ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിനെ മാത്രം ലക്ഷ്യമാക്കി ബി.ജെ.പി കൊണ്ടുവന്ന നിരവധി വര്‍ഗീയ അജണ്ടകളെയാണ് കര്‍ണാടകയിലെ ജനങ്ങള്‍ ജനവിധിയിലൂടെ തള്ളിക്കളഞ്ഞത്. ഹിജാബ് നിരോധനം, ബീഫ് നിരോധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, ഹലാല്‍ ഭക്ഷണം വിവാദം, യൂണിഫോം സിവില്‍ കോഡ്, ലവ് ജിഹാദ്, കേരള സ്റ്റോറി മൂവി തുടങ്ങി എല്ലാ ധ്രുവീകരണ ടൂളുകളും കര്‍ണാടകയില്‍ ബി.ജെ.പി ഉപയോഗിച്ചു. എന്നാല്‍ ഇതെല്ലാം തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനായി എന്നുള്ളതാണ് അവരുടെ വിജയ രഹസ്യം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച കര്‍ണാടകയില്‍ ഹിജാബ് ധരിച്ച സ്ത്രീയെ സ്ഥാനാര്‍ത്ഥിയാക്കിയാണ് അതിന് കോണ്‍ഗ്രസ് മറുപടി നല്‍കിയത്.
ഹിജാബ് നിരോധനത്തിനെതിരായ സമരത്തിന് മുന്നില്‍ നിന്നിരുന്ന കോണ്‍ഗ്രസിന്റെ കനീസ് ഫാത്തിമ ഗുല്‍ബര്‍ഗ നോര്‍ത്ത് മണ്ഡലത്തിലാണ് മത്സരിച്ചത്. 12,841 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് കനീസ് ഇവിടെ നിന്ന് വിജയിച്ച് കയറിയത്.
സമീപകാലത്ത് കര്‍ണാടകയിലുണ്ടായ വിദ്വേഷ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്നത് ബജ്‌റംഗ്ദളായിരുന്നു. ഈ ബജ്‌റംഗ്ദളിനേയും പൊപ്പുലര്‍ ഫ്രണ്ടിനേയും പോലുള്ള സംഘടനകളെ നിരോധിക്കുമെന്ന് പ്രകടനപത്രികയില്‍ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് ധൈര്യം കാണിച്ചു.
തെരഞ്ഞെടുപ്പിന്റെ അവസാന സമയത്ത് കര്‍ണാടകയില്‍ 13 ശതമാനം വരുന്ന മുസ്‌ലിങ്ങള്‍ക്ക് നല്‍കിയിരുന്ന നാല് ശതമാനം സംവരണം ബി.ജെ.പി സര്‍ക്കാര്‍ എടുത്തു കളഞ്ഞിരുന്നു. എന്നാല്‍ ഇത് പുനസ്ഥാപിക്കുമെന്ന് പറയാനും കോണ്‍ഗ്രസ് പേടിച്ചില്ല. അങ്ങനെ ഒരുപാട് കാര്യങ്ങളില്‍ വലിയ നിലപാട് സ്വീകരിച്ചതിന്റെ ഫലം കൂടിയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയം.
ഇതുകൂടാതെ ബി.ജെ.പിയുടെ വിദ്വേഷ പ്രചരണത്തെ തിരിച്ചറിഞ്ഞ് അടികൊടുത്ത കര്‍ണാടകയിലെ വോട്ടര്‍മാര്‍ തന്നെയാണ് ഇന്നത്തെ ഹീറോസ്.
ഹിജാബ് ധരിച്ച പെണ്‍കുട്ടികള്‍ക്കെതിരെ ഹിന്ദുത്വ പ്രവര്‍ത്തകരെ സംഘടിപ്പിക്കുകയും മുസ്‌ലിം കച്ചവടക്കാരെ സാമ്പത്തികമായി ബഹിഷ്‌കരിക്കാന്‍ പരസ്യമായി ആഹ്വാനം നടത്തുകയും ചെയ്ത ബി.സി. നാഗേഷിന്റെ തോല്‍വി ഈ അര്‍ത്ഥത്തില്‍ വിദ്വേഷ രാഷ്ട്രിയത്തിനെതിരായിട്ടാണ് കന്നഡ മക്കള്‍ വോട്ട് ചെയ്തതെന്ന് ഉറപ്പിച്ച് പറയാനാകും.
കോണ്‍ഗ്രസിന്റെ കെ. ഷദാക്ഷരി നാഗേഷിനോട് 17,652 വോട്ടുകള്‍ക്കാണ് നാഗേഷ് പരാജയപ്പെട്ടത്. കഴിഞ്ഞ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന നാഗേഷ് 2008, 2018 തെരഞ്ഞെടുപ്പുകളില്‍ തിപ്തുരില്‍ നിന്ന് വിജയിച്ചയാളാണ്.
Content Highlights: Special story about BJP’s polarizing tool aimed at Karnataka