| Saturday, 22nd July 2023, 7:01 pm

അക്രമിക്കപ്പെട്ടത് കുകി വനിതയല്ല; ഇത് രാജ്യത്തെ എല്ലാ സ്ത്രീകളോടുമുള്ള അതിക്രമമാണ്

ടിന്റോ ജോസ് പുന്നൻ

ബര്‍ഖ: ഇന്ത്യയിലെ സ്ത്രീകളുടെ അന്തസിനെ ചോദ്യം ചെയ്യുന്ന ഒരു വീഡിയോയാണ് മണിപ്പൂരില്‍ നിന്ന് പുറത്തുവന്നത്. എന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത്?

ഗാരി: എന്താണ് ബര്‍ഖ ഞാന്‍ കൂടുതലായി പറയേണ്ടത്. വൈറലായ ആ വീഡിയോയില്‍ എല്ലാമുണ്ട്. ആ പെണ്‍കുട്ടികളുടെ ശരീരം പോലും മറയ്ക്കാതെ എല്ലാം എക്‌സ്‌പോസ് ആയിരിക്കുകയല്ലേ. ഞാനാണ് അവരുടെ സ്ഥാനത്തെന്ന് ചിന്തിച്ചുപോകന്നു. ആ പെണ്‍കുട്ടികളും ആരുടെയൊക്കയോ മകളാണ്, സഹോദരികളാണ്.

മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത്

രണ്ട് മാസം മുന്‍പ് സംഭവിച്ച ക്രൂരകൃത്യത്തില്‍ ആരും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. അക്രമികളുടെ മുഖം വീഡിയോയില്‍ വ്യക്തമായി കാണാം. എന്നാലവര്‍ ഇപ്പോഴും അവിടെ സ്വതന്ത്രരായി നടക്കുന്നു. ബലാത്സംഗത്തിന് ഇരയായവരെ മുതിര്‍ന്ന സ്ത്രീകള്‍ എന്ന് പോലും നമുക്ക് വിളിക്കാന്‍ കഴിയില്ല, അവര്‍ ചെറിയ പെണ്‍കുട്ടികളാണ്.

ഈ ക്രൂരത കുകികള്‍ക്ക് മാത്രം എതിരായിട്ടുള്ളതാണെന്ന് കരുതരുത്. ഇത് നമ്മുടെ രാജ്യത്തെ എല്ലാ സ്ത്രീകളോടുമുള്ള അതിക്രമമാണ്. നമ്മള്‍ ഇന്ത്യയിലെ സ്ത്രീകള് വിവസ്ത്രരായി പൊതുവഴിയിലൂടെ നടത്തിക്കുകയാണ്. നമ്മുടെ പെണ്‍കുട്ടികള്‍ പൊതുമധ്യത്തില്‍ ബലാത്സംഗത്തിന് ഇരയാക്കപ്പെടുന്നു.

നമ്മുടെ നിയമമനുസരിച്ച് ഒരു പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായാല്‍ അവളുടെ ഐഡന്റിറ്റിയോ, പേരോ പുറത്തുപറയാന്‍ പാടില്ല. എന്നാല്‍ ഇവിടെ ആ പെണ്‍കുട്ടികളുടെ വീഡിയോ തന്നെ വൈറല്‍ ആയിരിക്കുന്ന അവസ്ഥയാണ്. ശരീരം മറക്കാനാകാതെ പെണ്‍കുട്ടികള്‍ അപമാനിക്കപ്പെട്ടു.

കേസില്‍ ഒരു ആണ്‍ അഭിഭാഷകനെ പോലും സമീപിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഞങ്ങള്‍ ഒരു വനിതാ അഭിഭാഷകയെ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ഇതില്‍ കൂടുതല്‍ എന്താണ് മണിപ്പൂരിലെ അവസ്ഥയെക്കുറിച്ച് പറയുക.

ബര്‍ഖ: എന്റെ ജീവിതത്തില്‍ ഞാന്‍ ഒരുപാട് സംഭവങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ആ ദൃശ്യങ്ങള്‍ എന്റെ ഹൃദയം തകര്‍ക്കുന്നതാണ്. എനിക്ക് ഗാരി പറഞ്ഞത് മനസിലാകും.
കാരണം ഞാനും ഒരു സ്ത്രീയാണ്. ഒരു സ്ത്രീ എന്ന നിലയില്‍ ആ ദൃശ്യങ്ങള്‍ എങ്ങനെയാണ് ഒരു ആണ്‍ അഭിഭാഷകനെ കാണിക്കുക. ഇത് ഒരു സ്ത്രീയുടെ അഭിമാനത്തിനേറ്റ ക്ഷതമാണ്.

ഗാരി: ആ പ്രദേശത്തെ എല്ലാവര്‍ക്കും ആ പെണ്‍കുട്ടികള്‍ ആരാണെന്ന് അറിയാം. അവര്‍ ഇനി എങ്ങനെ അവിടെ ജീവിക്കും? ഈ സംഭവത്തിന്റെ ട്രോമ അവര്‍ എങ്ങനെ മറികടക്കും? ആ പെണ്‍കുട്ടികള്‍ക്ക് വേണ്ടി, നമ്മുടെ രാജ്യത്തെ സ്ത്രീ സമൂഹവും വനിതാ കമ്മീഷനും പ്രതിഷേധവുമായി മുന്നോട്ടുവരണം. അവര്‍ക്ക് സംഭവിച്ചത് ഇനി ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല. ഈ കലാപത്തിന്റെ തുടക്കത്തില്‍ ഇതിനെതിരെ എന്തെങ്കിലും നടപടി സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകള്‍ ചെയ്തിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.

ഈ സംഭവം നടന്നിട്ട് മൂന്ന് മാസമാകുന്നു. ഇത്രയുംനാള്‍ ഈ വീഡിയോ ആരുടെയോ ഫോണില് ഉണ്ടായിരിക്കണം. ആ വീഡിയോ പുറത്താകേണ്ടായിരുന്നു എന്നാണ് ഞാനിപ്പോള്‍ കരുതുന്നത്. സംഭവം നടന്ന് രണ്ട് മാസം കഴിഞ്ഞു, ഇനിയും ആ ഓര്‍മകള്‍ ആ പെണ്‍കുട്ടികളെ വേട്ടയാടും. ഇനി ആ വീഡിയോയുമായി ബന്ധപ്പെട്ട് എന്തൊക്കെ നടന്നാലും അതിന്റെയാക്കെ പഴികള്‍ ആ പെണ്‍കുട്ടികള്‍ അനുഭവിക്കണം.

ഇത് മാത്രമല്ല ബര്‍ഖ, ഇനിയും സംഭവങ്ങളുണ്ട്. രണ്ട് വിദ്യാര്‍ത്ഥിനികളെ അവരുടെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നുകളഞ്ഞ ഒരു സംഭവം കൂടിയുണ്ട്. അവരുടെ മൃതദേഹങ്ങള്‍ ഇപ്പോഴും മോര്‍ച്ചറിയിലാണ്.

ബര്‍ഖ: വേറെയും ബലാത്സംഗ കേസുകളുണ്ട് എന്നാണോ നിങ്ങള്‍ പറയുന്നത്?

ഗാരി: അതെ രണ്ട് വിദ്യാര്‍ത്ഥിനികളെ അവരുടെ വാടക വീട്ടില്‍ നിന്നും വിളിച്ചിറക്കി
പ്രദേശവാസികള്‍ നോക്കിനില്‍ക്കേ റേപ്പ് ചെയ്ത് കൊലപ്പെടുത്തിയിട്ടുണ്ട്, ഞാന്‍ അവരുടെ പേര് പറയുന്നില്ല. പറഞ്ഞില്ലെങ്കിലും അത് എല്ലാവരും അറിഞ്ഞ് കഴിഞ്ഞിട്ടുണ്ട്. അവരുടെ മൃതദേഹം കുടുംബങ്ങള്‍ക്ക് തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. ഇംഫാലിലേക്ക് കുകികള്‍ക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയാണ്. നമ്മള്‍ ഇനിയും നിശബ്ദരായി ഇരുന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കും.

വേറെ ഒരു സംഭവം കൂടി പറയാം. ഒരു സ്ത്രീയുടെ ഏഴ് വയസുള്ള മകന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. തുടര്‍ന്ന് തന്റെ മകനെ കയ്യിലെടുത്ത് ആംബുലന്‍സില്‍ പോകുമ്പോള്‍ ആംബുലന്‍സടക്കം കത്തിച്ചുകളഞ്ഞ ഒരു സംഭവമുണ്ടായിട്ടുണ്ട്.

ബര്‍ഖ: വൈറല്‍ വീഡിയോയിലേക്ക് വന്നാല്‍, മെയ് നാലിന് നടന്ന സംഭവവമാണ് നമുക്ക് മുന്നില്‍ ജൂലൈ 20ന് എത്തിയിരിക്കുന്നത്. ഈ വീഡിയോ ഇപ്പോള്‍ മാത്രം പുറത്തുവന്നതിന്റെ കാരണം എന്തായിരിക്കാം?

ഗാരി: ഈ സംഭവം നടക്കുന്നത് ഇംഫാല്‍ വാലിയിലാണ്. വീഡിയോ വരാന്‍ വൈകിയതിന്റെ ഒരു കാരണം ചിലപ്പോള്‍ ഇന്റര്‍നെറ്റ് നിരോധനമാവാം. എന്താണ് വീഡിയോ പുറത്തുവരാന്‍ വൈകിയത് എന്ന ചോദ്യം എന്റെ മനസിലുമുണ്ട്. പക്ഷെ നേരത്തെ പറഞ്ഞത് പോലെ, ആ വീഡിയോ പുറത്തുവരാന്‍ പാടില്ലായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. അത് ആ പെണ്‍കുട്ടികളെ ഓര്‍ത്തിട്ടാണ്.

ബര്‍ഖ: താങ്കള്‍ക്ക് ഈ പെണ്‍കുട്ടികളെ നേരിട്ട് അറിയാമോ?

ഗാരി: എനിക്ക് അവരെ വ്യക്തിപരമായി അറിയില്ല. പക്ഷെ എനിക്കവരുമായി ബന്ധപ്പെട്ട ആളുകളെ അറിയാം. അവര്‍ വായ്പയ് വില്ലേജിലുള്ളവരാണ്. ഞാനും ആ ഗ്രാമത്തിലുള്ളയാളാണ്. എനിക്ക് ആ പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയെ അറിയാം. ഞാന്‍ അവരുമായി സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് ഒന്നും സംസാരിക്കാന്‍ സാധിക്കുന്നില്ല. അവരൊക്കെ ആകെ ഷോക്കിലാണ്. എനിക്കും അവരോട് ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. അവര്‍ ഇനി എങ്ങനെയാണ് ഈ ട്രോമയും വെച്ച് അവരുടെ ജീവിതം മുമ്പോട്ടുകൊണ്ടുപോകുക(പൊട്ടിക്കരയുന്നു). അതൊരു ചെറിയ കമ്മ്യൂണിറ്റിയാണ്. എല്ലാവര്‍ക്കും അവരെ അറിയാം. അവര്‍ എങ്ങനെയാണ് ഇനി ജീവിക്കുക.

ബര്‍ഖ: മണിപ്പൂരിലെ ജനത കടന്നുപോകുന്ന അവസ്ഥയില്‍ എനിക്ക് അതിയായ ദുഖമുണ്ട്. ആ പെണ്‍കുട്ടികള്‍ ഇപ്പോള്‍ എവിടാണ്?

ഗാരി:(കരയുന്നു) അവര്‍ മണിപ്പൂരില്‍ തന്നെയുണ്ട്. അവരുടെ ഗ്രാമം തീവെച്ച് നശിപ്പിച്ചു. ഇതോടെ രക്ഷപ്പെട്ടത് കാട്ടിലേക്കായിരുന്നു. പിന്നീട് നോര്‍ത്തേണ്‍ മണിപ്പൂരില്‍ നിന്ന് കാട്ടില്‍ കൂടി എങ്ങനെയൊക്കയോ സൗത്ത് മണിപ്പൂരിലേക്ക് പോയി. അതിനെയെല്ലാം അതിജീവിച്ച് രണ്ട് മാസം കഴിഞ്ഞ് ഈ വീഡിയോ കാണേണ്ടി വരുന്ന അവസ്ഥയൊന്ന് ആലോചിച്ചുനോക്കൂ.

ബര്‍ഖ: ഈ വീഡിയോ പുറത്തുവരാന്‍ പാടില്ലായിരുന്നു എന്നാണോ നിങ്ങള്‍ ഇപ്പോഴും പറയുന്നത്?

ഗാരി: പാടില്ലായിരുന്നു എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. കാരണം എല്ലാവര്‍ക്കും ഈ വീഡിയോ വെറുതെ പറയാനുള്ള ഒരു കഥയായി മാത്രം മാറും. എല്ലാവരും ഇന്ന് ഈ വീഡിയോ കാണും, നാളെ അത് മറക്കും. എന്നാല്‍ എപ്പോഴും ആ വീഡിയോ അങ്ങനെത്തന്ന ഇന്റര്‍നെറ്റില്‍ ഉണ്ടാവും.

താങ്കള്‍ക്കെങ്കിലും ആ പെണ്‍കുട്ടികളുടെ ശരീരം മറച്ച് ആ വീഡിയോ കാണിക്കാന്‍
തോന്നിയല്ലോ. വീഡിയോയില്‍ ഒരുത്തന്‍ ആ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്ത്
കൈകൊണ്ടു തടവുന്നുണ്ട്. അവരെ കൈകൊണ്ട് തള്ളുന്നുണ്ട്.(മുഖം പൊത്തി പൊട്ടി കരയുന്നു).

അവരുടെ ബന്ധുക്കളെല്ലാം ജീവിതകാലം മുഴുവന്‍ ഇത് കാണേണ്ട അവസ്ഥയാണ്. അവര്‍ക്ക് ഈ ട്രോമയില്‍ നിന്ന് എങ്ങനെ പുറത്തുവരാന്‍ കഴിയും. ഒരു കൗണ്‍സിലിങ്ങ് കൊടുക്കാന്‍ പോലും സൗകര്യം ഇല്ല. ഇന്ത്യാ രാജ്യം അവര്‍ക്ക് വേണ്ടി ഒന്നിച്ചു നില്‍ക്കാന്‍ ഞാന്‍ അപേക്ഷിക്കുന്നു. അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ ജീവിക്കാനുള്ള ഒരു സ്ഥലം ഒരുക്കാന്‍ രാജ്യത്തിന് സാധിക്കണം. ഇത് അഭ്യര്‍ത്ഥനയാണ്.

അവരുടെ ഐഡന്റിറ്റി സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അവരുടെ മാതാപിതാക്കളുടെ പേരും അവരുടെ പേരുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത് നിയമ വിരുദ്ധമല്ലേ. എനിക്കറിയില്ല, എങ്ങനെ ഇതൊക്കെ തടയുമെന്ന്. എങ്ങനെ അവരെ സഹായിക്കണമെന്നത്.

ബര്‍ഖ: മണിപ്പൂരിലെ ജനങ്ങളെ ഓര്‍ത്ത് ഞാന്‍ ദുഖിക്കുന്നു. അവിടുത്തെ സ്ത്രീകളോട് ഞാന്‍ ക്ഷമ ചോദിക്കുന്നു.

ഗാരി: ഇപ്പോള്‍ രണ്ട് മാസത്തിന് ശേഷം കുറെ പേര് മണിപ്പൂര്‍ വിഷയത്തില്‍
ട്വീറ്റിലൂടെയും മറ്റും പ്രതികരിക്കുന്നത് കണ്ടു. രാഷ്ട്രീയക്കാര്‍ സ്റ്റേറ്റ്‌മെന്റ് കൊടുക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു. ചില സ്ഥലങ്ങളില്‍ നിന്ന് കുറച്ചെങ്കിലും സഹായ വാഗ്ദാനങ്ങള്‍ കേള്‍ക്കുന്നു. നാളെ പാര്‍ലമെന്റില്‍ ആരെങ്കിലും ഞങ്ങള്‍ക്കുവേണ്ടി സംസാരിക്കും എന്ന് തല്‍ക്കാലം പ്രതീക്ഷിക്കുന്നു. ഒരു ദിവസം പോലും മണിപ്പൂരിനെ സംബന്ധിച്ചെടുത്തോളം ഇപ്പോള്‍ വലിയ കാലയളവാണ്.

ബര്‍ഖ: ഇത് മെയ്തികള്‍ക്കെതിരെയോ കുകികള്‍ക്കെതിരെയോ ഉള്ള അക്രമമല്ല.
ഇന്ത്യയിലെ സ്ത്രീകള്‍ക്കെതിരായ വയലന്‍സായിട്ടാണ് ഇതൊക്കെ കേള്‍ക്കുമ്പോള്‍ എനിക്ക് തോന്നുന്നത്.

ഗാരി: എനിക്ക് ഉറങ്ങാന്‍ സാധിക്കാറില്ല(കരയുന്നു). ഉറങ്ങാന്‍ കിടന്നാലെല്ലാം എന്റെ മനസിലേക്ക് വരുന്നത് അനേകം ദൃശ്യങ്ങളാണ്. സംസാരിക്കാന്‍ എനിക്ക് പേടിയാണ്. കോടതിയില്‍ നിന്ന് നീതി കിട്ടുമോ എന്ന് പോലും എനിക്ക് ഭയമുണ്ട്.

ഇംഫാലിലെ കോടതിയിലേക്ക് ഞങ്ങള്‍ക്ക് പോകാന്‍ കഴിയുന്നില്ല. കുറച്ചു നാളുകള്‍ക്ക് മുമ്പ് ഇംഫാല്‍ വാലിയില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയാതെ ചുറ്റിത്തിരിഞ്ഞു നടന്ന ഭിന്നശേഷിക്കാരിയായ ഒരു സ്ത്രീയെ ചാവേറാണെന്ന് പറഞ്ഞു കൊന്നുകളഞ്ഞു. ഈ സംഭവത്തില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തതായി എന്റെ അറിവലില്ല.

ബര്‍ഖ: 19 വയസുള്ള ഒരു ആണ്‍കുട്ടിയെ ക്രൂരമായി കൊന്ന ഒരു എഫ്.ഐ.ആര്‍ ശ്രദ്ധയില്‍പ്പെട്ടു. തന്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്യുന്നത് തടഞ്ഞതിനാണ് ആ കുട്ടിക്ക് അങ്ങനെയൊരു ദുരനുഭവമുണ്ടയത്. ഈ പെണ്‍കുട്ടികള്‍ക്ക് ഒരു ഡോക്ടറെ കാണാനുള്ള സൗകര്യമെങ്കിലും മണിപ്പൂരിലുണ്ടോ?

ഗാരി:(കരയുന്നു)ഡോക്ടറും ആശുപത്രിയുമൊക്കെ ഇംഫാല്‍ വാലിയിലാണ്. കുകീസിന് അങ്ങോട്ട് എത്താന്‍ സാധിക്കാറില്ല. എല്ലാ സൗകര്യങ്ങള്‍ക്കും ഇംഫാല്‍ വാലിയിലേക്ക് പോകണം. എയര്‍പോര്‍ട്ട് പോലും അവിടാണ്. ഞങ്ങള്‍ക്ക് അങ്ങോട്ട് എത്താന്‍ സാധിക്കാത്ത അവസ്ഥയാണ്.

ബര്‍ഖ: എന്തുകൊണ്ടാണ് ഗാരി ഇപ്പോള്‍ മണിപ്പൂരിലെ സത്യങ്ങള്‍ വിളിച്ചുപറയാന്‍ തീരുമാനിച്ചത്, എവിടെ നിന്നാണ് ധൈര്യം കിട്ടിയത്. നിങ്ങള്‍ രാഷ്ട്രീയക്കാരിയാണോ?

ഗാരി :(പൊട്ടിക്കരയുന്നു) അതെന്റെ നാടാണ്. ആയിരത്തില്‍ മാത്രം താഴെ ആളുകളുള്ള ചെറിയ ട്രൈബാണ് ഞങ്ങള്‍. ഞങ്ങള്‍ക്കിന്ന് ആരുമില്ല. ആരെങ്കിലും ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കേണ്ടതുണ്ട്. ഞാന്‍ ഒരു കുട്ടിയുടെ അമ്മയാണ്. ഗൃഹനാഥയാണ്. ജീവിക്കാന്‍ വേണ്ടി ഒരു ചെറിയ ബിസിനസ് ചെയ്യുന്നുണ്ട്. പറഞ്ഞുവന്നത് ഞാന്‍ രാഷ്ട്രീയകാരിയല്ല എന്നതാണ്.

ഞാന്‍ പുറത്തുസംസാരിച്ചതിന്റെ പേരില്‍ കഴിഞ്ഞ ദിവസം പൊലീസ് എന്റെ
വീട്ടില്‍ ചെന്നിരന്നു. ആ സമയം എന്റെ കുട്ടികള്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. നിങ്ങള്‍ മെയ്തി ആണോ കുകി ആണോ എന്നാണ് കുട്ടികളോട് പൊലീസ് ചോദിച്ചത്. എവിടാണ് മണിപ്പൂരില്‍ പോകുന്നത്. എനിക്ക് പേടിയാകുന്നു. എനിക്കറിയില്ല എന്താണ് അവിടെ സംഭവിക്കുന്നതെന്ന്.

മണിപ്പൂരില്‍ മാസങ്ങളായി കലാപമാണ്. ഭക്ഷണമില്ല, റീഹാബിലിറ്റേഷന്‍ സെന്ററില്ല, മരുന്നില്ല, ഗര്‍ഭിണികളായ അമ്മമാര്‍ കഴിക്കുന്നത് ചോറ് മാത്രമാണ്. അവര്‍ക്ക് പോലും
കൃത്യമായ ന്യൂട്രിഷന്‍ ഇല്ല. സ്‌കൂള്‍ ഇല്ല, കോളേജ് ഇല്ല. സ്‌കൂളുകള്‍ എല്ലാം അഭയാര്‍ത്ഥി കേന്ദ്രങ്ങളായി. അവിടെയുള്ളവര്‍ എങ്ങാനാണ് ജീവിക്കുന്നത് എന്ന് അറിയില്ല.

മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്

എനിക്ക് അവിടെ പോകാന്‍ പറ്റുന്നില്ല. ഞാന്‍ ദല്‍ഹിയിലാണ്. പോകാന്‍ പറ്റുന്നവര്‍
ആരെങ്കിലും അവിടെ പോയി ഗ്രൗണ്ട് റിയാലിറ്റി മനസിലാക്കണം. ഞാന്‍ അവിടെ കാല് കുത്തിയാല്‍ അവരെന്റെ ജാതി ചോദിക്കും, എനിക്ക് ഭയമാണ്. പേടിയാകുന്നു.

സി.ഐ.ഡികള്‍ എന്റെ കുട്ടികളെ ചോദ്യം ചെയ്തു. എന്ത് തെറ്റാണ് ഞാന്‍ ചെയ്തത്. ഞങ്ങള്‍ അനുഭവിക്കുന്ന സത്യമല്ലെ തുറന്നുപറഞ്ഞത്. എനിക്കറിയാവുന്ന കൂടുതല്‍ കാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ പറയാന്‍ പേടിയാവുന്നു.

ബര്‍ഖ: പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയിട്ടുണ്ട്. മണിപ്പൂര്‍ തീര്‍ച്ചയായും ചര്‍ച്ചയാകും എന്ന് പ്രതീക്ഷിക്കാം. അവര്‍ക്കത് അവഗണിക്കാന്‍ സാധിക്കില്ല. എന്താണ് ഗാരി പ്രതീക്ഷിക്കുന്നത്?

ഗാരി : ഇത് ആര്‍ക്ക് വേണമെങ്കിലും സംഭവിക്കാം. നമുടെ രാജ്യത്ത് വേറയും സംസ്ഥാനങ്ങളുണ്ട്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. അതുകൊണ്ട് തന്നെ ഇവിടുത്തെ ഭരണകൂടം ഞങ്ങളെ സഹായിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയാണ്.

സിനിമകളില്‍ വില്ലന്മാര്‍ പെണ്‍കുട്ടികളെ ഉപദ്രവിക്കുമ്പോള്‍ അവരെ രക്ഷിക്കാന്‍ ആരെങ്കിലും വരുന്നതുകണ്ടിട്ടുണ്ട്. ഞങ്ങള്‍ മോശം ആളുകളല്ല. ഞങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഞങ്ങള്‍ ഇത് അര്‍ഹിക്കുന്നില്ല. ആരെങ്കിലും ഞങ്ങളെ രക്ഷിക്കാന്‍ വന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു. ആരെങ്കിലും പാര്‍ലമെന്റില്‍ ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കും എന്ന് കരുതുന്നു. അതിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളെയിനി കുകി എന്ന ജാതിപ്പേര് ആരും വിളിക്കേണ്ട. കഴിഞ്ഞത് കഴിഞ്ഞു. ഇനി ഞങ്ങള്‍ക്ക് ജാതിയുടെ പേരില്‍ അറിയപ്പെടേണ്ട. നമ്മള്‍ ഒരു ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നതെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു.

പ്രാര്‍ത്ഥിക്കാന്‍ ഒരു പള്ളി പോലും ഞങ്ങള്‍ക്കില്ല. ഒന്നും ബാക്കിയില്ല, എല്ലാം നശിച്ചു.
ഇനി ഞങ്ങളെ സഹായിക്കാം എന്ന് പറയുന്നതില്‍ പോലും ഒരര്‍ത്ഥവുമില്ല. ഒന്നിച്ചു സഹോദര്യത്തില്‍ ജീവിക്കാം എന്നത് ഒരു പ്രതീക്ഷയാണ്. പക്ഷെ അത് സംഭവിക്കാന്‍ സാധ്യതയില്ല. ഒന്നും പഴയത് പോലെയാകില്ല. എന്നാലും എന്തെങ്കിലും സംഭവിച്ചിരുന്നവെന്നത് ആഗ്രഹിച്ചുപോകുന്നു. തുടക്കത്തിലേ കലാപം അവസാനിപ്പിച്ചിരുന്നങ്കില്‍, ഭരണകൂടം ഇടപെട്ടിരുന്നെങ്കില്‍. ഇങ്ങനെയാകുമായിരുന്നില്ല സ്ഥിതിഗതികള്‍.

ബര്‍ഖ: നീതി ലഭിക്കുമെന്നും സമാധാനം പുലരുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

Content Highlight: Special story Manipur gang-rape case Journalist Barkha Dutta’s full conversation with a woman named Gari from the Kuki community

ടിന്റോ ജോസ് പുന്നൻ

We use cookies to give you the best possible experience. Learn more