| Thursday, 30th March 2023, 5:17 pm

ഒറ്റമുറി യൂണിവേഴ്സിറ്റി നല്‍കുന്ന 'പ്രവാചക വൈദ്യത്തിലെ ഡോക്ടറേറ്റും' വ്യാജ ചികിത്സയും

സഫ്‌വാന്‍ കാളികാവ്

റെഗുലറായുള്ള ബിരുദമോ പി.ജിയോ നെറ്റ് യോഗ്യതയോ ഇല്ലാതെ തന്നെ ‘പി.എച്ച്.ഡി’ സ്വന്തമാക്കാന്‍ കഴിയും എന്ന് പറഞ്ഞാല്‍ അതിശയകരമാകുമോ. എന്നാല്‍ 97,000 രൂപയുണ്ടെങ്കില്‍ പി.എച്ച്.ഡി നല്‍കുന്ന ഒരു സ്ഥാപനമുണ്ട് തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെ കുറ്റാലത്ത്. ഓപ്പണ്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അള്‍ട്രനേറ്റീവ് മെഡിസിന്‍സ് എന്നാണ് ചെറിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ പേപ്പര്‍ സര്‍വകലാശാലയുടെ പേര്.

കോണ്‍വെക്കേഷന് ശേഷം ‘ഡോക്ടറേറ്റ്’ നേടിയവര്‍ എടുത്ത ഗ്രൂപ്പ് ഫോട്ടോ

ഈ വര്‍ഷം നിരവധി മലയാളികളടക്കം 46 പേര്‍ക്ക് പ്രവാചക വൈദ്യത്തില്‍ ഈ ‘യൂണിവേഴ്സിറ്റി’ ‘ഡോക്ടറേറ്റ്’ നല്‍കിയെന്ന് ഇവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. 17,400 രൂപകൊടുത്താല്‍ പ്രവാചക വൈദ്യത്തില്‍ ഡിപ്ലോമയും 47,000 രൂപയില്‍ ബിരുദവും 72000 രൂപയുണ്ടങ്കില്‍ പി.ജിയും നല്‍കുമെന്നും ഇവരുടെ വെബ്സൈറ്റ് സാക്ഷ്യപ്പെടുത്തുന്നു.

കേവല ബിരുദത്തിനപ്പുറത്തേക്ക് പ്രവാചക വൈദ്യ ശാസ്ത്രം(ത്വിബ്ബുന്നബവി) എന്ന പേരില്‍ പൊതുസമൂഹത്തില്‍ തങ്ങള്‍ ചികിത്സക്കിറങ്ങുന്നുണ്ടെന്ന് ഇവിടുന്ന് പഠിച്ചിറങ്ങിയതെന്ന് അവകാശപ്പെടുന്ന ഡോക്ടര്‍മാരുമായി ഡൂള്‍ന്യൂസ് നടത്തിയ സംഭാഷണത്തില്‍ നിന്ന് ബോധ്യമായി.

ഒരു പി.എച്ച്.ഡി തിസീസ് പൂര്‍ത്തിയാക്കാന്‍ എത്രത്തോളം സമയം വേണമോ, അത് തങ്ങള്‍ക്കും ആവശ്യമാണെന്നും ഗൈഡിന്റെ കീഴിലാണ് റിസേര്‍ച്ച് നടത്തുന്നതെന്നും 2023 ഫെബ്രുവരിയില്‍ ഈ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പി.എച്ച്.ഡി പൂര്‍ത്തികരിച്ച ഫസല്‍ സഖാഫി നരിക്കുനി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ഫസല്‍ സഖാഫി സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുന്നു

‘സാധാരണ പി.എച്ച്.ഡി എങ്ങനെയാണോ അതിന്റെ എല്ലാ നടപടിക്രമങ്ങളും ഞങ്ങള്‍ പൂര്‍ത്തിയാക്കണം. നാലര വര്‍ഷം കൊണ്ടാണ് എന്റെ തിസീസ് പൂര്‍ത്തിയായത്. യൂണിവേഴ്സിറ്റി പി.ജിയോ അപ്ഗ്രഡേഷന്‍ വഴി പി.ജി ലെവലിലുള്ള വിദ്യാഭ്യാസമോ ആണ് ഇതിന് വേണ്ട യോഗ്യത. സഖാഫി ബിരുദം പോലുള്ള മതപരമായ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും റിസേര്‍ച്ച് ചെയ്യാവുന്നതാണ്.

എന്റെ കുടുംബം പരമ്പരാഗതമായി (പാരമ്പര്യ വൈദ്യം) ചികിത്സ നടത്തുന്നവരാണ്. അതിന് ഗുണം ചെയ്യും എന്ന കാരണത്താലാണ് ഞാന്‍ ഈ കോഴ്സ് തെരഞ്ഞെടുത്തത്,’ ഫസല്‍ സഖാഫി പറഞ്ഞു.

കോഴ്സ് ഫീ ആയി താന്‍ ഒരു ലക്ഷത്തോളം രൂപ നല്‍കിയെന്നും പല തവണയായിട്ടാണ് പൈസ അടച്ചതെന്നും ഫസല്‍ സഖാഫി പറയുന്നു.

യു.ജി.സി അംഗീകാരമില്ലാതെ പ്രവര്‍ത്തനം

കോണ്‍സ്റ്റിസ്റ്റ്യൂഷണല്‍ യൂണിവേഴ്സിറ്റി ഗ്രേയ്ഡിങിന്റെ(സി.യു.ജി) അതായത് മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന സെഷന്‍ ഉപയോഗിച്ചാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നാണ് ഇവരുടെ വെബ്സൈറ്റില്‍ പറയുന്നത്.

ന്യൂനപക്ഷങ്ങള്‍ക്ക് സ്വയംഭരണാധികാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ അനുവദിക്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 30(1) വകുപ്പും F.No-5-2/2019 (CPP-I/PU) എന്ന സുപ്രീം കോടതി വിധിയും ഇവര്‍ ആധികാരികമായി എടുത്തുപറയുന്നു. അതിനാല്‍ തന്നെ സ്ഥാപനത്തിന് യു.ജി.സിയുടെ അംഗീകാരം വേണ്ടതില്ലെന്നാണ് ഇവരുടെ വാദം.

എന്നാല്‍ ഇന്ത്യയില്‍ ഭരണഘടനാപരമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അംഗീകരിക്കുന്നത് യു.ജി.സിയാണെന്നും ആര്‍ട്ടിക്കിള്‍ 30(1) പ്രകാരം ഇത്തരത്തില്‍ യൂണിവേഴ്സിറ്റി പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമാണെന്നും ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. ഹരീഷ് വാസുദേവന്‍ ഡ്യൂള്‍ന്യൂസിനോട് പറഞ്ഞു.

‘ന്യൂനപക്ഷമായിട്ട് ഭരണഘടന കണക്കാക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് സ്വയം ഭരണാവകാശമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങാനുള്ള അവകാശമുണ്ട്. എന്നാല്‍ അതിനര്‍ത്ഥം നാട്ടില്‍ നിലനില്‍ക്കുന്ന മറ്റ് നിയമങ്ങള്‍ ഈ സ്ഥാപനങ്ങള്‍ ബാധകമല്ലാ എന്നല്ല. ഇഷ്ടമുള്ള കോഴ്സുകള്‍ തുടങ്ങാന് പോലും ഈ ആക്ടിന് കീഴില്‍ പറ്റില്ല.

സ്വയം ഭരണാധികാരത്തില്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക എന്നാല്‍ യു.ജി.സിയുടെ അനുമതിയില്ലാതെ യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മീഷന്‍ ആക്ടിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിയമങ്ങളും ഇത്തരം സ്ഥാപനങ്ങള്‍ പിന്തുടരേണ്ടതുണ്ട്,’ ഹരീഷ് വാസുദേവന്‍ പറഞ്ഞു.

ഹരീഷ് വാസുദേവന്‍

കോണ്‍സ്റ്റിസ്റ്റ്യൂഷന്‍ ഓഫ് റക്കഗനൈസേഷന്‍ യൂണിവേഴ്സിറ്റീസ് സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നും ഇത് പ്രകാരം സ്ഥാപനങ്ങള്‍ തുടങ്ങാമെങ്കിലും സ്വയംഭരണത്തിന് ആര്‍ക്കും അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

നൂറോളം പണ്ഡിതന്മാരുടെ കൂട്ടായ്മയായ ഉലമാ കമ്മ്യൂണിറ്റി ഒരു സൊസൈറ്റി രൂപീകരിച്ച് തമിഴ്‌നാട് സര്‍ക്കാരിന് കീഴില്‍ ഈ സ്ഥാപനം രജിസ്റ്റര്‍ ചെയ്തെന്നാണ് മറ്റൊരു അവകാശ വാദം. എന്നാല്‍ ഉലമാ കമ്മ്യൂണിറ്റിയെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും വെബ്സൈറ്റില്‍ കാണാനാവില്ല.

2019ല്‍ സര്‍ക്കാരിന്റെ പൂട്ടുവീണു

2019 ജനുവരി 11 ലെ ദി ഹിന്ദുവിന്റെ റിപ്പോര്‍ട്ട് പ്രകാരം കുറ്റാലത്തുള്ള ഈ സ്ഥാപനത്തിന് സര്‍ക്കാരിന്റെ പൂട്ടുവീണതാണ്. ക്ലാസുകളോ പരീക്ഷകളോ നടത്താതെയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും വ്യാജ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരില്‍ മലേഷ്യന്‍, മ്യാന്‍മര്‍ പൗരന്മാരും ഉള്‍പ്പെടുന്നുവെന്നും ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തമിഴ്നാട്ടിലെ മയിലാടുംതുറയ്ക്കടുത്ത് തിരുവെല്‍വിക്കുടിയില്‍ ടി. സല്‍വരാജ് എന്നയാളാണ് ന്യൂനപക്ഷ നിയമത്തിന്റെ മറപിടിച്ച് ഈ സ്ഥാപനം നടത്തുന്നതെന്നും സര്‍വകലാശാലയുടെ ചാന്‍സലറായി അദ്ദേഹം സ്വയം പ്രഖ്യാപിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നാഷണല്‍ ബോര്‍ഡ് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ എന്ന കടലാസ് സംഘടനയുടെ സ്ഥാപകനും പ്രസിഡന്റുമാണ് താനെന്ന് സെല്‍വരാജ് അവകാശപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഏകദേശം 750 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമാണ് യൂണിവേഴ്സിറ്റിയായി പ്രവര്‍ത്തിക്കുന്നത്. ‘പരീക്ഷാ കണ്‍ട്രോളര്‍’ ‘മാനേജര്‍’ എന്നിങ്ങനെ അവകാശപ്പെടുന്ന ജീവനക്കാരായിരുന്നു റെയ്ഡ് സമയം ഇവിടെ ഉണ്ടായിരുന്നത്. അന്ന് നടത്തിയ റെയ്ഡില്‍ രണ്ട് കമ്പ്യൂട്ടറുകളും പ്രിന്ററുകളും സ്റ്റാമ്പുകളും ഡിഗ്രി, ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകളും കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ നിലവില്‍ ഈ സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ ചാന്‍സലറെക്കുറിച്ചോ മറ്റ് അധികാരിളെക്കുറിച്ചോ യാതൊരു വിവരവും പരസ്യപ്പെടുത്തുന്നില്ല. എന്ന് മാത്രമല്ല സ്ഥാപനവുമായി ബന്ധപ്പെടാനുള്ള ഒരു ഫോണ്‍ നമ്പര്‍ പോലും വെബ്സൈറ്റിലില്ല. ആകെയുള്ളത് ഒരു മെയില്‍ ഐ.ഡി മാത്രമാണ്. ഇത് ഉപയോഗിച്ച് ഡൂള്‍ന്യൂസ് ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും യാതൊരു പ്രതികരണവും ലഭിച്ചില്ല.

ദി ഹിന്ദു റിപ്പോര്‍ട്ട് പ്രകാരം 2019ല്‍ 12 വര്‍ഷം മുമ്പ് ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചെന്നാണ് പറയുന്നത്. എന്നാല്‍ സ്ഥാപനം എപ്പോഴാണ് തുടങ്ങിയത് എന്നതിനെക്കുറിച്ചുള്ള ഒരു വിവരവും വെബ്സൈറ്റില്‍ ലഭ്യമല്ല.

പൊതുസമൂഹത്തിന് അപകടം ഇവരുടെ ചികിത്സ

പ്രവാചക വൈദ്യത്തില്‍ ചികിത്സക്ക് യോഗ്യത നേടിയവര്‍ എന്ന് പറയുന്നവര്‍ മന്ത്രവാദവും, യൂനാനി പോലുള്ള മെഡിക്കല്‍ ശാഖയിലെ മരുന്നുകളുമാണ് പിന്തുടരുന്നത്. ഈ ചികിത്സാ രീതി വലിയ അപകടത്തിന് വഴിവെക്കുന്നുണ്ടെന്ന് യുനാനി ബിരുദമെടുത്ത് പ്രൊഫെഷണലായി പ്രാക്ടീസ് നടത്തുന്ന ഡോ. ഷിബില്‍ ബക്കര്‍ ബി.യു.എം.എസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘പ്രവാചക വൈദ്യം എന്ന പേരില്‍ ചികിത്സ നടത്തുന്ന ഇവര്‍ മറയാക്കുന്നത് യുനാനിയേയും മന്ത്രവാദത്തേയുമാണ്. യുനാനി ഒരു മതത്തിന്റെ ഭാഗമായിട്ടുള്ള ചികിത്സയല്ല, ഗ്രീക്ക് ഒര്‍ജിന്‍ മെഡിസിനാണ്. എന്നാല്‍ വ്യാജമായ രീതിയില്‍ സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ യുനാനിയെ മതത്തിന്റെ ഭാഗമായിട്ടുള്ള ചികിത്സ രീതിയായിട്ടാണ് അവതരിപ്പിക്കുന്നത്. ഇവര്‍ നല്‍കുന്ന മരുന്നുകളും യുനാനി മെഡിക്കല്‍ ശാഖയുമായി ബന്ധപ്പെട്ടുള്ളതാണ്.

ആശുപത്രിയില്‍ ജോലി ചെയ്യുമ്പോള്‍ ഇത്തരം ആളുകളുടെ ചികിത്സാ വലയത്തില്‍പ്പെട്ട നിരവധി മനുഷ്യരുടെ അവസ്ഥ നേരില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്,’ ഷിബില്‍ ബക്കര്‍ പറഞ്ഞു.

ഡോ. ഷിബില്‍ ബക്കര്‍ ബി.യു.എം.എസ്

കുറ്റാലം യൂണിവേഴ്സിറ്റി പോലെ നിരവധി കടലാസ് സര്‍വകലാശാകളുണ്ടെന്നും ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് ഡിപ്ലോമ വരെ എടുത്തവര്‍ യഥേഷ്ടം ക്ലിനിക്കുകളൊക്കെയിട്ട് ചികിത്സ നടത്തുന്നുണ്ടെന്നും ഷിബില്‍ ബക്കര്‍ പറയുന്നു.

എന്താണ് പ്രവാചക വൈദ്യം?

ഇസ്‌ലാമിക ചരിത്രത്തിലെ ശാസ്ത്ര ശാഖയായിട്ടാണ് പ്രവാചക വൈദ്യത്തെ ഇവര്‍ അവതരിപ്പിക്കുന്നത്. ഇസ്‌ലാമിക വിശ്വാസ പ്രകാരമുള്ള പ്രവാചക പരമ്പരയിലെ ആദം നബി മുതല്‍ മുഹമ്മദ് നബി വരെയുള്ളവര്‍ പിന്തുടര്‍ന്ന രീതിശാസ്ത്രത്തെക്കുറിച്ചുള്ള പഠനമാണിതെന്ന് ഇത്തരത്തില്‍ ബിരുദം നല്‍കുന്ന മറ്റൊരു സ്ഥാപനത്തിലെ ജീവനക്കാരന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

‘പ്രവാചകന്മാര്‍ക്ക് അള്ളാഹുവിന്റെ നിര്‍ദേശങ്ങള്‍ വഹിയ്യ്(ദിവ്യശക്തി) രൂപത്തില്‍ നല്‍കുന്നതാണിത്. മുഹമ്മദ് നബിയുടെ മരണത്തിന് ശേഷവും 500 വര്‍ഷം പ്രവാചക വൈദ്യമായിരുന്നു ലോക ചികിത്സാ രംഗത്ത് സജീവമായിരുന്നത്. പ്രവാചക വൈദ്യം പിന്‍തുടര്‍ന്നിരുന്ന സമയത്ത് മദീനയില്‍ രോഗങ്ങളില്ലാത്ത ഒരു അവസ്ഥായാണുണ്ടായിരുന്നത്,’ ജീവനക്കാരന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

നിലവില്‍ നിരവധിയാളുകള്‍ കുറ്റാല്‍ പോലുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള ഡിപ്ലോമ ഒക്കെ ഉപയോഗിച്ച് ഡോക്ടര്‍മാരായി പ്രാക്ടീസ് ചെയ്യുന്നുണ്ടെന്നും ഇയാള്‍ പറഞ്ഞു.

ദുരുപയോഗം ചെയ്യുന്നത് ന്യൂനപക്ഷ നിയമം

മതത്തിന്റെയും ആത്മീയതയുടെയും പേരിലാണ് ഈ വ്യജ ബിരുദ/ ചികിത്സാ ലോബികള്‍ വിലസുന്നതെന്നാണ് ഡൂള്‍ന്യൂസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞത്. ആത്മീയതയും പ്രൊഫഷണലിസവും കൂടിച്ചേരുമ്പോള്‍ മറ്റ് ഓഡിറ്റുകള്‍ക്ക് ഇവര്‍ക്ക് വിധേയമാകേണ്ടിവരുന്നില്ല.

സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ നേതൃത്വം നല്‍കുന്ന മാധ്യമമായ രിസാല അപ്‌ഡേറ്റ് വിഷയത്തില്‍ നല്‍കിയ മുന്നറിയിപ്പ്

എന്നാല്‍ പ്രബലമായ ഒരു മത സംഘടനയും ഭരണഘടാനാപരമായി
ന്യൂനപക്ഷങ്ങള്‍ക്കുള്ള സ്വയംഭരണാധികാരം ദുരുപയോഗം ചെയ്തുള്ള കോഴ്സുകള്‍ക്കോ ചികിത്സകള്‍ക്കോ പിന്തുണ നല്‍കുന്നില്ല. മാത്രമല്ല കുറ്റാലം യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സമൂഹ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായ പശ്ചാത്തലത്തില്‍ ഇത്തരം രീതികള്‍ക്കെതിരെ മുന്നറിയിപ്പുമായി മത സംഘടനകളുമായി ബന്ധപ്പെട്ട പ്ലാറ്റ്ഫോമുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

Content Highlight: Special report about Fake university in  Courtallam, Tamil Nadu

സഫ്‌വാന്‍ കാളികാവ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more