പാലക്കാട്: അട്ടപ്പാടി ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കേസ് വാദിക്കാന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാകില്ല. അഭിഭാഷകന് കൂടുതല്‍ ഫീസ് നല്‍കാനാവില്ലെന്ന സര്‍ക്കാരിന്റെ നിലപാടിനെ തുടര്‍ന്നാണിത്. പാലക്കാട്ടുകാരനായ പി.ഗോപിനാഥിനെ സ്‌പെഷല്‍ പബ്‌ളിക് പ്രോസിക്യൂട്ടറായി നിയമിച്ച തീരുമാനമാണ് സര്‍ക്കാര്‍ പിന്‍വലിക്കുന്നത്. സര്‍ക്കാര്‍ വ്യവസ്ഥയനുസരിച്ചുള്ള ഫീസ് അഭിഭാഷകന്‍ അംഗീകരിക്കാത്തത് കൊണ്ടാണ് നിയമനം പിന്‍വലിക്കുന്നതെന്നാണ് അഭ്യന്തര വകുപ്പ് പറയുന്നത്-മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേ സമയം സമ്മതപത്രം ഒപ്പിട്ടു വാങ്ങുകയാണു ചെയ്തതെന്നും ഫീസ് എത്രയാണെന്നു വ്യക്തമാക്കിയിരുന്നില്ലെന്നും പി. ഗോപിനാഥ് മനോരമയോട് പറഞ്ഞു. താന്‍ പാലക്കാട്ടു താമസിക്കുന്നയാളായതിനാല്‍ കേസിന്റെ ആവശ്യത്തിനു മണ്ണാര്‍ക്കാട്ട് ഓഫിസ് വേണമെന്നു രേഖാമൂലം അഭ്യര്‍ഥിച്ചിരുന്നു. നിയമനം റദ്ദാക്കിയെന്ന ഉത്തരവാണു പിന്നീടു ലഭിച്ചതെന്ന് ഗോപിനാഥ് പറഞ്ഞു.
കേസില്‍ ഇനി ഹാജരാവുക മണ്ണാര്‍ക്കാട് എസ്.സി/എസ്ടി സ്‌പെഷല്‍ കോടതിയിലെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറാണ്. സോളാര്‍ കേസുള്‍പ്പെടെ വാദിക്കാന്‍ സുപ്രീംകോടതി അഭിഭാഷകരെയടക്കം കൊണ്ടു വരുന്ന സാഹചര്യത്തിലാണ് മധുവിന്റെ കേസില്‍ കൂടുതല്‍ പണം ചെലവഴിക്കാനാകില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുക്കുന്നത്. നിലവിലുള്ള സര്‍ക്കാരിന് കീഴില്‍ ഹൈക്കോടതിയില്‍ 5 കേസുകളില്‍ വാദിക്കാന്‍ മാത്രം സുപ്രീം കോടതിയില്‍ നിന്ന് അഭിഭാഷകരെ കൊണ്ടുവന്നതിനു ഫീസായി 2.59 കോടി ചിലവിട്ടിരുന്നുവെന്ന് വിവരാവകാശ രേഖയില്‍ മറുപടി ലഭിച്ചിരുന്നു.
മധുവധക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് പട്ടികജാതി – വര്‍ഗ, നിയമവകുപ്പ് മന്ത്രി എ.കെ.ബാലനാണ് പ്രഖ്യാപിച്ചിരുന്നത്. മന്ത്രിസഭ ഇത് അംഗീകരിക്കുകയായിരുന്നു.