ആവര്‍ത്തിക്കപ്പെടുന്ന എ.ടി.എം കവര്‍ച്ചകള്‍ തകര്‍ക്കുന്നത് ഉപഭോക്താക്കള്‍ക്ക് ബാങ്കിംഗ് സംവിധാനത്തിലുള്ള വിശ്വാസ്യതയോ?
economic issues
ആവര്‍ത്തിക്കപ്പെടുന്ന എ.ടി.എം കവര്‍ച്ചകള്‍ തകര്‍ക്കുന്നത് ഉപഭോക്താക്കള്‍ക്ക് ബാങ്കിംഗ് സംവിധാനത്തിലുള്ള വിശ്വാസ്യതയോ?
ഗോപിക
Thursday, 25th January 2018, 11:42 am

അബ്ദു റഹ്മാന്‍, സഫ്‌വാന്‍, മുഹമ്മദ് ബിലാല്‍- പറയത്തക്ക വിദ്യാഭ്യാസ യോഗ്യതകളൊന്നും ഇല്ല. കൂട്ടത്തില്‍ ഉയര്‍ന്ന യോഗ്യത എസ്.എസ്.എല്‍.സിയാണ്. സ്‌കിമ്മറും ബട്ടണ്‍ ക്യാമറയും ഘടിപ്പിച്ച് എ.ടി.എമ്മുകളില്‍ നിന്ന് പണം തട്ടിയ കേസിലെ പ്രതികളുടെ വിദ്യാഭ്യാസമാണിത്. പ്രതികളിലെ പതിനെട്ടുവയസ്സുകാരനാണ് കവര്‍ച്ചയ്ക്കു പിന്നിലെ പ്രധാന ബുദ്ധികേന്ദ്രം. പൊലീസിന്റെ നിരന്തര ചോദ്യം ചെയ്യലിലും മോഷണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചില്ല. എ.ടി.എമ്മില്‍ സ്‌കിമ്മര്‍ ഉപയോഗിച്ചാണ് ഇവര്‍ കവര്‍ച്ച നടത്തിയതെന്നാണ് അന്വേഷണത്തില്‍ നിന്നും വ്യക്തമായത്.

കഴിഞ്ഞ ദിവസം പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോഴിക്കോട്ടെ ഇടപാടുകാരുടെ പണം എ.ടി.എം വഴി തട്ടിയെടുത്ത കേസിലെ പ്രതികളാണ് ഇവര്‍ മൂന്നുപേരും. എ.ടി.എം സംവിധാനത്തില്‍ ക്യാമറയും, സ്‌കിമ്മറും ഘടിപ്പിച്ച് നടത്തിയ തട്ടിപ്പില്‍ ഒന്നരലക്ഷത്തിലധികം രൂപയാണ് കവര്‍ന്നത്. ഉപഭോക്താക്കളുടെ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തിയാണ് തട്ടിപ്പു നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴ്,എട്ട് തീയതികളില്‍ ആണ് എ.ടി.എമ്മുകളില്‍ നിന്ന് ഈ സംഘം പണം കവര്‍ന്നിരിക്കുന്നത്.

കേരളത്തില്‍ എ.ടി.എം തട്ടിപ്പുകള്‍ നടക്കുന്നത് ഇതാദ്യമല്ല. ഇതിനു മുമ്പും വലിയ കോലാഹലങ്ങളുണ്ടാക്കിയ കവര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അന്നും ബാങ്കധികാരികള്‍ വാര്‍ത്താസമ്മേളനവും ബോധവത്കരണവും നടത്താന്‍ മുന്നിട്ടിറങ്ങിയെങ്കിലും അതൊന്നും ഫലം കണ്ടില്ലെന്നാണ് കോഴിക്കോട് നടന്ന എ.ടി.എം കവര്‍ച്ചാ ശ്രമങ്ങള്‍ പറയുന്നത്.

വ്യാജ എ.ടി.എം തട്ടിപ്പ് കേസില്‍ കോഴിക്കോട് നിന്ന് പിടിയിലായവര്‍

 

ഈ സംഭവങ്ങളുടെ മറ്റൊരു പ്രധാന വസ്തുത നിരന്തരം എ.ടി.എമ്മുകളെ ലക്ഷ്യമാക്കി നടത്തുന്ന തട്ടിപ്പുകള്‍ തകര്‍ക്കുന്നത് ഉപഭോക്താക്കളുടെ വിശ്വാസ്യതയാണ്. ആശയകുഴപ്പത്തിലാകുന്ന സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് എ.ടി.എമ്മുകള്‍ ഉപയോഗിക്കുന്നതില്‍ ആശങ്കകള്‍ നിലനില്‍ക്കുകയാണ്. ഉദ്യോഗസ്ഥര്‍, വീട്ടമ്മമാര്‍ എന്നിവരുടെ അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെടുന്നത് എ.ടി.എം സംവിധാനത്തിനോടുള്ള ജനങ്ങളുടെ വിശ്വാസ്യത തന്നെ ഇല്ലാതാക്കുന്നുവെന്ന് പല അനുഭവസ്ഥരും പറയുന്നു.

തിരുവനന്തപുരം സ്വദേശിയായ വീട്ടമ്മയ്ക്ക് (പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല) പ്രമുഖ ബാങ്കില്‍ നിന്ന് എ.ടി.എം ലഭിച്ചിട്ട് മാസങ്ങളെ ആയുള്ളു. ഇതുവരെ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടില്ല. പണമിടപാടുകള്‍ ബാങ്കില്‍ നിന്ന് നേരിട്ടാണ് ചെയ്യുന്നത്. എന്നാല്‍ കാര്‍ഡ് ഉപയോഗിക്കാത്തതെന്തെന്ന് ചോദ്യത്തിന് അവരുടെ മറുപടി ഇങ്ങനെയായിരുന്നു-

“എ.ടി.എം കാര്‍ഡ് ഉണ്ട്. പക്ഷെ ഇതുവരെ ഉപയോഗിച്ചിട്ടില്ല. ബാങ്കില്‍ നേരിട്ട് ചെന്നാണ് ഇതുവരെയും പണമെടുത്തിട്ടുള്ളത്. ഇപ്പോള്‍ കുറെയായി എ.ടി.എമ്മില്‍ നിന്നൊക്കെ പണം പോകുന്നതായി വാര്‍ത്തകള്‍ വരുന്നു. എ.ടി.എം ഉപയോഗിക്കാനും പേടിയാണിപ്പോ”. ഇതു തന്നെയാണ് കേരളത്തിലെ ഭൂരിപക്ഷം സാധാരണക്കാരുടെ ഭയം. മാത്രമല്ല എ.ടി.എമ്മുകള്‍ സുരക്ഷിതമല്ലെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത് ബാങ്കിംഗ് ഇടപാടുകളെയും ബാധിച്ചുകൊണ്ടിരിക്കുന്നു.

മതിയായ സുരക്ഷമാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് ആവര്‍ത്തിക്കപ്പെടുന്ന എ.ടി.എം കവര്‍ച്ചകളിലൂടെ സൂചിപ്പിക്കുന്നത് എന്നാണ് ബാങ്കിംഗ് മേഖലയിലെ വിദഗ്ധനായ എ.കെ രമേശ് പറയുന്നത്.

 

“സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ എറ്റവും വലിയ തെളിവാണ് ബാങ്കിംഗ് രംഗത്ത് ഇത്തരത്തിലുള്ള കവര്‍ച്ചകള്‍ ഉണ്ടാകാനുള്ള പ്രധാന കാരണം. ലോകത്താകെ സൈബര്‍ ക്രൈമുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യമാണിന്ന് നിലനില്‍ക്കുന്നത്. ഇന്‍ര്‍പോള്‍ മുന്‍ മേധാവിയയായിരുന്ന മാര്‍ക്ക് വുഡ്മാന്‍ പറയുന്നുണ്ട് ഭാവിയില്‍ എറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന മേഖല സൈബര്‍ മേഖലയാണ്. എല്ലാത്തരം അക്കൗണ്ടുകളും വ്യക്തിഗത വിവരങ്ങളും പരസ്പരം ബന്ധപ്പെട്ട് കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ സൈബര്‍യിടങ്ങള്‍ വഴിയുള്ള തട്ടിപ്പുകള്‍ വര്‍ധിക്കുക തന്നെ ചെയ്യും” രമേശ് കൂട്ടിച്ചേര്‍ത്തു.

എറ്റവും ശക്തമായ രീതിയിലുള്ള മുന്‍കരുതല്‍ സംവിധാനങ്ങള്‍ എര്‍പ്പെടുത്തുകയെന്നാണ് എ.ടി.എം കള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയാനുള്ള എറ്റവും പ്രധാന പോംവഴി. എന്നാല്‍ മുന്‍കരുതല്‍ സംവിധാനത്തില്‍ തന്നെ വളരെയധികം ആശങ്ക നിലനില്‍ക്കുന്നുണ്ട്. മോഷണം നടന്നതിനുശേഷം തട്ടിപ്പുകാരെ പിടിക്കാമെന്നല്ലാതെ അതിനെ എങ്ങനെ മുന്‍കൂട്ടി ഇല്ലാതാക്കാം എന്ന് രീതിയിലുള്ള സംവിധാനങ്ങള്‍ ഇന്ന് നിലവില്ലയെന്നത് കേസിന്റെ ഭാവിയെത്തന്നെയാണ് ബാധിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തരം മോഷണ ശ്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയും ചെയ്യുന്നുവെന്നും രമേശ് അഭിപ്രായപ്പെട്ടു.

മറ്റൊരു പ്രധാന വസ്തുതയായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് സൈബര്‍യിടങ്ങളെ ലക്ഷ്യമാക്കി നടത്തുന്ന ക്രമക്കേടുകള്‍ ആയതിനാല്‍ ഇവയെ മുന്‍കൂട്ടി കണ്ടെത്തുന്നതിനും നിരവധി പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട് എന്നാണ്. സൈബര്‍ സാങ്കേതികത ഉപയോഗിച്ചുകൊണ്ടുള്ള തട്ടിപ്പുകള്‍ ബാങ്കിനെ കേന്ദ്രീകരിച്ച് നടക്കുന്നതുകൊണ്ട് എ.ടി.എം സംവിധാനത്തിലെ സുരക്ഷ ശക്തമാക്കാന്‍ ബാങ്കുകള്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്.

സര്‍ക്കാരിന്റെ ഡിജിറ്റലൈസേഷന്‍ പദ്ധതികള്‍ നിലവിലുണ്ടെങ്കിലും എ.ടി.എമ്മുകള്‍ ഉപയോഗിക്കുന്നതില്‍ കുറവൊന്നും ഇല്ല. എ.ടി.എം സംവിധാനങ്ങള്‍ വഴി വ്യാപക ക്രമക്കേടുകള്‍ നടക്കുന്ന അവസരത്തില്‍ അവ ഉപയോഗിക്കുന്നതില്‍ നിന്ന് ജനങ്ങള്‍ പിന്‍വലിയുന്നു.

അതുമാത്രമല്ല ബാങ്കിംഗ് സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം തന്നെ നഷ്ടപ്പെടുന്നതിന് എ.ടി.എം കവര്‍ച്ചകള്‍ കാരണമാകുമെന്നാണ് വിദഗ്ധനായ എ.കെ രമേശ് അഭിപ്രായപ്പെട്ടത്. “ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉള്‍പ്പടെയുള്ള സംവിധാനങ്ങളുടെ വിശ്വാസ്യത ഇപ്പോള്‍ അനിശ്ചിതത്വത്തില്‍ തുടരുകയാണ്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഇന്റര്‍നെറ്റ് ബാങ്കിംഗിനെയും ബാധിച്ചത് ബാങ്ക് എന്ന സ്ഥാപനത്തിന്റെ തന്നെ ക്രെഡിബിലിറ്റിയെയാണ് ബാധിച്ചത്.”

എ.കെ രമേശ്

 

മുന്‍കരുതലുകള്‍ ബാങ്കുകളുടെ ഭാഗത്തു നിന്നു മാത്രമല്ല കേന്ദ്രഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടതാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന എ.ടി.എം സംവിധാനങ്ങളില്‍ വ്യക്തമായ സ്‌കാനിംഗ് സംവിധാനങ്ങള്‍ ഇല്ലാത്തതാണ് മിക്ക എ.ടി.എം തട്ടിപ്പുകള്‍ക്കും കാരണമാകുന്നത്. റിസര്‍വ് ബാങ്കിന്റെയും, മറ്റ് പൊതുമേഖല ബാങ്കുകളുടെയും നിയന്ത്രണങ്ങള്‍ നിലനിന്നിരുന്ന സാഹചര്യത്തില്‍ നിന്ന് ഉദാരവത്കരണത്തിന്റെ ഫലമായി ബാങ്കിംഗ് മേഖലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നയങ്ങളിലും നിയന്ത്രണങ്ങളിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഈ മേഖലയില്‍ നിലനിന്നിരുന്ന പഴയ രീതിയിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ എല്ലാം തന്നെ എടുത്തു മാറ്റിയിട്ടുണ്ട്.

മുമ്പ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശമനുസരിച്ച് എത്തിക്കുന്ന നോട്ടുകളുടെ രേഖ സൂക്ഷിക്കുന്ന സംവിധാനം നിലനിന്നിരുന്നു. എന്നാല്‍ സര്‍ക്കാരുകളുടെ പുതിയ ലിബറല്‍ നയങ്ങള്‍ വന്നതോടെ ഈ രേഖകള്‍ സൂക്ഷിക്കുന്ന സംവിധാനം ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ചെറുകിട ഉപഭോക്താക്കളെയാണ്.

എ.ടി.എം വഴി കള്ളനോട്ടുകള്‍ പ്രചരിക്കുന്ന രീതി നിലനില്‍ക്കുന്നുണ്ട്. ഈ സംവിധാനം ഉപഭോക്താക്കളെ എ.ടി.എം സംവിധാനം ഉപയോഗിക്കുന്നതില്‍ ആശങ്കകള്‍ സൃഷ്ടിക്കുന്നതിന് പ്രധാന കാരണമാണ്. പണം നഷ്ടപ്പെട്ടവരുടെ പട്ടികയെടുത്താല്‍ മനസ്സിലാകുന്നത് ഭൂരിഭാഗം പേരും ചെറുകിട ഉപഭോക്താക്കളാണ്. വന്‍കിട നിക്ഷേപമുള്ള ബാങ്കുകള്‍ക്ക ഇത്തരം ചെറുകിട നിക്ഷേപകരെ തൃപ്തിപ്പെടുത്തുന്നതില്‍ പരാജയപ്പെടുന്നു. വന്‍കിട നിക്ഷേപകരെ കേന്ദ്രീകരിച്ച് നടക്കുന്ന ബാങ്കിംഗ് പ്രവര്‍ത്തനങ്ങളില്‍ സാധാരണക്കാരുടെ പതിനായിരവും ഒരു ലക്ഷവും നഷ്ടപ്പെടുന്നത് തടയാന്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാകുന്നില്ലയെന്നത് വസ്തുതയാണ്.

 

 

എ.ടി.എം സുരക്ഷിതമാക്കുന്നതിന് സ്വീകരിക്കേണ്ട പ്രാഥമിക മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാത്തതാണ് കേരളത്തിലെ തുടര്‍ച്ചയായ എ.ടി.എം തട്ടിപ്പുകള്‍ ആവര്‍ത്തിക്കപ്പെടാനുള്ള പ്രധാന കാരണമെന്നാണ് എ.കെ രമേഷ് പറയുന്നത്. പണമിടപാടുകള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന സംവിധാനമാണ് എ.ടി.എമ്മുകള്‍. കൃത്യമായ മാന്വല്‍ സെക്യൂരിറ്റി സംവിധാനം ഏര്‍പ്പെടുത്തുന്നതു വഴി എ.ടി.എം തട്ടിപ്പുകള്‍ പരമാവധി കുറയ്ക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ ഇന്ന് നഗരത്തിലുള്ള പ്രധാന ബാങ്കുകളുടെ എ.ടി.എമ്മുകളിലൊന്നും സെക്യൂരിറ്റികളെ നിയമിച്ചിട്ടില്ല. സി.സി.ടി.വി സംവിധാനങ്ങള്‍ എ.ടി.എമ്മുകളുടെ സുരക്ഷയുറപ്പാക്കുന്നതില്‍ ഫലപ്രദമാണെന്ന് പൂര്‍ണ്ണമായും പറയാന്‍ സാധിക്കുകയുമില്ലെന്നും രമേശ് പറയുന്നു.

അത്തരമൊരു സങ്കീര്‍ണ്ണ സാഹചര്യത്തില്‍ എ.ടി.എമ്മുകള്‍ ഉപയോഗിക്കുന്നതില്‍ ഉപഭോക്താക്കള്‍ വിമുഖത കാണിക്കുന്നുണ്ട് എന്നത് വാസ്തവം തന്നെയാണ്. അതൊഴിവാക്കാനുള്ള ബദല്‍ സംവിധാനങ്ങള്‍ സൃഷ്ടിക്കുകയാണ് എ.ടി.എം കവര്‍ച്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനും അവയുടെ വിശ്വാസ്യത സംരക്ഷിക്കാനും പ്രധാനമായും നടപ്പാക്കേണ്ടതെന്നാണ് രമേഷ് പറയുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് നടന്ന എ.ടി.എം കവര്‍ച്ചകളില്‍ ആകെ നഷ്ടമായത് 1.41 ലക്ഷം രൂപയാണ്. സ്‌കിമ്മര്‍ ഉപയോഗിച്ചുള്ള എ.ടി.എം തട്ടിപ്പുകള്‍ക്ക് പിന്നാലെയാണിത്. സ്വകാര്യ വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തി നടത്തുന്ന സ്‌കിമ്മര്‍ തട്ടിപ്പുകളില്‍ ഉപഭോക്താക്കള്‍ക്ക് പണം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ അതിലും തീരാത്ത കവര്‍ച്ചാ ശ്രമം പിന്നീട് ബാങ്കിന്റെ താല്‍ക്കാലിക അക്കൗണ്ടില്‍ നിന്നാണ് പണം മോഷ്ടിക്കപ്പെട്ടത്. വിഷയം വീണ്ടും വിവാദമാകുന്നുണ്ട്. എന്നാല്‍ ഇതിനു മുമ്പും കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ ഇത്തരം എ.ടി.എം കവര്‍ച്ചകള്‍ നടന്നിട്ടുണ്ട്.

2016 ആഗസ്റ്റ് മാസത്തില്‍ തിരുവനന്തപുരം വെള്ളയമ്പലത്തു നടന്ന എ.ടി.എം കവര്‍ച്ചയുടെ മുഖ്യ സൂത്രധാരകര്‍ രണ്ട് റുമേനിയന്‍ പൗരന്‍മാരായിരുന്നു. എ.ടി.എമമിനുള്ളില്‍ കീപാഡിനു മുകളില്‍ സ്‌കിമ്മറും, ക്യാമറയും ഘടിപ്പിച്ച് ഉപഭോക്താക്കളുടെ പിന്‍ നമ്പര്‍ ശേഖരിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലുകളില്‍ ഇവര്‍ പറഞ്ഞ കാര്യങ്ങള്‍ അധികൃതര്‍ ഗൗരവമായി ചിന്തിക്കേണ്ടതാണ്.

 

“എ.ടി.എം കൗണ്ടറുകള്‍ക്കു മുന്നില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരനെ നിര്‍ത്തിയിരുന്നെങ്കില്‍ കവര്‍ച്ച തടയാന്‍ കഴിയുമായിരുന്നേനേ. യാതൊരു വിധ സെക്യൂരിറ്റി സംവിധാനങ്ങളും ഇല്ലാത്ത കൗണ്ടറില്‍ ക്യാമറ സ്ഥാപിച്ചാണ് തങ്ങള്‍ കവര്‍ച്ച നടത്തിയത്. ഒരുപക്ഷെ സെക്യൂരിറ്റി ഉണ്ടായിരുന്നെങ്കില്‍ ഇത് നടക്കില്ലായിരുന്നു”. അന്ന് പിടിയിലായ റുമേനിയന്‍ പൗരന്‍മാര്‍ പറഞ്ഞത്. സ്‌കിമ്മര്‍ ഉപയോഗിച്ച് നടത്തിയ കവര്‍ച്ചാശ്രമമായിരുന്നു തിരുവനന്തപുരത്ത് നടന്നത്.

എന്നാല്‍ ബംഗുലുരുവില്‍ ബാങ്കുദ്യോഗസ്ഥയെ എ.ടി.എമ്മിനുള്ളില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ച് പണവുമായി കടന്ന പ്രതിയെ പിടികൂടിയപ്പോഴും ഉയര്‍ന്നുകേട്ട നിര്‍ദ്ദേശമായിരുന്നു എ.ടി.എം കൗണ്ടറുകളില്‍ സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കുകയെന്നത്. ബംഗുലുരുവില്‍ നഗര മധ്യത്തിലാണ് യുവതിയെ ആക്രമിച്ച് എ.ടി.എമ്മില്‍ നിന്ന് പണം തട്ടിയത്. എന്നാല്‍ അതിനുശേഷവും ബാങ്കുകളുടെ ഭാഗത്ത് നിന്ന സുരക്ഷയ്ക്കായുള്ള കൃത്യമായ സംവിധാനങ്ങള്‍ നടന്നില്ലയെന്നത് വീണ്ടും പണം തട്ടിപ്പുകള്‍ നടത്തുന്നതിനും എ.ടി.എം സംവിധാനത്തോടുള്ള വിശ്വാസ്യത നഷ്ടപ്പെടുന്നതിന് വഴിയൊരുക്കുകയും ചെയ്യുന്നുവെന്നാണ് ഈ മേഖലയിലെ വിദഗ്ദര്‍ പറയുന്നത്.

സുരക്ഷ ശക്തമാക്കുക എന്നതിലുപരി മറ്റൊരു പോംവഴിയും എ.ടി.എം വിഷയങ്ങളില്‍ സ്വീകരിക്കാന്‍ കഴിയില്ല. ഇത്തരത്തില്‍ ഇന്ത്യയിലെ ബാങ്കിംഗ് സംവിധാനത്തില്‍ പ്രധാന പങ്കു വഹിക്കുന്ന എ.ടി.എം കേന്ദ്രങ്ങളിലുണ്ടാകുന്ന പിഴവുകള്‍ പരിഹരിക്കാന്‍ വേണ്ടത്ര സ്ഥിരമായ സംവിധാനങ്ങള്‍ കേരളത്തില്‍ തുടര്‍ന്നു പോരുന്നില്ല. പണം നഷ്ടപ്പെട്ടവര്‍ ബാങ്ക് അധികൃതരെ സമീപിച്ച് പ്രാഥമിക നടപടികള്‍ സ്വീകരിക്കുന്നു. സ്ഥിരവും ശക്തവുമായ സുരക്ഷാ സംവിധാനത്തിന്റെ അപര്യാപ്തത പൊതു മേഖല ബാങ്കിംഗ് മേഖലയെ കാര്യമായി ബാധിക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

ഗോപിക
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.