അനാരോഗ്യവും ബി.ജെ.പി സര്‍ക്കാരിന്റെ നിലപാടും; പിതാവിനെ കാണാനാകാതെ മഅ്ദനി മടങ്ങുന്നു
Special Report
അനാരോഗ്യവും ബി.ജെ.പി സര്‍ക്കാരിന്റെ നിലപാടും; പിതാവിനെ കാണാനാകാതെ മഅ്ദനി മടങ്ങുന്നു
സഫ്‌വാന്‍ കാളികാവ്
Thursday, 6th July 2023, 5:31 pm

കോഴിക്കോട്: ജാമ്യവ്യവസ്ഥയില്‍ സുപ്രീം കോടതി നല്‍കിയ ഇളവിന്റെ അടിസ്ഥാത്തില്‍ കേരളത്തിലെത്തിയ പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി നാളെ ബെംഗളൂരുവിലേക്ക് മടങ്ങും. സുപ്രീം കോടതി നേരത്തെ നല്‍കിയ ഇളവിന്റെ കാലാവധി ജൂലൈ എട്ടിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് മടക്കയാത്ര.

ജാമ്യകാലാവധിയില്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് പിതാവിനെ കാണാന്‍ മഅ്ദനി കേരളത്തിലേക്ക് യാത്ര തിരിച്ചിരുന്നത്. എന്നാല്‍ പിതാവിനെ കാണാന്‍ മഅ്ദനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ബെംഗളൂരിവില്‍ നിന്നുള്ള യാത്രക്ക് അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ വഷളായതിനെ തുടര്‍ന്ന് കൊച്ചിയിലെ മെഡിക്കള്‍ ട്രെസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പിതാവിനെ മഅ്ദിയുടെ അടുത്ത് എത്തിക്കാനുള്ള ശ്രമവും ആരോഗ്യകാരണങ്ങളാല്‍ പരാജയപ്പെട്ടിരുന്നു. ജൂലൈ പത്താം തിയ്യതിയാണ് കേസ് സുപ്രീം കോടതി പരിഗണിക്കുക. അതിന് മുമ്പ് എട്ടാം തിയ്യതി ബെംഗളൂരുവില്‍ റിപ്പോര്‍ട്ട് ചെയ്യണം എന്നാണ് നിര്‍ദേശം.

മഅ്ദനിയുടെ ആരോഗ്യാവസ്ഥ മോശമായി തുടരുകയാണെന്നും കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് ബെംഗളൂരുവിലേക്ക് മടങ്ങി പോകുന്നതെന്നും പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ആരോഗ്യാവസ്ഥ ഗുരുതരമായ സാഹചര്യത്തില്‍ മടങ്ങിപ്പോക്ക് ദുഷ്‌ക്കരമാകും എന്ന ആശങ്കയും ഇവര്‍ക്കുണ്ട്. ജൂലൈ പത്തിന് മുമ്പ് കേസ് പരിഗണിക്കാന്‍ ശ്രമം നടത്തിയെങ്കിലും അതിന് സാധിച്ചിട്ടില്ല

‘മഅ്ദനി തടവറയിലെ മറ്റൊരു സ്റ്റാന്‍ സ്വാമി ആകുമോ എന്നാണ് ഞങ്ങള്‍ ഭയപ്പെടുന്നത്. ആരോഗ്യ സ്ഥിതി മോശമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അദ്ദേഹത്തിന് പിതാവിനെ കാണാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മടങ്ങി ബെംഗളൂരുവിലേക്ക് പോകാന്‍ നിലവിലെ സാഹചര്യത്തില്‍ കുറച്ച് ബുദ്ധിമുട്ടാണ്.

കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ നിലവില്‍ ജാമ്യത്തിലുള്ള കണ്ടീഷന്‍ ഒഴിവാക്കിത്തരണം എന്നാണ് ഞങ്ങളുടെ ആവശ്യം. സ്വതന്ത്ര്യമായ ചികിത്സ കിട്ടിയാലേ അദ്ദേഹത്തിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയുകയുള്ളു,’ സാബു കൊട്ടാരക്കര പറഞ്ഞു.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മഅ്ദനിയെ എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നെത്തിയ വിദഗ്ധസംഘം പരിശോധിച്ചിരുന്നു.
ഭാര്യ സൂഫിയ സംസ്ഥാന സര്‍ക്കാരിന്റെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.ഗണേഷ് മോഹന്റെ നേതൃത്വത്തിലുള്ള സംഘത്തെ അയച്ചത്. മഅ്ദനിക്ക് ഡയാലിസിസ് വേണ്ടിവരുമെന്നും ക്രിയാറ്റിന്‍ കൂടുതലാണെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

സുരക്ഷാച്ചെലവില്‍ ഇളവ് വരുത്താന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറായതോടെയാണ് യാത്രയ്ക്കു വഴിയൊരുങ്ങിയിരുന്നത്ത്. ബെംഗളൂരുവില്‍ യാത്രാവിലക്കുകളോടെ കഴിയുന്ന മഅ്ദനിക്ക് കഴിഞ്ഞ 17നാണ് കേരളത്തിലേക്ക് വരാന്‍ സുപ്രീം കോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കിയത്. ജൂലൈ എട്ടുവരെയായിരുന്നു ഇളവ്.

ഇതിനായി കേരളത്തില്‍ തങ്ങാമെന്നും സുരക്ഷക്കുള്ള ചെലവായി 54.63 ലക്ഷം രൂപ കെട്ടിവക്കണമെന്നായിരുന്നു കഴിഞ്ഞ ബി.ജെ.പി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നിലവില്‍ കേരളത്തില്‍ തങ്ങിയ ദിവസങ്ങള്‍ കണക്കുകൂട്ടിയാല്‍ ഈ തുകക്ക് ആനുപാതികമായുള്ള പണം അടച്ചിട്ടാണ് അദ്ദേഹം കേരളത്തിലെത്തിയതെന്നും സാബു കൊട്ടരക്കര വെളിപ്പെടുത്തി.

‘ബെംഗളൂരു സ്‌ഫോടനക്കേസില്‍ മഅ്ദനിയുടെ വിചാരണ പൂര്‍ത്തിയായിട്ടുണ്ട്. ഇനി വിധി പറയാനുള്ള നടപടിക്രമങ്ങള്‍ മാത്രമാണുള്ളത്. കേസുമായി ബന്ധപ്പെട്ട് അദ്ദേഹം ബെംഗളൂരുവില്‍ തങ്ങേണ്ട ആവശ്യമില്ല. മഅ്ദനിയുടെ ഭാഗങ്ങള്‍ ഏറക്കുറെ പൂര്‍ത്തിയായതാണ്,’ സാബു കൊട്ടരക്കര പറഞ്ഞു.

ബെംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് മഅ്ദനിക്കെതിരെ വിചാരണ നടക്കുന്നത്. 2014ലാണ് സുപ്രീം കോടതി മഅ്ദിനിക്ക് ബെംഗളൂരുവില്‍ കഴിയണം എന്ന ഉപാധികളോടെ ജാമ്യം അനുവദിക്കുന്നത്. കേസിന്റെ വിചാരണ നടപടികള്‍ അനന്തമായി നീട്ടിക്കൊണ്ട് പോയെന്ന ആക്ഷേപമുണ്ട്.

നേരത്തെ, കോയമ്പത്തൂര്‍ സ്‌ഫോടനകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ഒമ്പതര വര്‍ഷം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് മഅ്ദനി നിരപരാധിയാണെന്ന് കണ്ടെത്തിയത്. 2007 ഓഗസ്റ്റ് ഒന്നിനാണ് കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ മഅ്ദനി മോചിതനാവുന്നത്. ഇതിനുശേഷം കേരളത്തില്‍ അദ്ദേഹത്തിന് സര്‍ക്കാര്‍ ബി കാറ്റഗറി സുരക്ഷ അടക്കം ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ 2008ല്‍ ബെംഗളൂരു നഗരത്തിലെ ഒമ്പതിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 2010 ഓഗസ്റ്റ് 17ന് കൊല്ലം കരുനാഗപ്പള്ളി അന്‍വാര്‍ശ്ശേരിയില്‍നിന്ന് കര്‍ണാടക പൊലീസിലെ പ്രത്യേകാന്വേഷണ സംഘം മഅ്ദനിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Content Highlight: Special report PDP Chairman Abdul Nasser Madani,will return to Bengaluru tomorrow

സഫ്‌വാന്‍ കാളികാവ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.