| Thursday, 21st December 2017, 10:58 am

മതവിശ്വാസം ജനിച്ച മണ്ണില്‍ ജീവിതം ദുസഹമാക്കിയ പാമ്പാടിയിലെ ജനത; വിശ്വാസത്തെ പിന്‍പ്പറ്റി ഐവര്‍മഠം ശ്മശാനത്തില്‍ നടക്കുന്ന കച്ചവടം സമ്മാനിക്കുന്നത് പരിസ്ഥിതി മലീനികരണം

നിധിന്‍ നാഥ്

മത വിശ്വാസത്തെ കൂട്ടുപിടിച്ച് നടത്തുന്ന “കച്ചവടം” സമ്മാനിക്കുന്ന മലിനീകരണം ഒരു നാട്ടിലെ ജനതയുടെ ജീവിതത്തെ എങ്ങനെ ദുരിതപൂര്‍ണമാക്കുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തൃശൂര്‍ ജില്ലയിലെ പാമ്പാടിയിലെ ഐവര്‍മഠം ശ്മശാന നിവാസികളുടേത്. ഐവര്‍ മഠവുമായി ബന്ധപ്പെട്ട് ഹിന്ദുമതവിശ്വാസികളില്‍ നിലനില്‍ക്കുന്ന വിശ്വാസമാണ് ഇവരുടെ ദുരിതത്തിന് ആധാരം.

മഹാഭാരത യുദ്ധത്തില്‍ മരിച്ചവര്‍ക്ക് മോക്ഷം കിട്ടാന്‍ ശ്രീകൃഷ്ണന്‍ പലയിടത്തും കര്‍മ്മം നടത്തിയിട്ടും പാപമോക്ഷം കിട്ടിയില്ലെന്നും അവസാനം ഭാരതഖാണ്ഡത്തില്‍ ഉള്‍പെടുന്ന ഭാരതപുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പാമ്പാടിയില്‍ കര്‍മ്മം ചെയ്തപ്പോളാണ് പാപമോക്ഷം കിട്ടിയതെന്നുമാണ് ഹിന്ദുമതവിശ്വാസം. ഈ വിശ്വാസം പിന്‍പ്പറ്റി ഇവിടെ നിരവധി ശവസംസ്‌കാരങ്ങളാണ് ദിവസവും നടക്കുന്നതെന്നും അത് പ്രദേശത്തെ മണ്ണിനെയും വായുവിനെയും ഒരുപോലെ മലിനമാക്കുകയാണെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.

ഒരു മൃതദേഹം സംസ്‌കരിക്കാന്‍ ശരാശരി 500 കിലോ വിറക്ക് വേണമെന്ന് ഐവര്‍മഠം ശ്മശാനം നടത്തുന്ന കോരപ്പത്ത് രമേശന്‍ പറയുന്നത്. രണ്ട് മണിക്കൂറോളമാണ് ഒരു മൃതശരീരം കത്താന്‍ ആവശ്യമെന്ന് ഐവര്‍മഠത്തിലെ മുന്‍ ജീവനക്കാരനായ മുരളീധരന്‍ പറയുന്നു. മുമ്പ് ശരാശരി ഒരു ദിവസം 50നടുത്ത് മൃതദേഹ വന്നിരുന്നെങ്കില്‍ ഇന്ന് അതില്‍ കുറവുണ്ടെന്നും മുരളീധരന്‍ പറയുന്നു. പണ്ട് മുതലുള്ള വിശ്വാസമാണിതെന്ന് പറയുന്നുണ്ടെങ്കിലും 25 വര്‍ഷമായിട്ടാണ് ഇങ്ങനെ പുറത്ത് നിന്ന് വ്യാപകമായി ഇവിടെ ശവസംസ്‌കാരത്തിന് വരാന്‍ തുടങ്ങിയതെന്നും അദ്ദേഹം പറയുന്നു.

തിരുവില്വാമല ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ശ്മശാനം ഇന്ന് കോരപ്പത്ത് രമേശന്‍ എന്ന സ്വകാര്യ വ്യക്തിയാണ് കൈവശംവെച്ചിരിക്കുന്നത്. പഞ്ചായത്ത് രേഖപ്രകാരം ഭാരതപ്പുഴയുടെ തീരത്ത് 56സെന്റ് സ്ഥലത്താണ് ശ്മശാനം സ്ഥിതി ചെയ്യുന്നത്. ജനവാസ മേഖലയിലാണിതെന്നതിനാല്‍ പ്രദേശവാസികള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഈ ശ്മശാനം ഉണ്ടാക്കുന്നത്.

ഐവര്‍മഠം ശ്മശാനത്തിന് അടുത്താണ് 100ഓളം പേര്‍ കഴിയുന്ന വയലാല പട്ടികജാതി കോളനി. കോളനി നിവാസികളുടെ ജീവിതത്തെ വലിയ രീതിയിലാണ് ഇത് ബാധിക്കുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മൃതദേഹം ദഹിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ദുര്‍ഗന്ധവും പുകയും കാരണം ജീവിതം ദുസഹമാണെന്ന് ചൂണ്ടിക്കാണിച്ച് 2010ല്‍ അഞ്ചാം വാര്‍ഡിന്റെ ഗ്രാമസഭയോഗത്തില്‍ ഇവര്‍ പ്രതിഷേധിച്ചിരുന്നു.

2010ഒക്ടോബര്‍ 25ന് പ്രദേശവാസികളായ 150 പേര്‍ ഒപ്പിട്ട നിവേദനം പഞ്ചായത്ത് നല്‍കുകയും ചെയ്തിരുന്നു. അനിയന്ത്രിതമായി മൃതദേഹം സംസ്‌കരിക്കുമ്പോള്‍ ഉണ്ടാവുന്ന മണവും പുകയും ഇവിടെ ജീവിക്കാന്‍ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ 25-10-2010ല്‍ പ്രദേശവാസികളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ജില്ല മെഡിക്കല്‍ ഓഫീസറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2011 ഫെബ്രുവരി 14ന് ചേര്‍ന്ന പഞ്ചായത്ത് പ്രശ്നപരിഹാരത്തിനായി രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 26ന് ചേര്‍ന്ന യോഗത്തില്‍ ശവസംസ്‌കാരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു.

മാര്‍ച്ച് അഞ്ചിന് ചേര്‍ന്ന പഞ്ചായത്ത് യോഗം മൃതദേഹ സംസ്‌കരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. തിരുവില്വാമല പഞ്ചായത്തിന് പുറത്ത് നിന്നുള്ള മൃതശരീരങ്ങള്‍ ഐവര്‍മഠം ശ്മശാനത്തില്‍ ദഹിപ്പിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പഞ്ചായത്ത് ഭരണസമിതി തീരുമാനം.

തിരുവില്വാമല ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള ഹിന്ദു ശ്മശാനത്തില്‍ മലിനീകരണ പ്രശ്നം പരിഹരിക്കാനായാണ് ഇങ്ങനെയൊരു നിയന്ത്രണം കൊണ്ടുവന്നതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന കോണ്‍ഗ്രസ് നേതാവ് പ്രഭാകരന്‍ പറഞ്ഞു. മത വിശ്വാസത്തിനെ ഒരു കച്ചവടമായി ചിലര്‍ മാറ്റിയതാണ് ഇത്രയും പ്രശ്നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറയുന്നു.

അതേസമയം യു.ഡി.എഫ് ഭരിക്കുന്ന തിരുവില്വാമല പഞ്ചായത്ത് ഭരണസമിതി പഞ്ചായത്തിന് പുറത്ത് നിന്നുള്ള മൃതശരീരങ്ങള്‍ ഇവിടെ സംസ്‌കരിക്കുന്നതില്‍ നിന്ന് വിലക്കിയ നടപടി വി.എസ് അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന ഇടത്പക്ഷ സര്‍ക്കാര്‍ സ്റ്റേ ചെയ്തിരുന്നു. പാമ്പാടി ഐവര്‍മഠം ശശ്മാനം സ്ഥിതി ചെയ്യുന്ന ചേലക്കര മണ്ഡലത്തിലെ എം.എല്‍.എയായ കെ. രാധാകൃഷ്ണന്റെ ഇടപെടലാണ് ഇങ്ങനെയൊരു തീരുമാനം സര്‍ക്കാര്‍ എടുക്കാന്‍ കാരണമെന്നാണ് പ്രഭാകരന്‍ പറയുന്നത്.

ഐവര്‍മഠത്തെ കച്ചവടവത്കരിച്ചവരുടെ താത്പര്യം സംരക്ഷിക്കാനാണ് സി.പി.ഐ.എം നേതാവായ രാധാകൃഷ്ണന്‍ ശ്രമിച്ചത്. തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ നേരിടുന്ന മലിനീകരണ പ്രശ്നത്തോട് മുഖംതിരിക്കുകയാണ് എം.എല്‍.എയായിരുന്ന രാധാകൃഷ്ണന്‍ ചെയ്തതെന്നും പ്രഭാകരന്‍ പറഞ്ഞു.

വിഷയം കോടതിയില്‍ എത്തിയ സമയത്ത് പഞ്ചായത്തിന്റെ വക്കീലിനെ പോലും വില്ലയ്ക്കെടുക്കാന്‍ ഐവര്‍മഠത്തിന് പിന്നിലെ കച്ചവട താത്പര്യക്കാര്‍ക്ക് കഴിഞ്ഞു. ഇതിന്റെ ഭാഗമായി രണ്ട് തവണ വക്കീലിനെ മാറ്റേണ്ടി വന്നു. പണ്ട് കാലത്തൊന്നും ഇതുപോലെ ഇത്രയധികം മൃതശരീരങ്ങള്‍ ഇവിടെ ദഹിപ്പിച്ചിരുന്നില്ല. ആംബുലന്‍സൊക്കെ വന്നതിന് ശേഷമാണ് ഇങ്ങനെയുണ്ടാവാന്‍ തുടങ്ങിയത്. ഈ കാലഘട്ടില്‍ ഇതൊരു പുണ്യസ്ഥലമാണെന്ന് വലിയ പ്രചരണം നടത്തിയിരുന്നു. ഇങ്ങനെ അന്തവിശ്വാസം പ്രചരിപ്പിച്ചതിന് ശേഷമാണ് സംസ്ഥാനത്തിന് പുറത്ത് നിന്ന് പോലും മൃതശരീരം കൊണ്ട് വരാന്‍ തുടങ്ങിയതെന്നും പ്രഭാകരന്‍ പറഞ്ഞു.

ഈ പ്രചാരണം വിജയിച്ചതിന് പിന്നില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശ്മശാനത്തിലെ യഥാര്‍ത്ഥ പ്രശ്നമായ മലിനീകരണം മറച്ച് പിടിച്ച് മാധ്യമങ്ങള്‍ കോരപ്പത്ത് രമേശനെ പുകഴ്ത്തിയുള്ള വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നല്‍കുന്നത്.

യഥാര്‍ത്ഥത്തില്‍ പഞ്ചായത്ത് സ്ഥലം ഇപ്പോള്‍ കൈയ്യേറിയിട്ടാണ് കോരപ്പത്ത് രമേശന്‍ ഇവിടെ ശ്മശാനം നടത്തുന്നതെന്നും പ്രഭാകരന്‍ പറയുന്നു. ഒരു ദിവസം മൂന്ന് ലക്ഷം രൂപയ്ക്ക് അടുത്താണ് വരുമാനം ലഭിക്കുന്നത്. അയാളുടെ ബിനാമികളെ ഉപയോഗിച്ച് ഇവിടെ മുഴുവന്‍ കൈയ്യേറി. ഡിസംബര്‍ 25ന് ഐവര്‍ മഠം ശശ്മാനത്തില്‍ കളിയാട്ട മഹോത്സവം നടക്കുകയാണ്. എട്ട് ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് ഇത് നടത്തുന്നത്. ഇതിന്റെ ലക്ഷ്യം പഞ്ചായത്തിന്റെ കീഴിലുള്ള സ്ഥലം സ്വന്തമാക്കുകയെന്നതാണെന്നും അദ്ദേഹം ആരോപിച്ചു. ചുടലപറമ്പിനെ ഉത്സവ പറമ്പാക്കി മാറ്റുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

കൂടുതല്‍ ആളുകളെ ഇവിടേയ്ക്ക് ആകര്‍ഷിക്കാനുള്ള നീക്കമാണിതെന്നും പ്രഭാകരന്‍ പറയുന്നു. തിരുവില്വാമല സ്വദേശിയായ പ്രശസ്ത എഴുത്തുകാരന്‍ വി.കെ.എന്‍ തന്റെ കഥയില്‍ പറയുന്നത് സംസ്‌കാര കര്‍മ്മങ്ങള്‍ നടത്തുന്നതിനായി പേരൂര്‍ക്ക് പോകുകയാണെന്നാണ്, അതായത് പണ്ട് കാലത്ത് ഇവിടെ സംസ്‌കാര കര്‍മ്മങ്ങള്‍ നടത്തിയിരുന്നില്ലെന്നാണ് ഇതിന്റെ അര്‍ത്ഥമെന്ന് പ്രഭാകരന്‍ പറയുന്നത്. തന്റെയെല്ലാം കുട്ടികാലത്ത് പേരൂര്‍ക്കാണ് പോയിരുന്നതെന്നും പ്രഭാകരന്‍ ഓര്‍ക്കുന്നു.

ഇപ്പോള്‍ പ്രചരിക്കുന്ന പോലെ ഒരു ചരിത്രമൊന്നും ഐവര്‍മഠത്തിനില്ല. മാധ്യമങ്ങളുടെ സഹായത്തോടെ സൃഷ്ടിച്ചെടുത്തതാണ് ഇതെല്ലാമെന്നാണ് പ്രഭാകരന്‍ പറയുന്നത്. ഇങ്ങനെ പണം ഉപയോഗിച്ച് പ്രചരിപ്പിക്കുന്ന വിശ്വാസത്തിനും ഇതിന്റെ ഭാഗമായി ഉണ്ടാവുന്ന മലിനീകരണത്തിനുമെതിരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും സംസാരിക്കില്ല. അവര്‍ക്കെല്ലാം പണമാണ് വലുത്. ഐവര്‍മഠത്തിന്റെ മറവില്‍ നടക്കുന്ന കച്ചവടത്തിനും അനിയന്ത്രിതമായി നടക്കുന്ന ശവസംസ്‌കാരം മൂലമുണ്ടാവുന്ന മലിനീകരണത്തിനെതിരെ നടപടിയെടുത്തതിന്റെ പേരില്‍ പൊതു പ്രവര്‍ത്തന രംഗം തന്നെ ഉപേക്ഷിക്കേണ്ടി ആളാണ് താനെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായിരുന്ന പ്രഭാകരന്‍ പറഞ്ഞു.

ജനകീയാസൂത്രണത്തിന്റെ ആദ്യ കാലഘട്ടത്തില്‍ ഒന്‍പതാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണ് ഐവര്‍മഠം ശ്മശാനം ടെന്‍ണ്ടര്‍ നടപടിയിലൂടെ ഒരുസ്വകാര്യ വ്യക്തിയ്ക്ക് പരിപാലിക്കാന്‍ നല്‍കിയത്. ഇതോടെയാണ് ഇത് ഒരു വ്യവ്യസായമായി മാറിയെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തകനായ എം.ആര്‍ ഗോപി പറയുന്നു.

ഈ വ്യക്തി വന്നതോടെയാണ് മറ്റു സ്ഥലങ്ങളില്‍ നിന്ന് മൃതശരീരങ്ങള്‍ കൊണ്ട് വരാന്‍ തുടങ്ങിയത്. അങ്ങനെ ഇതിനെ വലിയൊരു പരസ്യമായി മാറ്റി. ഇതിനെ തുടര്‍ന്നാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പോലും മൃതശരീരം ഇവിടെ സംസ്‌കരിക്കാനായി കൊണ്ട് വരാന്‍ തുടങ്ങി. ഈ കാലഘട്ടത്തിലാണ് പഞ്ചായത്തിലെ ഉറവിട മാലിന്യങ്ങളെ കുറിച്ച് പഠനം നടത്താന്‍ പഞ്ചായത്ത് തീരുമാനിച്ചത്. ആ കമ്മിറ്റിയുടെ കണ്‍വീനര്‍ കൂടിയാണ് എംആര്‍ ഗോപി. ഐവര്‍മഠം ശ്മശാനത്തിന് സമീപമുള്ള വയലാല കോളനിയിലുള്ളവരുടെ ശരീരത്തില്‍ നിറയെ വൃണങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും അവര്‍ക്ക് ശ്വാസകോശ രോഗങ്ങളുണ്ടെന്നും ഈ കമ്മിറ്റിയുടെ സന്ദര്‍ശനത്തില്‍ കണ്ടെത്തിയിരുന്നെന്നും ഗോപി പറയുന്നു.

പഞ്ചായത്ത് അംഗങ്ങള്‍ അടക്കമുള്ള കമ്മിറ്റി അംഗങ്ങള്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഐവര്‍മഠം ശ്മശാനത്തിലെ അനിയന്ത്രിതമായ ശവസംസ്‌കാരം നിര്‍ത്തണമെന്ന് കോളനിവാസികള്‍ ആവശ്യപ്പെട്ടുവെന്നും ഗോപി പറഞ്ഞു. ശവശരീരം കത്തുന്ന മണവും അതില്‍ നിന്ന് ഉയരുന്ന പുകയും കാരണം ഭക്ഷണം പോലും കഴിക്കാനാവുന്നില്ലെന്നും കമ്മിറ്റിയോട് ജനങ്ങള്‍ പറഞ്ഞുവെന്നും ഗോപി ഓര്‍ത്തെടുക്കുന്നു.

തൃശൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍ രോഗികളുള്ളത് ഐവര്‍മഠം ശശ്മാനം സ്ഥിതി ചെയ്യുന്നതിന്റെ അടുത്ത പ്രദേശങ്ങളായ കൊലാക്ക്, കയറാംപാറ എന്നിവിടങ്ങളിലാണ്. ഇതിന്റെ പ്രധാന കാരണവും ഇവിടെ നിന്ന് ഉണ്ടാവുന്ന മലിനീകരണമാണ്.

ഈ മേഖലയിലുള്ളവരുടെ പ്രധാന ജലശ്രോതസ് ഭാരതപുഴയാണ്. ഭാരതപ്പുഴയുടെ തീരത്ത് മൃതദേഹം ദഹിപ്പിക്കുന്നതിലൂടെയുണ്ടാവുന്ന മലിനീകരണമാണ് ഇവര്‍ക്ക് ത്വക്ക് രോഗം വരാനുള്ള പ്രധാന കാരണമെന്ന് ഗോപി പറയുന്നു. ഇത്രയും ഗുരുതരമായ രീതിയില്‍ ക്യാന്‍സര്‍ രോഗികങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടും ഇതുവരെ കൃത്യമായ പഠനം നടത്താന്‍ പോലും ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇനിയുള്ള കാലം പൂര്‍ണ്ണമായി വിറക്ക് ഉപയോഗിച്ച് ശവസംസ്‌കാരം നടത്താനാവില്ലെന്നും അതുകൊണ്ട് തന്നെ ആധുനികവത്കരണത്തിന് അനുകൂലമാണെന്ന് നിലവില്‍ ഐവര്‍മഠം ശ്മശാനം നടത്തുന്ന കോരപ്പത്ത് രമേശന്‍ പറഞ്ഞു. പക്ഷെ ഹിന്ദു മതവിശ്വാസ പ്രകാരം ശവസംസ്‌കാരം നടത്താന്‍ ആഗ്രഹിക്കുന്നവരെ തടയാന്‍ ആര്‍ക്കും അധികാരമില്ലെന്നും രമേശന്‍ പറഞ്ഞു.

വിറക് ഉപയോഗിച്ച് കത്തിക്കാന്‍ ആഗ്രഹിക്കുന്നവരെ അതിന് അനുവദിക്കണം. വിശ്വാസത്തെ ഇല്ലാതെയാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഐവര്‍മഠം ശ്മശാനം ഹിന്ദു ശ്മശാനമാണെന്നും അത് പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണെന്ന് പറയുന്നത് നുണ പ്രചരണമാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പറയുന്നത് പോലെ 56സെന്റ് സ്ഥലമല്ലെന്നും മറിച്ച് 3.05 ഏക്കര്‍ സ്ഥമുണ്ടെന്നും കോരപ്പത്ത് രമേശന്‍ പറഞ്ഞു.

വിശ്വാസത്തിന്റെ പേരില്‍ പഞ്ചായത്തിന് പുറത്ത് നിന്ന് മൃതദേഹങ്ങള്‍ കൊണ്ട് വന്ന് ദഹിപ്പിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് ചില മലിനീകരണ പ്രശ്നങ്ങള്‍ ഇവിടെയുണ്ടെന്ന് സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗവും പ്രദേശത്തെ വാര്‍ഡ് മെമ്പറും കൂടിയായ മനോജ് പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ചില നിയന്ത്രണങ്ങള്‍ കൊണ്ട് വരാന്‍ തീരുമാനിച്ചത്. പക്ഷെ കോടതി ഇടപെടലിനെ തുടര്‍ന്ന് നടപ്പാക്കാനായില്ല.

വിറക് ഉപയോഗിച്ച് ശവസംസ്‌കാരം നടത്തുന്നത് കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിലവിലെ എല്‍.ഡി.എഫ് ഭരണസമിതി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഐവര്‍മഠം പഞ്ചായത്ത് ശ്മശാനത്തില്‍ ഗ്യാസ് ചേംബര്‍ സ്ഥാപിക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിന് 2016-17 വര്‍ഷത്തെ ബഡ്ജറ്റില്‍ 15 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും പഞ്ചായത്തിന്റെ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ മനോജ് പറഞ്ഞു.

അതേസമയം 2011ല്‍ ഹിന്ദുമത വിശ്വാസത്തെ മുന്‍നിര്‍ത്തി കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് എല്ലാവര്‍ക്കും മൃതദേഹം സംസ്‌കരിക്കാന്‍ അനുമതി നല്‍കി. ആ വിധിയില്‍ എടുത്ത് പറയുന്നത് ഐവര്‍മഠം ശ്മശാനം ആധുനികവത്കരിക്കാനുള്ള നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്നാണ്. കോടതി വിധി വന്ന് ഏഴുവര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ ഒറ്റതവണ ഫണ്ട് വകയിരുത്തിയതിനപ്പുറം ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നതാണ് വസ്തുത. മൊത്തം ചിലവിന്റെ 15ശതമാനം മാത്രമാണ് പഞ്ചായത്ത് വഹിക്കുന്നത്. ബാക്കി തുക ജില്ല പഞ്ചായത്തും സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കേണ്ടത്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനം പോലും ഇതുവരെയും നടന്നിട്ടില്ല.

2016 ഫെബ്രുവരി 16ന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഗംഗനദി തീരത്ത് നടത്തുന്ന മൃതദേഹ സംസ്‌കാരവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിധിയില്‍ പറയുന്നത് നിലവിലെ രീതി മാറ്റണമെന്നാണ്. വിശ്വാസമല്ല മറിച്ച് പരിസ്ഥിതിയ്ക്കാണ് കൂടുതല്‍ പരിഗണന നല്‍കണമെന്നും ജസ്റ്റീസ് യു.ഡി സല്‍വി അധ്യക്ഷനായ ബഞ്ച് പറഞ്ഞത്.

വൈദ്യുതി,ഗ്യാസ് തുടങ്ങിയവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആധുനിക ശ്മശാനം വേണമെന്നാണ് കാശിയിലെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന മലിനീകരണത്തെ കുറിച്ചുള്ള വിധിയില്‍ പറഞ്ഞത്. ദക്ഷിണ കാശിയെന്ന് അറിയപ്പെട്ടുന്ന ഐവര്‍മഠം ശ്മശാനത്തിന്റെ സ്ഥിതിയും സമാനമായിട്ടും ഇതുവരെ നടപടിയുണ്ടാവുന്നില്ല.

തിരുവില്വാമല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം കൂടിയായിരുന്നു ഐവര്‍മഠം ശ്മശാനത്തിന്റെ ആധുനികവത്കരണം. അതിനായി ഒന്നും ചെയ്യുന്നില്ലെന്ന് മാത്രമല്ല, പഞ്ചായത്തിന്റെ സ്ഥലത്ത് സ്വകാര്യ വ്യക്തികള്‍ക്ക് ഇഷ്ടം പോലെ പ്രവര്‍ത്തിക്കാന്‍ അധികാരികള്‍ മൗനാനുവാദം നല്‍കുന്നുമുണ്ട്.

ഇതിന്റെ ഉദാഹരണമാണ് ശ്മശാനത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പഞ്ചായത്തിന്റെ അനുമതി പോലുമില്ലാതെ കളിയാട്ട മഹോത്സവം നടത്തുന്നത്. പഞ്ചായത്ത് സ്ഥലം സ്വകാര്യവക്തികള്‍ സ്വന്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ആരോപണം ഉയര്‍ന്നിട്ടും പഞ്ചായത്ത് കണ്ടില്ലെന്ന് നടിക്കുകയാണ്.

നിധിന്‍ നാഥ്

We use cookies to give you the best possible experience. Learn more