| Wednesday, 3rd June 2020, 6:07 pm

ആനയ്ക്ക് അപകടം സംഭവിച്ചത് ഒരാഴ്ച മുന്‍പെങ്കിലും; വായില്‍ പുഴുവരിച്ച വ്രണം അതിന്റെ തെളിവെന്നും പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍

ആര്യ. പി

പാലക്കാട്‌:  ഗര്‍ഭിണിയായ കാട്ടാന സ്‌ഫോടകവസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച് കൊല്ലപ്പെട്ടത് മെയ് 27ാം തിയതിയായിരുന്നു. തിരുവിഴാംകുന്ന് വനമേഖലയില്‍ അമ്പലപ്പാറയിലെ വെള്ളിയാറിലായിരുന്നു 20 വയസിനടുത്ത് പ്രായമുള്ള പിടിയാന പടക്കങ്ങള്‍ നിറച്ച കൈതച്ചക്ക കഴിക്കാന്‍ ശ്രമിച്ച് പൊള്ളലേറ്റതിനെ തുടര്‍ന്ന് ഭക്ഷണം പോലും കഴിക്കാനാവാതെ മരണത്തിന് കീഴടങ്ങിയത്.

കാട്ടുപന്നിയ്ക്കായി വെച്ച സ്‌ഫോടകവസ്തു നിറച്ചുവെച്ച പൈനാപ്പിള്‍ കഴിച്ചാണ് ആനയ്ക്ക് പൊള്ളലേറ്റത്.

തുമ്പിക്കൈയ്ക്കും നാവിനുമെല്ലാം സാരമായ പൊള്ളലേറ്റതിനെ തുടര്‍ന്ന് വെള്ളത്തിലിറങ്ങിയ ആന അതേ നില്‍പ്പില്‍ തന്നെ മരണപ്പെടുകയായിരുന്നു.

ഉദരത്തില്‍ ഒരു കുഞ്ഞിനെയും വഹിച്ച് മനുഷ്യരുടെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട ആ മിണ്ടാപ്രാണിയോട് മാപ്പപേക്ഷിച്ചു കൊണ്ട് നിലമ്പൂര്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസറായ മോഹന്‍ കൃഷ്ണന്‍ എഴുതിയ വികാരനിര്‍ഭരമായ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഈ സംഭവം ലോകമറിഞ്ഞത്.

എന്നാല്‍ ആന ചെരിഞ്ഞ സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ആഷിഖ് അലി ഡൂള്‍ന്യൂസിനോട് പറഞ്ഞു. സംഭവസ്ഥലം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും സമീപ തോട്ടങ്ങളിലെ ആളുകളെയും മറ്റും ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

20 വയസോളം പ്രായമുള്ള കാട്ടാനയെ മെയ് 27 ാംതിയതിയാണ് വെള്ളിയാര്‍ പുഴയില്‍ കണ്ടെത്തുന്നതെന്നും ആനയുടെ അവസ്ഥ മനസ്സിലാക്കി വേണ്ട ചികിത്സയും പരിചരണവും നല്‍കുന്നതിനുവേണ്ടി ദ്രുതഗതിയില്‍ തന്നെ നടപടികളെടുത്തു തുടങ്ങിയിരുന്നെന്നും മോഹന്‍ കൃഷ്ണന്‍ പറയുന്നു.

‘ഒറ്റ രാത്രി കൊണ്ട് തന്നെ ആനയെ കരയില്‍ കയറ്റുന്നതിനു വേണ്ടി സുരേന്ദ്രന്‍, നീലകണ്ഠന്‍ എന്നീ ആനകളെ തയാറാക്കി. എന്നാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കാത്തു നില്‍ക്കാതെ വെള്ളത്തില്‍ നിന്ന അതേ നിലയില്‍ തന്നെ അവള്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു. ആ സമയത്ത് വളരെ വിഷമം തോന്നി. തിരിച്ചുപോന്ന ശേഷം ആ വിഷമമാണ് ഒരു കുറിപ്പായി ഫേസ്ബുക്കില്‍ എഴുതിയത്’, മോഹന്‍ കൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഗര്‍ഭ കാലത്തിന്റെ തുടക്കമായതിനാല്‍ വയറ്റിലുള്ള കുഞ്ഞിനും കൂടി വേണ്ട രീതിയില്‍ ഭക്ഷണം ലഭിക്കുന്നതിനു വേണ്ടിയാവണം പിടിയാന നാട്ടിലിറങ്ങിയത്. പടക്കം നിറച്ചു വെച്ചിരുന്ന കൈതച്ചക്ക എടുത്ത് കഴിച്ചതോടെ നാവിനും തുമ്പിക്കൈക്കുമെല്ലാം പൊള്ളലേറ്റ് അസഹനീയമായ വേദനയോടെ ആന വീടുകള്‍ക്കിടയിലൂടെ പരക്കം പാഞ്ഞിരുന്നു. ആ പൊള്ളലില്‍ നിന്നും അല്‍പം ആശ്വാസം തേടിയാവണം വെള്ളിയാര്‍ പുഴയില്‍ ചെന്നിറങ്ങിയത്. തുമ്പിക്കൈയുടെ പകുതിയിലേറെ വെള്ളത്തില്‍ താഴ്ത്തി ഏറെ നേരം ഒരേ നില്‍പ്പ് തുടര്‍ന്നു. ആനയുടെ മുഖത്തും തുമ്പികൈയ്യിലുമായി പൊള്ളലേറ്റ മുറിവുകളും ഉണ്ടായിരുന്നു. ‘,- അദ്ദേഹം പറഞ്ഞു.

വയറൊട്ടി, മെലിഞ്ഞ് ക്ഷീണിച്ചിരുന്നു ആന. മുഖത്തെ മുറിവില്‍ ഈച്ചകളും മറ്റു പ്രാണികളും വരാതിരിക്കാനാകണം അവള്‍ വെള്ളത്തില്‍ തല താഴ്ത്തി നിന്നത്. ആര്‍.ആര്‍.ടി ചുമതലയുള്ള ഉദ്യോഗസ്ഥന്‍ എന്ന നിലക്ക് പുഴയില്‍ നിന്ന് അവളെ കയറ്റുന്ന പ്രവൃത്തിയുടെ ചുമതല എനിക്കായിരുന്നു. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. പക്ഷെ ഞങ്ങളെ ഒന്നിന്നും സമ്മതിക്കാതെ വൈകീട്ട് നാല് മണിയോടെ ആ പുഴയില്‍ നിന്ന നില്‍പ്പില്‍ അവള്‍ ചരിഞ്ഞു’, മോഹന്‍ കൃഷ്ണന്‍ പറഞ്ഞു.

പിന്നീട് നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ആന ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞത്. ഇതിനെ കുറിച്ച് മോഹന്‍ കൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെയായിരുന്നു.

ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമായി പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ കൂടെ നിന്ന എന്നോട് ഒരു ഗദ്ഗദം പോലെ പറഞ്ഞു ‘അവള്‍ ഒറ്റക്കായിരുന്നില്ല എന്ന്’ മാസ്‌ക്ക് ധരിച്ചതു കൊണ്ട് ഡോകടറുടെ മുഖഭാവം എനിക്ക് മനസ്സിലായില്ലെങ്കിലും അതിലെ സങ്കടം എനിക്ക് പിടികിട്ടി.

ഞാന്‍ നിര്‍ത്തുകയാണ്. അവിടെ തന്നെ ചിതയൊരുക്കി അവളെ ഞങ്ങള്‍ സംസ്‌കരിച്ചു. അഗ്‌നി എറ്റുവാങ്ങുമ്പോഴും അവളുടെ അമ്മ മനസ്സിനെ ഞാന്‍ മനസ്സാ നമിച്ചു. സൂക്ഷ്മാണുവായ കൊറോണയുടെ മുമ്പില്‍ പോലും പകച്ചു നില്‍ക്കേണ്ടി വരുന്ന മനുഷ്യ വര്‍ഗ്ഗത്തില്‍പ്പെട്ട ഒരാളെന്ന നിലക്ക് എനിക്കൊന്നേ എല്ലാവര്‍ക്കുമായി അവളോട് പറയാനുള്ളൂ …. സഹോദരീ ….. മാപ്പ് ‘ എന്നായിരുന്നു മോഹന്‍ കൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ആന നാട്ടിലേക്ക് ഇറങ്ങുന്ന പ്രദേശം തന്നെയാണ് അതെന്നും അത്തരം സമയങ്ങളിലൊക്കെ നാട്ടുകാര്‍ തങ്ങളെ വിളിച്ചറിയിക്കാറാണ് പതിവെന്നും മോഹന്‍ കൃഷ്ണന്‍ പറയുന്നു. ‘ശബ്ദം ഉണ്ടാക്കിയും പടക്കം പൊട്ടിച്ചും ആനയെ കാട്ടിലേക്ക് കടത്താറാണ് പതിവ്. ഇത് എവിടുന്ന്, എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല. വലിയൊരു സ്ഥലമല്ലേ..അന്വേഷണം നടക്കുന്നുണ്ട്. അതിന് ശേഷം മാത്രമേ മറ്റ് കാര്യങ്ങള്‍ പുറത്തുവരുകയുള്ളൂ, എന്നാല്‍ ഇത്തരത്തിലൊരു അനുഭവം ഇതിന് മുന്‍പ് തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്നും മോഹന്‍ കൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് വിശദീകരിച്ചു.

അതേസമയം പടക്കത്തിന്റെയോ കൈതച്ചക്കയുടെയോ അവശിഷ്ടങ്ങളൊന്നും ഇതുവരെ തോട്ടങ്ങളില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും കേസിന് സഹായകരമാകുന്ന മൊഴികളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ആഷിഖ് അലി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സമാനമായ കേസുകള്‍ ഇതിന് മുന്‍പൊന്നും ഉണ്ടായിട്ടില്ല. ഇത്തരത്തില്‍ ആന കൃഷിയിടങ്ങളിലേക്കും മറ്റും വരികയാണെങ്കില്‍ അതിനെ തിരിച്ച് കാട്ടിലേക്ക് അയക്കാന്‍ റാപ്പിഡ് റെസ്‌പോര്‍ണ്‍സ് ടീം ഉണ്ട്. അവരെ വിളിക്കാറാണ് പതിവ്. കൃഷി നാശം ഉണ്ടെങ്കില്‍ തന്നെ സര്‍ക്കാര്‍ നഷ്ടപരിഹാരം കൊടുക്കുന്നുണ്ട്. അക്ഷയ കേന്ദ്രത്തില്‍ അതിനുള്ള അപേക്ഷ നല്‍കിയാല്‍ മതി, ആഷിഖ് അലി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പൊതുവെ പന്നികളെ ഓടിക്കാന്‍ പഴങ്ങളിലും മറ്റും പടക്കം നിറക്കുന്ന രീതി പാലക്കാട്ടെ തന്നെ ചില മേഖലകളിലുണ്ട്. പക്ഷെ ഇത്തരത്തില്‍ ആനയുടെ വായ തകര്‍ന്ന് ചെരിയുന്ന സംഭവം ആദ്യമാണ്. കപ്പക്കാടുകളില്‍ പന്നികളെ ഓടിക്കാനാണ് ഇത്തരത്തില്‍ ചിലര്‍ പടക്കങ്ങള്‍ ഉപയോഗിച്ചിരുന്നത്.

അതേസമയം ആനയെ കണ്ടെത്തുമ്പോള്‍ അതിന്റെ വായില്‍ പുഴുവരിച്ചുള്ള വ്രണമുണ്ടായിരുന്നെന്നും അതുകൊണ്ട് തന്നെ ഒരാഴ്ച മുന്‍പെങ്കിലും അപകടം സംഭവിച്ചിരിക്കണമെന്നും ആനയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത അസിസ്റ്റന്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസറായ ഡോ.ഡേവിഡ് എബ്രഹാം പറഞ്ഞു.

രക്ഷപ്പെടില്ല എന്ന് ആദ്യമേ അറിയാമായിരുന്നു. കണ്ടെത്തുമ്പോള്‍ ഭക്ഷണം കഴിക്കാനാവാതെ എല്ലും തോലുമായ അവസ്ഥയായിരുന്നു. വെള്ളത്തില്‍ നില്‍ക്കുകയായിരുന്ന ആനയുടെ ശ്വാസകോശത്തിലടക്കം വെള്ളം കയറിയിരുന്നു’, ഡോ. ഡേവിഡ് എബ്രഹാം പറഞ്ഞു.

പോസ്റ്റുമോര്‍ട്ടം നടത്തിയ സമയത്ത് ആന ഗര്‍ഭിണിയായിരുന്ന എന്ന തിരിച്ചറിവ് ഏറെ വേദനയുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനോടകം 250 ഓളം ആനകളുടെ പോസ്റ്റുമോര്‍ട്ടം നടത്തിയിട്ടുണ്ടെങ്കിലും ഇത്തരമൊരും അനുഭവം ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സാരമായി പൊള്ളലേറ്റതിന് പുറമെ തുമ്പിക്കെ ഏറെ നേരം വെള്ളത്തില്‍ താഴ്ത്തി നിന്നതിനാല്‍ ശ്വാസകോശത്തിലും ശ്വാസനാളത്തിലും വെള്ളം കയറിയതാണ് മരണകാരമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം മനപ്പൂര്‍വം ആനയെ കൊല്ലുന്നതിന് വേണ്ടി ശ്രമം നടന്നെന്നാണ് കരുതേണ്ടതെന്ന് വനംമന്ത്രി കെ. രാജു പ്രതികരിച്ചു. വളരെ ഗൗരവത്തോടെ തന്നെയാണ് ഈ വിഷയത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ ഒരു കാരണവശാലും അനുവദിക്കാന്‍ കഴിയില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും. ഇത്തരം സംഭവത്തെ അപലപിക്കുകയാണ്. കൊടും ക്രൂരത തന്നെയാണ് നടന്നത്. ‘ കെ. രാജു പറഞ്ഞു.

അതേസമയം സോഷ്യല്‍ മീഡിയയിലും ഈ ക്രൂരതയ്‌ക്കെതിരെ ശക്തമായ വിമര്‍ശനം ഉയരുന്നുണ്ട്. ഇത്തരമൊരു നീച പ്രവൃത്തി ചെയ്തവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബോളിവുഡ് താരങ്ങളടക്കം രംഗത്തെത്തിയിട്ടുണ്ട്.

ആലിയ ഭട്ട്, അനുഷ്‌ക, ശര്‍മ, ശ്രദ്ധ കപൂര്‍, രണ്‍ദീപ് ഹൂഡ, ദിഷ പടാണി തുടങ്ങിയവരാണ് സംഭവത്തില്‍ പ്രതിഷേധം അറിയിച്ചത്. എങ്ങനെയാണ് ഇത്തരത്തില്‍ സംഭവിക്കുക എന്നും മനുഷ്യര്‍ക്ക് ഹൃദയമില്ലേ എന്നുമാണ് ശ്രദ്ധ ട്വിറ്ററിലൂടെ ചോദിച്ചത്. ഒപ്പം കുറ്റക്കാര്‍ക്ക് തക്ക ശിക്ഷ ലഭിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെയാണ് അനുഷ്‌ക ശര്‍മ പ്രതികരിച്ചത്. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതക്കെതിരെ കടുത്ത നിയമവ്യവസ്ഥകള്‍ വേണമെന്നാണ് അനുഷ്‌ക ശര്‍മ പറഞ്ഞത്.

‘സൗഹാര്‍ദപരമായി പെരുമാറിയ ഗര്‍ഭിണിയായ ഒരു കാട്ടാനയ്ക്ക് സ്‌ഫോടക വസ്തുക്കള്‍ നിറഞ്ഞ പൈനാപ്പിള്‍ നല്‍കിയത് ഒരിക്കലും അംഗീകരിക്കാനാകില്ല.. തീര്‍ത്തും മനുഷ്യത്വരഹിതമായ പ്രവര്‍ത്തി.. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി തന്നെയെടുക്കണം സര്‍’ എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം ടാഗ് ചെയ്തു കൊണ്ട് ബോളിവുഡ് താരം രണ്‍ദീപ് ഹൂഡ ട്വിറ്ററില്‍ കുറിച്ചത്.

ആനയുടെ ദാരുണാന്ത്യം ഹൃദയഭേദകമാണെന്നാണ് ആലിയ ഭട്ട് പ്രതികരിച്ചത്. ഒപ്പം നടി ദിഷ പടാണിയും ആനയുടെ ഒരു കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ആന കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായി തന്നെ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. ട്വിറ്ററില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി കാര്‍ട്ടൂണുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പൃഥിരാജ്, ഉണ്ണി മുകുന്ദന്‍, നീരജ് മാധവ് എന്നിവരടക്കം പ്രമുഖ മലയാള താരങ്ങളെ ഈ ക്രൂരതയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു.
‘ആവശ്യത്തിലധികം ഇപ്പോള്‍ തന്നെ ചെയ്തു കഴിഞ്ഞു.. എന്നിട്ടും ഈ ഗ്രഹത്തില്‍ ഒരു സ്ഥാനത്തിന് നമ്മള്‍ അര്‍ഹരല്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ‘ എന്നായിരുന്നു വാര്‍ത്ത പങ്കുവച്ച് പൃഥിരാജ് കുറിച്ചത്. .

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more