| Wednesday, 16th July 2014, 11:37 am

ആധാര്‍: സുപ്രീം കോടതി വിധി കാറ്റില്‍ പറത്തി വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുന്നതിന് ആധാര്‍കാര്‍ഡ് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. 2013, 14 കാലങ്ങളിലെ സുപ്രീം കോടതി വിധിയെ കാറ്റില്‍ പറത്തിക്കൊണ്ടാണ് സര്‍ക്കാര്‍ ഇത് ചെയ്തിരിക്കുന്നത്. ഇത് എന്തിനാണെന്നും വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ തലങ്ങളിലുള്ള അധികാരകേന്ദ്രങ്ങള്‍ ആധാര്‍ വിഷയത്തോട് വെച്ചുപുലര്‍ത്തുന്ന വ്യത്യസ്ത നിലപാടുകളും doolnews.comന് ലഭിച്ച പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ തുറന്നുകാട്ടുന്ന എക്‌സക്ലൂസീവ് റിപ്പോര്‍ട്ട്.



സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് | ഷഫീക്ക് എച്ച്.


കോഴിക്കോട്: സേവനാവശ്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീം കോടതിയുടെ വിധി ലംഘിച്ചുകൊണ്ട് സംസ്ഥാനവ്യാപകമായി സ്‌കൂള്‍ പ്രവേശനത്തി ന് സര്‍ക്കാര്‍ ആധാര്‍ പദ്ധതി നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ആധാറുമായി ബന്ധപ്പെട്ട് ഉന്നതാധികാരികള്‍ക്കിടയില്‍ ഏകാഭിപ്രായമോ വ്യക്തതയോ ഇല്ല എന്നുള്ളതിന്റെ ഏറ്റവും പുതിയ തെളിവുകള്‍ doolnews.comന് ലഭിച്ചു.

വിദ്യാഭ്യാസ വകുപ്പില്‍ വിവിധ തലങ്ങളിലെ  അധികാരികള്‍ വ്യത്യസ്തങ്ങളായ ഉത്തരങ്ങളാണ് ആധാറുമായി ബന്ധപ്പെട്ട ഒരേ ചോദ്യങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകന്‍ അബ്ദുള്‍ റഷീദ് മക്കടക്ക് വിവരാവകാശ നിയമ പ്രകാരം വിവിധ വിദ്യാഭ്യാസ അധികാര കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച മറുപടികളിലും രേഖകളിലുമാണ് ആധാര്‍ വിഷയത്തില്‍ അധികാരികള്‍ക്കുള്ള അവ്യക്തതകളും സര്‍ക്കാരിന്റെ നിയമലംഘനവും കള്ളക്കളിയും വ്യക്തമാക്കപ്പെടുന്നത്.


question and answer adhaar1.pdf
http://viewer.docstoc.com/
ആര്‍.ടി.ഐ ആക്ട് പ്രകാരം പൊതു വിദ്യാഭ്യാസ ബോര്‍ഡ്, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം എന്നിവ നല്‍കിയ മറുപടികള്‍. പി.ഡി.എഫിനുള്ളില്‍ ക്ലിക്ക് ചെയ്താല്‍ ഓരോ പേജും കാണാവുന്നതാണ്.


ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്ക് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും ജില്ലാ വിദ്യാഭ്യാസ വകുപ്പും കോഴിക്കോട് ഡി.പി.ഐയും വ്യതസ്തങ്ങളായാണ്  ഉത്തരങ്ങള്‍ നല്‍കിയിരിക്കുന്നത്. കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണോ?  ഇതു സംബന്ധിച്ച വല്ല ഓര്‍ഡറും ലഭിച്ചിട്ടുണ്ടോ?  എന്ന ചോദ്യങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ലഭിച്ച ഉത്തരം കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാണ് എന്നായിരുന്നു. മാത്രവുമല്ല 2011 ഏപ്രില്‍ 10ന് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് ജി.ഒ (പി) 100/11/G.Edn പ്രകാരം കേരള വിദ്യാഭ്യാസ അവകാശ ചട്ടങ്ങളില്‍ ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ഇതേ ചോദ്യങ്ങള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലും  കോഴിക്കോട് ജില്ല വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിലും എഴുതി ചോദിച്ചപ്പോള്‍ രണ്ടിടത്തു നിന്നും വ്യത്യസ്തങ്ങളായ ഉത്തരങ്ങളാണ് ലഭിച്ചത്. കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ല എന്നായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും ലഭിച്ച ഉത്തരം. അതേസമയം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നല്‍കുന്ന ഉത്തരം നേര്‍ വിപരീതമാണ്. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ് എന്നാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉത്തരം നല്‍കിയിരിക്കുന്നത്.

 

റദ്ദാക്കപ്പെട്ട വിധിയെ ചുവടുപിടിച്ചുള്ള നീക്കം!!!

ബയോമെട്രിക് ഡാറ്റകള്‍ ഉള്ളടങ്ങിയിട്ടുള്ള യുണീക്ക് ഐഡന്റിഫിക്കേഷന്‍ കാര്‍ഡാണ് ആധാര്‍ കാര്‍ഡ്. അനധികൃത അദ്ധ്യാപക നിയമനം ഒഴിവാക്കുന്നതിനാണ് സ്‌കൂള്‍ അഡ്മിഷന് ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അവകാശവാദം. 2013 ഫെബ്രുവരി ആറിലെ സുപ്രീം കോടതി വിധിയെ അടിസ്ഥാനമാക്കിയാണ് ഇത് നടപ്പാക്കുന്നതെന്നും സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നുണ്ട്.  958/13 നമ്പര്‍ സിവില്‍ അപ്പീലിലായിരുന്നു സുപ്രീം കോടതി സ്‌കൂള്‍ പ്രവേശനത്തിന് ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നത്.


ജി.ഒ. (പി) നം 100/2011/G.Edn. എന്ന സര്‍ക്കാര്‍ ഉത്തരവിന്റെ 16, 17 പേജുകളില്‍ ആധാര്‍ നിര്‍ബന്ധമാക്കിക്കിയിരിക്കുന്ന ഭാഗം.

കേരള റൈറ്റ് ഓഫ് ചില്‍ഡ്രന്‍ റ്റു ഫ്രീ ആന്റ് കമ്പല്‍സറി എജ്യൂക്കേഷന്‍ റൂള്‍ എന്നാണ് ഈ ഓര്‍ഡറിന്റെ ടൈറ്റില്‍.


958/13 നമ്പര്‍ സിവില്‍ അപ്പീലിലായിരുന്നു സുപ്രീം കോടതിവിധിയില്‍ ആധാര്‍ നടപ്പാക്കണമെന്ന് പറയുന്ന ഭാഗം (പേജ് 15)


എന്നാല്‍ ഈ വിധിയെ അസാധുവാക്കിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ഏറ്റവും പുതിയ വിധി വന്നിരിക്കുന്നത്. പുതിയ വിധി വന്നതോടെ ആധാറുമായി ബന്ധപ്പെട്ട പഴയ വിധി അസാധുവാകുകയായിരുന്നു. അത്തരത്തില്‍ അസാധുവായ വിധിയെ ഉപയോഗിച്ച് ആധാര്‍ നിര്‍ബന്ധമാക്കുന്നത് നിയമലംഘനമാണ്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അതിന് അവകാശമില്ല.

2013 സെപ്റ്റംബറിലാണ്  ആധാറിനെതിരെ പുതിയ വിധി വന്നിരിക്കുന്നത്. പുതിയ വിധിപ്രകാരം സര്‍ക്കാര്‍ സേവനങ്ങള്‍ക്കൊന്നും ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ല. എല്ലാ കാര്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി ജനങ്ങള്‍ക്ക് സേവനങ്ങള്‍  നിഷേധിക്കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ആധാറില്ലാതെ സേവനങ്ങള്‍ നല്‍കില്ലെന്ന സര്‍ക്കാര്‍ നിലപാട് മൗലികാവകാശലംഘനമാണെന്ന ഹര്‍ജിക്കാരന്റെ വാദവും കോടതി ശരിവെയ്ക്കുകയായിരുന്നു.

ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയ്ക്കുള്ള അവകാശം (അനുഛേദം 14), ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം (അനുഛേദം 21) എന്നിവയുടെ ലംഘനമാണ് ആധാറും ബയോമെട്രിക്‌സ് ഡാറ്റാ ശേഖരണവുമെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക ഹൈക്കോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് കെ.എസ് പുട്ടസ്വാമി നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി. ജസ്റ്റിസ് ബി.എസ്. ചൗഹാന്‍, എസ്.എ. ബോബ്ദേ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചിരുന്നത്.

ഇപ്പോള്‍ doolnews.comന് ലഭിച്ചിരിക്കുന്ന രേഖകള്‍ വ്യക്തമാക്കുന്നത് സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും നിലവിലില്ലാത്ത ഒരു വിധിയുടെ മറവിലാണ് വിദ്യാര്‍ത്ഥികളുടെ ബയോമെട്രിക് വിവരങ്ങള്‍ ചോര്‍ത്തുന്നത് എന്നാണ്. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം കൂടിയാണ് ഇത്. 18 വയസില്‍ താഴെയുള്ളവരെ ബയോമെട്രിക് പരിശോധനയ്ക്ക് വിധേയമാക്കുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ ചോദ്യം ചെയ്തിട്ടുണ്ട്. കേരളത്തിലെ വിദ്യാര്‍ത്ഥികളെ ഇതിനോടകം തന്നെ സംസ്ഥാന സര്‍ക്കാര്‍ ബയോമെട്രിക് ടെസ്റ്റുകള്‍ക്ക് വിധേയമാക്കിയിരിക്കുന്നു. അത് തുടുകയും ചെയ്യുന്നു.

ആധാര്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാവാത്തവരില്‍ നിന്ന് ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് നിയമലംഘനമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. സര്‍ക്കാര്‍ ശേഖരിക്കാന്‍ ആഗ്രഹിക്കുന്ന ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ മറ്റൊരു ഏജന്‍സിക്ക് കൈമാറുന്നതിന് ആധാര്‍ കാര്‍ഡ് ഹോള്‍ഡറുടെ മുന്‍കൂര്‍ അനുവാദം വേണമെന്നും കോടതി വിശദീകരിച്ചിരുന്നു. ഇത്രയും സുവ്യക്തമാണ് കോടതിയുടെ വിധിയും നിര്‍ദ്ദേശങ്ങളുമെന്നിരിക്കെ വിദ്യാര്‍ത്ഥികളുടെ ബയോമെട്രിക് വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നത് മാന്റാമസ് റിട്ടിലൂടെ ചോദ്യം ചെയ്യാവുന്ന കാര്യം കൂടിയാണ്.

ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവുകള്‍ പിന്‍വലിക്കണമെന്ന്‌ സുപ്രീം കോടതി. പിന്‍വലിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍.

2014 മാര്‍ച്ച് 23ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനു നല്‍കിയ നിര്‍ദ്ദേശത്തില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയുള്ള എല്ലാ നിര്‍ദ്ദേശങ്ങളും ഉത്തരവുകളും പിന്‍വലിക്കണമെന്ന് പറഞ്ഞിരുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്നും ഇതു സംബന്ധിച്ച എല്ലാ ഉത്തരവുകളും പിന്‍വലിക്കണമെന്നുമായിരുന്നു ഉത്തരവ്. ആധാറിന്റെ ഭരണഘടനാപരമായ സാധുതയെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലായിരുന്നു സുപ്രീം കോടതി ഇത്തരമൊരു നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിന് നല്‍കിയിരിക്കുന്നത്.

ഈ നിര്‍ദ്ദേശത്തെയും കാറ്റില്‍ പറത്തുന്നു എന്നാണ് ഡൂള്‍ന്യൂസ്.കോമിന് ലഭിച്ചിരിക്കുന്ന രേഖകള്‍ വ്യക്തമാക്കുന്നത്. ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് നിലവിലുണ്ടെങ്കില്‍ അതിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നല്‍കിയിരുക്കുന്നതെല്ലാം തന്നെ പഴയ ഉത്തരവുകള്‍. ഇത്തരം ഉത്തരവുകള്‍ പിന്‍വലിക്കണമെന്നാണ് സുപ്രീം കോടതി വിധി. 2011ലെ സര്‍ക്കാര്‍ ഉത്തരവ്, 2013 ഫെബ്രുവരിയിലെ വിധി എന്നിവയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്  സ്‌കൂള്‍ പ്രവേശനത്തിന് ആധാര്‍ നിര്‍ബന്ധമാണെന്നതിന് തെളിവായി നല്‍കിയിരിക്കുന്നത്.


പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും ഇറക്കിയിട്ടുള്ള സര്‍ക്കുലറുകള്‍. അവയുടെ തീയ്യതികള്‍ വട്ടത്തിനുള്ളില്‍. 2012ലെ സര്‍ക്കുലര്‍റില്‍ ആധാര്‍ ആധാര്‍ നിര്‍ബന്ധമാക്കുന്ന ഭാഗം മാര്‍ക്ക് ചെയ്തിരിക്കുന്നു.


എന്നാല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം പിന്തുടരുന്നതാകട്ടെ 2010ലെ ഓര്‍ഡര്‍, 2010 ഓഗസ്റ്റ്, 2012 ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍, 2013 ജൂണ്‍ എന്നീ മാസങ്ങളില്‍ പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കുലറുകള്‍ എന്നിവയാണ്. ഇവയെല്ലാം തന്നെ 2013 സപ്തംബറിലെ സുപ്രീം കോടതി വിധിക്കും 2014 മാര്‍ച്ച് 23ലെ സുപ്രീം കോടതി നിര്‍ദ്ദേശത്തിനും മുമ്പുള്ളതാണ്. മാത്രവുമല്ല സുപ്രീം കോടതി ഇത്തരം ഉത്തരവുകളും സര്‍ക്കുലറുകളും പിന്‍വലിക്കണമെന്ന് വ്യക്തമായി നിര്‍ദ്ദേശിച്ചിരിക്കുന്നതിനാല്‍  ഈ ഉത്തരവുകളെല്ലാം അസാധുവാക്കപ്പെട്ടതുമാണ്. എന്നാല്‍ ഇപ്പോഴും ഇത് പിന്തുടരുന്നു എന്നത് രാജ്യത്ത് നിലനില്‍ക്കുന്ന നിയമ സംവിധാനങ്ങള്‍ക്കെതിരെ ഉയര്‍ത്തുന്ന കടുത്ത വെല്ലുവിളികളാണ്. മനുഷ്യാവകാശ ലംഘനങ്ങളുമാണ്.

വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍  “വേണ്ട/ണം”

ഡൂള്‍ന്യൂസ്.കോമിന് ലഭിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നത് ആധാര്‍ നിര്‍ബന്ധമാക്കുന്നതിലെ കേരള സര്‍ക്കാരിന്റെ  കള്ളക്കളികളാണ്. 2011 ഫെബ്രുവരിയിലെ സുപ്രീം കോടതി വിധിയില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം വ്യാജ അഡ്മിഷനുകളും അനധികൃത അധ്യാപക നിയമനങ്ങളും തടയുന്നതിനുവേണ്ടിയാണ് ബയോമെട്രിക്/യു.ഐ.ഡി/ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരിക്കുന്നത് എന്നാണ് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് നല്‍കിയിരിക്കുന്ന മറുപടി. അതിനാല്‍ തസ്തിക നിര്‍ണയത്തിനല്ലാതെ കുട്ടികളുടെ അഡ്മിഷന്‍, ആനുകൂല്യങ്ങള്‍ എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമില്ല എന്നും വകുപ്പ് ഉത്തരം നല്‍കുന്നു.

ഇതില്‍ നിന്നും വ്യത്യസ്തമായ മറുപടികളാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും ലഭ്യമായിരിക്കുന്നത്. “ഇതോടൊപ്പം ഉള്ളടക്കം ചെയ്തിട്ടുള്ള ഉത്തരവില്‍ പ്രതിപാദിച്ചിട്ടുണ്ട്” എന്നായിരുന്നു ആ മറുപടി. എന്നാല്‍ അതോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കുന്ന രേഖകളില്‍ ജി.ഒ. (എം.എസ്.) നം.27/2010/ഐറ്റിഡി (2010 ഓഗസ്റ്റ് 20) എന്ന നമ്പറിലുള്ള ഒരു ഉത്തരവ് മാത്രമാണ് ഉണ്ടായിരുന്നത്. അതില്‍ ആധാര്‍ ഏതൊക്കെ ആവശ്യങ്ങള്‍ക്കാണ് നിര്‍ബന്ധമെന്ന് പറഞ്ഞിട്ടില്ല. അതേസമയം ഇതേ  കാര്യാലയത്തില്‍ നിന്നും 2012 ഡിസംബര്‍ 12ന് ഇറക്കിയിട്ടുള്ള സര്‍ക്കുലറില്‍ അതിനെ പറ്റി വിശദീകരിക്കുന്നുണ്ട്. അതിങ്ങനെയാണ്;

“അടുത്ത അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഫലപ്രദമായ ആസൂത്രണം, നടത്തിപ്പ്, അധ്യാപക പാക്കേജ് നടപ്പിലാക്കല്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, ഗ്രാന്റ്, സര്‍ട്ടിഫിക്കറ്റ് വിതരണം, വിവിധ മത്സരങ്ങളിലും മേളകളിലും പങ്കെടുക്കുന്നതിനുള്ള അവസരം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ യു.ഐ.ഡി. അധിഷ്ഠിതമായി നടപ്പാക്കുന്നതിന് തീരുമാനിച്ചിരിക്കുകയാണ്.”

2012 ഫെബ്രുവരി 10ന് ഇറക്കിയ സര്‍ക്കുലര്‍. ഇതില്‍ വിദ്യാര്‍ത്ഥിതകളുടെ ഏതെല്ലാം ആവശ്യങ്ഹള്‍ക്കാണ് ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കുന്നു.

ഇതേ കാര്യങ്ങള്‍ 2012 ഏപ്രില്‍ 30നുള്ള സര്‍ക്കുലറിലും ആവര്‍ത്തിക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ടുകളാണ് ഇപ്പോഴും പിന്തുടരുന്നത് എന്നാണ് കാര്യാലയം നല്‍കുന്ന മറുപടി. ഇതാകട്ടെ “അനധികൃത അധ്യപനം തടയുന്നതിനുവേണ്ടി മാത്ര”മാണെന്ന  പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിന് നേര്‍ വിപരീതവുമാണ്. മാത്രവുമല്ല വ്യാജ അഡ്മിഷനുകളും അനധികൃത അധ്യാപക നിയമനവും തടയുന്നത് മാത്രം ഉദ്ദേശിച്ചുള്ളതല്ല ഇതെന്നും വ്യക്തമാവുന്നുണ്ട്.

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് എല്ലാ ആവശ്യങ്ങള്‍ക്കും സ്‌കൂള്‍ അധികൃതര്‍ ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നതിന്റെ അടിസ്ഥാനം ഇതാണ്. ഇതും മേല്‍ പറഞ്ഞ പോലെ സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനം തന്നെയാണ്.

ഇത് കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും ലഭിച്ചിട്ടുള്ള മറുപടിയില്‍ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. ഏതെല്ലാം ആവശ്യങ്ങള്‍ക്കാണ് ആധാര്‍ നിര്‍ബന്ധം എന്നുള്ള ചോദ്യത്തിന് ജില്ലാ വിദ്യാഭ്യാസ ഓഫീസ് നല്‍കുന്ന മറുപടി “വിവിധതരം സ്‌കോളര്‍ഷിപ്പുകള്‍, തസ്തിക നിര്‍ണയം, യുവജനോത്സവം, കലാകായിക മത്സരങ്ങളിലും പരീക്ഷകളിലും പങ്കെടുക്കല്‍, എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമാണ്.” എന്നാണ്.


ആനുകൂല്യങ്ങളും സബ്‌സിഡികളും സ്‌കോളര്‍ഷിപ്പുകളും സംവരണവും കൊണ്ടാണ് ഇന്ത്യയിലെ ദളിത്-ആദിവാസി-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ജനാധിപത്യപ്രക്രിയില്‍ ഇടം ഉറപ്പാക്കപ്പെടുന്നത് എന്നു വരുമ്പോള്‍ ഈ വിഷയം ചെറുതല്ല എന്ന് മനസ്സിലാക്കാം. അവരുടെ അവകാശങ്ങളാണ് സര്‍ക്കാരിന്റെ  ഈ നീക്കത്തിലൂടെ ഏറ്റവും കൂടുതല്‍ കവര്‍ന്നെടുക്കപ്പെടുന്നത്.


ആധാര്‍ സമസ്തമേഖലയിലും കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ കള്ളക്കളി

ആനുകൂല്യങ്ങള്‍ക്കും സ്‌കൂള്‍ അഡ്മിഷനുകള്‍ക്കും ആധാര്‍ ഇത്തരത്തില്‍ പ്രായോഗികമായി നിര്‍ബന്ധമാക്കുന്നതിലൂടെ ഇനിയുള്ള എല്ലാ പൗരന്‍മാര്‍ക്കും ആധാര്‍ കാര്‍ഡ്/ബയോമെട്രിക് ഡാറ്റ നിര്‍ബന്ധമാക്കുകയാണ് സര്‍ക്കാര്‍. ഇതിനുള്ള കള്ളക്കളികളാണ് ഈ രേഖകളില്‍ വ്യക്തമാകുന്നത്. ഉന്നതതലങ്ങളില്‍ അധ്യാപക നിയമനത്തിന്റെ കാര്യങ്ങള്‍ പറയുകയും എന്നാല്‍ താഴെ പ്രായോഗിക തലങ്ങളില്‍ എല്ലാ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും തന്ത്രപരമായി ആധാര്‍ നിര്‍ബന്ധമാക്കുകയും ചെയ്യുകയാണ് എന്നാണ് ഡൂള്‍ന്യൂസ്.കോം പുറത്തുവിടുന്ന രേഖകള്‍ വ്യക്തമാക്കുന്നത്.


പൗരന്‍മാരുടെ അടിസ്ഥാന ആവശ്യങ്ങളില്‍ ആധാര്‍ പോലൊരു രേഖ നിര്‍ബന്ധമാക്കുമ്പോള്‍ അതെടുക്കാനും സ്വന്തം സ്വകാര്യ വിവരങ്ങള്‍ ഭരണകൂടത്തിന് കൈമാറാനും പൗരന്‍മാര്‍ നിര്‍ബന്ധിതമാകും. കാരണം ആധാര്‍ എടുത്തില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കാതെ വരികയും ജീവിതം ദുസ്സഹമാവുകയും ചെയ്യും.


ഇത് ഇന്ത്യന്‍ ഭരണഘടന പൗരന് ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്. കോടതി വിധികളെ നോക്കുകുത്തിയാക്കിക്കൊണ്ടാണ് വിദ്യാഭ്യാസ വകുപ്പിലൂടെ സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നത്.

ഒരു വിഷയത്തില്‍ ഇന്ത്യയില്‍ നിയമമില്ലെങ്കില്‍ സുപ്രീം കോടതിവിധിയെ നിയമമായി അംഗീകരിക്കുന്ന കീഴ്‌വഴക്കമാണ് ഇന്ത്യ പിന്തുടരുന്നത്. ഇതിന് നിരവധി നിയമങ്ങളും സുപ്രീം കോടതി വിധികളും നിലവിലുണ്ട്. ഈ വിധിയെ  സുപ്രീം കോടതിയുടെ തന്നെ ഉയര്‍ന്ന ബഞ്ചോ മറ്റൊരു നിയമം മൂലമോ റദ്ദാക്കുന്നതുവരെ വിധി പിന്തുടരാന്‍ ഇന്ത്യയിലെ എല്ലാ പൗരന്‍മാരും സര്‍ക്കാരുകളും ബാധ്യസ്ഥരാണ്. എന്നാല്‍ ഈ കീഴ്‌വഴക്കത്തെ ലംഘിച്ച കേരള സര്‍ക്കാരിന്റേയും വിദ്യാഭ്യാസ വകുപ്പിന്റേയും നടപടികള്‍ കോടതി അലക്ഷ്യമാണെന്ന് ഈ രേഖകളുടെ വെളിച്ചത്തില്‍ സ്പഷ്ടമായി പറയാന്‍ കഴിയും.

പൗരന്‍മാരുടെ അടിസ്ഥാന ആവശ്യങ്ങളില്‍ ആധാര്‍ പോലൊരു രേഖ നിര്‍ബന്ധമാക്കുമ്പോള്‍ അതെടുക്കാനും സ്വന്തം സ്വകാര്യ വിവരങ്ങള്‍ ഭരണകൂടത്തിന് കൈമാറാനും പൗരന്‍മാര്‍ നിര്‍ബന്ധിതമാകും. കാരണം ആധാര്‍ എടുത്തില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കാതെ വരികയും ജീവിതം ദുസ്സഹമാവുകയും ചെയ്യും.

വിദ്യാഭ്യാസത്തെ സുപ്രധാനമായി കാണുന്ന ഒരു സംസ്ഥാനമാണ് കേരളം. അതുകൊണ്ട് തന്നെ തന്റെ മക്കള്‍ക്ക് എന്തുവില കൊടുത്തും വിദ്യാഭ്യാസം നല്‍കാന്‍ മലയാളികള്‍ തയ്യാറാവുകയും ചെയ്യും. അത്തരമൊരു അടിയന്തിരാവശ്യത്തിനുമേല്‍ സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നതിനു പിന്നിലെ ലക്ഷ്യം മറ്റൊന്നല്ല.

ആനുകൂല്യങ്ങളും സബ്‌സിഡികളും സ്‌കോളര്‍ഷിപ്പുകളും സംവരണവും കൊണ്ടാണ് ഇന്ത്യയിലെ ദളിത്-ആദിവാസി-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ജനാധിപത്യപ്രക്രിയില്‍ ഇടം ഉറപ്പാക്കപ്പെടുന്നത് എന്നു വരുമ്പോള്‍ ഈ വിഷയം ചെറുതല്ല എന്ന് മനസ്സിലാക്കാം. അവരുടെ അവകാശങ്ങളാണ് സര്‍ക്കാരിന്റെ  ഈ നീക്കത്തിലൂടെ ഏറ്റവും കൂടുതല്‍ കവര്‍ന്നെടുക്കപ്പെടുന്നത്.

ആധാറുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ഒരു സ്‌കൂളിലെ പ്രധാനാധ്യാപകനെ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി, “ഈ ഒരു സംവിധാനം നടപ്പാക്കപ്പെടുമ്പോള്‍  കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് എന്ത് ചെലവുവരാനാണ്? ഫോട്ടോപോലും എടുക്കേണ്ടതില്ല. അതെല്ലാം ഞങ്ങള്‍ എടുത്തോളും.” പൗരന്റെ സ്വകാര്യതയെ കുറിച്ചും ജീവിക്കാനുള്ള അവകാശത്തെ കുറിച്ചുമുള്ള നിയമ/അവകാശ നിരക്ഷരതയാണ് ഇത് കാണിക്കുന്നത്. സ്വാഭാവികമായി ഈ നിരക്ഷരത തന്നെയാണ് സര്‍ക്കാരുകള്‍ പൗരന്റെ അവകാശങ്ങള്‍ക്കെതിരെ പ്രയോജനപ്പെടുത്തുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more