സുദീപ്സെന്‍ സംവിധാനം ചെയ്ത കേരള സ്റ്റോറിയുടെ പ്രദര്‍ശനം രാജ്യത്ത് തുടരുകയാണ്. കേരളത്തില്‍ നിന്നും റിക്രൂട്ട് ചെയ്യപ്പെട്ട് മതഭീകരവാദ സംഘടനയായ ഐ.എസ്.ഐ.എസിലെത്തുകയും അവിടുത്തെ പീഡനങ്ങളില്‍ നിന്നും രക്ഷപ്പെട്ട് വിദേശ സൈന്യത്തിന്റെ പിടിയിലാവുകയും ചെയ്യുന്ന തിരുവനന്തപുരം സ്വദേശിനിയായ ശാലിനി ഉണ്ണികൃഷ്‌ന്റെ കഥയായിട്ടാണ് കേരള സ്റ്റോറി അവതരിപ്പിക്കന്നത്.
തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോട്ടെ മുസ്‌ലിം മാനേജ്‌മെന്റിന്റെ ഒരു കോളേജില്‍
നേഴ്‌സിങ് പഠിക്കാന്‍ പോകുന്ന ശാലിനി അവിടെ ഹോസ്റ്റലില്‍ ഗീതാഞ്ജലി, നിമ, ആസിഫ എന്നിവരെ പരിചയപ്പെടുന്നു. അങ്ങനെ സുഹൃത്തുക്കളായ ഈ നാല് പെണ്‍കുട്ടികളിലൂടെയാണ് സംവിധായകന്‍ കഥ പറയാന്‍ ശ്രമിക്കുന്നത്.
ഈ നാല് കഥാപാത്രനിര്‍മിതികള്‍ മാത്രം പരിശോധിച്ചാല്‍ തന്നെ കേരളത്തെക്കുറിച്ച് എന്താണ് സംവിധായകന്‍ അദ്ദേഹം ഉദ്ദേശിക്കുന്ന പ്രേക്ഷകരിലേക്ക് നല്‍കാന്‍ ശ്രമിക്കുന്നതെന്ന് മനസിലാകും. ഈ നാല് പെണ്‍കുട്ടികളുടെ മതവും അവരുടെ ജീവിത സാഹചര്യവും അവര്‍വരുന്ന സ്ഥലങ്ങളുമൊക്കെ പ്രത്യേക ലക്ഷ്യത്തോടെയാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്.
അപ്പര്‍കാസ്റ്റ് ഹിന്ദു ഫാമിലിയില്‍ ജനിച്ചയാളാണ് തിരുവനന്തപുരം സ്വദേശിനിയായ
ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന് പറയാന്‍ സംവിധായകന്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. സാധാരണ ദിവസം പോലും വാഴയിലയിലാണ് ഈ പെണ്‍കുട്ടിയും കുടുംബവും ഭക്ഷണം കഴിക്കുന്നത്. എല്ലായിപ്പോഴും ശാലിനി മുല്ലപ്പൂ ഉപയോഗിക്കുന്നുണ്ട്.