് കുഴല്‍ക്കിണറിന്റെ സുഗമമായ പ്രവര്‍ത്തനം തടസ്സപ്പെടുകയും, ഇടിഞ്ഞു വീണ മണ്ണ് വെള്ളത്തോടൊപ്പം കലരുകയും ചെയ്യുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

കുഴല്‍ക്കിണറുകള്‍ സ്ഥാപിച്ച് അതില്‍നിന്നും പമ്പ് ചെയെതെടുക്കുന്ന വെള്ളം എം.സാന്റ് യൂണിറ്റുകള്‍ക്ക് പാറപ്പൊടി നിര്‍മ്മാണത്തിനുവേണ്ടി ഉപയോഗിക്കരുത് എന്നാണ് മലിനീകരണ നിയന്ത്രണബോര്‍ഡ് അനുശാസിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഒരു എം.സാന്റ് യൂണിറ്റ് പോലും ബോര്‍ഡിന്റെ നിര്‍ദ്ദേശം പാലിക്കുന്നില്ല. കുഴല്‍ക്കിണറുതന്നെയാണ് എല്ലാവരും ആശ്രയിക്കുന്നത്.

300 മുതല്‍ 350 മീറ്റര്‍ ചുറ്റളവ് വരെയുള്ള കിണറുകളിലെ ജലനിരപ്പ് താഴുന്നതിന് ഒരൊറ്റ കുഴല്‍ക്കിണറിന്റെ പ്രവര്‍ത്തനം പോലും കാരണമാകും എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കൂടുതല്‍ കാശുമുടക്കി, കൂടുതല്‍ ആഴത്തില്‍, ഒന്നിലധികം കുഴല്‍ക്കിണറുകളെ സജ്ജീകരിച്ചാണ് സംസ്ഥാനത്തെ എം.സാന്റ് കേന്ദ്രങ്ങള്‍ വെള്ളമൂറ്റുന്നത്. ഒരു എം.സാന്റ് യൂണിറ്റില്‍ ശരാശരി 50,000 ലിറ്റര്‍ മുതല്‍ 60,000 ലിറ്റര്‍ വരെ വെള്ളം ഉപയോഗിക്കുന്നുണ്ട് എന്നാണ് പ്രാഥമികമായി വിലയിരുത്തപ്പെടുന്നത്.

Image result for QUARRYING KERALA

പ്രവര്‍ത്തനം നിര്‍ത്തിയ പാറമടകള്‍ മഴക്കുഴികലായി സംരക്ഷിക്കണമെന്നാണ് ബന്ധപ്പെട്ട നിയമങ്ങള്‍ അനുശാസിക്കുന്നത്. എന്നാല്‍ പാറ തുരന്ന് ബാക്കിയായ അഗാധഗര്‍ത്തങ്ങളിലുള്ള, ഉറവപൊട്ടി നിറയുന്ന വെള്ളം, ഉയര്‍ന്ന കുതിരശക്തിയുള്ള മോട്ടോറുകളുപയോഗിച്ച് എം.സാന്റ് ക്രഷര്‍ യൂണിറ്റുകളോട് ചേര്‍ന്ന് സ്ഥാപിച്ച വമ്പന്‍ ജലസംഭരണികളിലേക്ക് കൊണ്ടുപോകുന്ന കാഴ്ചകളും നിരവധി കാണാന്‍ കഴിയും. ക്വാറികള്‍ ആരംഭിക്കും മുമ്പ്, താരതമ്യേന ഉയര്‍ന്ന പാറപ്രദേശങ്ങളില്‍ നിന്നും താഴ്ന്ന ജനവാസ മേഖലകളിലേക്ക് കിനിഞ്ഞൊഴുകിയിരുന്ന വെള്ളമാണ് ഈ ഗര്‍ത്തങ്ങളില്‍ കെട്ടിനില്‍ക്കുന്നതും ക്വാറി മാഫിയകള്‍ ഊറ്റിക്കൊണ്ടുപോകുന്നതും.

എത്ര ആഴത്തിലും ഖനനം നടത്താനുള്ള അനുമതിയാണ് കെ.എം.എം.സി.ആര്‍ 2015 നടപ്പിലാക്കിക്കൊണ്ട് കേരള സര്‍ക്കാര്‍ പാറമട ലോബികള്‍ക്ക് നല്‍കിയിരിക്കുന്നത്. ശുദ്ധവായുവും ശുദ്ധജലവും സൈ്വര ജീവിതവും നഷ്ടമാകുന്നതിലൂടെ ജനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു നിര്‍ദേശവും അതിലില്ല. ഖനനം മൂലമുണ്ടാകുന്ന ജലമലിനീകരണത്തിനും ജലസ്രോതസ്സുകള്‍ നഷ്ടപ്പെടുന്നതിനും ഈ നിയമത്തില്‍ ഒരു പരിഹാരവും നിര്‍ദ്ദേശിക്കുന്നില്ല.

കേരളത്തിന്റെ 2.5 ശതമാനം സ്ഥലങ്ങള്‍ കൊടും വരള്‍ച്ചാ മേഖലയായി മാറിയെന്നാണ് സംസ്ഥാന ദുരന്തനിവാരണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പറയുന്നത്. 2014-ല്‍ തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണില്‍ ആറ് ശതമാനത്തില്‍ കൂടുതല്‍ മഴ ലഭിച്ചതിനു ശേഷമാണ് ഈ ശുദ്ധജലക്ഷാമം എന്ന് ഓര്‍ക്കേണ്ടതുണ്ട്. കാലാവസ്ഥാവ്യതിയാനം കാരണം സംഭവിക്കുന്ന അസ്ഥിരതകള്‍ കേരളത്തിന്റെ പരിസ്ഥിതിയില്‍ വലിയ ആഘാതങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയിട്ടും കുടിനീരുവറ്റിക്കുന്ന ഖനനങ്ങള്‍ നിയന്ത്രിക്കാന്‍ ഇവിടെ സംവിധാനങ്ങളില്ലെന്നത് എത്ര ദയനീയമാണ്.

നബീല്‍ സി കെ എം

We use cookies to give you the best possible experience. Learn more