കേരളത്തില്‍ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണത്തില്‍ മൂന്നിരട്ടിയോളം വര്‍ദ്ധനവ്. 2016 ല്‍ 7218 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചതെങ്കില്‍ ഇത്തവണ ഇതുവരെയുള്ള കണക്കനുസരിച്ച് 19445 പേരാണ് ഡെങ്കിപ്പനി ബാധിതര്‍. ദേശീയ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതരുള്ള സംസ്ഥാനവും കേരളമാണ്.
കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ ഡെങ്കിപ്പനി ഏറ്റവും വ്യാപകമായ വര്‍ഷമായിരുന്നു 2017. 35 പേരാണ് ഈ വര്‍ഷം ഡെങ്കിപ്പനി മൂലം മരണപ്പെട്ടത്. ഡെങ്കി പടര്‍ന്നു പിടിച്ച ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി 12716 പേര്‍ അസുഖബാധിതരാവുകയും 25 പേര്‍ മരിക്കുകയും ചെയ്തു. ആഗസ്റ്റ് മാസത്തില്‍ മാത്രം 10 പേരാണ് ഡെങ്കു ബാധിതരായി മരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 3764 പേര്‍ അസുഖബാധിതരാവുകയും 11 പേര്‍ മരിക്കുകയും ചെയ്തിരുന്നു.
ഏറ്റവും കൂടുതല്‍ അസുഖ ബാധിതര്‍ ഉള്ളത് കേരളത്തിലാണെങ്കിലും കൂടുതല്‍ പേര്‍ ഡെങ്കി ബാധിച്ച് മരിച്ചത് തമിഴ്‌നാട്ടിലാണ്. തമിഴ്നാട്ടില്‍ ഈ വര്‍ഷം 51 പേര്‍ ഡെങ്കിപ്പനി മൂലം മരണമടഞ്ഞതായും 19116 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായും ദേശീയ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം പൊതുവെ കൂടുതലാണ്. കര്‍ണ്ണാടകയില്‍ 15303 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 21 പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരണപ്പെട്ടത്. ഡെങ്കിപ്പനി ദുരിതം വിതച്ച മറ്റൊരു സംസ്ഥാനം പശ്ചിമബംഗാളാണ്. സെപ്റ്റംബര്‍ മാസം അവസാനം വരെ 10000 ലധികം ആളുകള്‍ ഡെങ്കിപ്പനി ബാധിതരാവുകയും 19 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് ഡെങ്കിപ്പനി ഏറ്റവും ഗുരുതരമായി ബാധിച്ചിട്ടുള്ളത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം 8253 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്, 12 ജീവനുകള്‍ പൊലിയുകയും ചെയ്തു. കൊല്ലം ജില്ലയില്‍ 9 പേര്‍ മരിക്കുകയും 2721 പേര്‍ രോഗബാധിതരാവുകയും ചെയ്തതായി ആരോഗ്യവകുപ്പിന് കീഴിലുള്ള ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോജക്ടിലെ സ്റ്റേറ്റ് സര്‍വൈലന്‍സ് യൂണിറ്റ് പുറത്തിറക്കിയ കണക്കില്‍ വ്യക്തമാക്കുന്നു.
തെക്കന്‍ ജില്ലകളിലാണ് ഡെങ്കിപ്പനി കൂടുതല്‍ നാശം വിതച്ചതെന്ന് കാണാന്‍ കഴിയും. കഴിഞ്ഞ വര്‍ഷങ്ങളിലും തിരുവനന്തപുരം, കൊല്ലം ജില്ലകളിലായിരുന്നു ഡെങ്കിപ്പനി മരണങ്ങള്‍ കൂടുതല്‍ ഉണ്ടായത്. തിരുവനന്തപുരത്ത് 2016 ല്‍ 7 പേരും 2015 ല്‍ 9 പേരും ഡെങ്കിപ്പനി ബാധിച്ച് മരിച്ചിട്ടുണ്ട്. 2017 ലെ പകര്‍ച്ചപ്പനി പൊട്ടിപ്പുറപ്പെട്ട മാസങ്ങളില്‍ 22 ലക്ഷത്തോളം ആളുകള്‍ക്ക് വിവിധ പകര്‍ച്ച പനികള്‍ ബാധിച്ചതായും 420 ഓളം പേര്‍ മരിച്ചതായും ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിയമസഭയെ അറിയിച്ചിരുന്നു.
കാലവര്‍ഷം തുടങ്ങി ആദ്യ ദിവസങ്ങളില്‍ തന്നെ പനി പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയിരുന്നു. ജൂണ്‍ രണ്ടിന് 134 ഡെങ്കിപ്പനി കേസുകളാണ് സ്ഥിരീകരിച്ചത്. ജൂണ്‍ 20 ആയതോടെ ഇത് 933 ആയി ഉയര്‍ന്നു. വേനല്‍ക്കാലത്ത് മഴ ലഭിക്കുകയൂം പിന്നീട് മഴ മാറി നില്‍ക്കുകയും ചെയ്തതോടെ കൊതുകുകള്‍ക്ക് മുട്ടയിട്ട് വളരുന്നതിനുള്ള അനുകൂല സാഹചര്യം ഉണ്ടായതാണ് പകര്‍ച്ചപ്പനി നിയന്ത്രണാതീതമായി പൊട്ടിപ്പുറപ്പെടാന്‍ കാരണമന്നാണ് ആരോഗ്യ വകുപ്പ് നല്‍കിയ വിശദീകരണം.
മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും വീഴ്ച വരുത്തിയതാണ് സ്ഥിതിഗതികള്‍ കൈവിട്ട് പോകാന്‍ കാരണമായതെന്ന് പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ ആരോപിക്കുകയും ചെയ്തു.
ജൂണ്‍ 27 മുതല്‍ 3 ദിവസം സംസ്ഥാനത്തുടനീളം ശുചീകരണ യജ്ഞം നടത്തിയെങ്കിലും അപ്പോഴേക്കും പകര്‍ച്ചപ്പനി എല്ലാ നിയന്ത്രണങ്ങളും വിട്ടു പോയിരുന്നു. ഡെങ്കിപ്പനിയും എച്ച്.വണ്‍ എന്‍വണും അടക്കമുള്ള പകര്‍ച്ചപ്പനികള്‍ ബാധിച്ച് ആശുപത്രികളിലേക്ക് എത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ് ചെയ്തത്.
കേരളത്തിലും തമിഴ്നാട്ടിലും ഡെങ്കിപ്പനിക്ക് കാരണമാകുന്ന വൈറസുകള്‍ പരിണാമവിധേയമായി DENV-1 എന്ന പുതിയ ഇനം വൈറസായി മാറിയെന്ന് അടുത്തിടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പുറത്ത് വിട്ട Emergence of the Asian genotype of DENV-1 in South India എന്ന പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. 2005 ല്‍ സിംഗപ്പൂരിലും 2009 ല്‍ ശ്രീലങ്കയിലും വ്യാപകമായിരുന്ന ഡെങ്കു വൈറസിന്റെ ജനിതക ഘടനയുള്ള വൈറസിനെയാണ് ദക്ഷിണേന്ത്യയില്‍ നിന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.
2012 ല്‍ കേരളത്തിലും 2013 ല്‍ തമിഴ്നാട്ടിലും ഈ വൈറസ് പടര്‍ന്നു പിടിച്ചിരുന്നതായും പഠനം വ്യക്തമാക്കുന്നു. സിംഗപ്പൂരില്‍ നിന്നാണ് ഈ വൈറസ് ദക്ഷിണേന്ത്യയിലേക്ക് എത്തിയതെും പഠനം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം ഡെങ്കി പടര്‍ന്നു പിടിക്കാന്‍ കാരണം ഈ പുതിയ വൈറസാണെന്ന് പറയാന്‍ കഴിയില്ല എന്നും ഇപ്പോള്‍ ഇന്ത്യയില്‍ കാണപ്പെടുന്ന ആഫ്രോ അമേരിക്കന്‍ വൈറസ് തന്നെയാണ് പ്രധാന രോഗകാരിയെന്നും പഠനം നടത്തിയ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നുണ്ട്.
ആരോഗ്യ രംഗത്ത് രാജ്യത്ത് മുന്‍നിരയിലുള്ള കേരളത്തിലെ ഡെങ്കിപ്പനി മരണങ്ങള്‍ ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയാവുകയും കേരളത്തിലും തമിഴ്‌നാട്ടിലുമാണ് ഡെങ്കി ബാധിതരുടെ എണ്ണവും മരണപ്പെട്ടവരുടെ എണ്ണവും ഏറ്റവും കൂടുതല്‍ എന്ന ദേശീയ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് ബി.ജെ.പി അടക്കമുള്ളവര്‍ ഉയര്‍ത്തി കാട്ടുകയും ചെയ്തു.
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവം രാജ്യത്തുടനീളം ചര്‍ച്ചയായ സാഹചര്യത്തില്‍ കേരളത്തില്‍ ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള സമയത്ത് പകര്‍ച്ചപ്പനി ബാധിച്ച് 420 പേര്‍ മരിച്ചെന്ന കണക്കുകള്‍ ഉയിച്ചാണ് സംഘപരിവാര്‍ അതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചത്.
അതേ സമയം പകര്‍ച്ച വ്യാധികളെ നേരിടുന്ന കാര്യത്തില്‍ കേരളം രാജ്യത്തെ ഏതു സംസ്ഥാനത്തേക്കാളും മുന്‍പന്തിയില്‍ തന്നെയാണെന്നും , രോഗങ്ങളും മരണങ്ങളും കൃത്യമായി രേഖപ്പെടുത്തപ്പെടുതിനാലാണ് കേരളത്തിലെ കണക്കുകള്‍ ഉയര്‍ന്നിരിക്കുന്നതെന്നും ആരോഗ്യ രംഗത്തെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.
മറ്റു സംസ്ഥാനങ്ങളിലും ഡെങ്കു അടക്കമുള്ള പകര്‍ച്ചവ്യാധികളാല്‍ ധാരാളം ആളുകള്‍ മരിക്കുന്നുണ്ടെങ്കിലും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ ഔദ്യോഗിക കണക്കുകളില്‍ ഉള്‍പ്പെടാതെ പോകുകയോ ചെയ്യാറാണ് പതിവെന്നും ഈ രംഗത്തെ വിദഗ്ദയായ മുംബൈ പി.ഡി ഹിന്ദുജ ആശുപത്രിയിലെ മൈക്രോ ബയോളജിസ്റ്റ് ഡോ.കാമില റോഡ്രിഗസ് നിരീക്ഷിക്കുന്നു.
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകളുടെ എണ്ണം നിയന്ത്രിക്കുതില്‍ വീഴ്ച സംഭവിച്ചതാണ് പനി പടര്‍ന്നു പിടിക്കാന്‍ കാരണമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യനും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ.മോഹന്‍ദാസ് നായര്‍ പറയുന്നു..
ഡെങ്കിപ്പനി ഉണ്ടാകാന്‍ മൂന്ന് ഘടകങ്ങളാണ് വേണ്ടത്. രോഗം ബാധിക്കാന്‍ സാധ്യതയുള്ള ആളുകള്‍, രോഗകാരികളായ വൈറസ്, രോഗം പരത്തുന്ന കൊതുകുകള്‍. ചെറിയ അളവില്‍ കെട്ടി നില്‍ക്കുന്ന ശുദ്ധജലമാണ് ഈ കൊതുകുകളുടെ പ്രജനന കേന്ദ്രം. നഗരവത്കൃത ജീവിതരീതിയോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന ആവാസ വ്യവസ്ഥയാണ് ഈ കൊതുകുകള്‍ക്കുള്ളത്.
ഫ്രിഡ്ജിന് പിറകില്‍, ചെറിയ പാത്രങ്ങളില്‍, ചിരട്ടകളില്‍, നിര്‍മ്മാണ സ്ഥലങ്ങളില്‍ ചിതറിക്കിടക്കുന്ന ഉപയോഗശൂന്യമായ വസ്തുക്കളില്‍ ഒക്കെ കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ ഈ കൊതുകുകള്‍മുട്ടയിട്ട് പെരുകുന്നു. പ്ലാസ്റ്റിക് അടക്കമുള്ളവ വലിച്ചെറിയുന്ന ശീലവും ഇതിന് ആക്കം കൂട്ടൂന്നു. ഇതാണ് മഴ പെയ്യുതോടെ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരാന്‍ കാരണമാകുന്നത്. ഡോ.മോഹന്‍ദാസ് നായര്‍ പറഞ്ഞു.
നാലിനം വൈറസുകളാണ് ഡെങ്കിപ്പനിക്ക് കാരണമാകുന്നത്. ഇതില്‍ ഒരിനം വൈറസ് ബാധിച്ച് പനി വന്നയാള്‍ക്ക് അതേ വൈറസ് മൂലം പിന്നീട് രോഗം വരില്ല. എന്നാല്‍ മറ്റൊരിനം വൈറസ് കാരണം വീണ്ടും ഡെങ്കിപ്പനി വന്നാല്‍ അത് മരണകാരണമാകുന്ന തരത്തില്‍ മാരകമാകും. പലരും മുന്‍പൊരിക്കല്‍ ഡെങ്കിപ്പനി വന്നതാണെന്ന് അറിയാതെ സാധാരണ പനി എന്നാവും മനസിലാക്കിയിട്ടുണ്ടാവുക. അങ്ങനെയുള്ളവര്‍ക്ക് രണ്ടാമതൊരിനം വൈറസ് ബാധയിലൂടെ ഡെങ്കിപ്പനി ബാധിക്കുമ്പോള്‍ കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ 50% മരണസാധ്യതയുണ്ട്.
ഇങ്ങനെ രണ്ടാമതും പനി വന്നവരുടെ എണ്ണം കൂടിയതാണ് ഈ വര്‍ഷം ഡെങ്കി ബാധിച്ച് മരിച്ചവരുടെ എണ്ണം കൂടാന്‍ കാരണമെന്നും ഡോ.മോഹന്‍ദാസ് നായര്‍ വ്യക്തമാക്കി. അതേ സമയം തന്നെ ഇത്തരത്തില്‍ 50% മരണസാധ്യതയുള്ള ടevere Dengue ബാധിച്ചവരില്‍ അഞ്ച് ശതമാനത്തിലും താഴെയാണ് കേരളത്തിലെ മരണനിരക്ക് എന്നതും ശ്രദ്ധേയമാണ്. ഇത് കേരളത്തിലെ ശക്തമായ പൊതുജനാരോഗ്യ സംവിധാനത്തിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
രോഗവിവരങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നത് കൊണ്ട് കൂടിയാണ് കേരളത്തിലെ ഡെങ്കു ബാധിതരുടെ എണ്ണം രാജ്യത്ത് തന്നെ ഏറ്റവും കൂടുതലാവുന്നത്. മറ്റെവിടെയെങ്കിലും കേരളത്തിലെ പോലെ കൃത്യമായ റിപ്പോര്‍ട്ടിംഗോ ചികിത്സാ സംവിധാനങ്ങളോ മറ്റെവിടെയെങ്കിലും ഉണ്ടോയെന്ന് സംശയമാണെന്നും ഡോ.മോഹന്‍ദാസ് നായര്‍ പറഞ്ഞു.
എങ്കിലും കൊതുക് നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കിയില്ലെങ്കില്‍ ഈ വര്‍ഷം ഡെങ്കി ബാധിതര്‍ വളരെ കൂടുതല്‍ ആയതിനാല്‍ അടുത്ത വര്‍ഷം അതേ ആളുകള്‍ക്ക് വീണ്ടും പനി വരാനും മരണസംഖ്യ ഉയരാനും സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വര്‍ഷാവര്‍ഷം പടര്‍ന്നു പിടിക്കുന്ന പകര്‍ച്ചപ്പനി സാധാരണക്കാരായ മനുഷ്യരെ കടുത്ത പ്രതിസന്ധികളിലേക്കാണ് തള്ളി വിടുന്നത് . മൂന്ന് മാസത്തിനിടെ 22 ലക്ഷം ആളുകള്‍ പനി ബാധിതരാവുകയും 500 ഓളം ആളുകള്‍ മരിക്കുകയും ചെയ്തു എന്ന കണക്കുകള്‍ കേരളത്തിന്റെ ആരോഗ്യ മാതൃകയ്ക്ക് ഒരു തരത്തിലും അഭിമാനത്തിന് വഴി നല്‍കുന്നതല്ല.
കൃത്യമായ ആസൂത്രണത്തോടെ ശക്തമായ ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ വരും വര്‍ഷങ്ങളിലും ഡെങ്കിപ്പനി അടക്കമുള്ള പകര്‍ച്ചപ്പനികള്‍ ദുരിതം വിതക്കും എന്ന് തന്നെയാണ് പൊതുജനാരോഗ്യ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.