ഒന്നായ ഞങ്ങളെയിഹ രണ്ടാക്കി, ഇപ്പോള്‍ മൂന്നായല്ലോ സാര്‍?
Education
ഒന്നായ ഞങ്ങളെയിഹ രണ്ടാക്കി, ഇപ്പോള്‍ മൂന്നായല്ലോ സാര്‍?
അജിത്ത് രുഗ്മിണി
Tuesday, 12th December 2017, 10:25 am

അക്കാദമിക് നിലവാരവും അധ്യാപക നിലവാരവുമുയര്‍ത്തുക എന്ന പ്രഥമ ലക്ഷ്യത്തോടെയാണ് രണ്ടു വര്‍ഷം മുന്‍പ് National Council for Teacher Education (NCTE)B. Ed, M.Edകോഴ്സുകളുടെ ദൈര്‍ഘ്യം ഒരു വര്‍ഷത്തില്‍നിന്നും രണ്ടു വര്‍ഷം എന്നാക്കി മാറ്റിയത്. രണ്ടു വര്‍ഷമാക്കുന്നതോട് കൂടി കൃത്യമായും അധ്യാപക അഭിരുചിയുള്ളവര്‍ മാത്രം കോഴ്സ് തിരഞ്ഞെടുക്കുകയും പരിശീലനം നേടുകയും, വ്യക്തമായ അടിസ്ഥാന സൗകര്യങ്ങളുള്ള കോളേജുകള്‍ മാത്രം കോഴ്സ് നടത്തുകയും, അതിലൂടെ അധ്യാപകരുടെ ഗുണമേന്മ വര്‍ദ്ധിക്കുകയും ചെയ്യുമെന്ന വാദമാണടിസ്ഥാനം.

കേരളത്തില്‍ എവിടെ നിന്ന് മോളിലെക്കൊരു കല്ലെടുത്തെറിഞ്ഞാലും അതു വന്നു വീഴുന്നിടതൊരു എഞ്ചിനീയറിങ്ങുകാരനുണ്ടാവുമെന്നു ഹാപ്പി വെഡിംഗ് എന്ന സിനിമയിലെ സൗബിന്‍ ഷാഹിറിന്റെ കഥാപാത്രം പറയുന്നുണ്ട്. ഈ ഡയലോഗ് അധ്യാപക കൊഴ്സുമായി ബന്ധപ്പെട്ടിരിക്കുന്നത്, Self Financingമേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന അധ്യാപക പരിശീലന സ്ഥാപനങ്ങളുടെ എണ്ണക്കൂടുതല്‍ കൊണ്ടാണ്.

മറ്റെല്ലാ പ്രൊഫഷനല്‍ കോഴ്സുകളേയും പോലെ തന്നെയാണ് Self Financing/Unaided സ്ഥാപനങ്ങളുടെ അതിപ്രസരമുള്ള കേരളത്തിലെ B.Ed സെന്ററുകളുടേയും അവസ്ഥ. കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ രണ്ടേരണ്ട് സെന്ററുകളാണ് ഗവണ്മെന്റ് മേഖലയില്‍ ഉള്ളത്.രണ്ടെണ്ണം Aided മേഖലയിലും. വിരലിലെണ്ണാവുന്ന യുണിവേഴ്സിറ്റി സെന്ററുകളെ കഴിഞ്ഞാല്‍ പിന്നെ സ്വാശ്രയത്തിന്റെ നിരയാണ്. ഭാവിയുടെ പൗരന്മാരെ സൃഷ്ട്ടിക്കാന്‍ “ട്രെയിനിംഗ്” ലഭിക്കുന്നവര്‍ക്ക് പറയാനുണ്ടാവുക വര്‍ത്തമാനത്തില്‍ അനുഭവിക്കുന്ന അസ്വാതന്ത്ര്യത്തിന്റെയും അവകാശലംഘനത്തിന്റേയുമൊക്കെ കഥകളാവും. ഉറപ്പാണ്.

Image result for കാലിക്കറ്റ് യൂണിവേഴ്‌സിറ്റി

 

അത്തരം വിഷയങ്ങളെ കുറിച്ചല്ല ഇവിടെ ലേഖകന്‍ സൂചിപ്പിക്കുന്നത്. അഫിലിയേറ്റഡ് കോളേജുകളുടെ കൃത്യമായ പ്രവര്‍ത്തനവും കാര്യക്ഷമതയും ഉറപ്പാക്കേണ്ട ഒരു സര്‍വകലാശാല കാണിക്കുന്ന കെടുകാര്യസ്ഥതയാണ് ഇവിടത്തെ വിഷയം. അതേ, കാലിക്കറ്റ് സര്‍വകലാശാലയെ കുറിച്ച് തന്നെ.നിരുത്തരവാദപരമായി B.Ed,M.Ed കോഴ്സുകള്‍ നടത്തുന്ന, അധ്യാപകപരിശീലനത്തിനു അടുക്കും ചിട്ടയുമില്ലാത്ത കേരളത്തിലെ സുപ്രധാന സര്‍വകലാശാലയെ കുറിച്ചു തന്നെയാണ് പറയാനുള്ളത്.

ഗുണമേന്മ കൂട്ടാന്‍വേണ്ടി ദേശീയ കൌണ്‍സില്‍ രണ്ടു വര്‍ഷമാക്കി വര്‍ദ്ധിപ്പിച്ച അധ്യാപക പരിശീലന കോഴ്സ് രണ്ടരയും മൂന്നും വരെ നീട്ടി “ഇരട്ടി ഗുണമേന്മ” ഉറപ്പുവരുത്തുന്ന കാലിക്കറ്റ് യുണിവേഴ്സിറ്റിയെ എങ്ങനെയാണ് അഭിനന്ദിക്കാതിരിക്കുക. 2015 ലാണ് B.Ed,M.Edകോഴ്സുകള്‍ രണ്ടു വര്‍ഷമായി നടത്താനുള്ള സുപ്രധാനതീരുമാനം NCTE കൈക്കൊള്ളുന്നത്. ചരിത്രത്തിലേക്ക് കാലുവെച്ച് ആദ്യ രണ്ടു വര്‍ഷ B.Ed,M.Ed ബാച്ച് 2015ജൂലൈയില്‍ പഠനമാരംഭിച്ചു. അവിടെ തുടങ്ങുന്നു കഷ്ട്ടകാലം.

ആരോട് പറയാനാണ് സാര്‍?

2017 മാര്‍ച്ചില്‍ കോഴ്സ് പൂര്‍ത്തീകരിച്ചു പുറത്തിറങ്ങേണ്ട “ചരിത്രത്തിലെ ആദ്യ രണ്ടാം വര്‍ഷ” ബാച്ച് കോഴ്സ് പൂര്‍ത്തീകരിക്കുന്നത് 2017 ആഗസ്റ്റ് മാസത്തിലാണ്. റിസള്‍ട്ട് വന്നതും മാര്‍ക്ക് ലിസ്റ്റ് ലഭിച്ചതുമെല്ലാം പിന്നേയും രണ്ടും മൂന്നും മാസങ്ങള്‍ കഴിഞ്ഞാണ്. സ്‌കൂളുകളിലേക്കും മറ്റും അധ്യാപകരെ നിയമിക്കാനുള്ള ഇന്റര്‍വ്യുകള്‍ നടക്കാറുള്ളത് മെയ്/ജൂണ്‍ മാസങ്ങളിലാണ്. കോഴ്സ് പൂര്‍ത്തിയാവാത്തതിനാല്‍ ഈ വിദ്യാര്‍ഥികളാര്‍ക്കും തന്നെ ജോലിയില്‍ പ്രവേശിക്കാനുമായില്ല.

Related image

 

ചുരുക്കത്തില്‍ രണ്ടര വര്‍ഷം കഴിഞ്ഞ് ഒരു അധ്യായന വര്‍ഷത്തിന്റെ പകുതിയില്‍ കോഴ്സ് പൂര്‍ത്തീകരിച്ച് വിദ്യാര്‍ഥികളെ പെരുവഴിയിലാക്കുന്ന അവസ്ഥ.അധ്യാപകരാവേണ്ടവരുടെ സ്ഥിതിയാണേ. ആശാന്‍ തന്നെ കളരിക്ക് പുറത്താണേല്‍ പിന്നെ ശിഷ്യന്റെ കാര്യം കട്ടപ്പുറത്തായില്ലെങ്കിലല്ലേ..

ആരോട് പറയാനാണ് സാര്‍?

ഇവിടെയും തീര്‍ന്നിട്ടില്ല. “വെള്ളാനകളുടെ നാട്ടില്‍” പപ്പു പറയുംപോലെ, ഇത് ചെറുത്. ചരിത്രത്തിലേക്ക് കാല് വെച്ചു കയറിയ ആദ്യരണ്ടു വര്‍ഷ M.edബാച്ചിന്റെ കഥ ഇതിനേക്കാള്‍ കഷ്ടമാണ്. വൈവ പൂര്‍ത്തീകരിച്ച് കോഴ്സ് തീരുന്നത്(റിസള്‍ട്ട് പ്രഖ്യാപിക്കുകയോ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുകയോ ചെയ്തിട്ടില്ല) കഴിഞ്ഞ ആഴ്ചയിലാണ്,അതായത് 2017 ഡിസംബര്‍ മാസത്തില്‍. ഫലത്തില്‍ ആ ബാച്ചിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാനെടുത്തത് മൂന്ന് വര്‍ഷത്തോളം.കോഴ്സ് കാലയളവില്‍ SET പരീക്ഷ ഉള്‍പ്പെടെയുള്ളവ പാസ്സായ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് നിശ്ചിതകാലയളവിനുള്ളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാന്‍ കഴിയാതെ യോഗ്യത നഷ്ട്ടപ്പെടുന്ന അവസ്ഥ.

ആരോട് പറയാനാണ് സാര്‍?

ഇനിയുമുണ്ട് അധ്യാപകകഥകള്‍

തങ്ങളുടെ കെടുകാര്യസ്ഥത മൂലം ആദ്യ രണ്ടുവര്‍ഷ B Ed,M.Ed ബാച്ചുകള്‍ തോന്നിയ വിധമായപ്പോള്‍ തൊട്ടടുത്ത വര്‍ഷം, അതായത് ഈ അക്കാദമിക് (201618) ഇയറില്‍ മറ്റൊരുപായം കൊണ്ട് NCTE ക്ക് മുന്നില്‍ സര്‍വകലാശാല അബദ്ധം മറച്ചു. ആദ്യത്തെ രണ്ടുവര്‍ഷ B.Edബാച്ച് കോഴ്സ് പൂര്‍ത്തീകരിക്കുന്നതിനും വളരേ മുന്‍പ് 2017 ജൂലൈയില്‍ തന്നെ പുതിയ M.Ed ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ച് പ്രവേശനം പൂര്‍ത്തീകരിച്ചു.

Image result for കാലിക്കറ്റ് യൂണിവേഴ്‌സിറ്റി

 

ചുരുക്കത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ ആദ്യ രണ്ടുവര്‍ഷ B Ed ബാച്ചുകാര്‍ക്ക് ഈ അധ്യായന വര്‍ഷത്തില്‍ വിദ്യാഭ്യാസത്തില്‍ ബിരുദാനന്തരബിരുദം ചെയ്യാനുള്ള അവസരം നിഷേധിക്കപ്പെട്ടു. വിദ്യാര്‍ഥികളുടെ കണ്മുന്നില്‍ നടന്ന അവകാശലംഘനം. സമയബന്ധിതമായി കോഴ്സ് പൂര്‍ത്തീകരിച്ച കണ്ണൂരിലെയും മറ്റു യുണിവേഴ്സിറ്റികളിലേയും വിദ്യാര്‍ഥികള്‍ ഈ സീറ്റുകളിലേക്ക് പ്രവേശനം നേടുകയും ചെയ്തു.

കേരളത്തിലെ വിദ്യാര്‍ഥി സംഘടനകളോ അക്കാദമിക് സമൂഹമോ ഈ ഹിമാലയന്‍ വയലന്‍സ് കണ്ടതായി നടിച്ചില്ല. ദൈര്‍ഘ്യം രണ്ടു വര്‍ഷമാക്കിയതിന്റെ പുറത്ത് M.Ed സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന/കോഴ്സിനുള്ള അനുമതി നഷ്ട്ടമായിക്കൊണ്ടിരിക്കുന്ന കാലത്താണ് സര്‍വകലാശാലയുടെ ഈ തീക്കളി എന്നോര്‍ക്കണം.
ഞങ്ങള്‍ക്ക് നഷ്ടടപ്പെട്ട അവസരങ്ങളെ/അധ്യായന വര്‍ഷത്തെ ആരാണ് തിരിച്ചു തരിക സാര്‍?

നിസ്സഹായതയുടെ തെരുവിലേക്ക് തള്ളി വിട്ട ആ കൂട്ടരോടാണ് സാര്‍ നാളെയുടെ പൌരന്മാരെ നിര്‍മിച്ചെടുക്കാന്‍ നിങ്ങളാവശ്യപ്പെടുന്നത്. നിലവിലെ B Ed,M.Ed ബാച്ചുകളുടെ ഭാവിയും സമാനമാവാനാണ് സാധ്യത എന്നുള്ളിടത്താണ് പ്രശ്നത്തിന്റെ കാതല്‍. 2018 മാര്‍ച്ച് മാസത്തോടു കൂടി കോഴ്സ് കഴിയണമെന്നിരിക്കേ ലേഖകനുള്‍പ്പെടുന്ന B Ed ബാച്ചിന് ഇനിയും ഒരു സെമെസ്റ്റര്‍ പൂര്‍ത്തീകരിക്കാനുണ്ട്.

Image result for സ്വാശ്രയ ബി.ഇ.എഡ്

 

സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് വിദ്യാര്‍ഥികളുടെ ഭാവിയോ, സര്‍വ്വകലാശാലക്ക് അധികാരകേന്ദ്രങ്ങളെ തീരുമാനിക്കാനുള്ള വോട്ട്ബാങ്കോ അല്ലാത്തതിനാല്‍ അധ്യാപകപരിശീലന പരിപാടികള്‍ ഇതുപോലൊക്കെ തുടരാനാണ് സാധ്യത.

സര്‍വകലാശാലാ ആസ്ഥാനത്ത് ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ പൊടിപൊടിക്കുന്ന വേളയില്‍ കേരളത്തിലെ അക്കാദമിക് സമൂഹവും വിദ്യാര്‍ഥികളും ഈ കാര്യങ്ങളറിയാതെ പോയാല്‍ നാളത്തെ ക്ലാസ് മുറികളോട് ചെയ്യുന്ന വലിയ തെറ്റായിപ്പോവുമിത്. മാതാപിതാഗുരുദൈവം എന്നതാണല്ലോ റിപ്പീറ്റ് മോഡില്‍ നമ്മളുച്ചരിക്കുന്ന വാചകം. അതുകൊണ്ട് പറഞ്ഞുവെന്നേയുള്ളൂ.

 

അജിത്ത് രുഗ്മിണി
ഗവേഷക വിദ്യാര്‍ത്ഥി