| Sunday, 9th December 2018, 2:00 pm

സ്പെഷ്യല്‍ സ്‌കൂള്‍ ജീവനക്കാരോട് സര്‍ക്കാരിന്റെ അവഗണന; അനിശ്ചിതകാല സമരത്തിനൊരുങ്ങി ജീവനക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാനസിക -ശാരീരിക വൈകല്യമുള്ള കുട്ടികള്‍ പഠിക്കുന്ന 288 സ്‌പെഷ്യല്‍ സ്‌കൂളുകളിലെ ആറായിരത്തോളം ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഈ മേഖലയിലെ ജീവനക്കാരെ അവഗണിക്കുന്ന നിലപാട് തുടരുന്ന സാഹചര്യത്തിലാണ് ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഡീസംബര്‍ 13ന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും.

സ്‌പെഷല്‍ സ്‌കൂള്‍ സമഗ്ര പാക്കേജ് ഉടന്‍ നടപ്പിലാക്കുക, സ്‌പെഷല്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും ലഭ്യമാക്കുക, പ്രകടനപത്രികയിലെ വാഗ്ദാനമായ എയ്ഡഡ് പദവി നടപ്പിലാക്കുക, ജോലി സുരക്ഷിതത്വം ഉറപ്പാക്കുക തുടങ്ങിയവയാണ് സംയുക്ത സമരസമിതിയുടെ ആവശ്യം

നിലിവില്‍ ഒരേ യോഗ്യതയില്‍ ജോലിചെയ്യുന്ന സ്‌പെഷല്‍ സ്‌കൂള്‍ ജീവനക്കാരുടേയും ബഡ്‌സ്, ഐ.ഇ.ഡി ജീവനക്കാരുടേയും ശമ്പള സ്‌കെയിലില്‍ വലിയ വ്യത്യാസമാണുള്ളത്. സ്‌പെഷല്‍ സ്‌കൂളുകളില്‍ 4500 രൂപ മുതല്‍ 6500 രൂപ വരെ ലഭിക്കുമ്പോള്‍ ബഡ്‌സ് സ്‌കൂളില്‍ 30650 രൂപയും ഐ.ഇ.ഡിയില്‍ 28500 രൂപ വരേയും ലഭിക്കുന്നു. ആയമാര്‍ക്ക് ബഡ്‌സ് സ്‌കൂളില്‍ 17325 ലഭിക്കുമ്പോള്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ ലഭിക്കുന്നത് 2500 മുതല്‍ 3500 രൂപവരെ മാത്രമാണ്.

ALSO READ: ഒവൈസിയെ ഒഴിവാക്കുകയാണെങ്കില്‍ ടി.ആര്‍.എസിനെ പിന്തുണയ്ക്കാമെന്ന് ബി.ജെ.പി

അതുപോലെ മാനസിക വൈകല്യം, ഓട്ടിസം ,സെറിബ്രല്‍ പാള്‍സി കുട്ടികളുടെ വിദ്യഭ്യാസത്തിന് സര്‍ക്കാര്‍ ഒരു വര്‍ഷം ചിലവഴിക്കുന്നത് 6500 രൂപ മാത്രമാണ്. എന്നാല്‍ ശ്രവണ കാഴ്ചവൈകല്യമുള്ള കുട്ടികളുടെ വിദ്യഭ്യാസത്തിന് പ്രതിവര്‍ഷം 125000 രൂപയും ചെലവഴിക്കുന്നു.

കഴിഞ്ഞ സര്‍ക്കാര്‍ അമ്പതിലധികം കുട്ടികളുള്ള സ്‌കൂളുകളെ എയ്ഡഡ് പദവിയിലേക്ക് ഉയര്‍ത്തിയിരുന്നു. എല്‍.ഡി.എഫിന്റെ പ്രകടനപത്രികയില്‍ ഭരണത്തില്‍ വന്നാല്‍ മാനദണ്ഡപ്രകാരമുള്ള മുഴുവന്‍ സ്‌കൂളുകളും എയ്ഡഡ് ആക്കുമെന്ന് വാഗ്ദാനവും നല്‍കി. എന്നാല്‍ വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയില്ലെന്ന്് ജീവനക്കാര്‍ പറയുന്നു.

കഴിഞ്ഞവര്‍ഷം ഈ മേഖലയുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി സാമൂഹ്യ നീതി സെക്രട്ടറി ശ്രീ.ബിജു പ്രഭാകറിനെ നിയമിക്കുകയും ഒരു മാസം കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു

നിയമസഭയില്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഷൈലജ ടീച്ചര്‍ എം.എല്‍.എമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി സമഗ്ര പക്കേജ് നടപ്പാക്കുമെന്ന് പ്രഖ്യപിച്ചുവെങ്കിലും ഇതുവരെ യാഥാര്‍ത്യമായിട്ടില്ല. കൂടാതെ സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കുള്ള ഗ്രാന്‍ഡ് ഇന്‍എയ്ഡ് 40 കോടിയാക്കി ഉയര്‍ത്തുമെന്ന് ധനകാര്യ മന്ത്രി ശ്രീ.തോമസ് ഐസക് പ്രഖ്യാപനവും വാക്കുകളില്‍ ഒതുങ്ങി. ഇപ്പോഴും തുടരുന്ന ഈ അവഗണനയ്‌ക്കെതിരെയാണ് അനിശ്ചിതകാല സമരമെന്ന് സമരക്കാര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more