| Monday, 22nd August 2022, 8:07 pm

മട്ടന്നൂര്‍: അക്കൗണ്ട് തുറക്കുമെന്ന് പതിവുപോലെ മാധ്യമങ്ങളും ബി.ജെ.പിയും; ഫലം പുറത്തുവന്നപ്പോള്‍ ചരിത്രമാവര്‍ത്തിച്ച് സംപൂജ്യരായി ദേശീയ പാര്‍ട്ടി

സഫ്‌വാന്‍ കാളികാവ്

കണ്ണൂര്‍: തെരഞ്ഞെടുപ്പിന് മുമ്പ് വലിയ മുന്നേറ്റമുണ്ടാകുമെന്ന് അവകാശപ്പെട്ട ബി.ജെ.പിക്ക് മട്ടന്നൂര്‍ നഗരസഭയില്‍ ഇത്തവണയും അക്കൗണ്ട് തുറക്കാനായില്ല. കഴിഞ്ഞ തവണ ഒമ്പത് സീറ്റുകളില്‍ രണ്ടാം സ്ഥാനത്തുവന്ന ബി.ജെ.പിക്ക് ഇക്കുറി നാല് സീറ്റുകളില്‍ മാത്രമേ രണ്ടാം സ്ഥാനത്തെത്താന്‍ കഴിഞ്ഞുള്ളു.

2017ല്‍ ബി.ജെ.പിക്ക് ആകെ ലഭിച്ചത് 3,280 വോട്ടുകളാണ്. 32,837 വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ട ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ചതാകട്ടെ വെറും 2,666 വോട്ട്. അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ 614 വോട്ടുകളാണ് ബി.ജെ.പിയുടെ അക്കൗണ്ടില്‍ നിന്ന് പോയത്.

മട്ടന്നൂര്‍ ടൗണ്‍ വാര്‍ഡില്‍ എ. മധുസൂദനന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി. പ്രശാന്തിനോട് 12 വോട്ടുകള്‍ക്ക് പരാജയപ്പെട്ട് രണ്ടാം സ്ഥാനത്ത് എത്തി. ഇവിടെ മാത്രമാണ് ബി.ജെ.പിക്ക് പേരിനെങ്കിലും മത്സരം കാഴ്ചവെക്കാനായത്. നഗരസഭയില്‍ ഭരണം നിലനിര്‍ത്താന്‍ എല്‍.ഡി.എഫിനും സീറ്റ് ഇരട്ടിയാക്കാന്‍ യു.ഡി.എഫിനും കഴിഞ്ഞപ്പോള്‍ ബി.ജെ.പി ക്യാമ്പിന് ആശ്വാസത്തിന് പോലും വകയില്ലാത്ത അവസ്ഥയാണ്.

നഗരസഭയില്‍ വമ്പന്‍ പ്രചരണമാണ് ബി.ജെ.പി നടത്തിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു തെരഞ്ഞെടുപ്പില്‍ ആദ്യം പത്രിക സമര്‍പ്പിച്ചിരുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍, എ.പി. അബ്ദുള്ളക്കുട്ടി തുടങ്ങിയവരാണ് ബി.ജെ.പി.യുടെ പ്രചാരണത്തിനായി എത്തിയിരുന്നത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ വാര്‍ഡുകളിലടക്കം വിജയം നേടാനാകുമെന്നായിരുന്നു ബി.ജെ.പിയുടെ അവകാശവാദം. മാധ്യമങ്ങളും വലിയ സാധ്യതകളാണ് ബി.ജെ.പിക്ക് നല്‍കിയിരുന്നത്. എന്നാല്‍ ഫലം പുറത്തുവന്നപ്പോള്‍ ബി.ജെ.പി ചിത്രത്തിലേ ഇല്ലാതായി.

ബി.ജെ.പിക്ക് കെട്ടിവെച്ച കാശ് നഷ്ടമായ വാര്‍ഡുകളും ലഭിച്ച വോട്ടും

അയ്യില്ലൂര്‍(41), ഇടവേലിക്കല്‍(38), പഴശ്ശി(29), ഉരുവച്ചാല്‍(29 ), കുഴിക്കാല്‍(97), കയനി(66), പെരിഞ്ചേരി(22), ദേവര്‍ക്കാട്(101), കാര(82), നെല്ലൂന്നി (29), ഇല്ലംഭാഗം(112), എയര്‍പോര്‍ട്ട്(80), മട്ടന്നൂര്‍(40 ), പാലോട്ടുപള്ളി (23), മിനി നഗര്‍(69), ഉതിയൂര്‍ (29), മരുതായ് (26), നാലങ്കേരി(57), മണ്ണൂര്‍(100), പൊറോറ(73), എളന്നൂര്‍(15), കീച്ചേരി(42), ആണിക്കരി(6), കല്ലൂര്‍ (67), കളറോഡ് റോഡ്(18), മുണ്ടയോട്(15), പെരുവയല്‍ക്കരി(15), ബേരം(17), പരിയാരം(23).

സംസ്ഥാനത്ത് അവസാനം നടന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പിയുടെ അവകാശവാദങ്ങള്‍ തെറ്റിപ്പോകുന്ന കാഴ്ചയാണ് കണ്ടത്. തൃക്കാക്കരയില്‍ ബി.ജെ.പി.ക്ക് കെട്ടിവെച്ച കാശ് വരെ പോയിരുന്നു. കഴിഞ്ഞ തവണ 15,483 വോട്ടുനേടിയെങ്കില്‍ ഇക്കുറി 12,957 വോട്ടുമാത്രമായിരുന്നു നേടാനായത്.

കേന്ദ്രമന്ത്രി വി. മുരളീധരനും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമെല്ലാമെത്തിയാണ് തൃക്കാക്കരയില്‍ പ്രചാരണം നടത്തിയത്. കാര്യമായി പണവും ചെലവഴിച്ചു. ഏറ്റവും ഒടുവില്‍ പി.സി. ജോര്‍ജിനെയും രംഗത്തിറക്കി. അതൊന്നും അല്‍പം പോലും ഏറ്റിരുന്നില്ല.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ആകെ കയ്യിലുണ്ടായിരുന്ന നേമം മണ്ഡലവും എന്‍.ഡി.എക്ക് നഷ്ടമായിരുന്നു. ഈ ഫലങ്ങളൊക്കെ വ്യക്തമാക്കുന്നത് ബി.ജെ.പിയില്ലാത്ത എല്‍.ഡി.എഫ്-യു.ഡി.എഫ് മത്സരത്തില്‍ നിന്ന് കേരളം മാറിയിട്ടില്ല എന്ന് തന്നെയാണ്.

അതേസമയം, മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ 35 വാര്‍ഡുകളില്‍ എല്‍.ഡി.എഫ് 21ലും യു.ഡി.എഫ് 14ലും വിജയിച്ചു. ആറാം തവണയാണ് എല്‍.ഡി.എഫ് നഗരസഭ ഭരിക്കുന്നത്. ഇടതുമുന്നണിയുടെ എട്ട് വാര്‍ഡുകള്‍ യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫിന്റെ ഒരു വാര്‍ഡ് ഇടതുമുന്നണിയും പിടിച്ചെടുത്തിട്ടുണ്ട്.

CONTENT HIGHLIGHTS: BJP failure in Mattannur Municipal Council Election

സഫ്‌വാന്‍ കാളികാവ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more