| Friday, 3rd June 2022, 5:28 pm

കെ.വി. തോമസും പി.സി. ജോര്‍ജും; തൃക്കാക്കര പരാജയപ്പെടുത്തിയ രണ്ട് പടുവൃക്ഷങ്ങള്‍

സഫ്‌വാന്‍ കാളികാവ്

തൃക്കാക്കര മണ്ഡലം രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസിന് ഇത്തവണ ലഭിച്ചിരിക്കുന്നത്.

മത്സരരംഗത്തുള്ള എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാനാര്‍ഥികള്‍ക്കപ്പുറം ഉമ തോമസ് ഈ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത് രണ്ട് മുതിര്‍ന്ന രാഷ്ട്രീയ പടുവൃക്ഷങ്ങളെക്കൂടിയാണ്.

ഒന്ന് കോണ്‍ഗ്രസ് വിട്ട് എല്‍.ഡി.എഫിന്റെ ഭാഗമാകാന്‍ കാലുമാറിയ കെ.വി. തോമസാണെങ്കില്‍ മറ്റൊന്ന്
വിദ്വേഷ പ്രചാരണം യോഗ്യതയാക്കിയെടുത്ത് ബി.ജെ.പിയുടെ ഭാഗമായ പി.സി. ജോര്‍ജാണ്.

കെ.വി. തോമസ്

തൃക്കാക്കര എല്‍.ഡി.എഫ് പ്രചാരണ പരിപാടിയില്‍ നേരിട്ടെത്തി പിന്തുണ പ്രഖ്യാപിച്ചതോടെയാണ് കോണ്‍ഗ്രസ് നേതൃത്വം കെ.വി. തോമസിനെ പുറത്താക്കുന്നത്.

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് നിന്ന് തനിക്ക് പകരം സിറ്റിംഗ് എം.എല്‍.എയായിരുന്ന ഹൈബി ഈഡനെ സ്ഥാനാര്‍ഥിയാക്കിയതോടെയാണ് കോണ്‍ഗ്രസിനെതിരെ പ്രതിഷേധവുമായി തോമസ് ആദ്യം രംഗത്തുവരുന്നത്.

തുടര്‍ന്ന് നേതൃത്വവുമായി ഇദ്ദേഹം അകല്‍ച്ചയിലായിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തെ ധിക്കരിച്ച് സി.പി.ഐ.എം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന സെമിനാറില്‍ പങ്കെടുക്കുകയും ചെയ്തു.

പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ എം.പി, എം.എല്‍.എ, സംസ്ഥാന മന്ത്രി, കേന്ദ്രമന്ത്രി തുടങ്ങിയ പദവികള്‍ വഹിച്ച അദ്ദേഹത്തിന് സി.പി.ഐ.എമ്മും വലിയ സ്വീകരണമാണ് നല്‍കിയിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കെ.വി. തോമസിന്റെ കൂറുമാറ്റം സി.പി.ഐ.എമ്മിന് ദോഷകരമായി ബാധിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

കെ.വി. തോമസ് ഉള്‍പ്പടെയുള്ള ഘടകങ്ങള്‍ തോല്‍വിക്ക് കാരണമായോ എന്ന് പരിശോധിക്കുമെന്നാണ് തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് നേതൃത്വ ചുമതലയുള്ള മന്ത്രി പി. രാജീവ് പ്രതികരിച്ചിരിക്കുന്നത്. കെ.വി. തോമസിനെപ്പോലെ അധികാര മോഹിയായ ഒരു രാഷ്ട്രീയക്കാരന് സി.പി.ഐ.എം ഒരു തെരഞ്ഞെടുപ്പ് കാലത്ത് ഇടം നല്‍കിയത് തെറ്റായിപ്പോയി എന്ന വിലയിരുത്തലുകളാണ് ഏതായാലും സി.പി.ഐ.എം കേന്ദ്രങ്ങളിലടക്കം ഇപ്പോഴുള്ളത്.

ഇന്ന് പി.ടി. തോമസിനെ വാഴ്ത്തിയും ഉമ തോമസിനെ അഭിനന്ദിച്ചുമുള്ള മുദ്രാവാക്യങ്ങള്‍ക്കിടയില്‍ മൂന്നാമതായി കടന്നുവന്ന പേര് കെ.വി. തോമസിന്റേതായിരുന്നു. അത് അദ്ദേഹത്തെ ചീത്തവിളിച്ചായിരുന്നു എന്ന് മാത്രം.

പി.സി. ജോര്‍ജ്

വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പൊലീസ് ചോദ്യം ചെയ്യലിന് പോലും ഹാജരാകാതെ ജനപക്ഷം നേതാവായ പി.സി. ജോര്‍ജ് ആദ്യം പോയത് തൃക്കാക്കരയിലെ ബി.ജെ.പി പ്രചരണത്തിനായിരുന്നു.

തിരുവനന്തപുരത്തെ ഹിന്ദുമഹാ സമ്മേളനത്തിലായിരുന്നു പി.സി.ജോര്‍ജ് മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയത്. തുടര്‍ന്ന് കോടതി അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാന്‍ഡും ചെയ്തിരുന്നു.
ഇതിനിടെയില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് വര്‍ഗീയ പ്രാചരണം യോഗ്യതയായി കല്‍പ്പിച്ച് ബി.ജെ.പി ജോര്‍ജിനെ ഉപയോഗിച്ചത്.

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്ത പി.സി. ജോര്‍ജിന് മണ്ഡലത്തില്‍ വലിയ സ്വീകരണമാണ് ബി.ജെ.പി നല്‍കിയത്. കുറച്ചുകാലമായി സംഘപരിവാര്‍ കേരളത്തില്‍ പയറ്റുന്ന വ്യാജ ക്രൈസ്തവ സ്‌നേഹത്തിന്റെ മറയായിട്ടായിരുന്നു പി.സി. ജോര്‍ജിനെ ബി.ജെ.പി തൃക്കാക്കരയിലെത്തിച്ചത്.

എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കഴിഞ്ഞ തവണ കിട്ടിയതിനേക്കാള്‍ കുറവ് വോട്ടുകള്‍ മാത്രമാണ് ഇത്തവണ തൃക്കാക്കരയില്‍ ബി.ജെ.പിക്ക് ലഭിച്ചത്. 2021ല്‍ 11.34 ശതമാനം വോട്ട് കിട്ടിയെങ്കില്‍ ഇത്തവണ അത് 9.57 ശതമാനമായി കുറഞ്ഞു.

അതേസമയം, 25,016 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനായിരുന്നു ഉമ തോമസ് തൃക്കാക്കരയില്‍ വിജയിച്ചത്. 72,770 വോട്ടാണ് ഉമ ആകെ നേടിയത്. 2012ല്‍ ബെന്നി ബെഹ്ന്‌നാന്‍ നേടിയ 22406 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷം ഉമ മറികടന്നു. 47,757 വോട്ടാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജോ ജോസഫ് സ്വന്തമാക്കിയത്.

CONTENT HIGHLIGHTS:  Special Story KV Thomas and P.C. George Two large trees defeated by Thrikkakara

സഫ്‌വാന്‍ കാളികാവ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more