| Wednesday, 21st June 2023, 9:24 pm

മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്ന ഡോക്ടര്‍മാരുടെ ലിസ്റ്റ് പബ്ലിക്കലി ഉണ്ട്; അവയവദാനത്തില്‍ മതം തിരിച്ചുള്ള കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടില്ല; സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് 

സഫ്‌വാന്‍ കാളികാവ്

കോഴിക്കോട്: കേരളത്തിലെ മസ്തിഷ്‌ക മരണവുമായി ബന്ധപ്പെട്ട ഡോ. എസ്. ഗണപതി നടത്തിയ ആരോപണത്തെ നിഷേധിച്ച് അവയവദാന രജിസ്ട്രിക്കായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സംവിധാനമായ മൃതസഞ്ജീവനി. മസ്തിഷ്‌ക മരണം സംഭവിച്ചയാളുകളുടെയോ അവയവ ദാനം ചെയ്തവരുടേയോ മതം തിരിച്ചുള്ള കണക്ക് ഒരു ഘട്ടത്തിലും പുറത്തുവിട്ടിട്ടില്ലെന്ന് കേരളാ സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍(KSOTTO) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് എസ്.എസ്. ഡൂള്‍ന്യൂസിനോട് പറഞ്ഞു.
വിവരാവകാശ രേഖപ്രകാരം ഡോ. ഗണപതി മതം തിരിച്ചുള്ള കണക്ക് ചോദിച്ചിരുന്നെങ്കിലും അങ്ങനെയൊരു കണക്കില്ലാത്തതിനാല്‍ നല്‍കാനായിരുന്നില്ല. ഇപ്പോള്‍ അദ്ദേഹം മതം തിരിച്ചുള്ള കണക്ക് പറയുന്നുണ്ടെങ്കില്‍ ഊഹിച്ച് പറയുന്നതാകാമെന്നും നോബിള്‍ പറഞ്ഞു.

‘അവയവദാനത്തില്‍ നമ്മള്‍ ഒരിക്കലും ജാതിയും മതവും നോക്കാറില്ല. ഒരു രോഗിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുമ്പോള്‍ പോലും ജാതി മതം തിരിച്ചുള്ള ഡാറ്റ എടുക്കാറില്ല, മറ്റ് ആനുകൂല്യങ്ങള്‍ക്കൊഴികെ. ഇപ്പോള്‍ ഡോ. ഗണപതി ഉന്നയിക്കുന്ന ആരോപണം പേര് വെച്ച് ഊഹിച്ച് പറയുന്നതാകാം. മുമ്പൊരിക്കല്‍ വിവരാവകാശ നിയമപ്രകാരം ഇതേ ഡോക്ടര്‍ ജാതിയും മതവും തിരിച്ചുള്ള കണക്ക് ചോദിച്ചിരുന്നു.
ഡോ. ഗണപതി കുറേക്കാലമായി ആര്‍.ടി.എ പ്രകാരം ജാതിയും മതവുമൊക്കെ തിരിച്ചുള്ള കണക്ക് ചോദിക്കാറുണ്ട്. അന്ന് അത് നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. നമ്മള്‍ കളക്ട് ചെയ്യുന്ന ഡാറ്റയില്‍ ജാതി ചോദിക്കാറില്ലെന്ന മറുപടിയാണ് അന്ന് നല്‍കിയത്,’ ഡോ. നോബിള്‍ പറഞ്ഞു.

ഡോ. എസ്. ഗണപതി

മുസ്‌ലിം ഡോക്ടര്‍മാരും മുസ്‌ലിം ബിസിനസുകാരും ഉടമസ്ഥരായിട്ടുള്ള ആശുപത്രിയിലാണ് ഏറ്റവും കൂടുതല്‍ മസ്തിഷ്‌ക മരണം സംഭവിക്കുന്നതെന്ന ഡോ. എസ്. ഗണപതിയുടെ ആരോപണത്തിനും ഡോ. നോബിള്‍ മറുപടി പറഞ്ഞു. കെ.എസ്.ഒ.ടി.ടി.ഒയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ ലിസ്റ്റിലുള്ള ഡോക്ടര്‍മാര്‍ക്കേ ഇത് സ്ഥിരീകരിക്കാനാകുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഗണപതിയുടെ വാദം തികഞ്ഞ അസംബന്ധമാണ്. കെ.എസ്.ഒ.ടി.ടി.ഒയുടെ വെബ് സൈറ്റില്‍ ബ്രെയ്ന്‍ ഡെത്ത് സെര്‍ട്ടിഫൈ ചെയ്യുന്ന ഡോക്ടര്‍മാരുടെ ജില്ല തിരിച്ചുള്ള ലിസ്റ്റുണ്ട്. മുസ്‌ലും ഡോക്ടര്‍മാരാണ് എന്ന ഇദ്ദേഹത്തിന്റെ ആരോപണം അതിലെ പേര് വെച്ച് നോക്കിയാല്‍ തന്നെ പൊളിയും.(ഡോക്ടര്‍മാരുടെ ലിസ്റ്റ്- ലിങ്ക്).

മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിന് വലിയ ഒരു പ്രോസസുണ്ട്. നാല് പേരടങ്ങുന്ന എക്സ്‌പേര്‍ട്ട് കമ്മിറ്റിയാണ് അത് സ്ഥിരീകരിക്കേണ്ടത്. അതില്‍ രണ്ട് ഡോക്ടര്‍മാര്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിന് സെര്‍ട്ടിഫൈ ചെയ്യപ്പെട്ടവരായിരിക്കണം. ബാക്കിയുള്ള രണ്ട് പേര്‍ ആ ആശുപത്രിയിലെ ഡോക്ടറായിരിക്കണം, അതിലൊരാള്‍പ്രസ്തുത രോഗിയെ ചികിത്സിക്കുന്ന ഡോക്ടറുമായിരിക്കണം.
അങ്ങനെ ഈ നാല് പേരടങ്ങുന്ന സംഘം ആറ് മണിക്കൂര്‍ ഇടപെട്ട് ശാസ്ത്രീയ പരിശോധന നടത്തുമ്പോഴാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത്.

കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 14 പേരുടെ ഡോണേഷന്‍സാണ് മസ്തിഷ്‌ക മരണം വഴി ഉണ്ടായത്. അപകടങ്ങളുടെ കണക്ക് വെച്ച് നോക്കുമ്പോള്‍ കുറഞ്ഞ കണക്കാണിത്. രോഗിയുടെ ബന്ധുക്കള്‍ ആവശ്യപ്പെടുമ്പോള്‍ മാത്രമാണ് ഡൊണേഷന്‍നടക്കുന്നത്. അല്ലാതെ ഡോക്ടര്‍മാര്‍ ഇടപെട്ട് ഇവിടെ ഒരു അവയവ ദാനവും നടക്കുന്നില്ല,’  ഡോ. നോബിള്‍ പറഞ്ഞു.

KSOTTO-യുടെ വെബ്സൈറ്റ്

കേരളത്തില്‍ 2012 മുതല്‍ സര്‍ക്കാര്‍ സംവിധാനമായ മൃതസഞ്ജീവനിയുടെ കീഴിലാണ് അവയവ ദാനം നടക്കുന്നതെന്നും ഇതിലൊരു മാഫിയക്കോ കച്ചവട താല്‍പര്യത്തിനോ ഒരു തരത്തിലുള്ള സാധ്യതയുമില്ലെന്നും നോബിള്‍ പറഞ്ഞു.

‘ഇതിലൊരു മാഫിയക്കോ കച്ചവട താല്‍പര്യത്തിനോ സ്വാധീനിക്കാനാകില്ല. കാരണം ഇതൊക്കെ കൃത്യമായ സര്‍ക്കാര്‍ സംവിധാനം വഴിയാണ് നടക്കുന്നത്. 2012 ഓഗസ്റ്റ് മുതല്‍ ഇത് സംവിധാനം മൃതസഞ്ജീവനിയുടെ കീഴിലാണ്,’ നോബിള്‍ പറഞ്ഞു.

അതേസമയം, കേരളത്തില്‍ വളരെ കുറവ് മസ്തിഷ്‌ക മരണം സംഭവിക്കുന്നത് മുസ്‌ലിം വിഭാഗങ്ങള്‍ക്കാണെന്നും കേരളത്തില്‍ 2015ലും 2016ലും 16 ഒരു മുസ്ലിമിന് മാത്രമേ മസ്തിഷ്‌ക മരണം സംഭവിച്ചിട്ടുള്ളുവെന്നുമായിരുന്നു ഡോ. ഗണപതിയുടെ വിദ്വേഷ പരാമര്‍ശം. മുസ്‌ലിം ഡോക്ടര്‍മാരും മുസ്ലിം ബിസിനസുകാരും ഉടമസ്ഥരായിട്ടുള്ള ആശുപത്രിയിലാണ് ഏറ്റവും കൂടുതല്‍ മസ്തിഷ്‌ക മരണം നടക്കുന്നതെന്നും ഇയാള്‍ ആരോപിച്ചിരുന്നു.

നേരത്തെ ഡോ. ഗണപതിയുടെ പരാതിയിലായിരുന്നു 2019ല്‍ നടന്ന അപകടവുമായി ബന്ധപ്പെട്ട് കൊച്ചി ലേക് ഷോര്‍ ആശുപത്രിക്കെതിരെയും എട്ട് ഡോക്ടര്‍മാര്‍ക്കെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. ഈ കേസിലും ഇദ്ദേഹത്തിന്റെ ആരോപണം പോലെ കുറ്റാരോപിതരായ ഡോക്ടര്‍മാരോ അന്ന് ഈ സ്ഥാപനത്തിന്റെ മാനേജ്‌മെന്റോ മുസ്‌ലിം നാമധാരികളായിരുന്നില്ല.

Content Highlight: Special Report There is a publicly available list of doctors who certify brain death The government has not released figures on organ donation by religion

സഫ്‌വാന്‍ കാളികാവ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more