| Monday, 25th December 2017, 7:09 am

കേരളത്തിലെ അരിക്കുട്ടന്മാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രഭാതം മുതല്‍ പ്രദോഷം വരെയും, ജനനം മുതല്‍ മരണം വരെയും സദാസമയവും അരിയാഹാരം കഴിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. അരിയാഹാരമില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് മലയാളിയ്ക്ക് ചിന്തിക്കുവാനേ കഴിയില്ല. അരിപ്പുട്ട്, അരിപ്പത്തിരി, അപ്പം, ദോശ, ഇഡ്‌ലി, ഇടിയപ്പം തുടങ്ങിയ വിവിധ രൂപങ്ങളിലായി രാവിലെ തന്നെ കഴിച്ചുതുടങ്ങും.

ഉച്ചയ്ക്കും രാത്രിയിലും കഴിക്കാനുള്ളത് രാവിലെ തന്നെ പുഴുങ്ങി വയ്ക്കും. പുഴുങ്ങിയ അരി കഴിക്കുന്നതിനുതകുന്ന രീതിയിലുള്ള കറികളാണ് നമ്മുടെ നാട്ടില്‍ പ്രചാരത്തിലിരിക്കുന്നവയിലേറെയും. ദോശ, ചമ്മന്തി, പുഴുങ്ങിയ അരി, കറികള്‍ തുടങ്ങിയവയില്‍ പോഷകമൂല്യം നന്നേ കുറവാണ്.

നാടുവിട്ട് വിദേശത്തു ചെന്നാലും പുഴുങ്ങിയ അരി എവിടെകിട്ടും എന്നാണ് മലയാൡആദ്യം അന്വേഷിക്കുന്നത്. എന്നാല്‍ വിചിത്രമെന്നു പറയട്ടെ, മലയാളികളുടെ ഈ അരി തീറ്റ ശീലത്തിന് വലിയ പഴക്കമൊന്നുമില്ല. മുറ്റത്തും പറമ്പിലുമൊക്കെയായി വളര്‍ന്നിരുന്ന മാങ്ങ, ചക്ക, മധുരക്കിഴങ്ങ്, പച്ചക്കറികള്‍ തുടങ്ങിയ പോഷകമൂല്യമുള്ള ഭക്ഷണം കഴിച്ചിരുന്ന നമ്മുടെ നാട്ടുകാര്‍ അരിയിലേയ്ക്കും ഗോതമ്പിലേയ്ക്കും പൂര്‍ണമായി മാറിയത് റേഷന്‍ കടകളുടെ വരവോടുകൂടിയാണ്. അരിയും ഗോതമ്പും സൗജന്യ നിരക്കില്‍ ലഭിച്ചു തുടങ്ങിയതോടുകൂടി മലയാളിയ്ക്ക് വീട്ടു മുറ്റത്തെ കൃഷിയോട് താല്‍പര്യം കുറഞ്ഞു.

മലയാളിയുടെ ഭക്ഷണക്രമത്തില്‍ വലിയ മാറ്റമുണ്ടായ ഇതേകാലയളവില്‍ തന്നെയാണ് പല ജീവിതശൈലി രോഗങ്ങളുടെ നിരക്കിലും വര്‍ധനവ് ഉണ്ടായത്. പുല്ലു വര്‍ഗത്തില്‍പ്പെട്ട ധാന്യങ്ങളായ അരിയിലേയ്ക്കം ഗോതമ്പിലേയ്ക്കും ഉള്ള ഭക്ഷണമാറ്റം ലോകത്തെമ്പാടും ഉണ്ടായിട്ടുണ്ട്. എന്നാല്‍ പലവികസിത രാജ്യങ്ങളും ഇപ്പോള്‍ സമീകൃതമായ ഭക്ഷണമാണ് ഉപയോഗിക്കുന്നത്.

വികസിതരാജ്യങ്ങള്‍ ഊര്‍ജത്തിനും മാംസത്തിനുമായി പ്രധാനമായും ആശ്രയിക്കുന്നത് ജന്തുജന്യ ഭക്ഷണ വിഭവങ്ങളെയാണ്. വികസിത രാജ്യങ്ങളില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ധാന്യങ്ങളില്‍ എഴുപതുശതമാനത്തോളം കാലിത്തീറ്റയായാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇവിടെ ഉല്പാദിപ്പിക്കുന്ന ധാന്യങ്ങളുടെ 98%വും നമ്മള്‍ തന്നെയാണ് ഭക്ഷിക്കുന്നത്.

പുല്ലു വര്‍ഗത്തില്‍പ്പെട്ട ധാന്യങ്ങളില്‍ പ്രധാന അമിനോ ആസിഡായ ലൈസീന്‍ ലഭ്യമല്ല. എന്നാല്‍ ഇറച്ചിയിലും മുട്ടയിലും എല്ലാ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. അരിയും ഗോതമ്പും കൃഷി ചെയ്തു തുടങ്ങിയത് ഏകദേശം പതിനായിരം വര്‍ഷങ്ങള്‍ക്കുമുമ്പാണ്. ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചുവെക്കാന്‍ ആധുനിക സൗകര്യങ്ങളൊന്നുമില്ലാതിരുന്ന ആ കാലഘട്ടത്തില്‍ അരിയുടെയും ഗോതമ്പിന്റെയും സംഭരണവും കരുതലും ഏറെ എളുപ്പമായിരുന്നു. വേട്ടയാടി കിട്ടുന്ന മത്സ്യവും മാംസവുമൊക്കെ ദീര്‍ഘനാള്‍ കേടുകൂടാതെ സൂക്ഷിക്കുന്നത് ദുഷ്‌കരമായിരുന്നു. ഇത് അരിയേയും ഗോതമ്പിനേയും മനുഷ്യവര്‍ഗത്തിന് പ്രിയങ്കരമാക്കി.

വലിയ അളവില്‍ കൃഷി ചെയ്യുകയും ധാന്യങ്ങള്‍ സംഭരിച്ചുവെക്കുകയും ചെയ്ത ഗോത്രവര്‍ഗങ്ങള്‍ ക്ഷാമം പോലുള്ള പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ചു. വേട്ടയാടി അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന കാലഘട്ടത്തില്‍ പച്ചക്കറികള്‍, പഴങ്ങള്‍, മാംസം മുട്ടങ്ങള്‍ തുടങ്ങിയവയായിരുന്നു മനുഷ്യന്റെ പ്രധാന ഭക്ഷണം.

മനുഷ്യവര്‍ഗം ഈ ഭക്ഷണക്രമത്തില്‍ നിന്നും പുല്ലുവര്‍ഗത്തില്‍പ്പെട്ട ധാന്യങ്ങളിലേക്കുള്ള ഭക്ഷണമാറ്റമുണ്ടായ കാലഘട്ടത്തില്‍ എല്ല്, പല്ല്, തലയോട്ടി തുടങ്ങിയവയുടെ സാന്ദ്രതയ്ക്ക് കുറവുവന്നിട്ടുണ്ട്. കൃഷിക്ക് മുമ്പുണ്ടായിരുന്ന കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മനുഷ്യരുടെ ഫോസിലുകളില്‍ നിന്നുമാണ് ഇത് മനസിലാകുന്നത്.

പതിനായിരം വര്‍ഷമെന്നത് പരിണാമത്തിന്റെ ദീര്‍ഘകാലയളവ് വെച്ചുനോക്കുമ്പോള്‍ ഒരു നിമിഷം പോലെയാണ്. ചുരുക്കി പറഞ്ഞാല്‍ നമ്മുടെ നിലവിലുള്ള ഭക്ഷണക്രമം പരിണാമത്തില്‍ പൊരുത്തപ്പെടാത്തതാണ്. മനുഷ്യന്റെ ഭക്ഷണക്രമത്തിലുള്ള അടിസ്ഥാപരമായ മാറ്റവും വര്‍ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളും പരസ്പരം ബന്ധപ്പെടുത്തി പഠിക്കേണ്ട ഒരു വിഷയമാണ്.

ഏതുഭക്ഷണവും കേടുകൂടാതെ ദീര്‍ഘകാലം സൂക്ഷിച്ചുവെക്കുന്നതിനുള്ള ശാസ്ത്രീയ മാര്‍ഗങ്ങല്‍ നിലവിലുള്ള ഈ കാലത്ത് മലയാളികള്‍ പോഷകമൂല്യമുള്ള ഭക്ഷണക്രമത്തിലേക്ക് മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഒരു മനുഷ്യന് ദിനംപ്രതി ഏകദേശം 56 ഗ്രാം പ്രോട്ടീന്‍ ആയിരം മില്ലീഗ്രാം കാല്‍സ്യം എന്നിവ ആവശ്യമാണ്. മലയാളികളുടെ നിലവിലുളള ഭക്ഷണക്രമത്തില്‍ നിന്നും ഇത് ലഭിക്കുക അസാധ്യമാണ്. ഒരാള്‍ ശരാശരി ദിവസേന 200 ഗ്രാം പച്ചക്കറിയും 200ഗ്രാം പഴവര്‍ഗങ്ങളും കഴിക്കുന്നത് നല്ലതാണ്. ഏകദേശം 250 ഗ്രാം മത്സ്യമോ കൊഴുപ്പുകുറഞ്ഞ ഇറച്ചിയോ കഴിക്കുന്നത് ആവശ്യത്തിന് പ്രോട്ടീന്‍ ലഭിക്കാന്‍ സഹായകരമാണ്.

പാലുല്പന്നങ്ങളാണ് കാല്‍സ്യത്തിന്റെ പ്രധാന ഉറവിടം. ലാക്ടോസ് ദഹിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ട് മൂലവും പലവിധ ഭക്ഷണ അന്ധവിശ്വാസങ്ങള്‍ മൂലവും ദാരിദ്ര്യം മൂലവും നമ്മള്‍ കഴിക്കുന്ന പാലുല്‍പന്നങ്ങളുടെ അളവ് വളരെ പരിമിതമാണ്. പാലും തൈരുമൊക്കെ വളരെയധികം നേര്‍പ്പിച്ചാണ് മലയാളികള്‍ ഉപയോഗിക്കുന്നത്.

1000 മില്ലീഗ്രാം കാല്‍സ്യം ലഭിക്കുവാനായി ഏകദേശം ഒരു ലിറ്ററിനടുത്ത് പാലോ തൈരോ ഉപയോഗിക്കേണ്ടവരും. എന്നാല്‍ അരലിറ്റര്‍ പാലുകൊണ്ട് കുടുംബത്തിലെ എല്ലാവര്‍ക്കും ചായ തയ്യാറാക്കി കുട്ടികള്‍ക്കു കുടിക്കുവാനും കൊടുത്ത് ബാക്കി തൈരിനുവേണ്ടി മിച്ചംവെക്കുന്ന രീതിയിലാണ് പാല്‍ നമ്മള്‍ നേര്‍പ്പിക്കുന്നത്.

വളരുന്ന കുട്ടികള്‍ക്ക് കാല്‍സ്യത്തിന്റെ ആവശ്യകത കൂടുതലാണ്. പലവിധ ഭക്ഷണ അന്ധവിശ്വാസങ്ങള്‍ മൂലം പലപ്പോഴും നമ്മള്‍ കുട്ടികള്‍ക്ക് പാലും മുട്ടയുമൊന്നും കൊടുക്കാറില്ല. ചില ഡോക്ടര്‍മാരും ഇത്തരം അന്ധവിശ്വാസങ്ങള്‍ പ്രോത്സാഹിപ്പിച്ചു കാണുന്നു.

താരതമ്യേനെ ചിലവുകുറഞ്ഞ എന്നാല്‍ പോഷകമൂല്യമേറെയുളള ഭക്ഷണ പദാര്‍ത്ഥങ്ങളാണ് മുട്ടയും പാലും മാട്ടിറച്ചിയുമൊക്കെ. കാല്‍സ്യത്തിന്റെയും പ്രോട്ടീന്റെയും മറ്റു പോഷണങ്ങളുടേയുമൊക്കെ അഭാവം മൂലം മുരടിച്ചു വളരുന്ന ബോണ്‍സായി മനുഷ്യരാണ് നമ്മുടെ നാട്ടിലെ കുഞ്ഞുങ്ങള്‍. ഇവരെയൊന്നും കൊണ്ട് അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ സമ്മാനം നേടുന്നതിനോ റെക്കോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനോ കഴിയുന്നതല്ല. ഒരു കുട്ടിയുടെ ആദ്യത്തെ ആയിരം ദിവസത്തെ പോഷണം വളരെ പ്രധാനമാണ്.

നമ്മുടെ നാട്ടില്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ ഇരുമ്പിന്റെയും മറ്റു ജീവകങ്ങളുടെയും അളവ് തീരെ കുറവായതിനാല്‍ നമ്മുടെ നാട്ടിലെ ജനങ്ങളുടെ ബുദ്ധിവികാസത്തില്‍ പോരായ്മകളുണ്ടായിട്ടില്ലേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നൂറുകോടി ജനങ്ങളുള്ള ഇന്ത്യയില്‍ അന്താരാഷ്ട്ര തലത്തില്‍ ശാസ്ത്രസാങ്കേതിക മേഖലകളില്‍ മികവു തെളിയിക്കുന്നവരുടെ എണ്ണം വിരളമാണ്. ശാസ്ത്ര വിഷയങ്ങളില്‍ നോബേല്‍ സമ്മാനം ലഭിച്ചിരിക്കുന്നത് നാളിതുവരെ നാലോ അഞ്ചോ പേര്‍ക്ക് മാത്രമാണ്.

കുട്ടികളുടെ ഉയരവും പഠനമികവും തമ്മിലുള്ള ബന്ധം നേരത്തെ തന്നെ പഠിക്കപ്പെട്ടിട്ടുള്ളതാണ്. ഒരു വിഷയത്തില്‍ സമര്‍ത്ഥനായ കുട്ടി മറ്റു വിഷയങ്ങളിലും ശരാശരിയേക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നതായാണ് കാണപ്പെടുന്നത്. ധിക്ഷണാപരമായ കാര്യങ്ങളില്‍ തലച്ചോറിന്റെ വികാസത്തിനുള്ള പ്രാധാന്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

വികസിത രാജ്യങ്ങളിലെ കുട്ടികളുടെ ശാരീരിക വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ കുട്ടികള്‍ ഏറെ പിന്നിലാണ്. ഇത് നമ്മുടെ ജനിതകപരമായ ഒരു പരിമിതിയല്ല. മറിച്ച് നമ്മുടെ അരി കേന്ദ്രീകൃതമായ ശുഷ്‌ക പോഷണത്തന്റെ ഒരു ദുരന്ത ഫലമാണ്. നമ്മുടെ നാട്ടില്‍ ജനിച്ച് വികസിത രാജ്യങ്ങളിലേക്ക് കുടിയേറി അവരുടെ ഭക്ഷണരീതി ശീലിക്കുന്ന നമ്മുടെ തലമുറകള്‍ക്ക് മികച്ച ശാരീരിക വളര്‍ച്ചയും കായികശേഷിയും ബുദ്ധിവികാസവും ലഭിക്കുന്നതായി കാണുന്നു.

ആറുമാസം മുതല്‍ കഞ്ഞി, കഞ്ഞിവെള്ളം, കട്ടന്‍ചായ, കറികളുടെ സത്ത് തുടങ്ങി പ്രത്യേകിച്ച് പോഷക ഗുണമൊന്നുമില്ലാത്ത ഭക്ഷണമാണ് കുട്ടികളുടെ വായിലേയ്ക്ക് തള്ളിവിടുന്നത്. ഇറച്ചി, കരള്‍, പഴവര്‍ഗ്ഗങ്ങള്‍, മുട്ട, പാല്‍ തുടങ്ങിയവ നല്‍കുന്നതില്‍ നിന്നും പഴയതലമുറക്കാര്‍ പുതിയ തലമുറ അച്ഛനമ്മമാരെ വിലക്കുന്നത് ഒരു സ്ഥിരം കാഴ്ചയാണ്.

ഒരു പനിയോ ജലദോഷമോ അടുത്തുകൂടെ പോയാല്‍ അത് പൂര്‍ണമായി മാറി നാലുനാള്‍ കഴിയുന്നതുവരെ നേര്‍പ്പിച്ച കഞ്ഞിമാത്രമാണ് നമ്മള്‍ കുട്ടികള്‍ക്ക് നല്‍കുന്നത്. പാല്‍ മുട്ട, ഐസ്‌ക്രീം തണുത്ത പാനീയങ്ങള്‍ തുടങ്ങിയവ ചിലരില്‍ അലര്‍ജിയും ശ്വാസതടസവുമൊക്കെ ഉണ്ടാക്കിയേക്കാമെന്ന കാര്യം ശരിയാണ്. എന്നാല്‍ നമ്മുടെ നാട്ടിലെ ആളുകള്‍ കരുതുന്നപോലെ അത്ര സാധാരണമല്ല. മുട്ടയോടുള്ള അലര്‍ജി പലപ്പോഴും കുഞ്ഞുങ്ങള്‍ അതിജീവിക്കുന്നു. തണുത്ത ഭക്ഷണം കഴിക്കുന്നതുകൊണ്ട് ഏതെങ്കിലും പ്രശ്‌നമുണ്ടാവാനുള്ള സാധ്യത 10% താഴെ മാത്രമാണ്.

പാല്‍ ദഹിക്കുവാന്‍ പ്രയാസമുള്ളവര്‍ക്ക് കട്ടിയുള്ള തൈര്, യോഗേര്‍ട്ട് എന്നിവ കഴിച്ചുനോക്കാവുന്നതാണ്. പാലുല്‍പന്നങ്ങളെ അപേക്ഷിച്ച് മറ്റു ഭക്ഷണവസ്തുക്കളില്‍ കാല്‍സ്യത്തിന്റെ അളവ് താരതമ്യേനെ കുറവായതിനാല്‍ പാലുല്‍പന്നങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്തവര്‍ കാല്‍സ്യം സപ്ലിമെന്റുകള്‍ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

വിദേശരാജ്യങ്ങളിലെ പോലെ ഇപ്പോള്‍ ഇവിടെയും കാല്‍സ്യം ഫോര്‍ട്ടിഫൈ ചെയ്ത ഭക്ഷണ വസ്തുക്കള്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. കാല്‍സ്യം ശരീരത്തിലേക്ക് ശരിയായ രീതിയില്‍ ആഗിരണം ചെയ്യപ്പെടുന്നതിന് വിറ്റാമിന്‍ ഡി ആവശ്യമാണ്. വിറ്റാമിന്‍ ഡി പ്രധാനമായും ലഭിക്കുന്നത് സൂര്യപ്രകാശത്തില്‍ നിന്നും മീന്‍, മുട്ട തുടങ്ങിയവയില്‍ നിന്നുമൊക്കെയാണ്. ഭക്ഷണത്തിലൂടെ മാത്രം പര്യാപ്തമായ അളവില്‍ വിറ്റാമിന്‍ ഡി ലഭിക്കാറില്ല. കടുത്ത സൂര്യപ്രകാശം ക്യാന്‍സര്‍, തിമിരം, രോഗപ്രതിരോധ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ചില രോഗങ്ങള്‍ എന്നിവയ്ക്കു കാരണമായേക്കാം. ആയതിനാല്‍ വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ സുരക്ഷിതം.

നമ്മുടെ നാട്ടിലെ കുട്ടികളില്‍ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് ഇരുമ്പിന്റെ കുറവ്. രണ്ടുതരത്തിലുള്ള ഇരുമ്പ് സംയുക്തങ്ങളാണ് ഭക്ഷണത്തില്‍ നിന്നു ലഭിക്കുക. മാംസാഹാരത്തില്‍ കാണപ്പെടുന്ന ഇരുമ്പ് സംയുക്തമാണ് ശരീരത്തിലേക്ക് കൂടുതല്‍ നന്നായി ആഗിരണം ചെയ്യപ്പെടുന്നത്. ആയതിനാല്‍ വിളര്‍ച്ചയുള്ള കുട്ടികള്‍ക്ക് കരള്‍, ഇറച്ചി എന്നിവ നിര്‍ബന്ധമായും നല്‍കണം. തൂക്കം കുറഞ്ഞു ജനിക്കുന്ന കുട്ടികള്‍ക്കും മാസം തികയാതെ ജനിക്കുന്ന കുട്ടികള്‍ക്കും വളരെ നേരത്തെ തന്നെ അയേണ്‍ സപ്ലിമെന്റേഷന്‍ ആവശ്യമാണ്.

അരിയില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റിക്കാസിഡ് പോലുള്ള ചില ഘടകങ്ങള്‍ ഇരുമ്പിന്റെ ആഗിരണത്തെ തടസപ്പെടുന്നവയാണ്. സദാസമയവും അരിയാഹാരം കഴിക്കുന്ന നമ്മുടെ നാട്ടില്‍ ഇത്രയധികം പേര്‍ക്ക് വിളര്‍ച്ചയുണ്ടാകുന്നതില്‍ പ്രത്യേകിച്ച് അത്ഭുതമൊന്നുമില്ല. കുട്ടികളിലേത് പോലെ തന്നെ നമ്മുടെ നാട്ടില്‍ ഗര്‍ഭിണികളിലും വിളര്‍ച്ച സര്‍വ്വസാധാരണമാണ്.

അരിയുടെയും ഗോതമ്പിന്റെയും അളവ് കുറച്ച്, കൂടുതല്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും മത്സ്യവും ഉള്‍പ്പെടുന്ന സന്തുലിതമായ ഭക്ഷണക്രമത്തിലേയ്ക്ക് മാറാത്തിടത്തോളം കാലം “കേരളത്തിലെ അരിക്കുട്ടന്മാര്‍” വിളര്‍ച്ച ബാധിച്ച് വയറുന്തി, കണ്ണുകള്‍ പുറത്തേയ്ക്ക് തള്ളി രോഗരൂപീകളായി തന്നെ നിലകൊള്ളും.

പോഷകദാരിദ്ര്യം എങ്ങനെ മറികടക്കാം

കേരളത്തിലെ രൂക്ഷമായ പോഷകദാരി ദ്ര്യ പ്രശ്‌നം പരിഹരിക്കുന്നതിലേക്കാവശ്യമായ പ്രായോഗിക നിര്‍ദേശങ്ങളിലേക്ക് കടക്കുന്നതിനു മുമ്പ് നമുക്ക് സായിപ്പിന്റെ ഭക്ഷണക്രമം ഒന്നു പരിശോധിച്ചു നോക്കാം.

തിരക്കുപിടിച്ച ഒരു ശരാശരി ഇംഗ്ലീഷുകാരന്‍ രാവിലെ എഴുന്നേറ്റാല്‍ പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് മുട്ട ബുള്‍സേയും പോര്‍ക്ക് സോസേജും കഴിച്ചുകൊണ്ടാണ് ജോലി സ്ഥലത്തേയ്ക്ക് ഓടുന്നത്. ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ആകുലതയുള്ളവര്‍ പഴവര്‍ഗങ്ങളും കഴിക്കാറുണ്ട്. ഉച്ചയ്ക്ക് സാന്‍ഡ്‌വിച്ചാണ് പലരും കഴിക്കാറ്. ഇത് പലപ്പോഴും പോഷകമൂല്യമുള്ള പലതരം ഭക്ഷണഘടകങ്ങളുടെ ഒരു മിശ്രിതമായിരിക്കും. വൈകുന്നേരം ഉരുളക്കിഴങ്ങ് ചിപ്‌സോ, ക്രിസ്‌പോ കഴിക്കും. പിന്നീട് അത്താഴത്തിന് പലപ്പോഴും കഴിക്കുക റോസ്റ്റഡ് ചിക്കനോ മറ്റോ ഒക്കെയാകും.

ഇതിലെ പോഷകമൂല്യം ചുരുക്കി പരിശോധിക്കാം. വിറ്റാമിന്‍ സി ഒഴികെ ബാക്കിയെല്ലാ ജീവകങ്ങളും അടങ്ങിയ പോഷകത്തിന്റെ ഒരു കലവറയാണ് മുട്ട. മുട്ടയിലെ പ്രോട്ടീന്‍ വളരെയേറെ ഗുണമേന്മ ഏറിയതാണ്. മുട്ട ബുള്‍സേയോടൊപ്പം കഴിക്കുന്ന പോര്‍ക്ക് സോസേജില്‍ നിന്നും വീണ്ടും മാംസ്യവും ജീവകങ്ങളുമാണ് ലഭിക്കുന്നത്.

ഉച്ചയ്ക്ക് കഴിക്കുന്ന സാന്‍ഡ്‌വിച്ചില്‍ നിന്ന് ശരീരത്തിനാവശ്യമായ നാരുകളും മറ്റു ജീവകങ്ങളും ധാതുക്കളും അവര്‍ക്ക് ലഭിക്കുന്നു. പച്ചക്കറിയെ അതിന്റെ പോഷകമൂല്യം നഷ്ടപ്പെടാതെ സാന്‍ഡ്‌വിച്ചാക്കി കഴിക്കുന്നതാണ് സായിപ്പിന്റെ രീതി. വൈകുന്നേരങ്ങളില്‍ ലഘുഭക്ഷണമായി കഴിക്കുന്ന ഉരുളക്കിഴങ്ങ് ചിപ്‌സിനാണ് നമ്മുടെ അരിഭക്ഷണത്തോട് കുറച്ചെങ്കിലും സാദൃശ്യമുള്ളത്.

അരിപോലെ തന്നെ അന്നജത്തിന്റെ ഒരു കലവറയാണ് ഉരുളക്കിഴങ്ങ്. വീണ്ടും അത്താഴത്തിന് കഴിക്കുന്നത് പ്രോട്ടീന്‍ സമൃദ്ധമായ ചിക്കനോ മറ്റോ ആണ്. ഇതില്‍ വയറുകലം പോലെ വീര്‍പ്പിക്കുന്ന ഘടകങ്ങള്‍ ഒന്നുംതന്നെയില്ല.

ഇനി നമുക്ക് ശരാശരി മലയാളിയുടെ ഭക്ഷണക്രമം ഒന്നു പരിശോധിക്കാം. രാവിലെ ദോശയും ചമ്മന്തിയുമാണ് നമ്മള്‍ കഴിക്കുന്ന ഒരു പ്രധാന ഭക്ഷണം. മറ്റൊന്ന് പുട്ടും പഴവും. ദോശമാവില്‍ അടങ്ങിയിരിക്കുന്ന ഉഴുന്നില്‍ നിന്നു ലഭിക്കുന്ന ലേശം പ്രോട്ടീന്‍ ഒഴിച്ചാല്‍ ദോശയും ചമ്മന്തിയും അന്നജത്തിന്റെ ഒരു പാക്കേജ് മാത്രമാണ്. പുട്ടും പഴവും കഴിക്കുമ്പോള്‍ പഴത്തില്‍ നിന്നു ലഭിക്കുന്ന ജീവകങ്ങള്‍ ഒഴിച്ചാല്‍ പുട്ടും ഒരു അന്നജത്തിന്റെ പാക്കേജ് മാത്രമാണ്.

ഇംഗ്ലീഷുകാരന്‍ പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണം കഴിച്ചുകൊണ്ട് ജോലിക്കോ വിദ്യാഭ്യാസത്തിനോ പോകുമ്പോള്‍ അന്നജം മാത്രം കഴിച്ചുകൊണ്ടാണ് നമ്മള്‍ എല്ലുമുറിയെ പണിയെടുക്കുന്നത്.

ഒരു മലയാളി ഉച്ചയ്ക്ക് കഴിക്കുക പുഴുങ്ങിയ അരിയും നേര്‍ത്ത കറികളുമാണ്. സാമ്പാര്‍, രസം, അച്ചാര്‍, പുളിശേരി തുടങ്ങിയവ കൂട്ടിയാണ് രണ്ടുപാത്രം നിറയെ പുഴുങ്ങിയ അരി അകത്താക്കുന്നത്. പുളിശേരിയില്‍ തൈര് വളരെയധികം നേര്‍പ്പിച്ച് ഉപയോഗിക്കുന്നതിനാല്‍ പ്രത്യേകിച്ച് പോഷകമൂല്യമൊന്നും ലഭിക്കാറില്ല. സാമ്പാറില്‍ അടങ്ങിയിരിക്കുന്ന ഏതാനും കുറച്ച് പച്ചക്കറികളാണ് പോഷകത്തിന്റെ പ്രധാന സ്രോതസ്.

മത്സ്യം സ്ഥിരമായി ഉപയോഗിക്കുന്നവര്‍ ഉണ്ടെങ്കിലും ഒരു ചെറിയ കഷ്ണമോ മീന്‍ കറിയുടെ ചാറോ ആണ് കൂടുതലും അകത്താക്കുക. ഭൂരിപക്ഷം പേരും രാത്രിയിലും അത്താഴത്തിനായി ഇതുതന്നെയാണ് കഴിക്കുക.

രാവിലെതൊട്ട് രാത്രിവരെ നമ്മള്‍ കഴിച്ചുകൂട്ടുന്ന ഭക്ഷണങ്ങളെല്ലാം തന്നെ അന്നജത്തിന്റെ ഒരു പാക്കേജ് മാത്രമാണ്. എന്നാല്‍ നമ്മള്‍ നേരത്തെ പരിശോധിച്ച ഇംഗ്ലീഷുകാരന്റെ ഭക്ഷണത്തിലെ പ്രധാന ഘടകം പ്രോട്ടീനാണ്. വികസിത രാജ്യങ്ങളില്‍ കന്നുകാലികളാണ് ഇങ്ങനെ ഇത്രയധികം ധാന്യം കഴിക്കുന്നത്. അതുകൊണ്ടുതന്നെ വീര്‍ത്ത വയറും നേര്‍ത്ത കാലുകളുമുള്ള കന്നുകാലിയുടെ രൂപമാണ് പല മലയാളികള്‍ക്കും.

വികസിത രാജ്യങ്ങളിലെ സ്‌കൂളുകളില്‍ പാല്‍ അവരുടെ ലഞ്ച് പ്രോഗ്രാമിന്റെ ഭാഗമാണ്. എന്നാല്‍ ഇവിടെ ശിശുരോഗവിദഗ്ധര്‍ പോലും കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കരുത് എന്നാണ് പലപ്പോഴും പറയാറുള്ളത്. യാതൊരു വൈദ്യശാസ്ത്ര ഗ്രന്ഥത്തിലുമില്ലാത്ത പിയര്‍ റിവ്യൂട് ശാസ്ത്ര മാസികകളില്‍ പ്രസിദ്ധീകരിക്കാത്ത വിവരങ്ങളാണ് ശിശുരോഗവിദഗ്ധന്‍ സ്വന്തം ഭാവനയ്ക്കനുസൃതമായി തട്ടിവിടുന്നത്.

കുട്ടികളിലെ ആരോഗ്യം സംരക്ഷിക്കേണ്ടവര്‍ തന്നെ അതിനെ നശിപ്പിക്കുന്നത് ലോകഭൂപടത്തില്‍ കേരളത്തിലെ മാത്രം കാഴ്ചയാണ്. വാണിജ്യ മാസികകള്‍ പടച്ചുണ്ടാക്കുന്ന മലയാളിയുടെ വൈകൃത ആരോഗ്യ സങ്കല്പനങ്ങളെ പരിപോഷിപ്പിച്ച് ജനങ്ങളുടെ പ്രീതിപിടിച്ചുപറ്റാനാണ് ഇത്തരം ഡോക്ടര്‍മാര്‍ ശ്രമിക്കുന്നത്.

കേരളത്തിലെ അരിഭ്രാന്തിന് രാഷ്ട്രീയ സമൂഹിക കാരണങ്ങള്‍ കൂടിയുണ്ട്. മതവിശ്വാസികള്‍ക്ക് ദൈവം പോലെയാണ് മലയാളിയ്ക്ക് അരി. നെല്ല് കൃഷിയെ എതിര്‍ത്ത് സംസാരിച്ചാല്‍ അത് കേരളത്തില്‍ വലിയ കലാപത്തിന് കാരണമാകും. ആവശ്യമുളളതിന്റെ നിരവധി മടങ്ങ് അരി കഴിച്ചിട്ട് കേരളത്തിലെ അരിയുല്പാദനം കുറവാണെന്ന് പറഞ്ഞ് വിലപിക്കുന്നവരാണ് നമ്മള്‍.

മലയാളി സമീകൃത ഭക്ഷണക്രമത്തിലേയ്ക്ക് മാറിയാല്‍ കഴിക്കാനാവശ്യമായതിലധികം അരി ഇപ്പോള്‍ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. ഈ സമീകൃതഭക്ഷണക്രമം സ്വീകരിക്കണമെങ്കില്‍ അതിനാവശ്യമായ പച്ചക്കറിയും മത്സ്യവുമാണ് നമ്മുടെ പാടങ്ങളില്‍ വിളയേണ്ടത്. നിലവിലെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തില്‍ ഇതിനു കഴിയുമെന്ന് കരുതുന്നില്ല. നിലവില്‍ കഴിക്കുന്നതിലെ അളവിന്റെ കുറവിനെ തിട്ടപ്പെടുത്തിയല്ല അരിയുടെ ആവശ്യം അളക്കേണ്ടത്. ആരോഗ്യമുള്ള ശരീരത്തിന് ആവശ്യമായ അളവിലാണ് ഭക്ഷ്യോല്പാദനം ചിട്ടപ്പെടുത്തേണ്ടത്.

കേരളത്തില്‍ സാഹിത്യ ബുദ്ധിജീവികളാണ് ശുദ്ധമായ ശാസ്ത്ര പ്രശ്‌നങ്ങള്‍ പോലും വിശകലനം ചെയ്യുന്നതും വികസന മാതൃകകള്‍ മുന്നോട്ടുവെയ്ക്കുന്നതും. അതുകൊണ്ടുതന്നെ നമ്മുടെ വികസന സങ്കല്പങ്ങളുടെ അടിസ്ഥാനം ശാസ്ത്രത്തേക്കാളുപരി കാല്‍പനികവും രാഷ്ട്രീയവുമാണ്. വളരെയധികം ജലം മലീമസമാക്കുന്നതും ധാരാളം മീഥെയ്ല്‍ ഉല്പാദിപ്പിക്കുന്നതുമാണ് നെല്‍കൃഷി. ഭൂമിയിലെ ശുദ്ധജലത്തിന്റെ മൂന്നിലൊന്നും നെല്‍ കൃഷിയ്ക്കാണ് ഉപയോഗിക്കുന്നത്. മനുഷ്യകാരണമായ മീഥെയ്ല്‍ എമിഷനില്‍ 11%വും നെല്‍കൃഷി മൂലമാണുണ്ടാകുന്നത്.

പാടങ്ങളില്‍ ദീര്‍ഘകാലം വെള്ളം കയറ്റി ഇടുന്നതിമൂലം മണ്ണിന് ഓക്‌സിജന്‍ ലഭിക്കാതിരിക്കുകയും മണ്ണിലെ ജൈവാംശത്തിന് അനറോബിക് വിഘടനം സംഭവിക്കുകയും ചെയ്യുന്നു. കാര്‍ബണ്‍ഡൈയോക്‌സൈഡിനെ അപേക്ഷിച്ച് ഇരുപതിരട്ടി ദോഷകരമായ ഹരിത വാതകമാണ് മീഥൈയ്ല്‍.

മനുഷ്യകാരണത്താല്‍ ലോകത്തുണ്ടാകുന്ന ഹരിതഗൃഹവാതകങ്ങളുടെ ഏകദേശം ഒന്നരശതമാനത്തോളം നെല്‍കൃഷി മൂലമാണ്. കൂടാതെ അരിയില്‍ ആഴ്‌സനിക് അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇത് നമ്മുടെ തെറ്റായ കൃഷി രീതികളില്‍ നിന്നും വന്നുചേര്‍ന്നിട്ടുള്ളതാവാം. ആഴ്‌സനിക് ക്യാന്‍സറിന് കാരണമാകുന്ന ഒരു മൂലകമാണ്. മനുഷ്യശരീരത്തിലേയ്ക്ക് എത്തിച്ചേരാവുന്ന ആഴ്‌സനിക്കിന്റെ സുരക്ഷിതമായ അളവുപോലും നിര്‍ണയിക്കപ്പെട്ടിട്ടില്ല.

അരിയിലടങ്ങിയിരിക്കുന്ന തുലോം പോഷകങ്ങള്‍ പോളിഷ് ചെയ്തു നീക്കിയതിനുശേഷമാണ് നമ്മള്‍ ഭക്ഷിക്കാറ്. അന്നജത്തിനുമാത്രമായി ഇത്രയധികം അരി നമ്മള്‍ കഴിക്കേണ്ടതുണ്ടോയെന്ന് ശാസ്ത്രീയമായി പഠിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

രാഷ്ട്രീയ സാമൂഹിക ചരിത്ര വസ്തുതകളെ അടിസ്ഥാപനപ്പെടുത്തിയല്ല ആധുനിക മനുഷ്യന്റെ ഭക്ഷണക്രമം രൂപപ്പെടുത്തേണ്ടത്. വികസിത രാജ്യങ്ങളില്‍ അവിടുത്തെ ജനങ്ങളുടെ ഭക്ഷണരീതി മൂലം ശരീരത്തിലുണ്ടാകുന്ന പോഷകങ്ങളുടെ കുറവിനെ ശാസ്ത്രീയമായി അപഗ്രഥിച്ച് കുറവുള്ള പോഷകങ്ങള്‍ പ്രധാന ഭക്ഷണങ്ങളിലേയ്ക്ക് കൂട്ടിച്ചേര്‍ക്കുവാന്‍ ഭരണ സംവിധാനങ്ങള്‍ മുന്‍കൈ എടുക്കാറുണ്ട്. നമ്മുടെ നാട്ടില്‍ സാധാരണയായി കാണപ്പെടുന്ന പോഷകങ്ങളുടെ കുറവ് പരിഹരിക്കാന്‍ അരിപ്പൊടി, അരിമാവിന്റെ ഫോര്‍ട്ടിഫിക്കേഷന്‍ വഴി കഴിയുമോയെന്ന് പരിശോധിക്കേണ്ടതാണ്.

പ്രകൃതിവാദക്കാരും യോഗാഭ്യാക്കാരുമാണ് നിലവില്‍ കേരളത്തിലെ ഭക്ഷണക്രമം ചര്‍ച്ച ചെയ്യുന്നത്. ഫോര്‍ട്ടിഫിക്കേഷന്‍ പ്രകൃതിവിരുദ്ധമാണെന്ന് ഇത്തരക്കാര്‍ വാദിച്ചേക്കാം.

അമേരിക്കയില്‍ പ്രസിദ്ധീകരിച്ചതും ഡി.ജി.എ.സി (ഡയറ്ററി ഗൈഡ്‌ലൈന്‍ അഡൈ്വസറി കമ്മിറ്റി) സമാനമായ ഒരു സംവിധാനം കേരളത്തിനും അത്യന്താപേക്ഷിതമാണ്. ഇതിലേയ്ക്ക് സര്‍ക്കാറിനെ പ്രചോദിപ്പിക്കുവാന്‍ ശാസ്ത്ര സാങ്കേതിക സംഘടനകള്‍ മുന്‍കൈ എടുക്കണം. ഇങ്ങനെ ശാസ്ത്രീയമായി പഠിച്ച് പ്രസിദ്ധീകരിക്കുന്ന ഒരു മാന്വലിന്റെ അടിസ്ഥാനത്തിലായിരിക്കണം പുതിയ ഭക്ഷണ സംസ്‌കാരം ചിട്ടപ്പെടുത്താന്‍ തുടങ്ങേണ്ടത്. ശാസ്ത്രീയവും ആധികാരികവുമായ പഠനങ്ങള്‍ നടക്കാത്തിടത്തോളം കാലം നമ്മുടെ ഭക്ഷണ ചിന്തകള്‍ പ്രകൃതിവാദക്കാരുടെ ഭ്രാന്തന്‍ സങ്കല്പനങ്ങളില്‍ കുരുങ്ങിക്കിടക്കും.

മലയാളിയുടെ അരിഭ്രാന്തിന്റെ ദുരിതം പേറുന്നത് ഏറെയും സ്ത്രീകളാണ്. അരിപ്പൊടിയും കുഴച്ചു പുളിപ്പിച്ചും ഉരുട്ടിയും പരത്തിയുമൊക്കെ ദിവസത്തിന്റെ ഭൂരിഭാഗവും അടുക്കളയില്‍ കഴിയുവാനാണ് സ്ത്രീകളുടെ വിധി. മലയാളിയുടെ പല പലഹാരങ്ങളും തയ്യാറാക്കുവാന്‍ ധാരാളം സമയവും എടുക്കാറുണ്ട്. ദോശയും ഇഡ്ഢിലിയും അപ്പവുമൊക്കെ ഉണ്ടാക്കണമെങ്കില്‍ തലേദിവസം തന്നെ തയ്യാറെടുക്കേണ്ടതുണ്ട്.

മൂത്തകുട്ടിയ്ക്ക് പുട്ട് ആണ് വേണ്ടതെങ്കില്‍ ഇളയകുട്ടി ദോശയ്ക്കുവേണ്ടിയാവും വഴക്കടിക്കുന്നത്. ചിലപ്പോള്‍ ഭര്‍ത്താവിനു പ്രത്യേകം പലഹാരം തയ്യാറാക്കേണ്ടിവരും. അരിയും ഗോതമ്പും കൊണ്ടുള്ള ഇത്തരം അഭ്യാസങ്ങള്‍ക്കായി വളരെ നേരത്തെ തന്നെ എഴുന്നേറ്റാല്‍ പോലും പലപ്പോഴും സ്ത്രീകള്‍ക്ക് സമയത്ത് ഓഫീസില്‍ പോകുവാന്‍ ബുദ്ധിമുട്ടാണ്.

കുട്ടികള്‍ക്ക് രാവിലെ കഴിക്കുന്നവാനായി മുട്ടയും പഴവര്‍ഗങ്ങളും ബ്രഡ്ഡുമൊക്കെ നല്‍കിയാല്‍ മതിയാവും. കുടിക്കുവാനായി പാലും നല്‍കാവുന്നതാണ്. ഉച്ചയ്ക്ക് കഴിക്കുവാനായി കുറച്ച് ചോറോ ഒന്നോ രണ്ടോ ചപ്പാത്തിയോ ഒപ്പം വേവിച്ച മീനോ ഇറച്ചിയോ കൊടുക്കാവുന്നതാണ്.

സ്‌കൂള്‍ വിട്ടുവന്നുകഴിയുമ്പോള്‍ പച്ചക്കറിയും പഴങ്ങളും ഉപയോഗിച്ചുണ്ടാക്കുന്ന പലതരം സാലഡുകള്‍, അണ്ടിപ്പരിപ്പുകള്‍ എന്നിവ നല്‍കാവുന്നതാണ്. രാത്രിയില്‍ അത്താഴത്തിന് ലീന്‍ മീറ്റ്, മത്സ്യം, വേവിച്ച പച്ചക്കറി തുടങ്ങിയവ ഉപയോഗിക്കാം. ചോറിനും ചപ്പാത്തിയ്ക്കും പകരം ബ്രഡ് ഉപയോഗിക്കുന്നത് പാചകസമയം ലഘൂകരിക്കുവാന്‍ സഹായിക്കും.

മുതിര്‍ന്നവരില്‍ കഠിനാധ്വാനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കൂടുതല്‍ അന്നജം അടങ്ങിയ ഭക്ഷണം ഉപയോഗിക്കാവുന്നതാണ്. മറ്റുള്ളവര്‍ക്ക് നേരത്തെ പറഞ്ഞതുപോലെ കുട്ടികളുടേതിനു സമാനമായ ഭക്ഷണക്രമവും മതിയാവും.

ആവശ്യമുള്ളതിലധികം അന്നജവും കൊഴുപ്പും അകത്താക്കുന്നതുമൂലം അമിതഭാരവും അതുമൂലം മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാവും. അരവണ്ണം കൂടിയവരിലും ബി.എം.ഐ കൂടിയവരിലും പ്രമേഹത്തിനുളള സാധ്യത അധികമാണ്.

മുട്ടവിറ്റ് കപ്പവാങ്ങുന്ന മലയാളി

മലയാളികളെ കളിയാക്കുവാനായി നാട്ടിന്‍പുറങ്ങളില്‍ പൊതുവെ ഉപയോഗിക്കാറുള്ള ഒരു ശൈലിയാണിത്. മുട്ട വളരെയധികം പോഷകമൂല്യമുളള ഒരു ഭക്ഷണമാണ്. എന്നാല്‍ കപ്പയില്‍ പൊതുവെ അന്നജം മാത്രമേ ഉള്ളൂ. വീട്ടില്‍ കോഴിയിടുന്ന മുട്ട കുട്ടികള്‍ക്കോ മുതിര്‍ന്നവര്‍ക്കോ നല്‍കാതെ ഇത് വിറ്റശേഷം ആ കശിന് കപ്പവാങ്ങി തിന്നുന്നവരുടെ ബുദ്ധിശൂന്യതയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

വെറുതെ തമാശയ്ക്ക് പറയുന്നതാണെങ്കിലും ഇത് തന്നെയാണ് ഇപ്പോഴും നാട്ടിന്‍പുറങ്ങളിലെ അവസ്ഥ. തീരപ്രദേശത്താല്‍ സമ്പുഷ്ടമായ കേരളത്തിന്റെ ഒരു പ്രധാന ഭക്ഷണമാകേണ്ടത് മത്സ്യമാണ്. എന്നാല്‍ നമ്മള്‍ കുറച്ചുമാത്രമാണ് മത്സ്യമുപയോഗിക്കുന്നത്. മത്സ്യം വിറ്റുകിട്ടുന്ന കാശുകൊണ്ട് തീരദേശവാസികള്‍ ആന്ധ്രയില്‍ നിന്നും വരുന്ന അരിവാങ്ങി പുഴുങ്ങിതിന്നുന്നു. മുട്ടയും പാലുല്പാദനവും ധാരാളമുളള വീടുകളില്‍ പോലും ഇതിന്റെ ഉപയോഗം വളരെ കുറവാണ്.

പത്തു പശുവുളള വീടുകളില്‍ പോലും കുട്ടികള്‍ പോഷകദാരിദ്ര്യം അനുഭവിക്കുന്നു. കാല്‍സ്യത്തിന്റേയും പ്രോട്ടീന്റേയും ഊര്‍ജത്തിന്റേയും ഒരു കലവറയാണ് പാലുല്പന്നമായ ചീസ്. ഇന്ത്യയില്‍ ആവശ്യത്തിലധികം പാലുല്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍പോലും ചീസിന്റെ ഉപയോഗം വളരെ കുറവാണ്. കേരളത്തില്‍ വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകള്‍ വന്നുതുടങ്ങിയതോടുകൂടിയാണ് ആധുനിക മലയാളി ചീസ് കാണുവാനെങ്കിലും തുടങ്ങിയത്. പ്രോട്ടീന്‍എനര്‍ജി മാല്‍ ന്യൂട്രീഷ്യന്‍ മൂലം നിരവധി കുട്ടികള്‍ അവശരായി കഴിയുമ്പോഴാണ് സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഷെല്‍ഫുകളില്‍ പാല്‍ക്കട്ടികള്‍ ചിലവഴിക്കപ്പെടാതെ ഉപയോഗശൂന്യമായി പോകുന്നത്.

കേരളത്തിലെ സമ്പന്ന മധ്യവര്‍ഗ കുടുംബങ്ങള്‍പോലും കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കുന്നതില്‍ വിമുഖത കാണിക്കുന്നു. മദ്യത്തിന്റെ ഉപയോഗത്തില്‍ ഒട്ടും പിന്നിലില്ലാത്ത മലയാള പോഷകാഹാരത്തിന്റെ ഉപയോഗത്തില്‍ ലോകത്തെങ്ങുമില്ലാത്ത പിശുക്കുകാണിക്കുന്നു. കേരളത്തില്‍ അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന കൂലിവേലക്കാരില്‍ ഭൂരിഭാഗവും മദ്യത്തിനുവേണ്ടി ദിവസേന നൂറുരൂപയിലധികം ചിലവഴിക്കുന്നവരാണ്. എന്നാല്‍ നൂറുരൂപയ്ക്ക് മത്സ്യമോ മാംസമോ ഒക്കെ കുടുംബത്തിലേക്ക് ദിവസേന വാങ്ങുന്നത് ഒരു നഷ്ടമായി കരുതുന്നു. കേരളത്തിലെ വലിയ വിഭാഗം മധ്യവര്‍ഗവും സര്‍ക്കാര്‍ ജീവനക്കാരുമൊക്കെ ആഢംബര ഭവനങ്ങളും കാറുകളുമൊക്കെ വാങ്ങിക്കൂട്ടി ഇ.എം.ഐ അടച്ചശേഷം അര്‍ദ്ധ പട്ടിണിയിലാണ് കഴിയുന്നത്.

അന്താരാഷ്ട്ര വാണിജ്യ ഉല്പന്നങ്ങളുടെ ഉപയോഗത്തിലും കേരളത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അമേരിക്കയേക്കാള്‍ സ്വകാര്യവല്‍ക്കരിക്കപ്പെട്ട രോഗ ശുശ്രൂഷ സംവിധാനമാണ് കേരളത്തിലുളളത്. കേരളത്തിന്റെ സകലവളവിലും തിരുവിലും പൊന്തിവരുന്ന സ്വകാര്യ ആശുപത്രികളിലൊക്കെ വന്‍തിരക്കാണ്. തുമ്മലിനും ചുണങ്ങിനുമൊക്കെയായി ധാരാളം പണം പണം ചെലവാക്കുന്നതിന് മലയാളിക്ക് ഒരു മടിയുമില്ല. എല്‍.സി.ഡി ടിവികളും മുന്തിയതരം ഫോണുകളും എതാണ്ട് എല്ലാവീടുകളിലുമായി കഴിഞ്ഞു.

എന്നാല്‍ ഇപ്പോഴും രണ്ട് രൂപയ്ക്ക് എങ്ങനെ അരിമേടിക്കാമെന്നും ഈ അരി പുഴുങ്ങി അച്ചാറോ, മുകളോ കൂട്ടി പരമാവധി എങ്ങനെ അകത്താക്കാമെന്നുമാണ് മലയാളി ആലോചിക്കുന്നത്. കേരളത്തിന്റെ പ്രതീക്ഷിത ആയുസ്സ് ഉയര്‍ന്നതാണ്. അന്നജവും മരുന്നുംകൊണ്ട് പടുത്തുയര്‍ത്തിയ ആയുസ്സാണിത്. പ്രതീക്ഷിത ആയുസ്സിനോടൊപ്പം കായികശേഷിയോ ഊര്‍ജ്ജ സ്വലതയോ കുറവാണ്.

അന്താരാഷ്ട്ര കായികമത്സരങ്ങളില്‍ പങ്കെടുക്കുമ്പോഴാണ് നമ്മുടെ ആരോഗ്യത്തിന്റെ യഥാര്‍ത്ഥ അവസ്ഥ പലപ്പോഴും മനസിലാക്കാന്‍ കഴിയുന്നത്. ആരോഗ്യമുള്ള ശരീരത്തിന് നല്ല ഭക്ഷണവും ശരിയായ വ്യായാമവും അന്ത്യാന്താപേക്ഷിതമാണ്. കഞ്ഞികുടിച്ച് യോഗാഭ്യാസത്തിലിരുന്നുകൊണ്ട് ഒളിമ്പിക്‌സില്‍ തോറ്റതിന് ഭരണകൂടങ്ങളെ വിമര്‍ശിച്ചിട്ട് കാര്യമില്ല. നമ്മളെക്കാള്‍ മികച്ച കായികശേഷിയും ആരോഗ്യമുളള ജനസമൂഹങ്ങളിലെ ആളുകള്‍ എങ്ങനെയാണ് ജീവിക്കുന്നതെന്ന് സ്വതന്ത്രമായി ആലോചിച്ച് മനസിലാക്കുവാന്‍ ശ്രമിക്കണം.

ആരോഗ്യമുള്ള ഒരു തലമുറയ്ക്ക്

ആരോഗ്യമുളള ഒരു പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് നമുക്കൊന്നാലോചിച്ചു നോക്കാം. കുട്ടികള്‍ക്ക് ആദ്യത്തെ ആറുമാസം മുലപ്പാല്‍ തന്നെയാണ് നല്‍കേണ്ടത്. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ആവശ്യമെങ്കില്‍ അയേണും വിറ്റാമിന്‍ ഡിയും നല്‍കാവുന്നതാണ്. തുടര്‍ന്ന് ആറുമാസത്തിനുശേഷം മുട്ടയും മാംസവും പഴവര്‍ഗ്ഗങ്ങളും വേവിച്ച പച്ചക്കറിയുമൊക്കെ വളരെ സാവധാനം കൊടുത്തുതുടങ്ങണം.

6-9 മാസംവരെ മാംസാഹാരം കൊടുത്തു തുടങ്ങാനാണ് വിവിധ വികസിത രാജ്യങ്ങളിലെ ഔദ്യോഗിക നിര്‍ദേശങ്ങള്‍. മാംസാഹാരം ഗ്രൈന്റ് ചെയ്ത് കുറുക്കു രൂപത്തിലാക്കി കുട്ടികള്‍ക്ക് നല്‍കാവുന്നതാണ്. എരിവ് കുറച്ചുവേണം കുട്ടികള്‍ക്ക് നല്‍കാന്‍.

മുട്ട നന്നായി വേവിച്ചശേഷം മാത്രമേ കൊടുക്കാവൂ. മത്സ്യവും കാലക്രമേണ കൊടുത്തു തുടങ്ങാവുന്നതാണ്. ചില മത്സ്യങ്ങള്‍ അലര്‍ജിക് റിയാക്ഷന്‍ ഉണ്ടാക്കുന്നവയാണ്. അതിനാല്‍ ഒരു പ്രത്യേക ശ്രദ്ധവേണം. പഴവര്‍ഗ്ഗങ്ങള്‍ കൊടുക്കുന്നതിലൂടെ കുട്ടികള്‍ക്കാവശ്യമായ ഗ്ലൂക്കോസും ജീവകങ്ങളും ധാരാളം ലഭിക്കുന്നു. പഴങ്ങളിലടങ്ങിയിരിക്കുന്ന നാരുകള്‍ കുട്ടികളുടെ മലബന്ധം ഒഴിവാക്കുന്നു. കഞ്ഞിവെള്ളവും കട്ടന്‍ചായയും കൊടുത്ത് കുട്ടികളുടെ വയറു നിറയ്ക്കരുത്. കുട്ടികളിലെ ദാഹം മാറ്റാനായി മുലപ്പാല്‍ നല്‍കുന്നതാണുത്തമം.

മുലകുടി നിര്‍ത്തിയ കുട്ടികള്‍ക്ക് പ്രായത്തിനനുസരിച്ച് പഴച്ചാറുകള്‍, പശുവിന്‍ പാല്‍ എന്നിവ നല്‍കാവുന്നതാണ്. കുട്ടികള്‍ക്ക് കട്ടന്‍ചായയും കാപ്പിയും നല്‍കുന്നത് വിശപ്പു കുറയാന്‍ കാരണമായേക്കാം.

വസ്തുക്കള്‍ മുറുകെ പിടിക്കുവാനും സ്വതന്ത്ര്യമായി ഇരിക്കുവാനും കുട്ടികള്‍ പ്രാപ്തരാകുന്നതോടൂകിട തനിയെ ഭക്ഷണം കഴിക്കുവാനും കുട്ടികളെ പഠിപ്പിച്ചു തുടങ്ങണം. ഭക്ഷണശേഷും കുട്ടികളുടെ പല്ലുകള്‍ വൃത്തിയുള്ള കോട്ടണ്‍ ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്. ആരോഗ്യമുള്ള ഭക്ഷണശീലം ആറുമാസം മുതല്‍ തുടങ്ങുന്നതോടുകൂടി അടുത്ത തലമുറയെങ്കിലും ആരോഗ്യവാന്‍മാരായി വളരട്ടെ. നമുക്ക് വേണ്ടത് അരിക്കുട്ടന്മാരെയല്ല മറിച്ച നല്ല ആരോഗ്യമുള്ള ചുണക്കുട്ടികളെയാണ്.

നെല്‍കൃഷിയും അതിന്റെ രാഷ്ട്രീയവും മാത്രമല്ല നമുക്ക് വേണ്ടത് അതിനേക്കാള്‍ പ്രധാനമായി പശുവും മുട്ടക്കോഴിയും മത്സ്യക്കൃഷിയുമൊക്കെയാണാവശ്യം. പ്രാദേശികമായി ഇത്തരത്തില്പാദിപ്പിക്കപ്പെടുന്ന പാലും മുട്ടയും മീനുമൊക്കെയാണ് സബ്‌സിഡി നിരക്കില്‍ റേഷന്‍ കടകള്‍ വഴി സാധാരണക്കാരിലേയ്ക്ക് എത്തേണ്ടത്. ദാരിദ്ര്യത്തില്‍ നിന്നും കരകയറണമെങ്കില്‍ ബുദ്ധിയും ആരോഗ്യമുള്ള ഒരു തലമുറയിവിടെ ഉണ്ടാകണം. അരിയുടെ രാഷ്ട്രീയത്തില്‍ കുരുങ്ങിക്കിടക്കുന്നിടത്തോളം കാലം നമ്മുടെ അവസ്ഥയില്‍ കാര്യമായ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

തയ്യാറാക്കിയത് : അജീഷ് കുമാര്‍. ആര്‍

Latest Stories

We use cookies to give you the best possible experience. Learn more