| Friday, 29th December 2017, 2:56 pm

രക്തസാക്ഷിയെ കിട്ടിയാല്‍ കുടിക്കാന്‍ വെള്ളം കിട്ടുമെങ്കില്‍ ഞങ്ങള്‍ മരിക്കാം; പയ്യോളിക്കാര്‍ക്ക് വെള്ളം വേണം. വെള്ളം മാത്രം

നിമിഷ ടോം

“ഞങ്ങള്‍ക്ക് വെള്ളമില്ല. കാലം കുറേയായി വെള്ളമില്ലെന്ന് എല്ലാരോടും പറയാന്‍ തുടങ്ങിയിട്ട്. കിണറിലെ വെളളത്തിന് മഞ്ഞയും പച്ചയുമൊക്കെ നിറമാണ്. ഇത് കുടിക്കാന്‍ പറ്റൂല. വെള്ളത്തിന് മുകളില്‍ പാട കെട്ടിക്കിടക്കുകയാണ്. ആദ്യമൊക്കെ ഇത് കാര്യമാക്കാതെ ഈ വെള്ളംതന്നെ കുടിച്ചു. പിന്നീട് ഓരോ അസുഖങ്ങള്‍ വരാന്‍ തുടങ്ങി”. കോഴിക്കോട് ജില്ലയിലെ പയ്യോളിയിലെ മൂന്നുകോളനിയിലെ ജനങ്ങള്‍ക്കൊപ്പം സമരത്തിന് ഇറങ്ങാന്‍ തയ്യായിരിക്കുന്ന അംബികയാണ് ഇത് പറയുന്നത്.

മുപ്പത് വര്‍ഷത്തിലധികമായി പയ്യോളിയിലെ തീരദേശ ജനത കുടിവെള്ളത്തിനു വേണ്ടിയുള്ള പോരാട്ടത്തിലാണ്. ഇത്തവണ മഴക്കാലം ശക്തമായിരുന്നിട്ടുപോലും പയ്യോളിയില്‍ ഒരുതുള്ളി കുടിവെള്ളം പോലുമില്ല. ഇരുമ്പിന്റെ അളവ് ക്രമാതീതമായി കൂടിയതുകൊണ്ടും കക്കൂസ് മാലിന്യങ്ങള്‍ കലര്‍ന്നതിനാലും കിണറുകളിലെ വെള്ളം കുടിക്കാനോ ഭക്ഷ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനോ ഇവര്‍ക്ക കഴിയുന്നില്ല.

പയ്യോളി തീരദേശ ജനത ഭൂരിഭാഗവും മത്സ്യബന്ധനത്തൊഴിലാളികളാണ്. കുടിവെള്ളക്ഷാമം നേരിടുന്ന കേരളത്തിലെതന്നെ മറ്റ് പ്രദേശങ്ങളിലെ ദുരിതങ്ങള്‍ ഏറെയും മഴയുടെ വരവോടു കൂടി അവസാനിച്ചതായിരുന്നു. എന്നാല്‍ ഇതിന് നേരെ വിപരീതമാണ് ഇവിടെയുള്ള അവസ്ഥ. പാണ്ടികശാല, ഇയ്യോത്തില്‍, ഗാന്ധിനഗര്‍ എന്നീ മൂന്ന് കോളനികളാണ് ഇവിയെയുള്ളത്. പഞ്ചായത്തില്‍ നിന്നും മിച്ചഭൂമിയായി ലഭിച്ച നാല് സെന്റ് സ്ഥലത്താണ് ഇവര്‍ വീടുവെച്ച് താമസിക്കുന്നത്. നാല് സെന്റിലാണ് കക്കൂസുകള്‍ അടക്കമുള്ളത്. മരിക്കുന്നവരെ മറവ് ചെയ്യുന്നതും ഇവിടെത്തന്നെ.

ഫോട്ടോ: ഷഫീഖ് താമരശ്ശേരി

“വെള്ളത്തില്‍ മെഴുക്ക് പൊങ്ങിക്കിടക്കുകയാണ്. ജലക്ഷാമം നേരിടുന്നതുകൊണ്ട് കിലോമീറ്ററുകള്‍ നടന്നാലും വെള്ളം കിട്ടാനുമില്ല. ഞങ്ങളുടെ വെള്ളത്തില്‍ ഞങ്ങള്‍ക്ക് അലക്കാന്‍ പോലും കഴിയില്ല. മറ്റ് സ്ഥലത്ത് പോയാല്‍ ഉപ്പുരസമുള്ള വെള്ളമാണ്. ഞങ്ങളുടെ സ്ഥലത്ത് ഭൂരിഭാഗവും കാന്‍സറും കിഡ്നി രോഗങ്ങളുമുള്ള ആളുകളാണ്. ഈ വെള്ളം കുടിച്ചതുകൊണ്ട് ഉണ്ടായതാണ് ഇത്. അനിയത്തിയുടെ ഒന്നര വയസ്സുകാരനായ മകന്‍ വിഘ്നേഷിന് ഗുരുതരമായ കിഡ്നി രോഗമാണ്. ഇവിടുത്തെ മിക്ക കുട്ടികള്‍ക്കും രോഗമാണ്”. അംബിക പറയുന്നു.

മഴപെയ്തപ്പോള്‍ കോളനികളിലെ കക്കൂസ് കുഴികളില്‍നിന്നും കിണറുകളിലേക്ക് വെള്ളം ഊര്‍ന്നിറങ്ങി. വെള്ളത്തിലെ ഇ-കോളി ബാക്ടീരിയയുടെ അളവ് പതിന്മടങ്ങ് വര്‍ദ്ധിച്ചു. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്ടിച്ചത്. മിക്ക വീടുകളിലും വിവിധ രോഗങ്ങളുമായി ആളുകള്‍ കഴിഞ്ഞുകൂടി. ശ്വാസം മുട്ടല്‍, ക്ഷയം, ആസ്തമ, കിഡ്‌നിരോഗങ്ങള്‍, ശരീരം ചൊറിച്ചില്‍, ചെരങ്ങ് എന്നിവ ഇവിടുത്തെ കുട്ടികളിലും മുതിര്‍ന്നവരിലും സര്‍വ്വസാധാരണമായി. ദേഹത്തെ ചൊറിച്ചില്‍ മാറിയ കാലം ഇവിടെ ആര്‍ക്കും ഓര്‍മയില്‍ പോലുമില്ല.

“പഞ്ചായത്ത് രണ്ട് കിണര്‍ ഇവിടെത്തന്നെ കുഴിച്ചുതന്നിരുന്നു. എന്നാല്‍ ഈ കിണറുകളിലും ഇതേ അവസ്ഥയാണ്. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലമായത് കൊണ്ട് മഴയായാല്‍ ഈ വെള്ളമെല്ലാം കിണറിലേക്കാണ് പോകുന്നത്. കിണറുകളിലെ വെള്ളത്തിന് ഓരോ ദിവസവും ഓരോ നിറമാണ്. മഞ്ഞയും ചുവപ്പും പച്ചയും കളറുകളിലാണ് വെള്ളമുള്ളത്. ഇത്രയും പ്രശ്നങ്ങളുള്ള ഇതേ സ്ഥലത്തുതന്നെ വീണ്ടും കിണറുകുഴിക്കാന്‍ പഞ്ചായത്തിന്‍ നിന്നും ആളുകള്‍ വന്നപ്പോള്‍ ഞങ്ങള്‍ തടഞ്ഞു”. പ്രദേശവാസി ഗീത പറയുന്നു.

മൂന്ന് പതിറ്റാണ്ടിലേറെയായി തങ്ങളനുഭവിക്കുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം വേണമെന്നാശ്യപ്പെട്ടുകൊണ്ട് പ്രദേശവാസികള്‍ നിരവധി തവണ അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഒരു സര്‍ക്കാര്‍ സംവിധാനവും സ്വീകരിച്ചില്ല. ജനപ്രതിനിധികളും ഈ പ്രശ്‌നങ്ങളോട് മുഖം തിരിച്ചു നിന്നു. ഈ സാഹചര്യത്തിലാണ് പ്രദേശത്തുള്ള സ്തീകള്‍ സംഘടിച്ച് സമരത്തിലേക്കിറങ്ങിയത്.

ഫോട്ടോ: ഷഫീഖ് താമരശ്ശേരി

“രണ്ടും മൂന്നും കോളനികള്‍ ചേര്‍ന്ന പ്രദേശമാണ് ഞങ്ങളുടേത്. ഇവിടെ മലം കലര്‍ന്ന വെള്ളമാണ് ഉള്ളത്. ഇരുമ്പിന്റെ അംശം വലിയതോതില്‍ കൂടുതലാണെന്ന് പഠനം നടത്തി കണ്ടെത്തിയ സ്ഥലമാണിത്. ഗ്രാമസഭയില്‍ മുപ്പത് വര്‍ഷത്തിലധികമായി കുടിവെള്ളത്തിനുള്ള അപേക്ഷ നല്‍കിയതാണ്. വെള്ളം വരുമെന്ന് പറഞ്ഞ് പൈപ്പുകള്‍ സ്ഥാപിച്ച പോയതല്ലാതെ ഇതുവരെ വെള്ളെമെത്തിയിട്ടില്ല”. പ്രദേശവാസി ശ്രീകല പറയുന്നു.

സ്ത്രീകളും കുട്ടികളും സമരത്തില്‍ പങ്കുചേര്‍ന്നു. ദാഹജലക്കൂട്ടായ്മ, സമര ജലകണ്‍വെന്‍ഷന്‍, ജനങ്ങള്‍ സാക്ഷി എന്നിങ്ങനെ വിവിധങ്ങളായ സമരരീതികള്‍ക്കൊടുവില്‍ ഇക്കഴിഞ്ഞ വിഷുദിനത്തില്‍ പ്രദേശത്തെ മുഴുവന്‍ ആളുകളും കിണറുകളിലെ വെള്ളം കുപ്പിയില്‍ നിറച്ച് പ്രകടനമായി പയ്യോളി നഗരസഭയുടെ മുന്നിലെത്തി. ഒരു ദിവസം മുഴുവന്‍ അവര്‍ നഗരസഭയുടെ മുന്നില്‍ ഉപവാസമിരുന്നു.

ഇതേത്തുടര്‍ന്ന് കേന്ദ്ര ജല ഗവേഷണ സ്ഥാപനമായ സി.ഡബ്ല്യൂ.ആര്‍.ഡി.എം (സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ആന്റ് മാനേജ്‌മെന്റ്) ഇവിടെ പഠനത്തിനെത്തി. സി.ഡബ്ല്യൂ.ആര്‍.ഡി.എമ്മിലെ ടെക്‌നിക്കല്‍ ഓഫീസര്‍ പി.കെ ശശിധരന്‍, സയന്റിസ്റ്റ് പി.ടി ഷമീര്‍ എന്നിവര്‍ പയ്യോളി തീരദേശ മേഖലയില്‍ വിദഗ്ധ പരിശോധന നടത്തി. പയ്യോളി ടൗണിന് സമീപം റെയില്‍വേ ഗേറ്റ് മുതല്‍ കടപ്പുറം വരെയുള്ള വലിയൊരു പ്രദേശത്തെ ഓരോ മേഖലയില്‍ നിന്നും ഒരു ലിറ്റര്‍ വെള്ളം വീതമെടുത്ത് പരിശോധനയ്ക്ക് വിധേയമാക്കി. മെയ് 24ന് പുറത്തു വന്ന ഈ പഠനത്തില്‍ കേരളത്തിലെ മറ്റൊരിടത്തെയും ജലത്തില്‍ ഇത്രയധികം ഇരുമ്പിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നായിരുന്നു സി.ഡബ്ല്യൂ.ആര്‍.ഡി.എമ്മിന്റെ റിപ്പോര്‍ട്ട്. പോയന്റ് മൂന്ന് മില്ലി ഗ്രാമാണ് ഒരു ലിറ്റര്‍ വെള്ളത്തില്‍ അനുവദനീയമായ ഇരുമ്പിന്റെ അംശം. പയ്യോളിയില്‍ 40-ന്റെയും 60-ന്റെയും ഇടയിലാണ് മിക്ക കിണറുകളിലെയും ഇരുമ്പിന്റെ അംശമെന്നാണ് സി.ഡബ്ല്യു.ആര്‍.ഡി.എം പറയുന്നത്.

ഫോട്ടോ: ഷഫീഖ് താമരശ്ശേരി

ഇരുമ്പിന്റെ അംശം വെള്ളത്തില്‍ ഇത്രമേല്‍ കൂടുതലായിരിക്കുന്നതിന്റെ കാരണം കണ്ടെത്താന്‍ കൂടുതല്‍ സമഗ്രമായ പഠനങ്ങള്‍ വേണ്ടി വരുമെന്നാണ് സി.ഡബ്ല്യൂ.ആര്‍.ഡി.എമ്മിലെ ഗവേഷകര്‍ പറയുന്നത്. മാരകരോഗങ്ങള്‍ സൃഷ്ടിക്കുന്ന ബാക്ടീരിയകളുടെ അളവും ഇവിടെ ക്രമാതീതമായി കൂടുതലാണെന്നാണ് ഇവരുടെ റിപ്പോര്‍ട്ട്. ഇവയുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ സംബന്ധിച്ച് വിദഗ്ദ മെഡിക്കല്‍ സംഘത്തെ ഉപയോഗിച്ച് പഠനം നടത്തണമെന്ന് സി.ഡബ്ല്യൂ.ആര്‍.ഡി.എം ശുപാര്‍ശയും ചെയ്തു. കൂടാതെ യാതൊരു തരത്തിലും കുടിക്കാനായി ഇനി ഈ വെള്ളം ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശവും നല്‍കി.

തുടര്‍ന്ന വിഷയം എം.എല്‍.എ കെ ദാസന്‍ നിയമസഭയില്‍ പ്രശ്നം ഉന്നയിച്ചിരുന്നു. അടിയന്തിരമായി കുടിവെള്ളമെത്തിക്കണമെന്ന തീരുമാനവുമായി. എന്നാല്‍ സഭയില്‍ ചര്‍ച്ചയായിട്ടും പയ്യോളിക്കാര്‍ക്ക് വെള്ളമെത്തിയില്ല.

അനാസ്ഥ തുടര്‍ന്ന് അധികാരികള്‍

സി.ഡബ്ല്യൂ.ആര്‍.ഡി.എമ്മിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ജനങ്ങള്‍ പ്രതിഷേധവുമായി മുന്നോട്ട് വന്നമ്പോള്‍ ആ ദിവസങ്ങളില്‍ മാത്രം അധികൃതര്‍ ലോറിയിലും ടാങ്കറിലുമായി വെള്ളമെത്തിച്ചുകൊടുത്തു. എന്നാല്‍ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണാന്‍ ഇതുവരെ അധികൃതരാരും തയ്യാറായിട്ടില്ല. “പൈപ്പ് വഴി ശുദ്ധജലം എത്തിക്കാനുള്ള പല പദ്ധതികളും കാലങ്ങളായി ഇവിടെ നടപ്പിലാക്കിയെങ്കിലും വീടുകളിലും കവലകളിലും നോക്കുകുത്തിപോലെ കിടക്കുന്ന കുറെ ടാപ്പുകള്‍ മാത്രമാണ് ഇപ്പോഴുമുള്ളത്” ശ്രീകല പറയുന്നു.

ഫോട്ടോ: ഷഫീഖ് താമരശ്ശേരി

“കേരളത്തിലെ തന്നെ വലിയ ശുദ്ധജല റിസര്‍വോയറുകളിലൊന്നായ പെരുവണ്ണാമുഴി റിസര്‍വോയറിലേക്ക് ഇവിടെനിന്നും സ്ഥിതി ചെയ്യുന്നത് ഇവിടെ നിന്നും 30 കിലോമീറ്റര്‍ മാത്രം അകലെയാണെന്നിരിക്കെയാണ് പയ്യോളിയിലെ ജനങ്ങളുടെ ഈ ദുരിത ജീവിതത്തെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നത്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ നടത്തുന്ന ഭിന്നിപ്പുകള്‍ വഴി പ്രാദേശിക ജനതയുടെ സമരത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളും കാര്യമായി തന്നെ നടക്കുന്നുണ്ട്. വിഷുദിനത്തില്‍ നടന്ന ഉപവാസ സമരത്തിന് പുറത്തുനിന്നും വന്ന തീവ്രവാദികളുടെ സഹായമുണ്ടന്ന് പോലും പോലീസ് ആരോപിച്ചിരുന്നു” സമരസമിതി നേതാവ് സമദ് പറയുന്നു.

ദുരിതമനുഭവിച്ച് കോളനിക്കാര്‍

മൂന്ന് പതിറ്റാണ്ടോളമായി ഒരു പ്രദേശം മുഴുവന്‍ കുടിവള്ളവമുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുവെങ്കിലും പ്രത്യക്ഷത്തില്‍ ഇതിന്റെ ഇരകളാകേണ്ടി വരുന്നതും രൂക്ഷമായ ജീവിത സാഹചര്യങ്ങളിലകപ്പെടുന്നതും ഇവിടുത്തെ മൂന്ന് മിച്ചഭൂമി കോളനികളില്‍ കഴിയുന്ന ദളിത് പിന്നോക്ക വിഭാഗത്തില്‍പെട്ട സാരണക്കാരാണ്. മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന ഇവിടുത്തെ സാധാരണക്കാര്‍ തിങ്ങി താമസിക്കുന്ന കോളനിയിലെ ജനങ്ങള്‍ എപ്പോഴും അവഗണനകള്‍ നേരിടുന്നവരാണ്.

അതോടൊപ്പം ആരോഗ്യപ്രശ്‌നങ്ങളും കുടിവെള്ളക്ഷാമവും കൂടിയായപ്പോള്‍ ഇവരുടെ സ്ഥിതി വളരെ വഷളായി. ബന്ധുക്കളൊന്നും ഇവരുടെ വീടുകളിലേക്ക് വരാതിരിക്കുന്ന അവസ്ഥയുണ്ട്. ഈ വിടുകളിലേക്കുള്ള വിവാഹാലോചനകള്‍ക്ക് ആരും തയ്യാറാകാതിരിക്കുന്ന സാഹചര്യങ്ങളും ഉണ്ടാകുന്നു. ഇവരുടെ പ്രശ്‌നങ്ങള്‍ നഗരസഭയില്‍ ഉന്നയിച്ച വാര്‍ഡ് മെമ്പറോട് പോലും “കോളനിയുടെ കാര്യമല്ലേ. അതവിടെ നില്‍ക്കട്ടെ” എന്നായിരുന്നു മറ്റ് അംഗങ്ങള്‍ പറഞ്ഞതെന്ന് സമരത്തിന്റെ മുന്നണി പ്രവര്‍ത്തകനായ എം.സമദ് പറഞ്ഞു.

ഫോട്ടോ: ഷഫീഖ് താമരശ്ശേരി

“പരസ്പരം ഇടകലര്‍ന്ന് താമസിക്കുന്ന ഇവരുടെ വീടുകളിലെ കിണറുകള്‍ക്ക് സെപ്റ്റിക് ടാങ്കുകളില്‍ നിന്നും മിനിമം പാലിക്കേണ്ട അകലം പോയിട്ട് രണ്ട് മീറ്റര്‍ പോലും അകലം പാലിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. കൊതുകുശല്യവും മറ്റ് മാലിന്യ പ്രശ്‌നവും ഇവിടെ രൂക്ഷമാണ്. പ്രദേശത്ത് തന്നെ കോളനികള്‍ക്ക് പുറത്തെ അല്‍പം സാമ്പത്തിക നിലയുള്ള വീടുകളില്‍ വാട്ടര്‍ പ്യൂരിഫെയറും, ഫില്‍ട്ടറുകളും, ആര്‍.ഒ പ്ലാന്റുകളുമെല്ലാം സ്ഥാപിച്ച് അവര്‍ ഈ പ്രശ്‌നത്തെ മറികടക്കുമ്പോള്‍ കാലങ്ങളായി തുടരുന്ന ഈ ദുരിത സാഹചര്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കാതെ വല്ലപ്പോഴും വരുന്ന ടാങ്കര്‍ ലോറി വെള്ളത്തില്‍ പ്രതീക്ഷയും നട്ട് കാത്തിരിക്കേണ്ട സ്ഥിതിയാണ് ഈ കോളനി നിവാസികള്‍ക്ക്. അടിയന്തിരമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടില്ലെങ്കില്‍ വരാന്‍ പോകുന്ന ദിവസങ്ങളില്‍ ശക്തമായ സമരങ്ങള്‍ക്ക് തയ്യാറെടുക്കാനാണ് തീരുമാനം”. സമദ് പറയുന്നു.

കുടിവെള്ളം കിട്ടിയില്ലെങ്കില്‍ മരിക്കാന്‍ തയ്യാറാണെന്നാണ് അംബിക പറയുന്നത്. ഒരു രക്തസാക്ഷി ഉണ്ടായാല്‍ സര്‍ക്കാരിന്റെ കണ്ണുതുറക്കുമോ എന്ന് ഈ വീട്ടമ്മ ചോദിക്കുന്നു. വിജയം വരെ സമരത്തിലേക്ക് എന്ന തീരുമാനത്തിലാണ് പയ്യോളിക്കാര്‍. ജനുവരി നാലിന് നഗരസഭയിലേക്ക് മാര്‍ച്ച് നടത്താന്‍ തയ്യാറെടുക്കുകയാണ് ഇവര്‍.

നിമിഷ ടോം

We use cookies to give you the best possible experience. Learn more