കോഴിക്കോട്: കര്‍ണാടകയിലെ കുടക് ജില്ലയില്‍ നിന്ന് ഉത്ഭവിച്ച് കാസര്‍കോട് നഗരത്തെ യു ആകൃതിയില്‍ ചുറ്റിപോകുന്ന ചന്ദ്രഗിരിപ്പുഴ ജില്ലയുടെ ജീവനാഡി കൂടിയാണ്. ജില്ലയിലെ ഏറ്റവും നീളം കൂടിയ നദിയായ ചന്ദ്രഗിരിപ്പുഴ ഇന്ന് കാസര്‍കോടിന്റെ മാലിന്യനിക്ഷേപ കേന്ദ്രമായി മാറിക്കഴിഞ്ഞ കേവലം ഒരു അഴുക്കുചാല്‍ മാത്രമാണ്.
പുഴ കയ്യേറിയുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ഒന്നിനെയും ഭയപ്പെടാതെ തുടര്‍ന്നു പോകുന്ന മണല്‍ മാഫിയയുടെ ഖനനം, കണ്ടല്‍ക്കാടുകളുടെ നശീകരണം എന്നിവയൊക്കെയാണ് പുഴയെ നശിപ്പിക്കുന്നതെന്നാണ് ചന്ദ്രഗിരിപ്പുഴയിലെ മലിനീകരണവുമായി ബന്ധപ്പെട്ട പഠനത്തിന് നേതൃത്വം നല്‍കിയ ജി.ബി വത്സന്‍ അദ്ദേഹത്തിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.
ചെങ്കല്‍, കരിങ്കല്‍ ക്വാറികളും മണല്‍വാരലും മാലിന്യനിക്ഷേപവും അമിതമായ ജലചൂഷണവുമെല്ലാം ചേര്‍ന്ന് പുഴയെ ഇഞ്ചിഞ്ചായി കൊല്ലുകയാണ്. പുഴയോരങ്ങളിലെയും സമീപ പ്രദേശങ്ങളിലെയും മനുഷ്യരുടെയും വ്യവസായസ്ഥാപനങ്ങളുടേയും സകല മാലിന്യങ്ങളും പേറേണ്ട ഒരിടമായി ഇന്ന് പുഴ മാറിയിരിക്കുന്നു. ഒരു മാലിന്യസംസ്‌കരണ പ്ലാന്റ് പോലുമില്ലാത്ത ജില്ലയില്‍ എളുപ്പത്തില്‍ മാലിന്യം തള്ളാനുള്ള ഇടമായിട്ടാണ് ചന്ദ്രഗിരിപ്പുഴയെ ഉത്തരവാദിത്തപ്പെട്ട അധികൃതര്‍ പോലും കാണുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
“കാസര്‍കോട് നഗരത്തിലെ പല വീടുകളുടെയും ഹോട്ടലുകളുടെയും സെപ്റ്റിക് ടാങ്കുകളടക്കം പുഴയിലേയ്ക്കു തുറന്നുവെച്ചിരിക്കുകയാണ്. കൈവഴികളില്‍ നിന്നുമെത്തുന്ന ജൈവ -അജൈവ മാലിന്യങ്ങളോടൊപ്പം ചന്തകള്‍, ആശുപത്രികള്‍, വ്യവസായസ്ഥാപനങ്ങള്‍, ഇറച്ചിക്കടകള്‍ എന്നിവ പുറന്തള്ളുന്ന പാഴ് വസ്തുക്കളും പുഴയില്‍ നിക്ഷേപിക്കുകയാണ്. കാര്‍ബണിക-അകാര്‍ബണിക വസ്തുക്കള്‍ മഴവെള്ളവും മറ്റും പതിക്കുമ്പോള്‍ ലീച്ചിംഗിലൂടെ നദികളെ മലിനീകരിക്കുന്നു. ചന്ദ്രഗിരിപ്പാലത്തിന് ഒരു കിലോമീറ്റര്‍ തൊട്ടുതാഴെയായായി കാസര്‍കോട് നഗരസഭയില്‍ നിന്നുള്ള മലിനജലം നേരിട്ടു പുഴയിലേക്കെത്തുന്നു. പുഴയിലേക്ക് നഗരസഭ തന്നെ പണിത് കൊടുത്ത മാലിന്യച്ചാലാണ് പള്ളത്ത് ഫുട്‌ബോള്‍ മൈതാനത്തിനോട് ചേര്‍ന്നുള്ളത്. ഇത്തരം മാലിന്യച്ചാലുകളില്‍ നിന്നുള്ള നിക്ഷേപങ്ങളും പേറി ദുര്‍ഗന്ധപൂരിതമായി കറുത്ത കൊഴുത്തജലവുമായാണ് ചന്ദ്രഗിരിപ്പുഴ കടലില്‍ പതിക്കുന്നത്. ” റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ പുഴയോരത്തിന്റെ പരിസ്ഥിതി പ്രാധാന്യവും കണ്ടല്‍ സാന്നിധ്യവും കണക്കിലെടുത്താണ് ഇതടക്കം 54.695 ഹെക്ടര്‍ പ്രദേശത്തെ സംരക്ഷിതവനമാക്കാന്‍ വനംവകുപ്പ് ശുപാര്‍ശ ചെയ്തത്. എന്നാല്‍ മലിനീകരണവും മറ്റും ശ്രദ്ധയില്‍പ്പെട്ടിട്ടും അധികൃതര്‍ യാതൊരു നടപടിയുമെടുക്കില്ലെന്നാണ് പ്രദേശവാസികള്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞത്.
“പുഴ അറബിക്കടലില്‍ പതിക്കുന്നതിന് സമീപത്തുള്ള തളങ്കര പാലത്തിനു തൊട്ടുതാഴെയായി അറുവമാടുകളുടെ അസ്ഥികൂടങ്ങള്‍ അഴുകാനായി വെള്ളത്തില്‍ താഴ്ത്തിവെച്ചിരിക്കുന്നത് കാഴ്ച ഏത് സമയവും കാണാന്‍ കഴിയുമെങ്കില്‍ നഗരസഭാ അധികൃതര്‍ക്ക് മാത്രം കണ്ട ഭാവമില്ല.” പ്രദേശവാസി പറയുന്നു.
സംസ്ഥാനത്തെ കടുത്ത പാരിസ്ഥിതിക ആഘാതമേല്‍ക്കുന്ന പുഴകളിലൊന്നായാണു ചന്ദ്രഗിരിപ്പുഴയെ വിലയിരുത്തുന്നത്. ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് നടത്തിയ പഠനത്തില്‍ ഇവിടെ കോളിഫോം ബാക്ടീരിയയുടെ അളവ് അനുവദനീയമായതിലും കൂടുതലായിരുന്നു. സലിം അലി സെന്റര്‍ ഫോര്‍ ഓര്‍ണിത്തോളജി ആന്‍ഡ് നാച്വറല്‍ ഹിസ്റ്ററി നടത്തിയ പഠനത്തില്‍ പക്ഷികള്‍ക്കും മത്സ്യങ്ങള്‍ക്കും ഏറെ ദോഷകരമായ ഓര്‍ഗാനോ ക്ലോറിന്‍ കീടനാശികളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇത്രയധികം അനധികൃത കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു നദീതീരവും വേറെ കാണില്ലെന്നാണ് ജി.ബി വത്സന്‍ പറയുന്നത്. ചന്ദ്രഗിരിയുടെ വൃഷ്ടിപ്രദേശത്തിന്റെ പരിധിയില്‍ നൂറോളം അംഗീകാരമില്ലാത്ത കരിങ്കല്‍ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്യുഗ്രസ്‌ഫോടനങ്ങള്‍ നടത്തി ഈ ക്വാറികള്‍ ജൈവവ്യവസ്ഥയെ അപ്പാടെ തകിടം മറിക്കുന്നു. ജലസംഭരണകേന്ദ്രങ്ങളായ ഇടനാടന്‍ ചെങ്കല്‍ക്കുന്നുകളുടെ നാശമാണ് പുഴ വറ്റിവരളാനുള്ള മറ്റൊരു പ്രധാന കാരണമെന്നും അദ്ദേഹം പറയുന്നു.
കരിച്ചേരിപ്പുഴയില്‍ തോട്ടയിട്ടും നഞ്ചുകലക്കിയും മത്സ്യങ്ങളെ കൊന്നൊടുക്കുന്ന സംഘങ്ങള്‍ സജീവമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇവിടെയുണ്ടായിരുന്ന നീര്‍നായ, മുതല എന്നിവയ്ക്കു വംശനാശം സംഭവിച്ചുകഴിഞ്ഞു. കുച്ച്, ഏരി, പാലപ്പൂവന്‍, കൊളോന്‍ എന്നീ മത്സ്യങ്ങളെ ഇപ്പോള്‍ കാണാനില്ലെന്നും ഇവര്‍ പറയുന്നു.
നിയമം ഇടപെടേണ്ടിടത്ത് ഇടപെടാത്തതുകൊണ്ടാണ് മലിനീകരണം വര്‍ധിക്കുന്നതെന്നാണ് ജി.ബി വത്സന്‍ പറയുന്നത്. ” പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചോ പുഴയുടെ മലിനീകരണം ഉണ്ടാക്കുന്ന ഭവിഷ്യത്തുക്കളെക്കുറിച്ചോ മനസ്സിലാക്കാതെ മാലിന്യം എളുപ്പത്തില്‍ എങ്ങനെ ഒഴിവാക്കാം എന്നതാണ് ജനങ്ങള്‍ ചിന്തിക്കുന്നത്. അപ്പോഴാണ് മുന്നിലൂടെ പുഴ ഒഴുകുന്നത് കാണുന്നത്. മാലിന്യങ്ങള്‍ നേരെ പുഴയിലേക്ക് നിക്ഷേപിക്കുന്നു. പ്രാദേശിക ഭരണകൂടമോ ആരോഗ്യപ്രവര്‍ത്തകരോ പുഴയിലേക്ക് മാലിന്യം നിക്ഷേപിക്കുന്നതില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാന്‍ തയ്യാറാവുന്നില്ല. പുഴയുടെ തനിമ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെകുറിച്ച് ജനങ്ങള്‍ക്കിടയില്‍ ആവശ്യമായ ബോധവല്‍ക്കരണം നടത്താന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ തയ്യാറാവണം, നിയമ നടപടികള്‍ സ്വീകരിക്കണം. കണ്ണുരുട്ടേണ്ട ഇടത്ത് നിയമം കണ്ണുരുട്ടുന്നില്ല. കണ്ടല്‍ക്കാടുകളില്‍ നിറഞ്ഞ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ആസൂത്രിതമായ പദ്ധതികളുണ്ടാവണം.” എന്നും അദ്ദേഹം പറയുന്നു.
കാസര്‍കോട് നഗരസഭയും പള്ളിക്കര, പുല്ലൂര്‍പെരിയ, കോടോംബേളൂര്‍, കള്ളാര്‍, പനത്തടി, ബളാല്‍, കുറ്റിക്കോല്‍, ദേലമ്പാടി, കാറഡുക്ക, മുളിയാര്‍, ബേഡഡുക്ക, ചെങ്കള, മധൂര്‍, മൊഗ്രാല്‍പുത്തൂര്‍, ഉദുമ എന്നീ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് ചന്ദ്രഗിരി നദീതടം. 1342 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് വ്യാപിച്ചുകടക്കുന്ന ഈ നദീതടത്തിന്റെ 42 ശതമാനം കാസര്‍ഗോഡ് ജില്ലയിലും ബാക്കി 58 ശതമാനം കര്‍ണാടകയിലുമാണ്.
ഈ നദീതടപ്രദേശം കാസര്‍കോട് ജില്ലയുടെ 28.5 ശതമാനത്തോളം ഭൂപ്രദേശം ഉള്‍ക്കൊള്ളുന്നു. വടക്ക് പയസ്വിനിയും തെക്ക് കരിച്ചേരിപ്പുഴയുമാണ് പ്രധാന കൈവഴികള്‍. ഈ കൈവഴികളിലൂടെ നടത്തിയ പഠനയാത്രയുടെ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഴക്കാലത്ത് കുത്തിയൊഴുകുന്ന നദി മഴ മാറുന്നതോടെ ശോഷിക്കുന്നു. 1015 കിലോമീറ്റര്‍ മാത്രമാണ് ചന്ദ്രഗിരിപ്പുഴയ്ക്ക് ഇക്കാലയളവില്‍ തുടര്‍ച്ചയുള്ളത്. പയസ്വിനിയില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ പുഴ ശോഷിച്ച് അടിത്തട്ടിലെ പൂഴിമണ്ണും പാറക്കൂട്ടങ്ങളും ദൃശ്യമാകും.
വേനല്‍ക്കാലത്ത് പുഴകളില്‍ പലയിടത്തും ശക്തിയേറിയ മോട്ടോറുകള്‍ ഉപയോഗിച്ച് വ്യാപകമായ ജലചൂഷണം നടക്കുന്നുണ്ടെന്ന് പ്രദേശത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പയസ്വിനിപ്പുഴയില്‍ കിലോമീറ്ററിന് 30 എന്ന കണക്കിന് മോട്ടോറുകള്‍ ഉണ്ടായിരുന്നതായും കരിച്ചേരി പാലം മുതല്‍ കൊട്ടോടി വരെ 454 പമ്പ് സെറ്റുകള്‍ എണ്ണിതിട്ടപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ചിലര്‍ കുവങ്ങിന്‍ തോട്ടങ്ങളിലെ വെള്ളത്തിനായി രാവിലെ മോട്ടോര്‍ ഓണ്‍ ചെയ്താല്‍ വൈകുന്നേരം മാത്രം ഓഫ് ചെയ്യുന്ന രീതിയും ഉള്ളതായി കണ്ടെത്തി.