| Thursday, 28th December 2017, 12:21 pm

ഒരു കിലോ സ്വര്‍ണ്ണം നിര്‍മ്മിക്കുന്നവര്‍ക്ക് റെഡ് കാറ്റഗറി, അന്‍പത് കിലോ സ്വര്‍ണ്ണം നിര്‍മ്മിക്കാന്‍ ഗ്രീന്‍ കാറ്റഗറി, മലബാര്‍ ഗോള്‍ഡിന് വേണ്ടി കാക്കഞ്ചേരിയില്‍ നിയമം വഴിമാറുന്നത് ഇങ്ങിനെയൊക്കെ

ആര്യ. പി

കോഴിക്കോട് തൃശൂര്‍ ദേശീയപാതയ്ക്കരികില്‍ കാക്കഞ്ചേരിയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി ഈ സമരപ്പന്തലുണ്ട്. രാഷ്ട്രീയ മത ഭിന്നതകളില്ലാതെ ഈ സമരപ്പന്തലില്‍ കാക്കഞ്ചേരിക്കാര്‍ ഒരുമിച്ചു ചേരുന്നു. കാക്കഞ്ചേരി കിന്‍ഫ്ര ഫുഡ്പാര്‍ക്കില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന മലബാര്‍ ഗോള്‍ഡിന്റെ സ്വര്‍ണാഭരണശാലയ്ക്കെതിരെയാണ് ഇവരുടെ സമരം.

ചേലമ്പ്ര, പള്ളിക്കല്‍ തേഞ്ഞിപ്പാലം വില്ലേജുകളുടെ സംഗമസ്ഥാനത്തുള്ള, കടല്‍ നിരപ്പില്‍ നിന്നും 155 അടി ഉയരത്തിലുള്ള ഒരു പ്രദേശമാണ് കാക്കഞ്ചേരി. ഏറ്റവും ഉയര്‍ന്ന ഒരു പ്രദേശമായതുകൊണ്ട് തന്നെ ഇവിടെയുണ്ടാകുന്ന ഏതൊരു മലിനീകരണവും ഈ ചുറ്റുപാടുമുള്ള എല്ലാ സ്ഥലങ്ങളേയും ബാധിക്കുമെന്നാണ് പ്രദേശവാസികള്‍ കരുതുന്നത്. ആഭരണശാല നിര്‍മിക്കാനുദ്ദേശിക്കുന്ന പ്രദേശത്തിന് തെക്കുഭാഗവും പടിഞ്ഞാറുഭാഗവും ഏകദേശം നൂറ് അടിയോളം താഴെ ജനവാസ പ്രദേശമാണ്.

1973-74 കാലഘട്ടത്തിലാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാക്കഞ്ചേരിയിലെ 70 ഏക്കര്‍ സ്ഥലം യൂണിവേഴ്‌സിറ്റിയുടെ ആവശ്യത്തിനായി ഏറ്റെടുക്കുന്നത്. “”ഇവിടെ എഞ്ചിനിയറിങ് കോളേജ് വരുന്നുണ്ടെന്നും അവിടെ ഹോസ്റ്റലുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടിയാണെന്നും പറഞ്ഞാണ് അന്ന് യൂണിവേഴ്സിറ്റി ഭൂമി ഏറ്റെടുത്തത്. ചേലമ്പ്രപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് പറയുന്നു.

“”വിദ്യാഭ്യാസ സ്ഥാപനം വരുന്നത് നല്ല കാര്യമായി തന്നെ ആളുകളെടുത്തു. എന്നാല്‍ സ്ഥലം ഏറ്റെടുത്തിട്ടും ഏകദേശം 20 കൊല്ലത്തോളം ആ സ്ഥലം അനാഥമായി തന്നെ കിടന്നു. ആ സ്ഥലത്ത് യൂണിവേഴ്‌സിറ്റി ഒന്നും ആരംഭിച്ചില്ല. അങ്ങനെ 1995 ല്‍ ഒരു നോട്ടിഫിക്കേഷന്‍ പ്രകാരം യൂണിവേഴ്‌സിറ്റി കിന്‍ഫ്രയ്ക്ക് ആ സ്ഥലം വിറ്റു. ഫുഡ്പാര്‍ക്കിന് വേണ്ടിയെന്ന് പറഞ്ഞാണ് കിന്‍ഫ്ര തുടക്കത്തില്‍ ഭൂമിയേറ്റെടുക്കുന്നത്””. മലബാര്‍ ഗോള്‍ഡിനെതിരെ സമരം ചെയ്യുന്ന പ്രദേശവാസികളുടെ കൂട്ടായ്മയായ കാക്കഞ്ചേരി പരിസര സംരക്ഷണസമിതി ചെയര്‍മാനായ എ.ബാലകൃഷ്ണന്‍ പറയുന്നു.

“1973-74 കാലഘട്ടത്ത് യൂണിവേഴ്‌സിറ്റി ആ സ്ഥലം ഏറ്റെടുത്തത് സെന്റിന് 25 രൂപയ്ക്കാണ്. 1995 ആയപ്പോഴേക്കും കോടിക്കണക്കിന് രൂപയ്ക്ക് അവര്‍ അത് കിന്‍ഫ്രയ്ക്ക് വിറ്റു. യൂണിവേഴ്‌സിറ്റി ഏറ്റെടുത്ത സ്ഥലം അവര്‍ക്ക് ആവശ്യമില്ല എങ്കില്‍ തിരികെ അതിന്റെ ആള്‍ക്കാര്‍ക്ക് തന്നെ തിരിച്ചുകൊടുക്കണം. സ്ഥലം വില്‍പ്പനയുടെ ഒരു ഏജന്‍സിയായി നില്‍ക്കാന്‍ യൂണിവേഴ്‌സിറ്റിക്ക് അധികാരമില്ല. പക്ഷേ അവര്‍ അതുചെയ്തു”. ബാലകൃഷ്ണന്‍ തുടരുന്നു.

യൂണിവേഴ്‌സിറ്റിയില്‍ നിന്നും കിന്‍ഫ്ര പാര്‍ക്കിന് വേണ്ടിസ്ഥലം കൊടുത്തത് അന്നത്തെ വ്യവസായ വകുപ്പാണെന്ന് ചേലമ്പ്ര എട്ടാം വാര്‍ഡ് മെമ്പറായ സുബ്രഹ്മണ്യന്‍ പറയുന്നു.

കാക്കഞ്ചേരിയിലേക്കുള്ള കിന്‍ഫ്ര ഫുഡ് പാര്‍ക്കിന്റെ വരവ്

കാക്കഞ്ചേരിയില്‍ കിന്‍ഫ്ര ഫുഡ്പാര്‍ക്ക് വരുന്നുണ്ട് എന്ന അറിയിപ്പ് ആ സമയത്ത് തന്നെ ജങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതൊരു ഫുഡ്പാര്‍ക്കാണെന്നും ബ്രഡും ബിസ്‌ക്കറ്റും ഐസ്‌ക്രീമും തുടങ്ങിയ സാധനങ്ങള്‍ മാത്രമാണ് ഉണ്ടാക്കുകയെന്നും ജനങ്ങള്‍ക്ക് ഒരുവിധത്തിലുള്ള പ്രയാസവും ഉണ്ടാവില്ലെന്നും അന്ന് കിന്‍ഫ്ര ഉറപ്പുനല്‍കിയിരുന്നതായും ഇവര്‍ ഓര്‍ക്കുന്നു.

“”ചെറിയ ചെറിയ കമ്പനികള്‍ മാത്രമാണ് വരുക. വളരെ കുറഞ്ഞ ആളുകള്‍ മാത്രമാണ് ജോലിക്ക് വരിക, ബിസ്‌ക്കറ്റും ബ്രഡും ഉണ്ടാക്കിയാല്‍ മലിനീകരണം ഉണ്ടാവില്ലല്ലോ? മാത്രമല്ല കുറച്ചുപേര്‍ക്ക് ജോലി കിട്ടുമെന്നുള്ളതുകൊണ്ടും അത് ജനങ്ങള്‍ അംഗീകരിക്കുകയുമായിരുന്നു.

കാക്കഞ്ചേരിയെന്നത് വെള്ളത്തിന്റെ ഒരു റിസര്‍വോയറാണ്. കിന്‍ഫ്രയുടെ കയ്യിലുള്ള 70 ഏക്കര്‍ സ്ഥലം ഒരുപാട് പേര്‍ വെള്ളത്തിനായി ആശ്രയിച്ചിരുന്ന സ്ഥലവുമാണ്. എന്നാല്‍ ഇത് കിന്‍ഫ്രയ്ക്ക് ലഭിച്ചതോടെ അവര്‍ സ്ഥലം ഇടിച്ചുനിരത്തി പല പ്ലോട്ടുകളാക്കി വില്‍പ്പന തുടങ്ങി””. എന്നാണ് സമരസമിതി ആരോപിക്കുന്നത്.

“”ആദ്യം തന്നെ അവര്‍ സ്ഥലം അനുവദിക്കുന്നത് പാമോയില്‍ റിഫൈനിങ്ങിനാണ്. പാമോയിലിന്‍ റിഫൈനിങ് ഭക്ഷണ വിഭാഗത്തില്‍ വരുന്നതല്ല. പാമോലിന്‍ നമ്മള്‍ ഭക്ഷണത്തിനായാണ് ഉപയോഗിക്കുന്നതെങ്കിലും അതിന്റെ റിഫൈനിങ് എന്ന് പറയുന്നത് കെമിക്കലും ആസിഡുകളും ഒരുപാട് ഉപയോഗിക്കുന്നതാണ്. അവര്‍ ഇതിനായി ഫിലിപ്പൈന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ക്രൂഡ്ഓയല്‍ കൊണ്ടുവന്ന് ശുദ്ധീകരിച്ച് ഇതിന്റെ വേസ്റ്റ് മുഴുവന്‍ കാക്കഞ്ചേരിയില്‍ തന്നെ ഉപേക്ഷിക്കാന്‍ തുടങ്ങി. അതിന്റെ പ്രയാസങ്ങളും ഉണ്ടായി. ഏകദേശം 30 ഓളം ഭക്ഷ്യസംസ്‌ക്കരണ ഫാക്ടറികള്‍ വന്നു. അതിന് അടുത്തായി തന്നെ ഐ.ടി കമ്പനികളും””  ബാലകൃഷ്ണന്‍ പറയുന്നു.

കിന്‍ഫ്ര ഏറ്റെടുത്ത 70 ഏക്കറില്‍ 10 ഏക്കര്‍ ഐ.ടിക്കായി മാറ്റിവെച്ചു. 30 ഏക്കര്‍ ഫുഡിനും 30 ഏക്കര്‍ ഫുഡ് അലൈഡ് എ.സി.സെഡിനും മാറ്റിവെച്ചു. കേന്ദ്ര ഭക്ഷ്യസംസ്‌ക്കരണ വകുപ്പിന്റെ ആറ് കോടി രൂപ ഗ്രാന്റിലാണ് കിന്‍ഫ്ര ഫുഡ് പാര്‍ക്ക് ഉണ്ടാക്കുന്നത്. സെന്‍ട്രല്‍ മിസിസ്ട്രിയുടെ ഐ.ടി വകുപ്പിന്റെ രണ്ട് കോടിയുടെ ഗ്രാന്റ് ഉപയോഗിച്ചാണ് നിയോ സ്‌പേസ് എന്ന ഐ.ടിയുടെ ഒരു ബില്‍ഡിങ് ഉണ്ടാക്കിയത്.

കിന്‍ഫ്രയുടെ മുന്‍ഭാഗത്ത് ഏകദേശം രണ്ടേകാല്‍ ഏക്കര്‍ സ്ഥലമുണ്ട്. കമേഴ്‌സ്യല്‍ സോണായിട്ടാണ് ആ സ്ഥലം കണക്കാക്കുന്നത്. കിന്‍ഫ്ര പാര്‍ക്കില്‍ ഉണ്ടാക്കിയ ഉത്പ്പന്നങ്ങള്‍ വില്‍ക്കാനും പ്രൊമോട്ട് ചെയ്യാനുമുള്ള സൗകര്യത്തിനാണ് കമേഴ്‌സ്യല്‍ സോണ്‍.

2012 ആഗസ്റ്റിലാണ് ഈ കമേഴ്‌സ്യല്‍ സോണില്‍ ഐ.ടി, ഐ.ടി അനുബന്ധ സര്‍വീസുകള്‍ക്കും സൗകര്യമൊരുക്കാനായി കിന്‍ഫ്ര ആദ്യമായി ടെന്‍ഡര്‍ ക്ഷണിക്കുന്നത്. അതിന് മറുപടികള്‍ ലഭിക്കാതായതോടെ 2013 ല്‍ വീണ്ടും ടെന്‍ഡര്‍ ക്ഷണിച്ച് പരസ്യം നല്‍കി.

“” 2013 ല്‍ കിന്‍ഫ്രയില്‍ മലബാര്‍ ഗോള്‍ഡിന്റെ പദ്ധതി തുടങ്ങാന്‍ വേണ്ടി അവര്‍ സര്‍ക്കാറില്‍ സ്വാധീനം ചെലുത്തുകയും അത് നോട്ടിഫിക്കേഷനാക്കി മാറ്റുകയുമായിരുന്നു. അത് പത്രങ്ങളില്‍ വന്നു. രണ്ട് ഇഞ്ച് കോളത്തിലുള്ള പരസ്യമാണ് വന്നത്.

Enterpreners are invited for IT ITas and bpo എന്നായിരുന്നു പരസ്യം. Information technologiy and information technologies and enable survies and business project outosurcing ങ്ങിന് അകത്ത് മാത്രമുള്ള ആള്‍ക്കാരെ ക്ഷണിച്ചിട്ട് ഇത് കണ്ടത് മലബാര്‍ ഗോള്‍ഡുകാര്‍ മാത്രമാണ്.

മലബാര്‍ ഗോള്‍ഡിന്റെ ടെന്‍ഡര്‍ മാത്രമാണ് കിന്‍ഫ്രയ്ക്ക് കിട്ടിയത്. ഈ കിട്ടിയ ടെന്‍ഡര്‍ ഗവര്‍മെന്റ് അംഗീകരിക്കുകയും മലബാര്‍ ഗോള്‍ഡിന് അനുവദിക്കുകയും ചെയ്തു. ഇതെല്ലാം ഒരു പ്രീ പ്ലാന്‍ഡ് പരിപാടിയായിട്ടാണ് അവര്‍ ചെയ്തത്. ഒരാളും കാണാത്ത ഒരു നോട്ടിഫിക്കേഷന്‍ ഇട്ട് ആരും കാണാത്ത വിധത്തിലുള്ള പരസ്യമാക്കുകയും രണ്ടേകാല്‍ ഏക്കര്‍ സ്ഥലം 2013 ല്‍ മലബാര്‍ ഗോള്‍ഡിന് അനുവദിക്കുകയുമായിരുന്നു- സമരസമിതി ആരോപിക്കുന്നു.

2013 ഒക്ടോബര്‍ 13 ാം തിയതി പദ്ധതിയുടെ ഉദ്ഘാടനം നടന്നു. എം.പിയും എം.എല്‍.എയും വ്യവസായ വകുപ്പ് മന്ത്രിയും കളക്ടറും വൈസ് ചാന്‍സിലറും ചടങ്ങില്‍ ഉണ്ടായിരുന്നു. മലബാര്‍ ഗോള്‍ഡ് എന്തോ വലിയ സംഭവം ആരംഭിക്കാന്‍ പോകുന്നു എന്ന രീതിയിലാണ് പങ്കെടുത്തവരെല്ലാം സംസാരിച്ചതെന്ന് പ്രദേശവാസികള്‍ ഓര്‍ക്കുന്നു.

“”ഏകദേശം സെപ്റ്റംബര്‍ ഒക്ടോബര്‍ നവംബര്‍ മാസങ്ങളായപ്പോഴാണ് അവിടെ ഒരു സ്വര്‍ണാഭരണ നിര്‍മാണ ശാലയാണ് വരുന്നതെന്നും വളരെ മാരകമായ പ്രത്യാഘാതകള്‍ അവിടെ ഉണ്ടാകുമെന്നും മനസിലാകുന്നത്. അങ്ങനെയാണ് ആര്‍.ടി.ഐ അനുസരിച്ച് കിന്‍ഫ്രയിലും പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിലും കളക്ട്രേറ്റിലും വില്ലേജ് ഓഫീസിലും കത്ത് കൊടുക്കുന്നത്. “” സമരസമിതി ചെയര്‍മാന്‍ പറയുന്നു.

കിന്‍ഫ്രയെ സംബന്ധിച്ചിടത്തോളം സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ബോര്‍ഡ് ആണ്. അതുകൊണ്ട് തന്നെ പഞ്ചായത്തിലോ വില്ലേജ് ഓഫീസിലോ ഒന്നും അവര്‍ക്ക് പോകേണ്ട കാര്യമില്ല. അതിന്റെ ഫൈനല്‍ സ്റ്റേജില്‍ പ്രൊഡക്ഷന്‍ തുടങ്ങുന്ന സമയം അതിന്റെ നമ്പര്‍ ഇടിയിക്കാന്‍ വേണ്ടി മാത്രം പഞ്ചായത്തിന്റെ അനുവാദം മതി. മലബാര്‍ ഗോള്‍ഡിന് ഇവര്‍ സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് കൊടുത്തു. ഇവര്‍ക്ക് സ്ഥലം അനുവദിച്ചു. ബില്‍ഡിങ് ഉണ്ടാക്കാന്‍ അനുമതി കൊടുത്തു. സെപ്റ്റംബറില്‍ ഉദ്ഘാടനം കഴിഞ്ഞ് ഒക്ടോബര്‍ നവംബര്‍ മാസത്തില്‍ ജെ.സി.ബിയൊക്കെ വെച്ച് ആ സ്ഥലം മുഴുവന്‍ നിരപ്പാക്കാന്‍ തുടങ്ങി.- സമരസമിതി പറയുന്നു.

മലബാര്‍ ഗോള്‍ഡിന്റെ അന്താരാഷ്ട്ര തലത്തിലുള്ള ഏറ്റവും വലിയ ഒരു സ്വര്‍ണാഭരണ നിര്‍മാണ ശാലയാണ് കാക്കഞ്ചേരിയില്‍ വരാന്‍ പോകുന്നതെന്നാണ് ആര്‍.ടി.ഐ പ്രകാരമുള്ള രേഖകള്‍ വ്യക്തമാക്കുന്നത്. ആദ്യഘട്ടത്തിലും രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും ദിവസേന 40 കിലോഗ്രാം സ്വര്‍ണാഭരണ നിര്‍മാണമാണ് ലക്ഷ്യമിടുന്നത്. രണ്ടര വര്‍ഷം കൊണ്ട് ആദ്യം ഘട്ടംപൂര്‍ത്തിയാക്കുന്നതിന് പിന്നാലെ ദിവസേന 120 കിലോ സ്വര്‍ണാഭരണ നിര്‍മാണമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

2 ലിറ്റര്‍ സള്‍ഫ്യൂരിക് ആസിഡാണ് ഒരു ദിവസം കമ്പനി പുറന്തള്ളുക. 5 കിലോഗ്രാം ഗോള്‍ഡ് പൊട്ടാസ്യം സയനൈഡ്, 2 ലിറ്റര്‍ നൈട്രിക് ആസിഡ് വേസ്റ്റ് ഉള്‍പ്പെടെയുള്ള അപകടകരമായ വേസ്റ്റുകളാണ് പുറന്തള്ളുന്നതെന്ന് മലബാര്‍ ഗോള്‍ഡ് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന് സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്. ആര്‍.ടി.ഐ രേഖകളിലും ഇത് വ്യക്തമാണ്.

അതിനകത്ത് ഒരു ദിവസം ഹൈഡ്രോക്ലോറിക് ആസിഡ് നൈട്രിക് ആസിഡ് സള്‍ഫ്യൂരിക് ആസിഡ് തുടങ്ങി ഒരു ദിവസം 48 ലിറ്റര്‍ ആസിഡ് മാലിന്യങ്ങള്‍ ഉണ്ടാകുന്നു. ഒരു ദിവസം 15 ഗ്രാം പൊട്ടാസ്യം സയനൈഡ് ഉണ്ടാകുന്നുവെന്നും സമരസമിതി പറയുന്നു.

ഒന്‍പത് ഘട്ടങ്ങളിലൂടെയാണ് മലബാര്‍ ഗോള്‍ഡ് സ്വര്‍ണാഭരണ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. മെറ്റല്‍ മെല്‍ട്ടിങ്, റോളിങ്, അനീലിങ് ഫര്‍നന്‍സ്, വയര്‍ ഡ്രോയിങ്, ഓര്‍നമെന്റ്‌സ് മേക്കിങ്, ഡ്രംപോളിഷിങ്, കളറിങ്, ഇനാമലിങ്, ഫിനിഷ്ഡ് ഗുഡ്‌സ് എന്നിവയാണ് ആ ഘട്ടങ്ങളെന്ന് മലബാര്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന് മുന്നില്‍ സമര്‍പ്പിച്ച ചാര്‍ട്ടില്‍ വ്യക്തമാണ്.

“”ഇതിലൊക്കെ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ നിക്കല്‍, കാഡ്മിയം, ചെമ്പ് തുടങ്ങിയവ വരുന്നുണ്ടെന്നാണ് മനസിലായത്. അതുപോലെ അതിന്റെ കളറിങ്ങിന് സിങ്ക് പോലുള്ള സാധനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ചെറിയ പാര്‍ട്ടിക്കിള്‍സിനെ പോലും ആകര്‍ഷിക്കാന്‍ പറ്റുന്നതാണ് മെര്‍ക്കുറി. ഈ മെര്‍ക്കുറിയും ധാരാളം ഉപയോഗിക്കുന്നുണ്ട്. ഇത്തരം സാധനങ്ങള്‍ മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളത്തോടൊപ്പം ഒരുദിവസം പുറന്തള്ളുമെന്നാണ് മനസിലാവുന്നത്.”” സമരസമിതി പറയുന്നു.

“”ഒരു ദിവസം 48 ലിറ്റര്‍ ഹൈഡ്രോക്ലോറിക് നൈട്രിക് സള്‍ഫ്യൂരിക് ആസിഡ് മാലിന്യങ്ങള്‍, 15 ഗ്രാം പൊട്ടാസ്യം സൈനേഡ് മാലിന്യങ്ങള്‍ അതുപോലെ നിക്കല്‍, കാഡ്മിയം തുടങ്ങിയ ലോഹമാലിന്യങ്ങള്‍ മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളം കൂടി കാക്കഞ്ചേരി ഒഴുക്കിക്കഴിഞ്ഞാല്‍ ഇവിടെ പിന്നെ ജനവാസം സാധ്യമല്ല.

ഇത് തിരിച്ചറഞ്ഞതോടെ ജനങ്ങള്‍ മുഴുവന്‍ സംഘടിച്ച് ഒരു മാസ് പെറ്റീഷന്‍ ഉണ്ടാക്കി 2014 ഫെബ്രുവരി 5ാം തിയതി മുഖ്യമന്ത്രിക്ക് നല്‍കി. പഞ്ചായത്ത്-വില്ലേജ് ഓഫീസുമുതല്‍ ജില്ലാ കളക്ടര്‍, റെവന്യൂ ഒഫീഷ്യല്‍സ്, പ്രതിപക്ഷ നേതാവു വരെയുള്ളവര്‍ക്ക് മെമ്മോറാണ്ടം കൊടുത്തു””.കാക്കഞ്ചേരി നിവാസികള്‍ സമരത്തിലേക്ക് പോവാനും അവര്‍ നടത്തിയ സമരത്തിന്റെ വിവിധ ഘട്ടങ്ങളും  ബാലകൃഷ്ണന്‍ വിശദീകരിക്കുന്നു.

2014 അവസാനം ആകുന്നതുവരെ മെമ്മോറാണ്ടം കൊടുത്തിട്ടും ഒരുഭാഗത്തുനിന്നും നടപടിയുണ്ടായില്ല. സര്‍ക്കാര്‍ സ്‌പോര്‍ണ്‍സര്‍ ചെയ്യുന്ന ഒരു കമ്പനിയാണിത്. സര്‍ക്കാര്‍ സ്ഥലം അനുവദിച്ച് ഇവിടെ കൊണ്ടുവരുന്നു. അവരാണ് ഉദ്ഘാടനം ചെയ്യുന്നത്. എന്നാല്‍ അവരൊന്നും പരിസരവാസികളുടെ എതിര്‍പ്പ് പരിഗണിച്ചില്ലെന്ന് സമരസമിതി കുറ്റപ്പെടുത്തുന്നു.

ബില്‍ഡിങ്ങിന്റെ പണി ദ്രുതഗതിയിലായതോടെ കിന്‍ഫ്രയിലെ മറ്റ് സ്ഥാപനങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു. മലബാര്‍ ഗോള്‍ഡിന്റെ സ്വര്‍ണാഭരണ നിര്‍മാണം ഇവിടെ തുടങ്ങിയാല്‍ അതിനനുസരിച്ചുള്ള മാലിന്യങ്ങള്‍ ഉണ്ടാവുകയും ചെയ്യുമ്പോള്‍ നിലവില്‍ കിന്‍ഫ്രയില്‍ പ്രവര്‍ത്തിക്കുന്ന 30 ഓളം ഭക്ഷ്യസംസ്‌ക്കരണ ഫാക്ടറികള്‍, 40 ഓളം ഐ.ടി കമ്പനികള്‍ എന്നിവയ്ക്ക് മുന്നോട്ടുപോവാനാവില്ലെന്നതായിരുന്നു കാരണം.

കിന്‍ഫ്രയില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി സ്ഥാപനങ്ങളേയും ഫുഡ് ഫാക്ടറികളേയും പ്രതിനിധീകരിക്കുന്ന കിന്‍ഫ്ര ഇന്‍ഡസ്ട്രീസ് ചേമ്പറാണ് ഹൈക്കോടതിയില്‍ പോയത്. സ്വര്‍ണാഭരണ നിര്‍മാണ ശാല വന്നുകഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ഞങ്ങളുടെ ലൈസന്‍സ് പോലും പുതുക്കാന്‍ പറ്റില്ലെന്നും അതുകൊണ്ട് സ്വര്‍ണാഭരണ നിര്‍മാണ ശാലയുടെ നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു സംഘടന കോടതിയെ സമീപിച്ചത്.

ആദ്യഘട്ടത്തില്‍ തന്നെ പരാതി ഫയലില്‍ സ്വീകരിച്ച കോടതി യൂണിറ്റിന്റെ പ്രവര്‍ത്തനം മൂന്ന് മാസത്തേക്ക് നിര്‍ത്തിവെക്കണമെന്ന് ഉത്തരവിട്ടു. 16-6-2016 ന് ഹൈക്കോടതി ജഡ്ജി കെ. ഹരിലാലാണ് സ്റ്റേ അനുവദിച്ചത്.

ആഭരണനിര്‍മാണ ശാലക്കെതിരെ കിന്‍ഫ്രയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന എസ്.എന്‍ ന്യൂട്രീഷന്‍ എന്ന കമ്പനിയും കോടതിയെ സമീപിച്ചു.

ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമുള്ള പ്രോട്ടീന്‍ ആന്റ് വെജിറ്റബിള്‍ സപ്ലിമെന്റ് ഉണ്ടാക്കുന്ന അമേരിക്കന്‍ ബേസ്ഡായുള്ള കമ്പനിയാണ് എസ്.എന്‍ ന്യൂട്രീഷന്‍. തങ്ങളുടേത് അന്താരാഷ്ട്ര നിലവാരം ഉള്ള കമ്പനിയാണെന്നും ഇതുപോലെ രാസമാലിന്യങ്ങള്‍ പുറംതള്ളുന്ന ഒരു കമ്പനി അടുത്തുണ്ടായാല്‍ ഞങ്ങള്‍ക്ക് പ്രൊഡക്ട് ഉണ്ടാക്കുവാനോ പുറത്തേക്ക് കയറ്റിയയക്കാനോ പറ്റില്ലെന്നായിരുന്നു എസ്.എന്‍ ന്യൂട്രീഷന്റെ വാദം.

എസ്.എന്‍ ന്യൂട്രീഷന് വേണ്ടി കേരള യൂണിവേഴ്‌സിറ്റിയുടെ കെമിസ്ട്രി ഹെഡ് ഓഫ് ദി ഡിപാര്‍ട്‌മെന്റ് ഡോ. അനിരുദ്ധന്‍ ഒരു പഠനം നടത്തിയിരുന്നു. “എസ്.എന്‍ ന്യൂട്രീഷന് പ്രോട്ടീന്‍ സപ്ലിമെന്റ് വൈറ്റമിന്‍ സപ്ലിമെന്റ് ഉണ്ടാക്കാന്‍ വളരെയധികം ഓക്‌സിജന്‍ ആവശ്യമുണ്ട്. ശുദ്ധമായ വായു ആവശ്യമുണ്ട്. മലബാര്‍ ഗോള്‍ഡ് പോലുള്ള സ്ഥാപനം അവിടെ തുടങ്ങിക്കഴിഞ്ഞാല്‍ ശുദ്ധമായ ഓക്‌സിജന്‍ ഈ പ്രദേശത്ത് ലഭ്യമാകുകയില്ല”. – ഇതായിരുന്നു പഠനത്തിലെ കണ്ടെത്തല്‍. ഇങ്ങനെ മലിനീകരണമാകുന്നിടത്ത് മനുഷ്യര്‍ എങ്ങനെ ജീവിക്കുമെന്നാണ് പ്രദേശവാസികള്‍ ചോദിക്കുന്നത്.

“”കിന്‍ഫ്ര തന്നെ അനുവദിച്ച 2.50 ഏക്കര്‍ സ്ഥലത്താണ് മലബാര്‍ ഗോള്‍ഡ് അവരുടെ ഫാക്ടറി ആരംഭിച്ചിരിക്കുന്നത്. ഉപയോഗ ശൂന്യമായ ജലം ഒഴുക്കിവിടാന്‍ ഒരു സംവിധാനവും കമ്പനി ഒരുക്കിയിട്ടില്ല. കെട്ടിടത്തിന്റെ ഇരുവശത്തുകൂടിയും മലിനജലം ഒഴുക്കിവിടാനാണ് കമ്പനി ശ്രമിക്കുന്നത്. ആസിഡും സയനൈഡ്‌സ് ഉള്‍പ്പെടെയുള്ള രാസമാലിന്യങ്ങളും വലിയ ഭീഷണി തന്നെ സൃഷ്ടിക്കുമെന്നും നാട്ടുകാര്‍ പറയുന്നു. മാത്രമല്ല എസ്.എന്‍ ന്യൂട്രീഷന്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യനിര്‍മാണ ശാലകള്‍ സ്ഥിതി ചെയ്യുന്ന കിന്‍ഫ്ര ഫുഡ് പാര്‍ക്കിന് സമീപം ഇത്തരമൊരു നിര്‍മാണശാല വരുന്നത് ഗുരുതര പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്ന് നാട്ടുകാര്‍ ഉറച്ചുവിശ്വസിക്കുന്നു.””- 4-3-2014 ന് കിന്‍ഫ്ര സന്ദര്‍ശിച്ച പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്‍വയോണ്‍മെന്റ് എഞ്ചിനിയര്‍ (മലപ്പുറം) കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന് നല്‍കിയ കത്തില്‍ പറയുന്നു.

നേരത്തെ കിന്‍ഫ്രയുടെ എതിര്‍വശത്തായി ഉണ്ടായിരുന്ന വ്യവസായശാലയായ സിന്തെറ്റിന്റെ ( സിന്തെറ്റിക് കെമിക്കല്‍സ്) പ്രവര്‍ത്തനം ഇവിടുത്തെ വായുവും ജലവും പൂര്‍ണമായും മലിനമാക്കപ്പെട്ടിരുന്നെന്നും അതിന്റെ പ്രത്യാഘാതം ഇവിടുത്തെ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുയാണെന്നും അദ്ദേഹം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.  പരിശോധനയ്ക്ക് ശേഷം റെഡ് കാറ്റഗറി ലാര്‍ജ് സ്‌കേല്‍ സ്ഥാപനമാണെന്ന് പറഞ്ഞ് അദ്ദേഹം റിപ്പോര്‍ട്ട് നല്‍കിയെന്ന് സമരസമിതി ആരോപിക്കുന്നു.

മലപ്പുറം വളാഞ്ചേരിയിലെ സര്‍ഗം ജ്വല്ലറി ദിവസം ഒരു കിലോഗ്രാം സ്വര്‍ണാഭരണമാണ് നിര്‍മിക്കുന്നത്. സ്‌മോള്‍ സ്‌കേല്‍ വിഭാഗത്തിലുള്ള ഈ ആഭരണശാല റെഡ് കാറ്റഗറി വിഭാഗത്തിലാണ് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ദിവസം നാല് മോതിരവും നാല് വളയും മൂന്ന് ചെയിനും മാത്രം നിര്‍മിക്കുന്ന പത്തനംതിട്ട അടൂരിലെ സിറ്റി ഗോള്‍ഡും റെഡ് കാറ്റഗറിയില്‍ തന്നെയാണ്. കോട്ടക്കല്‍ എടരിക്കോടിലെ ഒണിക്‌സ് ജുവല്‍സിനേയും റെഡ് കാറ്റഗറി വിഭാഗത്തില്‍ തന്നെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ദിവസം 50 കിലോഗ്രാം സ്വര്‍ണാഭരണം ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന കാക്കഞ്ചേരിയിലെ മലബാര്‍ ഗോള്‍ഡിന്റെ സ്വര്‍ണാഭരണ ശാലയ്ക്ക് ആദ്യഘട്ടത്തില്‍, 3-9-2013 ലെ അപേക്ഷയില്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് റെഡ് കാറ്റഗറി സര്‍ട്ടിഫിക്കറ്റാണ് നല്‍കുന്നത്.

റെഡ് കാറ്റഗറി ലാര്‍ജ് സ്‌കെയില്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ജനവാസമേഖലയില്‍ നിന്ന് നൂറ് മീറ്റര്‍ അകലത്തിലായിരിക്കണമെന്നാണ് 2004 ല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.

“”ആഭരണ നിര്‍മാണ ശാലയ്ക്ക് സമീപം നൂറ് മീറ്ററിനുള്ളില്‍ ആറ് വീടുകള്‍, 36 കടകള്‍ എന്നിവയുണ്ട്. തൊട്ടടുത്ത ക്വാര്‍ട്ടേഴ്‌സില്‍ 78 ഓളം ആളുകള്‍ താമസിക്കുന്നു. രണ്ട് പള്ളികളും ഒരു ബേങ്കും സമീപത്തായുണ്ട്. മലബാര്‍ ഗോള്‍ഡിന്റെ ആഭരണ നിര്‍മാണ ശാലയില്‍ നിന്ന് കിന്‍ഫ്ര ഓഫീസിലേക്കുള്ള അകലം 11 മീറ്ററാണ്. 25 മീറ്ററിനുള്ളിലുള്ള ഐ.ടി പ്ലാന്റില്‍ നാല്‍പ്പതോളം സ്ഥാപനങ്ങള്‍ ഉണ്ട്. നൂറ് മീറ്ററിന് ഉള്ളില്‍ തന്നെ കിന്‍ഫ്രയിലെ 30 ഓളം ഭക്ഷ്യസംസ്‌ക്കരണ യൂണിറ്റുകളും ഉണ്ട്. ഇത്രയും സ്ഥാപനങ്ങള്‍ ഉള്ളതുകൊണ്ട് തന്നെ റെഡ് കാറ്റഗറി ലാര്‍ജ് സ്‌കെയിലില്‍ ആഭരണ നിര്‍മാണ ശാലയ്ക്ക് അവിടെ അനുമതി കൊടുത്താല്‍ പ്രശ്‌നമാകുമെന്ന് കണ്ട് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ ഇടപെട്ടു””- സമരസമിതി നേതാവ് ആരോപിക്കുന്നു.

ഓരോ അപേക്ഷയില്‍ നിന്നും ആസിഡ് മാറ്റി, പൊട്ടാസ്യം സൈനേഡ് മാറ്റി ഗ്രീന്‍ കാറ്റഗറിയില്‍ ലൈസന്‍സ് നേടിയെടുക്കാന്‍ മലബാര്‍ ഗോള്‍ഡ് ശ്രമിച്ചു. റെഡ് കാറ്റഗറി ഗ്രീനിലേക്ക് മാറ്റാന്‍ വേണ്ടി അഞ്ച് തവണ അതിന്റെ അപേക്ഷയും പ്ലാനും തിരുത്തി. ഒരു പ്ലാന്‍ നോക്കിയപ്പോള്‍ അതിന്റെ നൂറ് മീറ്ററിനുള്ളില്‍ ഒന്നും ഇല്ല. അതുകഴിഞ്ഞ് അടുത്ത പ്ലാനില്‍ ഇപ്പറഞ്ഞ സ്ഥാപനങ്ങളൊക്കെ വന്നുവെന്നും സമരസമിതി പറയുന്നു.

പ്ലാന്റ് മുഴുവന്‍ സെന്‍ട്രലി എയര്‍കണ്ടീഷന്‍ഡ് ആയതിനാല്‍ സൈഡിലൂടെയുള്ള മലിനീകരണമില്ലെന്ന് കമ്പനി വാദിച്ചു. നേരത്തെ ഭൂമിയില്‍ കുഴി കുഴിച്ചിട്ട് മലിനജലം ഒഴിവാക്കുന്ന പദ്ധതിയില്‍ നിന്ന് മാറി വെള്ളം ശുദ്ധീകരിക്കുന്ന എഫ്‌ളുവെന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ്( Effluent Treatment Plant) നാലാമത്തെ നിലയിലേക്ക് മാറ്റി.

ഇത് നാലാമത്തെ നിലയിലേക്ക് മാറ്റിയതോടെ 11.1 മീറ്റര്‍ അകലത്തിലുള്ള കിന്‍ഫ്ര ഓഫീസ് മുകളില്‍ നിന്ന് താഴേക്ക് അളക്കുമ്പോള്‍ 38മീറ്റര്‍ അകലത്തിലായി. ഇതെല്ലാം മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്റെ നിര്‍ദേശപ്രകാരമാണെന്നും സമരസമിതി ആരോപിക്കുന്നു.

ഇതോടെ പുതുക്കിയ പ്ലാന്‍ പ്രകാരം ഗ്രീന്‍ കാറ്റഗറിയാണെന്ന് പറഞ്ഞ് ചെയര്‍മാന്‍ അവര്‍ക്ക് 7-1-2015 ല്‍ അവര്‍ക്ക് അനുമതി കൊടുത്തു. ഇതിനെ തുടര്‍ന്ന് കാക്കഞ്ചേരി സമരസമിതി ഗ്രീന്‍ ട്രൈബ്യൂണലില്‍ പോയി.

പക്ഷേ ആ പെര്‍മിഷന്റെ കാലാവധി 31-8 2016 ല്‍ കഴിഞ്ഞു.  2016 പകുതിയില്‍ മലബാര്‍ ഗോള്‍ഡ് റിന്യൂവലിന് വേണ്ടി അപേക്ഷ കൊടുത്തു. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് പരിശോധനയ്ക്കായി വന്നപ്പോള്‍ സമരസമിതി കോമ്പൗണ്ടിനുള്ളിലേക്ക് കടത്തിവിട്ടില്ല. ജനങ്ങളുടെ പ്രതിഷേധം ഉള്ളതുകൊണ്ട് ഞങ്ങള്‍ക്ക് അകത്തുകയറാനായില്ലെന്ന് പറഞ്ഞ് അവര്‍ ചെയര്‍മാന് റിപ്പോര്‍ട്ട് കൊടുത്തു. 2016 ഓഗസ്റ്റ് 31 മുതല്‍ ആ സ്ഥാപനത്തിന് ഒരു ലൈസന്‍സും ഇല്ല.

റെഡ് കാറ്റഗറി മാറ്റി ഗ്രീന്‍ കാറ്റഗറി ആക്കുന്നതിന് വേണ്ടി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ അഴിമതി കാണിച്ചുവെന്ന് സമരസമിതി ആരോപണമുന്നയിക്കുന്നു. ജേക്കബ്ബ് തോമസ് വിജിലന്‍സ് ഡയരക്ടറായിരുന്ന സമയത്തായിരുന്നു അത്. പ്രത്യക്ഷത്തില്‍ വലിയ അഴിമതി നടന്നതായി വിജിലന്‍സ് ഡയരക്ടര്‍ക്ക് ബോധ്യമായതിനാല്‍ ത്വരിതാന്വേഷണത്തിനായി കോഴിക്കോട് ഡി.വൈ.എസ്.പി സാബുവിനെ ചുമതലപ്പെടുത്തി.

എന്തെങ്കിലും ലൈസന്‍സ് ഉണ്ടെങ്കില്‍ അത് പിന്‍വലിക്കണമെന്നും കാലാവധി കഴിഞ്ഞ ലൈസന്‍സ് ഉണ്ടെങ്കില്‍ അത് പുതുക്കി നല്‍കരുതെന്നും റിപ്പോര്‍ട്ട് കൊടുത്തതായും സമരസമിതി പറയുന്നു.

“”കേസ് നിലനില്‍ക്കുമ്പോള്‍ തന്നെ 2014 ഡിസംബര്‍ 16 ാം തിയതി മെഷിനറീസ് കൊണ്ടുവരുവാന്‍ കമ്പനി ശ്രമം നടത്തി. ആ സമയമാകുമ്പോഴേക്ക് ബില്‍ഡിങ്ങിന്റെ പണി ഏകദേശം മുക്കാല്‍ ഭാഗത്തോളം ആയിരുന്നു. എന്നാല്‍ ഞങ്ങള്‍ അതിനെതിരെ പെറ്റീഷന്‍ കൊടുത്തു, മാത്രമല്ല മെഷിനറീസ് അവിടെ കയറ്റാന്‍ പറ്റില്ലെന്നും നിലപാടെടുത്തു.കേസില്‍ തീരുമാനം ആകാതെ ബില്‍ഡിങ്ങിനകത്ത് മെഷീന്‍ കയറ്റാന്‍ പറ്റില്ലെന്നായിരുന്നു ഞങ്ങളുടെ നിലപാട്. മലബാര്‍ ഗോള്‍ഡ് അവരുടെ സ്വാധീനം ഉപയോഗിച്ച് പൊലീസിനെ വിളിച്ച് വലിയൊരു ശക്തിപ്രകടനം നടത്തി.

സമരത്തിന്റെ ഭാഗമായി മെഷിനറി കയറ്റി വന്ന വാഹനം തടയുക മാത്രമാണ് ഞങ്ങള്‍ ചെയ്തിരുന്നത്. എന്നാല്‍ ഞങ്ങള്‍ ലോറി അടിച്ചുപൊളിച്ചു, മാനേജരെ മര്‍ദ്ദിച്ചു, വാച്ച്മാനെ അടിച്ചു. സിസി ടിവിയും കമ്പ്യൂട്ടറും കേടാക്കി എന്നൊക്കെ പറഞ്ഞ് കമ്പനി പൊലീസില്‍ പരാതി നല്‍കി.

ഏതൊക്കേയോ കേടായ കമ്പ്യൂട്ടറും സിസി ടിവിയുമൊക്കെ കൊണ്ടുവന്നിട്ട് പൊലീസിനെ ഉപയോഗിച്ച് മഹ്‌സര്‍ ഉണ്ടാക്കി. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നായിരുന്നു പൊലീസിന്റെ എഫ്.ഐ.ആര്‍.”” സമരസമിതി ചെയര്‍മാന്‍ പറയുന്നു.

ഈ സംഭവത്തിന് ശേഷം മലബാര്‍ ഗോള്‍ഡ് ഹൈക്കോടതിയില്‍ പോയി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. മലബാര്‍ ഗോള്‍ഡിന്റെ ആഭരണനിര്‍മാണ ശാലയ്ക്ക് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവിട്ടു.

” ഇതോടെ 2014 ഡിസംബര്‍ 20 ന് അവിടെ പന്തല്‍ കെട്ടി പ്രത്യക്ഷ സമരം തുടങ്ങി. നിര്‍മാണത്തിലേര്‍പ്പെട്ട തൊഴിലാളികളോട് കാര്യങ്ങളില്‍ തീരുമാനമാകുന്നതുവരെ ജോലി ചെയ്യരുതെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും ഞങ്ങള്‍ പറഞ്ഞു. അതോടെ വിവിധ കോണ്‍ട്രാക്ടര്‍മാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് പോയി. കഴിഞ്ഞ മൂന്ന് വര്‍ഷമായി അവിടെ ഒരു തരത്തിലുള്ള പ്രവര്‍ത്തനവും നടക്കുന്നില്ല. അതിന് ഞങ്ങള്‍ അനുവദിച്ചിട്ടുമില്ല”. സമരസമിതി ചെയര്‍മാന്‍ പറയുന്നു.

മലബാര്‍ ഗോള്‍ഡിന്റെ തിരുവണ്ണൂരിലെ ആഭരണനിര്‍മാണ ശാല അന്തരീക്ഷ മലിനീകരണം ഒട്ടും ഉണ്ടാക്കുന്നില്ലെന്നായിരുന്നു മലബാര്‍ ഗോള്‍ഡിന്റെ അവകാശവാദം.  കിന്‍ഫ്രയ്ക്ക് കൊടുത്ത അപേക്ഷയ്‌ക്കൊപ്പം തങ്ങളുടെ വിശ്വാസ്യത തെളിയിക്കാനായി അവര്‍ സമര്‍പ്പിച്ച രേഖയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

“”2012 ഡിസംബറിലായിരുന്നു തിരുവണ്ണൂരിലെ സ്ഥാപനത്തിന്റെ തുടക്കം. സ്ഥാപനം തുടങ്ങി രണ്ടുമൂന്ന് മാസം പ്രവര്‍ത്തിച്ചപ്പോഴേക്ക് തന്നെ അവിടെ വെള്ളവും മറ്റും മലിനമാകാന്‍ തുടങ്ങി. അവരുടെ ചിമ്മിനിയില്‍ നിന്ന് തന്നെ പുക ലീക്കായി കുട്ടികളുള്‍പ്പെടെ ബോധരഹിതരാവുകയും നിരവധി പേര്‍ ആശുപത്രിയിലാവുകയും ചെയ്തു. പുതിയ ആളുകളെ നിയമിക്കുന്നുണ്ടെന്നും പരിശീലന കേന്ദ്രമാണെന്നും പറഞ്ഞാണ് അവര്‍ സ്ഥാപനം തുടങ്ങുന്നത്. അങ്ങനെ ജനങ്ങളില്‍ നിന്നും വലിയ പ്രതിഷേധം ഉയര്‍ന്ന ഘട്ടത്തില്‍ പൊലീസ് വരികയും പ്ലാന്റ് പൂട്ടിക്കുകയുമായിരുന്നു. 2012 ഡിസംബറില്‍ തുടങ്ങിയ ആ സ്ഥാപനം 2013 ഏപ്രിലിലാണ് പൂട്ടുന്നത്. ആ സ്ഥാപനമാണ് ദിവസേന 120 കിലോ സ്വര്‍ണാഭരണം നിര്‍മിക്കാവുന്ന യൂണിറ്റായി കിന്‍ഫ്രയിലേക്ക് മാറ്റിയത്. മൂന്ന് കിലോഗ്രാം സ്വര്‍ണാഭരണം ഉണ്ടാക്കുന്നിടത്ത് മലിനീകരണം നിയന്ത്രിക്കാനാവുന്നില്ലെങ്കില്‍ 120 കിലോഗ്രാം ഉണ്ടാക്കുന്നിടത്ത് എങ്ങനെ മലിനീകരണം നിയന്ത്രിക്കുമെന്നാണ്” സമരസമിതിയുടെ ചോദ്യം.

“”തൃശൂര്‍ മരിയാപുരത്ത് ദിവസം മൂന്ന് കിലോഗ്രാം മാത്രം സ്വര്‍ണാഭരണം ഉണ്ടാക്കുന്ന നിര്‍മാണശാലയുണ്ട്. അവിടുത്തെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ 800 ഓളം കിണറുകളിലെ വെള്ളം കേടാകുകയുണ്ടായി. സ്ഥാപനത്തിന്റെ ചിലവില്‍ തന്നെ കിണര്‍ വെള്ളം മുഴുവന്‍ ശുദ്ധീകരിച്ച് നല്‍കണമെന്നും പ്രദേശവാസികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കണമെന്നും ഹരിത ട്രൈബ്യൂണലിന്റേയും ഹൈക്കോടതിയുടേയും വിധിയുണ്ടായി.

മരിയാപുരത്തും ഒല്ലൂരും ഇതേ പ്രശ്‌നങ്ങള്‍ ഉണ്ടായി. അതേ ഒരു സാഹചര്യം കാക്കഞ്ചേരിയില്‍ ഉണ്ടാകരുത് എന്നതുകൊണ്ടാണ് മലബാര്‍ ഗോള്‍ഡ് ഇത്തരമൊരു നിര്‍മാണ ശാല തുടങ്ങുന്നതിന് മുന്‍പ് തന്നെ ഞങ്ങള്‍ തടഞ്ഞത്. തുടങ്ങിയിട്ട് പിന്നെ തടയുന്നതില്‍ അര്‍ത്ഥമില്ല. ഹൈഡ്രോക്ലോറിക് ആസിഡൊക്കെ ഭൂമിയില്‍ എത്തിയാല്‍ കരിമ്പാറ വരെ തുളച്ച് ഭൂമിക്കടിയില്‍ എത്തും. പൊട്ടാസ്യം സൈനേഡ്, മെര്‍ക്കുറി, കാഡ്മിയം ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ ശരീരത്തിലെത്തിയാല്‍ പിന്നെ മനുഷ്യന് നിലനില്‍പ്പില്ല. സ്വര്‍ണം ശുദ്ധീകരിക്കുന്ന സമയത്ത് ചെമ്പും റുഥീനിയവും ഉള്‍പ്പെടെയുള്ളവ കത്തിക്കുമ്പോള്‍ കോപ്പറിന്റെ ഓക്‌സൈഡുകള്‍ ഉണ്ടാകും റുഥീനിയം ആണെങ്കില്‍ അതിന്റെ ഓക്‌സൈഡുകളുണ്ടാകും. സിങ്ക് ആണെങ്കില്‍ അതിന്റെ ഓക്‌സൈഡുകള്‍ ഉണ്ടാകും. ഇതൊക്കെ കത്തിച്ചുകളയുമ്പോള്‍ ഉണ്ടാകുന്ന മാരകമായ പുക ശ്വസിച്ചാല്‍ മാരകമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകളുണ്ട്.- പ്രദേശവാസികളുടെ ആശങ്ക സമരസമിതി ചെയര്‍മാന്‍ പങ്കുവെക്കുന്നു.

കിന്‍ഫ്ര പാര്‍ക്കിന് സമീപത്തായി സ്ഥിതി ചെയ്യുന്ന മലബാര്‍ ഗോള്‍ഡിന്റെ ആഭരണ നിര്‍മ്മാണ ശാല

“ഏത് പത്രങ്ങള്‍ എടുത്തുനോക്കിയാലും കാല്‍പേജ് പരസ്യം മലബാര്‍ ഗോല്‍ഡിന്റേതായിരിക്കും. സമരത്തിന്റെ റിപ്പോര്‍ട്ടുകള്‍ മലയാളമനോരമയും മാതൃഭൂമിയും ഉള്‍പ്പെടെയുള്ള പത്രങ്ങളില്‍ വരാതിരിക്കാനുള്ള കാരണവും ഇതുതന്നയെയാണ്. സമരത്തിന്റെ വാര്‍ത്ത കൊടുത്തത് കൊണ്ട് അവര്‍ക്ക് യാതൊരു ലാഭവും കിട്ടാനില്ല. പക്ഷേ മലബാര്‍ ഗോള്‍ഡിന്റെ പരസ്യം നല്‍കിയില്ലെങ്കില്‍ പത്രവും ചാനലുംകൊണ്ടുപോകാന്‍ കഴിയില്ലെന്ന നിലപാടിലാണ് അവര്‍”. കാക്കഞ്ചേരി സമരത്തോടുള്ള മുഖ്യധാര മാധ്യമങ്ങളുടെ നിലപാട് ബാലകൃഷ്ണന്‍ വിലയിരുത്തുന്നു.

“സമരത്തെ കുറിച്ച് വാര്‍ത്ത നല്‍കിയെന്ന് കരുതി മലബാര്‍ ഗോള്‍ഡുകാര്‍ക്ക് പരസ്യം കൊടുക്കാതിരിക്കാന്‍ കഴിയില്ല. കാരണം പരസ്യം നല്‍കാതെ അവര്‍ക്ക് നിലനില്‍പ്പില്ല. പരസ്യം നല്‍കാന്‍ അവര്‍ നിര്‍ബന്ധിതരാകും. അത് പത്രക്കാര്‍ തിരിച്ചറിയണം. ഇത്തരം വാര്‍ത്തകള്‍ നല്‍കി ജനങ്ങളോടുള്ള പ്രതിബദ്ധത കാത്തുസൂക്ഷിക്കാനും മറ്റൊരു ഭാഗത്ത് ബിസിനസുകാരന്റെ താത്പര്യം സംരിക്ഷിക്കാനും വേണമെങ്കില്‍ മാധ്യമങ്ങള്‍ക്ക് സാധിക്കും” സമരസമിതി ചെയര്‍മാന്‍ വിശദീകരിക്കുന്നു.

യു.ഡി.എഫ് സര്‍ക്കാരാണ് മലബാര്‍ ഗോള്‍ഡിന് അനുമതി നല്‍കിയതെന്നും അതില്‍ തന്നെ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും സി.പി.ഐ.എം പ്രവര്‍ത്തകനും കാക്കഞ്ചേരി പരിസര സംരക്ഷണ സമരസമിതി കണ്‍വീനറുമായ ദാസന്‍ പ്രതികരിക്കുന്നു. ഈ സമരത്തോട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സംസ്ഥാനതലത്തിലെ സമീപനത്തേയും ദാസന്‍ വിമര്‍ശിക്കുന്നു.

“ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നമായതിനാല്‍ തന്നെ നാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം സമരത്തിനൊപ്പം ഉറച്ചുനിന്നിട്ടുണ്ട്. പക്ഷേ രാഷ്ട്രീയ നേതൃത്വം അതിനെ ആ അര്‍ത്ഥത്തില്‍ കണ്ടതായിട്ട് തോന്നുന്നില്ല. ഞാന്‍ സി.പി.ഐ.എം പ്രവര്‍ത്തകനാണ്. ഇവിടുത്തെ എം.എല്‍.എ യു.ഡി.എഫുകാരനാണ്. ഒരു ഘട്ടത്തില്‍ പോലും അദ്ദേഹം ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ചിട്ടില്ല. ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ട് പോലും നിയമസഭയില്‍ ലീഗിന്റെ എം.എല്‍.എ ഇത് ഉന്നയിച്ചിട്ടില്ല. ഇദ്ദേഹം ഇത് ഉന്നയിച്ചിട്ടില്ലെന്ന് കരുതി ന്യായമായ ഒരു പ്രശ്നം വേറെ ഏതെങ്കിലും എം.എല്‍.എമാര്‍ക്ക് ഉന്നയിക്കാവുന്നതേയുള്ളു. അതുണ്ടായില്ല”. ദാസന്‍ പറയുന്നു.

എ.ബാലകൃഷ്ണന്‍ (കാക്കഞ്ചേരി പരിസര സംരക്ഷണ സമിതി ചെയര്‍മാന്‍)

“ഈ സര്‍ക്കാര്‍ പറയുന്നതുപോലെ ഞങ്ങള്‍ കൂടെയുണ്ടെന്നോ ഞങ്ങള്‍ ഒപ്പമുണ്ടെന്നോ പറയുന്നത് ആത്മാര്‍ത്ഥമായിട്ടാണെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ല. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളെ വൈകാരികമായ പ്രശ്‌നങ്ങള്‍ മാത്രമാക്കി ഒതുക്കി നിസ്സാരവത്കരിക്കുകയാണ്. ഇതിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക് കടക്കാന്‍ ഭരണനേതൃത്വം തയ്യാറാകുന്നില്ല. ഞാന്‍ പറയുന്നത് സി.പി.ഐ.എമ്മിന്റെ അഭിപ്രായമല്ല. സി.പി.ഐ.എം പ്രവര്‍ത്തകനായ സമരസമിതി കണ്‍വീനറുടെ അഭിപ്രായമാണ്”. – ദാസന്‍ വ്യക്തമാക്കുന്നു.

“യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ഇത് കൊണ്ടുവന്നത്. എല്‍.ഡി.എഫ് സര്‍ക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നത്. രണ്ട് തവണ നമ്മള്‍ മുഖ്യമന്ത്രിയെ കാണാന്‍ പോയി. ഇ.പി ജയരാജന്‍ സാറായിരുന്നപ്പോഴും മൊയ്തീന്‍ സാറായിരുന്നപ്പോഴും കണ്ടു. എല്ലാവരുടേയും നിലപാട് മലബാര്‍ ഗോള്‍ഡ് അവിടെ സ്വര്‍ണാഭരണ നിര്‍മാണശാല തുടങ്ങട്ടെ. തുടങ്ങിയിട്ട് മലിനീകരണം ഉണ്ടാവുകയാണെങ്കില്‍ വേണ്ടത് ചെയ്യാമെന്നാണ്” സമരസമിതി ചെയര്‍മാന്‍ എ. ബാലകൃഷ്ണന്‍
പറയുന്നു.

ആഭരണശാല വരുന്നതിനെതിരായ സമരത്തിന് എല്ലാ രാഷ്ട്രീയപാര്‍ട്ടിയുടേയും പിന്തുണ സമരത്തിനുണ്ടെന്നും എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടേയും കൊടികളും സമരമുഖത്തുന്നുണ്ടെന്നും കാക്കഞ്ചേരി മുസ്‌ലീം ലീഗ് ഏരിയ സെക്രട്ടറി റഫീഖ് പറയുന്നു.

“വിവിധ സംസ്ഥാന നേതാക്കള്‍മാര്‍ സമരപ്പന്തലിലെത്തിയിട്ടുണ്ട്. വി.എം സുധീരന്‍, രമേശ് ചെന്നിത്തല, വി.ടി ബല്‍റാം, മുസ്ലീം ലീഗ് നേതാക്കളില്‍ പലരും സമരമുഖത്ത് എത്തിയിട്ടുണ്ട്. മലബാര്‍ ഗോള്‍ഡ് കാക്കഞ്ചേരി വിടും വരെ സമരം എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. ആ നിലപാടില്‍ നിന്നും മാറില്ല. അനുഭവത്തില്‍ നിന്നും ഞങ്ങള്‍ പാഠംപഠിച്ചിട്ടുണ്ട്. സിന്തെറ്റ് പോലുള്ള സ്ഥാപനങ്ങള്‍ കാക്കഞ്ചേരിയെന്ന പ്രദേശത്തെ ആകെ മലിനമാക്കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് കുടിവെള്ളം പോലും ലഭിക്കാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന ഒരു വ്യവസായവും കാക്കഞ്ചേരിയില്‍ അനുവദിക്കില്ല”- റഫീഖ് പറയുന്നു.

“ജനങ്ങളെ ഒരു തരത്തിലും ബാധിക്കാത്ത രീതിയിലുള്ള വ്യവസായമാണെങ്കില്‍ മാത്രമേ പഞ്ചായത്തിന്റെ പിന്തുണ ഉണ്ടാവുകയുള്ളു. ബില്‍ഡിങ്ങിന്റെ നിര്‍മാണം നടക്കുമ്പോഴും എന്താണ് വരാന്‍ പോകുന്നതെന്ന് അറിയില്ലായിരുന്നു. ജ്വല്ലറിപോലുള്ള സ്ഥാപനത്തെ എതിര്‍ക്കേണ്ടതില്ലല്ലോയെന്ന നിലപാടിലായിരുന്നു ജനങ്ങള്‍. എന്നാല്‍ പിന്നീടാണ് ഇത് ഇത്രയും വലിയൊരു പദ്ധതിയാണെന്നും അതിന്റെ പ്രത്യാഘാതങ്ങളും ജനങ്ങള്‍ തിരിച്ചറിയുന്നത്. ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാന്‍ കഴിയണം. അതാണ് ഞങ്ങളുടെ ആവശ്യം” – ചേലമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് പറയുന്നു.

മലബാര്‍ ഗോള്‍ഡ് സമരത്തിന്റെ മൂന്നാം വാര്‍ഷിക ദിനത്തില്‍ നടന്ന കലക്ട്രേറ്റ് ധര്‍ണ്ണ

“പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നേരിടുന്നതുകൊണ്ട് തന്നെ മലബാര്‍ ഗോള്‍ഡ് അവിടെ വരാന്‍ പാടില്ലെന്ന് തന്നെയാണ് പഞ്ചായത്തിന്റെ അഭിപ്രായം. ഫുഡ് ഐറ്റംസുള്ള പാര്‍ക്കില്‍ ജനങ്ങള്‍ക്ക് ദോഷകരമായ ഒരു വ്യവസായം പാടില്ലെന്ന നിലപാടിലാണ് പഞ്ചായത്ത് ഭരണസമിതി. മലിനീകരണ നിയന്ത്രണബോര്‍ഡ് ഗ്രീന്‍ കാറ്റഗറിയില്‍പ്പെടുത്തി മലബാര്‍ ഗോള്‍ഡിന് ലൈസന്‍സ് കൊടുത്തുവെന്നാണ് മനസിലാക്കുന്നത്. അതിനെതിരെ കേസുമായി സമരസമിതി മുന്നോട്ടുപോകുന്നുണ്ട്. സമരസമിതിയ്ക്കുള്ള പിന്തുണ ഭരണസമിതിയില്‍ നിന്നും ഉണ്ടാകും”- ചേലമ്പ്ര എട്ടാം വാര്‍ഡ് മെമ്പറായ സുബ്രഹ്മണ്യന്‍ പറയുന്നു.

മലബാര്‍ ഗോള്‍ഡ് പറയുന്നത്

മലിനീകരണവുമായി ബന്ധപ്പെട്ട് പരിസരവാസികളും പഞ്ചായത്ത് ഭരണസമിതിയും സമരസമിതിയും ഉയര്‍ത്തുന്ന വാദങ്ങള്‍ തള്ളിക്കളയുകയാണ് മലബാര്‍ ഗോള്‍ഡ് മനേജ്‌മെന്റ് ഡൂള്‍ന്യൂസിനോടു പറഞ്ഞു. ” വീടുകളില്‍ വെച്ചിട്ട് തന്നെ സ്വര്‍ണപ്പണി ചെയ്യുന്ന ആളുകളുണ്ട്. ഇത്തരത്തില്‍ മലിനീകരണമുണ്ടാക്കുന്ന ഒരു സംഭവം ആരും വീടുകളില്‍ വെച്ച് ഉണ്ടാക്കില്ലല്ലോ. സിംഗപ്പൂര്‍ സിറ്റിയുടെ നടുവില്‍ സ്വര്‍ണത്തിന്റെ ഫാക്ടറിയുണ്ട്. സിംഗപ്പൂര്‍ എന്ന് പറയുന്നത് ചെറിയ സിറ്റിയാണ്. ലക്ഷക്കണക്കിന് ജനങ്ങള്‍ അവിടെ താമസിക്കുന്നുണ്ട്” ജ്വല്ലറി മനേജ്‌മെന്റ് വിശദീകരിക്കുന്നു.

ഈ സമരത്തിന് പിന്നില്‍ ജനങ്ങളല്ലെന്നും പുറത്തുന്നുള്ള ചില ശക്തികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അവരെ കബളിപ്പിക്കുകയാണെന്നും മലബാര്‍ ഗോള്‍ഡ് ആരോപിക്കുന്നു. “ഞങ്ങള്‍ സ്ഥാപിക്കുന്ന ഫാക്ടറി വരുന്നത് എതിര്‍ക്കുന്ന ചിലയാളുകള്‍ ചില താത്പര്യങ്ങള്‍ കൂടി മുന്‍നിര്‍ത്തിയാണ് സമരത്തിന് പണം ഇറക്കി കാര്യങ്ങള്‍ ചെയ്യുന്നതെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്” മലബാര്‍ ഗോള്‍ഡ് ആരോപിക്കുന്നു.

“സര്‍ക്കാരിന് ഞങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ വേണ്ട നടപടികള്‍ കൈക്കൊണ്ട് പദ്ധതി നടപ്പിലാക്കാന്‍ സഹായിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം. സര്‍ക്കാര്‍ ഇടപെട്ടാല്‍ പദ്ധതി നടക്കും”. ജ്വല്ലറി മനേജ്‌മെന്റ് പറയുന്നു.

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more