| Thursday, 28th December 2017, 10:51 am

പൊമ്പിളൈ ഒരുമൈ സമരത്തിനുശേഷം മൂന്നാറിലെ തൊട്ടംതൊഴിലാളികള്‍ക്ക് എന്തു സംഭവിച്ചു?: ഒരന്വേഷണം

മരിയ

മൂന്നാറിലെ തോട്ടംതൊഴിലാളികളുടെ ക്രിസ്തുമസ് ആഘോഷം ഇത്തവണയും അവരുടെ “കാലിതൊഴുത്തുകളില്‍” തന്നെയായിരുന്നു.. അതേ കാലിതൊഴുത്തുകളില്‍ പുതുവത്സരവും ആഘോഷിക്കും. മനുഷ്യര്‍ ജീവിക്കുന്ന തരത്തിലുളള ഒരു വീട് എന്ന 2017ലെ വാഗ്ദാനങ്ങള്‍ 2018ന്റെ പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോഴും അവര്‍ക്കു മുമ്പില്‍ വാഗ്ദാനമായി തന്നെ നില്‍ക്കുകയാണ്.

2015 സെപ്റ്റംബറില്‍ ദുരവസ്ഥകള്‍ക്കെതിരെ പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകള്‍ നടത്തിയ പോരാട്ടത്തെ തുടര്‍ന്നാണ് വീട്, അര്‍ഹമായ ശമ്പളം പോലുളള പ്രഖ്യാപനങ്ങള്‍ ഉണ്ടായത്. കാലിതൊഴുത്തുകളേക്കാള്‍ മോശമായ താമസ സ്ഥലങ്ങള്‍ (ലൈന്‍സ് അഥവാ ലയങ്ങള്‍) നവീകരിക്കുമെന്നായിരുന്നു പ്രധാന പ്രഖ്യാപനം.

മുഖ്യമന്ത്രിയും തോട്ടം തൊഴിലാളി യൂണിയനുകളും ജനപ്രതിനിധികളും പെമ്പിളൈ ഒരുമൈ നേതാക്കന്മാരും തോട്ടം തൊഴിലാളികളും ചേര്‍ന്നുണ്ടാക്കിയ കരാര്‍ രണ്ട് വര്‍ഷത്തിനു ശേഷവും നടപ്പായിട്ടില്ല. മൂന്നാം വര്‍ഷത്തിലും നടപ്പാകുന്ന ലക്ഷണമൊന്നും കാണുന്നില്ലെന്നാണ് തൊഴിലാളികളുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ലിസി സണ്ണി

നാലിലേറെ അംഗങ്ങള്‍ ഉള്ള തൊഴിലാളി കുടുംബങ്ങള്‍ ഒറ്റ മുറിവീടുകളിലാണ് ഇപ്പോഴും താമസിക്കുന്നത്. പള്ളിക്കൂടം പോലെ നീണ്ടു കിടക്കുന്ന ലൈന്‍സുകളില്‍ ഒരു തൊഴിലാളി കുടുംബത്തിന് രണ്ട് മുറി അനുവദിക്കണമെന്ന ആവശ്യം ഇതുവരെ നടപ്പിലായിട്ടില്ല. ഒരു സോപ്പുപെട്ടി പോലും അധികമാകുന്ന ലയങ്ങളില്‍ എങ്ങനെ പൂല്‍ക്കൂട് നിര്‍മ്മിക്കുമെന്ന് ചോദിക്കുന്നു പെമ്പിളൈ ഒരുമൈ നേതാവ് ലിസി സണ്ണി.

തേയില കമ്പനികള്‍ തോട്ടം തൊഴിലാളികള്‍ക്ക് ക്രിസ്തുമസ് ആഘോഷിക്കാന്‍ രണ്ട് ദിവസത്തെ സമയം അനുവദിച്ചു. കൂലിയോട് കൂടിയ അവധി. നൂറ്റിപ്പത്ത് ഡിവിഷനുകളിലും ക്രിസ്തുമസ് ദിവസവും തൊട്ടടുത്ത ദിവസവും അവധിയായിരുന്നു. പക്ഷെ എവിടേയും ക്രിസ്തുമസ് ഉണ്ടായിരുന്നില്ല. പുതുവത്സരവും അങ്ങനെ തന്നെയാവുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

തിരിച്ച് പിടിക്കുന്ന ശമ്പള അഡ്വാന്‍സ് അല്ലാതെ ക്രിസ്തുമസ് പുതുവത്സര ദിനങ്ങള്‍ ആഘോഷിക്കാന്‍ പ്രത്യേകമായി ഒന്നും തൊഴിലാളികള്‍ക്ക് ലഭിക്കുന്ന പതിവില്ല. പെമ്പിളൈ ഒരുമൈ സമരത്തിലെ കരാര്‍ വഴി ലഭിച്ച ശമ്പള വര്‍ധവിന്റെ മുന്‍കാല പ്രാബല്യം തൊഴിലാളികള്‍ക്ക് മുഴുവനായി നല്‍കിയിട്ടുമില്ല. പ്ലാന്റേഷന്‍ ലേബര്‍ കമ്മിഷന്‍ മീറ്റിങ്ങുകളില്‍ ചെറുകിട തോട്ടം ഉടമകളുടെ ശക്തമായ എതിര്‍പ്പ് തീരുമാനം വൈകുന്നതിന് കാരണമാവുകയാണ്. തോട്ടം തൊഴിലാളി യൂണിയനുകളുടെ അയഞ്ഞ നിലപാടാണ് മറ്റൊരു ഘടകം.

ലിസി സണ്ണി തൊഴിലാളികള്‍ക്കൊപ്പം

പട്ടിണികിടക്കാന്‍ അഞ്ഞൂറ് രൂപ വേണ്ട നാട്ടില്‍ തൊഴിലാളികളുടെ ദിവസക്കൂലിയായ 301 രൂപയ്ക്ക് എങ്ങനെ ഒരു കുടുംബം പുലരുമെന്ന് പെമ്പിളൈ ഒരുമൈ നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഗോമതി അഗസ്റ്റിന്‍ ആശങ്കപ്പെടുന്നു. ക്രിസ്തുമസ് നക്ഷത്രം 301 രൂപയില്‍ നിന്ന് കണ്ടെത്താന്‍ കഴിയുമോ? ഗോമതി ചോദിക്കുന്നു.

നല്ലൊരു നക്ഷത്രത്തിന് തൊഴിലാളികളുടെ ശമ്പളത്തിന്റെ പാതിയെങ്കിലും നല്‍കണം. പുതുവത്സരത്തില്‍ കുട്ടികള്‍ക്ക് പുതുവസ്ത്രങ്ങള്‍ വാങ്ങി നല്‍കുന്ന പതിവ് തോട്ടം മേഖലയിലുണ്ട്. നിത്യജീവത ചിലവുകള്‍ പതിന്മടങ്ങ് വര്‍ധിച്ച സാഹചര്യം പരിഗണിക്കുമ്പോള്‍ ഇത്തവണ അതും സാധ്യമാകാന്‍ ഇടയില്ലെന്ന് തോട്ടം തൊഴിലാളിയും പെമ്പിളൈ ഒരുമൈ നേതാവുമായ രാജേശ്വരി പറയുന്നു.

268 രൂപ ദിവസക്കൂലി 2015 ലെ പെമ്പിളൈ ഒരുമൈ സമരത്തെ തുടര്‍ന്ന് 301 രൂപയായി വര്‍ധിപ്പിച്ചിരുന്നു. പതിറ്റാണ്ടുകള്‍ക്കിടയില്‍ ആദ്യമായാണ് തൊഴിലാളികളുടെ വേദനം ഒറ്റയടിക്ക് 33 രൂപ വര്‍ധിക്കുന്നത്. അന്ന് അത് വലിയ നേട്ടമായി തോട്ടം തൊഴിലാളികള്‍ക്ക് തോന്നി. ബോണസിനെ ചൊല്ലി തുടങ്ങിയ സമരം ശമ്പള വര്‍ധനവും ബോണസും നേടി കൊടുത്തുവെന്നത് പെമ്പിളൈ ഒരുമൈ നേതാക്കള്‍ക്ക് ആശ്വാസത്തിന് ഇടനല്‍കി. എന്നാല്‍ ഇന്ന് പെമ്പിളൈ ഒരുമൈ എന്ന സംഘടന തന്നെ തകര്‍ന്ന നിലയിലാണ്.

പൊമ്പിളെ ഒരുമൈയിലെ പ്രശ്‌നങ്ങളും രാഷ്ട്രീയപാര്‍ട്ടികളുടെ മുതലെടുപ്പും

മൂന്നാറിലെ തോട്ടംതൊഴിലാളികളായ സ്ത്രീകളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്താനായി അവര്‍ രൂപീകരിച്ച പെമ്പിളൈ ഒരുമൈ എന്ന പ്രസ്ഥാനം 2015ലെ സമരത്തിനുശേഷം തകരുന്നതാണ് കണ്ടത്. 2015ലെ മൂന്നാര്‍ സമരത്തില്‍ തൊഴിലാളികള്‍ രാഷ്ട്രീയ പാര്‍ട്ടികളെ അകറ്റി നിര്‍ത്തുകയാണുണ്ടായത്. ഇതേത്തുടര്‍ന്ന് തൊഴിലാളികളോട് അനുഭാവപൂര്‍വ്വമെന്നവകാശപ്പെട്ട് തൊഴിലാളി യൂണിയനുകള്‍ സമാന്തരമായി സമരം സംഘടിപ്പിക്കുകയാണുണ്ടായത്.

ഗോമതി

പെമ്പിളൈ ഒരുമൈയ്‌ക്കൊപ്പം ചേരാനെന്ന പേരില്‍ എത്തിയ നേതാക്കളെ ഈ സംഘടനയിലുളളവര്‍ ചെരുപ്പൂരിയെറിഞ്ഞ സംഭവവുമുണ്ടായിരുന്നു. എന്നാല്‍ രണ്ടുവര്‍ഷത്തിനിപ്പുറം യൂണിയന്‍ നേതാക്കളെ ചേരുപ്പൂരിയെറിഞ്ഞ് ഓടിച്ച തോട്ടം തൊഴിലാളി സ്ത്രീയെ വൈകാതെ തന്നെ യൂണിയനുകള്‍ക്ക് സ്വന്തം സമര പന്തലിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു.

ലിസി, ഗോമതി, രാജേശ്വരി എന്നിവരായിരുന്നു പൈമ്പിളൈ ഒരുമൈ സമരത്തിന് നേതൃത്വം നല്‍കിയത്. ഇവരില്‍ ഗോമതി സമരകാലത്തു തന്നെ തൊഴിലാളി യൂണിയനുകള്‍ക്കൊപ്പം ചേര്‍ന്നിരുന്നു. ശക്തമായ പെമ്പിളൈ ഒരുമൈ സമരത്തെ തകര്‍ക്കാന്‍ കഴിയാതിരുന്ന യൂണിയന്‍ നടത്തിയ തന്ത്രപൂര്‍വ്വമായ ഇടപെടലാണ് പെമ്പിളൈ ഒരുമൈയില്‍ വിളളലുണ്ടാക്കിയതെന്നാണ് തൊഴിലാളികളില്‍ ഒരുവിഭാഗം പറയുന്നത്. സ്ത്രീകളുടെ സഹന സമരത്തെ കര്‍ശനമായി എതിര്‍ത്ത തോട്ടം ഉടമകളുടെ കടുത്ത സമ്മര്‍ദ്ദമാണ് യൂണിയനുകളുടെ ബദല്‍ സമരങ്ങള്‍ക്ക് ഇടയാക്കിയതെന്ന ആക്ഷേപമുയര്‍ന്നിരുന്നു.

ഗോമതിയെ അടര്‍ത്തിമാറ്റിയതോടെ സംഘടനയുടെ ശക്തി ക്ഷയിക്കുന്നതായാണ് കണ്ടത്. പടലപിണക്കങ്ങളും ആരോപണങ്ങളും ശക്തമായതോടെ സംഘടനയ്ക്ക് തോട്ടം തൊഴിലാളികള്‍ക്കിടയിലുണ്ടായ സ്വാധീനവും കുറഞ്ഞു. ഗോമതി പിന്നീട് സി.പി.ഐ.എമ്മിനേയും യൂണിയനേയും ഒഴിവാക്കി തിരികെ എത്തിയെങ്കിലും പെമ്പിളൈ ഒരുമയോടൊപ്പം ചേരാന്‍ മറ്റ് നേതാക്കള്‍ അനുവദിച്ചില്ല. ശരിയായ പെമ്പിളൈ ഒരുമൈയെന്ന് അവകാശവാദവുമായി ഗോമതിയും ലിസ്സിയും പ്രവര്‍ത്തിച്ച് തുടങ്ങിയതോടെ സംഘടന ഏതാണ്ട് പൂര്‍ണ്ണമായി തന്നെ യൂണിയനുകളുടെ കാല്‍ചുവട്ടിലായി. ഇതിനിടെ പെമ്പിളൈ ഒരുമൈ സമരത്തിന്റെ തലച്ചോറായി പ്രവര്‍ത്തിച്ച മനോജ് എന്ന ചെറുപ്പക്കാരനെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

ഇന്ന് ഈ സംഘടനയുടെ പ്രവര്‍ത്തനം രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കടുത്ത നിരീക്ഷണത്തിലാണ് എന്നതും തോട്ടം തൊഴിലാളികളെ ഭയപ്പെടുത്തുന്നു. പഴയശക്തി വീണ്ടെടുക്കാന്‍ പെമ്പിളൈ ഒരുമൈ നടത്തിയ ശ്രമങ്ങളെല്ലാം തകരുന്നതാണ് പിന്നീട് കണ്ടത്. മന്ത്രി എം.എം മണി സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ഗോമതി വിഭാഗം മൂന്നാറില്‍ നടത്തിയ സമരം പരാജയപ്പെട്ടത് പെമ്പിളൈ ഒരുമൈയുടെ ശക്തിക്ഷയിച്ചെന്ന് വ്യക്തമാക്കുന്നതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

ലിസി സണ്ണി വിഭാഗം ഈ സമരത്തില്‍ നിന്നും അകന്നു നിന്നിരുന്നു. പഴയതുപോലെ പെമ്പിളൈ ഒരുമൈയെ സ്വീകരിക്കാനും സംഘടനയ്ക്ക് പിന്നില്‍ അണിചേരാനും തോട്ടം തൊഴിലാളി സ്ത്രീകളും കുറവായിരുന്നു. യൂണിയനുകളുടെ ശക്തമായ ഇടപെടലുകള്‍ ചൂഷണം നേരിടുന്ന പഴയകാല അവസ്ഥയിലേക്ക് തോട്ടം തൊഴിലാളികളെ എത്തിച്ചു എന്ന് വേണം അനുമാനിക്കാന്‍. തോട്ടം തൊഴിലാളികളുടെ പുനര്‍ജനിക്ക് കാരണമായേക്കാമായിരുന്ന ഒരു പ്രസ്ഥാനത്തിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ് ഇന്ന് ശേഷിക്കുന്നത്.

തമിഴ് രാഷ്ട്രീയത്തിന്റെ സ്വാധീനം

പെമ്പിളൈ ഒരുമൈയുടെ വേരോട്ടം തോട്ടം തൊഴിലാളികള്‍ക്കിയില്‍ കുറഞ്ഞതോടെ തൊഴിലാളി അനുകൂലമെന്ന് തോന്നിക്കും വിധമുള്ള മുതലാളി സംരക്ഷണ നിലപാടുകളിലേക്ക് യൂണിയനുകള്‍ വീണ്ടും ചുവടുമാറി. 2015ല്‍ ലഭിച്ച ഉറപ്പുകള്‍ പാലിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്താന്‍ ആരും ശ്രമിച്ചില്ല. പമ്പിളൈ ഒരുമൈ നേതാക്കള്‍ പരസ്പരം കലഹിച്ചു കൊണ്ടേയിരിക്കുന്നു.

തമിഴ്മലയാളം വികാരം ഇളക്കി വിടാനുള്ള ശ്രമങ്ങളാണ് തോട്ടം മേഖലയിലേക്ക് കടന്ന് കയറാന്‍ ശ്രമിക്കുന്ന തമിഴ് സംഘടനകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. മുല്ലപ്പെരിയാര്‍ സമരകാലത്തും അതിന് ശേഷവും തമിഴരും മലയാളികളും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ പലതവണ നടന്നു. തമിഴ് കര്‍ഷക സംഘടനകളുടെ പേരില്‍ തമിഴ് മക്കള്‍ക്ക് മൂന്നാര്‍ മേഖലയിലുള്ള അവകാശവാദം പ്രഖ്യാപിക്കുന്ന ഷോട്ട് ഫിലിമുകളും ഡോക്യൂമെന്ററികളും പ്രചരിച്ചു.

മൂന്നാര്‍ ഉള്‍പ്പെടുന്ന ദേവികുളവും ഉടുമ്പന്‍ചോലയും കുമളിയും, മുല്ലപ്പെരിയാര്‍ ഉള്‍പ്പെടുന്ന പീരുമേടും തമിഴ്നാടിനോട് ചേര്‍ക്കണമെന്ന ആവശ്യം ഉന്നയിച്ച് തമിഴ് തോട്ടം തൊഴിലാളികള്‍ സമരവും സംഘടിപ്പിച്ചു. “വിടുതലൈ ചിരുതൈ” മുതല്‍ “തമിഴ് ഈയക്കം” വരെ പരസ്യമായും രഹസ്യമായും പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സാമുദായിക സംഘടനകള്‍ മൂന്നാറില്‍ തമിഴ് വികാരം ഇളക്കുന്നതിന് ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ഐ.ഐ.എ.ഡി.എം.കെയും മറ്റും തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പുകളില്‍ തോട്ടം മേഖലയില്‍ വിജയം നേടുന്നതിനുള്ള കാരണവും മറ്റൊന്നല്ല.

എസ്. രാജേന്ദ്രന്‍

തമിഴ് രാഷ്ട്രീയത്തിലേത് പോലെ തിരഞ്ഞെടുപ്പ് കാലത്ത്, തോട്ടം തൊഴിലാളികളുടെ വലിയ സ്വപ്നമായ മിക്സിയും ടി.വിയുമൊക്കെ യഥേഷ്ടം വിതരണം ചെയ്യപ്പെട്ടിരുന്നു. ലയങ്ങളില്‍ ഇന്നുള്ള ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ ആകെ കണക്കെടുത്താല്‍ ഏറിയ പങ്കും പഴയ കലയ്ഞ്ചര്‍ ടി വിയും അമ്മ മിക്സിയുമൊക്കെ ആണ്.

റേഷന്‍ വിതരണം സുഗമമല്ലാത്ത തോട്ടം മേഖലയില്‍ അടുത്ത കാലം വരെ തമിഴ്നാട്ടില്‍ നിന്നുള്ള “അമ്മ” അരി വിതരണം ചെയ്തിരുന്നു. ഇലക്ഷന്‍ തിരക്കുകള്‍ ഒഴിഞ്ഞതോടെ ഇതിന് അയവ് വന്നിട്ടുണ്ടെങ്കിലും ഇന്നും മേഖലയില്‍ അമ്മ അരി ഉപയോഗിക്കുന്നവരുണ്ട്. ഇലക്ഷന്‍ സമയത്ത് ആയിരം സാരിയും പതിമൂന്ന് ലക്ഷം രൂപയുമാണ് മറയൂരില്‍ തോട്ടം മേഖലയില്‍ പ്രചരണത്തിന് എത്തിയ തമിഴ്നാട്ടിലെ ഭരണപാര്‍ട്ടി പ്രതിനിധിയില്‍ നിന്ന് കണ്ടെടുത്തത്.

പൊലീസും ഇലക്ഷന്‍ കമ്മിഷനും നടപടികള്‍ ശക്തമാക്കി. ഇതോടെ ബില്ല് നല്‍കി തമിഴ്നാട്ടിലേക്ക് വോട്ടര്‍മാരെ പറഞ്ഞയക്കാന്‍ തുടങ്ങി തമിഴ് രാഷ്ട്രീയ കക്ഷികള്‍. അതിര്‍ത്തിക്ക് അപ്പുറമുള്ള ഏജന്റില്‍ നിന്ന് പാരിതോഷികം വാങ്ങാം. ഇതിനെതിരെ സി.പി.ഐ.എമ്മും യു.ഡി.എഫും പരാതികള്‍ നല്‍കിയെങ്കിലും കാര്യമായ ഒരു പുരോഗതിയും ഉണ്ടായില്ല. തമിഴ് വികാരം ആളികത്തിക്കാനുള്ള ശ്രമങ്ങള്‍ക്കൊപ്പം തോട്ടം തൊഴിലാളികളെ വോട്ട് ചൂഷണത്തിന് വിധേയരാക്കുന്ന പ്രവണത മേഖലയില്‍ മലയാളം തമിഴ് പോരാട്ടങ്ങളുടെ തോത് വര്‍ദ്ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. പെമ്പിളൈ ഒരുമൈ സമരങ്ങളെ പിന്‍തണച്ചും തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടി ചെറുസമരങ്ങള്‍ സംഘടിപ്പിച്ചും തമിഴ് സംഘടനകള്‍ രംഗത്ത് തുടരുകയാണ്.

Image result for അന്‍വര്‍ ബാലശിങ്കം

ഒട്ടും സുരക്ഷയില്ലാത്ത ലയങ്ങളും ജീവിതവും

“തൊഴിലാളികളുടെ ശക്തമായ ആവശ്യത്തെ തുടര്‍ന്ന് ഈ മാസം 21നും തോട്ടം തൊഴിലാളി യൂണിയനുകള്‍ സമരത്തിലായിരുന്നു. ബാക്കി നല്‍കാനുള്ള അരി, അറുപതിലേക്ക് ഉയര്‍ത്തേണ്ട വിരമിക്കല്‍ പ്രായം, ലയങ്ങളുടെ ദുരവസ്ഥ, അതിരാവിലെ മുതല്‍ വൈകുവോളം കൊളുന്തെടുക്കന്ന തൊഴിലാളിയുടെ ദിവസക്കൂലി 600 രൂപയെങ്കിലുമായി ഉയര്‍ത്തണമെന്ന ആവശ്യം. പതിറ്റാണ്ടുകളായി പറയുന്ന, കരയുന്ന വിഷയങ്ങള്‍ തന്നെ കാരണം. ഒന്നിനും പരിഹാരമില്ലെന്ന് ” തോട്ടം തൊഴിലാളി നേതാവ് കൂടിയായ മുന്‍ എം.എല്‍.എ എം.കെ മണി പറയുന്നു.

പ്ലാന്റേഷന്‍ ലേബര്‍ കമ്മറ്റിയുടെ തീരുമാനത്തിനു വിട്ട പല കാര്യങ്ങളും പിന്നീട് വേണ്ട രീതിയില്‍ പരിഗണിക്കപ്പെട്ടില്ല എന്ന പരാതി തോട്ടം തൊഴിലാളികള്‍ക്ക് ഉണ്ട്. 28 കിലോ കൊളുന്ത് എടുത്ത് നല്‍കുന്നതിനുള്ള കൂലിയാണ് 301 രൂപ. അധികമായി തൊഴിലാളി അധ്വാനിച്ചുണ്ടാക്കുന്ന കൊളുന്തിന് മതിയായ കൂലി ലഭിക്കുന്നില്ലെന്ന് തോട്ടം തൊഴിലാളി നേതാവായ രാജ പറയുന്നു.

കിലോക്ക് അമ്പത് പൈസ മുതലാണ് കമ്പനികളുടെ വില. മാത്രവുമല്ല ഗ്രാറ്റിവിറ്റി പോലുള്ള മറ്റ് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനവും പ്ലാന്റേഷന്‍ ലേബര്‍ കമ്മറ്റിയുടെ അന്തിമ തീരുമാനത്തിന് കാത്തിരിക്കുകയാണ്.

Image result for ലായങ്ങള്‍

ലൈന്‍സുകള്‍ പൊളിഞ്ഞ് വീണ് തുടങ്ങിയിട്ടും പുതിയവ നിര്‍മ്മിക്കുന്നതിനുള്ള കാര്യമായ നടപടി കമ്പനികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. മൂന്നാര്‍ മേഖലയില്‍ മാത്രം പൊളിഞ്ഞ് വീഴാറായ 335 ലയങ്ങള്‍ ഉണ്ടെന്നാണ് സാമുഹ്യക്ഷേമ വകുപ്പിന്റെ കണക്ക്. യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും ഇരട്ടിയാകുമെന്ന് തോട്ടം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകന്‍ സിബിന്‍ പറയുന്നു.

മിക്ക ലയങ്ങളും മഴക്കാലത്ത് ആവശ്യത്തിന് മഴ ചുരത്തും. കടുത്ത തണുപ്പും വേനല്‍കാലത്തെ കടുത്ത ചൂടും പ്രതിരോധിക്കാത്ത മറപ്പുരകള്‍ മാത്രമാകുന്നു ലയങ്ങള്‍. പത്ത് മുറികളുള്ള ഒരു ലയത്തില്‍ അത്ര തന്നെ കുടുംബങ്ങള്‍ ഉണ്ടാകും. വെളിയിട വിസര്‍ജ്ജന മുക്തമായ കേരളത്തിലെ തോട്ടം മേഖലയില്‍ നാമമാത്രമായ “ശൗചാലയങ്ങള്‍” മാത്രമാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ലയങ്ങള്‍ കമ്പനിയുടെ ഉടമസ്ഥതയിലും മേല്‍നോട്ടത്തിലുമായതിനാല്‍ കക്കൂസ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ തടസ്സവാദങ്ങള്‍ ഉന്നയിക്കാറാണ് പതിവ്.

ആനമുടി നാഷണല്‍ പാര്‍ക്ക്, ഷോലാ നാഷണല്‍ പാര്‍ക്ക്, പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ്, പാമ്പാടുംചോല ദേശീയ ഉദ്യാനം, മതികെട്ടാന്‍ ചോല എന്നിവയോട് ചേര്‍ന്ന് കിടക്കുന്നതാണ് ഒട്ടുമിക്ക തേയില തോട്ടങ്ങളും. സംരക്ഷിത വനമേഖലയായതിനാല്‍ ലയങ്ങളിലേക്ക് കാട്ടാനകളും വന്യജീവികളും കടന്ന് വരുന്നത് പതിവാണ്. തോട്ടം തൊഴിലാളി കുടുംബങ്ങളിലെ അംഗങ്ങളുടെ മറ്റൊരു പ്രധാന ജീവിത മാര്‍ഗ്ഗമായ ഓട്ടോ റിക്ഷകളാണ് ഏറ്റവും കൂടുതല്‍ കാട്ടാനകളുടെ കലിക്ക് ഇരയാകുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മാത്ര 19 ഓട്ടോ റിക്ഷകളും ടാക്സി വാഹനവും കാട്ടാനകള്‍ തകര്‍ത്തുവെന്നാണ് പൊലീസിന്റെ കണക്ക്.

ലായങ്ങളില്‍ ആക്രമിക്കപ്പെടുന്ന തോട്ടം തൊഴിലാളികളുടെ കണക്കാണ് ഏറ്റവും ആശങ്കപ്പെടുത്തുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇരുപത്തിയൊന്ന് പേര്‍ തോട്ടം മേഖലയില്‍ കട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 33 പേര്‍ ഗുരുതര പരുക്കുകളോടെ രക്ഷപെട്ടു. അധിക വരുമാനത്തിനായി തോട്ടം തൊഴിലാളികള്‍ ലയങ്ങളോട് ചേര്‍ന്ന് നടത്തുന്ന കൃഷികളിലാണ് കാട്ടാനകളുടെ കണ്ണ്. ലയങ്ങളോട് ചേര്‍ന്നുള്ള മണ്ണില്‍ കൃഷി ചെയ്യുന്നതിനുള്ള അവകാശം കമ്പനി തോട്ടം തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുണ്ട്. പ്ലംസും, പീച്ചസും, സ്ട്രോബറിയും പാഷന്‍ ഫ്രൂട്ടുമൊക്കെ ഉല്‍പാദിപ്പിച്ചാല്‍ കമ്പനിതന്നെ അവ വിലയ്ക്ക് എടുക്കും. എന്നാല്‍ കാട്ടാനകള്‍ ഒന്നിനും സമ്മതിക്കില്ല. പച്ചക്കറി തോട്ടങ്ങളും വാഴയും ഉള്‍പ്പെടെ തോട്ടം തൊഴിലാളികള്‍ കൃഷി ചെയ്യുന്നതെല്ലാം കവര്‍ന്നെടുക്കുകയാണ് കാട്ടാനകൂട്ടം.

ലായങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ പതിവ് സംഭവമായതിനാല്‍ അത് വാര്‍ത്തയേ അല്ലാതാകുന്നു. കാട്ടാനയുടെ കരുത്തിന് മുന്നില്‍ കാറ്റ് മാത്രമാകുന്ന ലായങ്ങള്‍ ആഴ്ചയിലൊന്ന് തകര്‍ക്കപ്പെടുന്നുവെന്ന് സന്നദ്ധ പ്രവര്‍ത്തകനായ സിബിന്റെ കണക്ക്. സാമുഹ്യ ക്ഷേമവകുപ്പിന് ഈ കണക്കുകള്‍ കൈമാറിയിട്ടുണ്ടെന്ന് സിബിന്‍ പറയുന്നു.

കാട്ടാനകള്‍ തകര്‍ക്കുന്ന തൊഴിലാളി വീടുകള്‍ നന്നാക്കുന്നതിനുള്ള തടസമാണ് തൊഴിലാളികളെ വലയ്ക്കുന്നത്. പുതിയ ലായങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നില്ല എന്നതും പ്രശ്നമാണ്. തോട്ടം തൊഴിലാളി നേതാക്കള്‍ക്ക് കമ്പനി യഥേഷ്ടം ഓഫിസും ഗസ്റ്റ് ഹൗസും താമസ സ്ഥലവും ഒരുക്കാന്‍ ഒന്നിലേറെ ലയങ്ങള്‍ അനുവദിക്കുമ്പോഴാണ് തൊഴിലാളികള്‍ പെരുവഴിയില്‍ കിടക്കേണ്ടി വരുന്നത്.

ഏറ്റവും വലിയ തൊഴിലാളി സംഘടനായ എ.ഐ.ടി.യു.സിയുടെ ചോട്ടാ നേതാക്കന്മാര്‍ക്ക് പോലും കമ്പനി ഒന്നിലേറെ ലയങ്ങള്‍ അനുവദിച്ചിട്ടുണ്ട്. കരുത്തുള്ള തൊഴിലാളി സംഘടന എ.ഐ.ടി.യു.സി നേതാക്കള്‍ക്കും ധാരാളം ലയങ്ങള്‍ അനുവദിച്ച് നല്‍കി. മറ്റ് തൊഴിലാളി സംഘടനകളെ അപേക്ഷിച്ച് കരുത്തരല്ലെങ്കിലും സി.ഐ.ടി.യു നേതാക്കളും ലയങ്ങള്‍ കൈയ്യടക്കി വച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊഴില്‍ അവസാനിപ്പിച്ചവരും ഒരിക്കല്‍ പോലും തോട്ടം തൊഴില്‍ ചെയ്തിട്ടില്ലാത്തവരും മുന്‍ എം.എല്‍.എയും ഈ പട്ടികയിലുണ്ട്.

ചികിത്സാ സൗകര്യങ്ങളുടെ അഭാവം

അടിസ്ഥാന ചികിത്സാ സൗകര്യം മാത്രമുള്ള കമ്പനി ആശുപത്രിയാണ് തോട്ടം തൊഴിലാളികളുടെ ആകെയുള്ള ആശ്രയം. അത്യാവശ്യം നല്ല ചികിത്സ ലഭിക്കണമെങ്കില്‍ തോട്ടം മേഖലയില്‍ നിന്നു ചുരുങ്ങിയത് നൂറ് കിലോമീറ്റര്‍ സഞ്ചരിക്കണം. മൂന്നാര്‍ മേഖലയിലാണെങ്കില്‍ അടിമാലിയിലെത്തണം. മറയൂരിലും പീരുമേട് മേഖലയിലും സ്ഥിതി മറിച്ചല്ല. നല്ല ചികിത്സയ്ക്ക് മറ്റ് ജില്ലകളിലെ ആശുപത്രികള്‍ മാത്രമാണ് ആശ്രയം. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയാണ് തോട്ടം മേഖലയിലെ തൊഴിലാളികളുടെ മുഖ്യ അശരണ കേന്ദ്രം. മൂന്നാറില്‍ ടാറ്റ ടീ ജനറല്‍ ആശുപത്രിയുണ്ട്.

ആരോഗ്യമേഖലയില്‍ തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ നമ്മുടെ നാട്ടിലുള്ള മൃഗാശുപത്രികളുടെ സൗകര്യങ്ങള്‍ പോലുമില്ല. തോട്ടം മേഖലയില്‍ ആറ് ആഴ്ചയിലൊരിക്കല്‍ തളിക്കേണ്ടതു മുതല്‍ വര്‍ഷത്തിലൊരിക്കല്‍ ഉപയോഗിക്കുന്നത് വരെ വിവിധ ഇനം കീടനാശിനികളുണ്ട്. പലതും പൂപ്പലിനെ പ്രതിരോധിക്കുന്ന കടുത്ത വിഷങ്ങള്‍. ചെറുകീടങ്ങളെ കൊല്ലാന്‍ ഉപയോഗിക്കുന്ന വിഷം തളിച്ചാല്‍ ആ തോട്ടങ്ങളില്‍ ദിവസങ്ങളോളം ആളുകള്‍ക്ക് പ്രവേശനമില്ല. അത്തരം തോട്ടങ്ങളില്‍ മരുന്ന് തളിക്കുന്നതും അധികം വൈകാതെ തേയില കൊളുന്ത് എടുക്കുന്നതുമൊക്കെ സാധാരണ തോട്ടം തൊഴിലാളികളെ കടുത്ത രോഗികളാക്കും. എന്നാല്‍ മതിയായ ചികിത്സാ സൗകര്യങ്ങളില്ലാത്ത ആശുപത്രികള്‍ പതിയെ തോട്ടം തൊഴിലാളി മേഖലയെ കാന്‍സറിന് അടിയറ വയ്ക്കുകയാണ്. ചെങ്കുത്തായ മലനിരകളില്‍ മരം കോച്ചുന്ന തണുപ്പില്‍ കിലോകണക്കിന് തേയിലകൊളുന്തും തോളത്തിട്ട് ജോലി ചെയ്യേണ്ടി വരുന്ന തോട്ടം തൊഴിലാളി സ്ത്രീകളും വേഗം രോഗങ്ങള്‍ക്ക് അടിമപ്പെടും.

സ്‌കാനിങ് സൗകര്യം ഉള്‍പ്പെടെ പെമ്പിളൈ ഒരുമൈ കരാറില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും നടപ്പിലായില്ല. സ്‌കാനിങ് പോയിട്ട് അടിസ്ഥാന ചികിത്സാ സൗകര്യങ്ങളില്‍ നാള്‍ക്ക് നാള്‍ ഉണ്ടാകുന്ന നൂതന സങ്കേതങ്ങള്‍ പോലും തോട്ടം മേഖലകളിലെ ആശുപത്രികളില്‍ ലഭ്യമല്ല. ഇടുക്കി പോലെ പിന്നോക്ക മലയോര മേഖലകളില്‍ ജോലി ചെയ്യാനുള്ള മനസ്സ് പൊതുവേ ഡോക്ടര്‍മാര്‍ക്കില്ല. തോട്ടം തൊഴിലാളി മേഖലയെങ്കില്‍ ഡോക്ടര്‍മാര്‍ ഒട്ടും നില്‍ക്കില്ലെന്ന അനുഭവ സാക്ഷ്യം നല്‍കുകയാണ് തോട്ടം മേഖലയില്‍ നിന്ന് പഠിച്ച് എം.ബി.എ ബിരുദം നേടിയ പെമ്പിളൈ സമരത്തിന്റെ സൂത്രധാരന്‍ മനോജ്.

ടാറ്റാ ടീ ആശുപത്രിയില്‍ പരിമിതമായ സൗകര്യങ്ങള്‍ ഉണ്ടെങ്കിലും തോട്ടം തൊഴിലാളി സ്ത്രീകളുടെ പ്രസവം ഇപ്പോഴും പഴയ നാട്ടുനടപ്പ് അനുസരിച്ചാണ്. പുതിയ തലമുറയില്‍പ്പെട്ടവര്‍ ആശുപത്രികളെ ആശ്രയിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഉള്‍പ്രദേശങ്ങളിലെ തോട്ടങ്ങളില്‍ ലയങ്ങളില്‍ തന്നെ പ്രസവം നടക്കും. തോട്ടം മേഖലയിലെ നാല്‍പത് ശതമാനം പ്രസവങ്ങളെങ്കിലും ലയങ്ങളില്‍ വയറ്റാട്ടിമാരാണ് നടത്തുന്നത്. സങ്കീര്‍ണ്ണതകള്‍ക്ക് ശേഷമാണ് ആശുപത്രിയിലേക്ക് എത്തിക്കുന്ന കാര്യം അന്വേഷിക്കുന്നത് തന്നെ. പരിതാപകരമായ റോഡുകളിലൂടെ ആശുപത്രിയിലേക്ക് എത്തുമ്പോള്‍ സമയം വൈകും. കേരളത്തിലെ മറ്റ് പ്രദേശങ്ങളേക്കാള്‍ പ്രസവാനന്തര മരണ നിരക്കുകള്‍ തോട്ടം മേഖലയില്‍ ഉയര്‍ന്ന് നില്‍ക്കാനുള്ള കാരണവും മറ്റൊന്നല്ല.

ഭീഷണിയായി വ്യാജമദ്യലോബി

ജോലിയും സ്ഥിര വരുമാനവും നേടുന്ന സ്ത്രീകള്‍ക്ക് കടുത്ത വെല്ലുവിളിയാണ് മേഖലയില്‍ എന്നും ശക്തി പ്രാപിച്ച് നില്‍ക്കുന്ന വ്യാജമദ്യ ലോബി. പുരുഷന്മാരില്‍ എഴുപത്തി ഒന്‍പത് ശതമാനവും മദ്യാസക്തിയുള്ളവരാണെന്ന് സാമൂഹ്യ ക്ഷേമ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ മദ്യ ഷോപ്പുകളെക്കാള്‍ പുരുഷന്മാര്‍ ഇഷ്ടപ്പെടുന്നത് സ്പിരിറ്റ് ചേര്‍ത്ത് വ്യാജമായി ഉണ്ടാക്കുന്ന മദ്യമാണ്. ചെറിയ വിലയ്ക്ക് കൈയെത്തും ദൂരത്ത് എപ്പോഴും ലഭിക്കുമെന്നതാണ് കാരണം. ക്രിസ്തുമസ്പുതുവത്സര ദിവസങ്ങളിലും വിഷുപൊങ്കല്‍ സമയത്തുമാണ് തോട്ടം മേഖലയില്‍ വ്യാജമദ്യം ഒഴുകുന്നത്. എക്സൈസ് വകുപ്പിന്റെ ഇന്റലിജന്‍സ് വിഭാഗങ്ങള്‍ പറയുന്നത് മൂന്നാര്‍ മറയൂര്‍ കാന്തല്ലൂര്‍തലയാര്‍കോവിലൂര്‍ മേഖലകളിലായി മാത്രം ഇരുപത്തി അയ്യായിരം ലിറ്റര്‍ വ്യാജമദ്യം ക്രിസ്തുമസ്പുതുവത്സര സമയങ്ങളില്‍ വിറ്റഴിക്കപ്പെടുന്നുണ്ടെന്നാണ്.

Image result for മുന്നാറില്‍ സ്പിരിറ്റ്

തലയാര്‍ എസ്റ്റേറ്റിനോട് ചേര്‍ന്ന് അടുത്തിടെ അടുത്തടുത്ത ദിവസങ്ങളില്‍ മൂന്നാര്‍ എക്സൈസ് സര്‍ക്കിള്‍ പിടികൂടിയത് 1550 ലീറ്റര്‍ സ്പിരിറ്റാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സ്പിരിറ്റ് വില്‍പ്പനയ്ക്ക് പിടിയിലാവരെല്ലാം യൂണിയന്റെയോ പാര്‍ട്ടിയുടെയോ അടുപ്പക്കാരും പ്രവര്‍ത്തകരുമാണ്. ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടില്ലെന്നതും പരമമായ സത്യം. 1550 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസിലെ പ്രതിയെ നാട്ടുകാരൊക്കെ കാണുന്നുണ്ടെങ്കിലും വേണ്ടപ്പെട്ടവരുടെ കണക്കില്‍ ഇയാള്‍ ഒളിവിലാണ്.

1924 ന് മുമ്പ് മോണോറെയിലും മറ്റും വിദേശികള്‍ കൊണ്ടു വന്ന മൂന്നാറിലെ റോഡുകളുടെ അവസ്ഥയാണ് പരിതാപകരം. സിങ്കിള്‍ ലൈന്‍ ട്രാഫിക്കുള്ള ദേശീയ പാത മൂന്നാറിലേക്കുള്ളത് മാത്രമായിരിക്കാം. തോട്ടം മേഖലയിലൂടെയുള്ള റോഡുകളുടെ കാര്യമാണ് ഏറെ കഷ്ടം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ടാര്‍ ചെയ്ത തോട്ടം മേഖലയിലെ റോഡുകളുടെ എണ്ണം മുപ്പത്തിയേഴാണ്. പഞ്ചായത്ത് റോഡുകളും എസ്റ്റേറ്റുകളുടെ കൈവശമുള്ള റോഡുകളും ജില്ലാ പഞ്ചായത്ത് റോഡുകളും പ്രൈവറ്റ് റോഡുകളുമായി 838 നിരത്തുകള്‍ ഇടുക്കിയിലെ തോട്ടം മേഖലകളിലൂടെ കടന്നു പോകുന്നുണ്ടെന്നാണ് കണക്ക്.

ഏറിയ പങ്ക് റോഡുകളും കമ്പനി ഉടമസ്ഥതയിലാണ്. ഈ റോഡുകള്‍ കാലക്രമത്തില്‍ നന്നാക്കുന്നുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. മീശപുലിമലയിലേക്ക് ഒരിക്കലെങ്കിലും സഞ്ചരിച്ചിട്ടുള്ളവര്‍ക്കറിയാം സത്യം. ഫ്രണ്ട് ഗിയര്‍ സംവിധാനമുള്ള ജീപ്പുകള്‍ക്ക് മാത്രമാണ് മേഖലയിലേക്ക് യാത്രക്ക് അവസരമുള്ളത്. ചിലയിടങ്ങളില്‍ ത്രിതല പഞ്ചായത്ത് സംവിധാനങ്ങള്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നുണ്ട്. എന്നാല്‍ മറ്റൊരു മേഖലയിലും കാണാത്ത വിധം തകര്‍ന്ന റോഡുകള്‍ നന്നാക്കുന്നതിന് തന്നെ പ്രത്യേക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നാണ് ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രന്റെ പക്ഷം. തോട്ടം മേഖലയിലെ റോഡുകള്‍ കമ്പനി കൈകാര്യം ചെയ്യുന്നതാണ് റോഡ് വികസനത്തിന് തടസ്സമെന്ന് എം.എല്‍.എ പറയുന്നു.

അമ്പത്തിയേട്ടാം വയസ്സില്‍ എല്ലാ ദുരിതങ്ങളോടെയും വിരമിക്കേണ്ടി വരുന്ന തോട്ടം തൊഴിലാളികളുടെ തുടര്‍ ജീവിതം യാതനകള്‍ മാത്രം നിറഞ്ഞതാണ്. വിരമിക്കുന്നവരില്‍ നല്ലൊരു പങ്കും കടുത്ത ജോലികളുടെ ഭാരത്തില്‍ രോഗികളായവരാണ്. കമ്പനി നല്‍കിയ ഒറ്റ മുറി ലയങ്ങള്‍ ഒഴിഞ്ഞ് കൊടുക്കേണ്ടി വരുന്നതാണ് മറ്റൊരു പ്രശ്നം. കമ്പനി ഏതാണ്ട് സൗജന്യമായി നല്‍കുന്ന ലൈന്‍സ് വീടുകള്‍ മാറി മറ്റൊരിടത്തേക്ക് പോകേണ്ടി വരുന്നത് തോട്ടം തൊഴിലാളികള്‍ക്ക് ആലോചിക്കാന്‍ പോലും കഴിയില്ല. മൂന്നാറിലെ ഭൂമി ഒന്നാകെ കൈയ്യേറ്റക്കാരുടെ കൈവശവമോ വനം വകുപ്പിന്റെ കൈയ്യിലോ ആണ്.

തോട്ടം തൊഴിലുകള്‍ തുടരേണ്ടിവരുന്ന ഗതികേട് 

ഭൂമി വാങ്ങുക ദുഷ്‌കരണമെന്ന് മാത്രമല്ല സാധാരണ ശമ്പളം വാങ്ങുന്ന തോട്ടം തൊഴിലാളികളെ സംബന്ധിച്ചിടത്തോളം അസാധ്യവുമാണ്. കുടുംബത്തിലെ മറ്റൊരു അംഗത്തെ തോട്ടം തൊഴിലാളിയാക്കുക മാത്രമാണ് ലയങ്ങള്‍ നിലനിര്‍ത്താനുള്ള മാര്‍ഗ്ഗം. ഇളം തലമുറ ഉയര്‍ന്ന വിദ്യാഭ്യാസം ഉണ്ടെങ്കിലും തോട്ടം തൊഴില്‍ ഏറ്റെടുക്കുകയാണ്. വിദ്യാഭ്യാസവും മറ്റ് തൊഴിലിന്റെ അഭാവവും മൂലം ദൂര ദേശങ്ങളില്‍ നിന്ന് മൂന്നാറിലെ തോട്ടം മേഖലയിലേക്ക് എത്തിയതാണ് പഴയ തലമുറ. എന്നാല്‍ നല്ല വിദ്യാഭ്യാസമുള്ള പുതുതലമുറയും തോട്ടം തൊഴിലിലേക്ക് പോകുന്നു. സ്ത്രീകള്‍ പ്രത്യേകിച്ചും. കമ്പനികളിലെ ഓഫീസ് സെക്ഷനുകളില്‍ നല്ല വിദ്യാഭ്യാസമുള്ളവര്‍ക്ക് ജോലി നല്‍കിയിരുന്നു കമ്പനികള്‍. എന്നാല്‍ ഇപ്പോള്‍ കമ്പനി തോട്ടം തൊഴിലാളികളുടെ മക്കള്‍ക്ക് ഓഫിസ് ജോലികള്‍ നല്‍കുന്നത് പരമാവധി ഒഴിവാക്കുകയാണ്.

തോട്ടം തൊഴിലാളികളുടെ എണ്ണം കുറയുന്നതാണ് പ്രധാന കാരണം. ഒരു കാലത്ത് തൊഴിലാളികളുടെ മക്കള്‍ വലിയ തോതില്‍ ബിസിനസ്സ് മാനേജ്മെന്റ് പഠിക്കാന്‍ പോയിരുന്നു. കമ്പനി ഓഫിസുകളില്‍ ജോലി ലഭിക്കുക എന്ന ഉദേശ്യത്തോടെയായിരുന്നു ഇത്. എന്നാല്‍ കാലക്രമത്തില്‍ ഉന്നത വിജയം നേടുന്ന എം.ബി.എ ബിരുദധാരികളെ മാത്രാണ് കമ്പനി, ഓഫിസ് ജോലിക്കായി നിയോഗിക്കുക.

ടാറ്റാ, കണ്ണന്‍ ദേവന്‍,തലയാര്‍ പോലെ കോടികളുടെ വിറ്റുവരവുള്ള കമ്പനികള്‍ തൊഴിലാളികളോട് അല്പം കൂടി മൃദു സമീപനം സ്വീകരിക്കുന്നുണ്ട്. എന്നാല്‍ പീരുമേട്ടിലും മറ്റും തോട്ടങ്ങള്‍ പലതും മുറിച്ച് വിറ്റു. ചെറുതോട്ടം ഉടമകള്‍ക്ക് തോട്ടം തൊഴിലാളുടെ മുഴുവന്‍ ആനുകൂല്യങ്ങളും സംരക്ഷിക്കാനുള്ള സാമ്പത്തിക ശക്തിയില്ല. ഇനി ഉണ്ടെങ്കില്‍ തന്നെ അടച്ചുപൂട്ടല്‍ ഭീഷണി ഉയര്‍ത്തി തൊഴിലാളികളെ അവകാശ സമരങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കും.

ചെറുകിട തോട്ടങ്ങളില്‍ പ്ലാന്റേഷന്‍ ലേബര്‍ കമ്മിഷന്‍ തീരുമാനിച്ച കൂലി പോലും ലഭിക്കാറില്ല. മറ്റ് ആനുകൂല്യങ്ങളുടെ കാര്യം തൊഴിലാളികള്‍ പോലും മറന്നിരിക്കുന്നു. തോട്ടം തൊഴിലാളികള്‍ക്ക് കൂലി ലഭിക്കുന്നുണ്ടോ എന്നല്ല, തോട്ടം പൂട്ടുന്നത് വഴി തൊഴില്‍ നഷ്ടപ്പെടുന്നുണ്ടോ എന്നാണ് ആദ്യം ചിന്തിക്കുന്നതെന്ന് പീരുമേട് മേഖലയിലെ മൂന്ന് യൂണിയന്‍ നേതാക്കളും ഒറ്റ സ്വരത്തില്‍ പറയുന്നു. മുഴുപട്ടിണിയേക്കാള്‍ നല്ലതാണ് അരവയര്‍ നിറയുന്നതെന്ന് യൂണിയനുകളുടെ നിലപാട് പ്രത്യക്ഷത്തില്‍ തൊഴിലാളി അനുകൂലമെങ്കിലും പരോക്ഷമായി സഹായിക്കുന്നത് തേയില തോട്ട മാനേജ്മെന്റുകളെയാണ്.

നിസാര പ്രശ്നങ്ങളുടെ പേരില്‍ തോട്ടം അടച്ച് പോകുന്നതാണ് ചെറുകിട തോട്ടം ഉടമകള്‍ക്ക് ഇപ്പോള്‍ ലാഭം. തോട്ടം അടച്ചാല്‍ തൊഴിലാളികള്‍ക്ക് വലിയ തുക നഷ്ടപരിഹാരം നല്‍കേണ്ടി വരും. പാപ്പര്‍ സ്യൂട്ട് ഫയല്‍ ചെയ്ത് കോടതിയെ തെറ്റിദ്ധരിപ്പിച്ചാല്‍ ലേബര്‍ നിയമങ്ങളില്‍ നിന്ന് രക്ഷപെടാം. മാനേജ്മെന്റ് സംവിധാനം ട്രസ്റ്റുകളായി രൂപീകരിക്കുന്നതും തോട്ടം തൊഴിലാളികള്‍ക്ക് അനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ ഉപകരിക്കും.

തോട്ടങ്ങളുടെ ആകെ ഭൂമിയുടെ അഞ്ച് ശതമാനം മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള അവകാശം സര്‍ക്കാര്‍ നല്‍കിയത് തോട്ടം തോഴില്‍ മേഖലയുടെ നിലനില്‍പ്പ് കൂടി പരിഗണിച്ചാണ്. ടൂറിസത്തിനും മറ്റുമായി തോട്ടത്തിന്റെ ഒരു ഭാഗം ഉപയോഗിക്കുന്നത് അധിക വരുമാനത്തിന് ഇടയാക്കും. അടച്ച് പൂട്ടല്‍ ഭീഷണി നേരിടുന്ന ചെറുകിട തോട്ടങ്ങള്‍ക്ക് തീരുമാനം ആശ്വാസമാവുകയും ചെയ്യും. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം മറയാക്കി ഭൂമി റിസോര്‍ട്ട് മാഫിയക്ക് മുറിച്ച് വില്‍ക്കാനാണ് തോട്ടം ഉടമകളില്‍ ഭൂരിപക്ഷവും ശ്രമിച്ചത്. മറ്റ് ആവശ്യങ്ങള്‍ക്ക് ഭൂമി ഉപയോഗിക്കുന്നത് വഴി ലഭിക്കുന്ന വരുമാനത്തിലെ ഒരു പങ്ക് തോട്ടം തൊഴിലാളികളുടെ കുടിശിക ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഉപയോഗിക്കണമെന്ന സര്‍ക്കാര്‍ ആവശ്യവും കാറ്റില്‍ പറത്തി.

പൂട്ടിപോയ ചെറുകിട തോട്ടങ്ങളിലെ തൊഴിലാളികളാണ് കടുത്ത ദാരിദ്രവും പട്ടിണിയും അനുഭവിക്കുന്നത്. ചെറിയ വരുമാനം ഉണ്ടായിരുന്ന തൊഴില്‍ കൂടി നഷ്ടപ്പെട്ട പലരും ഇന്ന് തൊഴിലുറപ്പ് പദ്ധതിയെയാണ് ജീവിതമാര്‍ഗ്ഗമായി തിരഞ്ഞെടുക്കുന്നത്. തോട്ടം മേഖലയുടെ പ്രത്യേകതകള്‍ മൂലം നൂറ് തൊഴില്‍ ദിനങ്ങളില്‍ ലഭിക്കുന്ന സൗജന്യത്തിനപ്പുറം ലായങ്ങളില്‍ അടുപ്പ് പുകയില്ല. യൂണിയനുകള്‍ കോഓപ്പറേറ്റീവ് സൊസൈറ്റികള്‍ രൂപീകിരച്ച് പൂട്ടിയ പോയ തോട്ടങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ ശ്രമിച്ചെങ്കിലും വലിയ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. പൂട്ടിപ്പോയ തോട്ടങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കും വരെ തൊഴിലാളികള്‍ക്ക് ചെറിയ തുക സഹായമായി നല്‍കണമെന്നാണ് പ്ലാന്റേഷന്‍ ലേബര്‍ കമ്മിഷന്റെ ഉത്തരവ്. ഇത് ഒരിടത്തും നടപ്പിലാകുന്നില്ല.

അന്യസംസ്ഥാന തൊഴിലാളികളെ രംഗത്ത് കൊണ്ടു വന്നാണ് തോട്ടം തൊഴിലാളികളുടെ പോരാട്ടങ്ങള്‍ക്ക് വമ്പന്‍ തോട്ടം ഉടമകള്‍ മറുപടി നല്‍കുന്നത്. ബീഹാര്‍, ബംഗാള്‍,ഓഡിഷ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ തോട്ടം മേഖലയിലേക്ക് എത്തുന്നു. കൃത്യമായ കണക്ക് സൂക്ഷിക്കാത്തതിനാല്‍ 301 രൂപ ശമ്പളം നല്‍കേണ്ടതില്ല. മുണ്ടക്കയം മേഖലയിലൊക്കെ ഒരു കുടുംബം മുഴുവന്‍ ജോലി ചെയ്താല്‍ നല്‍കുന്ന തുകയാണ് 301 രൂപ. ഒരു ശമ്പളത്തിന് രണ്ട് പേരെങ്കിലും ജോലി ചെയ്യണം. ലൈന്‍സുകളില്‍ ഒന്നിലേറെ കുടുംബത്തിന് ഒരു മുറി നല്‍കും. തോട്ടങ്ങളില്‍ തൊഴിലാളികളുടെ ആവശ്യം കുറവുള്ള മാസങ്ങളില്‍ ഇവരെ തിരികെ അയക്കാമെന്നതാണ് മറ്റൊരു ഗുണം. തൊഴില്‍ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തുന്നുണ്ടെങ്കിലും തൊഴിലാളി സംഘടനകള്‍ മൗനം പാലിക്കുകയാണ്.

ബാങ്കിങ് മേഖലയില്‍ തോട്ടം തൊഴിലാളികള്‍ നേരിടുന്ന ചൂഷണമാണ് പറയാതെ പോകാന്‍ കഴിയാത്ത മറ്റൊന്ന്. സമരങ്ങളെ തുടര്‍ന്ന് തൊഴിലാളി ചൂഷണം ഒഴിവാക്കാന്‍ ശമ്പളം അക്കൗണ്ടുകളിലേക്ക് മാറ്റുന്ന രീതി ചില കമ്പനികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്ലാന്റേഷന്‍ ലേബര്‍ കമ്മിഷന്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാടുകള്‍ ശ്രദ്ധേയമായി. പക്ഷെ ബാങ്കിങ് രംഗത്തെ തൊഴിലാളികളുടെ അറിവില്ലായ്മയും ചൂഷണം ചെയ്യപ്പെടുകയാണ്. മൂന്നാര്‍ പൊലീസ് സ്റ്റേഷനില്‍ മാത്രം കഴിഞ്ഞ ആറ് മാസത്തിനിടെ ബാങ്കിങ് ഇടപാടുകള്‍ക്കിടെ പണം നഷ്ടപ്പെട്ടത് ചൂണ്ടിക്കാണിച്ച് ഒന്‍പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എ ടി എം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ അറിയാത്ത തൊഴിലാളികള്‍ക്കാണ് പണം നഷ്ടപ്പെട്ടത്. കേസുകളില്‍ നാലെണ്ണം സ്ത്രീകളുടെ പരാതികളാണ്.

എ ടി എമ്മുകളില്‍ നിന്ന് പണമെടുക്കാന്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നതാണ് കാരണം. തോട്ടം തൊഴിലാളികളെ കബളിപ്പിക്കാന്‍ ലക്ഷ്യമിട്ട കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന സംഘത്തെ മൂന്നാര്‍ പൊലീസ് വലയിലാക്കിയത് അടുത്ത കാലത്താണ്. ശമ്പളം എടുക്കാനായി എത്തുന്ന തൊഴിലാളികള്‍ക്ക് സഹായം വാഗ്ദാനം നല്‍കി ചെറിയ തുക എടുത്ത് സഹായിക്കും. രണ്ടാം വട്ടവും സൈ്വപ് ചെയ്ത ശേഷമായിരിക്കും കാര്‍ഡുകള്‍ തിരികെ കൊടുക്കുക. രഹസ്യ കോഡ് മനസിലാക്കിയ തട്ടിപ്പ് സംഘം തൊഴിലാളികള്‍ എ ടി എം വിട്ട ശേഷം പതിനായിരം രൂപയോളം തട്ടിച്ചെടുക്കും. ബാങ്കില്‍ മേഖലയിലുള്ളവര്‍ തന്നെ തൊഴിലാളികളുടെ അക്കൗണ്ടില്‍ നിന്ന് പണം സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയ കേസും പുറത്ത് വന്നു.

ഓപ്പറേഷന്‍ കുബേരയും ബ്ലേയ്ഡുമൊക്കെ നടന്നെങ്കിലും തൊഴിലാളികളെ ചൂഷണം ചെയ്യുന്ന വട്ടി പലിശക്കാരാണ് മറ്റൊരു പ്രതിസന്ധി. നൂറ് രൂപയ്ക്ക് പത്ത് രൂപ വരെ പ്രതിദിനം പലിശ വാങ്ങുന്ന സംവിധാനം മൂന്നാറിലും പരിസര പ്രദേശങ്ങളിലും ഉണ്ട്. പുരുഷന്മാര്‍ക്ക് വട്ടി പലിശക്കാര്‍ പണം നല്‍കില്ല എന്നതാണ് ഈ മേഖലയിലെ പ്രത്യേകത. പുരുഷന്മാര്‍ക്ക് ലഭിക്കുന്ന പണം തിരികെ ലഭിക്കാനുള്ള സാധ്യത കുറയും. വരുമാനമുള്ള സ്ത്രികള്‍ക്കാണ് പലിശക്ക് പണം നല്‍കുന്നത്.

സ്‌കൂള്‍ തുറക്കുന്ന സമയം, ആശുപത്രി ആവശ്യങ്ങള്‍, പൊങ്കല്‍ പോലുള്ള ഉത്സവങ്ങള്‍ തുടങ്ങി ശമ്പളം തികയാത്ത സമയങ്ങളില്‍ കൃത്യമായി വട്ടിപലിശക്കാരെത്തും. ഓഫിസ് സംവിധാനം ഇല്ലാത്ത കൂടുതലും തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് ഇത്തരം സംഘങ്ങള്‍. ഓപ്പേറഷന്‍ കുബേരയില്‍ മൂന്നാര്‍ കേന്ദ്രീകരിച്ച് നടക്കുന്ന ചില ബ്ലേഡ് സംഘങ്ങളെ പിടികൂടിയെങ്കിലും തമിഴ് സംഘങ്ങള്‍ ഒന്നു പോലും പിടിയിലായില്ല. പണമടയ്ക്കാതെ വന്നാല്‍ സ്ത്രീകള്‍ വര്‍ഷങ്ങളിലൂടെ സ്വരുക്കൂട്ടിയ സ്വര്‍ണ്ണമാണ് പകരമായി നല്‍കുന്നത്.

Image result for KANNAN DEVAN TEA MUNNAR

സര്‍ക്കാര്‍ പദ്ധതികള്‍ വഴി പാവപ്പെട്ട തോട്ടം തൊഴിലാളികള്‍ക്ക് ലഭ്യമാകേണ്ട ഭൂമിയും അന്യാധീനപ്പെടുന്നതാണ് ഏറ്റവും പുതിയ പ്രശ്നം. സീറോ ലാന്‍ഡ് ലെസ് പോലെ തോട്ടം തൊഴിലാളികള്‍ക്ക് പലപ്പോഴായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പലതും യൂണിയന്‍ നേതാക്കളുടെ കൈവശത്തിലായി. തമിഴ്നാട്ടില്‍ ഭൂമിയും റേഷന്‍ കാര്‍ഡുമുള്ള ഒരുപാട് പേര്‍ക്ക് കേരളത്തില്‍ ഭൂമി ലഭിച്ചു.

കുറ്റിയാര്‍ വാലിയിലും എം ജി കോളനിയിലും മറയൂരിലെ ചന്ദ്രമണ്ഡലത്തിലുമൊക്കെ ഭൂമി ലഭിച്ചവര്‍ പലപല കാരണങ്ങളാല്‍ ഭൂരഹിതരായി. ഭൂമിയുടെ രേഖകള്‍ ഉണ്ടെങ്കിലും ഭൂമി ലഭിച്ചിട്ടില്ലാത്തവര്‍, ഭൂമി ഉണ്ടെങ്കിലും രേഖകള്‍ ഇല്ലാത്തവര്‍, രേഖകളും ഭൂമിയും ഉണ്ടായിട്ടും ഭൂമി നഷ്ടപ്പെട്ടര്‍, നിവൃത്തികേടിനും ഭീഷണിക്കും വഴങ്ങി കൈയ്യേറ്റ മാഫിയക്ക് ഭൂമി വിട്ടുകൊടുത്തവര്‍ അങ്ങനെ തോട്ടം മേഖലയുടെ ദുരിതം അനന്തമായി നീളുകയാണ്. ഭൂമിയില്ലാത്ത തോട്ടം തൊഴിലാളികള്‍ ഭൂമിയില്ലാത്തവരായി തന്നെ ജീവിച്ച് മരിക്കുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

കമ്പനി നേടുന്ന ലാഭം അടിസ്ഥാനപ്പെടുത്തി തോട്ടം തൊഴിലാളികളുടെ കൂലി നിശ്ചയിക്കുന്നതിനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. അനുകൂല്യങ്ങള്‍ ലഭ്യമാക്കന്‍ പ്ലാന്റേഷന്‍ ലേബര്‍ കമ്മറ്റികള്‍ അടിക്കടി യോഗം ചേരണം. കമ്മറ്റിയില്‍ യൂണിയന്‍ നേതാക്കന്മാര്‍ക്ക് പുറമേ അതത് സമയങ്ങളില്‍ നിശ്ചയിക്കപ്പെടുന്ന തോട്ടം തൊഴിലാളി പ്രതിനിധികളെ ഉള്‍പ്പെടുത്തണം. ആശുപത്രി സൗകര്യങ്ങള്‍ക്കും റോഡ് വികസനത്തിനും സ്ഥലം എം.എല്‍.എയുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച് പ്രത്യേക പാക്കേജുകള്‍ ഉണ്ടാകണമെന്നൊക്കെയാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.

മരിയ

We use cookies to give you the best possible experience. Learn more