വരാപ്പുഴയിലെ ശ്രീജിത്തിന്റെ കൊലപാതകത്തെ തുടര്‍ന്ന് പൊലീസ് നടത്തുന്ന ലോക്കപ്പ് മര്‍ദ്ധനങ്ങളും കസ്റ്റഡി കൊലകളും വീണ്ടും ഒരിക്കല്‍ കൂടി ചര്‍ച്ചയായിരിക്കുകയാണ്. പതിവ് പോലെ “പൊലീസ് പരിഷ്‌ക്കരണം” മുതല്‍ പൊലീസ് സേനക്ക് അവമതിപ്പ് ഉണ്ടാക്കുന്ന ക്രിമിനലുകളെ പുറത്താക്കണ്ടതിന്റെ ആവശ്യകത വരെയുള്ള കാര്യങ്ങള്‍ വീണ്ടുമൊരിക്കല്‍ കൂടി ആവര്‍ത്തിക്കപ്പെട്ടു.
അധികം വൈകാതെ ശ്രീജിത്തിന്റെ കൊലപാതകവും പതുക്കെ പിറകോട്ട് തള്ളിമാറ്റപ്പെടും. അടുത്ത കസ്റ്റഡി കൊലപാതകത്തിന്റെ സമയത്ത് ചര്‍ച്ച ചെയ്യാന്‍ വേണ്ടി നമ്മള്‍ അല്‍പ സമയത്തിന് ശേഷം ഈ വാദങ്ങളും പ്രതിഷേധങ്ങളും ഭദ്രമായി എടുത്ത് പൂട്ടി വെക്കും.ഒറ്റപ്പെട്ട ചില ശ്രമങ്ങള്‍ ഒഴിച്ചു ഘട്ടത്തിലെ വൈകാരിക പ്രതികരണങ്ങള്‍ക്കപ്പുറം പൊലീസിനെതിരെ നിശിതമായ ഒരു രാഷ്ട്രീയ വിമര്‍ശനം നമ്മുടെ സമൂഹത്തില്‍ നാളിതുവരെ ഉയര്‍ന്നു വന്നില്ല എന്നത് അത്യന്തം ഗൗരവമുള്ള ഒരു സംഗതിയാണ്.
ശ്രീജിത്തിന്റെ കൊലപാതകത്തെ തുടര്‍ന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വളരെ ഗൗരവമുള്ള ഒരു ചോദ്യം ഉന്നയിക്കുകയുണ്ടായി. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത “റൂറല്‍ ടൈഗര്‍ ഫോഴ്‌സ് ” എന്ന പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കാന്‍ ആലുവാ റൂറല്‍ എസ്.പി എ.വി.ജോര്‍ജ്ജിന് ആരാണ് അധികാരം നല്‍കിയത് എന്നതായിരുന്നു ആ ചോദ്യം.
വളരെ പ്രസക്തമായ ഒരു ചോദ്യമായിരുന്നു അത്. അതീവ ഗുരുതരമായ ഒരു നിയമ ലംഘനമായിട്ടു കൂടി പ്രതിപക്ഷ നേതാവ് പിന്നീടൊരിടത്തും ആ ചോദ്യം ഉന്നയിക്കുകയൊ ആ കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയൊ ചെയ്തില്ല. ഇപ്പോള്‍ ഈ കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തിലേക്ക് പരിമിതപ്പെട്ടിരിക്കുകയാണ് രമേശ് ചെന്നിത്തല.
ഈ കേസില്‍ പഴുതടച്ച അന്വേഷണം ഉണ്ടാകണമെന്നതും കേരളാ പൊലീസില്‍ നിന്ന് സ്വതന്ത്രമായ ഒരു ഏജന്‍സി അന്വേഷിക്കണമെന്നതും തീര്‍ത്തും ന്യായമായ ആവശ്യങ്ങള്‍ തന്നെയാണ്. പക്ഷെ പുറത്തു വന്ന വിവരങ്ങള്‍ വച്ച് പരിശോധിക്കുമ്പോള്‍ ശ്രീജിത്തിന്റെ കൊലപാതകത്തില്‍ മാത്രം ഒതുങ്ങേണ്ട ഒരു അന്വേഷണമല്ല ഈ കാര്യത്തില്‍ ഉണ്ടാകേണ്ടത് എന്നതാണ് വാസ്തവം. കേരളാ പൊലീസ് നിയമത്തിലെ 21-ാം വകുപ്പ് അനുസരിച്ച് പൊലീസില്‍ പ്രത്യേക വിംഗോ, യൂണിറ്റൊ, ബ്രാഞ്ചൊ, സ്‌ക്വാഡൊ രൂപീകരിക്കുന്നതിനും അവയുടെ അധികാര പരിധിയും ഉത്തരവാദിത്തവും നിയന്ത്രണവും ഒക്കെ തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാറിനാണ്.
ഇവിടെ സര്‍ക്കാറല്ല റൂറല്‍ എസ്.പിയാണ് ” റൂറല്‍ ടൈഗര്‍ ഫോഴ്‌സ് ” എന്ന സ്‌ക്വാഡ് രൂപീകരിച്ചത്. റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജിന് ആരാണ് ഇതിനുള്ള അധികാരം നല്‍കിയത് എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് ഈ സമയം വരെ സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടുമില്ല. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലല്ല റൂറല്‍ എസ്.പി. എ.വി. ജോര്‍ജ്ജ് ” റൂറല്‍ ടൈഗര്‍ ഫോഴ്‌സ്” രൂപീകരിച്ചതെങ്കില്‍ ഗുരുതരമായ നിയമ ലംഘനവും അച്ചടക്ക ലംഘനവുമാണ് റൂറല്‍ എസ്.പി എ.വി.ജോര്‍ജ്ജ് നടത്തിയിട്ടുള്ളത്.
ഇല്ലാത്ത അധികാരം പ്രയോഗിച്ച് പൊലീസ് സേനക്ക് അകത്ത് പ്രത്യേക വിഭാഗം സൃഷ്ടിക്കുകയാണ് ജോര്‍ജ്ജ് ചെയ്തിട്ടുള്ളത്. നിയമനിര്‍മ്മാണ സഭ സര്‍ക്കാറിന് എക്‌സ്‌ക്ലൂസീവ് ആയി നല്‍കിയ അധികാരമാണ് ജോര്‍ജ് സ്വയം എടുത്ത് പ്രയോഗിച്ചിരിക്കുന്നത്. ഇവിടെ നിലവിലുളള ജനാധിപത്യ രീതികളെ നിയമവാഴ്ചച്ചയെ ഭരണഘടനാപരമായ അധികാര പരിധികളെ ഒക്കെ ഇത് വഴി ലംഘിച്ചിരിക്കുകയാണ് എ.വി.ജോര്‍ജ് ചെയ്തിരിക്കുന്നത്.
ഭരണപക്ഷത്തെ രാഷ്ട്രീയമായി പ്രതിക്കൂട്ടിലാക്കാന്‍ കഴിയുന്ന ശക്തമായ ഒരായുധമായിട്ടു പോലും റൂറല്‍ ടൈഗര്‍ ഫോഴ്‌സിന്റെ പ്രവര്‍ത്തനത്തെയും രൂപീകരണത്തെയും സംബന്ധിച്ച് വിമര്‍ശനം ഉന്നയിക്കാനും പ്രതിഷേധം ഉയര്‍ത്തിക്കൊണ്ട് വരാനും പ്രതിപക്ഷം എന്തു കൊണ്ട് ശ്രമിക്കുന്നില്ല എന്നത് പരിശോധിക്കപ്പെടേണ്ടതാണ്.
പ്രതിപക്ഷത്തിന്റെ ഈ ഉദാരമനസ്‌ക്കത ആദ്യത്തെ സംഭവമൊന്നുമല്ല എന്നതിന് കേരളാ പൊലീസ് പ്രതിക്കൂട്ടിലായ നിലമ്പൂര്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലക്ക് ശേഷമുള്ള പ്രതിപക്ഷ നേതാവിന്റെ പ്രതികരണം ഉദാഹരണമാണ്. ഭരണമുന്നണിക്ക് അകത്ത് നിന്നു തന്നെ വിമര്‍ശനങ്ങള്‍ ഉണ്ടായപ്പോള്‍ രമേശ് ചെന്നിത്തല പൊലീസ് നടപടിയെ ന്യായീകരിക്കുകയാണ് ചെയ്തത്. കേവലമായ കക്ഷിരാഷ്ട്രീയ താല്‍പ്പര്യത്തിനപ്പുറം ഗൗരവമാര്‍ന്ന രാഷ്ട്രീയ വിമര്‍ശനം പൊലീസിനെതിരെ ഉയര്‍ത്തി കൊണ്ടു വരാന്‍ വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികള്‍ ശ്രമിക്കാത്തതിന് പിന്നിലെ കാരണമെന്താണ് ?
മറ്റു പല വിഷയങ്ങളിലും ഉള്ളതു പോലെ തന്നെ പൊലീസിന്റെ കാര്യത്തിലും വ്യവസ്ഥാപിത രാഷ്ട്രീയം കക്ഷിരാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറത്ത് പിന്തുടരുന്ന പൊതുവായൊരു രാഷ്ട്രീയ സമീപനമുണ്ട് എന്നതാണ് വസ്തുത. ആലുവ റൂറല്‍ എസ്.പി രൂപീകരിച്ച റൂറല്‍ ടൈഗര്‍ ഫോഴ്‌സ് കേരളത്തില്‍ അത്തരത്തില്‍ രൂപീകരിക്കപ്പെട്ട ആദ്യ ഫോഴ്‌സ് ഒന്നുമല്ലെന്ന് പൊലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെടേണ്ടി വരുന്നവര്‍ക്ക് അറിയാവുന്ന കാര്യമാണ്. ടൈഗര്‍ ഫോഴ്‌സ് പോലുള്ള സംഘങ്ങള്‍ കേരളത്തിലെ പൊലീസ് ഫോഴ്‌സില്‍ പ്രവര്‍ത്തിക്കുന്നു എന്നത് പരസ്യമായ രഹസ്യമാണെന്നര്‍ത്ഥം.
പക്ഷെ ഇവയുടെ സാന്നിധ്യത്തെ സംബന്ധിച്ചൊ രൂപീകരണം, ഘടന എന്നിവയൊ തെളിയിക്കാനൊട്ടു കഴിയുകയുമില്ല. പൊലീസ് സേനയുടെ ഘടനയിലും, പ്രവര്‍ത്തികളിലും ഇപ്പോഴും തുടര്‍ന്നു വരുന്ന ഒട്ടും ജനാധിപത്യപരമല്ലാത്തതും അനാവശ്യവുമായ നിഗൂഢതയാണ് ഇതിന് കാരണം. മറ്റു സര്‍ക്കാര്‍ വകുപ്പുകളെക്കാള്‍ അധികാരവും സ്വാധീനവും ഉള്ള വിഭാഗമെന്ന നിലക്ക് പൊലീസ് അതിന്റെ ഘടനയിലും സംഘാടനത്തിലും പ്രവര്‍ത്തികളിലും സൂക്ഷിക്കുന്ന രഹസ്യാത്മകത കൂടിയാകുമ്പോള്‍ സര്‍ക്കാറിനകത്തെ ഏറ്റവും പ്രബലമായ അധികാര കേന്ദ്രമായി പൊലീസ് മാറുന്നുണ്ട്.
ഈ അധികാര കേന്ദ്രത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് വ്യവസ്ഥാപിത രാഷ്ട്രീയത്തിന് ഒന്നാമത്തെ ഇ.എം.എസ് മന്ത്രി സഭയുടെ കാലം മുതല്‍ തന്നെ ഒരു പ്രധാന പ്രശ്‌നമായിരുന്നു എന്ന് കാണാം. ആദ്യ മന്ത്രിസഭയുടെ കാലത്ത് കൊല്ലത്ത് തൊഴിലാളി സമരത്തിനു നേരെ നടന്ന പൊലീസ് വെടിവെപ്പും കൊലപാതകങ്ങളും ന്യായീകരിക്കാനാണ് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചത്. പൊലീസിനെതിരെ നിലപാടെടുത്താല്‍ ആ ഫോഴ്‌സിന്റെ മനോവീര്യം തകരുമെന്നും അങ്ങനെ വന്നാല്‍ പ്രതിപക്ഷ സമരത്തെ ഫലപ്രദമായി നേരിടാന്‍ കഴിയാതെ വരികയും സര്‍ക്കാര്‍ താഴെപ്പോവുകയും ചെയ്യുമെന്നായിരുന്നു അന്നത്തെ തീരുമാനത്തിന്റെ യുക്തി.
അറുപതാണ്ടുകള്‍ക്ക് ശേഷവും പൊലീസിന്റെ മനോവീര്യം പിണറായി വിജയന്‍ ആവര്‍ത്തിക്കുന്നതാണ് നാം കാണുന്നത്. കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്ത് അന്നത്തെ പൊലീസ് മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയും ഇതേ മനോവീര്യ ന്യായീകരണം ഉയര്‍ത്തിയത് നമ്മുടെ മുന്നിലുണ്ട്. പുറമേക്ക് എന്തൊക്കെ പറഞ്ഞാലും നാളിതുവരെ സര്‍ക്കാര്‍ നടത്തിപ്പ് കയ്യാളിയ മുന്നണികള്‍ സ്ഥിരതയോടെ പിന്തുടര്‍ന്ന പൊലീസ് നയമെന്നത് ഈ ” മനോവീര്യ സംരക്ഷണ”മായിരുന്നു എന്ന് കാണാം. സര്‍ക്കാര്‍ നടത്തിപ്പില്‍ പൊലീസ് സേനക്കുള്ള പ്രധാന്യത്തോടൊപ്പം വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികള്‍ക്ക് അധികാരം നിലനിര്‍ത്തുന്നതിന് പൊലീസിനോടുള്ള ആശ്രിതത്വത്തെ കൂടിയാണ് ഇത് വെളിവാക്കുന്നത്.
ഈ രാഷ്ട്രീയാശ്രിതത്വം കേവലമായതൊ ഏകപക്ഷീയമായതൊ അല്ല. മറിച്ച് ഇതിന് വിപുലമായ സാമൂഹ്യാടിത്തറ കേരളത്തില്‍ രൂപപ്പെട്ടു വന്നിട്ടുണ്ട്. കേരളത്തിലെ പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനവും അതില്‍ വ്യവസ്ഥാപിത രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രാദേശിക നേതൃത്വങ്ങള്‍ വഹിക്കുന്ന പങ്കും പരിശോധിച്ചാല്‍ അത് ബോധ്യമാകും. സാധാരണ ജനങ്ങളും ഭരണകൂടാധികാരവും തമ്മിലുള്ള മധ്യസ്ഥതയാണ് ഇന്ന് വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വം നിര്‍വ്വഹിക്കുന്ന പ്രധാന പണികളിലൊന്ന്.
നാട്ടില്‍ എന്തെങ്കിലും ആവശ്യത്തിന് പൊലീസ് സ്റ്റേഷനില്‍ പോകേണ്ടതായി വരുമ്പോള്‍ മഹാഭൂരിപക്ഷവും ആദ്യം സമീപിക്കുന്നത് പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തെയാവും. പൊലീസ് സ്റ്റേഷനുമായി നല്ല ബന്ധം നില നിറുത്തുകയെന്നത് പ്രാദേശിക തലത്തിലെ രാഷ്ട്രീയാധികാരം നില നിറുത്താനുള്ള പ്രധാന ഉപാധികളിലൊന്നാണ്. തിരിച്ച് പ്രാദേശിക രാഷ്ട്രീയാധികാരത്തോട് സൗഹാര്‍ദ്ദ സമീപനം സ്വീകരിക്കുക എന്നത് ജനങ്ങള്‍ക്ക് മേല്‍ തങ്ങളുടെ അധികാര പ്രയോഗം നിര്‍ബാധം തുടരുന്നതിനുള്ള ഉപാധികളിലൊന്നായി പൊലീസ് ഉദ്യോഗസ്ഥരും മനസ്സിലാക്കുന്നുണ്ട്.
സാധാരണ ജനങ്ങളുടെ ജീവിതത്തിനു മേലുള്ള രാഷ്ട്രീയാധികാര പ്രയോഗത്തിലെ കണ്ണികളായി രാഷ്ട്രീയ നേതൃത്വവും പൊലീസ് ഉദ്യോഗസ്ഥരും മാറുന്നു.ഇവരില്‍ ഒതുങ്ങുന്നതല്ല ഈ ചങ്ങലയിലെ കണ്ണികള്‍. വന്‍കിട തോട്ടം ഭൂവുടമസ്ഥത, സഹകരണ ബാങ്കിംഗ് മൂലധനം, മറ്റ് ഉദ്യോഗസ്ഥ മേധാവികള്‍, സ്വകാര്യ ഫൈനാന്‍സ് മൂലധനം, റിയല്‍ എസ്റ്റേറ്റ്- നിര്‍മ്മാണ മേഖലയിലെ മൂലധനം വിവിധ ട്രേഡ് യൂണിയന്‍ നേതൃത്വങ്ങള്‍, സ്വാശ്രയ വിദ്യാഭ്യാസത്തിന്റെയും സ്വകാര്യ ആശുപത്രി മേഖലയിലെ മൂലധനം തുടങ്ങി ജനങ്ങള്‍ക്ക് മേലുള്ള രാഷ്ട്രീയാധികാരത്തിന്റെ ചങ്ങല കണ്ണികള്‍ അങ്ങനെ നീണ്ടു കിടക്കുകയാണ് നമ്മുടെ സമൂഹത്തില്‍.
ഇവരെല്ലാവരും ചേര്‍ന്നു കൊണ്ട് നമ്മുടെ സമൂഹത്തില്‍ ഉയര്‍ന്നു വന്നിട്ടുള്ള ഒരു പൊളിറ്റിക്കല്‍ ക്ലാസാണ് ഇന്ന് കേരളത്തിലെ ഭരണ വര്‍ഗ്ഗം എന്ന് പറയുന്നത്. ഇതിന്റെ രൂപീകരണത്തിലും പ്രൗര്‍ത്തനത്തിലും ഘടനയിലുമെല്ലാം ജാതിയും മതവും നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നുണ്ട്. ഈ സാമൂഹ്യാടിത്തറയില്‍ നിന്നു വേണം കേരളത്തിലെ പൊലീസിംഗിനെ കുറിച്ച് വിശകലനം ചെയ്യാന്‍.
വരാപ്പുഴയിലേ ശ്രീജിത്തിന്റെ കൊലപാതകത്തിലേക്ക് തിരിച്ചു വരാം. പൊലീസിന് അനുകൂലമായി മൊഴി നല്‍കിയത് ഈ പ്രദേശത്തെ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയാണ്. അദ്ദേഹം സി.പി.ഐ.എം നേതൃത്വത്തിന്റെ നിര്‍ബ്ബന്ധത്തിന് വഴങ്ങിയാണ് അപ്രകാരം മൊഴി നല്‍കിയതെന്ന് അദ്ദേഹത്തിന്റെ മകന്‍ മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞതും നമ്മള്‍ കേട്ടു . നേരത്തെ പറഞ്ഞ പൊളിറ്റിക്കല്‍ ക്ലാസിന്റെ താല്‍പ്പര്യം എങ്ങനെയാണ് ഈ അധികാരഘടനക്കകത്ത് പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ ഉദാഹരണമാണിത്. കസ്റ്റഡി കൊലയല്ല എന്ന് സ്ഥാപിക്കേണ്ടത് പൊലീസിന്റെയും സര്‍ക്കാറിന്റെ മൊത്തത്തിലുള്ളതും അധികാരത്തിലിരിക്കുന്ന മുന്നണിയുടെ/ പാര്‍ട്ടിയുടെ രാഷ്ട്രീയ താല്‍പ്പര്യമായി മാറുകയാണിവിടെ.
അടുത്ത കാലത്ത് കേരളത്തില്‍ നടപ്പിലാക്കിയിട്ടുള്ള പൊലീസ് പരിഷ്‌ക്കാരങ്ങള്‍ എല്ലാം തന്നെ ഈ സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലത്തില്‍ വേണം പരിശോധിക്കാന്‍. ജനമൈത്രി പൊലീസ് സംവിധാനം എടുത്തു നോക്കുക. ഗവണ്‍മെന്റില്‍ നിന്നും ഗവേണന്‍സിലേക്ക് ഊന്നല്‍ മാറിയ നവ ഉദാരവാദ കാലഘട്ടത്തില്‍ ആണ് ഈ പരിഷ്‌കാരം നടപ്പിലാക്കപ്പെടുന്നത്. ലോകവ്യാപകമായി തന്നെ മുതലാളിത്ത ഭരണകൂടങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കിയ കമ്മ്യൂണിറ്റി പൊലീസിംഗ് പദ്ധതിയുടെ ചുവടു പിടിച്ചാണ് ജനമൈത്രി പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നത്.
വാസ്തവത്തില്‍ പൊലീസിന്റെ അധികാരത്തെ ജനങ്ങളുടെ ജീവിതത്തില്‍ തീവ്രമാക്കുകയാണ് കമ്യൂണിറ്റി പോലീസിംഗ് ചെയ്യുന്നത്. പൊലീസും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്രാദേശിക രാഷ്ട്രീയ നേതൃത്വവും തമ്മില്‍ കൂടുതല്‍ ഇഴുകി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരം ജനമൈത്രി നല്‍കുന്നുണ്ട്. ഇത് പ്രാദേശിക രാഷ്ടീയാധികാരത്തിന്റെ ചങ്ങലക്കണ്ണികളെ ബലപ്പെടുത്തുകയാണ് ചെയ്യുന്നത്.
ചുരുക്കത്തില്‍ പൊലീസിന്റെ ജനാധിപത്യവത്ക്കരണമെന്നത് അത്യധികം സങ്കീര്‍ണ്ണമായ ഒരു പ്രശ്‌നമാണന്നതാണ് വിശദീകരിക്കാന്‍ ശ്രമിച്ചത്. പലരും അഭിപ്രായപ്പെടുന്നതു പോലെ നിയമത്തിന്റെയൊ ട്രെയ്‌നിംഗിന്റെയൊ പോരായ്മയൊ, കക്ഷിരാഷ്ട്രീയ വല്‍ക്കരണമൊ, ക്രിമിനലുകളായ ഏതാനും പൊലീസുകാരൊ അല്ല യഥാര്‍ത്ഥ പ്രശ്‌നം. സമൂഹത്തില്‍ ജനാധിപത്യവത്ക്കരണത്തിന് വിഘാതമായി നില്‍ക്കുന്ന അധികാരഘടനയാണ്.
ഈ അധികാരഘടനക്കകത്ത് നിര്‍ണ്ണായക ശക്തികളിലൊന്നായി പൊലീസ് നില്‍ക്കുന്നു എന്നതിനാല്‍ പൊലീസ് നടത്തുന്ന ലോക്കപ്പ് മര്‍ദ്ദനങ്ങളും കസ്റ്റഡി കൊലപാതകങ്ങളും ആവര്‍ത്തിക്കപ്പെടുകയും ശിക്ഷിക്കപ്പെടാതെ പോവുകയും ചെയ്യുന്നു. കാരണം പ്രാദേശിക രാഷ്ട്രീയാധികാരത്തിന്റെ സ്‌ട്രൈക്കിംഗ് ഫോഴ്‌സായി ജനവിരുദ്ധ പൊലീസ് സേനയെ ഇവിടത്തെ വ്യവസ്ഥാപിത രാഷ്ട്രീയ നേതൃത്വത്തിന് ആവശ്യമുണ്ട്.