| Wednesday, 4th April 2018, 11:49 pm

ഓഖി ദുരതത്തിന് നാലുമാസം: കടലേ ശാന്തമായിട്ടുള്ളൂ, കരപറ്റിയവരുടെ മനസിലിപ്പോഴും കൊടുങ്കാറ്റാണ്

സിന്ധു നെപ്പോളിയൻ

“അവസാന നിമിഷം വരെയും ബോട്ടില്‍ പിടിച്ചുകിടക്കാനാണ് ശ്രമിച്ചത്. ദിശപോലും അറിയാനാവാത്ത വിധത്തില്‍ വീശുന്ന കാറ്റും എങ്ങുനിന്നൊക്കെയോ പൊങ്ങിത്താഴുന്ന കൂറ്റന്‍ തിരയും മൂലം വെള്ളത്തില്‍ ചാടാന്‍ ഒരല്‍പം പോലും മനസനുവദിക്കുന്നുണ്ടായിരുന്നില്ല. ഒന്നോ രണ്ടോ മണിക്കൂറുകള്‍ അള്ളിപ്പിടിച്ചു കിടന്നതിനൊടുവില്‍ ബോട്ട് പൂര്‍ണമായും മുങ്ങാന്‍ പോവുകയാണെന്ന് തിരിച്ചറിഞ്ഞതോടെ ഞങ്ങള്‍ എട്ടുപേരും കടലിലേക്ക് എടുത്ത് ചാടുകയായിരുന്നു.

കഷ്ടിച്ച് മൂന്നോ നാലോ മണിക്കൂറുകള്‍ക്ക് മുമ്പ്. ബോട്ടില്‍ വെള്ളം നിറയാന്‍ തുടങ്ങിയപ്പോള്‍ ജീവന്‍ രക്ഷിക്കാനുള്ള വെപ്രാളത്തില്‍ കടലിലേക്ക് ചാടിയ ഒപ്പമുണ്ടായിരുന്ന രണ്ടുപേരെയാണ് അപ്പോള്‍ ഓര്‍ത്തത്. ഞങ്ങളുടെയൊക്കെ കണ്‍മുന്‍പില്‍ വെച്ച് ആര്‍ക്കുമൊരു സൂചന പോലും തരാതെ വെള്ളത്തില്‍ മാഞ്ഞുപോയവര്‍. ഇന്നലെ വരെയും എനിക്കൊപ്പമുണ്ടായിരുന്നവര്‍. അതിലൊരുവന് എന്റെ അതേ പ്രായമായിരുന്നു.

നവംബര്‍ എട്ടാം തീയ്യതി ഞങ്ങള്‍ പത്തുപേരുമായി കരയില്‍ നിന്ന് തിരിച്ച ബോട്ടില്‍, ഓഖിയുണ്ടാവുന്നതിന് തലേന്ന് വരെയും ഒരുമിച്ച് പണിയെടുത്തും ഭക്ഷണമുണ്ടാക്കിക്കഴിച്ചും മൊബൈലില്‍ നാട്ടില്‍ നിന്ന് പോരുമ്പോഴേ ഡൗണ്‍ലോഡ് ചെയ്തിട്ട സിനിമകള്‍ കണ്ടുമൊക്കെ ഒരുപോലെ സമയം പങ്കിട്ടവരായിരുന്നു ഞങ്ങള്‍. ആ രണ്ട് പേരും ഇന്നില്ല. ജീവന്‍ രക്ഷിക്കാനുള്ള വെപ്രാളത്തില്‍ അവര്‍ എടുത്തുചാടിയത് മരണത്തിലേക്കായിരുന്നു.”

തിരുവനന്തപുരം പുല്ലുവിള സ്വദേശിയായ ഇരുപത്തിരണ്ടു വയസുകാരന്‍ തോമിസന്റെ വാക്കുകളാണിത്. തമിഴ്നാട്ടില്‍ നിന്നുള്ള ഒന്‍പതു പേര്‍ക്കൊപ്പം ഒരു മാസത്തോളം ഉള്‍ക്കടല്‍ മത്സ്യബന്ധനത്തിന് തിരിച്ചയാളായിരുന്നു തോമസ്. ഓഖിയുടെ താണ്ഡവത്തില്‍ ഏതു നിമിഷവും മരണമുറപ്പെന്ന് തോന്നിയപ്പോള്‍ ആ കൂട്ടത്തിലെ രണ്ടുപേര്‍ സ്വയംരക്ഷയ്ക്കെന്നോണം നീന്തിരക്ഷപ്പെടാന്‍ പോവുകയാണെന്ന് പറഞ്ഞ് കടലിലേക്ക് ചാടുകയായിരുന്നു. കൂടെയുള്ളവര്‍ തടയാന്‍ ശ്രമിച്ചപ്പോഴും അവര്‍ നിന്നില്ല.


Also Read: എന്നിട്ടുമെന്തിന് ആ ശസ്ത്രക്രിയ സങ്കീര്‍ണ്ണത കൂടി സ്ത്രീ ശരീരത്തിന്?


കോരിച്ചൊരിയുന്ന മഴയും ദിശപോലും അറിയാനാവാത്ത വിധം വീശുന്ന കാറ്റും കൂറ്റന്‍തിരമാലകളും ചേര്‍ന്ന് നടുക്കടലില്‍ ഒറ്റപ്പെട്ടുപോയതിനൊപ്പം ശക്തമായ തിരമാലയടിച്ച് ബോട്ടില്‍ വിള്ളലുണ്ടായി. വെള്ളം കേറാന്‍ തുടങ്ങിയപ്പോഴേക്കും നീന്തി രക്ഷപ്പടുകയേ ഇനി മാര്‍ഗ്ഗമുള്ളൂ എന്ന ഭയം പിടികൂടിയവരാണ് വെള്ളത്തിലേക്ക് എടുത്ത് ചാടിയത്. ബാക്കിയുള്ള എട്ടുപേര്‍ അപ്പോഴും മനസാന്നിധ്യം കൈവിട്ടില്ല. ബോട്ടുമുങ്ങാറായതോടെ ഒരുമിച്ച് കടലില്‍ ചാടിയ അവര്‍ ആറുമണിക്കൂറോളം ദിക്കറിയാതെ നീന്തി. ഒടുവില്‍ ആറാം മണിക്കൂറില്‍ നേവിയുടെ ഹെലികോപ്റ്റര്‍ സംഘം അവരെ കാണുകയും ഉടന്‍ തന്നെ ലൊക്കേഷന്‍ അറിയിച്ചുകൊണ്ട് അവിടെ എത്തിയ നേവിയുടെ കപ്പലില്‍ അവരെ രക്ഷിച്ച് അടുത്തുള്ള മിനിക്കോയ് ദ്വീപില്‍ എത്തിക്കുകയും ചെയ്യുകയായിരുന്നു.

മൂന്ന് ദിവസത്തോളം അവിടുത്തെ തുറസ്സായ കടപ്പറത്ത് വെള്ളവും, ദിവസത്തിലൊരിക്കല്‍ മാത്രം കിട്ടിയ ബന്നും കഴിച്ച് മഴ മുഴുവനും നനഞ്ഞ് കിടന്നവരില്‍ തങ്ങള്‍ എട്ടുപേര്‍ക്ക് പുറമേ എങ്ങുനിന്നൊക്കെയോ അവിടെ രക്ഷപ്പെട്ടെത്തിയ നാല്‍പതോളം പേരുമുണ്ടായിരുന്നെന്ന് തോമസ് ഓര്‍ക്കുന്നു. നാലാം ദിവസം കൊച്ചിയിലോട്ടുള്ള കപ്പലില്‍ കയറുകയും സുരക്ഷിതരായി നാട്ടിലെത്തുകയും ചെയ്യുകയായിരുന്നു.

കൊച്ചിയിലിറങ്ങിയപ്പോള്‍ ആരോ കയ്യില്‍ രണ്ടായിരം രൂപ വച്ച് തന്നപ്പോള്‍ ഇനിയങ്ങോട്ടുള്ള ദാരിദ്ര്യത്തെ നേരിടാന്‍ അതെങ്കിലും കിട്ടിയല്ലോ എന്ന ആശ്വാസമായിരുന്നു തോമസിന്.

തിരികെ വീട്ടിലെത്തിയതില്‍ പിന്നെ ഉറക്കവും സമാധാനവും നഷ്ടപ്പെട്ട നാളുകളായിരുന്നു തോമസിനെ കാത്തിരുന്നത്. ബോട്ടു മുങ്ങുന്നതിന് മുമ്പുള്ള അവസാന നിമിഷങ്ങളും ജീവന്‍ കയ്യില്‍പിടിച്ച് നീന്തിയതും കൂട്ടത്തിലുണ്ടായിരുന്ന രണ്ടുപേരുടെ ദാരുണമായ അന്ത്യവും ദ്വീപില്‍ അഭയാര്‍ത്ഥിയായി ജീവിച്ച മൂന്ന് ദിവസങ്ങളുമെല്ലാം പേടിപ്പെടുത്തുന്ന അദ്ധ്യായങ്ങളായി തുടര്‍ച്ചയായി അവനെ പിന്തുടര്‍ന്നു. അതിനെ ചെറുക്കാന്‍ തോമസ് അഭയം പ്രാപിച്ചത് മറ്റുപല മത്സ്യത്തൊഴിലാളികളെയും പോലെ മദ്യത്തിലായിരുന്നു.

തോമസിനെ കാണാന്‍ അതിന് മുമ്പ് രണ്ട് തവണ വീട്ടില്‍ പോയപ്പോഴും അദ്ദേഹം മദ്യലഹരിയിലായിരുന്നു. അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് പന്ത്രണ്ടാം വയസു മുതല്‍ കടലില്‍ പോവാന്‍ തുടങ്ങിയ തോമസിനും മത്സ്യക്കച്ചവടത്തിന് പോവുന്ന അമ്മയുടെയും വരുമാനത്തിലാണ് മൂന്ന് പെണ്‍കുട്ടികള്‍ കൂടിയുള്ള ആ വീട് കഴിഞ്ഞ് പോവുന്നത്. രക്ഷപ്പെട്ടെത്തിയതിനൊടുവിലെ രണ്ടാഴ്ചത്തെ വിശ്രമത്തിനു ശേഷം മദ്യം നല്‍കിയ ബലത്തില്‍ തോമസ് ഇന്ന് വീണ്ടും മത്സ്യബന്ധനത്തിന് പോവുന്നു.


Must Read: മേഘാലയയിലെ അത്ഭുത ഗുഹകള്‍!!!


തോമസിനെ കൊച്ചിയിലെത്തിച്ചതോടെ ഉത്തരവാദിത്വം അവസാനിപ്പിച്ച സ്റ്റേറ്റിന്റെ അഭാവത്തില്‍, കൗണ്‍സിലിംഗ് കൊണ്ട് ജീവിതത്തിലേക്ക് തിരികെയെത്തിക്കാമായിരുന്ന ആ ചെറുപ്പക്കാരന്‍ ഇപ്പോള്‍ മദ്യത്തിലാണ് സ്വയം വിശ്വസിക്കുന്നതെന്ന് പറയുമ്പോള്‍, ഇതാണ് ഇവിടുത്തെ ഭൂരിഭാഗം മത്സ്യത്തൊഴിലാളികളുടെയും അവസ്ഥ എന്ന് തിരിച്ചറിയുമ്പോവാണ് സുനാമിയും ഓഖിയും പോലുള്ള ഭീകര ദുരന്തങ്ങളില്‍ മാത്രം നിങ്ങളുടെ ശ്രദ്ധപതിയേണ്ടവരല്ല ഇവിടുത്തെ മത്സ്യത്തൊഴിലാളികള്‍ എന്നാവര്‍ത്തിച്ച് പറയേണ്ടി വരുന്നത്.

മുപ്പത്തിയഞ്ച് വര്‍ഷമായി കടലില്‍ പണിക്ക് പോവുന്ന താന്‍ ജീവിതത്തിലാദ്യമായിട്ടാണ് ഇത്രയും മോശമായൊരു അവസ്ഥയില്‍ കടലിനെ കാണുന്നതെന്ന് പൂവാറിലെ കടപ്പുറത്തിരുന്ന് ബെഞ്ചമിനും കൂട്ടരും പറയുമ്പോള്‍ അന്നേവരെയില്ലാത്തൊരു അനിശ്ചിതാവസ്ഥയായിരുന്നു അദ്ദേഹത്തിന്റെ മുഖത്ത് കണ്ടത്. കമിഴ്ന്ന വള്ളത്തില്‍ പിടിച്ച് ആരെങ്കിലും രക്ഷിക്കാന്‍ വരുന്നതും കാത്ത് കിടന്നപ്പോള്‍ ജീവന്‍ പിടിച്ചുനിര്‍ത്താന്‍ തുണയായത് മഴവെള്ളമായിരുന്നെന്ന് അവര്‍ ഓര്‍ക്കുന്നു. ഇട്ടിരുന്ന ടീഷര്‍ട്ടില്‍ മഴവെള്ളം വീണുണ്ടായ ഈര്‍പ്പം ചുണ്ടുചേര്‍ത്ത് വച്ച് വലിച്ചെടുത്തുകൊണ്ട് തൊണ്ട വരളാതിരിക്കാന്‍ ശ്രമിച്ചവരുടെ അവസ്ഥ സങ്കല്‍പ്പിച്ചു നോക്കൂ.

കേരളത്തില്‍ നിന്ന് ഓഖിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആശ്രിതരില്‍ ഏറെക്കുറേ എല്ലാവര്‍ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം കൈമാറിയെന്നതില്‍ ആശ്വാസത്തിന് വകയുണ്ട്. എന്നിരുന്നാലും കാണാതെ പോയവരായ നൂറ്റിയറുപതോളം പേരുടെ കുടുംബങ്ങളെ ഇനി എന്ത് ചെയ്യണമെന്ന് ആര്‍ക്കും വലിയ ഊഹമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സാധാരണ കടലില്‍ വെച്ച് ഒരാളെ കാണാതായാല്‍ ഏഴും വര്‍ഷം കഴിഞ്ഞിട്ടും അയാള്‍ തിരിച്ചെത്തിയില്ലെങ്കില്‍ മാത്രമാണ് അയാള്‍ മരണപ്പെട്ടതായി പ്രഖ്യാപിച്ച് കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാറുള്ളൂ.

ഓഖിയുടെ കാര്യത്തില്‍ സ്ഥിതി തീര്‍ത്തും വ്യത്യസ്തമായതിനാലും കാണാതായവരുടെ എണ്ണം വളരെയധികമായതിനാലും ഈ നടപടിക്രമം പ്രായോഗികമല്ലെന്ന് അധികൃതര്‍ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. ഒരു മാസത്തിനുള്ളില്‍ അവര്‍ തിരിച്ചെത്തിയില്ലെങ്കില്‍ കാണാതായവരുടെ ആശ്രിതര്‍ക്കും മരിച്ചവരുടേതിന് തുല്യമായ പുനരധിവാസ പാക്കേജുകള്‍ നല്‍കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും, ഓഖി വന്ന് പോയിട്ട് ഇപ്പോള്‍ ഏകദേശം നാലുമാസത്തോളമാവുമ്പോഴും അത് പ്രഖ്യാപനം മാത്രമായി തുടരുകയും കാണാതായവരുടെ കുടുംബങ്ങള്‍ നിശബ്ദരായിക്കൊണ്ട് മുന്നോട്ടുള്ള ജീവിതം കരുപ്പിടിപ്പിക്കാനുള്ള വഴിയിലേക്ക് സ്വയം തിരിയുകയും ചെയ്തിരിക്കുന്നു.

“ദുരന്തത്തിന്റെ ആഴം മുന്‍കൂട്ടി മനസിലാക്കാനോ ദുരന്തമുണ്ടായതിനൊടുവില്‍ നടന്ന രക്ഷാപ്രവര്‍ത്തനങ്ങളെ കൃത്യമായി കൈകാര്യം ചെയ്യാനോ സാധിക്കാതെപോയ ഒരു സംവിധാനത്തോട് ഇനിയും ബോഡി പോലും കണ്ട് കിട്ടിയിട്ടില്ലാത്ത എന്റെ ഭര്‍ത്താവിന്റെ പേരിലുള്ള നഷ്ടപരിഹാരത്തിന് വേണ്ടിയും ഞാന്‍ അവര്‍ക്കുമുന്നില്‍ പോയി കൈനീട്ടേണ്ടി വരണമെന്ന് പറയുന്നത് എത്ര ദാരുണമാണെന്ന് നിങ്ങള്‍ തന്നെയൊന്ന് ചിന്തിച്ച് നോക്കൂ” എന്ന് ഓഖിയില്‍ കാണാതായ ഭര്‍ത്താവിന്റെ ചിത്രത്തിന് മുന്നിലിരുന്ന് പൂന്തുറയിലുള്ള ലിസി എന്ന സ്ത്രീ ചോദിക്കുമ്പോള്‍ ഉത്തരമൊന്നും കൊടുക്കാനാവാതെ തലതാഴ്ന്ന് പോയി.

മാസങ്ങള്‍ക്ക് മുമ്പേ കഴിഞ്ഞു പോയൊരു ദുരന്തത്തെപ്പറ്റി അതിന്റെ അവശേഷിപ്പുകളായ മനുഷ്യരെപ്പറ്റി വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടേയിരിക്കേണ്ടി വരുന്നതിന്റെ ദുരവസ്ഥയിലാണ് ഇപ്പോഴും കാര്യങ്ങളുള്ളത്. നീതി തുല്യതയോടെ എല്ലാവര്‍ക്കും ലഭിക്കേണ്ടതാണെന്ന പൂര്‍ണ ബോധ്യമാണ് ഇങ്ങനെ വീണ്ടും വീണ്ടും പറയാന്‍ പ്രേരിപ്പിക്കുന്നത്. കാരണം മറ്റൊന്നുമല്ല, ഇവിടെ നഷ്ടങ്ങളുടെ ത്രാസ് താഴ്ന്നിരിക്കുന്നത് മത്സ്യത്തൊഴിലാളികളുടെ ഭാഗത്താണ്. അവര്‍ക്കുവേണ്ടി സംസാരിച്ചുകൊണ്ടേയിരുന്നില്ലെങ്കില്‍ അവര്‍ പെട്ടെന്ന് നമ്മള്‍ മലയാളികളുടെ ഓര്‍മ്മയില്‍ നിന്നും ദൃഷ്ടിയില്‍ നിന്നും മാഞ്ഞുപോവുമെന്ന് ഇതുവരെയുള്ള അനുഭവങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇനിയുമത് ആവര്‍ത്തിക്കാതിരിക്കാനാണ് ഈ ഓര്‍മ്മപ്പെടുത്തല്‍.

ഓഖി ദുരന്തബാധിതരുടെ നിലവിലെ യാഥാര്‍ത്ഥ്യങ്ങള്‍ ഒരേസമയം ആശ്വാസവും ആശങ്കയും ഉളവാക്കുന്നതാണ്. ഓഖിയില്‍പ്പെട്ട് അപകടമരണം സംഭവിക്കുകയും മൃതശരീരം കണ്ടുകിട്ടുകയും ചെയ്ത എണ്‍പത്തിനാലുപേരില്‍ ഉള്‍പ്പെട്ടിട്ടുള്ള മലയാളികളുടെ ആശ്രിതര്‍ക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ ചേര്‍ന്ന് സംയുക്തമായി അനുവദിച്ച ഇരുപതുലക്ഷം രൂപ ആളൊന്നിനെന്ന കണക്കില്‍ ട്രഷറികള്‍ വഴി കൈമാറിയിരുന്നു. ആര്‍ക്കുംതന്നെ ഈ തുക മുഴുവനായി ലഭിച്ചിട്ടില്ല. എല്ലാ മാസവും ട്രഷറിയില്‍ നിന്നും ഇതിന്റെ പലിശയായി. ഒരു നിശ്ചിത തുക അവര്‍ക്കു ലഭിക്കുന്ന തരത്തിലാണ് തുക കൈമാറിയത്. കല്ല്യാണമോ വീടുനിര്‍മാണമോപോലുളള അവസരങ്ങളില്‍ അവര്‍ക്ക് ആവശ്യമായ കാശ് ഇതില്‍ നിന്നും എടുക്കുകയും ചെയ്യാം. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ ഒരര്‍ത്ഥത്തില്‍ സാമ്പത്തിക സുരക്ഷയെങ്കിലും ആര്‍ജിച്ചിട്ടുണ്ട്.

മുമ്പ് സൂചിപ്പിച്ചിട്ടുള്ളത് പോലെ കാണാതായവരുടെ വീടുകള്‍ ഇപ്പോഴും പട്ടിണിയിലും ദാരിദ്ര്യത്തിലും തന്നെയാണ്. അപകടം നടന്ന് നാലുമാസം കഴിഞ്ഞ നിലയ്ക്ക് ഇനിയും അവര്‍ തിരികെ എത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമേതുമില്ല. കേരളത്തില്‍ നിന്നുമാത്രം നൂറ്റിപ്പത്തോളം പേരും കേരളവും തമിഴ്‌നാടും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ചേര്‍ന്ന് കാണാതായവരുടെ എണ്ണം മുന്നൂറോളം വരുമെന്നും ഓര്‍ക്കുക. ഇത്രയും കുടുംബങ്ങള്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കിട്ടിയ നഷ്ടപരിഹാരത്തുകയ്ക്ക് അര്‍ഹതപ്പെടുന്നവരാണ്. തുല്യനീതിക്കുവേണ്ടി ഇവരില്‍ എത്രകാലം കൂടി കാത്തിരിക്കണമെന്ന ചോദ്യം പ്രസക്തമാകുന്നു.

ഓഖിയില്‍ മരിച്ചവരുടെയും കാണാതായവരുടെയും കണക്കുകളിലെ ആശയക്കുഴപ്പം വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളില്‍ തുടക്കംമുതലേ ഉണ്ടായിരുന്നു. ഇപ്പോഴും ഒരു ഏകീകൃത കണക്ക് പ്രസിദ്ധീകരിക്കാന്‍ റവന്യൂവകുപ്പിനും ഫിഷറീസ് വകുപ്പിനും സാധിച്ചിട്ടില്ലെന്നുവേണം കരുതാന്‍. മത്സ്യത്തൊഴിലാളി സമൂഹത്തിനോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന ഒരു ഇന്‍സ്റ്റിറ്റിയൂഷന്‍ എന്ന നിലയില്‍ ലത്തീന്‍ അതിരൂപതയുടെ കണക്കും പ്രാധാന്യമര്‍ഹിക്കുന്നു. അതാവട്ടെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കണക്കില്‍ നിന്നും വലിയ വ്യത്യാസമുള്ളതുമാണ്. ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രൂപത പുറപ്പെടുവിച്ച കണക്കുകളാണ്.

സിന്ധു നെപ്പോളിയൻ

ഐ.ഐ.ടി മദ്രാസില്‍ റിസര്‍ച്ച് അസോസിയേറ്റ്. തിരുവനന്തപുഷം ജില്ലയിലെ പുല്ലുവിള എന്ന മത്സ്യബന്ധന ഗ്രാമമാണ് സ്വദേശം. Coastal Students Cultural Forum, Friends of Marine Life എന്നീ എൻ.ജി.ഒ.കളിൽ പ്രവർത്തിക്കുന്നു.

We use cookies to give you the best possible experience. Learn more