| Saturday, 19th August 2023, 7:17 pm

മലയാളികള്‍ കൊണ്ടാടിയ വൈറല്‍ ഡയലോഗുകള്‍ക്കും ട്രോളുകള്‍ക്കും പിന്നിലെ യാഥാര്‍ത്ഥ്യങ്ങളെ വരച്ചുകാണിക്കുന്നു ഡിജിറ്റല്‍ വില്ലേജ്

സഫ്‌വാന്‍ കാളികാവ്

എന്താണ് ബ്രോ മൊഡയാണോ, ഏട്ടായി കോഫി, ദേ ചേച്ചി പിന്നേം, എന്റെ മോളുടെ പിറന്നാള് വിളിക്കാന്‍ വന്നതാ… ഈ അടുത്ത് സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഏതാനും ഡയലോഗുകളാണിത്. ഇതിലെ കഥാപാത്രങ്ങളെ ട്രോളിലൂടെയും ഇന്‍സ്റ്റഗ്രാം റീല്‍സ് വീഡിയോയിലൂടെയും മലയാളികള്‍ക്ക് സുപരിചിതമാണ്.

ഈ ഡയലോഗുകളുടെ ഉറവിടമായ കായല്‍ പോലുള്ള ഷോര്‍ട്ട് ഫിലിംസും യൂട്യൂബില്‍ തേടിപ്പിടിച്ച് കണ്ടവരും കുറവല്ല. അത്ര പ്രൊഫഷണല്ലാത്ത മേക്കിങ്ങും അഭിനയ ശൈലിയുമൊക്കെയാണ് ഈ കലാസൃഷ്ടി ആളുകള്‍ക്ക് വ്യത്യസ്തമായി അനുഭവപ്പെട്ടതും ട്രോളായും തമാശയുമായൊക്കെയായും  ചര്‍ച്ചയായതും. ഒരു ഗ്രാമവും അവിടെയുള്ള സാധാരണക്കാരില്‍ സാധാരണക്കാരുമായിരിക്കും ഇതിലെ അഭിനേതാക്കളെന്നതാണ് ഇത്തരം ചെറുസിനിമകളുടെ മറ്റൊരു പ്രത്യേകത.

കേരള- കര്‍ണാടക അതിര്‍ത്തിയിലെ വികസനം എത്തിപ്പെടാത്ത പഞ്ഞിക്കല്ല്(സാങ്കല്‍പ്പിക ഗ്രാമം) എന്ന ഗ്രാമത്തിലെ മൂന്ന് ചെറുപ്പക്കാര്‍ നാട്ടുകാരുടെ പിന്തുണയോടെ ഇത്തരത്തിലൊരു വെബ് സീരീസ് ഉണ്ടാക്കകുയും പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റവുമാണ് വെള്ളിയാഴ്ച തിയേറ്ററിലെത്തിയ ‘ഡിജിറ്റല്‍ വില്ലേജ്’ എന്ന സിനിമ സംസാരിക്കുന്നത്.

പുതുമുഖങ്ങളെ അണിനിരത്തി ചിത്രീകരിച്ച സിനിമയില്‍ കഥാപാത്രങ്ങളെ ഭംഗിയായി പ്ലേസ് ചെയ്യുന്നതില്‍ ഏറെക്കുറെ സംവിധായകരായ ഉത്സവ് രാജീവും ഫഹദ് നന്ദുവും വിജയിച്ചെന്ന് പറയാം. കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന ഋഷികേശ്, അമൃത്, വൈഷ്ണവ് എന്നിവര്‍ അവതരിപ്പിക്കുന്ന കാഥാപാത്രങ്ങളാണ് ഗ്രാമത്തിലെ സിനിമാക്കാരെ അവതരിപ്പിക്കുന്നത്.

ഈ ചെറുപ്പക്കാരുടെ സിനിമാ മോഹത്തിനൊപ്പം കൂടുന്ന നാട്ടുകാരും ഇവരുടെ കുടുംബവുമാണ് പിന്നെ സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി വരുന്നത്. വലിയ പുരോഗതിയില്ലാത്ത പഞ്ഞിക്കല്‍ ഗ്രാമത്തില്‍ വന്ന യൂട്യൂബ് വെബ് സീരീസ് ആക്‌സിഡന്റലി ആ നാട്ടില്‍ കൊണ്ടുവരുന്ന മാറ്റവും, നേരത്തെ സൂചിപ്പിച്ച ട്രോളുകളും പരിഹാസങ്ങളിലൂടെയും ഇവര്‍ കടന്നുപോകുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളും സിനിമ പ്രേക്ഷകര്‍ക്ക്  കൃത്യമായി അനുഭവപ്പെടുത്തുന്നു.

കാസര്‍ഗോഡ്, കാഞ്ഞങ്ങാട് ഭാഗങ്ങളില്‍ നിന്നുള്ള എഴുപത്തഞ്ചോളം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സീതാഗോളി, കുമ്പള ഗ്രാമത്തിലെ കലാകാരന്മാരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരുടെ ഭേദപ്പെട്ട അഭിനയവും ചിത്രത്തിന്റെ ആസ്വാദനത്തെ ഉയര്‍ത്തുന്നു.

ഋഷികേശ്, അമൃത്, വൈഷ്ണവ്, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ആഷിക് മുരളി, സുരേഷ് ഇ.ജി, അഭിന, പ്രജിത, അഞ്ജിത, ശുഭ കാഞ്ഞങ്ങാട്, ഇന്ദിര, ശ്രിജന്യ, സുരേഷ് ബാബു, ജസ്റ്റിന്‍ കണ്ണൂര്‍, കൃഷ്ണന്‍ നെടുമങ്ങാട്, നിഷാന്‍, എം.സി. മോഹനന്‍, ഹരീഷ് നീലേശ്വരം, മണി ബാബു, രാജേന്ദ്രന്‍, നിവിന്‍, എസ്. ആര്‍ഖാന്‍, പ്രഭു രാജ്, ജോണ്‍സന്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

യുലിന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഖില്‍ മുരളി, ആഷിക് മുരളി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീകാന്ത് നിര്‍വഹിക്കുന്നു. മനു മഞ്ജിത്ത്, സുധീഷ് മറുതളം, വിനായക് ശരത്ചന്ദ്രന്‍ എന്നിവരുടെ വരികള്‍ക്ക് ഹരി എസ്.ആര്‍. സംഗീതം പകരുന്നു.

Content Highlight: special story about Malayalam movie digital village

സഫ്‌വാന്‍ കാളികാവ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more