കോഴിക്കോട്: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളുടെ ലിസ്റ്റ് എ.ഐ.സി.സി പുറത്തുവിട്ടപ്പോള്‍ ഏറ്റവും ചര്‍ച്ചയാകുന്നത് തിരുവനന്തപുരം എം.പി. ശശി തരൂരിന്റെ പേരാണ്. എ.ഐ.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ ശശി തരൂര്‍ കോണ്‍ഗ്രസ് സംസ്ഥാന, ദേശീയ നേതൃത്വത്തോട് ഇടഞ്ഞുനില്‍ക്കുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ദേശീയ അധ്യക്ഷ തരഞ്ഞെടുപ്പില്‍ മത്സരിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം തഴഞ്ഞെന്നുള്ള പരാതി തരൂരിനുണ്ടായിരുന്നു. ഇതിന് പിന്നാലെ സ്വന്തം നിലക്ക് തന്നെ കേരളത്തിലും ദേശീയ തലത്തിലും അദ്ദേഹം നടത്തിയ സമാന്തര ഇടപെടലും, മതസാമുദായിക നേതൃത്വങ്ങളെയൊക്കെ കണ്ടുകൊണ്ടുള്ള കേരളാ യാത്രയും ഔദ്യോഗിക നേതൃത്വത്തില്‍ നിന്ന് തരൂരിന് കൂടുതല്‍ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു.
I am honoured by the decision of the @INCIndia President Shri Mallikarjun @Kharge ji and the Congress central leadership to nominate me to the Working Committee. As one who is aware of the historic role played by the CWC in guiding the party over the last 138 years, I am humbled…
— Shashi Tharoor (@ShashiTharoor) August 20, 2023
കേരളത്തില്‍ നിന്ന് എം.കെ. രാഘവന്‍ എം.പിയും ഹൈബി ഈഡന്‍ എം.പിയും അടക്കമുള്ള ചുരുക്കം നേതാക്കളുടെ പിന്തുണ മാത്രമേ തരൂരിന് ലഭിച്ചിരുന്നുള്ളു. എന്നാല്‍ ഐ.ഐ.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പ് മത്സരത്തിനിടയിലും അതിന് ശേഷവും ദേശീയ തലത്തില്‍ കോണ്‍ഗ്രസിലെ യുവതയുടെ പിന്തുണ സ്വന്തമാക്കാന്‍ തരൂരിനായി. ഈ ഒറ്റക്കാരണത്താല്‍ അദ്ദേഹത്തിനെ അവഗണിക്കാന്‍ കഴിയില്ലെന്ന ദേശീയ നേതൃത്വത്തിന് ബോധ്യപ്പെട്ടതുകൊണ്ടാകാം ഇപ്പോള്‍ പ്രവര്‍ത്തക സമതിയല്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
എ.ഐ.സി.സിയുടെ തീരുമാനത്തില്‍ തനിക്ക് അഭിമാനമുണ്ടെന്നും സഹപ്രവര്‍ത്തകരോടൊപ്പം പാര്‍ട്ടിയെ സേവിക്കാനുള്ള ചരിത്രപരമായ അവസരത്തിന് നന്ദിയുണ്ടെന്നുമാണ് ലിസ്റ്റ് പുറത്തുവന്നതിന് പിന്നാലെ തരൂര്‍ ട്വീറ്റ് ചെയ്തത്.
The Congress President Shri @kharge has constituted the Congress Working Committee.
Here is the list: pic.twitter.com/dwPdbtxvY5
— Congress (@INCIndia) August 20, 2023
തരൂര്‍ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുമ്പോള്‍ ചര്‍ച്ചയാകുന്നത് മുന്‍ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയുടെ പേരാണ്. സ്ഥിരം ക്ഷിണതാവായിട്ടാണ് ചെന്നിത്തലയെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ചെന്നിത്തലക്ക് അതൃപ്തിയുണ്ടെന്നും ’19 വര്‍ഷം മുമ്പുള്ള പദവിയാണിതെന്നാണ്’ അദ്ദേഹം പ്രതികരിച്ചതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ പരസ്യമായി അതൃപ്തി മാധ്യമങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹം പറഞ്ഞിട്ടില്ല.
2021ല്‍ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് തുടര്‍ഭരണം ലഭിച്ചതിന് പിന്നാലെ പ്രതിപക്ഷനേതാവ് സ്ഥാനം നഷ്ടമായ ചെന്നിത്തലത്ത് പാര്‍ട്ടിയില്‍ കാര്യമായ പദവി നിലവിലില്ല. ദീര്‍ഘകാലം കെ.പി.സി.സി പ്രസിഡന്റായും എന്‍.എസ്.യുവിന്റെ ദേശീയ പ്രസിഡന്റായിയൊക്കെ പ്രവര്‍ത്തിച്ച് വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള അദ്ദേഹത്തന് മുകളില്‍ ശശി തരൂര്‍ വരുമ്പോള്‍, തന്നെ പാര്‍ട്ടി അവഗണിക്കുകയാണെന്ന തോന്നല്‍ ചെന്നിത്തലക്കുണ്ടാകുന്നത് സ്വാഭാവികമാണ്.
അതേസമയം, 39 അംഗ പ്രവര്‍ത്തക സമിതിയില്‍ കേരളത്തില്‍ നിന്ന് കെ.സി. വേണുഗോപാലും എ.കെ. ആന്റണിയും ശശി തരൂരിനൊപ്പം പ്രവര്‍ത്തകസമിതിയിലുണ്ട്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവും കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവുമായി ഉള്‍പ്പപ്പെടുത്തിയിട്ടുള്ളത്. അങ്ങനെ ആകെ അഞ്ച് പേരാണ് കേരളത്തില്‍ നിന്ന് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിങ്, അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ പ്രവര്‍ത്തക സമിതിയില്‍ ഉണ്ടാകുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇവര്‍ക്ക് പുറമേ 34 അംഗങ്ങളെയാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജസ്ഥാനില്‍ ഇടഞ്ഞുനിന്ന സച്ചിന്‍ പൈലറ്റും പ്രവര്‍ത്തക സമിതിയിലുണ്ട്. കനയ്യ കുമാറിനെ പ്രത്യേക ക്ഷണിതവായും ഉള്‍പ്പെടുത്തി. ജി-23 നേതാവായ മനീഷ് തിവാരിയെ സ്ഥിരം ക്ഷണിതവായി ഉള്‍പ്പെടുത്തി.
Content Highlight: Special story about congress working comity, ramesh chennithala, shashi tharoor