ബെംഗളൂരു: കര്‍ണാടകയില്‍ സദാചാര പൊലീസിങ് തടയാന്‍ പ്രത്യേക പൊലീസ് വിഭാഗത്തെ രൂപീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര. കഴിഞ്ഞ ദിവസം മലയാളി വിദ്യാര്‍ത്ഥികള്‍ക്കെതിരെ മംഗളൂരുവില്‍ സദാചാര ആക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. സാമുദായിക സൗഹാര്‍ദം നിലനിര്‍ത്താനാണ് പ്രത്യേക വിഭാഗത്തെ രൂപീകരിക്കുന്നതിന് പിന്നിലെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സദാചാര പൊലീസിങ് തടയുന്നതിനായി മംഗളൂരു പൊലീസ് കമ്മീഷണര്‍ പ്രത്യേക വിഭാഗത്തെ രൂപീകരിക്കുകയും അനുയോജ്യരായ പൊലീസ് ഉദ്യോഗസ്ഥരെ വിഭാഗത്തില്‍ വിന്യസിക്കുകയും ചെയ്യും.
‘പ്രദേശത്ത് സദാചാര പൊലീസിങ് റിപ്പോര്‍ട്ട് ചെയ്യുന്നത് കൂടിയിരിക്കുകയാണ്. ഇത് പരിശോധിക്കപ്പെട്ടില്ലെങ്കില്‍, ജില്ലക്കും പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിനും അത് മോശം പേരുണ്ടാക്കും,’ പൊലീസ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പരമേശ്വര പറഞ്ഞു.
സദാചാര പൊലീസിങ് തടയുന്നതിനായുള്ള പ്രത്യേക വിഭാഗത്തെ മംഗളൂരുവില്‍ രൂപീകരിക്കും. പിന്നീട് ഇത് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. സാമുദായിക സൗഹാര്‍ദം നിലനിര്‍ത്താനാവശ്യമായ അവബോധം സൃഷ്ടിക്കുന്നതിനായി പൊലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സ്‌കൂളുകളിലും കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും സന്ദര്‍ശനം നടത്തും.
സദാചാര പൊലീസിങ്ങുമായി ബന്ധപ്പെട്ട കേസുകള്‍ അവലോകനം ചെയ്യാന്‍ പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പരമേശ്വര പറഞ്ഞു.
‘സദാചാര പൊലീസിങ്ങുമായി ബന്ധപ്പെട്ട കേസുകള്‍ അവലോകനം ചെയ്യാന്‍ പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുക്തിസഹമായി ഇത്തരം കേസുകള്‍ തീര്‍പ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്തമുണ്ട്,’ അദ്ദേഹം പറഞ്ഞു.
സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പരമേശ്വര പറഞ്ഞു.
‘ജില്ലയില്‍ സാമുദായിക സൗഹാര്‍ദം തകരുന്നതില്‍ പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസ് മാനിഫെസ്റ്റോ കമ്മിറ്റിയുടെ ചെയര്‍മാനെന്ന് നിലയില്‍ മേഖലയിലെ 20-25 സ്ഥാപനങ്ങള്‍ ഞാന്‍ സന്ദര്‍ശിച്ചു. അവരെല്ലാവരും ഇക്കാര്യം ഉന്നയിച്ചു. തീരദേശത്തുണ്ടായ വര്‍ഗീയ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി ഉള്ളാള്‍ മുതല്‍ ഉടുപ്പി വരെ കോണ്‍ഗ്രസ് പദയാത്ര സംഘടിപ്പിച്ചിരുന്നു. സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Special squad to be constitute to check moral policing