| Sunday, 7th May 2023, 6:11 pm

മലപ്പുറത്തെ ഐ.എസ് ഏജന്റ് ആസിഫ, കോട്ടയത്തെ നിമി, എന്നും വാഴയിലയില്‍ ചോറുണ്ണുന്ന ശാലിനി; ആസൂത്രിതമായി അവതരിപ്പിക്കുന്ന മലയാളി പെണ്‍കുട്ടികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സുദീപ്സെന്‍ സംവിധാനം ചെയ്ത കേരള സ്റ്റോറിയുടെ പ്രദര്‍ശനം രാജ്യത്ത് തുടരുകയാണ്. കേരളത്തില്‍ നിന്നും റിക്രൂട്ട് ചെയ്യപ്പെട്ട് മതഭീകരവാദ സംഘടനയായ ഐ.എസ്.ഐ.എസിലെത്തുകയും അവിടുത്തെ പീഡനങ്ങളില്‍ നിന്നും രക്ഷപ്പെട്ട് വിദേശ സൈന്യത്തിന്റെ പിടിയിലാവുകയും ചെയ്യുന്ന തിരുവനന്തപുരം സ്വദേശിനിയായ ശാലിനി ഉണ്ണികൃഷ്‌ന്റെ കഥയായിട്ടാണ് കേരള സ്റ്റോറി അവതരിപ്പിക്കന്നത്.

തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോട്ടെ മുസ്‌ലിം മാനേജ്‌മെന്റിന്റെ ഒരു കോളേജില്‍
നേഴ്‌സിങ് പഠിക്കാന്‍ പോകുന്ന ശാലിനി അവിടെ ഹോസ്റ്റലില്‍ ഗീതാഞ്ജലി, നിമ, ആസിഫ എന്നിവരെ പരിചയപ്പെടുന്നു. അങ്ങനെ സുഹൃത്തുക്കളായ ഈ നാല് പെണ്‍കുട്ടികളിലൂടെയാണ് സംവിധായകന്‍ കഥ പറയാന്‍ ശ്രമിക്കുന്നത്.

ഈ നാല് കഥാപാത്രനിര്‍മിതികള്‍ മാത്രം പരിശോധിച്ചാല്‍ തന്നെ കേരളത്തെക്കുറിച്ച് എന്താണ് സംവിധായകന്‍ അദ്ദേഹം ഉദ്ദേശിക്കുന്ന പ്രേക്ഷകരിലേക്ക് നല്‍കാന്‍ ശ്രമിക്കുന്നതെന്ന് മനസിലാകും. ഈ നാല് പെണ്‍കുട്ടികളുടെ മതവും അവരുടെ ജീവിത സാഹചര്യവും അവര്‍വരുന്ന സ്ഥലങ്ങളുമൊക്കെ പ്രത്യേക ലക്ഷ്യത്തോടെയാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്.

അപ്പര്‍കാസ്റ്റ് ഹിന്ദു ഫാമിലിയില്‍ ജനിച്ചയാളാണ് തിരുവനന്തപുരം സ്വദേശിനിയായ
ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന് പറയാന്‍ സംവിധായകന്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. സാധാരണ ദിവസം പോലും വാഴയിലയിലാണ് ഈ പെണ്‍കുട്ടിയും കുടുംബവും ഭക്ഷണം കഴിക്കുന്നത്. എല്ലായിപ്പോഴും ശാലിനി മുല്ലപ്പൂ ഉപയോഗിക്കുന്നുണ്ട്.

രണ്ടാമതായി കാണിക്കുന്നത് ക്രിസ്തുമത വിശ്വാസിയായ നിമയെയാണ്. ക്രിസ്ത്യാനി ആയത് കൊണ്ട് തന്നെ നിമയെ കോട്ടയം കാരിയായിട്ടാണ് കാണിക്കുന്നത്. ജീവിതത്തില്‍ വിശ്വാസ കാര്യങ്ങളില്‍ നിഷ്ടപുലര്‍ത്തുന്നതുകൊണ്ട് മത തീവ്രവാദികളുടെ കെണി ആദ്യം മനസിലാകുന്നത് നിമയാണെന്ന് സിനിമ പറയാതെ പറഞ്ഞുവെക്കുന്നു.

പിന്നെയുള്ളത് കൊച്ചിയില്‍ ജനിച്ച അച്ഛന്‍ കമ്മ്യൂണിസ്റ്റുകാരനായ നിരീശ്വരവാദിയായ
ഗീതാഞ്ജലിയെയാണ്. അച്ഛന്‍ കമ്മ്യൂണിസ്റ്റുകാരനായതുകൊണ്ടാണ് മകള്‍ മത തീവ്രവാദികളുടെ കെണിയില്‍പ്പെടുന്നതെന്നും സിനിമ ചില സംഭാഷണങ്ങളിലൂടെ പറഞ്ഞുവെക്കുന്നുണ്ട്.

അവസാനത്തേത് ഐ.എസ്.ഐ.എസിന്റെ കേരളത്തിലെ ഏജന്റായ ഹിജാബ്ധാരിയായ
മുസ്‌ലിം പെണ്‍കുട്ടിയായ ആസിഫയാണ്. ഹിജാബ് ധരിക്കുന്നയാളായത് കൊണ്ട് മലപ്പുറത്തുനിന്നുള്ളയാളായിട്ടാണ് ആസിഫയെ സിനിമയില്‍ അവതരിപ്പിക്കുന്നത്.

സിനിമയില്‍ പറയുന്ന ഒരു ഡയലോഗില്‍ തന്നെ ആസിഫയെ പരിചയപ്പെടുത്തുന്നത് കോഴിക്കോട് ഓര്‍ മലപ്പുറം എന്ന രീതിയിലാണ്. അങ്ങനെ ആകെമൊത്തം വര്‍ത്തമാനകാല മലയാളി പെണ്‍കുട്ടികളെ കൃത്യമായ മുന്‍വിധിയോടുകൂടി ആസൂത്രതമായിട്ടാണ് സംവിധായകന്‍ സ്‌ക്രീനില്‍ അവതരിപ്പിക്കുന്നത്.

Content Highlight: Special story Malayalam girls who perform systematically in Kerala Story

We use cookies to give you the best possible experience. Learn more