അര്‍പ്പുതമ്മാളിനെ കേട്ട നീതിപീഠം ബിയ്യുമ്മയേയും കേള്‍ക്കണം; സക്കറിയ, നീതി നിഷേധത്തിന്റെ 13 വര്‍ഷങ്ങള്‍
DISCOURSE
അര്‍പ്പുതമ്മാളിനെ കേട്ട നീതിപീഠം ബിയ്യുമ്മയേയും കേള്‍ക്കണം; സക്കറിയ, നീതി നിഷേധത്തിന്റെ 13 വര്‍ഷങ്ങള്‍
സഫ്‌വാന്‍ കാളികാവ്
Thursday, 26th May 2022, 7:34 pm
പേരറിവാളന്‍ കേസിലെ സുപ്രീം കോടതിയുടെ ഇടപെടല്‍ സക്കറിയയുടെ മോചനത്തിനും കാരണമാകുമെന്ന് ബിയ്യുമ്മ പ്രതീക്ഷവെക്കുന്നു.

പരപ്പനങ്ങാടിയില്‍ സക്കറിയയുടെ വീട്ടില്‍ ഞങ്ങളെത്തുമ്പോള്‍ പേരറിവാളന്റെ മോചന വാര്‍ത്ത ഉമ്മ ബിയ്യുമ്മയും അറിഞ്ഞിരുന്നു. എന്നെങ്കിലും പേരറിവാളനെ പോലെ തന്റെ മകനും ജയില്‍ മോചിതനായി തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് സക്കറിയയുടെ ഉമ്മയും.

ബെംഗളൂരു സ്‌ഫോടനകേസുമായി ബന്ധപ്പെട്ടാണ് സക്കറിയയെ 2009ല്‍ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മലപ്പുറം ജില്ലയിലെ തിരൂരില്‍ മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്തിരുന്ന സക്കറിയയെ സ്ഫോടനത്തിന് ആവശ്യമായ ചിപ്പ് നിര്‍മിക്കാന്‍ സഹായിച്ചു എന്ന കുറ്റം ചുമത്തിയാണ് അന്ന് അറസ്റ്റ് ചെയ്തത്. 13 വര്‍ഷമായി വിചാരണ പോലും പൂര്‍ത്തിയാകാതെ പരപ്പന അഗ്രഹാര ജയിലില്‍ തടവുകാരനായി തുടരുകയാണ് സക്കറിയ.

പേരറിവാളന്‍ കേസിലെ സുപ്രീം കോടതിയുടെ ഇടപെടല്‍ സക്കറിയയുടെ മോചനത്തിനും കാരണമാകുമെന്ന് ബിയ്യുമ്മ പ്രതീക്ഷവെക്കുന്നു.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് 30 വര്‍ഷം ജയില്‍വാസമനുഭവിച്ച പേരറിവാളനെ ഇന്ത്യന്‍ ഭരണഘടനയിലെ 142ാം വകുപ്പ് ഉപയോഗിച്ചാണ് മോചിപ്പിച്ചത്. രാജ്യത്തെ പൗരന്മാര്‍ക്ക് നീതി നിഷേധിക്കുമ്പോള്‍ അതിലിടപെട്ട് നീതി നടപ്പാക്കാന്‍ സുപ്രീം കോടതിക്ക് ഇന്ത്യന്‍ ഭരണഘടന നല്‍കിയിട്ടുള്ള സുപ്രധാന അധികാരമാണിത്.

ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവെക്കുന്ന നീതിബോധത്തിന്റെയും പേരറിവാളന്റെ അമ്മ അര്‍പ്പുതമ്മാളിന്റെ നിയമപോരാട്ടത്തിന്റെയും വിജയം കൂടിയായാണ് ഈ മോചനം അടയാളപ്പെടുത്തുന്നത്.

രാഷ്ട്രീയ പശ്ചാത്തലം വേറെയാണെങ്കിലും ഈ രണ്ട് കേസിലുമുള്ള സമാനത അര്‍പ്പുതമ്മാളിനെ പോലെ മകന് വേണ്ടി പോരാടുന്ന ബിയ്യുമ്മയാണ്.

ഡുള്‍ന്യൂസ് സംഘം സക്കറിയയുടെ സഹോദരി ബുഷ്‌റയോട് കേസിന്റെ ഇപ്പോഴത്തെ ഗതിയെക്കുറിച്ച് വിശദാംശങ്ങള്‍ ചോദിച്ചറിയുമ്പോഴായിരുന്നു മുറിയില്‍ നിന്നും പതിയെ ബിയ്യുമ്മ പുറത്തേക്കിറങ്ങുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വന്ന സ്‌ട്രോക്കിന്റെ അവശത അവരിലിപ്പോഴുമുണ്ട്. ശേഷം അവരോട് സംസാരിക്കുമ്പോള്‍ മകന്‍ തിരിച്ചുവരണമെന്ന് മാത്രമാണ് ബിയ്യുമ്മക്ക് പറയാനുള്ളത്.

ബിയ്യുമ്മ ശാരീരികമായി അവശയായെങ്കിലും സക്കറിയയുടെ മോചനത്തിനായുള്ള അവരുടെ പോരാട്ടം
തുടരാന്‍ തന്നെയാണ് തീരുമാനം. സക്കറിയയെ കസ്റ്റഡിയിലെടുത്ത സംഭവം ബിയ്യുമ്മ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്.

‘പാസ്‌പോര്‍ട്ട് വേരിഫിക്കേഷനാണെന്ന് പറഞ്ഞാണ് പൊലീസ് വീട്ടിലേക്ക് വരുന്നത്. അപ്പൊ ഞാന്‍ പറഞ്ഞു അവന്‍ പാസ്‌പോര്‍ട്ട് ഒന്നും എടുത്തിട്ടില്ലല്ലോയെന്ന്.

ഇല്ല എന്നു പറഞ്ഞപ്പോള്‍ ഫോണ്‍ നന്നാക്കാനാണ്, മൊബൈല്‍ നമ്പര്‍ തരണമെന്ന് പറഞ്ഞു. അതുകൊടുക്കുകയും ചെയ്തു. പിന്നീട് പിറ്റേ ദിവസമാണ് അവനെ പിടിച്ചുകൊണ്ടുപോകുന്നത്. ബെംഗളൂരുവിലേക്കായിരുന്നു,

അടുത്ത ദിവസത്തെ പത്രങ്ങളില്‍ നിന്നാണ് ബെംഗളൂരു സ്ഫോടനക്കേസില്‍ പ്രതിചേര്‍ത്ത് കര്‍ണാടക പൊലീസ് സകറിയയെ അറസ്റ്റ് ചെയ്‌തെന്ന് അറിഞ്ഞത്. പിടിച്ചുകൊണ്ടുപോയ മൂന്നാമത്തെ ദിവസമാണ് തന്നെ കേസില്‍ പ്രതിയാക്കിയെന്ന് സക്കറിയ വിളിച്ചറിയിക്കുന്നത്.

അവന്‍ ഇപ്പോള്‍ തിരിച്ചുവരണം. എനിക്ക് അസുഖമായതിനാല്‍ അവനെ കാണണമെന്നുണ്ട്,’ ബിയ്യുമ്മ ഡൂള്‍ന്യൂസിനോട് പറഞ്ഞു. സക്കറിയയെ കുറിച്ച് പറയുമ്പോള്‍ ബിയ്യുമ്മയുടെ തൊണ്ട വരളുന്നുണ്ടായിരുന്നു.

ബി.കോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെയാണ് പഠനം നിര്‍ത്തി തിരൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ആറു മാസത്തെ മൊബൈല്‍ ടെക്‌നോളജി കോഴ്‌സിന് സക്കരിയ ചേരുന്നത്. 2008ല്‍ ബെംഗളൂരുവില്‍ നടന്ന ബോംബ് സ്‌ഫോടനത്തിനുവേണ്ടി ടൈമറുകളും മൈക്രോ ചിപ്പുകളും 12ാം പ്രതി ഷറഫുദ്ദീനുമായി ചേര്‍ന്ന് നിര്‍മിച്ചുനല്‍കി എന്നതാണ് സക്കറിയക്കെതിരെയുള്ള കുറ്റം.

ഷറഫുദ്ദീന്റെ കൊണ്ടോട്ടിയിലുള്ള ഇലക്ട്രോണിക് കടയില്‍വെച്ചാണ് ഇരുവരും ചേര്‍ന്ന് ഇത് നിര്‍മിച്ചത് എന്നാണ് ആരോപണം. സക്കരിയക്കെതിരെ കര്‍ണാടക പൊലീസ് ഹാജരാക്കിയിട്ടുള്ളത് പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ഹരിദാസിന്റെയും ഷറഫുദ്ദീന്റെ സഹോദരന്‍ നിസാമുദ്ദീന്റെയും സാക്ഷി മൊഴികളാണ്. എന്നാല്‍, തങ്ങള്‍ ഇങ്ങനെയൊരു മൊഴി പൊലീസിന് നല്‍കിയിട്ടില്ല എന്നാണ് ഹരിദാസനും നിസാമുദ്ദീനും പിന്നീട് പരസ്യമായി പറഞ്ഞിരുന്നത്.

പതിമൂന്നു വര്‍ഷത്തെ ജയില്‍വാസത്തിനിടയില്‍ മൂന്നു തവണ മാത്രമാണ് സക്കറിയ വീട്ടിലെത്തിയത്. സഹോദരന്റെ വിവാഹത്തിനും മരണത്തിനും, പിന്നെ അവസാനമായി ഉമ്മക്ക് അസുഖം വന്നപ്പോഴുമാണ് ഈ പരോളുകള്‍ അനുവദിച്ചത്.

സക്കറിയ പരോളിനെത്തിയ സമയത്ത് ബിയ്യുമ്മയുടെ കൂടെ

ഈ വരവുകളിലൊക്കെ തന്നെ സക്കറിയക്കൊപ്പം ഒരുപാട് പൊലീസുകാര്‍ ഉണ്ടാവുകയും അതിന്റെ മുഴുവന്‍ ചെലവുകള്‍ വീട്ടുകാര്‍ വഹിക്കുകയും ചെയ്യണമായിരുന്നു.

‘ആദ്യ പരോള്‍ ലഭിക്കുന്നത് എട്ടോ ഒമ്പതോ വര്‍ഷങ്ങള്‍ കഴിയുമ്പോഴാണ്. ആദ്യമായി വരുന്നത് ജേഷ്ഠന്റെ കല്യാണത്തിനാണ്. കല്യാണത്തിന് വന്നപ്പോള്‍ 12 പൊലീസുകാരാണ് തോക്കും പിടിച്ച് അവന്റെ കൂടെയുണ്ടായിരുന്നത്.

അവര്‍ക്കുള്ള ചെലവ് മുഴുവനും നമ്മള്‍ നോക്കണം. ഒരു പരോളിന് വരുമ്പോള്‍ തന്നെ രണ്ട് മൂന്ന് ലക്ഷം രൂപയുടെ ചെലവാണ് വരുന്നത്. കല്യാണത്തിന് വന്നപ്പോള്‍ മൂന്ന് ദിവസമാണ് നിന്നത്. പിന്നീട് ജേഷ്ടന്‍ മരിച്ചപ്പോഴും മൂന്ന് ദിവസത്തിന് വന്നുപോയി.

പേരറിവാളന്‍

അവസാനം വന്നത് ഉമ്മാക്ക് അസുഖമായതിനെ തുടര്‍ന്നാണ്. അന്ന് ഒരു ദിവസം മാത്രമാണ് നിന്നത്,’ സക്കറിയയുടെ സഹോദരി ബുഷ്‌റ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സക്കറിയക്ക് നാലുവയസുള്ളപ്പോഴാണ് ഉപ്പ കുഞ്ഞുമുഹമ്മദ് മരണപ്പെടുന്നത്. അതിന് ശേഷം അവനെയും ജ്യേഷ്ഠസഹോദരങ്ങളായ സിറാജിനെയും ശരീഫിനെയും ബുഷ്റയെയുമെല്ലാം വളര്‍ത്തിയതും പഠിപ്പിച്ചതുമൊക്കെ ബീയ്യുമ്മയുടെ സഹോദരന്മാരാണ്.

‘സക്കറിയ തീര്‍ത്തും നിരപരാധിയാണെന്ന് ഞങ്ങള്‍ക്കറിയാം. പരോളിന് വന്ന സമയത്തും ഞാന്‍ ഒന്നും ചെയ്തിട്ടില്ലാ എന്നാണ് അവന്‍ പറഞ്ഞത്. കേസില്‍ കള്ളസാക്ഷി പറഞ്ഞാല്‍ പരപ്പനങ്ങാടിയില്‍ ഒരു കട എടുത്തുതരാം എന്ന് അവനോട് പൊലീസുകാര്‍ പറഞ്ഞെന്ന് അവന്‍ പറഞ്ഞതായി ഓര്‍ക്കുന്നുണ്ട്.

അതിനൊന്നും അവന്‍ വഴങ്ങാത്തതുകൊണ്ടാണ് അവന്‍ ഇന്നും ജയിലില്‍ കഴിയുന്നത്. ഒരു ദിവസം സക്കറിയ നിരപരാധിത്വം തെളിയിച്ച് പുറത്തുവരും എന്നത് ഉറപ്പാണ്,’ ബുഷ്‌റ കൂട്ടിച്ചേര്‍ത്തു.

പേരറിവാളന്‍ ജയില്‍ മോചിതനായ ശേഷം അമ്മ അറുപ്പുതമ്മാളിനൊപ്പം

സക്കറിയയെ അറസ്റ്റ് ചെയ്ത ആദ്യ വര്‍ഷങ്ങളില്‍ സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ തങ്ങളെയാകെ കുറ്റവാളികളെപോലെയാണ് ട്രീറ്റ് ചെയ്തതെന്നും കുടുംബം ആരോപിച്ചു.

എന്നാല്‍ പിന്നീട് സക്കറിയയുടെ ജയില്‍ മോചനത്തിന് ഫ്രീ സക്കറിയ ആക്ഷന്‍ ഫോറം രൂപീകരിക്കുകയും നിയമപരമായി മുന്നോട്ട് പോവുകയും ചെയ്തു. ‘ഫ്രീ സക്കറിയ ആക്ഷന്‍ ഫോറത്തി’ന്റെ പ്രവര്‍ത്തനഫലമായി സക്കറിയക്കെതിരെയുള്ള പലരുടെയും ചിന്തയില്‍ മാറ്റങ്ങള്‍ വരുത്തി.

ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ എം. ജിഷ ‘സക്കറിയ എന്ന 19-കാരനെ തീവ്രവാദിയാക്കിയ വിധം’ എന്ന ലേഖനം വാരാന്ത്യ മാധ്യമത്തില്‍ എഴുതിയതോടുകൂടി സക്കറിയ വിഷയം പൊതുസമൂഹത്തിന്റെ ചര്‍ച്ചയില്‍ ഇടംപിടിച്ചു. പതിയെ നാട്ടുകാര്‍ അവര്‍ക്കൊപ്പം നില്‍ക്കാനും പോരാടാനും തുടങ്ങിയെന്നും കുടുംബം പറഞ്ഞു.

ജിഷയും ബിയ്യുമ്മയും

‘ജിഷയെ അറിയോ, ജിഷ ഇപ്പോഴും എന്നെ വിളിക്കാറുണ്ട്,’ ബിയ്യുമ്മ ഞങ്ങളോട് പറയുന്നുണ്ടായിരുന്നു. ജിഷയോടുള്ള തങ്ങളുടെ കടപ്പാട് എത്ര പറഞ്ഞാലും തീരില്ലെന്ന് സക്കറിയയുടെ സഹോദരി ബുഷ്റയും സംസാരത്തിനിടക്ക് പറഞ്ഞു.

‘സക്കറിയ ജയിലിലായ ആദ്യ കാലത്ത് ദൃശ്യമാധ്യമങ്ങളടക്കം എല്ലാ മാധ്യമങ്ങളും ഒരു തീവ്രവാദിയെ അറസ്റ്റ് ചെയ്തു എന്ന നരേറ്റീവിലായിരുന്നു വാര്‍ത്തകള്‍ നല്‍കിക്കൊണ്ടിരുന്നത്.

നാട്ടിലൊക്കെ എല്ലാവരും കുടുംബത്തേയും ആ കണ്ണിലൂടെയാണ് നോക്കിയിരുന്നത്. കുടുംബത്തില്‍ പലരുടെയും കല്യാണത്തെ വരെ ഈ കേസ് സാരമായി ബാധിച്ചിരുന്നു,’ സക്കറിയയുടെ ബന്ധുവായ മുഹമ്മദ് റബീയത്ത് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സക്കറിയയുടെ കേസുമായി ബന്ധപ്പെട്ട വസ്തുതകള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പൊതുബോധത്തിന്റെ കാഴ്ചപ്പാടില്‍ സക്കറിയയുടെ നിരപരാധിത്വം എന്നേ തെളിഞ്ഞുകഴിഞ്ഞതാണ്. കോടിതിക്കും അത് ബോധ്യപ്പെടുമെന്ന പ്രതീക്ഷയിലാണ് സക്കറിയിയുടെ കടുംബം 13 വര്‍ഷത്തിനിപ്പുറവും
അവന്റെ മോചനത്തിന് വേണ്ടി കാത്തിരിക്കുന്നത്.

പേരറിവാളന്‍ കേസില്‍ ഭരണഘടനയിലെ 142ാം വകുപ്പ് പ്രയോഗിച്ചതും രാജ്യദ്രോഹക്കുറ്റങ്ങള്‍ ചുമത്തി നിരപരാധികളെ ജയിലിലടക്കുന്നതിനെതിരെ സുപ്രീം കോടതിയുടെ ഇടപെടലും ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും കുടുംബം പറയുന്നു.

സക്കറിയ ജയില്‍ മോചിതനായാല്‍ വീണ്ടും വരണമെന്നാണ് ബിയ്യുമ്മ ഞങ്ങളോട് പറഞ്ഞത്. അത് സംഭവിക്കട്ടെയെന്ന് പ്രത്യാശിക്കാം.

CONTENT HIGHLIGHTS: Special story about zakariya parappanangadi

സഫ്‌വാന്‍ കാളികാവ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.