ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ കൂട്ടത്തിലുള്ളവരാണ് കോഴിക്കോട്ടെ കരുണ സ്‌കൂള്‍ ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങിലെയും കൊളത്തറ കാലിക്കറ്റ് സ്‌കൂള്‍ ഫോര്‍ ഹാന്‍ഡിക്യാപ്പ്ഡിലെയും കുട്ടികള്‍. ഈ സ്‌കൂളുകളില്‍ നിന്നും എസ്.എസ്.എല്‍.സിയും പ്ലസ് ടുവും പരീക്ഷകള്‍ എഴുതിയ കുട്ടികള്‍ മികച്ച വിജയമാണ് സ്വന്തമാക്കിയത്.
പ്രതികൂല സാഹചര്യങ്ങളോട് ധീരമായി പൊരുതിയ ഈ കുട്ടികളുടെ ഓരോ ചുവടുവെയ്പ്പും അധ്യാപകരുടെ മേല്‍നോട്ടത്തിലായിരുന്നു. കരുണ സ്‌കൂളില്‍ നിന്നും 18 കുട്ടികളും കാലിക്കറ്റ് സ്‌കൂളില്‍ നിന്നും 16 കുട്ടികളുമാണ് പരീക്ഷ എഴുതിയത്. തങ്ങളുടെ കുട്ടികളിലൂടെ ഇരു സ്‌കൂളുകളും സമ്പൂര്‍ണ്ണ വിജയമാണ് സ്വന്തമാക്കിയത്.
പഠനരീതികളിലും അധ്യാപന രീതികളിലും സ്‌കൂളുകള്‍ സ്വീകരിച്ച പുതുമയാര്‍ന്ന രീതികളാണ് കുട്ടികളെ ഇങ്ങനെയൊരു വിജയം നേടാന്‍ സഹായിച്ചത്. കുട്ടികള്‍ക്ക് അനുകൂലമായ പഠനാന്തരീക്ഷം ഒരുക്കുക മാത്രമല്ലാതെ, അവരുടെ മറ്റു കഴിവുകള്‍ പ്രോത്സാഹിപ്പിയ്ക്കാനും സ്‌കൂളുകള്‍ ശ്രദ്ധിക്കുന്നുണ്ട്. കുട്ടികളുടെ സാഹിത്യ, കലാപരമായ അവരുടെ സിദ്ധികള്‍ അധ്യാപകര്‍ തിരിച്ചറിഞ്ഞുകൊണ്ടാണ് അവരെ മുന്നോട്ട് നയിക്കുന്നത്.
ചെറുപ്രായം മുതല്‍ തന്നെ കുട്ടികള്‍ക്ക് ഹിയറിങ് എയിഡ്കളും ബ്രെയില്‍ പുസ്തകങ്ങളും നല്‍കിക്കൊണ്ടാണ് കുട്ടികളുടെ പഠനത്തിന്റെ പാതയിലേക്ക് ഈ അധ്യാപകര്‍ കൊണ്ടുവരുന്നത്. തങ്ങളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞുകൊണ്ട്, അടിപതറാതെ മുന്നോട്ട് പോകാന്‍ കുട്ടികളെ സഹായിക്കുന ഈ സ്‌കൂളുകള്‍ സമൂഹത്തിന് നല്‍കുന്ന സംഭാവന ഒട്ടും ചെറുതല്ല.
ഈ സ്‌കൂളുകളില്‍ നിന്നും പഠിച്ച് പുറത്തിറങ്ങുയവരില്‍ ഭൂരിഭാഗം പേരും മറ്റാരുടെയും സഹായം കൂടാതെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷി കൈവരിച്ചവരാണ്.