| Wednesday, 6th December 2017, 7:49 pm

ഓഖി മുന്നറിയിപ്പും ദുരന്ത നിവാരണവും: പിഴച്ചതാര്‍ക്ക് ?

അമേഷ് ലാല്‍

“”വള്ളത്തില്‍ പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന ചെറിയ സ്റ്റവ്വില്‍ കുറച്ച് പെട്രോള്‍ ബാക്കിയുണ്ടായിരുന്നു. അതുകൊണ്ട് മാത്രമാണ് ഇപ്പൊ ഞങ്ങള്‍ ജീവനോടെ ഇവിടെ നില്‍ക്കുന്നത്. അല്ലെങ്കില്‍ കാറ്റിനൊപ്പം ആഴക്കടലിലേക്ക് പോയി അവിടെ തന്നെയങ്ങ് തീര്‍ന്നേനെ”” കൊല്ലം മൂതാക്കര സുനാമി കോളനിയിലെ ടൈറ്റസിന്റെ വാക്കുകളില്‍ ഇപ്പോഴും ഭീതി നിഴലിക്കുന്നു. കേരള തമിഴ്‌നാട് തീരങ്ങളെ വിറപ്പിച്ച് കടന്നു പോയ ഓഖി ചുഴലിക്കൊടുങ്കാറ്റില്‍ പെട്ട് പോയ ദിവസങ്ങളെ ഓര്‍ത്തെടുക്കുകയാണ് ഈ മത്സ്യത്തൊഴിലാളി.

“ബുധനാഴ്ച രാത്രി ഒരു മണിയോടെയാണ് ഞങ്ങള്‍ പുറപ്പെട്ടത്. അതുവരെയും യാതൊരു മുന്നറിയിപ്പും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. ഏകദേശം നൂറു വള്ളങ്ങള്‍ ജോനകപ്പുറത്ത് നിന്ന് പോയിരുന്നു. പിറ്റേന്ന് ഉച്ചയോടെ വല പകുതിയും വലിച്ച് വള്ളത്തിലായി കഴിഞ്ഞപ്പോഴാണ് കൊടുങ്കാറ്റും പേമാരിയുമെത്തിയത്. വല അറുത്തു വിട്ടു. പാരച്യൂട്ട് കെട്ടി എങ്കിലും പാരച്യൂട്ട് കാറ്റ് കൊണ്ടുപോയി. പിന്നെ ഇരുമ്പ് കെട്ടിയിട്ട് കാറ്റിനൊപ്പം പോയി.

40 കിലോമീറ്റര്‍ വലയിട്ട ഞങ്ങള്‍ 120 കിലോമീറ്ററാണ് കാറ്റില്‍പ്പെട്ട് പോയത്. ഭീകരമായ കാറ്റായിരുന്നു. വലിയ തിരയടിച്ച് വള്ളത്തില്‍ വീഴും, വള്ളം മറിയാതിരിക്കാന്‍ അങ്ങോട്ടും ഇങ്ങോട്ടും ചരിഞ്ഞു കിടക്കും ഞങ്ങള്‍. വള്ളത്തിലുണ്ടായിരുന്ന എല്ലാ സാധനങ്ങളും കടല് കൊണ്ട് പോയി. ജിപിഎസ്, എക്കോ സൗണ്ടര്‍, വയര്‍ലെസ്സ് എല്ലാം പോയി. ഒന്ന് ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ട്.

ആന്റണി

പിറ്റേദിവസം രാവിലെ ആയപ്പോഴേക്കും കാറ്റിനൊപ്പം പിടിച്ചിട്ട് പെട്രോള്‍ തീര്‍ന്നു. പിന്നെ സ്റ്റവ്വില്‍ നിന്ന് പെട്രോള്‍ ഊറ്റി എഞ്ചിന്‍ സ്റ്റാര്‍ട്ടാക്കി കുറച്ച് ദൂരം ചെന്നപ്പോള്‍ ഭാഗ്യത്തിന് ഒരു സ്റ്റോര്‍ വള്ളം കണ്ടു അവര്‍ 5 ലിറ്റര്‍ പെട്രോള്‍ തന്നു അതുംകൊണ്ടാണ് വള്ളം ഓടിച്ച് വന്നത്. ടൈറ്റാനിയം ഭാഗത്തെത്തിയപ്പോ അതും തീര്‍ന്നു. പിന്നെ ഒരു ലിറ്റര്‍ മണ്ണെണ്ണ ഉണ്ടായിരുന്നത് ഒഴിച്ച് വല്ല വിധേനയും നീണ്ടകരയില്‍ ഓടിച്ച് കയറ്റി.” ടൈറ്റസ് പറയുന്നു.

ബുധനാഴ്ച രാത്രി കടലില്‍ പോയ കാല്‍വരിനാഥന്‍ എന്ന ആ വള്ളം നീണ്ടകര ഹാര്‍ബറില്‍ എത്തിയപ്പോള്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു. ഒരു ദിവസത്തെ ഭക്ഷണം മാത്രമാണ് വള്ളത്തില്‍ കരുതിയിരുന്നത്. രാത്രി പോയി പിറ്റേ ദിവസം ഉച്ചയോടെ മടങ്ങിയെത്തുന്നതാണ് ഇവരുടെ രീതി. ടൈറ്റസിനെ കൂടാതെ വള്ളം ഉടമയായ കെന്നഡി, തദ്ദേവൂസ്, സഖറിയാസ് എന്നിവരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. യാതൊരു മുന്നറിയിപ്പും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ജോനകപ്പുറത്തെ മത്സ്യത്തൊഴിലാളികള്‍ ആവര്‍ത്തിച്ച് പറയുന്നു. നമ്മുടെ കാലാവസ്ഥാ പ്രവചനത്തിന്റെയും ദുരന്തനിവാരണ സംവിധാനങ്ങളുടെയും പരിമിതികള്‍ തന്നെയാണ് 2004 ഡിസംബറില്‍ സുനാമി തകര്‍ത്ത തീരത്ത് നിന്ന് മറ്റൊരു ഡിസംബറില്‍ ഈ തൊഴിലാളികള്‍ പങ്കു വെക്കുന്നത്.

നവംബര്‍ 29 ഉച്ചയോടെയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയുടെ സമീപത്തായി, കന്യാകുമാരിയില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെ ന്യൂനമര്‍ദ്ദം രൂപം കൊണ്ടത്. അടുത്ത പുലര്‍ച്ചയോടെ ന്യൂനമര്‍ദ്ദം കന്യാകുമാരിക്ക് 270 കിലോമീറ്റര്‍ തെക്കുകിഴക്ക് എത്തി. നവംബര്‍ 30 രാവിലെ എട്ടു മണിയോടെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി കന്യാകുമാരിയിലേക്ക് നീങ്ങി. കേരളത്തിന് 170 കിലോമീറ്റര്‍ തെക്ക് കിഴക്ക് ഭാഗത്തായിരുന്നു ന്യൂനമര്‍ദ്ദ പാത.

ഈ സമയത്തും കേരളത്തില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല. നവംബര്‍ 30 ഉച്ചയ്ക്ക് 12 മണിയോടെയാണ് കേരളത്തിനും തമിഴ്‌നാടിനും ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചത്. ചുഴലിക്കാറ്റിന് ഓഖി എന്ന പേരും നല്‍കി. മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച ഉണ്ടായതായി ആരോപണം ഉയര്‍ന്നതോടെ വീഴ്ച ആരുടെതെന്ന രാഷ്ട്രീയ വിവാദവും ഉയര്‍ന്നു. സംസ്ഥാന സര്‍ക്കാരിന് വീഴ്ച സംഭവിച്ചില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മണിക്കൂറുകള്‍ക്കുള്ളില്‍ നിലപാട് മാറ്റി.

ജോസഫ്

ന്യൂനമര്‍ദ്ദ മുന്നറിയിപ്പുകള്‍ സ്ഥിരമായി ഉണ്ടാകുന്നതാണെന്നും പതിനൊന്ന് മണിയോടെയാണ് ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയതെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിശദീകരണം.

“വ്യാഴാഴ്ച രാവിലെ അഞ്ചരയോടെയാണ് ഞങ്ങള്‍ പുറപ്പെട്ടത്, അതുവരെ യാതൊരു മുന്നറിയിപ്പും ഞങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല, 35 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്ന അറിയിപ്പ് മാത്രമാണ് ലഭിച്ചത്, ഞങ്ങള്‍ 45 – 50 കിലോമീറ്റര്‍ കാറ്റുള്ളപ്പോള്‍ കടലില്‍ പോകുന്നവരാണ്. ഇപ്പോള്‍ 120 കിലോമീറ്റര്‍ സ്പീഡിലാണ് കാറ്റടിച്ചത്. ഉച്ചയോടെ കാറ്റും മഴയും ആരംഭിച്ചു. മൂന്ന് ദിവസം കടലില്‍ ഒഴുകി നടക്കുകയായിരുന്നു ഞങ്ങള്‍.” കൊല്ലം കടപ്പുറത്തെ ജോനകപ്പുറം മാതാ ഭവനില്‍ ആന്റണി പറയുന്നു.

നാവികസേനയുടെ ഹെലികോപ്റ്റര്‍ ശനിയാഴ്ച ഉച്ചയ്ക്കാണ് ആന്റണിയുടെ വേളാങ്കണ്ണി മാതാ വള്ളത്തെയും അതിലകപ്പെട്ട നാലുപേരെയും കണ്ടെത്തിയത്. അതുവരെ കടലില്‍ ഒഴുകി നടക്കുകയായിരുന്നുവെന്നും കൊല്ലത്ത് നിന്ന് പോയ തങ്ങളെ തൃശൂരിന് അടുത്ത് വെച്ചാണ് ഹെലികോപ്റ്റര്‍ കണ്ടെത്തുന്നതെന്നും ആന്റണി പറഞ്ഞു.

“രാവിലെ എട്ടു മണിക്ക് തന്നെ ഞങ്ങളുടെ അടുത്ത് കൂടി ഹെലികോപ്റ്റര്‍ പോയിരുന്നു. എന്നാല്‍ അവര്‍ ഞങ്ങളെ കണ്ടില്ല. അവരെന്തോ ജോലി തീര്‍ക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. അതേ സ്ഥലത്ത് കൂടി തന്നെ രണ്ടു തവണ ഹെലികോപ്റ്റര്‍ പോയി. മൂന്നാം തവണ ഞങ്ങള്‍ ടാര്‍പ്പ കെട്ടി കാറ്റിനൊപ്പം നീങ്ങി അവരുടെ വഴിയിലേക്ക് എത്തിയ ശേഷമാണ് അവര്‍ ഞങ്ങളെ കണ്ടെത്തിയത്. അപ്പോഴേക്കും ഉച്ചയായിരുന്നു.”

ടൈറ്റസ്, മത്സ്യഫെഡ് റേഷന്‍ ക്യൂവില്‍

പത്താം വയസില്‍ കടലില്‍ പോയി തുടങ്ങിയതാണ് 39 കാരനായ ആന്റണി. വള്ളവും വലയുമടക്കം മൂന്ന് ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. മത്സ്യഫെഡില്‍ നിന്നുള്ള ലോണ്‍ ഉപയോഗിച്ചാണ് വള്ളവും ഉപകരണങ്ങളും വാങ്ങിയിട്ടുള്ളത്. മത്സ്യഫെഡിന്റെ ലോണിന് ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലും അത് പരമാവധി നല്കാതിരിക്കാനാണ് ഇന്‍ഷുറന്‍സ് കമ്പനി ശ്രമിക്കുകയെന്ന് ഇദ്ദേഹം പരാതിപ്പെടുന്നു.

” വള്ളം പൂര്‍ണ്ണമായും നഷ്ടപ്പെട്ടാല്‍ തെളിവില്ല എന്ന് പറയും, ഭാഗികമായി കേടായാല്‍ അതിന് നഷ്ടപരിഹാരം നല്‍കാന്‍ വകുപ്പില്ലെന്ന് പറയും.” ” ഞങ്ങള്‍ക്ക് വേണ്ടത് സത്യസന്ധമായ മുന്നറിയിപ്പാണ്. മഴ വരുന്ന സമയത്ത് ഇവര് പറയില്ല, ഇല്ലാത്തപ്പോള്‍ പറയും, തൊഴില്‍ നഷ്ടമാകുന്നത് മാത്രമാണ് മെച്ചം. ” മൂതാക്കര മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിന് മുന്നില്‍ നഷ്ടപരിഹാര അപേക്ഷ നല്‍കാന്‍ കാത്തിരിക്കുന്നതിനിടെ ആന്റണി പറഞ്ഞു നിര്‍ത്തി. കെപ്‌സണ്‍, ദയാളന്‍, കെജിന്‍ എന്നിവരും ആന്റണിക്കൊപ്പം വള്ളത്തില്‍ ഉണ്ടായിരുന്നു.

“എന്റെ കുട്ടി ആറാം ക്ലാസിലാണ് പഠിക്കുന്നത്, ടിവിയില്‍ കാലാവസ്ഥാ പ്രവചനം കേള്‍ക്കുമ്പോള്‍ അവള്‍ പറയും അപ്പന് നാളെ ധൈര്യമായിട്ട് ജോലിക്ക് പോകാം, മഴയുണ്ടാകുമെന്ന് കാലാവസ്ഥക്കാര് പറഞ്ഞിട്ടുണ്ടെന്ന് ” ഞങ്ങളുടെ കൊച്ചു കുട്ടികള്‍ക്ക് പോലും കാലാവസ്ഥാ മുന്നറിയിപ്പിനെ കുറിച്ച് ഇതാണ് അഭിപ്രായം. മുന്നറിയിപ്പ് കൃത്യമായി നല്‍കുന്നതില്‍ ഈ സംവിധാനം പരാജയമാണ്. ഇപ്പോള്‍ ചുഴലിക്കാറ്റിന്റെ സമയത്തും യാതൊരു മുന്നറിയിപ്പും ലഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ കൊല്ലം ജില്ലയിലെ മികച്ച മത്സ്യത്തൊഴിലാളിക്കുള്ള മത്സ്യശ്രീ അവാര്‍ഡ് ജേതാവ് ജോസഫ് പറയുന്നു.

ഇത്രയും വലിയ കടല്‍ത്തീരമുള്ള കേരളത്തില്‍ ഒരു അപകടം ഉണ്ടായാല്‍ പോയി രക്ഷിക്കാനുള്ള സംവിധാനങ്ങള്‍ പരിമിതമാണെന്നും, മറൈന്‍ എന്‍സ്‌ഫോഴ്‌മെന്റ് വിഭാഗത്തിന് യാതൊരു സൗകര്യങ്ങളും ഇല്ലെന്നും ജോസഫ് പറയുന്നു.

“തെരച്ചില്‍ സംഘത്തില്‍ വിദഗ്ദരായ മത്സ്യത്തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തണം. പോലീസിന്റെ മുന്നറിയിപ്പ് അവഗണിച്ച് തന്റേതുള്‍പ്പെടെയുള്ള ബോട്ടുകളില്‍ പോയ മത്സ്യത്തൊഴിലാളികളാണ് നാല് പേരെ രക്ഷിക്കുകയും മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും ചെയ്തത്. അതുപോലെ തന്നെ മത്സ്യ തൊഴിലാളികള്‍ക്ക് സുരക്ഷാ കിറ്റ് അടിയന്തിരമായി നല്‍കണം. കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ കാലത്ത് കിറ്റ് നല്‍കിയിരുന്നു. ഇപ്പൊ 7 വര്‍ഷമായി. അടിയന്തിരമായി ഇത് മാറ്റി നല്‍കണം. അപകടമുണ്ടായാല്‍ കോസ്റ്റ് ഗാര്‍ഡിനും പോലീസിനും സന്ദേശം ലഭിക്കുന്ന ബീക്കണ്‍ സമ്പ്രദായം നടപ്പിലാക്കണം. ഇത് നടപ്പിലാക്കാന്‍ ബോധവത്കരണം നടത്തണം. ഈ സര്‍ക്കാര്‍ ഇക്കാര്യങ്ങളൊക്കെ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.” ജോസഫ് പറയുന്നു.

കായലിലും കടലില്‍ ഒന്ന് രണ്ടു കിലോമീറ്ററിനകത്തും മൃതദേഹങ്ങള്‍ വല്ലതും കണ്ടെത്തിയാല്‍ പോയി എടുക്കാമെന്നല്ലാതെ തീരദേശ സേനയെ കൊണ്ട് മറ്റൊന്നും കഴിയില്ലെന്ന് മത്സ്യ തൊഴിലാളികള്‍ ആരോപിക്കുന്നു. സേനയുടെ സഹായം തേടുകയല്ലാതെ രക്ഷാപ്രവര്‍ത്തനത്തിന് യാതൊരു സംവിധാനവും ഇവിടെ ഇല്ല. മത്സ്യത്തൊഴിലാളികള്‍ പ്രതികൂല കാലാവസ്ഥ വകവെക്കാതെയാണ് രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിക്കുന്നതെന്നും ഇവര്‍ പറയുന്നു.

കോസ്റ്റ് ഗാര്‍ഡിന് പരിശീലനം കൊടുത്ത് അയക്കുന്നത് പോലെ 365 ദിവസവും കടലില്‍ കഴിയുന്ന മത്സ്യ തൊഴിലാളികള്‍ക്ക് കൂടി ആവശ്യമായ ഉപകരണങ്ങള്‍ നല്‍കി രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തണം എന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ 12 നോട്ടിക്കല്‍ മൈലിന് പുറത്ത് നേവിക്കാണ് പൂര്‍ണ്ണ അധികാരമെന്നും, മത്സ്യ തൊഴിലാളികളെ കൂടെ കൊണ്ട് പോകാന്‍ അവരുടെ നിയമങ്ങള്‍ അനുവദിക്കില്ലെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

മത്സ്യ തൊഴിലാളികള്‍ ഇപ്പോള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകണമെങ്കില്‍ പഞ്ചിംഗ് സമ്പ്രദായം നടപ്പിലാക്കണമെന്നും പഞ്ചിംഗ് ബൂത്തുകള്‍ സ്ഥാപിച്ച് പഞ്ചിംഗ് സമ്പ്രദായം നടപ്പിലാക്കിയാല്‍ മാത്രമേ കടലില്‍ പോകുന്ന തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിക്കൂ എന്നും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ എം.മുകേഷ് എം.എല്‍.എയുടെ പ്രൈവറ്റ് സെക്രട്ടറി സുധീര്‍ പറയുന്നു.

എല്ലാ ബോട്ടുകളും പഞ്ച് ചെയ്ത ശേഷം മാത്രം കടലില്‍ പോയാല്‍ , എത്ര പേര്‍ പോയിട്ടുണ്ട്, എത്ര പേര്‍ തിരിച്ച് വന്നു, എത്ര പേര്‍ക്ക് അറിയിപ്പ് നല്‍കി ഇതെല്ലാം അറിയാനും ഏകോപിപ്പിക്കാനും പഞ്ചിംഗ് സമ്പ്രദായം സഹായിക്കുമെന്നും, എം.എല്‍.എ ഇക്കാര്യം ആവശ്യപ്പെടുമെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ കൊല്ലം തീരത്ത് നിന്ന് പോകുന്ന തൊഴിലാളികള്‍ പലരും പല സമയത്തേക്ക് കടലില്‍ പോകുന്നവരാണ്. ചിലര്‍ ഒരു മാസത്തേക്ക്, ചിലര്‍ രണ്ടാഴ്ചത്തേക്കും, ചിലര്‍ ഒരു ദിവസത്തേക്കും രണ്ടു ദിവസത്തേക്കും കടലില്‍ പോകുന്നവരാണ്. അതുകൊണ്ട് തന്നെ പഞ്ചിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തല്‍ വെല്ലുവിളിയായിരിക്കുമെന്നുമാണ് മത്സ്യത്തൊഴിലാളിയായ ജോസഫിന്റെ അഭിപ്രായം.

വിഴിഞ്ഞം, പൂന്തുറ ഭാഗങ്ങളിലാണ് ഓഖി ചുഴലിക്കാറ്റ് കൂടുതല്‍ നാശം വിതച്ചത്. മരിച്ചവരിലേറെയും പൂന്തുറയില്‍ നിന്നുള്ളവരായിരുന്നു. ആദ്യ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ വീഴ്ച സംഭവിച്ചു എന്നാരോപിച്ച് മത്സ്യതൊഴിലാളികള്‍ റോഡ് ഉപരോധിക്കുകയും മന്ത്രിമാര്‍ക്കും വിഴിഞ്ഞത്തെത്തിയ മുഖ്യമന്ത്രിക്കും നേരെ കടുത്ത പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു.

കടുത്ത ന്യൂനമര്‍ദം, ചുഴലി സാധ്യത എന്നിവ സംബന്ധിച്ച അറിയിപ്പ് 30-നാണ് ലഭിച്ചതെങ്കില്‍ 28-നും 29-നും കടലില്‍ പോയവരാണ് കൂടുതലും ചുഴലിയില്‍പെട്ടത്. കോസ്റ്റ്ഗാര്‍ഡിന്റെ 8 കപ്പലുകള്‍, ഒരു ഹെലികോപ്റ്റര്‍, നാവികസേനയുടെ 7 കപ്പലുകള്‍, 2 വിമാനങ്ങള്‍, 4 ഹെലികോപ്റ്ററുകള്‍, വ്യോമസേനയുടെ ഒരു വിമാനം, 2 ഹെലികോപ്റ്ററുകള്‍ എന്നിവ തിരച്ചിലിന് ഉപയോഗിച്ചിരുന്നു. ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ കണക്ക് പ്രകാരം 31 പേരാണ് മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 16 മൃതദേഹങ്ങള്‍ എത്തിച്ചിട്ടുണ്ട്. ഇതില്‍ 10 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. നൂറിലധികം മത്സ്യത്തൊഴിലാളികള്‍ ഇനിയും തിരിച്ചെത്താനുണ്ടെന്ന് ലത്തീന്‍ കത്തോലിക്കാ കൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്.

“കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് അവ്യക്തമായ ഒരു അറിയിപ്പാണ് ദുരന്തനിവാരണ ഏജന്‍സികള്‍ക്ക് ലഭിച്ചതെന്നാണ് മനസ്സിലാക്കുന്നത്. ഡിസാസ്റ്റര്‍ മാനേജ്‌മെന്റും ആ അറിയിപ്പിനെ ജാഗ്രതയോടെയല്ല കണ്ടത്. ലാഘവബുദ്ധിയോടെ കൈകാര്യം ചെയ്തത് കൊണ്ടാണ് ഇത്രയും കാഷ്വാലിറ്റി ഉണ്ടായത്. സര്‍ക്കാര്‍ മെഷീനറികള്‍ ചലിപ്പിക്കുന്നതില്‍ തുടക്കത്തില്‍ വീഴ്ച പറ്റിയിട്ടുണ്ട്.” സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷന്‍ നേതാവ് ടി.പീറ്റര്‍ പറയുന്നു.

30 ന് ഉച്ചയോടെ കടല്‍ പ്രക്ഷുബ്ധമായി. പിന്നെ ആര്‍ക്കും കടലില്‍ പോകാനോ, കടലില്‍ ഉള്ളവര്‍ക്ക് കരയിലേക്ക് ബന്ധപ്പെടാനോ ഒന്നും കഴിഞ്ഞിട്ടില്ല. ദുരന്തനിവാരണത്തിന് ഒരു സ്ഥിരം സംവിധാനം ഇവിടെ ഇല്ല. എത്ര പേര്‍ കടലില്‍ ഉണ്ടെന്ന് പോലും തിരിച്ചറിയാന്‍ പറ്റാതെ പോയത് അവരുടെ കണക്കെടുപ്പിന്റെ പ്രശ്‌നമാണ്. ഓരോ ഗ്രാമത്തിലും സൊസൈറ്റികളുണ്ട്. അവരോട് ചോദിച്ച് ഓരോ സ്ഥലത്ത് നിന്നും എത്ര പേര്‍ പോയിട്ടുണ്ട് എന്നുള്ള കണക്കൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

“ഇനിയെങ്കിലും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്ഥിരം സംവിധാനം ആവശ്യമാണ്. സര്‍ക്കാര്‍ അതിന് മുന്‍കയ്യെടുത്ത്, മത്സ്യ തൊഴിലാളികളെ കൂടി വിശ്വാസത്തിലെടുത്ത് കൊണ്ട് മുന്നോട്ട് പോകണം. എന്ത് ചെയ്യാന്‍ കഴിയുമെന്ന് കൂട്ടായി ആലോചിക്കണം. ഈ മേഖലയിലെ ഉദ്യോഗസ്ഥര്‍, തൊഴിലാളി സംഘടനകള്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്,തീരദേശ പോലീസ്, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തുടങ്ങി എല്ലാ ഏജന്‍സികളെയും കൂട്ടി യോജിപ്പിച്ച് സംവിധാനമൊരുക്കാന്‍ സര്‍ക്കാരാണ് ശ്രമിക്കേണ്ടത്. ഇനിയൊരു ദുരന്തം ഒഴിവാക്കാന്‍ അതാണ് ചെയ്യാന്‍ കഴിയുന്നത്.” ടി.പീറ്റര്‍ പറയുന്നു.

അമേഷ് ലാല്‍

We use cookies to give you the best possible experience. Learn more