ഗ്രൂപ്പ് എയില്‍ വിജയം അത്യാവശ്യമായ നിര്‍ണായക മത്സരത്തില്‍ ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സെനഗല്‍ ഖത്തര്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു.
ഗ്രൂപ്പ് എയില്‍ നിന്ന് രണ്ടാം സ്ഥാനം നേടിക്കൊണ്ടാണ് ആഫ്രിക്കന്‍ ചമ്പ്യന്‍മാരുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വിജയിച്ച് ആറ് പോയിന്റാണ് ടീമിനുള്ളത്. 2002ല്‍ നേടിയ അഞ്ച് പോയിന്റാണ് സെനഗലിന്റെ മികച്ച നേട്ടം.
ഇതോടൊപ്പം 2014ന് ശേഷം ഫിഫ ലോകകപ്പില്‍ അവസാന 16ല്‍ ഇടംപിടിക്കുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമായി സെനഗല്‍. 2002ന് ശേഷം ഇതാദ്യമായാണ് സെനഗല്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടക്കുന്നത്.
2002ല്‍ സെനഗലിന്റെ നായകനായിരുന്ന അലിയോ സിസെയാണ് നിലവില്‍ ടീമിന്റെ കോച്ച്. അന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്താന്‍ ടീമിനായിരുന്നു. ഇന്ന് ആ പഴയ നായകന്റെ കീഴില്‍ തന്നെയാണ് ടീം ഖത്തര്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചിരിക്കുന്നത്.