| Sunday, 31st December 2017, 7:39 am

ബിനാലെ കാണാന്‍ വരുന്നവര്‍ കണ്ടിട്ടുണ്ടോ മഹാജനവാടിയെ

നിമിഷ ടോം

“ഈ കെട്ടിടം നന്നാക്കണമെന്ന് ആര്‍ക്കും താല്‍പര്യമില്ല. വിദേശത്ത് നിന്നൊക്കെ മട്ടാഞ്ചേരി കാണാന്‍ വരുന്ന ആള്‍ക്കാര്‍ക്ക് കാണിച്ച് കൊടുക്കാലോ” ആയിസുമ്മ ഇത് പറയുന്നത് കടുത്ത ദേഷ്യത്തിലാണ്. മട്ടാഞ്ചേരിയില്‍ ഗുജറാത്തി റോഡിനോട് ചേര്‍ന്നുള്ള മഹാജനവാടിയിലാണ് ആയിസുമ്മയുടെ താമസം. നൂറ്റമ്പത് വര്‍ഷത്തെ പഴക്കമുണ്ട് മഹാജനവാടിക്ക്. കൊച്ചി മട്ടാഞ്ചേരിയിലെ തന്നെ ഏറ്റവും പഴയ ചേരിയാണ് മഹാജനവാടി.

നിന്നു തിരിയാന്‍ പോലും ഇടമില്ലാത്ത വീടുകളില്‍ മൂന്നും നാലും കുടുംബങ്ങള്‍. മറ്റുചിലര്‍ ഒറ്റ മുറികളില്‍ കഴിഞ്ഞുകൂടുന്നു. മേല്‍ക്കൂരകള്‍ ഇടിഞ്ഞ് വീഴാറായി നില്‍ക്കുന്നു. കെട്ടിടങ്ങള്‍ ഏതുനിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയില്‍. പഴയ കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്നത് മഹാജനവാടിയില്‍ പതിവു സംഭവമായിരിക്കുന്നു. മഹാജനവാടിയിലെ കെട്ടിടങ്ങളിലെ താമസത്തിന് കോര്‍പറേഷന്‍ സുരക്ഷാ അനുമതി നിഷേധിച്ചതാണ്.

ഇവിടുത്തെ കെട്ടിടത്തിന്റെ മുകള്‍നിലയിലെ അടര്‍ന്നു നില്‍ക്കുന്ന സീലിങ് പലകകളില്‍ തടഞ്ഞുവീണ് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ എണ്‍പതുകാരിയായ സുഹ്റയ്ക്ക് പരിക്കേറ്റിരുന്നു. ഈ കെട്ടിടത്തിന്റെ മുകള്‍നിലയിലെ സീലിങ് ജീര്‍ണിച്ച് ഏതാനും ചില ഭാഗത്ത് മാത്രമാണ് പലക അവശേഷിക്കുന്നത്. ശരീരഭാരം മുഴുവന്‍ പലകയില്‍ കൊടുത്താല്‍ പലകയടക്കം താഴെ വീഴും.

മട്ടാഞ്ചേരിയിലെ പഴയ കെട്ടിടം

“എപ്പഴാ ഇതെല്ലാം ഇടിഞ്ഞുപൊളിഞ്ഞ് താഴേക്ക് വീഴുന്നേന്ന് അറിയില്ല, ഇവടെ നിന്നൊന്ന് മാറി സമാധാനത്തോടെ കിടന്നുറങ്ങാനെങ്കിലുമുള്ള സ്ഥലം വേണമെന്ന് എല്ലാരോടും പറഞ്ഞതാണ്. ആരുമ ശ്രമിക്കാത്തതാണോ ഇനി വേറെന്തേലുമാണോന്ന് അറിയില്ല. ഇവിടെയൊരു മാറ്റവുമില്ല. മക്കളുടെ കാര്യമോര്‍ക്കുമ്പോള്‍ രാത്രി ഉറങ്ങാന്‍പോലും പറ്റില്ല” പറയുന്നത് അയിഷയാണ്. ആയിഷയ്ക്കും വയസ്സ് എണ്‍പതായി. വിവാഹശേഷമാണ് അയിഷ ഇവിടേക്കെത്തുന്നത്. അന്നുമുതല്‍ ഈ ദുരിതങ്ങള്‍ ഉണ്ടായിരുന്നെന്ന് അയിഷ പറയുന്നു.

ഹാജി അഹമ്മദ് ഇബ്രാഹീം സേട്ട് ട്രസ്റ്റിേന്റതാണ് കെട്ടിടം. വഖഫ് ബോര്‍ഡുമായി സഹകരിച്ച് കെട്ടിടം പുനര്‍നിര്‍മിച്ച് താമസക്കാര്‍ക്ക് സുരക്ഷിതത്വമൊരുക്കാനാകുമെങ്കിലും ഇതിന് നടപടി ആരംഭിച്ചിട്ടില്ല. കെട്ടിടം ഉള്‍പ്പെടുന്ന മഹാജനവാടി ചേരിയില്‍ നേരത്തെ നിരവധിപേര്‍ താമസിച്ചിരുന്നു. ഇവര്‍ക്കെല്ലാം പിന്നീട് നഗരസഭ ഇടപെട്ട്്്് ഭൂമി തരപ്പെടുത്തിക്കൊടുത്തു. ശേഷിക്കുന്ന ഭൂമി വഖഫ് ബോര്‍ഡിന്റെ കൈവശമാണ്.

നിയമ തടസ്സമുള്ളതിനാല്‍ ഇനി വഖഫ് ബോര്‍ഡിനും ഈ ഭൂമി ആര്‍ക്കും കൈമാറാനാവില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മട്ടാഞ്ചേരിയിലെ തന്നെ ആമിനഭായ് ട്രസ്റ്റിന് കീഴിലെ വലിയപറമ്പില്‍ നേരത്തേ ഇത്തരത്തില്‍ ബഹുകുടുംബ പദ്ധതി നടപ്പാക്കി താമസക്കാരെ പുനരധിവസിപ്പിച്ചിരുന്നു. ചേരി നിര്‍മാര്‍ജനത്തിന് നടപ്പാക്കുന്ന പദ്ധതികള്‍ യഥാര്‍ഥ അവകാശികളില്‍ എത്തുന്നില്ല എന്നതിന് വ്യക്തമായ ഉദാഹരണമാണ് മഹാജനവാടി കെട്ടിടമെന്ന് പ്രദേശവാസികള്‍ പറയുന്നു.

മഹാജനവാടി

“വേറെ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടായിരുന്നെങ്കില്‍ ഇവിയെ താമസിക്കില്ലായിരുന്നു. കുടുംബത്തെ ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ പേടിയാണ്. വേറെ എവിടെയെങ്കിലും പോയി താമസിക്കാമെന്ന് വെച്ചാല്‍ ഇവിടെ സ്ഥലത്തിനൊക്കെ തീ വിലയാണ്. മീന്‍ കച്ചവടം നടത്തിയാണ് വീട്ടിലേക്ക് അരി വാങ്ങുന്നത്. മിച്ചം വെക്കാനൊന്നും ഒന്നും കാണില്ല”. മത്സ്യക്കച്ചവടക്കാരനായ താഹയാണ് പറയുന്നത്.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മിച്ചതാണ് ഗുജറാത്തി റോഡിലെ ഈ കെട്ടിടം. ജനങ്ങള്‍ കൂടിച്ചേര്‍ന്ന് താമസിക്കുന്ന ഈ കെട്ടിടത്തിന് കാര്യമായ ബലക്കുറവുണ്ട് എന്നാണ് കോര്‍പറേഷന്‍ അധികാരികള്‍തന്നെ പറയുന്നത്.

“കെട്ടിടത്തിന്റെ മുകളില്‍ കോണ്‍ക്രീറ്റൊന്നും ഇല്ല. ഇതിനിടയിലൂടെ കുട്ടികളൊക്കെ ശ്രദ്ധിച്ച് നടന്നില്ലെങ്കില്‍ താഴേക്ക വീഴും. കുളിമുറീന്ന് പെണ്ണുങ്ങള്‍ വരെ താഴേക്ക് വീഴാന്‍ പോയിട്ടുണ്ട” മഹാജനവാടിയിലെ താമസക്കാരിയായ ഫാത്തിമയാണ് പറയുന്നത്. കെട്ടിടം മൊത്തത്തില്‍ ഇടിഞ്ഞ് പൊളിഞ്ഞ് താഴേക്ക് വീഴുന്നത് എന്ന പേടിയിലാണ് ഓരോ ദിവസവും തള്ളി നീക്കുന്നതെന്ന് ഫാത്തിമ പറയുന്നു.

“ദേ, ഈ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റിലൂടെ താഴേക്ക് നോക്കിയാല്‍ താഴത്തെ വീടുകളും കാണാം. മുകളിലേക്ക് നോക്കിയാല്‍ മൊത്തം ആകാശവും കാണാം.” ഇതില്‍ക്കൂടുതലെന്ത് പറയാനാണെന്നാണ് അബൂട്ടി ചോദിക്കുന്നത്. ഒറ്റമുറികളില്‍ മലര്‍ന്ന് കിടന്നാല്‍ നിലാവും ചന്ദ്രനേം മഴയും എല്ലാം നേരിട്ട് കാണാമെന്ന് പറഞ്ഞ് സ്വന്തം അവസ്ഥയെ പരിഹാസത്തോടെ വിവരിക്കുകയാണ് അബൂട്ടി.

മട്ടാഞ്ചേരിയെ ചുറ്റിപ്പറ്റിയുള്ള ചായക്കടകളും ചെറുകിടകച്ചവടങ്ങളും മത്സ്യബന്ധനവുമൊക്കെയായി ജീവിക്കുന്നവരാണ് മഹാജനവാടിയിലുള്ളത്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് മട്ടാഞ്ചേരിവിട്ട് ഒരിപാട് ദൂരത്തേക്ക് മാറാന്‍ കഴിയില്ല. മട്ടാഞ്ചേരിയില്‍ വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്തതു കൊണ്ട് ഇവരെ ഒരുമിച്ച് മാറ്റാന്‍ കഴിയില്ലെന്നാണ് കോര്‍പറേഷന്‍ പറയുന്നത്. മട്ടാഞ്ചേരിയിലാണ് കൊച്ചി നഗരത്തിലെ തന്നെ ഏറ്റവുമധികം പാര്‍പ്പിട പ്രശ്നം നിലനില്‍ക്കുന്നതും. കൊച്ചി നഗരത്തില്‍ ധാരാളം കെട്ടിടങ്ങള്‍ ആള്‍ത്താമസമില്ലാതെ ഒഴിഞ്ഞു കിടക്കുമ്പോഴാണ് ഒരു കായലിനിപ്പുറം താമസിക്കാന്‍ വീടില്ലാതെയും ഉള്ള വീടുകളില്‍ പേടിയോടെയും കഴിയേണ്ടി വരുന്നതെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ ജോയ് പറയുന്നു.

മട്ടാഞ്ചേരി

“ഉറക്കെ സംസാരിച്ചാല്‍ വീട് പൊളിഞ്ഞ് പോകുമോ എന്ന് സംശയമാണ്. വലിയ മഴയും കാറ്റുമൊക്കെ വരുമ്പോള്‍ പുറത്തിറങ്ങി നിക്കാറാണ് പതിവ്” അറുപതുകാരിയായ നബീസ പറയുന്നു. “മഴക്കാലത്ത് ഇവിടം ദുരിതക്കയമാണ്. തകര്‍ന്ന മേല്‍ക്കൂരയിലൂടെ വെള്ളം ഊര്‍ന്നിറങ്ങും. കുട്ടികളുടെ പുസ്തകമടക്കം നനഞ്ഞ് കുതിരും. ഭിത്തികളും കുതിരാന്‍ തുടങ്ങും. നിരന്തരമായി വെള്ളം ഊര്‍ന്നിറങ്ങിയതുകൊണ്ടുള്ള ബലക്കുറവുമുണ്ട് ഈ ഭിത്തികള്‍ക്ക്”. നബീസ വിശദീകരിച്ചു.

“ഈ കെട്ടിടം നന്നാക്കണമെന്ന് ആര്‍ക്കും താല്‍പര്യമില്ല. വിദേശത്ത് നിന്നൊക്കെ മട്ടാഞ്ചേരി കാണാന്‍ വരുന്ന ആള്‍ക്കാര്‍ക്ക് കാണിച്ച് കൊടുക്കാലോ” ആയിസുമ്മ ഇത് പറയുന്നത് കടുത്ത ദേഷ്യത്തിലാണ്.

ഇരുനിലകളിലായി ഏതാണ്ട് 1500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ മുകളിലത്തെ നിലയില്‍ 11 കുടുംബങ്ങളും താഴെ പത്ത് കുടുംബങ്ങളുമാണ് വിധിയുമായി മല്ലിട്ട് കഴിയുന്നത്. ഏകദേശം നൂറോളം ആളുകള്‍ ഈ കുടുംബങ്ങളുലായി കഴിയുന്നു. വൃദ്ധരും കുട്ടികളും വിവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവരുമുണ്ട് ഇവിടെ.

മഹാജനവാടിയില്‍ മാത്രമല്ല മട്ടാഞ്ചേരിയില്‍ പാര്‍പ്പിടമില്ലാതെ ദുരിതമനുഭവിക്കുന്നവരുള്ളത്. ബസാര്‍ റോഡിലെ കെട്ടിടവും കോമ്പാറ മുക്ക് ബിഗ് ബെന്‍ ഹൗസിലെ കെട്ടിടങ്ങള്‍ക്കും സമാന സ്ഥിതിയാണ്.

പതിനേഴ് കുടുംബങ്ങളാണ് കോമ്പാറമുക്കിലെ കെട്ടിടത്തില്‍ തിങ്ങിക്കഴിയുന്നത്. ഓടുമേഞ്ഞ ഇരുനിലകെട്ടിടമാണ് ഇത്. ബ്രിട്ടീഷ് ഭരണകാലത്ത് പ്രവര്‍ത്തിച്ചിരുന്ന ബിഗ് ബെന്‍ എന്ന ഹോട്ടലായിരുന്നു ഇത്. ഹോട്ടല്‍ പ്രവര്‍ത്തനം നിര്‍ത്തിയപ്പോള്‍ വീടില്ലാത്ത ആളുകളെ ഇവിടെ താമസിപ്പിച്ചു. പിന്നീട് സ്ഥിര താമസക്കാരുമായി. ബിഗ്ബെന്‍ ഹൗസ് എന്ന് പേരുമായി. അന്ന് നല്‍കിയിരുന്ന വാടകയ്ക്കാണ് ഇന്നും ഇവിടെ ആളുകള്‍ താമസിക്കുന്നത്. ഉടമസ്ഥര്‍ ഇതേകെട്ടിടം സാമ്പത്തിക ഇടപാടുകള്‍ക്ക് പണയത്തിന് വെക്കുന്നുമുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മഴക്കാലമായാല്‍ ബസാര്‍ റോഡിലെ ജീര്‍ണിച്ച ഗോഡൗണുകളിലും മറ്റുമാണ് ഇവരുടെ താമസം. കെട്ടിടം ബലപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചിരുന്നതുമാണ്. എന്നാല്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടമായതിനാല്‍ ബലപ്പെടുത്തലിന് പ്രായോഗികമായ ബുദ്ധിമുട്ടുകളുമുണ്ട്.

മട്ടാഞ്ചേരി

മട്ടാഞ്ചേരിയിലെതന്നെ അസ്റാജ് കെട്ടിടവും ഇതേ അവസ്ഥയിലാണ്. 200 വര്‍ഷത്തെ പഴക്കമുണ്ട്. നൂറ്റാണ്ടുകളുടെ പഴക്കംകൊണ്ട് മട്ടാഞ്ചേരി ലോബോ ജങ്ഷന് സമീപത്തുള്ള അസ്റാജ് കെട്ടിടം വര്‍ഷങ്ങള്‍ക്കുമുമ്പ് തകര്‍ന്നുവീണു. ആ സമയത്ത് ആളുകളെ താല്‍കാലിക ഷെഡ്ഡുകളിലേക്ക് മാറ്റി. ഈ ഷെഡ്ഡുകളിലെ താമസത്തിനുതന്നെ ഏഴുവര്‍ഷത്ത പഴക്കം വന്നുകഴിഞ്ഞെന്ന് റുഖിയ പറയുന്നു. തകര്‍ന്നു വീണകെട്ടിടത്തിന്റെ സമീപത്തുതന്നെ ഷെഡ്ഡുകളിലേക്ക് മാറാത്ത പതിനഞ്ചോളം കുടുംബങ്ങളുണ്ട്. ഒട്ടും സൗകര്യമില്ലാത്ത അവസ്ഥയിലാണ് ഇവര്‍ ജീവിക്കുന്നതെന്ന് പ്രദേശവാസികളും ശരിവക്കുന്നു.

ഇവര്‍ക്കുവേണ്ടി ആറ് ഫ്ളാറ്റുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും നിര്‍മ്മാണം പാതിവഴിയില്‍ മുടങ്ങിക്കിടക്കുകയാണ്. നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ആളുകള്‍ താമസിക്കാന്‍ തുടങ്ങിയതും മാറിത്തരാത്തതുമാണ് പദ്ധതി വൈകുന്നതിന് കാരണമായി ഡിവിഷന്‍ കൗണ്‍സിലര്‍ പറയുന്നത്. എന്നാല്‍ നിര്‍മ്മാണത്തിലെ കാലതാമസം കൊണ്ടാണ് നിലവില്‍ വീടില്ലാത്ത അവസ്ഥയില്‍ ഇവിടെ താമസം തുടങ്ങിയതെന്ന് താമസക്കാരും പറയുന്നു. പണിതീരാത്ത കക്കൂസ് ടാങ്കുകളില്‍ വെള്ളം നിറഞ്ഞ് കൊതുകുകള്‍ പെരുകുന്നുണ്ടെന്നും വിവിധ രോഗങ്ങള്‍ പടരുന്നുണ്ടെന്നും സമീപത്ത് താമസിക്കുന്ന സമീന പറയുന്നു.

മട്ടാഞ്ചേരി

“ഏഴ് വര്‍ഷമായി ഇവിടെ ഷീറ്റിനുള്ളില്‍ കിടക്കാന്‍ തുടങ്ങീട്ട്. വേനല്‍ക്കാലമായാല്‍ ചൂട് സഹിക്കാന്‍ കഴിയില്ല. മഴക്കാലത്ത് ചോര്‍ച്ചയും. ശരിക്കും ഇവിടെ ജീവിച്ച് നരകിച്ചു” ഷമീന ഇത് പറഞ്ഞത് കണ്ണീരോടെയാണ്. മഴക്കാലത്ത് കുട്ടികളുടെ പഠനം മുടങ്ങുകയാണെന്നും ഇവര്‍ പറയുന്നു.

സീലാട്ട് പറമ്പ്, മാളോത്ത് പറമ്പ്, ജൂതപറമ്പ് കെട്ടിടം, മത്തേസ് പറമ്പ്, ചെറുകാട്ട് പറമ്പ് തുടങ്ങി മട്ടാഞ്ചേരിയില്‍ വീടില്ലാത്തവര്‍ ഏറെയാണ്. നൂറും ഇരുന്നൂറും അംഗങ്ങളുള്ള കെട്ടിടങ്ങളിലും ചേരികളിലും ദുരിതജീവിതം നയിക്കുകയാണിവര്‍. ചെറിയ വാടക നല്‍കി താമസിക്കുന്നതിനാല്‍ ഉടമകളാരും ഈ കെട്ടിടങ്ങള്‍ നന്നാക്കാന്‍ മുതിരുന്നുമില്ല.

പൈതൃക സംരക്ഷണ വകുപ്പിന്റെയും നിയമത്തിന്റെയും പരിധിയില്‍ പെടുന്ന പ്രദേശമായതിനാല്‍ കെട്ടിടങ്ങളില്‍ ബലംകൂട്ടല്‍ പോലെയുള്ള പരിപാടികള്‍ക്ക് അനവധി കടമ്പകളും കടക്കണം. എന്നാല്‍ ഇതേ മട്ടാഞ്ചേരിയില്‍ത്തന്നെയാണ് ടൂറിസത്തിന്റെയും ബിനാലെയുടേയുമൊക്കെ പേരില്‍ കെട്ടിട നിര്‍മ്മാണങ്ങള്‍ നടക്കുന്നതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു കായലിനപ്പുറത്ത് എറണാകുളം നഗരമാണ്. സംസ്ഥാനത്തിന്റെ തന്നെ വ്യാവസായിക കേന്ദ്രം. എന്നാല്‍ ഇക്കരെ മട്ടാഞ്ചേരിയില്‍ സാധാരണക്കാര്‍ ജീവിതം കയ്യില്‍പിടിച്ചുള്ള ഓട്ടപ്പാച്ചിലിലും.

നിമിഷ ടോം

We use cookies to give you the best possible experience. Learn more