കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി കളിമണ്‍ പാത്രം നിര്‍മ്മിക്കുന്ന ജോലി ചെയ്യുന്നയാളാണ് കോഴിക്കോട് കക്കോടി സ്വദേശിയായ കൃഷ്ണന്‍. കളിമണ്‍ പാത്രങ്ങള്‍ക്ക് വലിയ ഡിമാന്റുമാണ്. എന്നിട്ടും മക്കളെ പഠിപ്പിക്കാനും കുടുംബം മുന്നോട്ടുകൊണ്ടുപോകാനും മുണ്ട് മുറുക്കിയുടുക്കേണ്ടി വന്നു എന്നാണ് കൃഷ്ണന്‍ പറയുന്നത്. വര്‍ഷങ്ങളായി ഒരു കുലത്തൊഴില്‍ എന്ന രീതിയില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്ന കുംഭാരസമുദായത്തിലെ മിക്ക കുടുംബങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്.
കളിമണ്‍ പാത്രങ്ങള്‍ക്ക് ഡിമാന്റ് ഇല്ലാത്തതല്ല, മറിച്ച് ഈ മേഖലയിലേക്ക് കൂടുതല്‍ ആളുകള്‍ കടന്നുവരാത്തതും മാര്‍ക്കറ്റ് ചെയ്യാനുള്ള പ്രാപ്തിയില്ലാത്തതും അസംസ്‌കൃത വസ്തുക്കളുടെ ചിലവു കൂടിയതുമൊക്കെയാണ് ഈ പിന്നോക്കാവസ്ഥയ്ക്ക് കാരണമെന്നാണ് കുംഭാരന്മാരുടെ സംഘടനയായ കുംഭാരസമുദായ സഭയുടെ നേതാവ് ബൈജു ഡൂള്‍ന്യൂസിനോടു പറഞ്ഞത്. തങ്ങളുടെ ഉല്പന്നങ്ങള്‍ കൃത്യമായി മാര്‍ക്കറ്റ് ചെയ്യാനറിയാത്ത ഇവര്‍ ഇടനിലക്കാരുടെ ചൂഷണങ്ങള്‍ക്ക് ഇരയാവുകയാണെന്നും അദ്ദേഹം പറയുന്നു.
മാര്‍ക്കറ്റ് ചെയ്യാനുള്ള സൗകര്യങ്ങളുടെ അഭാവം
മുപ്പതുവര്‍ഷത്തിലേറെയായി മണ്‍പാത്ര നിര്‍മാണ ജോലി ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സ്വദേശിയായ ദേവി. പാത്ര നിര്‍മാണം കഴിഞ്ഞാല്‍ ദേവിയുടെ പിന്നീടുള്ള പണി ഇത് വില്‍ക്കലാണ്. അതിനായി പാത്രങ്ങള്‍ ഒരു കൂടയിലാക്കി തലയില്‍ വെച്ചുകൊണ്ടു വീടുവീടാന്തിരം കയറിയിറങ്ങും. ഇന്ന് 65 വയസുണ്ട് ഇവര്‍ക്ക്. ഇപ്പോഴും ഇതേ രീതിയില്‍ തന്നെയാണ് ദേവി മണ്‍പാത്രങ്ങള്‍ വില്‍ക്കുന്നത്. “പാത്രമെടുത്തുകൊണ്ടുപോകാന്‍ ടൗണിലെ കടക്കാര്‍ വരും. പക്ഷേ നിര്‍മാണ ചിലവും കഴിഞ്ഞ് അഞ്ചോ പത്തോ അധികം കിട്ടിയാലായി. വീടുവീടാന്തിരം കയറി ഇറങ്ങിയാല്‍ കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും ചിലവിനുളള കാശ് കിട്ടും.” അവര്‍ പറയുന്നു.
ഈ ജോലിയിലേര്‍പ്പെട്ടിരിക്കുന്നവരില്‍ വലിയൊരു വിഭാഗം ഇപ്പോഴും വീടുവീടാന്തിരം കയറിയിറങ്ങി വില്‍ക്കേണ്ട സ്ഥിതിയാണ്.
ഷോപ്പുടമകള്‍ വാഹനങ്ങളിലാക്കി ഉല്പന്നങ്ങള്‍ കൊണ്ടുപോവുകയാണ് നിലവില്‍ മിക്കയിടങ്ങളിലും ചെയ്യുന്നത്. ഷോപ്പുകളിലേക്ക് കൊടുക്കുമ്പോള്‍ വളരെ കുറഞ്ഞ തുകയ്ക്ക് ഉല്പന്നങ്ങള്‍ നല്‍കുകയാണെന്നാണ് മണ്‍മാത്രനിര്‍മ്മാണ തൊഴിലാളിയും കുംഭാര സമുദായ സഭയുടെ സംസ്ഥാന ഉപദേശക സമിതിയിലെ അംഗവുമായ കോഴിക്കോട് കക്കോടി സ്വദേശി കൃഷ്ണന്‍ പറയുന്നത്.
“ഉല്പാദനം ചിലവും കഴിച്ച് ചെറിയൊരു ലാഭവും എടുത്താണ് ഷോപ്പുകാര്‍ക്ക് കൊടുക്കുന്നത്. തന്തൂരി ചിക്കന്‍ ഉണ്ടാക്കുന്ന അടുപ്പാണ് ഞാനിപ്പോള്‍ ഉണ്ടാക്കുന്നത്. അത് നേരിട്ടുളള വിപണമാണ്. ഹോട്ടലുകളില്‍ നിന്നും റസ്‌റ്റോറന്റുകളില്‍ നിന്നും ഓര്‍ഡര്‍ ലഭിക്കുന്നതനുസരിച്ച് കൊടുക്കും. അതുകൊണ്ട് കുറേക്കൂടി മെച്ചമാണ്. എന്നാല്‍ ചെറിയ ഉല്പന്നങ്ങളും മറ്റും ഉണ്ടാക്കുന്നവര്‍ ഇപ്പോഴും ഇടനിലക്കാരുടെ ചൂഷണത്തിന് ഇരയാവുകയാണ്.” അദ്ദേഹം പറയുന്നു.
ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് കുംഭാര സമുദായ സഭ ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ അര്‍ഹമായ വില നില്‍കി ഈ ഉല്പന്നങ്ങള്‍ വാങ്ങി സര്‍ക്കാര്‍ സംഘങ്ങളിലൂടെ തന്നെ വില്‍പ്പന നടത്തിയാല്‍ അത് തങ്ങളെ സംബന്ധിച്ച് ഏറെ ഗുണകരമായിരിക്കുമെന്നാണ് ഇവര്‍ പറയുന്നത്.
60 രൂപയിലധികമാണ് ഇടനിലക്കാര്‍ ഈ ഉല്പന്നങ്ങളുടെ വില്പനയിലൂടെ ലാഭമുണ്ടാക്കുന്നതെന്നാണ് ബൈജു പറയുന്നത്. അദ്ദേഹം ഒരു ഉദാഹരണത്തിലൂടെ ഇക്കാര്യം വിശദീകരിക്കുകയം ചെയ്യുന്നു. “കള്ള് നല്‍കാനുപയോഗിക്കുന്ന മാട്ടുപാനി ഇവിടെ നിന്നും ഇടനിലക്കാര്‍ ശേഖരിക്കുന്നത് 90 രൂപയ്ക്കാണ്. അത് ഇവര്‍ 180 രൂപയ്ക്കാണ് ഇത് കള്ള് ഷാപ്പില്‍ കൊടുക്കുകയാണ്. തൊഴിലാളികള്‍ക്കു കിട്ടേണ്ട ലാഭം ഈ ഇടനിലക്കാരുടെ കൈകളിലേക്ക് എത്തുകയാണ്.” നേരിട്ടുകൊണ്ടുവന്നാല്‍ തങ്ങള്‍ക്ക് എടുക്കാന്‍ പറ്റില്ലയെന്ന് കടയുടമകളെക്കൊണ്ട് പറയിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.
“ഞങ്ങള്‍ക്കായിട്ടൊരു വിപണ കേന്ദ്രം കിട്ടിയാല്‍ ഒരു വിധം നന്നായി മുന്നോട്ടുപോകാന്‍ കഴിയും. ഞങ്ങളില്‍ നിന്നും ഉല്പന്നങ്ങള്‍ ശേഖരിച്ച് സര്‍ക്കാര്‍ ഓരോ മേഖലകളിലായി ഓരോ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് വില്പന നടത്തുകയാണെങ്കില്‍ അത് ഞങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും.” കുംഭാര സമുദായ സഭ സംസ്ഥാന സമിതി അംഗമായ ബൈജു പറയുന്നു.
അസംസ്‌കൃത വസ്തുക്കളുടെ അഭാവം
മാര്‍ക്കറ്റിങ്ങില്‍ ഇടനിലക്കാരുടെ ചൂഷണമാണ് പ്രശ്നമെങ്കില്‍ അസംസ്‌കൃത വസ്തുക്കളുടെ കാര്യത്തില്‍ മണല്‍ മാഫിയയാണ് ഇവരെ ചൂഷണം ചെയ്യുന്നത്. നെല്‍കൃഷി കഴിഞ്ഞശേഷമുള്ള ഇടവേളകളില്‍ വയലില്‍ കുഴികുത്തി കളിമണ്ണ് എടുത്താണ് അത് ഉപയോഗിച്ചാണ് നേരത്തെ മണ്‍പാത്രം നിര്‍മ്മിച്ചിരുന്നത്. “വയലില്‍ കളിമണ്ണ് കൂടുതലായാല്‍ അടുത്തവര്‍ഷത്തേക്ക് വളം പിടിക്കാതെ വരും. കളിമണ്ണ് ഒഴിവാക്കി പുതിയ മണ്ണ് ഇട്ട് വളമിറക്കുകയാണെങ്കില്‍ കൂടുതല്‍ വിളവുണ്ടാകും. അതുകൊണ്ടുതന്നെ ഈ മണലെടുപ്പ് പരിസ്ഥിതിക്ക് ഒരുദോഷവും ചെയ്തിരുന്നില്ല.” ബൈജു പറയുന്നു.
എന്നാല്‍ മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികളുടെ മറവില്‍ ഓട്, ഇഷ്ടിക നിര്‍മ്മാതാക്കള്‍ യന്ത്രങ്ങളുടെ സഹായത്തോടെ വയലില്‍ നിന്നും വ്യാപകമായി കളിമണ്‍ ഖനനം ചെയ്യാന്‍ തുടങ്ങിയതോടെ സര്‍ക്കാര്‍ ഇടപെട്ട് ഇത്തരത്തില്‍ മണ്ണെടുക്കുന്നത് തടയുകയായിരുന്നു. ഇതോടെയാണ് അസംസ്‌കൃത വസ്തുക്കളുടെ അഭാവം നേരിടാന്‍ തുടങ്ങിയത്.
നിലവില്‍ പുറമേ നിന്നും മണ്ണുകൊണ്ടുവന്നാണ് പാത്രങ്ങള്‍ നിര്‍മ്മിക്കുന്നത്. “കഴിഞ്ഞ കുറച്ചുവര്‍ഷമായി വയനാട്ടില്‍ നിന്നാണ് മണ്ണ് കൊണ്ടുവരുന്നത്. എന്നാല്‍ അതിനും പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഓട് നിര്‍മ്മാണത്തിനും മറ്റും വലിയ തോതില്‍ മണ്ണുകള്‍ കൊണ്ടുപോകുന്നതിനാല്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെയും മറ്റും വ്യാപകമായ എതിര്‍പ്പാണ് മണ്ണ് കൊണ്ടുവരുമ്പോള്‍ നേരിടേണ്ടി വരുന്നത്.” കളിമണ്‍പാത്ര നിര്‍മാണ തൊഴിലാളിയായ കൃഷ്ണന്‍ പറയുന്നു.
ചില ഘട്ടങ്ങളില്‍ മണ്ണ് ലഭിക്കാത്തതുമൂലം ജോലി നിര്‍ത്തിവെച്ച സാഹചര്യവുമുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു. “പത്തുവര്‍ഷത്തിനു മുമ്പ് അസംസ്‌കൃത വസ്തുക്കള്‍ക്കായി ചിലവഴിച്ചതിന്റെ പത്തിരട്ടിയിലധികം ഇപ്പോള്‍ ചിലവുവരുന്നുണ്ട് കളിമണ്ണ് നാട്ടിലെത്തിക്കാന്‍. ഇത് നിര്‍മാണ ചിലവ് വര്‍ധിപ്പിക്കുകയാണ്.”
മണലിന്റെ കാര്യത്തിലും ഇതേ അവസ്ഥയാണ്. മണല്‍മാഫിയയുടെ ഇടപെടല്‍ കാരണം മണല്‍ എടുക്കുന്നതിന് സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങളാണ് ഇവരെ പ്രതിസന്ധിയിലാക്കുന്നത്. “ഒരുചാക്ക് മണല്‍പോലും പുഴയില്‍ നിന്നും വാരിയെടുക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. പണം കൊടുത്തുവാങ്ങാനാണെങ്കില്‍ അതിനും നിയന്ത്രണങ്ങളുണ്ട്.” കൃഷ്ണന്‍ പറയുന്നു.
ചൂളകളില്‍ പുതിയ സാങ്കേതിക വിദ്യകള്‍ കുംഭാരന്മാര്‍ക്ക് ഇപ്പോഴും അന്യമാണ്. പരമ്പരാഗത രീതിയില്‍ തന്നെ വിറകും ചകിരിയും ഉപയോഗിച്ചാണ് ചൂള തയ്യാറാക്കുന്നത്. ഇതുമൂലം മണ്‍പാത്രങ്ങള്‍ നിര്‍മ്മാണത്തിനിടെ പൊട്ടിപ്പോകുന്ന അവസ്ഥയുണ്ടെന്നും ഇത് വലിയ നഷ്ടമുണ്ടാക്കുന്നുണ്ടെന്നും തൊഴിലാളികള്‍ പറയുന്നു.
വിറകിനു പകരം ഓയിലും വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ചൂളയും വര്‍ഷങ്ങള്‍ക്കു മുമ്പേ വിദേശരാജ്യങ്ങളിലും ഇന്ത്യയില്‍ കേരളത്തിലൊഴികെ പല ഭാഗങ്ങളിലും ഉപയോഗിച്ചു വരുന്നുണ്ട്. എന്നാല്‍ കേരളത്തിലെ തൊഴിലാളികള്‍ക്ക് ഇതിനെക്കുറിച്ച് കേട്ടറിവു മാത്രമേയുള്ളൂവെന്നാണ് കുംഭാര സമുദായ സഭ പറയുന്നത്.
“ചൂളയ്ക്കു വയ്ക്കുന്ന ഉല്പന്നങ്ങളില്‍ നിന്നും ഈര്‍പ്പം പോയില്ലെങ്കില്‍ ചൂടാവുമ്പോള്‍ അത് പൊട്ടിപ്പോകാനിടയാവും. പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ചൂളകളാകുമ്പോള്‍ ഈര്‍പ്പം എത്രശതമാനമുണ്ടെന്നതുവരെ കൃത്യമായി അടയാളപ്പെടുത്തുന്ന സംവിധാനങ്ങളുണ്ട്. നന്നായി ഡ്രൈ ആയശേഷം നല്ല ചൂട് നല്‍കുകയാണെങ്കില്‍ സാധനം പൊട്ടിപ്പോകില്ല. ഈ സംവിധാനങ്ങളൊക്കെ ഡോക്യുമെന്ററികളിലും മറ്റും കണ്ടുള്ള പരിചയം മാത്രമേ ഞങ്ങള്‍ക്കുള്ളൂ.” എന്നാണ് കൃഷ്ണന്‍ പറയുന്നത്.
നിര്‍മാണത്തിനിടെ സാധനം പൊട്ടിപ്പോകുന്ന സ്ഥിതി വന്നാല്‍ അത് വലിയ നഷ്ടമുണ്ടാക്കും. ഇത്തരത്തില്‍ പൊട്ടിപ്പോകുന്ന ഉല്പന്നങ്ങള്‍ ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും തൊഴിലാളികള്‍ പറയുന്നു.
സാമ്പത്തിക പിന്നോക്കാവസ്ഥയും വിദ്യാഭ്യാസത്തിന്റെ കുറവും
കുംഭാരസമുദായത്തിലെ പരമ്പരാഗത തൊഴില്‍ ചെയ്തു ജീവിക്കുന്നവര്‍ക്കിടയില്‍ മതിയായ വിദ്യാഭ്യാസത്തിന്റെ കുറവാണ് ഇത്തരം ചൂഷണങ്ങള്‍ക്ക് അവര്‍ ഇരയാകാനുള്ള പ്രധാന കാരണമെന്നാണ് കുംഭാര സമുദായ സഭ പറയുന്നത്. സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ കാരണം പലരും പാതിവഴിയില്‍ വിദ്യാഭ്യാസം ഉപേക്ഷിച്ച് കുലത്തൊഴിലില്‍ ഏര്‍പ്പെടുകയാണ് ചെയ്യുന്നത്.
1960 മുതല്‍ 1987 വരെ എസ്.സി എസ്.ടി ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ മാത്തൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ചില തെറ്റായ നിഗമനങ്ങളാണ് ഈ ആനുകൂല്യം നഷ്ടമാകുന്നതിന് വഴിവെച്ചതെന്നാണ് കുംഭാര സമുദായ സഭ പറയുന്നത്.
പിന്നീട് ഈ വിഭാഗത്തെ വിദ്യാഭ്യാസപരമായി ഉയര്‍ത്തിയെടുക്കാന്‍ സര്‍ക്കാര്‍ ഒ.ഇ.സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ തുടര്‍ന്നുളള ഉന്നത വിദ്യാഭ്യാസത്തിന് ഇവര്‍ക്ക് സംവരണ സീറ്റുകള്‍ ലഭിക്കാറില്ലെന്നാണ് കേരള കുംഭാര സമുദായ സഭ പറയുന്നത്. ഈ വിഷയം ഉയര്‍ത്തിക്കാട്ടി തങ്ങളെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തണമെന്ന് 1999 മുതല്‍ ഇവര്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ സര്‍ക്കാറില്‍ നിന്നും ഇതുവരെ അനുകൂലമായ നടപടിയുണ്ടായിട്ടില്ലെന്നാണ് കുംഭാര സമുദായ സഭ നേതാക്കള്‍ പറയുന്നത്.
“വിദ്യാഭ്യാസപരമായി കുട്ടികളെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ക്ക് ത്രാണിയില്ല. ഞങ്ങള്‍ക്ക് ഒ.ഇ.സി ആനുകൂല്യമാണ് ലഭിച്ചത്. എന്നാല്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഈ വിഭാഗത്തില്‍പ്പെട്ട മറ്റുജാതികളിലുള്ളവര്‍ കൂടി വരുമ്പോള്‍ കുംഭാരാര്‍ക്ക് സീറ്റ് ലഭിക്കുന്നില്ല.” എന്നും കുംഭാര സമുദായ സഭ നേതാക്കള്‍ പറയുന്നു.
വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇവരെ മുന്നോട്ടേക്കു കൊണ്ടുവരാന്‍ സംവരണമടക്കമുള്ള ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
കുറ്റിപ്പുറത്ത് ഒരു കുടുംബത്തിന്റെ ഉദാഹരണം നിരത്തിയാണ് ബൈജു ഈ ആവശ്യം ഉയര്‍ത്തുന്നത്. “കുറ്റിപ്പുറത്ത് 87% മാര്‍ക്കോടെ പ്ലസ് ടു വിജയിച്ച കുട്ടിക്ക് ഡിഗ്രിക്ക് സയന്‍സ് ഗ്രൂപ്പില്‍ സീറ്റു ലഭിച്ചില്ല. ആ കുട്ടിയെ സ്വകാര്യ കോളജില്‍ പ്രൈവറ്റ് കോളജില്‍ ചേര്‍ക്കുകയാണുണ്ടായത്.” ഈയടുത്ത കാലത്തുമാത്രമാണ് മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തേക്ക് കുംഭാരന്മാരുടെ സാന്നിധ്യമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
1900 മുതല്‍ കുംഭാരന്മാര്‍ കേരളത്തിലുണ്ട്. കേരളത്തിലാകമാനം ഒന്നരലക്ഷത്തോളം ആളുകള്‍ ഈ സമുദായത്തിലുണ്ട്. ഇതില്‍ 44 പേര്‍ മാത്രമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിട്ടുള്ളതെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ഇതുതന്നെ മസ്ദൂര്‍ പോലെ താരതമ്യേന വിദ്യാഭ്യാസ യോഗ്യത കുറഞ്ഞ വിഭാഗത്തിലാണെന്നും കുംഭാര സമുദായ സഭ പറയുന്നു. അതുകൊണ്ടുതന്നെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ മാറിയാലെ ഈ സമുദായത്തിന് വികസനമുണ്ടാകൂവെന്നാണ് തൊഴിലാളികള്‍ പറയുന്നത്.