| Thursday, 11th August 2022, 10:03 pm

തെക്കന്‍തീരത്തെ മത്സ്യത്തൊഴിലാളികള്‍ അദാനിക്കെതിരെ സമരമുഖത്ത്

സഫ്‌വാന്‍ കാളികാവ്

തലസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ കഴിഞ്ഞ ദിവസം നടത്തിയ സമരം വലിയ രീതിയിലാണ് ശ്രദ്ധിക്കപ്പെട്ടത്. അദാനി ഗ്രൂപ്പിന്റെ വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷക സമരത്തെ ഓര്‍മപ്പെടുത്തും വിധം തങ്ങളുടെ ജീവിതോപാധിയായ വള്ളവുമായി സംസ്ഥാനഭരണസിരാകേന്ദ്രത്തെ ലക്ഷ്യമാക്കി മത്സ്യത്തൊഴിലാളികള്‍ സമരത്തിനിറങ്ങിയത്. തിരുവനന്തപുരം ലത്തീന്‍ സഭയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.

തീരത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് നഗരത്തിലേക്ക് ബോട്ടുമായി മത്സ്യത്തൊഴിലാളികള്‍ എത്തിയിരുന്നത്. ലോറികളില്‍ ബോട്ടുകയറ്റി വന്നവരെ ജനറല്‍ ആശുപത്രി പരിസരത്തും ഈഞ്ചക്കലുംവെച്ച് പൊലീസ് തടഞ്ഞതോടെ പ്രതിഷേധം കനക്കുകയായിരുന്നു.

ഇതാദ്യമായല്ല തലസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ സമരത്തിനിറങ്ങുന്നത്. കഴിഞ്ഞ ജൂലൈ 21 മുതല്‍ തങ്ങള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരത്തിലാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

അദാനി ഗ്രൂപ്പിനോടുള്ള താത്പര്യംമൂലം സമരത്തെ ആദ്യം മാധ്യമങ്ങള്‍ അവഗണിച്ചെന്നും പിന്നീട് ബുധനാഴ്ച നടന്ന സമരം കവര്‍ ചെയ്യാന്‍ മാധ്യമങ്ങള്‍ നര്‍ബന്ധിതരാകുകയായിരുന്നുവെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

‘കഴിഞ്ഞ ജൂലൈ 20 മുതല്‍ മത്സ്യ ത്തൊഴിലാളികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ വലിയ സമരം നടത്തിവരുന്നുണ്ട്. പക്ഷേ, ഇവിടുത്തെ മുഖ്യധാര മാധ്യമങ്ങളടക്കം സമരത്തിന് അത്ര പ്രാധാന്യം നല്‍കിയില്ല.

മാധ്യമങ്ങള്‍ക്ക് അദാനിയോടുണ്ടാകുന്ന താല്‍പര്യമാവാം അതിന് കാരണം. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന വലിയ ബഹുജന പ്രക്ഷോഭം ഏറ്റെടുക്കാന്‍ മാധ്യമങ്ങള്‍ നിര്‍ബന്ധിതരാവുകയായിരുന്നു,’ സമര നേതൃത്വത്തിലുള്ള ലത്തീന്‍ അതിരൂപത വൈദികന്‍ മൈക്കിള്‍ തോമസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ബുധനാഴ്ച തലസ്ഥാനത്ത് നടന്ന സമരം പൊലീസ് തടഞ്ഞപ്പോള്‍

നേരത്തെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് കരിദിനമാചരിക്കാനായിരുന്നു മത്സ്യത്തൊഴിലാളികള്‍ തീരുമാനിച്ചിരുന്നത്. ഇത് വലിയ വാര്‍ത്തയുമായിരുന്നു. സ്വാതന്ത്ര്യപ്രാപ്തിക്കായി ജീവന്‍ അര്‍പ്പിച്ച ദേശസ്‌നേഹികളോടുള്ള ബഹുമാനാര്‍ത്ഥമാണ് ഇത് ഒഴിവാക്കിയതെന്നാണ് പിന്നീട് മത്സ്യത്തൊഴിലാളികള്‍ തന്നെ അറിയിക്കുന്നത്.

അടുത്ത ചൊവ്വാഴ്ച ഓഗസ്റ്റ് 16ന് കരിദിനമാചരിക്കാനാണ് അതിരൂപതയുടെ തീരുമാനം. തുടര്‍ന്ന് വിഴിഞ്ഞം തുറമുഖത്തിന് മുന്നില്‍ രാപ്പകല്‍ സമരത്തിനാണ് തീരുമാനം.

ശരിയായ പഠനത്തിന്റെ അടിസ്ഥാനത്തിലല്ല അദാനിയുടെ വിഴിഞ്ഞം തുറമുഖ നിര്‍മാണമെന്ന് തീരദേശവാസികള്‍ പറയുന്നു. തുറമുഖ നിര്‍മാണം ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെ തുടര്‍ന്ന് തീരദേശത്ത് ഏതാണ്ട് 500ഓളം വീടുകള്‍ കടലെടുത്തെന്നും സമരക്കാര്‍ ആരോപിച്ചു. ഏഴ് അടിസ്ഥാന ആവശ്യങ്ങളാണ് സമരത്തില്‍ ഉന്നയിക്കുന്നത്.

വിഴിഞ്ഞം തീരം

1.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണം മൂലമുണ്ടാകുന്ന തീരശോഷണത്തിന് ശാശ്വതപരിഹാരം കാണുക.

2.മനുഷോചിതമല്ലാത്ത അവസ്ഥയില്‍ തീരശോഷണം മൂലം ഭവനം നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്ന കുടുംബാങ്ങളെ അടിയന്തിരമായി വാടക നല്‍കി മാറ്റിപ്പാര്‍പ്പിക്കുക.

3. വീടും സ്ഥലവും നഷ്ടപ്പെട്ടവരെ വീടിനും വസ്തുവിനും നഷ്ടപരിഹാരം നല്‍കിക്കൊണ്ട് പുനരധിവസിപ്പിക്കുക.

4. കോവളം, ശംഖുമുഖം ബീച്ചുകള്‍ക്കും ഭീഷണിയായ അദാനി തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് പ്രദേശവാസികളെയും ഉള്‍പ്പെടുത്തി സുതാര്യമായി പഠനം നടത്തുക.

5. അനിയന്ത്രിതമായ മണ്ണെണ്ണ വിലവര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇടപെടുക. തമിഴ്‌നാട് മാതൃകയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ ലഭ്യമാക്കുക.

6. കാലാവസ്ഥ മുന്നറിയിപ്പ് കാരണം തൊഴില്‍ നഷ്ടപ്പെടുന്ന ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്‍കുക.

7. മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക.

എന്നിവയാണ് ഈ ആവശ്യങ്ങള്‍. ഈ സമരത്തിന്റെ ഉദ്ദേശശുദ്ധി പൊതുസമൂഹത്തിന് ബോധ്യമായിട്ടുണ്ട്. ഞങ്ങളുടെ ആവശ്യങ്ങള്‍ ന്യായമാണ്. ഞങ്ങള്‍ ഉന്നയിക്കുന്ന ഏഴ് വിഷയങ്ങളില്‍ ഒന്നുപോലും അന്യായമാണെന്ന് പറയാന്‍ കഴിയില്ല. ഇതൊരു സമുദായത്തിന്റെ വിഷയം മാത്രമായി ഞങ്ങള്‍ അവതരിപ്പിച്ചിട്ടില്ലെന്നും ഫാ. മൈക്കിള്‍ തോമസ് പറഞ്ഞു.

അതേസമയം, മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാന്‍ ഇടപെടുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാന്‍ ഈ മാസം 22ന് മന്ത്രിമാരുടെ അധ്യക്ഷതയില്‍ യോഗം ചേരുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.

മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ട്. സംസ്ഥാനത്തിന് മാത്രം ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ കഴിയില്ല. പുനരധിവാസം ഉള്‍പ്പെടെ ഉറപ്പാക്കാന്‍ 17 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍, സര്‍ക്കാര്‍ ഇതുവരെ തങ്ങളെ ചര്‍ച്ചക്ക് വിളിച്ചിട്ടില്ലെന്നും. മന്ത്രിസഭാ യോഗം ഒക്കെ ചര്‍ച്ച ചെയ്യുമെന്ന് മുമ്പും പറഞ്ഞിട്ടുണ്ടെന്നും ഫാ. മൈക്കിള്‍ തോമസ് പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ സമരം തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാണ് ലത്തീന്‍ അതിരൂപതയുടെ ആരോപണം. കഴിഞ്ഞ ദിവസം നടത്തിയ സമരത്തിനെത്തിയവരെ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും അതിരൂപത ആരോപിക്കുന്നു. മനുഷ്യന്റെ അടിസ്ഥാന ആവശ്യം പറയുമ്പോള്‍ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്ന് മൈക്കിള്‍ തോമസ് പറഞ്ഞു.

‘സര്‍ക്കാരിന്റെ ഇപ്പോഴത്തെ പ്രഖ്യാപനങ്ങളില്‍ തല്‍ക്കാലം ഞങ്ങള്‍ക്ക് വിശ്വാസമില്ല. സമരം തണുപ്പിക്കാനുള്ള പൊടിക്കൈകളാണ് ആന്റണി രാജു സ്വീകരിക്കുന്നത്. സര്‍ക്കാര്‍ ഇതിനുമുമ്പും വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ വിശദീകരണ യോഗം നടത്തുകയാണ് ചെയ്തത്.

ആ ക്യാമ്പെയിന് നേതൃത്വം നല്‍കിയതാവട്ടെ അവിടുത്തെ സി.പി.ഐ.എം പ്രവര്‍ത്തകരുമായിരുന്നു. സമരത്തിനൊപ്പം നില്‍ക്കുന്നവരെ പിന്തിരിപ്പിക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. എന്നാല്‍ ഇതൊക്കെ മത്സ്യത്തൊഴിലാളികള്‍ തന്നെ പൊളിച്ചടുക്കി,’ ഫാ. മൈക്കിള്‍ കൂട്ടിച്ചേര്‍ത്തു.

11 ദിവസം സെക്രട്ടറിയേറ്റ് പടിക്കലില്‍ സമരം നടത്തി. സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ല. പിന്നാലെയാണ് കഴിഞ്ഞ ദിവസം വലിയ പ്രതിഷേധത്തിന് ഇറങ്ങിയത്. പ്രതിഷേധം നടത്താന്‍ ഞങ്ങള്‍ക്ക് അവകാശമില്ലേയെന്ന് സര്‍ക്കാര്‍ പറയണം. ഞങ്ങള്‍ ഒരിക്കലും വികസനത്തിന് എതിരല്ല. മറിച്ച് ഞങ്ങള്‍ ഉന്നയിക്കുന്ന ന്യായമായ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സമരത്തിന്റെ രാഷ്ട്രീയം

രാഷ്ട്രീയത്തിനതീതമായാണ് സമരമെന്നാണ് ലത്തീന്‍ അതിരൂപത പറയുന്നത്. യു.ഡി.എഫ് സര്‍ക്കാരാണ് വിഴിഞ്ഞം അന്താരാഷ്ട്ര പദ്ധതിക്ക് തറക്കല്ലിട്ടത്. ഇടതുപക്ഷ സര്‍ക്കാരാണ് ഇത് തുടര്‍ന്നുകൊണ്ടുപോകുന്നത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കാണെങ്കില്‍ അദാനിയുമായി ചില താത്പര്യങ്ങളുമുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വിഷയത്തില്‍ അവരുടേതായ റോളുണ്ട്. അതുകൊണ്ടിത് പൂര്‍ണമായും രാഷ്ട്രീയത്തിനതീതമായ സമരമാണ്.

എന്നാല്‍ പ്രകൃതിയെ സ്‌നേഹിക്കുന്ന, മനുഷ്യത്വപരമായി ഈ സമരത്തെ പിന്തുണക്കുന്നവരെയെല്ലാം ഞങ്ങള്‍ സ്വാഗതം ചെയ്യുന്നുണ്ട്. പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റുമൊക്കെ അങ്ങനെയാണ് സമരത്തിന്റെ ഭാഗമായതെന്നും മൈക്കിള്‍ തോമസ് വ്യക്തമാക്കി.

അദാനി ഗ്രൂപ്പിനെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍

വിഴിഞ്ഞം പദ്ധതി പ്രദേശത്തിന് അടുത്തുള്ള എല്ലാ സ്ഥലങ്ങളും വരുതിയിലാക്കി അദാനിക്ക് കൊടുക്കുകയാണെന്നാണ് മറ്റൊരു പ്രധാന ആരോപണം. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുകൂലമായാണ് അവിടുത്തെ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ലത്തീന്‍ അതിരൂപത പറയുന്നത്.

‘ഞാന്‍ രണ്ട് വര്‍ഷം വിഴിഞ്ഞം പള്ളിയില്‍ വികാരിയായിട്ടുള്ള ആളാണ്. പദ്ധതി പ്രദേശത്തെക്കുറിച്ച് എനിക്ക് നന്നായി അറിയാം.

2017 സെന്‍സസ് അനുസരിച്ച് വിഴിഞ്ഞത്തെ ഡ്രജ്ജിങ്ങ് നടന്നതുമൂലം 247 വീടുകള്‍ക്ക് വിള്ളല്‍ വീണു. അത് മെയ്‌ന്റെയ്ന്‍ ചെയ്യണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടപ്പോള്‍, ഉദ്യോഗസ്ഥര്‍ ആദ്യം പറഞ്ഞത്, വിള്ളല്‍ വീണത് ഡ്രജ്ജിങ്ങ് മൂലമല്ല വീടിന്റെ കാലപ്പഴക്കം കൊണ്ടാണ് എന്നായിരുന്നു.

നാളിതുവരെ ആ വീടുകള്‍ മെയ്ന്റയ്ന്‍ ചെയ്തിട്ടില്ല. സര്‍ക്കാരിന്റെ ശമ്പളവും അദാനിയുടെ കിമ്പളവും വാങ്ങിയാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന്,’ മൈക്കിള്‍ തോമസ് കൂട്ടിച്ചേര്‍ത്തു.

വിഴിഞ്ഞം പദ്ധതിയുടെ നിര്‍മാണം മൂലം വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം അപകട ഭീഷണിയിലാണ്. കഴിഞ്ഞ ഏപ്രില്‍- മെയ് മാസങ്ങളിലായി നാല് തൊഴിലാളികള്‍ ഇവിടെ മരണപ്പെട്ടെന്ന് മൈക്കിള്‍ തോമസ് പറഞ്ഞു.

Content Highlights: Special report about Fishermen’s protest against Adani group

സഫ്‌വാന്‍ കാളികാവ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more