മലയാളികള്‍ വീടുകളിലെ മാലിന്യം എന്തു ചെയ്യുന്നു? ഹരിതകേരളം സര്‍വ്വേ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഒരുവിലയിരുത്തല്‍
Environment
മലയാളികള്‍ വീടുകളിലെ മാലിന്യം എന്തു ചെയ്യുന്നു? ഹരിതകേരളം സര്‍വ്വേ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഒരുവിലയിരുത്തല്‍
ജിതിന്‍ ടി പി
Tuesday, 19th December 2017, 2:11 pm

കേരളം പോലെ ജനസാന്ദ്രത ഏറിയ ഒരു സംസ്ഥാനത്തെ സംബന്ധിച്ച പ്രധാനമായ പ്രശ്‌നങ്ങളിലൊന്നാണ് മാലിന്യ പ്രശ്‌നം. മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ സംസ്ഥാനത്ത് നിലവില്‍ പര്യാപ്തമായ സംവിധാനങ്ങള്‍ ഇല്ല. രാസ-ജൈവ മാലിന്യങ്ങള്‍ മണ്ണിലേക്ക് വലിച്ചെറിയുകയും മണ്ണിന്റെ സ്വാഭാവിക ഗുണത്തില്‍ മാറ്റം വരുത്തകയും ചെയ്യുന്നതില്‍ ഇത്തരം മാലിന്യങ്ങള്‍ വരുത്തുന്ന പങ്ക് വളരെ വലുതാണ്. മാലിന്യം ഉറവിടത്തില്‍ നിന്നു തന്നെ സംസ്‌കരിക്കുക എന്ന ആശയം ഈയൊരു ഘട്ടത്തിലാണ് ചര്‍ച്ചയാകുന്നത്.

ഉറവിട മാലിന്യ സംസ്‌കരണം എന്ന രീതി നടപ്പാക്കിക്കൊണ്ട് പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ഒരു മാലിന്യ നിര്‍മാര്‍ജന പദ്ധതിയാണ് മാലിന്യ പ്രശനങ്ങള്‍ക്കുള്ള പരിഹാരമെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. കേരളത്തിന് ഏറ്റവും അനുയോജ്യം ഈ പദ്ധതി തന്നെയാണെന്നാണ് സംസ്ഥാനത്തെ വീടുകളില്‍ ഹരിത കേരള മിഷന്‍ നടത്തിയ സര്‍വ്വേയും ശരിവെക്കുന്നത്.

സര്‍വ്വേ ലക്ഷ്യമിട്ടത്

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാനാണ് മാലിന്യ സംസ്‌കരണ കര്‍മപദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്.

വൃത്തിയും വെടിപ്പുമുള്ള ഹരിതാഭമായ കേരളം ഉത്തരവാദിത്വബോധമുള്ള ജനതയുടെ പങ്കാളിത്തത്തോടെ സൃഷ്ടിക്കുകയാണ് മാലിന്യസംസ്‌കരണ കര്‍മപദ്ധതിയുടെ ലക്ഷ്യം. ജനപങ്കാളിത്തത്തോടെയുള്ള പരിസ്ഥിതി സൗഹൃദപരവും സുസ്ഥിരവുമായ ശുചിത്വ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്തെ മാലിന്യമുക്തമാക്കാനും ലോകത്തിനു പഠനവിധേയമായ മാതൃക സൃഷ്ടിക്കാനും ശുചിത്വ മാലിന്യസംസ്‌കരണ പദ്ധതി ലക്ഷ്യമിടുന്നതെന്നാണ് പദ്ധതിയെക്കുറിച്ച് ഹരിത കേരളം മിഷന്‍ പറയുന്നത്. കേരള സമൂഹം അവലംബിക്കുന്ന മാലിന്യസംസ്‌കരണ രീതി പരിസ്ഥിതി സൗഹൃദപരമായില്ലെങ്കില്‍ വലിയ പ്രകൃതി ദുരന്തത്തിനുതന്നെ സാക്ഷിയാകേണ്ടിവരും എന്നതിന്റെ പശ്ചാത്തലത്തിലാണ് മിഷന്‍ ഈ കര്‍മ്മ പരിപാടിക്ക് രൂപം നല്‍കിയിരിക്കുന്നത്.

കേരളത്തിന്റെ ഉറവിട മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സാധ്യതയുണ്ടെന്നു തന്നെയാണ് ഹരിത കേരള മിഷന്റെ സര്‍വേ സാക്ഷ്യപ്പെടുത്തുന്നത്. വീടുകള്‍ കയറി ഹരിത കേരള മിഷന്‍ നടത്തിയ സര്‍വേയില്‍ 77 ശതമാനം മാലിന്യങ്ങളും ഉറവിടത്തില്‍ നിന്നു തന്നെ സംസ്‌കരിക്കുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം അഴുകാത്ത മാലിന്യങ്ങളുടെ കേന്ദ്രീകൃത സംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് ഊന്നല്‍ നല്‍കണമെന്ന് സര്‍വേ വിലയിരുത്തുന്നു.

കേരളത്തിലെ 941 ഗ്രാമപഞ്ചായത്തുകളില്‍ 712 പഞ്ചായത്തുകളും ഹരിത കേരള മിഷന്റെ ഈ സര്‍വേയില്‍ പങ്കെടുത്തു. ഇതുവഴി കേരളത്തിലെ 55 ശതമാനം വീടുകളില്‍ നിന്നും മാലിന്യ സംസ്‌കരണത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ലഭ്യമായിട്ടുള്ളത്. മാലിന്യ സംസ്‌കരണത്തോടും പരിസ്ഥിതി സൗഹൃദത്തോടും മലയാളികളുടെ മനോഭാവം മാറിക്കൊണ്ടിരിക്കുന്നു എന്ന വസ്തുതയാണ് റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്.

സംസ്‌കരിച്ചാലും കത്തിച്ചാലും മലിനീകരണത്തിനു കാരണമാകുന്ന പ്ലാസ്റ്റിക് ഉപയോഗം വീടുകളില്‍ 57 ശതമാനമാണെന്ന കണ്ടെത്തല്‍ അതീവ ഗൗരവതരമാണ്. മാലിന്യ പ്രശ്‌നപരിഹാരത്തിന് ഊന്നല്‍ കൊടുത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് വിലങ്ങുതടിയാകും. എന്നാല്‍ ജൂട്ട്, തുണി സഞ്ചി ബാഗ് തുടങ്ങിയവ ഉപയോഗിക്കുന്ന 43.41 ശതമാനമാണ്. 22 ശതമാനം വീടുകളില്‍ മാത്രമാണ് അഴുകുന്നതും അല്ലാത്തതുമായ മാലിന്യം വേര്‍തിരിക്കുന്നത്. ഇത് പ്രതീക്ഷ നല്‍കുന്നതാണെങ്കിലും മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കാനുതകുന്ന കണക്കല്ല ഇതെന്നത് വെല്ലുവിളിയാണ്.

സര്‍വേ റിപ്പോര്‍ട്ട് പ്രകാരം 77 ശതമാനം വീടുകളില്‍ ജൈവമാലിന്യം പല രീതിയിലും ഉറവിടത്തില്‍ നിന്നു തന്നെ സംസ്‌കരിക്കുന്നുണ്ട്. ഉറവിട സംസ്‌കരണത്തിന് കേരളത്തില്‍ മികച്ച സാധ്യതയാണെന്നാണ് ഇതില്‍ നിന്നും മനസിലാക്കുന്നത്. ഇതില്‍ തന്നെ 44.84 ശതമാനം വീടുകളിലും കമ്പോസ്റ്റിംഗ് നടത്തുന്നുണ്ട്. മെച്ചപ്പെട്ട തരത്തിലുള്ള മാലിന്യസംസ്‌കരണം നടത്തുന്നത് കേരളത്തില്‍ 32 ശതമാനമാണെന്നും റിപ്പോര്‍ട്ട് പറഞ്ഞുവെക്കുന്നു.

 

പഞ്ചായത്തുകള്‍ക്കായി തദ്ദേശ വകുപ്പ് 22/07/2017 ന പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം ഉറവിട മാലിന്യ സംസ്‌കരണം സംബന്ധിച്ച് നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതോടൊപ്പം മാലിന്യങ്ങള്‍ തെരുവോരങ്ങളിലേക്കും പൊതു സ്ഥലങ്ങളിലേക്കും വലിച്ചെറിയുന്നത് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ എറണാകുളം, ആലപ്പുഴ, പാലക്കാട് ജില്ലകളിലെ എല്ലാ പഞ്ചായത്തുകളും ഹരിത കേരള മിഷന്‍ സര്‍വേയുമായി പൂര്‍ണ്ണമായി സഹകരിച്ചപ്പോള്‍ മറ്റു ജില്ലകളിലെ പല പഞ്ചായത്തുകളും റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല എന്നത് ചിന്തിക്കേണ്ട വിഷയമാണ്.

മലിനജലം കൈകാര്യം ചെയ്യുന്നതില്‍ ജനങ്ങള്‍ ശ്രദ്ധ കാണിക്കുന്നുണ്ടെങ്കിലും അതില്‍ തെല്ല് ആശങ്കയ്ക്കും വകയുണ്ട്. 61 ശതമാനം വീടുകളില്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കുശേഷമുള്ള മലിനജലം വെള്ളക്കുഴിയിലേക്കോ മരച്ചുവട്ടിലേക്കോ തിരിച്ചുവിടുകയാണ്. വേനല്‍ക്കാലത്ത് വലിയ പ്രശ്നമുണ്ടാക്കില്ലെങ്കിലും മഴക്കാലത്ത് ഈ വെള്ളം കെട്ടിക്കിടക്കുന്നത് കൊതുക് ജന്യ രോഗങ്ങള്‍ക്ക് കാരണമാകുമെന്നതില്‍ സംശയമില്ല.

കേരളത്തില്‍ ഈയിടെയായി സജീവ വിഷയമായിട്ടുള്ള പൊതുസ്ഥലങ്ങളിലും മറ്റും സെപ്റ്റിക് മാലിന്യം തള്ളുന്നത് അതീവ ശ്രദ്ധ തേടേണ്ട വിഷയമാണ്. ഇത്തരം മാലിന്യങ്ങള്‍ ടാങ്കര്‍ ലോറികള്‍ക്ക് കൈമാറുന്നവരുടെ എണ്ണവും ഗൗരവത്തിലെടുക്കണമെന്ന് പഠനം വ്യക്തമാക്കുന്നു. വീടുകളില്‍ നിന്ന് ഇത്തരം മാലിന്യം ലോറികള്‍ വഴി പുറംതള്ളുന്നത് ഏഴു ശതമാനമാണ്.

സംസ്ഥാനത്തെ ഒട്ടുമിക്ക നഗരങ്ങളിലെയും ഫ്ളാറ്റുകള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍, മറ്റു വ്യാപാര കേന്ദ്രങ്ങള്‍ തുടങ്ങിയവയില്‍ നിന്നും കക്കൂസ് മാലിന്യങ്ങള്‍ ജനവാസ കേന്ദ്രളിലും പൊതു സ്ഥലങ്ങളിലും തള്ളുകയോ ഓടകളിലേക്കും കനാലുകളിലേക്കുമൊക്കെ ഒഴുക്കി വിടുകയുമാണ് ചെയ്യുന്നത്.

ഫ്‌ളാറ്റുകളില്‍ നൂറോളം കുടുംബങ്ങള്‍ ഒരു കെട്ടിടത്തില്‍ താമസിക്കുമ്പോള്‍ ഇത്രയും പേരുടെ സെപ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള മതിയായ സംവിധാനം ഭൂരിഭാഗം കെട്ടിടങ്ങള്‍ക്കും ഇല്ല. ദിവസവും നൂറുകണക്കിന് രോഗികളെത്തുന്ന ആശുപത്രികളുടെ സ്ഥിതിയും ഇതുതന്നെ. ഇതോടെ സെപ്റ്റിക് ടാങ്ക് ക്ലീനിങ്ങിനുള്ള ഏതെങ്കിലും സ്വകാര്യ ഏജന്‍സികളെ സമീപിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

പൊതുസ്ഥലങ്ങളില്‍ സെപ്റ്റിക് മാലിന്യമടക്കമുള്ളവ തള്ളുന്നത് അതീവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. അറവുമാലിന്യവും ഹോട്ടലുകളിലെ ജൈവ-അജൈവ മാലിന്യങ്ങളും അലക്ഷ്യമായി ഉപേക്ഷിക്കുന്നത് വഴി തെരുവു നായ്ക്കള്‍ പെരുകുന്നതിനും ഇത് കാരണമാകുന്നു.

നൂറുശതമാനം സാക്ഷരതയുള്ള കേരളത്തില്‍ കക്കൂസ് മാലിന്യത്തിനടക്കമുള്ള മാലിന്യസംസ്‌കരണ പ്ളാന്റുകള്‍ ഇല്ലാത്തത് നാണക്കേടാണെന്ന സുപ്രീം കോടതിയുടെ വിമര്‍ശനം വന്ന് പതിനഞ്ചു വര്‍ഷം കഴിഞ്ഞെങ്കിലും ഇതുവരെ മാറ്റമൊന്നും ഉണ്ടായില്ലെന്നാണ് പുറത്തു വരുന്ന ഇത്തരം വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. വലിയ ചെലവു വരുന്ന അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള പ്രൊജെക്ടുകള്‍ക്കായി മാറി മാറി വന്ന സര്‍ക്കാരുകള്‍ ഒരുപാട് പദ്ധതികള്‍ കൊണ്ടു വന്നെങ്കിലും ഇതുവരെ ഒന്നും നടപ്പിലായില്ല എന്നതാണ് യാഥാര്‍ഥ്യം.

കക്കൂസ് മാലിന്യങ്ങളുടെ ശുചീകരണത്തിനും സംസ്‌കരണത്തിനുമായി നിലവിലെ സര്‍ക്കാര്‍ ബജറ്റില്‍ 160 കോടി വകയിരുത്തിയിട്ടുണ്ട്. മാത്രമല്ല കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഓരോ ജില്ലയിലും ഒരോ സെപ്‌റ്റേജ് യൂണിറ്റുകള്‍ സ്ഥാപിക്കുമെന്നും പറഞ്ഞിരുന്നുവെങ്കിലും പദ്ധതികളൊന്നും തന്നെ നിലവില്‍ വന്നിട്ടില്ല. കൂടാതെ ശുചിത്വ മിഷന് 2017 ലെ കേരള ബഡ്ജറ്റ് 127 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. അറവുശാലകളിലെ മാലിന്യ നിര്‍മാര്‍ജ്ജനവും, ആധുനികവല്‍ക്കരണത്തിനുമായി 100 കോടിയാണ് ബഡ്ജറ്റ് നീക്കിവെച്ചിരിക്കുന്നത്.

എങ്കിലും ദേശീയ പാതയോരത്തടക്കം അറവുമാലിന്യങ്ങള്‍ കിടക്കുന്നതും അതിനു ചുറ്റും തെരുവ് നായകള്‍ കൂടിക്കിടക്കുന്നതും ഇന്നും കേരളത്തിന്റെ നിത്യ കാഴ്ചയാണ്. മാലിന്യ സംസ്‌കരണത്തോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന വിഷയത്തില്‍ കാണിക്കുന്ന അലംഭാവത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

സര്‍വ്വേ മുന്നോട്ടുവെക്കുന്ന പരിഹാരമാര്‍ഗങ്ങള്‍

മാലിന്യ സംസ്‌കരണം എന്ന ബോധത്തെ ശീലമാക്കി മാറ്റുകയാണ് പരിസ്ഥിതി സംരക്ഷണത്തില്‍ ഇനി ചെയ്യേണ്ടത്. പ്രതിഫലം നല്‍കി മാലിന്യം സംസ്‌കരണം പ്രയോജനപ്പെടുത്താന്‍ 94 ശതമാനം പേരും തയ്യാറാണെന്ന് പഠനം വ്യക്തമാക്കുന്നു. എന്നാല്‍ പ്രതിഫലം ഈടാക്കിയുള്ള മാലിന്യ സംസ്‌കരണത്തിന് പ്രത്യേക സംവിധാനം ആവശ്യമാണെന്നാണ് ഹരിത കേരള മിഷന്‍ നടത്തിയ സര്‍വേയി പങ്കെടുത്ത ജനങ്ങളുടെ അഭിപ്രായം.

 

സര്‍വേയുടെ തന്നെ നിഗമനത്തില്‍ പറയുന്ന പോലെ അഴുകാത്ത മാലിന്യത്തിന്റെ സമാഹരണം, സംഭരണം, സംസ്‌കരണം എന്നിവയിലാണ് ഊന്നല്‍ നല്‍കേണ്ടത്. മാലിന്യസംസ്‌കരണത്തിന് പ്രത്യേക സേവന സംവിധാനം അനിവാര്യമാണെന്നതും ഫീസ് നല്‍കാന്‍സന്നദ്ധത പ്രകടിപ്പിക്കുന്നതും പ്രത്യേക സേവന സംവിധാനത്തിന്റെ അനിവാര്യ കാണിക്കുന്നു.

ഹരിത സേന, ഹരിത സായാഹ്നസ്ഥാപനം, എ.സി.എഫ്, ആര്‍.ആര്‍.എഫ്, ഗ്രീന്‍ പ്രോട്ടോക്കോള്‍, നിയമപരമായ ഇടപെടലുകള്‍ എന്നീ ഘടകങ്ങള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനപരിപാടി നിലവിലുള്ള പ്രശ്നം പരിഹിരിക്കാന്‍ സഹായകമാണ് എന്നാണ് സര്‍വേ പറഞ്ഞുവെക്കുന്നത്. ഉറവിടത്തില്‍ സംസ്‌കരിക്കാന്‍ കഴിയുന്നതും പൊതുസ്ഥലങ്ങള്‍, മാര്‍ക്കറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുണ്ടാകുന്ന ജൈവ മാലിന്യങ്ങള്‍ക്കും വികേന്ദ്രീകൃതമായ സാമൂഹ്യകമ്പോസ്റ്റിംഗ് സംവിധാനത്തിന്റെ പ്രസക്തിയും വെളിവാക്കുന്നു.

അതോടൊപ്പം നമ്മുടെ ജലസ്രോതസ്സുകളെ വീണ്ടെടുക്കാനുള്ള ശ്രമവും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഹരിത കേരളം മിഷന്‍ തന്നെ നേരത്തെ കേരളത്തിലെ ജലസ്രോതസ്സുകളെ കുറിച്ചു നടത്തിയ പഠനത്തില്‍ നിന്നും വ്യക്തമാകുന്നത് നമ്മുടെ ജലസമ്പത്ത് അനുദിനം നശിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്. പൊതുജനങ്ങളോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന ഭരണകേന്ദ്രമെന്ന നിലയ്ക്ക് കേരളത്തിലെ 941 ഗ്രാമപഞ്ചായത്തുകള്‍ക്ക് ഇതില്‍ നേതൃപരമായ പങ്ക് വഹിക്കാനുണ്ട്.

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.