'ബാര്‍ കോഴക്കേസ് അവസാനിപ്പിക്കാന്‍ ആരൊക്കയോ ആഗ്രഹിക്കുന്നു, കേസുമായി മുന്നോട്ട് പോയാല്‍ മാണി ശിക്ഷിക്കപ്പെടും'; ഗുരുതര ആരോപണവുമായി പബ്ലിക് പ്രോസിക്യൂട്ടര്‍
bar scam
'ബാര്‍ കോഴക്കേസ് അവസാനിപ്പിക്കാന്‍ ആരൊക്കയോ ആഗ്രഹിക്കുന്നു, കേസുമായി മുന്നോട്ട് പോയാല്‍ മാണി ശിക്ഷിക്കപ്പെടും'; ഗുരുതര ആരോപണവുമായി പബ്ലിക് പ്രോസിക്യൂട്ടര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th March 2018, 5:42 pm

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി സതീശന്‍. കേസുമായി മുന്നോട്ടുപോയിരുന്നെങ്കില്‍ മാണി ശിക്ഷിക്കപ്പെടുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

“”കേസുമായി മുന്നോട്ട് പോകാനായിരുന്നു ഞാന്‍ നിയമോപദേശം നല്‍കിയത്. കേസ് മുന്നോട്ട് കൊണ്ടുപോയിരുന്നെങ്കില്‍ മാണി ശിക്ഷിക്കപ്പെടുമായിരുന്നു. എന്തുകൊണ്ടാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇങ്ങനെ ചെയ്തതെന്ന് മനസിലാകുന്നില്ല. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന് പകരം മറ്റൊരു ഉദ്യോഗസ്ഥാനാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്””.

കേസ് അവസാനിപ്പിക്കണമെന്ന് ആര്‍ക്കോ വ്യക്തമായ താത്പര്യമുണ്ടെന്നും അതിന്റെ ഉദ്ദേശ്യം എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്യം വെളിച്ചത്ത് കൊണ്ടുവരണമെന്ന താത്പര്യം കാണുന്നില്ല. ഉളള തെളിവുകള്‍ വെച്ചുതന്നെ മാണിയെ പ്രോസിക്യൂട്ട് ചെയ്യാം. ഇതിനേക്കാള്‍ തെളിവ് കുറഞ്ഞ കേസുകളില്‍ ഞാന്‍ പ്രോസിക്യൂട്ടറായി ഹാജരായിട്ടുണ്ട്. പ്രതികള്‍ക്ക് ശിക്ഷ മേടിച്ച് കൊടുത്തിട്ടുമുണ്ട്. – സതീശന്‍ പറഞ്ഞു.

എന്നാല്‍ എന്തുകൊണ്ടാണ് വിജിലന്‍സ് എസ്.പി ഇങ്ങനെയൊരു റിപ്പോര്‍ട്ട് കൊടുത്തതെന്ന് അറിയില്ല. അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ശ്യാം കുമാര്‍ കഴിഞ്ഞയാഴ്ച എന്നെ വന്ന് കണ്ടിരുന്നു. കേസ് ഫയല്‍ നോക്കി എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് എഴുതിക്കൊടുത്തു. വേറെ നിര്‍ദേശങ്ങളും കൊടുത്തിരുന്നു. അത് ചെയ്യാമെന്ന് പറഞ്ഞാണ് പോയത്. പിന്നെ എങ്ങനെയാണ് എസ്.പി കൊണ്ടുപോയി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് അറിയില്ല””. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ബാര്‍കോഴക്കേസില്‍ കെ.എം മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കി വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മാണിക്കെതിരെ തെളിവൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇത് മൂന്നാം തവണയാണ് മാണിയെ കുറ്റവിമുക്തനാക്കി കൊണ്ട് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് എസ്.പി. കെ.ജി.ബൈജു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. മാണിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് 45 ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. അടുത്തയാഴ്ച കോടതി കേസ് പരിഗണിക്കുമ്പോള്‍ വിമര്‍ശനം നേരിടുമെന്നതിനാലാണ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.