കോഴിക്കോട്: കോഴിക്കോട് നടക്കുന്ന സംസ്ഥാന തല വാഫി- വഫിയ്യ ബിരുദദാന സമ്മേളനം ബഹിഷ്‌കരിക്കാനുള്ള സമസ്തയാ തീരുമാനനത്തിന് പിന്നാലെ സമസ്ത- സി.ഐ.സി വിഭാഗീയതിയില്‍ കക്ഷി ചേര്‍ന്ന് മുസ്‌ലിം ലീഗ്.
കഴിഞ്ഞ ദിവസം ചേര്‍ന്ന സമസ്തയുടെ മുശാവറ യോഗത്തിലാണ് വാഫി-വഫിയ്യ ബിരുദദാന സമ്മേളനം ബഹിഷ്‌കരിക്കാന്‍ തീരുമാനമെടുക്കുന്നത്. കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജസ് ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്. നേരത്തേ പാണക്കാട് നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ ധാരണകള്‍ സി.ഐ.സി പാലിച്ചില്ലെന്ന് ആരോപിച്ചാണ് സമസ്തയുടെ ബഹിഷ്‌കരണം.
എന്നാല്‍ സമസ്തയുടെ ബഹിഷ്‌കരണത്തിന് പിന്നാലെ സി.ഐ.സിക്ക് പിന്തുണ നല്‍കി മുസ്‌ലിം ലീഗ് നേതൃത്വവും അണികളും സോഷ്യല്‍ മീഡയയിലടക്കം രംഗത്തെത്തിയിരിക്കുകയാണ്.
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, അഡ്വ. നജ്മ തബ്ഷീറ, അഡ്വ. ഫാത്തിമ തഹ്‌ലിയ തുടങ്ങിയ നേതാക്കളും ചില ലീഗ് സൈബര്‍ പേജുകളും പരിപാടിയുടെ പ്രചാരണവുമായി രംഗത്തെത്തി.
സമുദായ താല്‍പര്യത്തിനപ്പുറത്തേക്ക് സമസ്തയുടെ സ്ത്രീ വിരുദ്ധത നിറഞ്ഞ ബഹിഷ്‌കരണങ്ങളില്‍ സമസ്ത നാണിക്കേണ്ടിവരുമെന്നാണ് സി.ഐ.സി അണികള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പറയുന്നത്. സമുദായത്തെ പിന്നോട്ടുവലിച്ചാല്‍ കാലം സമസ്തയോട് കണക്കുചോദിക്കുമെന്നും ലീഗ് അണികള്‍ പറയുന്നു.
എന്നാല്‍ ‘പലജാതി ഫിത്തിനകള്‍(കുത്തിത്തിരിപ്പ്) പുറപ്പെട്ടുകൊണ്ടിരിക്കും. അതിന്റെ വയ്യാലെ ഓടിക്കൂടരുത്. ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്താണ് തീരുമാനിക്കുന്നത്, അവര്‍ പറയുന്നത് എന്താണ് എന്ന് ആലോചിക്കുന്നത് നന്നാവും,’ എന്ന കാളമ്പാടി ഉസ്താദിന്റെ പഴയ പ്രതികരണം പങ്കുവെച്ചാണ് സമസ്ത അണികള്‍ ഇതിനെ പ്രതിരോധിക്കുന്നത്.
നാലഞ്ച് സ്ഥാപനങ്ങള്‍ ഉണ്ടായപ്പോഴേക്കും സമസ്തക്ക് മുകളില്‍ വളരാന്‍ സി.ഐ.സി ആയിട്ടില്ല. ഇതിന് മുമ്പും പല ഫെസ്റ്റും സമ്മേളനവും നടന്നിട്ടുണ്ടെന്നും സമസ്ത എതിര്‍ത്തപ്പോള്‍ മാത്രം സി.ഐ.സി സമ്മേളനത്തെ പ്രോത്സാഹിപ്പിക്കുന്നത് സമൂഹത്തില്‍ പുതിയ ഭിന്നിപ്പിന് തുടക്കം കുറിക്കാനാണോ എന്നും ലീഗ് അണികള്‍ ചോദിക്കുന്നു.
നേരത്തെ സമസ്തയുടെ സംവിധാനങ്ങളുടെ കീഴില്‍ രൂപീകരിക്കപ്പെട്ട സംഘടനയാണ് കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലമിക് കോളേജസ്. പിന്നീട് സമസ്തയുടെ ആശയ ആദര്‍ശങ്ങളില്‍ നിന്ന് വിഭിന്നമായി, അവരെ മറികടക്കാന്‍ ശ്രമിച്ചു എന്നൊ ആരോപണമായിരുന്നു സി.ഐ.സിക്കെതിരെ ഉയര്‍ന്നുവന്നത്.
സമസ്ത പ്രസിഡന്റ് സി.ഐ.സിയുടെ ഉപദേശക സമിതി അംഗമായിരുന്നു. എന്നാല്‍ കഴിഞ്ഞ ഭരണഘടനാഭേദഗതി പ്രകാരം സമസ്ത പ്രസിഡന്റ് അംഗമാകണമെന്നില്ല. സമസ്തയുടെ ഏതെങ്കിലുമൊരു മുശാവറാംഗം മാത്രം ഉപദേശകസമിതി ഉണ്ടായാല്‍ മതി. ഇത് സമസ്തയുടെ നിയന്ത്രണത്തില്‍ നിന്ന് സി.ഐ.സിയെ പതിയെ ഒഴിവാക്കാനാണെന്നാണ് വിമര്‍ശനം.
ഇതേതുടര്‍ന്ന് സമസ്ത സി.ഐ.സിക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഈ നോട്ടീസിന് കൃത്യമായ മറുപടി തരാത്തതിനെ തുടര്‍ന്ന് സമസ്ത തുടര്‍ നടപടിയിലേക്ക് പോവുകയായിരുന്നു.